മാലാഖമാരുടെ രാജ്ഞിയോടുള്ള സംരക്ഷണ പ്രാർത്ഥന

മഹത്വപൂർണ്ണയായ സ്വർഗ്ഗരാജ്ഞീ, മാലാഖമാരുടെ നാഥേ, പിശാചിന്റെ തലയെ തകർക്കാനുള്ള ശക്തിയും അധികാരവും അങ്ങേക്കുണ്ടല്ലോ. അതിനുള്ള കല്പനയും അങ്ങേക്കു ദൈവത്തിൽനിന്നു ലഭിച്ചിട്ടുള്ളതിനാൽ അങ്ങയുടെ സ്വർഗ്ഗീയദൂതഗണങ്ങളെ ഞങ്ങളുടെ സഹായത്തിനായി അയയ്ക്കണമെന്നു വിനീതമായി ഞങ്ങളപേക്ഷിക്കുന്നു. അവർ അങ്ങയുടെ കല്പനയനുസരിച്ച് അങ്ങയുടെ ശക്തിയാൽ നാരകീയ ശക്തികളെ പിന്തുടർന്നു പരാജയപ്പെടുത്തി നരകാഗ്നിയിൽ തള്ളട്ടെ. ദൈവത്തെപ്പോലെ ആരുണ്ട്? മാലാഖമാരേ, മുഖ്യദൂതന്മാരേ, ഞങ്ങളെ കാത്തുരക്ഷിക്കണമേ. കരുണയുള്ള നല്ല അമ്മേ, അങ്ങാണ് ഞങ്ങളുടെ സ്നേഹവും പ്രത്യാശയും. പരിശുദ്ധ ദൈവമാതാവേ, അങ്ങയുടെ മാലാഖമാരെ അയച്ച് ദുഷ്ടാരൂപികളിൽനിന്നു ഞങ്ങളെ രക്ഷിക്കണമേ.

ആമ്മേൻ (3 നന്മ.)