‘തീർഥാടകനായ ഞാൻ പാർക്കുന്നിടത്ത് അങ്ങയുടെ പ്രമാണങ്ങളായിരുന്നു എൻറെ ഗാനം’ (സങ്കീ. 119:54). ഭൂമിയിൽ താൻ ഒരു പരദേശിയാണെന്ന് (സങ്കീ 119:19) ഉത്തമവിശ്വാസമുണ്ടായിരുന്ന സങ്കീർത്തകൻ തൻറെ തീർഥാടനത്തിൻറെ നാളുകളിൽ തനിക്കായി തെരഞ്ഞെടുത്തതു ലോകത്തിൻറെ വശ്യമനോഹരമായ ഗാനങ്ങളല്ല, മറിച്ച് കർത്താവിൻറെ പ്രമാണങ്ങളായിരുന്നു. അതിൽ അത്ഭുതമില്ല. കാരണം ആ പ്രമാണങ്ങൾ കൊടുക്കുമ്പോൾ ദൈവമായ കർത്താവ് ഇസ്രായേൽക്കാരോടു പറഞ്ഞത് ഇങ്ങനെയായിരുന്നു. ‘നിങ്ങൾ വീട്ടിലായിരിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും കിടക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും അവയെപ്പറ്റി സംസാരിച്ചുകൊണ്ടു നിങ്ങളുടെ മക്കളെ പഠിപ്പിക്കണം’ (നിയമാ. 11:19). പ്രവാസിയുടെ ഗാനമായി കർത്താവു തന്നെ നിശ്ചയിച്ചു തന്നതാണ് അവിടുത്തെ പ്രമാണങ്ങൾ.
വീടിൻറെയും ഇടവകപ്പള്ളിയുടെയും ധ്യാനകേന്ദ്രത്തിൻറെയും സുരക്ഷിതത്വത്തിനുള്ളിൽ കർത്താവിൻറെ പ്രമാണങ്ങളെക്കുറിച്ചു സംസാരിക്കാനും ധ്യാനിക്കാനും എളുപ്പമാണ്. എന്നാൽ യാത്രയിൽ അത് അൽപം ബുദ്ധിമുട്ടുള്ള കാര്യമാണ്. മറ്റുള്ളവരുടെ മുൻപിൽ വച്ചു വേദപുസ്തകം തുറക്കാനും ജപമാല ചൊല്ലാനും ഒക്കെ നമുക്കു മടിയാണ്. എന്നാൽ കർത്താവു പറഞ്ഞതു വീട്ടിലായിരിക്കുമ്പോൾ മാത്രം വചനം ധ്യാനിക്കാനല്ല, യാത്രയ്ക്കിടയിലും കർത്താവിൻറെ വചനം നമ്മുടെ നാവിൽ ഉണ്ടായിരിക്കണം എന്ന് അവിടുന്ന് ആഗ്രഹിക്കുന്നു.
നമ്മുടെ മക്കൾ ദേശദേശാന്തരങ്ങൾക്കപ്പുറത്തേക്കുള്ള പ്രയാണത്തിൻറെയും പ്രവാസത്തിൻറെയും നാളുകളിലൂടെ കടന്നുപോയ്‌ക്കൊണ്ടിരിക്കുന്ന ഈ നാളുകളിൽ തീർഥാടകൻറെ ഗാനത്തിൻറെ പ്രസക്തി എന്നത്തേക്കാളും കൂടുതലാണ്. പഠനത്തിനായും ജോലിയ്ക്കായും കൂടുതൽ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തേടിയും വിദേശരാജ്യങ്ങളിലേക്കു ചേക്കേറുന്ന മക്കളുടെ എണ്ണം പെരുകിവരുമ്പോൾ അവരുടെ നാവിൽ നിന്നു തീർഥാടകൻറെ ഗാനവും അവരുടെ ഹൃദയത്തിൽ നിന്നു കർത്താവിൻറെ പ്രമാണവും നഷ്ടപ്പെട്ടുപോകാൻ വളരെയധികം സാധ്യതയുണ്ട്. സഭാകൂട്ടായ്മകളിൽ നിന്നകന്ന്, ദൈവാലയങ്ങളിൽ പോകാതെ, കൂദാശകളെ അവഗണിച്ച്, പ്രവാസജീവിതം നയിക്കുന്ന നമ്മുടെ മക്കളുടെ പ്രയാണത്തിൻറെ അവസാനം അടിത്തട്ടില്ലാത്ത അഗാധഗർത്തത്തിലേക്കുള്ള വിശാലമായ വഴിയിൽ ആയിരിക്കുമോ എന്നു നാം ഭയപ്പെടണം.
പള്ളിയിൽ പോകാനും കുമ്പസാരിക്കാനും കുർബാന സ്വീകരിക്കാനും ഒക്കെ ധാരാളം സൗകര്യങ്ങൾ ഉണ്ടായിരുന്ന ഒരു ദേശത്തു പത്തു വർഷത്തെ പ്രവാസത്തിനുശേഷം നാട്ടിലെത്തിയ ചെറുപ്പക്കാരൻ ആരുടെയൊക്കെയോ പ്രേരണക്കു വഴങ്ങി കുമ്പസാരിക്കാൻ പോയപ്പോൾ കുമ്പസാരക്കൂടിൻറെ മറുവശത്തിരുന്ന വൃദ്ധനായ വൈദികൻ പറഞ്ഞത് ‘മോനേ, നീ നരകത്തിൻറെ വക്കത്തായിരുന്നുവല്ലോ’ എന്നായിരുന്നു. ഈ അനുഭവം വിവരിച്ചത് ആ ചെറുപ്പക്കാരൻ തന്നെയാണ്.
പ്രവാസകാലത്തു നമ്മുടെ അധരങ്ങളിൽ ഉണ്ടാകേണ്ട ഗാനം കർത്താവിൻറെ പ്രമാണം മാത്രമാണ്. നമ്മുടെ മക്കളുടെ ചുണ്ടുകളിൽ നിന്ന് ആ ഗാനം നഷ്ടപ്പെട്ടുവെങ്കിൽ ഓർത്തുകൊള്ളുക, അവരുടെ വഴികൾ തെറ്റിത്തുടങ്ങിയിരിക്കുന്നു. തെറ്റിയ വഴികൾ തിരുത്തേണ്ട കുമ്പസാരക്കൂടുകൾ അവർ കണ്ടില്ലെന്നു നടിക്കുന്നു. പ്രവാസിയുടെ പാഥേയമാകേണ്ട പരിശുദ്ധ കുർബാനയിൽ നിന്ന് അവർ വഴി മാറി നടക്കുന്നു. തിരുത്താൻ ആരെങ്കിലും വന്നേക്കുമോ എന്ന ഭയം കൊണ്ട് അവർ നല്ല കൂട്ടുകെട്ടുകളും സൗഹൃദങ്ങളും ഉപേക്ഷിക്കുന്നു. അപ്പോൾ അവർക്കു ലഭിക്കുന്നതു ലോകത്തിൻറെ ചപ്പും ചവറും മാത്രമായിരിക്കും. അത് ആവോളം വാരിവലിച്ചു തിന്നിട്ടും വിശപ്പു ശമിക്കാതെ വരുമ്പോഴെങ്കിലും അവരുടെ അധരങ്ങളിൽ തീർഥാടകൻറെ ഗാനം വന്നിരുന്നെങ്കിൽ എന്ന് ആശിക്കാം. കൂട്ടം വിട്ട ആടിനെപ്പോലെ അലയുമ്പോഴും (സങ്കീ 119:175) അങ്ങയുടെ കൽപനകൾ ഞാൻ വിസ്മരിക്കുന്നില്ല (സങ്കീ 119:176 ) എന്നു പറഞ്ഞ സങ്കീർത്തകനെപ്പോലെ കർത്താവിൽ ആശ്രയിക്കാനുള്ള കൃപ അവർക്കു ലഭിക്കട്ടെ എന്നു പ്രാർഥിക്കാം.
യൗവനത്തിൽ തങ്ങളുടെ മാർഗങ്ങൾ നിർമലമായി സൂക്ഷിക്കാൻ കർത്താവിൻറെ വചനമനുസരിച്ചു തന്നെ വ്യാപരിക്കണം ( സങ്കീ 119:9) എന്ന ചിന്ത അവരിൽ വേരുപിടിക്കട്ടെ. ദൈവത്തിനെതിരെ പാപം ചെയ്യാതിരിക്കേണ്ടതിന് അവിടുത്തെ വചനം ഹൃദയത്തിൽ സൂക്ഷിക്കാനുള്ള കൃപയും (സങ്കീ 119:11) അവർക്കു ലഭിക്കട്ടെ.
പ്രവാസനാളുകളിൽ പാപത്തിലേക്കുള്ള കിളിവാതിലുകൾ തുറക്കാനായി കൈവിരലുകൾ വെമ്പുന്ന ഇരുണ്ട യാമങ്ങളിൽ ‘രാത്രിയിൽ ഞാൻ അങ്ങയുടെ നാമം അനുസ്മരിക്കുന്നു, അങ്ങയുടെ പ്രമാണം പാലിക്കുകയും ചെയ്യുന്നു’ (സങ്കീ 119:55) എന്ന ഒരു വചനമെങ്കിലും അവരുടെ നാവിൽ നിന്ന് ഉതിരട്ടെ എന്നു പ്രാർഥിക്കാം. ചുറ്റുമുള്ളവർ പണമുണ്ടാക്കാനുള്ള നെട്ടോട്ടത്തിൽ ആയിരിക്കുമ്പോഴും ‘ആയിരക്കണക്കിനു പൊൻവെള്ളിനാണയങ്ങളേക്കാൾ അങ്ങയുടെ വദനത്തിൽ നിന്നു പുറപ്പെടുന്ന നിയമമാണ് എനിക്ക് അഭികാമ്യം’ (സങ്കീ 119:72) എന്ന് ഉറച്ച ബോധ്യത്തോടെ പറയണമെങ്കിലും തീർഥാടകൻറെ ഗാനം അവരുടെ നാവിൽ ഉണ്ടായിരിക്കണമല്ലോ. ‘പുകഞ്ഞ തോൽക്കുടം പോലെ’ (സങ്കീ 119:83) പ്രത്യാശ നഷ്ടപ്പെട്ടിരിക്കുമ്പോഴും ‘അങ്ങയുടെ ചട്ടങ്ങൾ ഞാൻ മറന്നില്ല’ (സങ്കീ 119:83) എന്നു പറയണമെങ്കിൽ കർത്താവിൻറെ വചനം നാവിലും ഹൃദയത്തിലും വേണ്ടേ?
പ്രവാസത്തിൻറെ ദുർഘടനാളുകളിൽ ‘പാദങ്ങൾക്കു വിളക്കും പാതകളിൽ പ്രകാശവും’ (സങ്കീ 119:105) ആകാൻ കഴിവുള്ളത് ഒന്നു മാത്രമേയുള്ളുവെന്നും അതു കർത്താവിൻറെ വചനമാണെന്നും അവർ ഓർക്കണമെങ്കിൽ ആ പ്രവാസത്തിലേക്കു പോകുന്നതിനു തൊട്ടുമുൻപുള്ള നാളുകളിലെങ്കിലും അക്കാര്യം അവരെ ഓർമ്മിപ്പിക്കേണ്ടേ? ജെറമിയ ചെയ്തതും അതു തന്നെയായിരുന്നുവല്ലോ. അതുകൊണ്ടായിരിക്കണം പ്രവാസകാലത്ത് ‘കല്ലു ചവച്ചു പല്ലു പൊടിയാനും ചാരം തിന്നാനും’ (വിലാ. 3:16) ഇടയായ നാളുകളിലും ‘കർത്താവിൻറെ സ്നേഹം ഒരിക്കലും അസ്തമിക്കുന്നില്ല എന്നും അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല’ ( വിലാ. 3:22) എന്നും പാടാൻ അവർക്കു കഴിഞ്ഞത്.
‘ബാബിലോൺ നദികളുടെ തീരത്തിരുന്നു സീയോനെയോർത്തു ഞങ്ങൾ കരഞ്ഞു’ (സങ്കീ. 137:1) എന്നു പറയത്തക്കവിധം സ്വന്തം നാടിനെക്കുറിച്ചുള്ള ഓർമ്മകൾ അവരുടെ കണ്ണുകളെ ഈറനണിയിക്കുന്ന നിമിഷങ്ങൾ വരും. അപ്പോൾ ‘വിദേശത്തു ഞങ്ങൾ എങ്ങനെ കർത്താവിൻറെ ഗാനം ആലപിക്കും’ (സങ്കീ 137:4) എന്ന് അവർ ആകുലപ്പെടാതിരിക്കണമെങ്കിൽ അതിനുമുമ്പേ കർത്താവിൻറെ വചനം അവരുടെ ഹൃദയങ്ങളിൽ എഴുതപ്പെടണം. പാസ്പോർട്ടിനും വിസയ്ക്കും അപേക്ഷിക്കുന്നതിനു മുൻപുതന്നെ, ചെന്നെത്തുന്ന നാടുകളിലെ പ്രവാസനാളുകളിൽ തങ്ങൾക്കു പാടാനുള്ള തീർഥാടകൻറെ ഗാനം – കർത്താവിൻറെ പ്രമാണം – അവരുടെ നാവുകളിലും ഹൃദയത്തിലും ആഴത്തിൽ പതിപ്പിക്കാനുള്ള കടമ നമ്മുടേതാണ്. ആ കടമ ഏറ്റെടുക്കുന്നതിൽ നാം ഒട്ടും ശങ്കിക്കേണ്ടതില്ല. കാരണം കർത്താവു വാക്കു തന്നിട്ടുണ്ടല്ലോ; ‘കർത്താവ് അരുളിച്ചെയ്യുന്നു. ഞാൻ അവരുമായി ചെയ്യുന്ന ഉടമ്പടി ഇതാണ്; നിൻറെ മേലുള്ള എൻറെ ആത്മാവും, നിൻറെ അധരങ്ങളിൽ ഞാൻ നിക്ഷേപിച്ച വചനങ്ങളും, നിൻറെയോ നിൻറെ സന്താനങ്ങളുടെയോ അവരുടെ സന്താനങ്ങളുടെയോ അധരങ്ങളിൽ നിന്ന് ഇനി ഒരിക്കലും അകന്നുപോവുകയില്ല. കർത്താവാണ് ഇത് അരുളിചെയ്യുന്നത്’ ( ഏശയ്യ 59:21).
നമുക്ക് ഈ വചനത്തിൽ പ്രത്യാശവെച്ചുകൊണ്ട്, പ്രവാസത്തിലായിരിക്കുന്ന നമ്മുടെ മക്കൾക്കുവേണ്ടി പ്രാർഥിക്കാം. തീർഥാടകരായ അവർ പാർക്കുന്ന ഇടങ്ങളിൽ കർത്താവിൻറെ പ്രമാണം അവരുടെ ചുണ്ടുകളിൽ ഗാനമായി വിരിയട്ടെ.