എത്ര മഹോന്നതം ഇന്നു പുരോഹിതാ

‘എത്ര മഹോന്നതം ഇന്നു  പുരോഹിതാ

നീ ഭരമേറ്റ വിശിഷ്ടസ്ഥാനം 

അഗ്നിമയന്മാർ, ദിവ്യാരൂപികൾ  

ആയതിലത്ഭുതമാർന്നിടുന്നു ……’

തിരുപ്പട്ടശുശ്രൂഷയുടെ സമയത്തു പാടുന്ന  മനോഹരഗാനമാണിത്. മാലാഖമാർ പോലും  അത്ഭുതത്തോടെ കാണുന്നത്ര ഉന്നതവും  വിശിഷ്ടവുമായ  ഒരു  പദവിയാണു  പൗരോഹിത്യം. ആ പൗരോഹിത്യത്തിൻറെ ശ്രേഷ്ഠതയെയും ഔന്നത്യത്തെയും കുറിച്ച്  ഏറ്റവും  കുറവു  ബോധ്യം ഉള്ളവർ ആരെന്നു ചോദിച്ചാൽ അതു  കത്തോലിക്കർ തന്നെയായിരിക്കും.   ഏതെങ്കിലും വൈദികൻറെ കുറവുകളെ ആരെങ്കിലും  പറഞ്ഞുകേട്ടാൽ അതിനെ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിൽ  മുൻപന്തിയിൽ നിൽക്കുന്നതു  നാം   തന്നെയാണല്ലോ.

പലപ്പോഴും ഒരു  ക്രിസ്തീയ പുരോഹിതനു  കൂടുതൽ  ബഹുമാനം കിട്ടുന്നത്  അക്രൈസ്തവരുടെ  അടുത്തുനിന്നാണെന്നും പറയാം.    ഒരു  വൈദികൻറെ അനുഭവം പങ്കുവയ്ക്കട്ടെ. ഏതാണ്ട് ഇരുപത്തഞ്ചു വർഷം  മുൻപുള്ള കാര്യമാണ്. ഇപ്പോൾ അദ്ദേഹത്തിന്  എൺപതു വയസു കഴിഞ്ഞു.    അദ്ദേഹം ഏതാനും വർഷം ശുശ്രൂഷ ചെയ്തിരുന്ന ഒരു  പട്ടണത്തിൽ നിന്നു  സ്ഥലം മാറി നൂറ്റമ്പതു കിലോമീറ്റർ ദൂരെ ഹൈറേഞ്ചിലെ ഒരു  കുഗ്രാമത്തിൽ ശുശ്രൂഷ ചെയ്യുന്ന സമയം.  ഒരു ദിവസം രാവിലെ  വാതിൽ തുറന്നുനോക്കുന്ന അച്ചൻ കാണുന്നതു മുൻപു   ശുശ്രൂഷ ചെയ്തിരുന്ന സ്ഥലത്തെ ഒരു മുസ്‌ലീം കുടുംബത്തിലെ ഒരു ചെറുപ്പക്കാരനെയാണ്.  അന്വേഷിച്ചപ്പോൾ അവൻ  വീട്ടുകാരുമായി വഴക്കിട്ടു നാടു വിട്ടു പോന്നതാണ്.   അവൻ നേരെ വന്നത് ഈ കത്തോലിക്കാപുരോഹിതൻറെ അടുത്തേയ്ക്കാണ്. മൊബൈൽ ഫോൺ ഒന്നും ഇല്ലാത്ത കാലം.  എന്തു  ചെയ്യണമെന്നറിയാതെ വിഷമിച്ച അച്ചന് അധികം  നേരം കാത്തുനിൽക്കേണ്ടിവന്നില്ല. ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ   ആ ചെറുപ്പക്കാരൻറെ വീട്ടിൽ നിന്നു  മാതാപിതാക്കൾ  അവനെ അന്വേഷിച്ചു വന്നു.  എന്തുകൊണ്ടാണ് അവർ  മകനെ അന്വേഷിച്ചു  വേറെയെവിടെയും പോകാതെ നേരെ തൻറെ അടുത്തേക്കു  വന്നതെന്നു  ചോദിച്ചപ്പോൾ  കിട്ടിയ മറുപടി അച്ചനെ അത്ഭുതപ്പെടുത്തിക്കളഞ്ഞു. അവൻ  വീട്ടിൽ നിന്നു പോന്നിട്ടുണ്ടെങ്കിൽ  അച്ചൻറെ അടുത്തേയ്‌ക്കേ  വരികയുള്ളൂ എന്നു  ഞങ്ങൾക്കറിയാമായിരുന്നു  എന്നാണ് അവർ പറഞ്ഞത്. 

എത്ര മഹോന്നതമാണു വൈദികൻ  വഹിക്കുന്ന വിശിഷ്ടസ്ഥാനം! ആ സ്ഥാനത്തിൻറെ മഹത്വത്തിനൊത്തു  ശുശ്രൂഷ ചെയ്യാൻ   കഴിയണമെങ്കിൽ അവർക്കു  നമ്മുടെ പ്രാർത്ഥനയും കൂടി    വേണം.  നേരത്തെ പറഞ്ഞ അച്ചൻറെ ജീവിതത്തിൽ നിന്നു  തന്നെ ഒരനുഭവംകൂടി പങ്കുവയ്ക്കാം.  തിരുപ്പട്ടം സ്വീകരിച്ചതിൻറെ  അൻപത്തിമൂന്നാം വാർഷികദിനത്തിൽ ഇടവകപ്പള്ളിയിൽ പരിശുദ്ധ കുർബാന അർപ്പിച്ചു  മടങ്ങുന്നതിനിടയിൽ  പ്രായമായ ഒരു  അമ്മച്ചിയെ സന്ദർശിക്കാൻ   അയൽവക്കത്തെ വീട്ടിൽ കയറിയ അച്ചൻ യാത്ര പറഞ്ഞു പോരാൻ നേരം  ഇങ്ങനെ പറഞ്ഞു.”അമ്മച്ചി എനിക്കു  വേണ്ടി പ്രാർത്ഥിക്കണം കേട്ടോ”. അതിന് അമ്മച്ചിയുടെ മറുപടി ഇപ്രകാരമായിരുന്നു. “അച്ചൻറെ തിരുപ്പട്ടത്തിൻറെ അന്നു മുതൽ ഇന്നു വരെ എല്ലാ ദിവസവും അച്ചനു  വേണ്ടി ഞാൻ ഒരു ജപമാല ചൊല്ലാറുണ്ട്. ഇനി മരിക്കുന്നതുവരെയും ചൊല്ലുകയും ചെയ്യും”. ആ അമ്മച്ചിയുടെ മറുപടി കേട്ടു   താൻ  കരഞ്ഞുപോയെന്നാണ്  ആ   വൈദികൻ  പിന്നീടു  പറഞ്ഞത്. അയൽവക്കത്തെ വീട്ടിലെ  ഒരു വൈദികനുവേണ്ടി അമ്പത്തിമൂന്നു വർഷം ജപമാല ചൊല്ലിക്കൊണ്ടിരുന്ന ആ  അമ്മച്ചി അതുവരെയും അക്കാര്യം ആരോടും  പറഞ്ഞിരുന്നുമില്ല!

അഗ്നിമയന്മാരായ  ദിവ്യാരൂപികൾ  പുരോഹിതനെ  ഓർത്ത്  അത്ഭുതപ്പെടുന്നതിൽ എന്താശ്ചര്യം?  എന്നാൽ ഇന്നു പൗരോഹിത്യം അനേകം  വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇടവക വൈദികരുടെ മധ്യസ്ഥനായി സഭ വണങ്ങുന്ന വിശുദ്ധ ജോൺ മരിയ വിയാനിയ്ക്കു   വൈദികനാകാൻ ഏറെ ആഗ്രഹമുണ്ടായിരുന്നെങ്കിലും  അതിനു തടസമായി നിന്നതു   ലത്തീൻ ഭാഷയിലുള്ള പരിജ്ഞാനത്തിൻറെ  കുറവായിരുന്നു.  തിരുപ്പട്ടം കൊടുക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ട   ഘട്ടം വന്നപ്പോൾ    ലിയോൺസ് രൂപതയുടെ അഡ്മിനിസ്ട്രേറ്റർ ആയിരുന്ന  വികാരി ജനറൽ   ചിന്തിച്ചത് ഇപ്രകാരമാണ്. ‘ജോൺ വിയാനി ഭക്തനാണോ?  അവനു ദൈവമാതാവിനോടുട് ഭക്തിയുണ്ടോ?  അവനു ജപമാല ചൊല്ലാനറിയുമോ?എങ്കിൽ ഞാൻ  അവനു വൈദികപട്ടം കൊടുക്കും’.

അറിവിൻറെ കുറവു   ഭക്തി കൊണ്ടും വിശുദ്ധി കൊണ്ടും എളിമ കൊണ്ടും  പ്രാർത്ഥന കൊണ്ടും പരിഹരിക്കാം എന്നതിൻറെ  ഉത്തമോദാഹരണമാണു  ജോൺ വിയാനി. വികാരി ജനറൽ  പറഞ്ഞതും അതുതന്നെയാണ്. ‘പണ്ഡിതന്മാരെക്കാൾ,  ഭക്തന്മാരായ വൈദികരെയാണ് ഇന്നു  സഭയ്ക്കു  കൂടുതൽ ആവശ്യം’.  പണ്ഡിതന്മാരായ  വൈദികരുടെ  എണ്ണം കൂടിക്കൊണ്ടിരിക്കുന്ന ഇന്നും  ഈ   വാക്കുകൾക്കു പ്രസക്തിയുണ്ട്.   ഇന്നത്തെ സഭയ്ക്കും കൂടുതൽ ആവശ്യം വിശുദ്ധിയും ഭക്തിയുമുള്ള വൈദികരെയാണ്.

 വരാനിരിക്കുന്ന കാലത്തെ  വൈദികരെക്കുറിച്ചു   മരിയ വാൾതോർത്തയ്ക്ക്  ഈശോ  ഇങ്ങനെ വെളിപ്പെടുത്തിക്കൊടുത്തു.

 ‘ യഥാർത്ഥ പുരോഹിതർ എന്നു  ലോകത്തിൽ  ഇല്ലാതാകുന്നുവോ അന്നു വാക്കുകൾ കൊണ്ടു വിവരിക്കുവാൻ കഴിയാത്ത വിധത്തിൽ അത്രയധികമായ ഭീകരതയിൽ ലോകം  അവസാനിക്കും……….  സമയത്തിൻറെ പൂർത്തീകരണത്തിൽ, യഥാർത്ഥ പുരോഹിതർ ധാരാളമുണ്ടെങ്കിൽ , അന്തിക്രിസ്തുവിൻറെ കാലവും അതിൻറെ ക്രൂരതയും  കുറഞ്ഞിരിക്കും; മനുഷ്യരാശിയുടെ അവസാന യാതനകളും കുറഞ്ഞിരിക്കും’ (മരിയ വാൾ തോർത്തയുടെ ‘ലോകാവസാന നാളുകൾ’ – സന്ദേശം 6 ). ഈശോ ഈ സന്ദേശം നൽകിയിട്ട് ഏഴു പതിറ്റാണ്ടോളമാകുന്നു എന്നതും നാം ശ്രദ്ധിക്കണം.

പരിശുദ്ധ കുർബാനയ്ക്കും കുമ്പസാരത്തിനും ഒക്കെ വിലക്കു വീഴുന്ന ഈ നാളുകളിൽ  വിശ്വാസികൾ  പ്രതീക്ഷയോടെ  ഉറ്റുനോക്കുന്നത്  തങ്ങളുടെ വൈദികരെയാണ്.    മരിയ വാൾതോർത്ത വീണ്ടും പറയുന്നു.

‘ദുരിതം…. മഹാദുരിതം. അവശേഷിക്കുന്നവർക്കായി വിശുദ്ധരാരും ഇല്ലെങ്കിൽ, ക്രിസ്തുവിൻറെ അവസാനപ്പന്തലിൽ വിശുദ്ധന്മാരില്ലെങ്കിൽ ദുരിതം, ദുരിതം, മൂന്നു പ്രാവശ്യം ദുരിതം. ആദ്യത്തെ ക്രിസ്ത്യാനികൾക്ക് പുരോഹിതരെ  ആവശ്യമായിരുന്നതുപോലെ അന്ത്യനാളുകളിലും  അവർ വേണം. അവസാനത്തെ  മതപീഡനം ഭയാനകമായിരിക്കും. കാരണം, അതു  മനുഷ്യരല്ല, സാത്താൻറെ മക്കളായിരിക്കും നടത്തുക . പുരോഹിതർ? അവസാന നാളിലെ പുരോഹിതർ, പുരോഹിതരെക്കാൾ കൂടിയവരായിരിക്കണം…..’…………… പുരോഹിതർ? ദൈവദൂതന്മാർ! തങ്ങളുടെ സുകൃതങ്ങളാകുന്ന കുന്തിരിക്കം പുകച്ച്, സാത്താൻ  പടർത്തുന്ന വിഷവാതകമുള്ള വായു അവർ ശുദ്ധീകരിക്കണം. അവർ ദൈവദൂതന്മാരാകണം; അതിലും കൂടിയവരാകണം. മറ്റൊരു ക്രിസ്തുവാകണം, എൻറെ പതിപ്പുകളായിരിക്കണം. അന്ത്യകാലത്തെ വിശ്വാസികൾ  അവസാനം വരെ സ്ഥിരമായി നിൽക്കണമെങ്കിൽ അതു  വേണം’ ( ദൈവമനുഷ്യൻറെ സ്നേഹഗീത  വാല്യം 16).

പുരോഹിതനാവുക എന്നത്  ഒരാൾ സ്വയം എടുക്കുന്ന തീരുമാനമല്ല. ‘ അഹറോനെപ്പോലെ ദൈവത്താൽ വിളിക്കപ്പെടുകയല്ലാതെ ആരും സ്വയം ഈ ബഹുമതി ഏറ്റെടുക്കുകയല്ല’ ( ഹെബ്രാ.5:4).  ഈ തിരുവചനത്തിൻറെ  പൂർണമായ അർഥം  സഭ നമുക്ക് ഇപ്രകാരം  പഠിപ്പിച്ചുതരുന്നു.  ‘തിരുപ്പട്ട കൂദാശ സ്വീകരിക്കാൻ ആർക്കും അവകാശമില്ല. വാസ്തവത്തിൽ ആരും സ്വയമായി ഈ ദൗത്യം ഏറ്റെടുക്കുന്നില്ല. അതിലേക്കു ദൈവത്തിൽ നിന്നു  വിളി ഉണ്ടാകുന്നു…….. ഏതു  കൃപാവരവുമെന്നതുപോലെ ഈ കൂദാശയും അർഹതയില്ലാതെ  കിട്ടുന്ന ദാനമെന്ന നിലയിലേ സ്വീകരിക്കാൻ കഴിയൂ’ (CCC  1578). പുരോഹിതനു ക്രിസ്തുവുമായുള്ള ബന്ധത്തെക്കുറിച്ച് സഭ പഠിപ്പിക്കുന്നു. ‘ യേശുക്രിസ്തുവെന്ന അതേ  പുരോഹിതനിലെ വിശുദ്ധവ്യക്തിയെയാണ് അവിടുത്തെ ശുശ്രൂഷകൻ യാഥാർത്ഥത്തിൽ സംവഹിക്കുന്നത്. ഈ ശുശ്രൂഷകൻ താൻ സ്വീകരിക്കുന്ന   പൗരോഹിത്യപ്രതിഷ്ഠ മൂലം മഹാപുരോഹിതനെപ്പോലെ ആയിത്തീരുന്നു. ക്രിസ്തുവിൻറെ വ്യക്തിത്വത്തോടും അവിടുത്തെ ശക്തിയോടും കൂടി പ്രവർത്തിക്കാനുള്ള അധികാരം  അദ്ദേഹത്തിനു കരഗതമായിരിക്കുന്നു.  ക്രിസ്തുവാണു   പൗരോഹിത്യത്തിൻറെ മുഴുവൻ ഉറവിടം: പഴയ നിയമത്തിലെ പുരോഹിതൻ ക്രിസ്തുവിൻറെ പ്രതിരൂപമായിരുന്നു. പുതിയ നിയമത്തിലെ പുരോഹിതൻ ക്രിസ്തുവിനു പകരം നിന്നു പ്രവർത്തിക്കുന്നു’ ( CCC  1548).

ക്രിസ്തുവിനു പകരം  നിന്നു  പ്രവർത്തിക്കുന്നവനാണെങ്കിൽ  പുരോഹിതനും  ക്രിസ്തു ചെയ്ത കാര്യങ്ങൾ എല്ലാം ചെയ്യേണ്ടിയിരിക്കുന്നു.   ക്രിസ്തു തൻറെ  പരസ്യജീവിതകാലത്തു ചെയ്ത പ്രധാന പ്രവൃത്തികൾ പാപം  മോചിക്കുകയും രോഗികളെ സുഖപ്പെടുത്തുകയും പിശാചു ബാധിതരെ വിടുവിക്കുകയും ദൈവരാജ്യത്തിൻറെ  സുവിശേഷം പ്രസംഗിക്കുകയും ആയിരുന്നു.  ഉപദേശം വേണ്ടവർക്ക് ഉപദേശവും   പ്രബോധനം വേണ്ടവർക്കു  പ്രബോധനവും  ശാസനം വേണ്ടവർക്കു  ശാസനവും കൊടുക്കുന്നതിൽ  യേശു ഒരു മടിയുംകാണിച്ചിരുന്നില്ല.

തൻറെ ശിഷ്യന്മാരും അവർക്കു ശേഷം  അവരുടെ കൈവയ്പ്പിലൂടെ  അഭിഷേകം പകർന്നുകിട്ടാൻ പോകുന്ന  മെത്രാന്മാർക്കും വൈദികർക്കും താൻ ചെയ്ത  കാര്യങ്ങൾ ചെയ്യാനുള്ള കല്പനയുംഅതിനുള്ള അധികാരവും കൊടുത്തിട്ടാണ് യേശു പിതാവിൻറെ അടുത്തേയ്ക്കു മടങ്ങിപ്പോയത്.  ഈ ലോകത്തിലായിരിക്കുമ്പോൾ യേശു ചെയ്ത ഏറ്റവും മഹത്തരമായ  കൃത്യം  പരിശുദ്ധ കുർബാനയുടെ  സ്ഥാപനമായിരുന്നു. അവിടുത്തെ പരസ്യജീവിതവും അവസാനത്തെ അത്താഴവും ഗെത് സമേൻ  അനുഭവവും പീഡാസഹനവും കുരിശു മരണവും ഉത്ഥാനവും  സ്വർഗാരോഹണവും  എല്ലാം 

രഹസ്യാൽമകമായി അടങ്ങിയിരിക്കുന്ന  പരിശുദ്ധ കുർബാന   തൻറെ   തിരിച്ചുവരവു വരെ വീണ്ടും അർപ്പിക്കാനായി  പൗരോഹിത്യം  സ്ഥാപിച്ചുകൊണ്ട് അവിടുന്നു  നമ്മോടുള്ള നിലനിൽക്കുന്ന സ്നേഹം വെളിപ്പെടുത്തുകയും ചെയ്തു. ഒരു പുരോഹിതൻറെ ജീവിതത്തിനു  മൂന്നു  ഭാഗങ്ങളേയുള്ളു എന്നാണു  വിശുദ്ധ അൽഫോൻസ് ലിഗോരി പറയുന്നത്. അവ പരിശുദ്ധ കുർബാന അർപ്പിക്കാനുള്ള ഒരുക്കവും കുർബാനയർപ്പണവും  അതിനുശേഷമുള്ള  കൃതജ്ഞതാ പ്രകാശനവുമാണ്. ഒരു കുർബാന അർപ്പിച്ചുകഴിഞ്ഞ് അടുത്ത കുർബാനയുടെ ഒരുക്ക സമയം വരെ  പുരോഹിതൻ തൻ  ബലിയെ ഓർത്ത് 

 ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ടിരിക്കണം. 

കുർബാനയർപ്പണത്തിനുള്ള ഒരുക്കം എന്നതു  പ്രാർത്ഥനയും ധ്യാനവും  തന്നെയാണ്. പ്രഭാതബലി അർപ്പിക്കുന്നതിനു മുൻപായി മുപ്പതു  ജപമാലകൾ ചൊല്ലിയിരുന്ന വിശുദ്ധ പാദ്രേ  പിയോയോട് ഇതെങ്ങനെ സാധിക്കുന്നു എന്നു  ചോദിച്ചപ്പോൾ  രാത്രിയിൽ എനിക്കു  വേറെന്തു ജോലിയാണുള്ളതെന്നാണ് അദ്ദേഹം തിരിച്ചുചോദിച്ചത്.  ക്രിസ്തുവിൻറെ ഒരേയൊരു ബലി  കൊണ്ടു  സകലമനുഷ്യർക്കും രക്ഷ കരഗതമായെങ്കിൽ അതേ ബലിയുടെ   തനിയാവർത്തനമായ പരിശുദ്ധ കുർബാനയുടെ ഫലസിദ്ധിയെക്കുറിച്ചു  നാമെന്തിനു  സംശയിക്കണം?  മറ്റുള്ളവരുടെ പാപങ്ങൾ മോചിക്കാനുള്ള അധികാരം ശിഷ്യന്മാർക്കു  നൽകിക്കൊണ്ട്  അനുരഞ്ജനത്തിൻറെ കൂദാശയായ കുമ്പസാരവും ക്രിസ്തു സഭയ്ക്ക് ഏല്പിച്ചുകൊടുത്തു. പുരോഹിതരില്ലെങ്കിൽ കുമ്പസാരവുമില്ല.  വിശുദ്ധിയിലും വിശ്വാസത്തിലും കൃപയിലും  സ്ഥിരതയോടെ നിൽക്കാൻ  നമുക്കു  കൂദാശകൾ വേണം. പ്രത്യേകിച്ചു  പരിശുദ്ധ കുർബാനയും കുമ്പസാരവും.  ഒരു കുമ്പസാരം കിട്ടാനായി, ഒരു  കുർബാനയിൽ പങ്കെടുക്കാനായി, വൈദികരെ അന്വേഷിച്ച് ഓടേണ്ട കാലം   അത്ര ദൂരത്തൊന്നുമല്ല.  അതുകൊണ്ട് ഇപ്പോൾ കിട്ടാവുന്നത്ര കുർബാനകളിൽ പങ്കുകൊള്ളുക എന്നുമാത്രമേ നമുക്ക് ചെയ്യാനുള്ളൂ. ഇനിയുള്ള നാളുകളിൽ ഒരു പുരോഹിതൻറെ കൈയിൽ നിന്നു രോഗീലേപനം സ്വീകരിച്ചു  മരിക്കാൻ എത്രപേർക്കു ഭാഗ്യം ലഭിക്കും എന്നും പറയാൻ  കഴിയില്ല. 

ഇതൊരു ഉണർത്തുപാട്ടാണ്. വൈദികർക്കല്ല, കിട്ടുന്ന   അവസര ത്തിലെല്ലാം  വൈദികരെ  നിന്ദിക്കുകയും  പരിഹസിക്കുകയും  അപമാനിക്കുകയും ചെയ്യുന്ന നമുക്കുള്ള മുന്നറിയിപ്പാണത്. ഒരു പുരോഹിതൻ വീണുപോകുമ്പോൾ  വീഴാതെ നിൽക്കുന്ന  മറ്റു പുരോഹിതരെ   നാം മറക്കുന്നു. എന്നിട്ട്, വീണുപോയ ഒരു വൈദികനെ വച്ച്  ബാക്കി തൊണ്ണൂറ്റി ഒൻപതിനേയും നാം വിധിക്കുന്നു. പ്രിയ  സഹോദരരേ, നമ്മുടെ വിളി വൈദികർക്കുവേണ്ടി പ്രാർഥിക്കാനാണ്, അവരെ വിധിക്കാനല്ല. അവരുടെ വിധിയാളൻ  അവരുടെ  നാഥനാണ്. അവൻ തന്നെയാണു നമ്മുടെയും വിധിയാളനെന്ന് ഇടയ്ക്കെങ്കിലും  ഓർക്കുന്നതു  നല്ലതാണ്. ഒരു പുരോഹിതൻ നിൽക്കുന്നെങ്കിൽ അതു   കർത്താവിൻറെ സന്നിധിയിലാണ്. ഒരു പുരോഹിതൻ   വീഴുന്നെങ്കിൽ  അതും കർത്താവിൻറെ സന്നിധിയിലാണ്.  ക്രിസ്തുവും അവിടുത്തെ  പുരോഹിതരും തമ്മിലുള്ള ബന്ധത്തിൽ ഇടപെടേണ്ട ഒരു കാര്യവും നമുക്കില്ല.

വൈദികരുടെ കടമകളെയും  അധികാരത്തെയും കുറിച്ചു പറയുമ്പോൾ പലപ്പോഴും  നാം കുമ്പസാരവും  കുർബാനയും രോഗീലേപനവും കൊണ്ട് അവസാനിപ്പിക്കുകയാണു  ചെയ്യുന്നത്. .   യേശു തൻറെ ശിഷ്യന്മാർക്കു   നൽകിയ വലിയ രണ്ടു കടമകളും അധികാരങ്ങളും  നാം മറന്നുപോവുകയും ചെയ്യുന്നു. അവ രോഗികളെ സുഖപ്പെടുത്തുകയും  പിശാചുക്കളെ ബഹിഷ്കരിക്കലുമാണ്. 

‘നിങ്ങളിൽ ആരെങ്കിലും രോഗിയാണെങ്കിൽ അവൻ സഭയിലെ ശ്രേഷ്ഠന്മാരെ വിളിക്കട്ടെ. അവർ കർത്താവിൻറെ നാമത്തിൽ  അവനെ തൈലാഭിഷേകം ചെയ്ത്  അവനുവേണ്ടി പ്രാർത്ഥിക്കട്ടെ. വിശ്വാസത്തോടെയുള്ള പ്രാർഥന  രോഗിയെ സുഖപ്പെടുത്തും; കർത്താവ് അവനെ എഴുന്നേല്പിക്കും. അവൻ പാപങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അവിടുന്ന് അവനു മാപ്പു നൽകും’ ( യാക്കോബ്  5:14-15) എന്നു  പറഞ്ഞുകൊണ്ട് വിശുദ്ധഗ്രന്ഥം തന്നെ  രോഗസൗഖ്യം ലഭിക്കാനായി പ്രാർഥിക്കാനുള്ള  പുരോഹിതരുടെ കടമയെക്കുറിച്ചു സൂചിപ്പിക്കുന്നുണ്ട്. 

യേശു അനേകം പിശാചുബാധിതരെ സുഖപ്പെടുത്തിയതായി നാം വായിക്കുന്നുണ്ട്.  യേശുവിനെ അനുകരിച്ച് അതിനു ശ്രമിച്ച ശിഷ്യന്മാർ അക്കാര്യത്തിൽ പരാജയപ്പെടുന്ന ഒരു സന്ദർഭം വി.മർക്കോസിൻറെ  സുവിശേഷത്തിൽ  വിവരിക്കുന്നുണ്ട്. എന്തുകൊണ്ടാണു  തങ്ങൾക്ക് ആ  പിശാചിനെ ബഹിഷ്കരിക്കാൻ  സാധിക്കാതെപോയതെന്നു ചോദിച്ച ശിഷ്യന്മാരോട് യേശു പറയുന്നത് പ്രാർത്ഥന കൊണ്ടല്ലാതെ ഈ വർഗം പുറത്തുപോകില്ല എന്നാണ്. പിശുചുക്കളെ ബഹിഷ്‌കരിക്കുന്ന ശുശ്രൂഷയ്ക്ക് ഒരുങ്ങുന്ന   വൈദികൻ   പ്രാർത്ഥനയുടെയും ഉപവാസത്തിൻറെയും മനുഷ്യനായിരിക്കണം.  ജീവിതവിശുദ്ധിയും എളിമയും ആഴമേറിയ വിശ്വാസവും ഇല്ലാത്ത ഒരു വൈദികനും  ബഹിഷ്കരണ ശുശ്രൂഷകൾക്കു മുതിരരുത്.

സാത്താൻ ദൈവമക്കൾക്കെതിരെ  നേരിട്ടുള്ള യുദ്ധത്തിനിറങ്ങിയിരിക്കുന്ന ഈ നാളുകളിൽ ബഹിഷ്കരണ ശുശ്രൂഷയുടെ  പ്രസക്തി ഏറെയാണ്.   നിർഭാഗ്യവശാൽ ഈ മേഖലയിലേക്കു   വരുന്ന  വൈദികരുടെ എണ്ണം തുലോം പരിമിതമാണ്. കൂടുതൽ  വൈദികർ  പിശാചിനെ ബഹിഷ്‌കരിക്കുന്ന ശുശ്രൂഷയിലേക്കു കടന്നുവരട്ടെ എന്നു  നമുക്കു പ്രാർഥിക്കാം.

അല്ലയോ പുരോഹിതരേ,  നിങ്ങളായിരിക്കുന്ന സ്ഥാനത്തിൻറെ  ഔന്നത്യവും ശ്രേഷ്ഠതയും തിരിച്ചറിയുക. ദൈവം നിങ്ങളെ  ഏല്പിച്ചിരിക്കുന്ന   വലിയ   ഉത്തരവാദിത്വങ്ങൾ എളിമയോടെ ഏറ്റെടുക്കുക.   നിങ്ങളുടെ അജഗണം ആത്മീയപോഷണത്തിനായി നിങ്ങളെയാണു നോക്കിയിരിക്കുന്നതെന്ന് അറിയുക. ഈ ഭൂമിയിൽ നിന്നു   സമാശ്വാസം തേടേണ്ടവനല്ല പുരോഹിതൻ. അവൻറെ  ആശ്വാസം  ക്രൂശിതനായ കർത്താവാണ്. ഈ ഭൂമിയിലെ  നശ്വരമായ സുഖങ്ങളുടെ പിറകെ പോകേണ്ടവനല്ല പുരോഹിതൻ. അവൻറെ  ആനന്ദം നിത്യമാണ്. അതു  വരുന്നതോ  ഉത്ഥിതനായ ക്രിസ്തുവിൽ നിന്നും. പുരോഹിതന് അംഗീകാരം ലഭിക്കുന്നത്  ഇവിടെ വച്ചല്ല. അവനുള്ള കിരീടം അവസാനമേ  ലഭിക്കുകയുള്ളൂ. ‘എനിക്കായി നീതിയുടെ കിരീടം ഒരുക്കിയിരിക്കുന്നു. നീതിപൂർവം വിധിക്കുന്ന കർത്താവ് ആ ദിവസം അത് എനിക്കു സമ്മാനിക്കും’ ( 2 തിമോ. 4:8)

പൗരോഹിത്യം  വലിയ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന  ഒരു കാലത്താണു നാം ജീവിക്കുന്നത്. പാപത്തിൻറെ മഹാപ്രളയത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്ന ലോകത്തിൽ  തലയുയർത്തിപ്പിടിക്കാനുള്ള വിശുദ്ധി ഉണ്ടാവുക എന്നതു  ചെറിയ കാര്യമല്ല. നാലുവശത്തുനിന്നും ആഞ്ഞടിക്കുന്ന പ്രലോഭനങ്ങളുടെ  കൊടുങ്കാറ്റിനെ പ്രതിരോധിക്കാൻ അസാമാന്യമായ  വിശ്വാസം വേണം. സുഖലോലുപതയിലും     മദ്യാസക്തിയിലും ജീവിതവ്യഗ്രതയിലും  മുങ്ങിക്കിടക്കുന്ന ഒരു ജനത്തിൻറെയിടയിൽ   പ്രാർത്ഥനയുടെയും പരിത്യാഗത്തിൻറെയും പ്രായശ്ചിത്തത്തിൻറെയും ജീവിതം നയിക്കുക എന്നത്  ഒരു വെല്ലുവിളി തന്നെയാണ്. ക്രിസ്തുവിൽ നിന്ന് അതിവേഗം അകന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിൽ  ക്രിസ്തുവിനെ അനുകരിക്കുക എന്നതാണു  യഥാർത്ഥ വെല്ലുവിളി.

എന്നാൽ നമുക്ക് അങ്ങനെയുള്ള ആയിരക്കണക്കിനു വൈദികരുണ്ട്. തങ്ങളുടെ നാഥൻറെ വിളിയ്ക്ക്    വിശ്വാസത്തിലും  സ്നേഹത്തിലും  മറുപടി കൊടുത്തവർ.  അനേകർ തെരഞ്ഞെടുക്കുന്ന എളുപ്പമുള്ള  വഴി  വേണ്ടെന്നുവച്ചു   തങ്ങളുടെ കുരിശുമെടുത്തു  ക്രിസ്തുവിൻറെ പിന്നാലെ  തങ്ങളുടെ അന്തിമലക്ഷ്യമായ കാൽവരിയിലേക്കു യാത്ര ചെയ്യുന്നവർ. പലപ്പോഴും അവർ  ഏകാകികളും   ഉപേക്ഷിക്കപ്പെട്ടവരും  ആയിരിക്കും. ഇടയ്‌ക്കെങ്ങാൻ  ഒരു ശിമയോൻ വന്നു കുരിശു താങ്ങിയാലായി. ഇടയ്‌ക്കെങ്ങാൻ  ഒരു  വെറോണിക്ക വന്നു മുഖം തുടച്ചുതന്നാലായി. എന്നാൽ അവയെല്ലാം  താൽക്കാലികമായ ആശ്വാസങ്ങൾ മാത്രം.  അന്തിമലക്ഷ്യം ക്രിസ്തുവിനെപ്പോലെ മറ്റുള്ളവർക്കുവേണ്ടി ബലിയാവുക എന്നതു  തന്നെ. ക്രിസ്തുവിൻറെ കുരിശിൻറെ  മറുപുറം  അവനെ ക്ഷണിക്കുന്നു. അവിടെ ആരും അറിയാതെ, ആരും ശ്രദ്ധിക്കാനില്ലാതെ  അവനും  ക്രിസ്തുവിൻറെ പീഡകളിൽ  വന്ന കുറവു  മറ്റുള്ളവർക്കുവേണ്ടി നികത്തുന്നു.

.അവർക്കു നമ്മുടെ  പ്രാർത്ഥന എന്നത്തെക്കാളുമധികം ഇന്ന് ആവശ്യമുണ്ട്.  വൈദികരുടെ രാജ്ഞിയുടെ മാധ്യസ്ഥം  എന്നത്തെക്കാളുമധികം ഇന്ന് അവർക്കു വേണം. സ്നേഹത്തോടെ ‘ എൻറെ പ്രിയപുത്രന്മാരേ’ എന്നു  വിളിച്ചുകൊണ്ടു  പരിശുദ്ധ അമ്മ എല്ലാ വൈദികരെയും   തൻറെ   വിമലഹൃദയത്തിലേക്ക് തങ്ങളെത്തന്നെ   പ്രതിഷ്ടിക്കാനായി ക്ഷണിക്കുന്നു. ഇത് അമ്മയുടെ സമയമാണ്.  വൈദികരെ  വിശുദ്ധിയിലും വിശ്വാസത്തിലും വളരാൻ അമ്മ സഹായിക്കുന്നു.

ഈ ഭൂമിയുടെയും  ഇവിടെ ജീവിക്കുന്ന നാമോരോരുത്തരുടേയും  ഭാവി  എത്ര യഥാർത്ഥ പുരോഹിതർ ഇവിടെ അവശേഷിക്കും എന്നതിനെ ആശ്രയിച്ചിരിക്കുന്നു. മേഘങ്ങൾക്കിടയിലെ   നക്ഷത്രങ്ങളെപ്പോലെയും ദൈവാലയത്തിനു മുകളിൽ പ്രകാശിക്കുന്ന സൂര്യനെപ്പോലെയും  ഉത്സവവേളയിലെ ചന്ദ്രനെപ്പോലെയും  തിളങ്ങുന്ന വൈദികരെ നമുക്കു  വേണം.  വസന്തകാലത്തു വിരിയുന്ന പുഷ്പം പോലെയും  ആറ്റുതീരത്തു വളരുന്ന  ലില്ലി പോലെയും  ആയിരിക്കട്ടെ അവർ. ലെബനോനിലെ വേനൽ മരങ്ങൾ പോലെ അവർ നമുക്കു  തണൽ  നൽകട്ടെ. അവരുടെ  ധൂപകലശത്തിലെ  സുഗന്ധം ലോകമെങ്ങും പരക്കട്ടെ. നമ്മുടെ വൈദികർ  കായ്ച്ചുനിൽക്കുന്ന ഒലിവുമരങ്ങൾ പോലെയും  മേഘം ഉരുമ്മുന്ന സൈപ്രസ് മരം  പോലെയുമായിരിക്കട്ടെ. ഇങ്ങനെയൊക്കെയാണല്ലോ മഹാപുരോഹിതനായ ശെമയോനെ പ്രഭാഷകൻ  വർണ്ണിക്കുന്നത്! ( പ്രഭാ. 50:6-10)

അവസാനമായി ഞങ്ങളുടെ പ്രിയപ്പെട്ട വൈദികരോട്:   ഭയപ്പെടേണ്ട, യേശു നിങ്ങളോടുകൂടെയുണ്ട്. നിങ്ങൾ വലിയവരായതുകൊണ്ടല്ല അവൻ നിങ്ങൾ വിളിച്ചത്. നിങ്ങളെ വലിയവരാക്കാൻ  അവനു കഴിയുമെന്നതുകൊണ്ടാണ്.  നിങ്ങൾ അത്ഭുതം പ്രവർത്തിക്കുന്നവരായതുകൊണ്ടല്ല അത്, മറിച്ച് അവന് അത്ഭുതം പ്രവർത്തിക്കാൻ നിങ്ങളുടെ കരങ്ങൾ വേണമെന്നതുകൊണ്ടാണ്.  നിങ്ങളുടെ  സ്വരം ഇമ്പമുള്ളതായതുകൊണ്ടോ വാക്കുകൾ വിജ്ഞാനം  നിറഞ്ഞതായതുകൊണ്ടോ അല്ല,  അവൻറെ സന്ദേശം    മറ്റുള്ളവരെ അറിയിക്കാൻ നിങ്ങളുടെ സ്വരവും  വാക്കുകളും ആവശ്യമായതുകൊണ്ടാണ്.

ക്രിസ്തുവിൻറെ അവസാനപ്പന്തലിലേക്ക് ആയിരങ്ങളും പതിനായിരങ്ങളും ലക്ഷങ്ങളും കോടികളുമായി വിശുദ്ധരെ  വാർത്തെടുക്കാൻ ക്രിസ്തുവിനു നിങ്ങളെ ആവശ്യമായതുകൊണ്ടാണ് നിങ്ങൾ വൈദികരായിരിക്കുന്നത്.  ഭയപ്പെടേണ്ട  ഞങ്ങളുടെ പ്രാർഥനകളും നിങ്ങളോടൊപ്പമുണ്ട്.

‘ നിത്യപുരോഹിതനീശോയെ, കാക്കണമേ നിൻ വൈദികരെ…’