ദൈവം കടാക്ഷിക്കുന്നവർ

ആരെയാണ് ദൈവം  കടാക്ഷിക്കുന്നത്? അഥവാ ആരുടെ പ്രാർഥനയാണു ദൈവം  കേൾക്കുന്നത്?  വിശുദ്ധഗ്രന്ഥം  നൽകുന്ന ഉത്തരം  എളിമയുള്ളവർക്കാണു  ദൈവത്തിൻറെ അനുഗ്രഹം  ലഭിക്കുക എന്നതാണ്. ലോകത്തിൽ ഏറ്റവുമധികം  ദൈവാനുഗ്രഹം ലഭിച്ച വ്യക്തിയും സാക്ഷ്യപ്പെടുത്തുന്നതു  തൻറെ എളിമയാണ് അതിനു കാരണമെന്നാണ്. ‘അവിടുന്ന് തൻറെ ദാസിയുടെ താഴ്മയെ  കടാക്ഷിച്ചു’ ( ലൂക്കാ 1:48) എന്നാണല്ലോ  പരിശുദ്ധ അമ്മ പറഞ്ഞത്. 

ഏശയ്യാ പ്രവാചകനും പറയുന്നത്  അതുതന്നെയാണ്. ‘ ആത്മാവിൽ എളിമയും അനുതാപവും ഉണ്ടായിരിക്കുകയും എൻറെ  വചനം കേൾക്കുമ്പോൾ  വിറയ്ക്കുകയും ചെയ്യുന്നവനെയാണു ഞാൻ കടാക്ഷിക്കുക’ (ഏശയ്യാ 66:2). ജെറമിയ  അതു മറ്റൊരുവിധത്തിൽ അവതരിപ്പിക്കുന്നുണ്ട്. ‘ അഹങ്കാരീ, ഞാൻ നിനക്കെതിരാണെന്നു സൈന്യങ്ങളുടെ  ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു’ (ജെറ. 50:31). തന്നെത്താൻ ഉയർത്തുന്നതിൻറെ മറ്റൊരു പേരാണല്ലോ അഹങ്കാരം. തന്നത്താൻ  ഉയർത്തുന്നവൻ താഴ്ത്തപ്പെടും എന്നും തന്നത്താൻ താഴ്ത്തുന്നവൻ ഉയർത്തപ്പെടും എന്നും പറഞ്ഞുകൊണ്ടു  കർത്താവും ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ദൈവത്തെക്കാൾ ഉപരി തന്നെത്തന്നെ ഉയർത്താൻ ശ്രമിച്ച ഒരാളെക്കുറിച്ച് ഏശയ്യാ പ്രവാചകൻ എഴുതിയിട്ടുണ്ട്.  ‘നീ തന്നത്താൻ  പറഞ്ഞു; ഞാൻ സ്വർഗ്ഗത്തിലേക്കു  കയറും.  ഉന്നതത്തിൽ ദൈവത്തിൻറെ നക്ഷത്രങ്ങൾക്കുപരി എൻറെ സിംഹാസനം ഞാൻ സ്ഥാപിക്കും. ഉത്തരദിക്കിൻറെ അതിർത്തിയിലെ സമാഗമപർവതത്തിൻറെ മുകളിൽ ഞാൻ ഇരിക്കും. ഉന്നതമായ മേഘങ്ങൾക്കു മീതെ ഞാൻ കയറും.  ഞാൻ അത്യുന്നതനെപ്പോലെ ആകും’ ( ഏശയ്യാ 14:13-14). എന്നാൽ അവൻ പാതാളത്തിൻറെ അഗാധഗർത്തത്തിലേക്കു തള്ളിയിടപ്പെട്ടിരിക്കുന്നു എന്നാണു  പ്രവാചകനു ദൈവം വെളിപ്പെടുത്തിക്കൊടുത്തത് .

ദൈവത്തിൻറെ സിംഹാസനത്തിനും മുകളിൽ  തങ്ങളുടെ കൂടാരം സ്ഥാപിക്കാൻ ശ്രമിച്ച  മൂന്നുപേരെ ഇപ്രകാരം  ഒരു അഗാധഗർത്തത്തിലേക്ക് എറിയുന്നതിനെപ്പറ്റി  യോഹന്നാൻ  ശ്ലീഹായും എഴുതിയിട്ടുണ്ട്. ‘ അവരെ വഴിതെറ്റിക്കുന്ന പിശാചാകട്ടെ, മൃഗവും വ്യാജപ്രവാചകനും വസിച്ചിരുന്ന ഗന്ധകാഗ്നിത്തടാകത്തിലേക്ക് എറിയപ്പെട്ടു. അവിടെ രാപകൽ നിത്യകാലത്തേക്ക് അവർ പീഡിപ്പിക്കപ്പെടും’ (വെളി. 20:10).  തന്നെത്തന്നെ ഉയർത്തുകയും സകല ദേവന്മാർക്കും ഉപരിയായി സ്വയം മഹത്വപ്പെടുത്തുകയും ദേവന്മാർക്കും  ദൈവമായവനെതിരെ ഭീകരദൂഷണം പറയുകയും ചെയ്യുന്ന  ഒരുവനെക്കുറിച്ച് ദാനിയേലും പ്രവചിച്ചിട്ടുണ്ട് (ദാനി  11:36).  അവൻറെ വിധിയും വ്യത്യസ്തമായിരുന്നില്ല.

അഹങ്കാരം ദൈവത്തിനെതിരെയുള്ള പാപമാണ്.  അഹങ്കരിക്കുന്നവരെ ഭരിക്കുന്ന അരൂപി ദൈവത്തിനെതിരെ പ്രവർത്തിക്കുന്ന അതേ  അരൂപി തന്നെയാണ്.  ആദിമുതൽ സജീവമായിരുന്നതും അവസാനകാലങ്ങളിൽ  കൂടുതൽ ശക്തിയാർജ്ജിക്കുന്നതുമായ അഹങ്കാരം എന്ന പാപവുമായി ബന്ധപ്പെടുത്തിയാണു   സഭ എതിർക്രിസ്തുവിനെക്കുറിച്ചു  പഠിപ്പിക്കുന്നത് എന്നറിയുമ്പോൾ   അഹങ്കാരം നമ്മെ ദൈവത്തിൽ നിന്ന് എത്രയധികം അകറ്റുമെന്നു  നാം  മനസ്സിലാക്കിയിരിക്കണം. ‘മതപരമായ പരമവഞ്ചന എതിർക്രിസ്തുവിൻറേതായിരിക്കും. മനുഷ്യൻ ദൈവത്തിൻറെയും മാംസം ധരിച്ചുവന്ന അവിടുത്തെ മിശിഹായുടെയും സ്ഥാനത്തു   തന്നെത്തന്നെ മഹത്വപ്പെടുത്തുന്ന മിഥ്യയായ മിശിഹാവാദമാണ്  അത്’ ( CCC  675).

ദൈവത്തിൻറെ സ്ഥാനത്തു  തന്നെത്തന്നെ മഹത്വപ്പെടുത്തുക എന്നത് അഹങ്കാരത്തിൻറെ അങ്ങേയറ്റമാണ്. യുഗാന്ത്യത്തെക്കുറിച്ചു  പഠിപ്പിക്കുമ്പോൾ പൗലോസ് ശ്ലീഹായും പറയുന്നത്‌   അഹങ്കാരം കൊണ്ടു  ദൈവത്തെപ്പോലും വെല്ലുവിളിക്കുന്ന മനുഷ്യൻ    ആ നാളുകളിൽ ലോകത്തിൽ പ്രത്യക്ഷപ്പെടും എന്നാണ്.  ‘നാശത്തിൻറെ സന്താനമായ  അരാജകത്വത്തിൻറെ  മനുഷ്യൻ’ എന്നു  വിശുദ്ധഗ്രന്ഥം പരിചയപ്പെടുത്തുന്ന ഈ വ്യക്തി ‘ദൈവമെന്നു വിളിക്കപ്പെടുന്നതോ ആരാധനാവിഷയമായിരിക്കുന്നതോ  ആയ എല്ലാറ്റിനെറ്റും  എതിർക്കുകയും അവയ്ക്കുപരി തന്നെത്തന്നെ  പ്രതിഷ്ഠിക്കുകയും ചെയ്യും. അതുവഴി, താൻ  ദൈവമാണെന്നു  പ്രഖ്യാപിച്ചുകൊണ്ട് അവൻ ദൈവത്തിൻറെ ആലയത്തിൽ സ്ഥാനം പിടിക്കും’  (2 തെസ. 2:4). അഹങ്കാരത്തിൻറെയും ദൈവദൂഷണത്തിൻറെയും അരൂപി ദൈവത്തിൻറെ ആലയത്തിൽപ്പോലും സ്ഥാനം പിടിക്കും എന്ന തിരുവചനം  നാം വേണ്ടവിധം മനസ്സിലാക്കിയിട്ടുണ്ടോ എന്നു  സംശയമാണ്.

ദൈവം അഹങ്കാരിയുടെ പ്രാർഥന  കേൾക്കുന്നില്ല.  എപ്പോഴാണു  നമ്മുടെപ്രാർഥന കേൾക്കപ്പെടുന്നത് എന്നതിനു  ദാനിയേലിൻറെ പുസ്തകത്തിൽ നിന്നു  നമുക്കു  കിട്ടുന്ന മറുപടി ഇതാണ്. ‘ശരിയായി അറിയുന്നതിനു  നീ നിൻറെ ദൈവത്തിൻറെ മുൻപിൽ നിന്നെത്തന്നെ എളിമപ്പെടുത്താൻ തുടങ്ങിയ ദിവസം മുതൽ  നിൻറെ പ്രാർത്ഥന കേൾക്കപ്പെട്ടിരിക്കുന്നു’ ( ദാനി. 10:12).   അപ്രകാരം സ്വയം എളിമപ്പെടുത്തിക്കൊണ്ട് പ്രാർഥിക്കുന്നവർക്കായുള്ള കർത്താവിൻറെ വാഗ്ദാനം ഇതാണ്.  ‘നിങ്ങൾ എന്നിൽ വസിക്കുകയും എൻറെ വാക്കുകൾ  നിങ്ങളിൽ  നിലനിൽക്കുകയൂം ചെയ്യുന്നെങ്കിൽ ഇഷ്ടമുള്ളതു ചോദിച്ചുകൊള്ളുക; നിങ്ങൾക്കു  ലഭിക്കും’ ( യോഹ 15:7). ശതാധിപനും കാനാൻകാരി  സ്ത്രീയും ഒക്കെ പ്രാർഥിച്ചത് അങ്ങനെയാണല്ലോ.

നമുക്കു പ്രാർഥിക്കാം; ഹൃദയശാന്തതയും എളിമയുമുള്ള ഈശോയെ, ഞങ്ങളുടെ ഹൃദയം അങ്ങയുടെ തിരുഹൃദയത്തിന് ഒത്തതാക്കിയരുളണമേ. ദൈവതിരുമുൻപിൽ  എളിമപ്പെട്ടു പ്രാർഥിക്കാനുള്ള കൃപ ഞങ്ങൾക്കു  തരണമേ.ആമേൻ,