സ്തുതിക്കാനായി ജനിച്ചവർ

ഒരു ക്രിസ്ത്യാനിയുടെ  ജീവിതത്തിലെ  പരമപ്രധാനമായ കടമ  കർത്താവായ ദൈവത്തെ സ്തുതിക്കുക എന്നതാണ്.  ഹൃദയം തുറന്നു സ്തുതിക്കാനുള്ള കൃപയാണ് ഏറ്റവും വലിയ കൃപയെന്ന് ആത്മീയ ആചാര്യന്മാർ നമുക്കു  പറഞ്ഞുതരുന്നുണ്ട്. 

എന്തുകൊണ്ടാണ് നാം ദൈവത്തെ സ്തുതിക്കേണ്ടത് എന്നതിന് പത്രോസ് ശ്ലീഹാ തരുന്ന മറുപടി നാം  ദൈവത്തെ സ്തുതിക്കാനായി വേർതിരിക്കപ്പെട്ട ഒരു ജനമാണ് എന്നതാണ്. ‘എന്നാൽ നിങ്ങൾ  തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിൻറെ സ്വന്തം ജനവുമാണ്.  അതിനാൽ, അന്ധകാരത്തിൽ നിന്നു തൻറെ അത്ഭുതകരമായ പ്രകാശത്തിലേക്കു  നിങ്ങളെ വിളിച്ചവൻറെ നന്മകൾ പ്രകീർത്തിക്കണം’ (1 പത്രോസ് 2:9).

 തെരഞ്ഞെടുക്കപ്പെട്ട വംശമായ ഇസ്രായേലിനു ദൈവം കൊടുത്ത ആദ്യത്തെ കല്പന  തന്നെ   ദൈവത്തെ സ്തുതിച്ച് ആരാധിക്കേണ്ടതിൻറെ പ്രാധാന്യത്തെ ഉയർത്തിക്കാട്ടുന്നു. ഇസ്രായേലിൽ നിന്നു  തന്നെ  പിന്നെയും വേർതിരിക്കപ്പെട്ട ലേവ്യപുരോഹിതഗണത്തിനാകട്ടെ ദൈവാരാധനയും സ്തുതിയും  ദൈവാലയശുശ്രൂഷകളും അല്ലാതെ മറ്റൊരു കടമയും ഉണ്ടായിരുന്നില്ല.  അവർക്ക്  ഇസ്രായേൽക്കാരുടെ ഇടയിൽ സ്വത്തവകാശം പോലും കൊടുക്കാതെ ദൈവം മാറ്റിനിർത്തിയത്   അവർ അവിഭക്തഹൃദയത്തോടെ  പ്രഭാതം മുതൽ പ്രദോഷം വരെ  തനിക്കായി സ്തുതികൾ ഉയർത്തുന്നതിനു  വേണ്ടിയായിരുന്നു.   ‘ഹൃദയത്തിൻറെയും  കണ്ണുകളുടെയും ചായ്‌വ്  അനുസരിച്ചു യഥേഷ്ടം ചരിക്കാനുള്ള പ്രവണതയെ  പിഞ്ചെല്ലാതെ  ദൈവത്തിൻറെ കല്പനകൾ ഓർത്ത് അനുഷ്ഠിക്കുകയും  ദൈവത്തിൻറെ മുൻപിൽ വിശുദ്ധരായിരിക്കുകയും ചെയ്യുന്ന ഒരു ജനതയെയാണ്  (സംഖ്യ 15:39-40) കർത്താവ് തന്നെ സ്തുതിക്കാനായി വിളിച്ചത്.   ആ ജനതയെയാണ് ദൈവം സ്വന്തം ജനമായി വേർതിരിച്ചു വിശുദ്ധീകരിച്ചതും. ‘നിങ്ങളുടെ ദൈവമായ  കർത്താവിനു നിങ്ങൾ വിശുദ്ധജനമാണ്. ഭൂമുഖത്തുള്ള എല്ലാ ജനതകളിലും നിന്നു  തൻറെ  സ്വന്തം ജനമാകേണ്ടതിന്  അവിടുന്ന് നിങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നു (നിയമാ  7:6).

‘തൻറെ  മുമ്പാകെ  സ്നേഹത്തിൽ പരിശുദ്ധരും  നിഷ്കളങ്കരുമായിരിക്കുവാൻ ലോകസ്ഥാപനത്തിനു മുൻപുതന്നെ ദൈവം നമ്മെ ക്രിസ്തുവിൽ തെരഞ്ഞെടുത്തു’ (എഫേ  1:4) എന്നു  പറഞ്ഞുകൊണ്ട്  എങ്ങനെയാണു  പുതിയ  ഇസ്രയേലായ നമ്മെ   ദൈവം  തെരഞ്ഞെടുക്കുകയും രാജകീയപുരോഹിതഗണമായി  അഭിഷേകം ചെയ്യുകയും വിശുദ്ധജനതയും ദൈവത്തിൻറെ സ്വന്തം ജനവുമായി വേർതിരിക്കുകയും ചെയ്തതെന്നു   പൗലോസ് ശ്ലീഹാ  പഠിപ്പിക്കുന്നു.  ആകയാൽ  ‘സ്വർഗീയമായ എല്ലാ ആത്മീയവരങ്ങളാലും  ക്രിസ്തുവിൽ  നമ്മെ അനുഗ്രഹിച്ചവനും കർത്താവായ യേശുക്രിസ്തുവിൻറെ പിതാവുമായ ദൈവത്തെ  (എഫേ  1: 3) നമുക്കു സ്തുതിച്ചാരാധിക്കാം.

 ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ