ആബേലിൻറെ രക്‌തം

ഭൂമിയിൽ ആദ്യമായി ചൊരിയപ്പെട്ട  രക്‌തം ഒരു മൃഗത്തിൻറേതായിരുന്നു.  അതാകട്ടെ  ആദത്തിൻറെയും ഹവ്വയുടെയും നഗ്നത മറയ്ക്കാനുള്ള ഉടയാട ഉണ്ടാക്കാൻ വേണ്ടി  [ ഉൽ 3:21] ബലികൊടുക്കപ്പെട്ട ഒരു സാധു മൃഗമായിരുന്നു.

 എന്നാൽ ഭൂമിയിൽ ആദ്യമായി വീണ മനുഷ്യരക്തം  ആബേലിൻറേതായിരുന്നു.  അതിനു കാരണക്കാരനായതോ  അവൻറെ ജ്യേഷ്ഠൻ കായേനും.കർത്താവിൻറെ ഉപദേശം സ്വീകരിക്കാതെ കറുത്ത മുഖവുമായി  പുറത്തേക്കിറങ്ങിയ  കായേനെക്കാത്ത്  പാപം വാതിൽക്കൽ തന്നെ പതിയിരിപ്പുണ്ടായിരുന്നു. അത് അവനിൽ താത്പര്യം വച്ചിട്ടു കാലമേറെയായിരുന്നു താനും  [ഉൽ 4:7]. 

ആബേലിൻറെ രക്തത്തെക്കുറിച്ച് യേശുവും ഒരിക്കൽ പരാമർശിക്കുന്നുണ്ട്.  അതാകട്ടെ അത്ര സുഖകരമായ ഒരു സന്ദർഭത്തിലായിരുന്നില്ല താനും.   ‘അങ്ങനെ നിരപരാധനായ ആബേലിൻറെ രക്‌തം മുതൽ  ദൈവാലയത്തിനും ബലിപീഠത്തിനും മധ്യേ വച്ചു  നിങ്ങൾ വധിച്ച  ബറാക്കിയയുടെ പുത്രനായ  സഖറിയായുടെ രക്തം വരെ, ഭൂമിയിൽ ചൊരിയപ്പെട്ട എല്ലാ നീതിമാന്മാരുടെയും രക്‌തം നിങ്ങളുടെ മേൽ പതിക്കും. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഇവയെല്ലാം ഈ തലമുറയ്ക്കു സംഭവിക്കുക തന്നെ ചെയ്യും’  മത്തായി  [23:35-36]. 

അങ്ങനെ കർത്താവ് നേരിട്ടു  മുന്നറിയിപ്പ് നൽകിയ ആ തലമുറയും   കായേനെപ്പോലെ തന്നെ ആ മുന്നറിയിപ്പ് തള്ളിക്കളഞ്ഞു. എന്നു  മാത്രമല്ല ആബേലിൻറേതിനെക്കാൾ ശ്രേഷ്ഠമായ ആ രക്തം തങ്ങളുടെ  മേൽ വീണുകൊള്ളട്ടെ എന്ന് അവർ തന്നെ പറയുകയും ചെയ്‌തു. ‘അവൻറെ രക്തം ഞങ്ങളുടെ മേലും  ഞങ്ങളുടെ  സന്തതികളുടെ മേലും  ആയിക്കൊള്ളട്ടെ  [മത്തായി  27:25].  തങ്ങൾ ചെയ്യുന്നതെന്തെന്ന് അവർ അറിഞ്ഞിരുന്നില്ല. ആ രക്തത്തിൻറെ ശ്രേഷ്ഠത അറിഞ്ഞിരുന്നുവെങ്കിൽ അവർ അതു ചെയ്യില്ലായിരുന്നു എന്നതു നിശ്ചയം. അതുവരെ അവർ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും ശ്രേഷ്ഠമായ രക്തം ആബേലിൻറേ തായിരുന്നുവല്ലോ. 

എന്നാൽ  നാം  ആ രക്തത്തിൻറെ ശ്രേഷ്ഠത അറിയുന്നു. കാരണം  ‘നമ്മൾ വന്നിരിക്കുന്നത് …….പുതിയ ഉടമ്പടിയുടെ  മധ്യസ്ഥനായ യേശുവിൻറെ സവിധത്തിലേക്കും ആബേലിൻറെ രക്തത്തെക്കാൾ  ശ്രേഷ്ഠമായവ വാഗ്ദാനം ചെയ്യുന്ന തളിക്കപ്പെട്ട രക്തത്തിലേക്കുമാണല്ലോ’  [ഹെബ്രാ 12:24]. നാം അത് അറിയുന്നതു കൊണ്ടു  നമുക്ക് ഒഴികഴിവില്ല.  കാരണം ‘ഭൂമിയിൽ തങ്ങൾക്കു  മുന്നറിയിപ്പു നൽകിയവനെ  നിരസിച്ചവർ രക്ഷപെട്ടില്ലെങ്കിൽ, സ്വർഗത്തിൽ നിന്നു നമ്മോടു സംസാരിച്ചവനെ നാം തിരസ്കരിച്ചാൽ രക്ഷപ്പെടുക കൂടുതൽ പ്രയാസമാണ്’ [ഹെബ്രാ   [12:25]. കായേനു മുന്നറിയിപ്പു കൊടുത്തത് ദൈവം നേരിട്ടായിരുന്നു. യഹൂദർക്കു മുന്നറിയിപ്പു കൊടുത്തതോ ദൈവപുത്രനായ യേശുവും.

സത്യത്തിൽ കായേൻ ആബേലിനെ വധിച്ചത് ആബേലിൻറെ ബലി ദൈവം സ്വീകരിക്കുകയും തൻറെ ബലി  തിരസ്കരിക്കുകയും ചെയ്തതുകൊണ്ടാണ്.   ആബേലിൻറെ ബലി എങ്ങനെയാണ് കായേൻറെതിനേക്കാൾ ശ്രേഷ്ഠമായതെന്ന് ഹെബ്രായലേഖകൻ പറയുന്നുണ്ട്.  ‘വിശ്വാസം മൂലം  ആബേൽ കായേൻറെതിനേക്കാൾ ശ്രേഷ്ഠമായ ബലി ദൈവത്തിനു സമർപ്പിച്ചു. അതിനാൽ അവൻ നീതിമാനായി പരിഗണിക്കപ്പെട്ടു’  [ഹെബ്രാ. 11:4] . ആ വിശ്വാസം ഇല്ലാതെ  പോയതുകൊണ്ടാണ് കായേൻറെ ബലി അസ്വീകാര്യമായത്. ‘വിശ്വാസത്തിൽ നിന്നല്ലാതെ ഉത്ഭവിക്കുന്നത് എന്തും പാപമാണല്ലോ’ [ റോമാ 14:23] 

ആബേൽ മുതൽ ബറാക്കിയയുടെ പുത്രനായ സഖറിയ  വരെയുള്ള നീതിമാന്മാരുടെ രക്തത്തിന് കണക്കുകൊടുത്തതിനു ശേഷമാണ്  കർത്താവ് പ്രവചിച്ച ആ തലമുറ  കടന്നുപോയത്. എന്നാൽ ഇന്നും ഭൂമിയിൽ നിഷ്കളങ്കരക്‌തം ചൊരിയപ്പെടുന്നു. ആ രക്‌തം ഇന്നത്തെ   തലമുറയുടെ മേൽ പതിക്കാതിരിക്കുമോ? അമ്മയുടെ ഉദരത്തിൽ വച്ചു കൊലചെയ്യപ്പെടുന്ന കുഞ്ഞുങ്ങൾ  മുതൽ  ഇന്നും  ചൊരിയപ്പെടുന്ന നിഷ്കളങ്കരക്തത്തിനു  കണക്കില്ല. 

നിൻറെ കൈയിൽ നിന്നു നിൻറെ സഹോദരൻറെ രക്തം കുടിക്കാൻ വായ് പിളർന്ന ഭൂമിയിൽ നീ ശപിക്കപ്പെട്ടവനായിരിക്കുമെന്നും  കൃഷി ചെയ്യുമ്പോൾ  മണ്ണു ഫലം തരില്ല എന്നും  കൊലപാതകി ഭൂമിയിൽ അലഞ്ഞുനടക്കേണ്ടിവരും എന്നും  കൂടി കർത്താവ് പറഞ്ഞുവച്ചിട്ടുണ്ട്. അതെല്ലാം നമ്മുടെ കൺമുൻപിൽ സംഭവിക്കുമ്പോഴും  അതിൻറെ കാരണം  സഹോദരൻറെ രക്തം മണ്ണിൽ നിന്ന് ദൈവത്തെ വിളിച്ചു കരയുന്നതാണെന്നു മനസിലാക്കാതെ ഈ തലമുറ  മുന്നോട്ടുപോകുന്നു. അവർക്ക് തിരിച്ചുവരാനുള്ള ഒരേയൊരു വഴി ആബേലിൻറെതിനേക്കാൾ  ശ്രേഷ്ഠമായ യേശുക്രിസ്തുവിൻറെ രക്തത്തിൽ ശരണപ്പെടുക എന്നതാണ്. അതിനുള്ള കൃപ നമ്മുടെ തലമുറയ്ക്കു ലഭിക്കാനായി പ്രാർഥിക്കാം.