പരിശുദ്ധ അമ്മയുടെ ലൂർദ്ദിലെ പ്രത്യക്ഷീകരണം.

ആധുനിക കാലഘട്ടത്തിലെ പ്രധാനപ്പെട്ട മരിയൻ പ്രത്യക്ഷീകരണങ്ങളിൽ  രണ്ടാമത്തേതാണ്  ഫ്രാൻസിലെ ലൂർദ്ദിലേത്.  (ഫ്രാൻസിലെ തന്നെ   ലാസലേറ്റിൽ 1846ൽ മാതാവു പ്രത്യക്ഷപ്പെട്ടിരുന്നു). ഫ്രാൻസിൻറെ തെക്കുവശത്തു  സ്പെയിനിൻ്റെ അതിർത്തിയോടു ചേർന്നു  സ്ഥിതിചെയ്യുന്ന ലൂർദ്ദ്   പട്ടണത്തിൻറെ പ്രാന്തപ്രദേശത്തുള്ള മാസാബിയെല്ലെ   ( Massabielle) എന്ന ഗ്രാമത്തിൽ വച്ച് പരിശുദ്ധ അമ്മയുടെ ദർശനം ലഭിക്കുമ്പോൾ  ബർണദീത്തയ്ക്ക് പതിനാലു വയസു മാത്രമായിരുന്നു പ്രായം.  1858  ഫെബ്രുവരി 11 ന്  സഹോദരിയോടും സുഹൃത്തിനോടുമൊപ്പം വിറകുപെറുക്കാൻ പോയപ്പോഴാണ്  അമ്മ ആദ്യമായി അവക്ക് പ്രത്യക്ഷപ്പെട്ടത്. തുടർന്ന്   ജൂലൈ 16  വരെയുള്ള  അഞ്ചു മാസക്കാലം    സംഭവബഹുലമായിരുന്നു.

പരിശുദ്ധ അമ്മയുടെ ആദ്യ  ദർശനം ലഭിച്ചപ്പോൾ   ബർണദീത്ത  കുരിശുവരയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തന്നോടൊപ്പം ജപമാല ചൊല്ലാൻ പറഞ്ഞതിനുശേഷം  മാതാവ് അപ്രത്യക്ഷയായപ്പോൾ  ബർണദീത്ത ആ കാര്യം രഹസ്യമായി വയ്ക്കാൻ  ആഗ്രഹിച്ചു.  എന്നാൽ  അവളുടെ സഹോദരി സംഭവിച്ചതെല്ലാം വീട്ടിൽ ചെന്നു പറഞ്ഞു. മാതാപിതാക്കൾ അതു  വിശ്വസിച്ചില്ല എന്നു  മാത്രമല്ല  അതിൻറെ പേരിൽ ബെർണദീത്തയ്ക്ക്  അടികൊള്ളുകയും ചെയ്തു.

രണ്ടാമത്തെ ദർശനം ഫെബ്രുവരി 14  നായിരുന്നു.  തനിക്കു പ്രത്യക്ഷപ്പെട്ടത് മാതാവുതന്നെയാണോ അതോ പിശാചു  തന്നെ കബളിപ്പിക്കുകയാണോ എന്നുറപ്പുവരുത്താനായി അന്ന് അവൾ ഹന്നാൻ വെള്ളവും കൈയിൽ കരുതിയിരുന്നു. ഹന്നാൻ വെള്ളം തളിച്ചപ്പോൾ പുഞ്ചിരി തൂകിക്കൊണ്ടുനിന്ന അമ്മയുടെ രൂപം, ദർശനം സത്യമാണെന്ന് അവളെ ബോധ്യപ്പെടുത്തി.

 ആദ്യത്തെ ഏഴു  ദർശനങ്ങളിലും  ബെർണദീത്തയുടെ മുഖം  പ്രസന്നവും സന്തോഷപൂർണ്ണവുമായി മറ്റുള്ളവർക്ക് കാണപ്പെട്ടുവെങ്കിൽ    തുടർന്നുള്ള നാലു  ദർശനങ്ങളിൽ അവളുടെ മുഖഭാവം  വ്യത്യസ്തമായിരുന്നു എന്നു  മാത്രമല്ല അപ്പോൾ അവൾ ചെയ്ത പല കാര്യങ്ങളും മറ്റുള്ളവർക്ക് അന്ന് ഉൾക്കൊള്ളാൻ കഴിയുന്നവയായിരുന്നില്ല. പലപ്പോഴും അവൾ  ഗ്രോട്ടോയുടെ പിൻവശത്തേയ്ക്കു  മുട്ടിലിഴഞ്ഞു പോകുകയും  കയ്പുള്ള സസ്യങ്ങളുടെ ഇലകൾ  പറിച്ചുതിന്നുകയും  ചെളി നിറഞ്ഞ നിലം ചുംബിക്കുകയും   തൻറെ മുഖത്തു  ചെളി വാരിത്തേയ്ക്കുകയും ചെയ്തിരുന്നു.  ബർണദീത്ത എന്തുകൊണ്ട് അങ്ങനെയൊക്കെ ചെയ്തു എന്നു  മനസ്സിലാക്കണമെങ്കിൽ ലൂർദ്ദിലെ സന്ദേശത്തിൻറെ  സാരാംശം എന്തായിരുന്നു എന്നു  ചിന്തിച്ചാൽ മതി.  ബർണദീത്തയോടു  മാതാവ് എന്താണു  പറഞ്ഞതെന്നു ചോദിച്ചപ്പോൾ അവൾ പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു.  ” പരിഹാരം ചെയ്യുക, പാപികൾക്കുവേണ്ടി പ്രാർത്ഥിക്കുക’ 

പാപികളുടെ മാനസാന്തരത്തിനായി  പ്രാർത്ഥനയും  പരിഹാരവും  ചെയ്യണമെന്ന ആഹ്വാനം പല തവണ ആവർത്തിച്ച അമ്മ ഈ ലോകത്തിൽ ബർണദീത്തയ്ക്കു  സന്തോഷം ലഭിച്ചില്ലെങ്കിലും   വരാനിരിക്കുന്ന ലോകത്തിൽ അവൾ ആനന്ദിക്കും എന്ന ഉറപ്പും നൽകി. താൻ നിന്നിരുന്നതിനടുത്ത് ഒരു സ്ഥലം ചൂണ്ടിക്കാട്ടി അവിടെ  കൈ കൊണ്ട് കുഴിക്കാനും അവിടെ നിന്നു  വരുന്ന വെള്ളം കുടിക്കാനും  അമ്മ അവളോടു  പറഞ്ഞു.  ബെർണദീത്ത ആ  നിർദേശം  അതേപടി അനുസരിച്ചപ്പോൾ അവിടെ ഒരു നീരുറവ തെളിഞ്ഞുവന്നു. തുടക്കത്തിൽ കലങ്ങിയ വെള്ളം ആണു  വന്നിരുന്നതെങ്കിലും പതുക്കെപ്പതുക്കെ അതു  തെളിഞ്ഞുവന്നു.  ഒന്നര നൂറ്റാണ്ടിനിപ്പുറവും  ആ നീരുറവ വറ്റിയിട്ടില്ല എന്നു  മാത്രമല്ല ആ ജലത്തിന്  അസാധാരണമായ സൗഖ്യശക്തിയുള്ളതായി  ആയിരങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.  

സഭ ഈ പ്രത്യക്ഷീകരണത്തിൻറെ കാര്യത്തിൽ തുടക്കത്തിൽ വലിയ താല്പര്യമൊന്നും കാണിച്ചില്ല.   എന്നാൽ ലൂർദ്ദലെ മേയർക്ക്  ഈ  വാർത്ത സന്തോഷകരമായിരുന്നു. രോഗസൗഖ്യം നൽകാൻ കഴിവുള്ള ഒരു നീരുറവ തൻറെ ചെറുപട്ടണത്തിൻറെ ടൂറിസം സാധ്യതകളെ  സഹായിക്കും എന്ന വിശ്വാസത്തിൽ ആ  മനുഷ്യൻ   ലൂർദ്ദിലെ വെള്ളത്തെ ശാസ്ത്രീയ പരീക്ഷണങ്ങൾക്കു     വിധേയമാക്കിയിരുന്നു.

എന്നാൽ  ഉയർന്ന സർക്കാർ അധികാരികൾ    ഈ പ്രത്യക്ഷീകരണത്തെ എതിർക്കുകയും   മാതാവ് പ്രത്യക്ഷപ്പെട്ട ഗ്രോട്ടോയിലേക്കുള്ള പ്രവേശനം നിരോധിക്കുകയും ചെയ്തു  എങ്കിലും  അനേകം വിശ്വാസികൾ ലൂർദിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരുന്നു.  അവരുടെ സമ്മർദ്ദത്തെത്തുടർന്ന് നെപ്പോളിയൻ മൂന്നാമൻ ചക്രവർത്തി  ലൂർദ്ദ്  വീണ്ടും  ജനങ്ങൾക്കായി തുറന്നുകൊടുത്തു.

മാർച്ച് 25  ൻറെ ദർശനത്തിലാണ് ‘ ഞാൻ അമലോത്ഭവമാണ്’  എന്നു  മാതാവ് പ്രഖ്യാപിച്ചത്. ഏപ്രിൽ ഏഴാം തിയതി, ഈസ്റ്റർ ദിനത്തിൽ  നടന്ന പ്രത്യക്ഷീകരണത്തിനു സാക്ഷിയായിരുന്ന  ഒരു ഡോക്ടർ  പ്രസ്താവിച്ചത്, പ്രത്യക്ഷീകരണത്തിൻറെ സമയമത്രയും  കത്തുന്ന ഒരു മെഴുകുതിരി   ബെർണദീത്തയുടെ കൈപ്പത്തിയുടെ തൊട്ടുതാഴെ  വച്ചിരുന്നെങ്കിലും അവൾക്കു ചൂട് അനുഭവപ്പെടുന്നതിൻറെ  യാതൊരു ലക്ഷണവും ഉണ്ടായിരുന്നില്ല എന്നാണ്. എന്നാൽ  പ്രത്യക്ഷീകരണം അവസാനിച്ച അതേ  നിമിഷത്തിൽ തന്നെ അവൾ  ചൂടു  സഹിക്കാൻ വയ്യാതെ കൈ പിൻവലിച്ചു എന്നും ഡോക്ടർ സാക്ഷ്യപ്പെടുത്തി. 

മാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലത്തു ജനങ്ങൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ടപ്പോൾ  അതിൽ ഇടപെടാതിരുന്ന  സഭയ്ക്ക് ക്രമേണ അതിൽ ഇടപെടാതിരിക്കാൻ  സാധിക്കാത്ത അവസ്ഥ വന്നു. കാരണം  അപ്പോഴേക്കും ആയിരക്കണക്കിന് ജനങ്ങൾ   സന്ദർശിക്കുന്ന തീർത്ഥാടനകേന്ദ്രമായി  ലൂർദ്ദ്  മാറിയിരുന്നു. രൂപതാധ്യക്ഷൻ 1858 നവംബറിൽ  പ്രത്യക്ഷീകരണത്തെക്കുറിച്ചു  പഠിക്കാൻ ഒരു കമ്മീഷനെ നിയമിക്കുകയും  കമ്മീഷൻ്റെ ശക്തമായ അനുകൂലാഭിപ്രായത്തിൻറെ അടിസ്ഥാനത്തിൽ  1862  ജനുവരിയിൽ  പ്രത്യക്ഷീകരണത്തെ അംഗീകരിക്കുകയും ചെയ്തു.

ഇന്ന് ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ  ആളുകൾ സന്ദർശിക്കുന്ന ഒരു മരിയൻ തീർത്ഥാടനകേന്ദ്രമാണ് ലൂർദ്ദ് .  ഏതാണ്ടെല്ലാ മാർപ്പാപ്പാമാരും ലൂർദ്ദ് സന്ദർശിച്ചിട്ടുണ്ട്. ഒരു വർഷം ഇവിടെയെത്തുന്ന  തീർത്ഥാടകരുടെ എണ്ണം അൻപതുലക്ഷത്തിനടുത്താണെന്നാണ് ഒരു ഏകദേശകണക്ക്. ലൂർദ്ദ്  മാതാവ് പാപികളുടെ മാനസാന്തരത്തിൻറെയും  രോഗസൗഖ്യത്തിൻറെയും  മധ്യസ്ഥയായി  നിലകൊള്ളുന്നു.

കേരളത്തിൽ  ലൂർദ് മാതാവിൻറെ  പേരിലുള്ള അനേകം ദൈവാലയങ്ങളുണ്ട്. തൃശൂരിലെ ലൂർദ് മാതാ കത്തീഡ്രൽ,  വയനാട്ടിലെ പള്ളിക്കുന്നിലുള്ള ലൂർദ് മാതാവിൻറെ തീർത്ഥാടനകേന്ദ്രം  എന്നിവ പ്രസിദ്ധമാണ്. 

ദൈവാലയങ്ങളിൽ വിശ്വാസികൾക്കു പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കുകയും കുമ്പസാരവും കുർബാനയുമടക്കമുള്ള കൂദാശകൾ   ലഭ്യമല്ലാതാവുകയും  ചെയ്തിരിക്കുന്ന ഈ നാളുകളിൽ ലൂർദ്ദിലെ സന്ദേശങ്ങൾ കൂടുതൽ പ്രസക്തമാണ്.  അമ്മ ഏറ്റവും കൂടുതൽ ഊന്നൽ കൊടുത്ത ഒരു കാര്യം   പാപികളുടെ മാനസാന്തരമായിരുന്നല്ലോ. നമുക്കും ആ നിയോഗത്തോടെ മാതാവിനോടു പ്രാർത്ഥിക്കാം.

പ്രാർത്ഥനയോടൊപ്പം പരിഹാരപ്രവൃത്തികൾ ചെയ്യാനുള്ള നമ്മുടെ കടമ മറക്കാതിരിക്കുകയും ചെയ്യാം.

ലൂർദ് മാതാവിനോടുള്ള പ്രാർത്ഥന 

———————————————–

നിത്യകന്യകയും അമലോത്ഭവയുമായ  പരിശുദ്ധ  മറിയമേ,  കരുണയുടെ മാതാവേ, രോഗികളുടെ ആരോഗ്യമേ, പാപികളുടെ സങ്കേതമേ, പീഡിതരുടെ ആശ്വാസമേ, എൻറെ  ദുരിതങ്ങളും സഹനങ്ങളും  ആവശ്യങ്ങളും  അങ്ങ് അറിയുന്നുവല്ലോ. എന്നെ കരുണയോടെ വീക്ഷിക്കണമേ. ലൂർദിലെ  ഗ്രോട്ടോയിൽ  പ്രത്യക്ഷപ്പെട്ടപ്പോൾ അങ്ങ്  ആ സ്ഥലത്തെ, അങ്ങയുടെ കൃപകൾ വർഷിക്കാനുള്ള  അനുഗ്രഹീത സങ്കേതമായി മാറ്റി. വേദനയനുഭവിക്കുന്ന അനേകർക്ക്  അവരുടെ  ആത്മീയവും  ശാരീരികവും ആയ രോഗങ്ങൾക്കുള്ള  പ്രതിവിധി അവിടെനിന്നു  ലഭിക്കുകയും ചെയ്തു.

ഇതാ,  ഞാൻ നിസ്സീമമായ മനോശരണത്തോടെ  അങ്ങയുടെ മാതൃസഹായവും മാധ്യസ്ഥവും അപേക്ഷിക്കാനായി അങ്ങേപ്പക്കൽ  അണയുന്നു. എത്രയും  സ്നേഹമുള്ള അമ്മേ,  അങ്ങയുടെ പുത്രനും ഞങ്ങളുടെ രക്ഷകനുമായ യേശുക്രിസ്തു വഴിയായി എൻറെ ഈ യാചന സാധിച്ചുതരണമേ.  അങ്ങയുടെ പുണ്യങ്ങൾ  അനുകരിക്കാൻ  പരിശ്രമിക്കുന്നതാണ് എന്നു ഞാൻ  വാഗ്ദാനം ചെയ്യുന്നു.  അതുവഴിയായി നിത്യതയിൽ അങ്ങയോടൊപ്പമായിരിക്കാനുള്ള അനുഗ്രഹം എനിക്കു ലഭിക്കുമാറാകട്ടെ. ആമേൻ,