ഗ്വാഡലൂപ്പയിലെ അമ്മ

വർഷം 1325. സ്‌പെയിനിലെ ഒരു ചെറുഗ്രാമത്തിലെ  ഒരു കർഷകനു  പ്രത്യക്ഷപ്പെട്ട പരിശുദ്ധ അമ്മ  ഇപ്രകാരം പറഞ്ഞു. “പോയി വൈദികരെ   വിളിച്ചുകൊണ്ടുവന്നു   ഒരു രൂപം കണ്ടെടുക്കുവാനായി   നിൻറെ വയലിൽ കുഴിക്കുവാൻ  പറയുക”. അപ്രകാരം ചെയ്തപ്പോൾ  ആ വയലിൽ നിന്നു  പരിശുദ്ധ അമ്മയുടെ ഒരു രൂപം  അവർക്കു ലഭിച്ചു.  അവിടെ അവർ  ഒരു  ചാപ്പൽ പണിതു  മാതാവിനു പ്രതിഷ്ഠിച്ചു.  പാരമ്പര്യം  പറയുന്നതനുസരിച്ച് ഈ രൂപം  സുവിശേഷകനായ വി. ലൂക്കാ  കൊത്തിയെടുത്തതാണ്.  ഗ്രിഗറി ഒന്നാമൻ പാപ്പ അതു   വിശുദ്ധ ലിയാണ്ടറിനു സമ്മാനിച്ചു എന്നും പിന്നീടൊരിക്കൽ  ആ രൂപം സൂക്ഷിച്ചിരുന്ന സന്യാസിമാർ  ഒരു യുദ്ധകാലത്തു   പലായനം ചെയ്യുന്നതിനിടയിൽ  അത്  ഈ വയലിൽ നഷ്ടപ്പെട്ടതായിരുന്നു എന്നും വിശ്വസിക്കപ്പെടുന്നു. സ്‌പെയിനിൽ മാതാവു പ്രത്യക്ഷപ്പെട്ട  കൊച്ചുഗ്രാമത്തിൻറെ പേര്  ഗ്വാഡലൂപ്പ എന്നായിരുന്നു.

രണ്ടു നൂറ്റാണ്ടിനിപ്പുറം  ലാറ്റിൻ അമേരിക്കയിൽ ഇപ്പോഴത്തെ മെക്സിക്കോ സിറ്റിയ്ക്ക് അടുത്തുള്ള  ഒരു  മലഞ്ചരിവിൽ  മാതാവു  വീണ്ടും പ്രത്യക്ഷപ്പെട്ടു.  ‘പുതിയ ലോകം’ എന്നു  യൂറോപ്യന്മാർ വിളിച്ച അമേരിക്കയിലെ ക്രൈസ്തവ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണു  മെക്സിക്കോയിലെ  ഗ്വാഡലൂപ്പയിൽ സംഭവിച്ച  പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണം. പതിനഞ്ചാം നൂറ്റാണ്ടിൻറെ അവസാനവർഷങ്ങളിൽ ആരംഭിച്ചു   പതിനാറാം നൂറ്റാണ്ടിൽ ശക്തമായ     അമേരിക്കൻ ഭൂഖണ്ഡത്തിലെ സ്പാനിഷ്  സ്വാധീനമാണ് അവിടുത്തെ ജനങ്ങൾക്കു  ക്രിസ്തുവിനെ അറിയാൻ ഇടയാക്കിയത്. തങ്ങളുടെ പ്രാകൃതമതാചാരങ്ങളിൽ  പരിചയപ്പെട്ടിരുന്ന  ഭയപ്പെടേണ്ട  ദൈവത്തിനു പകരം  തങ്ങളെ സ്നേഹിക്കുകയും തങ്ങൾ സ്നേഹിക്കുകയും ചെയ്യുന്ന സത്യദൈവത്തെ    അവർ അങ്ങനെ     പരിചയപ്പെട്ടു.  

1531 ഡിസംബർ ഒൻപതാം തിയതിയാണു  ജുവാൻ ഡിയേഗോ  എന്ന നാട്ടിൻപുറത്തുകാരനു   മെക്സിക്കോ നഗരത്തിൻറെ പ്രാന്തപ്രദേശത്തുള്ള Tepeyac  മലഞ്ചരിവിൽ   വച്ച്  അതീവസുന്ദരിയായ ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ടത്. ജുവാൻ ഡിയേഗോ ക്രിസ്തീയവിശ്വാസം സ്വീകരിച്ചിട്ട് ഏതാനും വർഷങ്ങൾ മാത്രമേ അപ്പോൾ ആയിരുന്നുള്ളൂ.  ഒരു ശബ്ദം കേട്ടു  തിരിഞ്ഞുനോക്കിയ ജുവാനോട് ആ സ്ത്രീ  താൻ   സത്യദൈവത്തിൻറെ മാതാവാണെന്നു  വെളിപ്പെടുത്തി.   ദൈവം, ദൈവത്തിൻറെ മാതാവ് എന്നിവയൊക്ക ജുവാനു  മനസിലാക്കാൻ   കഴിയുന്ന കാര്യങ്ങളായിരുന്നു. കാരണം അദ്ദേഹം  ഉൾപ്പെട്ട ആസ്ടെക്ക് ജനത തങ്ങളുടെ ഗോത്രദൈവത്തിനു പുറമെ ദൈവത്തിൻറെ ന്നു  അമ്മയെയും  ആരാധിച്ചിരുന്നു.  എന്നു  മാത്രമല്ല Tepeyac  മലയിൽ ജുവാനു ച്ചു  ദർശനം ലഭിച്ച സ്ഥലം   ആസ്ടെക്ക് വിശ്വാസമനുസരിച്ച്  വളരെ പവിത്രമായി കരുതപ്പെട്ടിരുന്ന ഒരു സ്ഥലമായിരുന്നു താനും.

പരിശുദ്ധ അമ്മ ജുവാനോട്  ഇപ്രകാരം പറഞ്ഞു. ‘ഇവിടെ  എനിക്കായി ഒരു ദൈവാലയം പണിയണമെന്ന് ബിഷപ്പിനോട് പറയുക’. എന്നാൽ ഒരു  പാവം കൃഷിക്കാരനായ ജുവാനു    ബിഷപ്പിനെ കാണാനുള്ള അനുമതി കിട്ടുക എന്നതു  ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.  പിറ്റേന്നു  മലഞ്ചരുവിൽ ചെന്ന  ജുവാന്   അമ്മ വീണ്ടും പ്രത്യക്ഷപ്പെട്ടു. ബിഷപ്പിനെ കാണാൻ കഴിഞ്ഞില്ല എന്ന കാര്യം അറിയിച്ചപ്പോൾ  വീണ്ടും പോയി ബിഷപ്പിനെ കാണാനായിരുന്നു അമ്മ പറഞ്ഞത്. അതനുസരിച്ച ചെന്ന  ജുവാനു  ബിഷപ്പ് സന്ദർശനസമയം അനുവദിച്ചെങ്കിലും അദ്ദേഹം പറഞ്ഞ കാര്യങ്ങളൊന്നും ബിഷപ്പിനു വിശ്വസിക്കാൻ കഴിഞ്ഞില്ല. നിരാശനായ ജുവാൻ തിരിച്ചുചെന്ന്  അമ്മയോടു വിവരം പറഞ്ഞപ്പോൾ വിഷമിക്കേണ്ടെന്നും  പിറ്റേന്നു വീണ്ടും വരികയാണെങ്കിൽ താൻ ബിഷപ്പിനെ ബോധ്യപ്പെടുത്താനായി ഒരു അടയാളം  നൽകുന്നതാണെന്നും പറഞ്ഞു.  എന്നാൽ പിറ്റേന്ന്  ജൂവാൻറെ  അമ്മാവൻ  പെട്ടെന്നു  രോഗബാധിതനായതിനാൽ  അദ്ദേഹത്തിനു  

Tepeyac ൽ പോകാൻ കഴിഞ്ഞില്ല.  അതിനടുത്ത ദിവസം  ( ഡിസംബർ  പന്ത്രണ്ടാം തിയതി)  അമ്മയെ കാണാൻ ചെന്ന ജുവാനോട്  അമ്മ പറഞ്ഞത്, ഭയപ്പെടേണ്ട എന്നും  അമ്മാവൻറെ   രോഗം സുഖപ്പെടുമെന്നും മലമുകളിലേക്കു പോയി  അവിടെ  കാണുന്ന പൂക്കൾ പറിച്ചു  ബിഷപ്പിനു കൊടുക്കണം  എന്നും  ആയിരുന്നു.  

അതനുസരിച്ചു  മലമുകളിലേക്കു പോയ ജുവാനെ അത്ഭുതപ്പെടുത്തിക്കൊണ്ട്  ഡിസംബർ മാസത്തിൽ അവിടെ  ഒരിക്കലും  കാണാൻ സാധിക്കാത്ത ഒരു പിടി പൂക്കൾ ആണ്  അദ്ദേഹത്തിനു ലഭിച്ചത്. ആ പൂക്കൾ   തൻറെ പുറങ്കുപ്പായത്തിൽ (Tilma)  പൊതിഞ്ഞുകൊണ്ടുപോയ ജുവാൻ   അതു  ബിഷപ്പിൻറെ മുൻപിൽ കുടഞ്ഞിട്ടപ്പോൾ  അത്ഭുതപരതന്ത്രനായ ബിഷപ്പിന്  വിശ്വസിക്കാതിരിക്കാൻ കഴിയുമായിരുന്നില്ല. എന്നാൽ അതിനേക്കാളും അവരെ അത്ഭുതപ്പെടുത്തിയത്  പൂക്കൾ  പൊതിഞ്ഞുകൊണ്ടുവന്ന Tilma യിൽ മാതാവിൻറെ രൂപം അത്ഭുതകരമായി പതിഞ്ഞിരുന്നു എന്നതാണ്.  490  വർഷങ്ങൾക്കുശേഷം ഇന്നും ജുവാൻറെ  പുറങ്കുപ്പായത്തിൽ പതിഞ്ഞ പരിശുദ്ധ കന്യകയുടെ ചിത്രത്തിനു മങ്ങലേറ്റിട്ടില്ല, തുണി കീറിപ്പോയിട്ടുമില്ല.  

ഇക്കാലമത്രയും മെഴുകുതിരിയുടെ  ചൂടും  പുകയും   തട്ടിയിട്ടും ചിത്രത്തിനു  കേടുപാടുകളില്ല. പലപ്രാവശ്യം  വെള്ളം നനഞ്ഞെങ്കിലും  ആ രൂപം  അതേപടി നിലനിൽക്കുന്നു.  1921 ൽ  സഭാവിരോധികൾ   ഈ രൂപത്തിനടുത്തു  സ്ഥാപിച്ച ഒരു  ബോംബ് പൊട്ടി  അവിടെ നിന്നിരുന്ന ഒരു കുരിശു  ചരിയുകയും  അതിനടുത്തുള്ള  കൈവരികൾ  തകരുകയും ചെയ്തുവെങ്കിലും   പരിശുദ്ധ അമ്മയുടെ രൂപവും അത് ആലേഖനം ചെയ്യപ്പെട്ട തുണിയും  യാതൊരു  കേടുപാടുകളൂം കൂടാതെ സംരക്ഷിക്കപ്പെട്ടു!

1970 കളിലാണ്  ഈ അത്ഭുതരൂപത്തെക്കുറിച്ചുള്ള ശാസ്ത്രീയപരീക്ഷണങ്ങൾ  ആരംഭിച്ചത്.   എങ്ങനെയാണു  പരിശുദ്ധ അമ്മയുടെ രൂപം  ഒരു തുണിക്കഷണത്തിൽ പതിഞ്ഞതെന്നോ ഒരു കൃഷിക്കാരൻറെ  പഴംകുപ്പായം അഞ്ചുനൂറ്റാണ്ടായിട്ടും ജീർണ്ണിക്കാതിരിക്കാൻ കാരണമെന്താണെന്നും  ശാസ്ത്രത്തിന്  ഇന്നും  കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല.

ബിഷപ്പിനെ സന്ദർശിച്ചതിനുശേഷം വീട്ടിൽ തിരിച്ചെത്തിയ ജുവാൻ കണ്ടതു  രോഗബാധിതനായിരുന്ന തൻറെ  അമ്മാവൻ പൂർണ ആരോഗ്യവാനായി  ഇരിക്കുന്നതാണ്. ഗ്വാഡലൂപ്പയിലെ പ്രത്യക്ഷീകരണത്തിൻറെ വാർത്തകൾ   വളരെ പെട്ടെന്നുതന്നെ എല്ലായിടത്തും പരന്നു.  തുടർന്നുള്ള കാലഘട്ടം മെക്സിക്കോയിലും അമേരിക്കൻ ഭൂഖണ്ഡത്തെയിലെല്ലായിടത്തും തന്നെ ക്രൈസ്തവവിശ്വാസം  പെട്ടെന്നു പ്രചരിച്ചു.  മാതാവിൻറെ പ്രത്യക്ഷീകരണത്തിനുശേഷമുള്ള ആറുവർഷങ്ങൾക്കുള്ളിൽ അറുപതുലക്ഷം പേർ  ക്രിസ്തീയവിശ്വാസം സ്വീകരിച്ചു  എന്നാണ് ഒരു ഏകദേശ കണക്ക്.

ഗ്വാഡലൂപ്പയിലെ   മാതാവിൻറെ  പ്രത്യക്ഷീകരണത്തിൻറെ  വിവരണങ്ങൾ  അക്കാലത്തുതന്നെ അന്തോണിയോ   വലേറിയാനോ  എന്ന തദ്ദേശീയൻ എഴുതി സൂക്ഷിച്ചിരുന്നു എന്നു  പറയപ്പെടുന്നു. എന്നാൽ അതിൻറെ  മൂലരൂപം ഇപ്പോൾ ലഭ്യമല്ല.  1648 ൽ  മിഗുവേൽ  സാഞ്ചസ് എന്ന വൈദികൻ എഴുതിയ ഗ്രന്ഥത്തിൽ നിന്നാണ്   ഗ്വാഡലൂപ്പയിലെ പ്രത്യക്ഷീകരണങ്ങളുടെ  വിവരങ്ങൾ നമുക്ക് ആധികാരികമായി ലഭിക്കുന്നത്. തൊട്ടടുത്ത വർഷം  ലൂയിസ് ലാസോ ദേ ലാ വേഗ  എന്ന വൈദികനും അമ്മയുടെ   പ്രത്യക്ഷീകരണത്തെക്കുറിച്ചു  രേഖപ്പെടുത്തിയിരുന്നു. 

ഇന്നു   ലോകത്തിൽ തന്നെ ഏറ്റവുമധികം   തീർത്ഥാടകർ വന്നുചേരുന്ന ഇടങ്ങളിൽ ഒന്നാണു  ഗ്വാഡലൂപ്പ.  ഇനി സ്‌പെയിനിലെ  ഗ്വാഡലൂപ്പയും  മെക്സിക്കോയിലെ ഗ്വാഡലൂപ്പയും തമ്മിലുള്ള ബന്ധത്തെപ്പറ്റി പറയാം.  മലമുകളിൽ കണ്ട സുന്ദരിയായ  സ്ത്രീ തന്നെത്തന്നെ  പരിചയപ്പെടുത്തിയതു  ‘സത്യദൈവത്തിൻറെ മാതാവ്’  എന്നു  പറഞ്ഞുകൊണ്ടായിരുന്നല്ലോ.  ആ പ്രദേശത്തെ സംസാരഭാഷയായ  Nahuatl ൽ ആണ് അമ്മ സംസാരിച്ചത്. അമ്മ പറഞ്ഞ കാര്യങ്ങൾ  ബിഷപ്പിനെ അറിയിച്ചപ്പോൾ ജുവാൻ  ‘കോട്ട് ലല്ലൊപ്പെ’ (Coatlalloppe) എന്നു  പറഞ്ഞതിനെ  സ്പാനിഷ് സംസാരിക്കുന്നവർ ‘ഗ്വാഡലൂപ്പ’ എന്നു  മനസിലാക്കിയതുകൊണ്ടാണു  മെക്സിക്കോയിലെ  മരിയൻ പ്ര്യതീക്ഷീകരണത്തിനു  ആ  പേരു വരാൻ കാരണം എന്നു   പറയപ്പെടുന്നു.  കാരണം ദൈവമാതാവായ പരിശുദ്ധ അമ്മയും തങ്ങളുടെ ജന്മദേശത്തുള്ള  ഗ്വാഡലൂപ്പയും തമ്മിലുള്ള ബന്ധം രണ്ടു നൂറ്റാണ്ടുകൊണ്ട് അവരുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നുവല്ലോ.  

എന്നാൽ കോട്ട് ലല്ലൊപ്പെ’ (Coatlalloppe) എന്നതു  പരിശുദ്ധ കന്യകയുമായി അഭേദ്യമായ ബന്ധമുള്ള ഒരു വാക്കാണ് എന്നതും മറക്കാൻ പാടില്ല.   Nahuatl ഭാഷയിൽ അതിൻറെ അർഥം ‘സർപ്പങ്ങളുടെ മേൽ ചവിട്ടിനടക്കുന്നവൾ’ എന്നാണ്.  ദുഷ്ടജന്തുവും പഴയ സർപ്പവുമായ സാത്താനെ തൻറെ കാൽക്കീഴിൽ ചവിട്ടിമെതിക്കുന്ന പരിശുദ്ധകന്യക  (ഉൽ  3:15) ജുവാനു   പ്രത്യക്ഷപ്പെട്ട ദേശം നരബലി അടക്കമുള്ള അനേകം മ്ലേച്ഛതകൽ കൊണ്ടു  ദുർമൂർത്തികളെ പ്രീതിപ്പെടുത്തിയിരുന്ന സ്ഥലമായിരുന്നു.  പിശാചിൻറെ സാമ്രാജ്യത്തിന് അന്ത്യം കുറിക്കാനും തൻറെ പുത്രൻറെ സ്നേഹസാമ്രാജ്യത്തിലേക്ക്  അവരെ കൊണ്ടുവരാനും  വേണ്ടിയായിരുന്നു അമ്മ  മെക്സിക്കോയിൽ പ്രത്യക്ഷപ്പെട്ടത്.   

 അജ്ഞതയിലും  ദുരാചാരങ്ങളിലും  മുങ്ങിക്കിടക്കുന്ന തൻറെ മക്കളെ മാതൃസഹജമായ സ്നേഹത്തോടെ  വീണ്ടെടുക്കുന്ന അമ്മയായിട്ടാണു  ഗ്വാഡലൂപ്പയിൽ പരിശുദ്ധ കന്യക പ്രത്യക്ഷപ്പെട്ടത്.   മാതൃത്വത്തിൻറെയും, ജീവൻറെയും, പുതുജനനത്തിൻറെയും  പുതിയ ലോകത്തിൻറെയും സന്ദേശമാണു   ഗ്വാഡലൂപ്പയിലെ അമ്മ നമുക്കു  തരുന്നത്. ദുർവൃത്തികളിൽ നിന്നും  അബദ്ധപഠനങ്ങളിൽ  നിന്നും  ദൈവാരാധനയുടെ പേരിൽ നടക്കുന്ന മ്ലേച്ഛതകളിൽ നിന്നും  തൻറെ മക്കളെ  മോചിപ്പിക്കാൻ  അമ്മ ആഗ്രഹിക്കുന്നു. 

ഗ്വാഡലൂപ്പയിൽ അമ്മ പ്രത്യക്ഷപ്പെട്ടതു   ഗർഭിണിയായ ഒരു സ്ത്രീയുടെ രൂപത്തിലാണ്.   ലോകമെമ്പാടുമുള്ള  പ്രോ ലൈഫ് പ്രസ്ഥാനങ്ങളുടെ മധ്യസ്ഥയായിരിക്കാൻ നൂറ്റാണ്ടുകൾക്കുമുൻപേ സ്വർഗം തെരഞ്ഞെടുത്ത  പരിശുദ്ധകന്യകയോടു നമുക്കു പ്രാർത്ഥിക്കാം.

‘ഗ്വാഡലൂപ്പയിലെ  കന്യകേ, അജാതശിശുക്കളുടെ സംരക്ഷകയേ, ഗർഭച്ഛിദ്രത്തിലൂടെ വധിക്കപ്പെടാൻ സാധ്യതയുള്ള  എല്ലാ കുഞ്ഞുങ്ങൾക്കായും അങ്ങയുടെ മാധ്യസ്ഥം ഞങ്ങൾ യാചിക്കുന്നു. ദൈവത്തിൽ നിന്നുള്ള അമൂല്യസമ്മാനമായ തങ്ങളുടെ  കുഞ്ഞിൻറെ  ജീവനെ സ്വാഗതം ചെയ്യാൻ  മാതാപിതാക്കളെ സഹായിക്കണമേ.  ആ ദൈവികസമ്മാനത്തെ  ഗർഭച്ഛിദ്രത്തിലൂടെ നഷ്ടപ്പെടുത്തിയ  മാതാപിതാക്കളെ  ആശ്വസിപ്പിക്കുകയും  അങ്ങയുടെ പുത്രൻറെ  ദിവ്യകരുണയിലൂടെ അവരെ  പാപമോചനത്തിലേക്കും സൗഖ്യത്തിലേക്കും നയിക്കുകയും ചെയ്യണമേ.

ദൈവം  തിരികെ വിളിക്കുന്ന നിമിഷം വരെ  ഞങ്ങളുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും  വിലമതിക്കാനും ഒരിക്കലും അവരെ ഒരു ഭാരമായി   കാണാതിരിക്കാനും ഞങ്ങളെ പഠിപ്പിക്കണമേ. നീതിയുക്തമായ നിയമങ്ങളിലൂടെ ഓരോ മനുഷ്യജീവനും  സംരക്ഷിക്കപ്പെടാനായി  ഞങ്ങളുടെ ഭരണാധികാരികൾക്കു   മാർഗനിർദേശം നൽകണമേ. ഞങ്ങളുടെ  വിശ്വാസത്തെ    പൊതുജീവിതത്തിലേക്കു കൊണ്ടുവരാനും   ശബ്ദമില്ലാത്തവർക്കുവേണ്ടി ശബ്ദിക്കാനും ഞങ്ങളെ പ്രചോദിപ്പിക്കണമേ. 

സ്നേഹവും കരുണയും തന്നെയായ അങ്ങയുടെ പുത്രൻ യേശുക്രിസ്തുവിൻറെ നാമത്തിൽ തന്നെ  ഞങ്ങൾ ഇവയെല്ലാം അപേക്ഷിക്കുന്നു. ആമേൻ.’