അങ്ങയുടെ നാമം പൂജിതമാകണമേ

കർത്താവു തൻറെ ശിഷ്യന്മാരെ പഠിപ്പിച്ച പ്രാർഥനയുടെ ഒരു പ്രധാനഭാഗമാണ്, സ്വർഗ്ഗസ്ഥനായ പിതാവിൻറെ നാമം പൂജിതമാകണമെന്നത്.  പിതാവിൻറെ രാജ്യം വരണമെന്നതും അവിടുത്തെ തിരുഹിതം സ്വർഗ്ഗത്തിലെന്നതുപോലെ ഭൂമിയിലും നിറവേറണം എന്നുമുള്ള പ്രാർഥനകളിലൂടെ  പിതാവായ ദൈവത്തിനു മക്കളായ നാം കൊടുക്കേണ്ട മഹത്വവും ആരാധനയും  സ്തുതിയും പുകഴ്ചയും  എത്ര  വലുതായിരിക്കണം  എന്നു  യേശു  ചൂണ്ടിക്കാണിക്കുകയാണ്. ആദ്യന്തമില്ലാത്തവനും സാരാംശത്തിൽ ഏകനുമായ  ത്രിയേകദൈവത്തിൻറെ സ്തുതിയ്ക്കായി നാം പരിശുദ്ധ ത്രിത്വത്തിൻറെ തിരുനാൾ  ആചരിക്കുന്നുണ്ട്.  വചനമായി അവതരിച്ച ദൈവത്തിൻറെയും  സകലമനുഷ്യരുടേയും മേൽ  ഇറങ്ങിവന്ന്  അവരെ  പിതാവിൻറെ അടുക്കലേക്ക് നയിക്കുന്ന പരിശുദ്ധാത്മാവിൻറെയും സ്തുതിയ്ക്കായി  തിരുനാളുകൾ ഉണ്ടെങ്കിലും   പിതാവെന്ന നിലയിൽ ദൈവത്തെ ആരാധിക്കുന്ന ഒരു പ്രത്യേക തിരുനാൾ  സഭയിൽ ഇല്ല.

പിതാവായ ദൈവത്തോടു  സവിശേഷമായ ഭക്തി പ്രകടിപ്പിച്ചിരുന്ന ഒരു  ഇറ്റാലിയൻ കന്യാസ്ത്രീയ്ക്ക്    ഏതാണ്ടു  തൊണ്ണൂറു വർഷങ്ങൾക്കു മുൻപു  ലഭിച്ച സന്ദേശങ്ങളിൽ നിന്നാണ്  നാം ഇന്നറിയുന്ന തരത്തിൽ  പിതാവായ ദൈവത്തോടുള്ള ഭക്തി  രൂപപ്പെടുന്നത്. 1907 ൽ ഇറ്റലിയിലെ ബെർഗാമോ പ്രവിശ്യയിലെ  കാപ്രിയാറ്റൊ ഗെർവാസിയോ  എന്ന ചെറുപട്ടണത്തിലാണ്  എവുജെനിയാ  എലിസബെത്താ  റവാസിയോ  ജനിച്ചത്. മകൾക്കു  വലിയ  വിദ്യാഭ്യാസം നൽകാനുള്ള ചുറ്റുപാടൊന്നും ഗ്രാമീണരായ മാതാപിതാക്കൾക്ക് ഉണ്ടായിരുന്നില്ല.

 പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കുറച്ചുനാൾ ഒരു ഫാക്ടറിയിൽ ജോലി  ചെയ്ത അവൾ  പിന്നീട് ‘ ഔവർ ലേഡി ഓഫ് ദി അപ്പസ്തോൽസ്’ എന്ന സന്യാസഭയിൽ ചേർന്നു.  ഇരുപത്തഞ്ചു വയസായപ്പോൾ തന്നെ ആയിരത്തിനാനൂറോളം  അംഗങ്ങളുള്ള ആ സഭയുടെ  മദർ ജനറൽ ആയി  അവർ തെരഞ്ഞെടുക്കപ്പെട്ടു. സാധാരണഗതിയിൽ പ്രായവും പക്വതയും ഉള്ളവർക്കു  മാത്രം ലഭിക്കുന്ന ഈ സ്‌ഥാനത്തേക്കു  താരതമ്യേന ചെറുപ്പക്കാരിയായ ഒരു കന്യാസ്ത്രീയെ തെരഞ്ഞെടുക്കുന്നതിൽ കാനോനികമായ തടസ്സങ്ങൾ ഉണ്ടായേക്കും എന്നതിനാൽ  രൂപതാധികാരികൾ അതിനെപ്പറ്റി അന്വേഷണം നടത്തുക പോലും  ചെയ്തിരുന്നു.

എന്നാൽ  മദർ എവുജെനിയയെക്കൊണ്ട് വൻ കാര്യങ്ങൾ ചെയ്യാൻ ദൈവം പദ്ധതിയിട്ടിരുന്നു.  ആറു  വർഷത്തിനിടയിൽ  സ്‌കൂൾ, ആശുപത്രി,  ദൈവാലയങ്ങൾ  എന്നിങ്ങനെ ജനങ്ങൾക്ക് ഉപകാരപ്രദമായ അറുപത്തിയേഴു  സ്ഥാപനങ്ങൾ തുടങ്ങാൻ അവർക്കു കഴിഞ്ഞു.  അവയിൽ  ഏറിയ  പങ്കും സൗകര്യങ്ങളൊന്നുമില്ലാത്ത കുഗ്രാമങ്ങളിലായിരുന്നു. ഐവറി കോസ്റ്റിൽ അവർ സ്ഥാപിച്ച കുഷ്ഠരോഗചികിത്സാകേന്ദ്രത്തിൻറെ വലുപ്പം രണ്ടു ലക്ഷം  ചതുരശ്ര അടിയായിരുന്നു! കുഷ്ഠരോഗചികിത്സയ്ക്കു  മദർ എവുജെനിയ  ഒരു ചെടിയുടെ  സത്ത് ഉപയോഗിച്ചിരുന്നു. പിന്നീട്   ഈ ഔഷധത്തിൻറെ വിശദവിവരങ്ങൾ പാരീസിലെ  പാസ്ചർ ഇൻസ്റ്റിടുട്ടിനു കൈമാറുകയും അവർ അതുപയോഗിച്ചു  കുഷ്ഠരോഗത്തിനുള്ള ആധുനിക ഔഷധം വികസിപ്പിച്ചെടുക്കുകയും ചെയ്തു എന്നതു  ചരിത്രം.

1932 ജൂലൈ ഒന്നാം തിയതി , യേശുക്രിസ്തുവിൻറെ  അമൂല്യമായ തിരുരക്തത്തിൻറെ  തിരുനാൾ ദിവസം പിതാവായ ദൈവം മദർ  എവുജെനിയയോടു സംസാരിച്ചു.   അന്നും അതിനുശേഷവും ലഭിച്ച  സുദീർഘമായ  സന്ദേശങ്ങൾ   മദർ എഴുതി സൂക്ഷിച്ചിരുന്നു. മാർപ്പാപ്പയോടും   രൂപതാമെത്രാനോടും പറയേണ്ട സന്ദേശങ്ങളും അതിൽ ഉണ്ടായിരുന്നു. സന്ദേശങ്ങളുടെ രത്നച്ചുരുക്കം ഇതായിരുന്നു.

‘ ദൈവം  തൻറെ മക്കളെ   ഭയപ്പെടുത്തുന്ന വിധിയാളനല്ല, മറിച്ച്  അവരെ സ്നേഹിക്കുന്ന പിതാവാണ്.  തൻറെ സ്നേഹം  തിരിച്ചറിയാതെ അകന്നുപോകുന്ന ധൂർത്തപുത്രനെ കാത്തിരിക്കുന്ന സ്നേഹപിതാവാണ് അവിടുന്ന്.   മനുഷ്യരോടൊപ്പം  ആയിരിക്കുന്നതാണ് അവിടുത്തെ ഏറ്റവുമധികം സന്തോഷിപ്പിക്കുന്നത്. മിശിഹായെ വാഗ്ദാനം ചെയ്തതും  മിശിഹാ പീഡ സഹിച്ചു മരിച്ചതും    പിതാവിനു  നമ്മോടുള്ള സ്‌നേഹം കൊണ്ടാണ്.  തൻറെ മക്കളുടെ  ബലഹീനത ദൈവം നന്നായി അറിയുന്നു. അതുകൊണ്ടാണു  പാപത്തിൽ വീണുപോയാലും  തിരിച്ചുവരാനായി   കൂദാശകൾ നൽകിയിരിക്കുന്നത്. മനുഷ്യരുടെ  അനവധിയായ പാപങ്ങൾ അവരുടെ ചെറിയ സ്നേഹം കൊണ്ടു  ദൈവം  ക്ഷമിക്കും.വിശുദ്ധ കുരിശും പരിശുദ്ധ കുർബാനയും വഴിയാണു  പിതാവ് മക്കളുടെയിടയിലേക്കു വരുന്നത്.

നിങ്ങൾ പിതാവിൻറെ  സ്വന്തം ഛായയിൽ സൃഷ്ടിക്കപ്പെട്ടവരാണ് എന്നതു  മറന്നുപോകരുത്. പിതാവ്  പ്രത്യേകമാം വിധം അറിയപ്പെടുകയും സ്നേഹിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും  ചെയ്യേണ്ട സമയം  സമാഗതമായിരിക്കുന്നു. അനുതപിക്കുന്ന മക്കളെ നീതി കൊണ്ടല്ല, കരുണ   കൊണ്ടാണു  ഞാൻ  വിധിക്കുന്നത്. വിശ്വാസിയായാലും  അവിശ്വാസിയായാലും എല്ലാവരുടെയും  കൂടെ  ദൈവം എല്ലായ്‌പ്പോഴുമുണ്ട്. പുസ്തകങ്ങളിലും ചിത്രങ്ങളിലും കാണുന്ന പേടിപ്പിക്കുന്ന വൃദ്ധനല്ല ഞാൻ. 

(ഭയപ്പെടുത്തുന്ന വിധിയാളനാണു ദൈവം   എന്ന  ചിന്ത മാറ്റാൻ വേണ്ടിയായിരിക്കണം  അവിടുന്ന്  എവുജെനിയയ്ക്കു  ഒരു ചിത്രം  കാണിച്ചുകൊടുത്തു കൊണ്ട് ആ ചിത്രം എല്ലാ ഭവനങ്ങളിലും  ഒരു  പ്രധാനപ്പെട്ട സ്ഥലത്തു പ്രതിഷ്ഠിക്കപ്പെടണം എന്നു  നിർദേശിച്ചത്).

മാർപ്പാപ്പയ്ക്കു കൊടുക്കാനായി  പിതാവായ ദൈവം നൽകിയ സന്ദേശം ഇപ്രകാരമാണ്.  ‘അറിയപ്പെടാനും  സ്നേഹിക്കപ്പെടാനും പ്രത്യേകഭക്തിയാൽ സ്തുതിക്കപ്പെടാനും വേണ്ടി അസാധാരണമായതൊന്നും  ഞാൻ ആവശ്യപ്പെടുന്നില്ല. എനിക്കു  വേണ്ടത്  ഇത്രമാത്രം. ഒരു ദിവസം, ഒരു ഞായറാഴ്ച, എൻറെ ബഹുമാനത്തിനായി പ്രതിഷ്ഠിക്കപ്പെടണം. മുഴുവൻ മനുഷ്യരാശിയുടെയും പിതാവ് എന്ന  പ്രത്യേകാഭിധാനത്തിലായിരിക്കണം ഈ പ്രതിഷ്‌ഠ. ഈ തിരുനാളിനു   വിശേഷാൽ  ദിവ്യബലിയും ഒപ്പീസും വേണം. ഇതിനുവേണ്ട പ്രാർത്ഥനകൾ  വിശുദ്ധലിഖിതങ്ങളിൽ നിന്നു   കിട്ടാൻ പ്രയാസമില്ല. ഈ പ്രത്യേകഭക്തിയ്ക്കു  തെരഞ്ഞെടുക്കുന്നത്  ഒരു ഞായറാഴ്ചയാണെങ്കിൽ, അത്  ഓഗസ്ററിലെ  ഒന്നാമത്തെ  ഞായറാഴ്ച ആകുന്നതാണ് എനിക്കിഷ്ടം.  ഇടദിവസമാണെങ്കിൽ അത് എല്ലാ വർഷവും ഓഗസ്റ്റ് 7 ആയിരിക്കട്ടെ.  ഈ തിരുനാളിന്  എല്ലാ വൈദികരുടെയും പ്രോത്സാഹനം  വാഗ്ദാനം ചെയ്യണം.  

എല്ലാ ഭവനങ്ങളിലേക്കും സ്ഥാപനങ്ങളിലേക്കും  സെമിനാരികളിലേക്കും  സ്‌കൂളുകളിലേക്കും വൃദ്ധഭവനങ്ങളിലേക്കും നൊവീഷിയെറ്റുകളിലേക്കും എന്നെ കൊണ്ടുപോകണം (പിതാവായ  ദൈവത്തിൻറെ  ചിത്രം ആണ്  ഇവിടെ  ഉദ്ദേശിക്കുന്നത്). സാധാരണ ജോലികൾക്കു വിഘ്നം വരുത്താതെ തന്നെ  എല്ലാവരും എൻറെ ബഹുമാനാർത്ഥം   ചില ഭക്താഭ്യാസങ്ങൾ ചെയ്യണം’. ബിഷപ്പിനു നൽകാനുള്ള സന്ദേശത്തിൽ  പറയുന്നത്  എവുജെനിയയുടെ  കുമ്പസാരക്കാരനോടു  സഹകരിച്ചുകൊണ്ട്   ഈ ദൗത്യം വിജയിപ്പിക്കണം എന്നാണ്. 

തനിക്കു  പ്രത്യേകമായ വിധത്തിൽ നൽകുന്ന  ആരാധനയും സ്തുതിയും ഒരുവിധത്തിലും  തൻറെ പുത്രനു നൽകുന്ന ആരാധാസ്‌തുതികളുടെ മാറ്റുകുറയ്ക്കുന്നില്ല  എന്നും  അവിടുന്നു എവുജെനിയയോടു പറഞ്ഞു.  ‘ എൻറെ പുത്രൻ എന്നിലും ഞാൻ അവനിലുമുണ്ട്. ഞങ്ങൾ അന്യോന്യം കൈമാറുന്ന പരിശുദ്ധാത്മാവ് എന്ന സ്നേഹത്തിൽ ഞങ്ങൾ വസിക്കുന്നു’.  എൻറെ  പുത്രൻറെ ഹൃദയത്തിലൂടെ നിങ്ങളുടെ ഹൃദയത്തിലേക്കു  കൃപയുടെ ഒരരുവി കുതിച്ചൊഴുകാൻ ഞാൻ ഇടയാക്കും. ഞാൻ സ്നേഹത്തിൻറെ സാഗരമാണ്. സമയത്തിൻറെ ആരംഭത്തിൽ തന്നെ  തീരുമാനിക്കപ്പെട്ടിരുന്ന  കൃപാവരത്തിൻറെ കാലമാണിത്. ഇതാ ഞാൻ നിങ്ങളോടു നേരിട്ടു  സംസാരിക്കാനായി വന്നിരിക്കുന്നു. എൻറെ നാമം പൂജിതമാകണമേ എന്നും എൻറെ  രാജ്യം വരണമേ എന്നും നിങ്ങൾ പ്രാർഥിക്കുന്നുണ്ടെങ്കിലും അതു  യഥാർത്ഥത്തിൽ സംഭവിക്കുന്നുണ്ടോ?

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിയേക ദൈവത്തെ, പ്രത്യേകമാംവിധം  ബഹുമാനിക്കുന്ന ഒരു ഭക്തി തിരുസഭയിൽ ആരംഭിക്കേണ്ടത് ആവശ്യമായിരിക്കുന്നു. അതു  നിവർത്തിതമാകുന്നതുവരെ ഈ സമൂഹത്തിൽ  എന്തിൻറെയോ ഒരു കുറവ് അനുഭവപ്പെടും. നീതിമാന്മാർ കൂടുതൽ തീക്ഷ്ണമതികളാകട്ടെ. പാപികളുടെ മാനസാന്തരത്തിനു സുഗമമായ വഴികൾ ഉണ്ടാകണം. ആത്മാർത്ഥവും നിലനിൽക്കുന്നതുമായ  മാനസാന്തരത്തിലൂടെ ധൂർത്തപുത്രന്മാർ  പിതൃഭവനങ്ങളിലേക്കു മടങ്ങിവരണം. ഞാൻ മനുഷ്യകുലത്തിനു നൽകിയ പ്രമാണങ്ങൾ അനുസരിക്കപ്പെടണം. നിങ്ങൾ ദൈവമക്കളുടെ അന്തസിലേക്കു ഉയരണം. ദിവ്യകാരുണ്യത്തിൻറെ രൂപത്തിൽ  ഞാൻ നിങ്ങളുടെ  ഉള്ളിൽ ആയിരിക്കുമ്പോൾ  എനിക്കുള്ളവയെല്ലാം വളരെ എളുപ്പത്തിൽ നിങ്ങൾക്കു  നല്കാൻ  എനിക്കു  കഴിയും.

മദർ എവുജെനിയയ്ക്ക്  ഒട്ടും അറിഞ്ഞുകൂടാത്ത ലത്തീൻ ഭാഷയിലായിരുന്നു  ഈ സന്ദേശങ്ങൾ എല്ലാം ലഭിച്ചത് എന്നതായിരുന്നു ഏറെ അത്ഭുതകരം. ഈ സന്ദേശങ്ങളുടെ  വിശ്വാസ്യതയെക്കുറിച്ച് അന്വേഷിക്കുന്നതിനായി  ഗ്രെനോബിൾ രൂപതയുടെ മെത്രാനായിരുന്ന   അലക്‌സാണ്ടർ കെയ് ലോട്ട്    ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചു. ദൈവശാസ്ത്രത്തിലും  തത്വശാസ്ത്രത്തിലും നിപുണരായ  മൂന്നു വൈദികരും  ഒരു മനശാസ്ത്രജ്ഞനും ഒരു മെഡിക്കൽ ഡോക്ടറും അടങ്ങുന്ന ഈ സംഘം ഒന്നും രണ്ടുമല്ല നീണ്ട പത്തു വർഷമാണു    റിപ്പോർട്ട് സമർപ്പിക്കാൻ എടുത്തത്. അവസാനം  ഈ സന്ദേശങ്ങൾ പ്രകൃത്യാതീതവും  ദൈവികവുമായ ഇടപെടൽ കൊണ്ടാണെന്ന്  രൂപതാമെത്രാൻ അംഗീകരിച്ചു.

 1945 ൽ   ഈ സന്ദേശങ്ങൾക്കു  സഭയുടെ ഔദ്യോഗിക അംഗീകാരം നൽകുന്ന വേളയിൽ ബിഷപ്പ് അലക്സാണ്ടർ  കെയ്  ലോട്ട്  താൻ  നിയമിച്ച വിദഗ്ധ സമിതിയെക്കുറിച്ച് ഇപ്രകാരമാണ്  രേഖപ്പെടുത്തിയത്.  ‘ആദ്യമൊക്കെ വിരോധവും, പിന്നെ അവിശ്വാസവും, ഒടുവിൽ സന്ദേഹവും കൊണ്ട് വിധിതീർപ്പ്  ഇവർ ഏറെ നാളത്തേക്കു  നീട്ടിക്കൊണ്ടുപോയി. അതും എടുത്തുപറയേണ്ട കാര്യമാണ്. എല്ലാ വിധ വിയോജിപ്പുകളും പ്രകടിപ്പിച്ചതിനും 

കന്യാസ്ത്രീയെ കടുത്ത പരീക്ഷകൾക്ക് വിധേയയാക്കിയതിനും ശേഷം, സാവകാശം ഇവർക്ക് എല്ലാം ബോധ്യമാവുകയായിരുന്നു’.  അതുതന്നെയാണ് മദർ എവുജെനിയയ്ക്കു ലഭിച്ച സന്ദേശങ്ങളുടെ ആധികാരികതയ്ക്കുള്ള തെളിവും.

ഇന്നു  ദൈവപിതാവിനോടുള്ള പ്രത്യേകഭക്തി  അനുഷ്‌ഠിക്കുന്ന അനേകരുണ്ട്. സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ദൈവപിതാവിൻറെ തിരുനാൾ ആയിരിക്കണം  എന്നു  മദർ എവുജെനിയയ്ക്കു  വെളിപ്പെടുത്തിക്കൊടുത്ത ദിവസം അവർ ഭക്തിയോടെ ആചരിക്കുന്നു. അതിനും ഒൻപതു ദിവസങ്ങൾ മുൻപ് ഒരുക്ക  നൊവേന നടത്തുന്നു. അനേകർ  ദൈവപിതാവിനോടുള്ള ജപമാലയും ചൊല്ലുന്നുണ്ട്. 

ദൈവപിതാവിനോടുള്ള ജപമാല 

ഒന്നാം ദിവ്യരഹസ്യം : ഏദൻ തോട്ടത്തിൽ ആദത്തിൻറെയും ഹവ്വയുടെയും പാപത്തിനു ശേഷം, മിശിഹായുടെ  ആഗമനം   വാഗ്ദാനം ചെയ്ത  ദൈവപിതാവിൻറെ വിജയത്തെക്കുറിച്ച് ധ്യാനിക്കുക.

( 1  നന്മ.  10 സ്വർഗ. 1 ത്രിത്വ.)

രണ്ടാം ദിവ്യരഹസ്യം : മംഗളവാർത്തയുടെ സമയത്തു  പരിശുദ്ധകന്യകാമറിയം  ദൈവഹിതത്തിനു സമ്മതമറിയിച്ചപ്പോൾ ദൈവപിതാവിനുണ്ടായ  വിജയത്തെക്കുറിച്ച് ധ്യാനിക്കുക.

( 1  നന്മ.  10 സ്വർഗ. 1 ത്രിത്വ.)

മൂന്നാം ദിവ്യരഹസ്യം :  ഗെത് സമേൻ  തോട്ടത്തിൽ വച്ചു  ശക്തി മുഴുവൻ  പുത്രനു  കൊടുത്തപ്പോൾ ദൈവപിതാവിനുണ്ടായ  വിജയത്തെക്കുറിച്ച് ധ്യാനിക്കുക.

( 1  നന്മ.  10 സ്വർഗ. 1 ത്രിത്വ.)

നാലാം ദിവ്യരഹസ്യം : ഓരോ തനതുവിധിയുടെയും അവസരത്തിൽ ദൈവപിതാവിനുണ്ടാകുന്ന  വിജയത്തെക്കുറിച്ച് ധ്യാനിക്കുക.

( 1  നന്മ.  10 സ്വർഗ. 1 ത്രിത്വ.)

അഞ്ചാം ദിവ്യരഹസ്യം : പൊതുവിധിയുടെ വേളയിൽ ദൈവപിതാവിൻറെ വിജയത്തെക്കുറിച്ച് ധ്യാനിക്കുക.

( 1  നന്മ.  10 സ്വർഗ. 1 ത്രിത്വ.)

ഓരോ രഹസ്യത്തിനു ശേഷവും: 

‘ എൻറെ നല്ലപിതാവേ, എന്നെ  മുഴുവനായി അങ്ങേയ്ക്കു ഞാൻ സമർപ്പിക്കുന്നു. എൻറെ പ്രിയപ്പെട്ട കാവൽക്കാരാ, ആരെക്കുറിച്ചുള്ള  സ്നേഹമാണോ എന്നെ ഇവിടെ എത്തിച്ചിരിക്കുന്നത്, ആ  ദൈവത്തിൻറെ മാലാഖേ, ഇന്നുമുതൽ എൻറെയൊപ്പം ഉണ്ടാകണമെന്നും എന്നെ പ്രകാശിപ്പിക്കുകയും നയിക്കുകയും ഭരിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്നും  ഞാൻ അപേക്ഷിക്കുന്നു’

ദൈവഹിതത്തിനു നമ്മെത്തന്നെ പൂർണ്ണമായി സമർപ്പിച്ചുകൊണ്ടും വിശേഷമായ വിധത്തിൽ പിതാവായ ദൈവത്തോടുള്ള  ഭക്തി പ്രകടിപ്പിച്ചുകൊണ്ടും നമുക്കു  നമ്മെത്തന്നെ ദൈവപിതാവിനു സമർപ്പിക്കാം.

ദൈവപിതാവിനോടുള്ള പ്രതിഷ്ഠാജപം 

എൻറെ ഏറ്റവും പ്രിയപ്പെട്ട  സ്വർഗ്ഗപിതാവേ, എന്നെ മുഴുവനായി – ശരീരവും മനസും ആത്മാവും  – അങ്ങേയ്ക്കു ഞാൻ സമർപ്പിക്കുന്നു. എനിക്ക് ജീവൻ തന്നതിനും എനിക്കായി അങ്ങ് ചെയ്ത എല്ലാറ്റിനും ഞാൻ നന്ദി പറയുന്നു. ഞാൻ അങ്ങയോടുള്ള  വിശ്വസ്തത വാഗ്ദാനം ചെയ്യുകയും അങ്ങയുടെ തിരുവിഷ്ടത്തിന്  ‘ ഇതാ ഞാൻ ‘ എന്ന് മറുപടി പറയുകയുംചെയ്യുന്നു. മറിയം ഒരുക്കിയ, യേശു പ്രതിഷ്ഠിച്ച, പരിശുദ്ധാത്മാവ് പവിത്രമാക്കിയ ആലയമായ എന്നിൽ വസിക്കണമേ. ഞാൻ എന്നും എപ്പോഴും അങ്ങയോടൊത്തായിരിക്കട്ടെ. ആമേൻ 

ദൈവപിതാവിൻറെ  ലുത്തിനിയ 

സ്വർഗ്ഗസ്ഥനായ പിതാവായ ദൈവമേ   

                                      ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

പുത്രനും  ലോകരക്ഷകനുമായ  ദൈവമേ 

                                       ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

പരിശുദ്ധാത്മാവായ ദൈവമേ 

                                        ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

ഏകദൈവമായ പരിശുദ്ധ ത്രിത്വമേ 

                                        ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

ലോകസ്രഷ്ടാവായ പിതാവേ 

                                       ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

സമാധാനസ്ഥാപകനായ ദൈവമേ  

                                       ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

 അനന്തനന്മയായ പിതാവേ

                                      ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

ഔദാര്യനിധിയായ പിതാവേ 

                                       ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

 എല്ലാറ്റിൻറെയും  ആദികാരണമായ പിതാവേ  

                                       ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

ഏറ്റവും മാധുര്യമുള്ള പിതാവേ 

                                       ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

അനന്തകരുണയായ പിതാവേ 

                                      ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

ഞങ്ങളുടെ മഹത്വവും സൗഭാഗ്യവുമായ പിതാവേ  

                                       ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

സകലരുടെയും സമ്പത്തായ പിതാവേ 

                                       ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

എല്ലാ രാഷ്ട്രങ്ങളുടെയും വിജയമായ പിതാവേ 

                                        ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

സകല ക്രിസ്ത്യാനികളുടെയും  പ്രതീക്ഷയായ പിതാവേ

                                        ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

സഭയുടെ അലങ്കാരമായ പിതാവേ 

                                         ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

രാജാക്കന്മാരുടെ  പ്രതാപമായ  പിതാവേ 

                                         ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

വിഗ്രഹഭഞ്ജകനായ പിതാവേ 

                                          ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

ജനങ്ങളുടെ ആശ്വാസമായ പിതാവേ 

                                          ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

പുരോഹിതരുടെ ആനന്ദമായ പിതാവേ 

                                         ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

മനുഷ്യരുടെ  വഴികാട്ടിയായ പിതാവേ 

                                         ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

കുടുംബജീവിതത്തിൻറെ ദാനമായ  പിതാവേ 

                                         ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

ദരിദ്രരുടെ സഹായമായ പിതാവേ 

                                         ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

യുവാക്കളുടെ  വഴികാട്ടിയായ പിതാവേ  

                                         ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

ശിശുക്കളുടെ കൂട്ടുകാരനായ പിതാവേ 

                                         ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

അടിമകളുടെ മോചനമായ പിതാവേ 

                                        ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

 ഇരുളിൽ കഴിയുന്നവരുടെ വെളിച്ചമായ പിതാവേ 

                                        ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

അഹങ്കാരികളുടെ വിനാശമായ പിതാവേ 

                                        ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

നീതിമാന്മാരുടെ ജ്ഞാനമായ പിതാവേ 

                                        ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

ദുഖിതരുടെ ആശ്വാസമായ പിതാവേ 

                                        ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

അനാഥരുടെ പ്രത്യാശയായ പിതാവേ 

                                        ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

ആപത്തുകളിൽ രക്ഷയുടെ  തുറമുഖമായ പിതാവേ 

                                        ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

പാവപ്പെട്ടവരുടെ ആശ്വാസമായ പിതാവേ 

                                        ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

 പീഡിതരുടെ സമാശ്വാസമായ പിതാവേ 

                                        ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

അശരണരുടെ അഭയമായ പിതാവേ 

                                        ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

വൃദ്ധരുടെ ആലംബമായ പിതാവേ 

                                        ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

മരണാസന്നരുടെ  ആശ്രയമായ പിതാവേ 

                                        ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

ഞങ്ങളുടെ ദാഹവും ദാരിദ്ര്യവും ശമിപ്പിക്കുന്ന പിതാവേ 

                                        ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

 മൃതരുടെ ജീവനായ പിതാവേ 

                                        ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

പുണ്യവാന്മാരുടെ പുകഴ്ചയായ പിതാവേ 

                                        ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 

ലോകത്തിൻറെ  പാപങ്ങൾ നീക്കുന്ന ദൈവത്തിൻറെ കുഞ്ഞാടേ 

     കർത്താവേ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ 

ലോകത്തിൻറെ പാപങ്ങൾ നീക്കുന്ന ദൈവത്തിൻറെ കുഞ്ഞാടേ 

     കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ 

ലോകത്തിൻറെ പാപങ്ങൾ നീക്കുന്ന ദൈവത്തിൻറെ കുഞ്ഞാടേ  

     കർത്താവേ, ഞങ്ങളോട് കരുണയായിരിക്കണമേ 

സമർപ്പണ പ്രാർഥന 

——————————-

ദൈവപിതാവേ, എനിക്ക് പരിശുദ്ധാത്മാവിൻറെ പ്രകാശവും കൃപാവരവും ശക്തിയും തന്നാലും! ഞാൻ ഒരിക്കലും ആ ദിവ്യാത്മാവിനെ  കൈവിടാതിരിക്കാനും ദുഖിപ്പിക്കാതിരിക്കാനും എന്നിൽ ബലഹീനനാകാൻ അവിടുത്തെ അനുവദിക്കാതിരിക്കാനും ആ അരൂപിയുടെ ചൈതന്യത്തിൽ എന്നെ ശക്തനാക്കിയാലും.

പിതാവേ, അങ്ങയുടെ പുത്രനായ യേശുവിൻറെ നാമത്തിൽ ഞാൻ അപേക്ഷിക്കുന്നു; യേശുവേ അങ്ങയുടെ  ഹൃദയം തുറന്ന് എൻറെ ഹൃദയത്തിൽ വയ്ക്കുക. പരിശുദ്ധ  കന്യകാമറിയത്തിൻറെ  വിമലഹൃദയത്തോടു ചേർത്ത് ദൈവപിതാവിനു സമർപ്പിക്കുക!  ഇതിനുവേണ്ട കൃപാവരം എനിക്കു  വാങ്ങിത്തരണമേ.

ദിവ്യപിതാവേ, ആത്മാക്കളുടെ മാധുര്യമുള്ള പ്രത്യാശയായ അങ്ങ് എല്ലാവരാലും അറിയപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യട്ടെ. ദിവ്യപിതാവേ, സർവ ജനപദങ്ങളുടെയും മേൽ വർഷിക്കപ്പെടുന്ന അനന്ത നന്മയേ, അങ്ങ് എല്ലാവരാലും അറിയപ്പെടുകയും സ്നേഹിക്കപ്പെടുകയും  ചെയ്യട്ടെ. ദിവ്യപിതാവേ, മനുഷ്യരാശിയുടെ കരുണാർദ്ര ഹിമബിന്ദുവേ, അങ്ങ് എല്ലാവരാലും അറിയപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യട്ടെ,ആമേൻ.