അനുസരണം ബലിയേക്കാൾ ശ്രേഷ്ഠം

ഒരു പക്ഷേ നാം ഏറ്റവുമധികം  കേട്ടിട്ടുള്ള ഒരു തിരുവചനമായിരിക്കും ‘അനുസരണം ബലിയേക്കാൾ ശ്രേഷ്ഠം’ എന്നത്.  സാമുവലിൻറെ ഒന്നാം പുസ്തകത്തിലാണ് നാം ഇതു  കാണുന്നത്.  ‘സാമുവൽ പറഞ്ഞു: തൻറെ കല്പന അനുസരിക്കുന്നതോ  ദഹനബലികളും   മറ്റു ബലികളും അർപ്പിക്കുന്നതോ കർത്താവിനു പ്രീതികരം?  അനുസരണം ബലിയെക്കാൾ ശ്രേഷ്ഠം; മുട്ടാടുകളുടെ മേദസ്സിനെക്കാൾ ഉത്കൃഷ്ടം. മാത്സര്യം മന്ത്രവാദം  പോലെ പാപമാണ്; മർക്കടമുഷ്ടി  വിഗ്രഹാരാധന പോലെയും. കർത്താവിൻറെ വചനം നീ തിരസ്കരിച്ചതിനാൽ, അവിടുന്നു  രാജത്വത്തിൽ നിന്നു  നിന്നെയും തിരസ്കരിച്ചിരിക്കുന്നു’ ( 1 സാമു. 15:22-23).

തിരുവചനം വളരെ വ്യക്തമാണ്. അനുസരണമാണ് ബലിയെക്കാൾ ശ്രേഷ്ഠം. ആദിപാപം ദൈവത്തോടുള്ള  അനുസരണക്കേടിൽ നിന്ന് ഉത്ഭവിച്ചതായിരുന്നല്ലോ.  അവസാനത്തെ പാപവും ദൈവത്തോടുള്ള അനുസരണക്കേടു തന്നെയായിരിക്കും.   കർത്താവിൻറെ രണ്ടാം വരവിനു തൊട്ടു മുൻപു  പ്രത്യക്ഷപ്പെടേണ്ട  ‘നാശത്തിൻറെ സന്താനമായ  അരാജകത്വത്തിൻറെ മനുഷ്യനെ’ ( 2 തെസ. 2:3)  കുറിച്ച് പൗലോസ് ശ്ലീഹാ പറയുന്നത്  ‘ദൈവമെന്നു  വിളിക്കപ്പെടുന്നതോ  ആരാധനാവിഷയമായിരിക്കുന്നതോ ആയ എല്ലാറ്റിനെയും അവൻ എതിർക്കുകയും  അവയ്ക്കുപരി തന്നെത്തന്നെ പ്രതിഷ്ഠിക്കുകയും ചെയ്യും’ (2 തെസ. 2:4) എന്നാണ്.

ലളിതമായി പറഞ്ഞാൽ പാപം എന്നതു  ദൈവകല്പനയുടെ ലംഘനമാണ്. അതായതു  ദൈവം പറഞ്ഞത് അനുസരിക്കാതിരിക്കുക എന്നതാണു   പാപം. സാവൂളിനോടു  ദൈവം പറഞ്ഞത് അമലേക്യരെ  നിശേഷം നശിപ്പിക്കണമെന്നും അവരുടെ നാട്ടിൽ നിന്ന് ആടുമാടുകളെയോ മറ്റെന്തെങ്കിലും വസ്തുക്കളെയോ എടുക്കരുതെന്നുമായിരുന്നു.  എന്നാൽ സാവൂൾ ആടുമാടുകളിൽ ഏറ്റവും നല്ലവയെയൊക്ക നശിപ്പിക്കാതെ  സൂക്ഷിച്ചു.  അവൻറെ ഉദ്ദേശം വളരെ നല്ലതായിരുന്നു.  ആ ആടുമാടുകളെ കർത്താവിനു ബലിയർപ്പിക്കാമല്ലോ എന്നാണ്  അവൻ ചിന്തിച്ചത്. ഈ പശ്ചാത്തലത്തിലാണു   സാമുവൽ പ്രവാചകൻ  ദൈവത്തോടുള്ള അനുസരണമാണ് ഏതു  ബലിയെക്കാളും  ശ്രേഷ്ഠമെന്നു  പ്രഖ്യാപിച്ചത്. 

എന്നാൽ ഈ തിരുവചനം ഈ നാളുകളിൽ വളരെയധികം ദുർവ്യാഖ്യാനം ചെയ്യപ്പെടുന്നു എന്നു  മാത്രമല്ല ഈ തെറ്റായ വ്യാഖ്യാനത്തിൽ കുടുങ്ങിപ്പോകുന്നവരുടെ എണ്ണം വർധിക്കുകയും ചെയ്യുന്നു.  അതുകൊണ്ട് എന്താണ് അനുസരണം  എന്നതിനെക്കുറിച്ചു  കൃത്യമായ  ഒരു ബോധ്യം നമുക്ക് ഉണ്ടായിരിക്കണം.  വിശുദ്ധഗ്രന്ഥത്തിൽ അനുസരണം എന്നു  പറയുന്നിടത്തെല്ലാം അത് അർഥമാക്കുന്നതു  ദൈവത്തോടുള്ള അനുസരണമോ,  ദൈവത്തെപ്രതി അധികാരികളോടുള്ള അനുസരണമോ ആണ്.  എല്ലാ അധികാരവും ദൈവത്തിൽ നിന്നാണെന്നതിനാൽ  അധികാരികളെ അനുസരിക്കാൻ ക്രിസ്ത്യാനികൾക്കു  സവിശേഷമായ കടമയുണ്ട് എന്നതിൽ സംശയമില്ല. അപ്പസ്തോലന്മാരായ പത്രോസും പൗലോസും അനുസരണത്തിൻറെ ഈ മേഖലയെക്കുറിച്ച് ആവർത്തിച്ചു പ്രസ്താവിച്ചിട്ടുണ്ടല്ലോ. 

അപ്പോൾ  പലരുടെയും മനസ്സിൽ ഉയർന്നുവരുന്ന ചോദ്യം  അധികാരികളുടെ എല്ലാ കൽപനകളും അനുസരിക്കാൻ ക്രിസ്ത്യാനികൾ ബാധ്യസ്ഥരാണോ എന്നതാണ്.  നാലാം പ്രമാണത്തെക്കുറിച്ചുള്ള പ്രബോധനം നൽകുമ്പോൾ കത്തോലിക്കാ സഭ ഇപ്രകാരം പഠിപ്പിക്കുന്നു. ‘ഒരു കുട്ടി തൻറെ മാതാപിതാക്കളോടൊത്തു വീട്ടിൽ ജീവിക്കുന്നിടത്തോളം കാലം എല്ലാക്കാര്യത്തിലും അവർ ആവശ്യപ്പെടുന്നത് അവൻറെയോ കുടുംബത്തിൻറെയോ  നന്മയ്ക്കു വേണ്ടിയുള്ളതാണെങ്കിൽ അവൻ അനുസരിക്കണം………….. എന്നാൽ ഏതെങ്കിലും ഒരു നിർദേശം അനുസരിക്കുന്നതു ധാർമികമായി തെറ്റാണെന്ന് ഒരു കുട്ടിക്കു  മനസാക്ഷി പ്രകാരം ബോധ്യമുണ്ടെങ്കിൽ അത് അവൻ  അനുസരിക്കേണ്ടതില്ല’ (CCC   2217). 

അതായത് അനുസരണം എന്നതു  മാതാപിതാക്കൾ പറയുന്നതെല്ലാം അനുസരിക്കുക എന്നതല്ല. അതിൽ ധാർമികമായി ശരിയിട്ടുള്ളതുമാത്രം അനുസരിക്കുക എന്നതാണ്.  മദ്യപനായ ഒരു പിതാവ് തൻറെ മക്കൾക്കു  മദ്യം ഒഴിച്ചുകൊടുത്താൽ   അതു  കുടിക്കാതിരിക്കുക എന്നതാണു  ക്രിസ്തീയധർമം.   അധർമികളായ മാതാപിതാക്കൾ പ്രാർഥന  വേണ്ട  എന്നു  പറഞ്ഞാൽ പ്രാർഥിക്കാതിരിക്കുക എന്നതല്ല ക്രിസ്തീയധർമം.  കുടുംബത്തിൻറെ നാണക്കേട് ഒഴിവാക്കാനായി ഗർഭഛിദ്രം നടത്തണം എന്നു  നിർബന്ധിക്കുന്ന  മാതാപിതാക്കളെ അനുസരിക്കുക എന്നതല്ല  ക്രിസ്തീയഅനുസരണം. കൈക്കൂലി വാങ്ങാൻ  പ്രേരിപ്പിക്കുന്ന മാതാവിനെയോ പിതാവിനെയോ അനുസരിക്കുക എന്നതല്ല ക്രിസ്ത്യാനിയിൽ നിന്ന് ദൈവം ആഗ്രഹിക്കുന്നത്. 

ഇനി അധികാരികളോടുള്ള അനുസരണത്തെക്കുറിച്ചു പറഞ്ഞാൽ  ധാർമികമായി ശരിയായ ഏതു  കാര്യത്തിലും   അധികാരികളെ  പൂർണ്ണമായും അനുസരിക്കാൻ എല്ലാ  ക്രിസ്ത്യാനികളും   കടപ്പെട്ടിരിക്കുന്നു.  ധാർമികമായോ സന്മാർഗപരമായോ തെറ്റായ ഉത്തരവുകൾ  അധികാരികൾ പുറപ്പെടുവിക്കുമ്പോൾ അത് അനുസരിക്കാൻ ക്രിസ്ത്യാനിക്കു   ബാധ്യതയില്ല. ഉദാഹരണം പറഞ്ഞാൽ   ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളിലും  അബോർഷൻ നടത്താൻ നിയമം  അനുവദിക്കുന്നുണ്ട് എന്നു  മാത്രമല്ല സർക്കാർ ആശുപത്രികളിൽ അതിനുള്ള സൗകര്യം  നൽകുന്നുമുണ്ട്. ഇത്തരത്തിൽ അബോർഷൻ പ്രക്രിയയോടു  സഹകരിക്കാൻ നിർബന്ധിക്കപ്പെടുന്ന ഡോക്ടർമാരും നഴ്‌സുമാരും   എന്താണു ചെയ്യേണ്ടത്? 

പല  വിദേശരാജ്യങ്ങളിലും ഇതുപോലുള്ള വിഷയങ്ങളിൽ തങ്ങളുടെ  മതവിശ്വാസമോ മനസാക്ഷിയോ കാരണമാക്കി അബോർഷനു സഹകരിക്കുന്നതിൽ നിന്നു വിട്ടുനിൽക്കാൻ   ആരോഗ്യപ്രവർത്തകർക്ക്  അനുവാദമുണ്ട്. അധികാരികളോടുള്ള അന്ധമായ അനുസരണമല്ല, ദൈവികനിയമത്തിനു ചേർന്നുനിൽക്കുന്നിടത്തോളം മാത്രം സിവിൽ നിയമങ്ങളെ അനുസരിക്കുക എന്നതാണു  ക്രിസ്ത്യാനി ചെയ്യേണ്ടത്. കൊല്ലരുത് എന്ന ദൈവികനിയമത്തിനെതിരായ ഒരു രാഷ്ട്രനിയമത്തെ അനുസരിച്ച് പാപം ചെയ്യുക എന്നതല്ല, ആ  നിയമം അനുസരിക്കാതെ അതുവഴി  വരുന്ന സഹനങ്ങൾ ഏറ്റെടുക്കുക എന്നതാണു  ക്രിസ്ത്യാനിയിൽ നിന്നു  ഈശോ  ആഗ്രഹിക്കുന്നത്. 

അതിനുള്ള മാതൃക അപ്പസ്തോലന്മാർ തന്നെ നൽകിയിട്ടുമുണ്ട്.  ക്രിസ്തുവിൻറെ നാമത്തിൽ പ്രസംഗിക്കരുതെന്നു പറഞ്ഞ  ജറുസലേമിലെ അധികാരികളോടും ജനപ്രമാണികളോടും നിയമജ്ഞരോടും  അപ്പസ്തോലന്മാർ പറഞ്ഞതെന്താണെന്നു നമുക്കറിയാം. ‘പത്രോസും യോഹന്നാനും അവരോടു മറുപടി പറഞ്ഞു; ദൈവത്തേക്കാളുപരി നിങ്ങളെ അനുസരിക്കുന്നതു   ദൈവസന്നിധിയിൽ ന്യായമാണോ? നിങ്ങൾ തന്നെ വിധിക്കുവിൻ’ (അപ്പ.4:19).  ഇത് ഒരിക്കലല്ല രണ്ടു തവണ  സംഭവിച്ച കാര്യമാണ്. പ്രധാനപുരോഹിതന്മാരും അനുചരന്മാരും ചേർന്ന്   അപ്പസ്തോലന്മാരെ ഒരു രാത്രി പൊതുകാരാഗൃഹത്തിൽ അടച്ചിട്ടതിനുശേഷം പിറ്റേന്നു കാലത്തു  വിചാരണ ചെയ്തപ്പോൾ  അധികാരികളുടെ ആവശ്യം  പഴയതുതന്നെയായിരുന്നു. അപ്പസ്തോലന്മാർ യേശുക്രിസ്തുവിൻറെ നാമത്തിൽ പ്രസംഗിക്കാൻ പാടില്ല! അതിനു മറുപടി പറഞ്ഞത് എല്ലാ അപ്പസ്തോലന്മാരും ഒരുമിച്ചായിരുന്നു. ‘പത്രോസും അപ്പസ്തോലന്മാരും പ്രതിവചിച്ചു:  മനുഷ്യരെക്കാൾ ദൈവത്തെയാണ് അനുസരിക്കേണ്ടത്’ ( അപ്പ. 5:29).

അപ്പോൾ അങ്ങനെയൊരു  ഭാഗവുമുണ്ട്. അധികാരികളുടെ – അതു  സിവിൽ അധികാരികളായാലും മതാധികാരികളായാലും – എല്ലാ കൽപനയും പാലിക്കാൻ കടപ്പെട്ടവനല്ല ക്രിസ്ത്യാനി. അധികാരികളുടെ തെറ്റായ ഉത്തരവുകൾ അനുസരിക്കാൻ വിസമ്മതിച്ചതിൻറെ പേരിൽ ജീവൻ നഷ്ടപ്പെടുത്തിയവരെ നാം രക്തസാക്ഷികൾ എന്നാണു  വിളിക്കുന്നത് എന്നും ഓർക്കണം.  ഇതു  വായിക്കുമ്പോൾ ചിലരെങ്കിലും ചിന്തിച്ചേക്കാം, ആത്മീയാധികാരികൾ എങ്ങനെയാണു  തെറ്റായ കല്പനകൾ നൽകുക എന്ന്.  സഭാചരിത്രം നമ്മെ പഠിപ്പിക്കുന്നതു  മാർപ്പാപ്പാമാരും മെത്രാന്മാരും പാത്രീയാർക്കീസുമാരും  അടക്കം  പല ഉന്നത ആത്മീയാധികാരികളും  ചില അവസരങ്ങളിലെങ്കിലും അബദ്ധങ്ങളോ പാഷാണ്ഡതകളോ തന്നെ പഠിപ്പിച്ചിട്ടുണ്ട് എന്നാണ്. സഭ അതു പിൽക്കാലത്തു  തിരുത്തുകയും ചെയ്തിട്ടുണ്ട്.  ആ കാലത്തൊക്കെ യഥാർഥ  വിശ്വാസികൾ ചെയ്തത് അബദ്ധങ്ങളുടെ പിറകെ പോകാതെ സത്യവിശ്വാസത്തിൽ ഉറച്ചുനിൽക്കുക എന്നതായിരുന്നു. 

അതുകൊണ്ടു  നാം മനസിലാക്കേണ്ടത് അനുസരണം എന്നത് എന്തും  അന്ധമായി അനുസരിക്കുന്ന  ജീവിതശൈലിയല്ലെന്നും, മറിച്ച്  അധികാരികൾ പറയുന്നവയിൽ ധാർമികവും ക്രിസ്തീയവിശ്വാസത്തിനു  എതിരല്ലാത്തതുമായ കാര്യങ്ങൾ മാത്രം അനുസരിക്കുന്നതാണെന്നുമാണ്.  അധികാരി പറയുന്നതു  തെറ്റാണെന്നു   നമുക്കു  ബോധ്യമുള്ളപ്പോൾ എന്താണു  ചെയ്യേണ്ടതെന്നും സഭ നമ്മെ പഠിപ്പിക്കുന്നുണ്ട്. 

‘ അൽമായർക്കു   തങ്ങളുടെ അറിവും സാമർഥ്യവും  പ്രാധാന്യവുമനുസരിച്ച്, സഭയുടെ  നന്മയെ സംബന്ധിക്കുന്ന കാര്യങ്ങളിൽ, തങ്ങളുടെ അഭിപ്രായം വന്ദ്യരായ അജപാലകരോടു  പറയുവാൻ അവകാശമുണ്ട്.  ചിലപ്പോൾ അതു കടമയുമായിത്തീരാം. വിശ്വാസത്തിൻറെയും സന്മാർഗത്തിൻറെയും സമഗ്രതയെ ഉചിതമാം വിധം മാനിച്ചുകൊണ്ടും, തങ്ങളുടെ അജപാലകരോടു  ബഹുമാനം പുലർത്തിക്കൊണ്ടും, പൊതുനന്മയും  വ്യക്തികളുടെ മഹത്വവും പരിഗണിച്ചുകൊണ്ടും  മറ്റു ക്രൈസ്തവവിശ്വാസികളോടു  തങ്ങളുടെ  അഭിപ്രായം തുറന്നുപറയാൻ അൽമായർക്ക്  അവകാശമുണ്ട് ( CCC  907). അതായതു  സഭ വിശ്വാസികളിൽ നിന്ന് ആവശ്യപ്പെടുന്നത് ഒരിക്കലൂം അന്ധമായ അനുസരണമല്ല.  വിശ്വാസവും സന്മാർഗവും പോലുള്ള സുപ്രധാനവിഷയങ്ങളിൽ  അധികാരികളുടെ  തീരുമാനങ്ങൾ  തെറ്റിപ്പോകുന്നു എന്നു  തോന്നുമ്പോൾ   അതു  മാന്യമായ രീതിയിൽ അധികാരികളോടു പറയുകയാണു  വേണ്ടത്. അല്ലാതെ അവർ പറയുന്ന അബദ്ധങ്ങൾ അതേപടി അനുസരിക്കുക എന്നതല്ല ഒരു യഥാർഥ വിശ്വാസിയിൽ നിന്നു  സഭ പ്രതീക്ഷിക്കുന്നത്. 

മേലധികാരിയോടുള്ള അനുസരണത്തിൻറെ പേരിൽ മാത്രം  യാതൊരു ഗുണവുമില്ലാത്തതും അതേസമയം ഗുരുതരമായ ദോഷഫലങ്ങൾ ഉള്ളതുമായ വാക്സിനുകൾ എടുത്ത അനേകം സമർപ്പിതരെ  ഈ നാളുകളിൽ കാണാനിടയായി. സ്വന്തം ശരീരത്തിൽ എന്തു  കുത്തിവയ്ക്കണം എന്നു തീരുമാനിക്കേണ്ടതു  നാമോരോരുത്തരുമാണ്, നമ്മുടെ അധികാരികളല്ല  എന്നു മനസിലാക്കാതെ പോയതാണ് അവർക്കു പറ്റിയ അബദ്ധം. അതിനുള്ള സ്വാതന്ത്ര്യം സഭയും രാഷ്ട്രവും നമുക്കു നൽകുന്നുമുണ്ട്. മേലധികാരികളോടുള്ള അനുസരണം അന്ധമാകണമെന്നു ശഠിച്ചാൽ ജർമ്മനിയിലെ കത്തോലിക്ക സഭയിലെ ഭൂരിപക്ഷം രൂപതകളിലും സ്വവർഗലൈംഗികബന്ധം  അനുവദിക്കേണ്ടിവരും. കാരണം അവിടുത്തെ മെത്രാന്മാർ അതിന് അനുകൂലമാണ്.  സ്വന്തം സന്യാസസഭയിലോ രൂപതയിലോ പെട്ട ഏതെങ്കിലും വൈദികരോ കന്യാസ്ത്രീകളോ തെറ്റു ചെയ്താൽ  അതു  മറച്ചുവയ്ക്കാൻ പറയുന്ന അധികാരിയെ അനുസരിക്കുന്നതല്ല ക്രിസ്തീയ അനുസരണം. അങ്ങനെ മറച്ചുവച്ചതിൻറെ ഫലമായി തീർത്താൽ തീരാത്ത നാണക്കേടു  ചുമക്കുന്ന സന്യാസസമൂഹങ്ങളും   രൂപതകളും സഭാസ്ഥാപനങ്ങളും  ഇന്നു ലോകത്തിലുണ്ട്. 

അനുസരണം ബലിയെക്കാൾ ശ്രേഷ്ഠം തന്നെ. സംശയമില്ല. എന്നാൽ അനുസരണം കർത്താവിനോടായിരിക്കണമെന്നു മാത്രം.  തങ്ങൾ പറയുന്നതെല്ലാം  മറ്റുള്ളവരെക്കൊണ്ട് അനുസരിപ്പിക്കാൻ വേണ്ടി  ഈ തിരുവചനം ദുർവ്യാഖ്യാനം ചെയ്യുന്ന അധികാരികളും,  മേലധികാരികൾ പറയുന്നതെല്ലാം കണ്ണും പൂട്ടി അനുസരിക്കുന്നതിനുള്ള  ന്യായമായി ഈ തിരുവചനത്തെ കാണുന്നവരും  കർത്താവിനോടുള്ള അനുസരണമാണു  പരമപ്രധാനം എന്ന ബോധ്യത്തിലേക്കു വരാൻ വേണ്ടി നമുക്കു പ്രാർഥിക്കാം.