ആരെ അനുസരിക്കണം?

അനുസരണം ബലിയേക്കാൾ ശ്രേഷ്ഠമാണെന്നതിൽ സംശയമില്ല. അനുസരണക്കേടു കൊണ്ടാണല്ലോ ഇസ്രായേലിൻറെ പ്രഥമരാജാവായ സാവൂൾ തിരസ്കൃതനായത്.  സാമുവൽ പ്രവാചകൻറെ വാക്കുകൾ ഇങ്ങനെയായിരുന്നു.  ‘തൻറെ കൽപന അനുസരിക്കുന്നതോ  ദഹനബലികളും  മറ്റു ബലികളും അർപ്പിക്കുന്നതോ  കർത്താവിനു പ്രീതികരം? അനുസരണം ബലിയേക്കാൾ ശ്രേഷ്ഠം; മുട്ടാടുകളുടെ  മേദസിനെക്കാൾ ഉത്കൃഷ്ടം. മാത്സര്യം മന്ത്രവാദം പോലെ പാപമാണ്; മർക്കടമുഷ്ടി  വിഗ്രഹാരാധന പോലെയും. കർത്താവിൻറെ വചനം നീ തിരസ്കരിച്ചതിനാൽ, അവിടുന്ന് രാജത്വത്തിൽ നിന്നു  നിന്നെയും തിരസ്കരിച്ചിരിക്കുന്നു’  ( സാമു 15:22-23).

ഒരു രാജാവിനു രാജപദവി നഷ്ടപ്പെടുക എന്നതിനേക്കാൾ   വലിയ നഷ്ടം മറ്റെന്തുണ്ട്? അതിനു കാരണമായതോ അനുസരണക്കേടും! ‘അനുസരിക്കാൻ സന്നദ്ധരെങ്കിൽ നിങ്ങൾ ഐശ്വര്യം ആസ്വദിക്കും’ (ഏശയ്യ 1:19) എന്നു  തന്നെയാണു  കർത്താവ് ഇന്നും നമ്മോടു പറയുന്നത്.  ‘തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും  വിശുദ്ധജനതയും ദൈവത്തിൻറെ  സ്വന്തം ജനവുമായ’ (1  പത്രോസ് 2:9) നമ്മളും  നമ്മുടെ  വിശിഷ്ടമായ വിളിയുടെയും തെരഞ്ഞെടുപ്പിൻറെയും  മഹനീയപദവിയിൽ നിന്നും  രാജകീയ പൗരോഹിത്യശുശ്രൂഷയുടെ ഔന്നത്യത്തിൽ  നിന്നും തിരസ്കൃതരാകാൻ അനുസരണക്കേട് എന്ന പാപം കാരണമാകും. 

എന്നാൽ നാം എന്തിനെയാണ്, അല്ലെങ്കിൽ ആരെയാണ് അനുസരിക്കേണ്ടത്? 

 സാമുവലും   പ്രവാചകന്മാരും   പറയുന്നതു  ദൈവകല്പനകൾ അനുസരിക്കാനാണ്.   കർത്താവീശോമിശിഹാ  പഠിപ്പിച്ചതും അതുതന്നെ. അപ്പസ്തോലന്മാരും അതുതന്നെ പറയുന്നു. ‘എൻറെ കല്പനകൾ സ്വീകരിക്കുകയും പാലിക്കുകയും ചെയ്യുന്നവനാണ് എന്നെ സ്നേഹിക്കുന്നത്’ (യോഹ. 14:21). മഹത്വത്തിലേക്കുള്ള വഴിയും അനുസരണം തന്നെയാണ്. ‘കുരിശുമരണം വരെ അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തിയ’ (ഫിലിപ്പി 2:9) യേശുവിനെയാണല്ലോ പിതാവായ ദൈവം  എല്ലാ നാമങ്ങൾക്കും ഉപരിയായ നാമം നൽകി ഉയർത്തിയത് (ഫിലിപ്പി 2:9). ‘അനുസരണക്കേടു കാണിച്ചവരോടല്ലേ ഒരിക്കലും തൻറെ വിശ്രമത്തിലേക്കു പ്രവേശിക്കുകയില്ലെന്ന് അവിടുന്നു ആണയിട്ടു പറഞ്ഞത്?’ (ഹെബ്രാ. 3:18). ഇസ്രായേൽക്കാർ അനുസരണക്കേടു കാട്ടിയത് ആരോടായിരുന്നു? മോശയോടോ അതോ കർത്താവിനോടോ?  അവർ മറുതലിച്ചത് തീർച്ചയായും കർത്താവായ ദൈവത്തിനെതിരെ ആയിരുന്നു. 

അനുസരിക്കേണ്ടത്  മോശയെയോ ഏലിയായെയോ പ്രവാചകന്മാരെയോ, അപ്പസ്തോലന്മാരെയോ അല്ല, സർവശക്തനായ ദൈവത്തെയാണ്, ദൈവത്തെ മാത്രമാണ്.   നേതാക്കന്മാരെയും അധികാരികളെയും ശ്രേഷ്ഠന്മാരെയും അനുസരിക്കേണ്ടത് അവർ ദൈവത്തിൻറെ വാക്കുകൾ തന്നെ പറയുന്നതുകൊണ്ടാണ്. സഭയിലായാലും സമൂഹത്തിലായാലും കുടുംബത്തിലായാലും അനുസരണം ദൈവത്തോടു  മാത്രമാണ്; ദൈവത്തോടു  മാത്രമായിരിക്കണം.  കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥത്തിൽ ഇപ്രകാരം പഠിപ്പിക്കുന്നു. ‘ രാഷ്ട്രാധികാരികളുടെ നിർദേശങ്ങൾ, ധാർമികനിയമങ്ങൾക്കു  വിരുദ്ധമായിരിക്കുമ്പോൾ , അവ അനുസരിക്കാതിരിക്കാൻ പൗരന്മാരെ മനസാക്ഷി കടപ്പെടുത്തുന്നു’ (CCC  2256). ഈ പ്രബോധനത്തിന് ഉപോദ്ബലകമായി  സഭ ചൂണ്ടിക്കാണിക്കുന്നത്  ആദ്യത്തെ മാർപ്പാപ്പയുടെയും മറ്റ് അപ്പസ്തോലന്മാരുടെയും   തന്നെ വാക്കുകളാണ്. ‘മനുഷ്യരേക്കാൾ ദൈവത്തെയാണ് അനുസരിക്കേണ്ടത്’ (അപ്പ. 5:29).

‘ദൈവത്തേക്കാളുപരി നിങ്ങളെ അനുസരിക്കുന്നതു  ദൈവസന്നിധിയിൽ ന്യായമാണോ? നിങ്ങൾ തന്നെ വിധിക്കുവിൻ’ (അപ്പ 4:19) എന്ന മറുചോദ്യം ഇട്ടുകൊടുത്തുകൊണ്ടാണു  ദൈവകൽപനകൾക്കെതിരെ സ്വന്തം കല്പനകൾ   പുറപ്പെടുവിച്ച  മതനേതൃത്വത്തെ  പത്രോസും യോഹന്നാനും   നിശബ്‌ദരാക്കിയത്. അങ്ങനെ ദുഷിച്ചുപോയ ഒരു മതനേതൃത്വത്തെക്കുറിച്ചു  കർത്താവ് തന്നെയും പറഞ്ഞിട്ടുണ്ടല്ലോ.  ‘വ്യർഥമായി  അവർ  എന്നെ ആരാധിക്കുന്നു; മനുഷ്യരുടെ കല്പനകൾ പ്രമാണങ്ങളായി പഠിപ്പിക്കുകയും ചെയ്യുന്നു. ദൈവത്തിൻറെ കല്പന ഉപേക്ഷിച്ച്, മനുഷ്യരുടെ പാരമ്പര്യം നിങ്ങൾ മുറുകെപ്പിടിക്കുന്നു……. നിങ്ങൾ കൗശലപൂർവം  ദൈവകൽപന  അവഗണിക്കുന്നു’ (മർക്കോസ്  7:7-8).

അനുസരണം ദൈവത്തോടാണ്, ദൈവത്തോടുമാത്രമാണ്. അധികാരികൾ,  അവർ മതത്തിലായാലും സമൂഹത്തിലായാലും കുടുംബത്തിലായാലും, ദൈവകല്പനകൾക്കു വിരുദ്ധമായ ഒരു കാര്യം   ചെയ്യാൻ പറഞ്ഞാൽ അത് അനുസരിക്കാനുള്ള ബാധ്യത ക്രിസ്ത്യാനികൾക്കില്ല.  എന്നുമാത്രവുമല്ല  ദൈവം  തിരുവചനത്തിലൂടെ നൽകിയിരിക്കുന്ന  സനാതനനിയമങ്ങളെ  എതിർക്കുന്നവർ ആരോ അവർ  ‘ദൈവത്തെ  എതിർക്കുന്നവരായി എണ്ണപ്പെടുകയും ചെയ്യും’ (അപ്പ. 5:39). ഗമാലിയേലിന് ഉണ്ടായിരുന്ന ഈ ജ്ഞാനം നഷ്ടപ്പെട്ടുപോയതാണു  നമ്മുടെ തലമുറയുടെ ശാപം.  നാം ‘ആരു പഠിപ്പിക്കുന്നതും  കേൾക്കാൻ തയാറായി നിൽക്കുകയാണ്’ (2 തിമോ. 3:7). അങ്ങനെയുള്ളവർക്ക്  ‘സത്യത്തെപ്പറ്റിയുള്ള  പൂർണജ്ഞാനത്തിൽ ഒരിക്കലും എത്തിച്ചേരാൻ കഴിയില്ല ( 2 തിമോ 3:7).  അവർ ദൈവകല്പനകൾ അവഗണിച്ചുകൊണ്ട്  മനുഷ്യർ  ഉണ്ടാക്കുന്ന കല്പനകളിൽ ശരണം വയ്ക്കുകയും അതിൻറെ ഫലമായി ദൈവകൃപയിൽ നിന്ന് അകന്നുപോവുകയും ചെയ്യുന്നു.  

 ഗർഭഛിദ്രവും  സ്വവർഗലൈംഗികബന്ധങ്ങളും ഒക്കെ  അനുവദിച്ചുകൊണ്ടും പ്രോത്സാഹിപ്പിച്ചുകൊണ്ടുമുള്ള നിയമങ്ങളെയും   പ്രഖ്യാപനങ്ങളെയും കുറിച്ചൊക്കെ കേൾക്കുമ്പോൾ ഓർക്കുക;  ‘ ജനങ്ങൾ ഉത്തമമായ പ്രബോധനത്തിൽ  സഹിഷ്ണുത കാണിക്കാത്ത കാലം വന്നുകഴിഞ്ഞു’ (2 തിമോ 4:3). ദൈവവചനത്തിനു വിരുദ്ധമെങ്കിലും ‘കേൾവിക്ക് ഇമ്പമുള്ളവയിൽ ആവേശം കൊള്ളുന്ന അവർ തങ്ങളുടെ അഭിരുചിക്കു ചേർന്ന പ്രബോധകരെ’ ( 2 തിമോ 4:4)   ആഘോഷപൂർവം സ്വാഗതം ചെയ്യും. 

അവസാനനാളുകളിൽ ഇവയെല്ലാം സംഭവിക്കുമെന്നു   പ്രവചിക്കപ്പെട്ടിട്ടുള്ളവയാണല്ലോ. ഇതു ‘നമുക്കു സാക്ഷ്യത്തിനുള്ള അവസരമായി’ ( ലൂക്കാ 21:13) നൽകപ്പെട്ടിരിക്കുകയാണ് . ‘മനുഷ്യരുടെ മുമ്പിൽ എന്നെ ഏറ്റുപറയുന്നവനെ എൻറെ സ്വർഗസ്ഥനായ പിതാവിൻറെ മുമ്പിൽ ഞാനും ഏറ്റുപറയും’ ( മത്തായി  10:32)  എന്ന കർത്താവിൻറെ വാഗ്ദാനം ഒന്നുമാത്രം മതി   അബദ്ധപ്രബോധനങ്ങളിൽ  വീണുപോകാതെ സത്യവിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ.    അതിനുള്ള കൃപ എല്ലാവർക്കും ലഭിക്കട്ടെ എന്നു  പ്രാർഥിക്കുന്നു.