വിശുദ്ധ നഗരം : അഭയ നഗരം അധ്യായം 9

261. കൂടാതെ, “ഞാൻ അവനു ദൈവവും അവൻ എനിക്കു മകനുമായിരിക്കും” (വെളി. 21:7) എന്നു പറഞ്ഞുകൊണ്ട് , മറ്റൊരു ഉറപ്പു  കൂടി നൽകുന്ന കർത്താവ് ഇതെല്ലാം സാക്ഷ്യപ്പെടുത്താൻ തിടുക്കം കൂട്ടുന്നു, അവിടുന്നു നമുക്കു ദൈവവും നാം അവിടുത്തേക്കു  പുത്രന്മാരെപ്പോലെയുമാണെങ്കിൽ, നമ്മെ സൃഷ്ടിച്ചിരിക്കുന്നതു ദൈവമക്കളാകാൻ വേണ്ടിയാണ് എന്നു വ്യക്തമാണ്.  മക്കളായതിനാൽ  നാം അവിടുത്തേക്കുള്ള എല്ലാറ്റിൻറെയും അവകാശികളും കൂടിയാണ് (റോമ. 8:17), അവകാശികളായതിനാൽ (നമ്മുടെ അവകാശങ്ങളെല്ലാം കൃപയുടേതാണെങ്കിലും) മാതാപിതാക്കൾക്കു  കീഴിൽ കുട്ടികൾ സുരക്ഷിതരായിരിക്കുന്നതുപോലെ, നമ്മുടെ അവകാശംമൂലം നമ്മൾ സുരക്ഷിതരാക്കപ്പെട്ടിരിക്കുന്നു. 

പ്രകൃതത്തിലും  പരിപൂർണ്ണതയിലും അപരിമേയനായ അവിടുന്ന് ഒരേസമയം പിതാവും ദൈവവും ആയിരിക്കുന്നതിനാൽ, നമ്മെ പുത്രന്മാരാക്കുന്നതിലൂടെ  അവിടുന്നു നമുക്കു വാഗ്ദാനം ചെയ്യുന്ന നന്മകളുടെ ബാഹുല്യം   അളക്കാൻ  ആർക്കാണു കഴിയുക? അതിൽ, നമ്മോടുള്ള പിതൃസ്‌നേഹവും, നമ്മുടെ സംരക്ഷണവും  ദൈവനിയോഗവും, നമ്മുടെ ഉത്തേജനവും നീതീകരണവും, അതിനുള്ള എല്ലാ മാർഗ്ഗങ്ങളും, അവസാനം നമ്മുടെ മഹത്വീകരണവും  അതിനെത്തുടർന്നുള്ള നിത്യമായ ആനന്ദത്തിൻറെ  അവസ്ഥയും ഉൾപ്പെടുന്നു – അവ കണ്ണുകൾ കണ്ടിട്ടില്ലാത്തതും കാതുകൾ കേട്ടിട്ടില്ലാത്തതും മനുഷ്യഹൃദയം  ഒരിക്കലും ഗ്രഹിച്ചിട്ടില്ലാത്തതുമാണ്.  വിജയം വരിക്കുകയും  ധീരരായ യഥാർഥ മക്കളെന്നു  സ്വയം തെളിയിക്കുകയും ചെയ്യുന്നവർക്കായാണ്  ഇതെല്ലാം  ഒരുക്കപ്പെട്ടിരിക്കുന്നത്.

262. “എന്നാൽ ഭീരുക്കൾ, അവിശ്വാസികൾ, ദുർമാർഗികൾ, കൊലപാതകികൾ, വ്യഭിചാരികൾ, മന്ത്രവാദികൾ, വിഗ്രഹാരാധകർ, കാപട്യക്കാർ  എന്നിവർക്ക്, തീയും  ഗന്ധകവും കത്തിയെരിയുന്ന തടാകത്തിൽ, രണ്ടാമത്തെ മരണമാകുന്ന തങ്ങളുടെ ഓഹരി ലഭിക്കും”. ജീവൻറെ മാർഗ്ഗം സ്വയം വേണ്ടെന്നുവെച്ച് അന്ധമായി  മരണത്തെ തിരഞ്ഞെടുക്കുന്ന ഭോഷന്മാരുടെ  എണ്ണം അനേകമാകയാൽ ഈ നീണ്ട  പട്ടികയിൽ,  എണ്ണമറ്റ  നാശത്തിൻറെ പുത്രന്മാർ തങ്ങളുടെ  പേരുകൾ സ്വന്തം ഇഷ്ടപ്രകാരം തന്നെ എഴുതിച്ചേർത്തിട്ടുണ്ട്. കാരണം, മനഃപൂർവ്വം കണ്ണുകൾ അടയ്ക്കുന്നവർക്കും  സാത്താൻറെ വഞ്ചനാപരമായ തന്ത്രങ്ങളാൽ തങ്ങളെ കബളിപ്പിക്കാനും വഞ്ചിക്കാനും  സ്വയം അനുവദിക്കുന്നവർക്കുമല്ലാതെ, സ്വന്തം കണ്ണുകൾ തുറന്നു നോക്കുന്നവർക്കു  ജീവൻറെ പാത മറഞ്ഞിരിക്കുന്നതല്ല. മനുഷ്യരുടെ  വ്യത്യസ്തമായ അഭിനിവേശങ്ങളും  അഭിരുചികളും അനുസരിച്ച്  സാത്താൻ അവർക്കു തങ്ങൾ തേടുന്ന  പാപത്തിൻറെ വിഷലിപ്തമായ ചഷകം പ്രദാനം ചെയ്യുന്നു. 

നിരന്തരം മറുതലിക്കുകയും, അപ്രകാരം പുണ്യങ്ങളുടെ മന്ന ആസ്വദിക്കുന്നതിൽ പരാജയപ്പെടുകയും, നിത്യജീവൻറെ പാതയിലേക്ക് ഒരിക്കലും പ്രവേശിക്കാതിരിക്കുകയും ചെയ്യുന്നവരാണ് “ഭീരുക്കൾ”; കർത്താവിൻറെ നുകം വഹിക്കാനെളുപ്പമുള്ളതും അവിടുത്തെ ചുമട് ഭാരം കുറഞ്ഞതുമാണെങ്കിലും (മത്താ. 11, 30), അവർക്കു പുണ്യം വിരസവും ഭാരമേറിയതുമാണ്; ഈ ഭയത്താൽ വഞ്ചിക്കപ്പെട്ട്, അവർ ബുദ്ധിമുട്ടുകളേക്കാളുപരി ഭീരുത്വത്താൽ പരാജയപ്പെടുന്നു.

 “അവിശ്വാസികൾ” ആയ മറ്റുചിലർ, സത്യങ്ങൾ വെളിപ്പെട്ടുവെന്ന് ഒരിക്കലും സമ്മതിക്കുകയില്ല, അഥവാ മതവിരുദ്ധർ, വിജാതീയർ, അവിശ്വാസികൾ എന്നിവരെപ്പോലെ ആ സത്യങ്ങളെ വിശ്വസിക്കുന്നില്ല; ഇനി  കത്തോലിക്കരെപ്പോലെ അവർ അവയെ വിശ്വസിക്കുന്നുവെങ്കിൽതന്നെ,  അതു   ദൂരെനിന്നു  മറ്റുള്ളവർ  വിശ്വസിക്കുന്നുവെന്നു  പറഞ്ഞുകേട്ടതനുസരിച്ചാണ്. അതിൽ അടങ്ങിയിരിക്കുന്ന വ്യക്തമായ സത്യത്തെ  അവർ പൂർണ്ണമായി  അംഗീകരിക്കുന്നില്ല. അങ്ങനെ അവർ നിർജ്ജീവമായ ഒരു വിശ്വാസം മാത്രമാണു പുലർത്തുന്നത്. എന്നിട്ട് അവർ അവിശ്വാസികളെപ്പോലെ ജീവിക്കുന്നു.

263. വേർതിരിവില്ലാതെയും  പരിധിയോ മാനസാന്തരമോ ഇല്ലാതെയും    തിന്മയെ പിന്തുടരുകയും, തങ്ങളുടെ  ദുഷ്ടതയെയും വഷളത്തത്തെയും  കുറിച്ചു പൊങ്ങച്ചം പറയുകയും  തങ്ങളെത്തന്നെ ദൈവത്തെ  വെറുക്കുന്നവരാക്കുകയും  അവിടുത്തെ കോപവും ശാപവും തങ്ങളുടെ മേൽ പതിക്കാൻ ഇടയാക്കുകയും ചെയ്യുന്നവരാണ്, ‘ദുർമാർഗികൾ’. അങ്ങനെ അവർ ഒരു മറുതലിപ്പിൻറെ അവസ്ഥയിൽ എത്തുകയും നല്ല പ്രവൃത്തികൾ ചെയ്യാൻ  കഴിവില്ലാത്തവരായിത്തീരുകയും ചെയ്യുന്നു. തങ്ങൾ നിത്യജീവനുവേണ്ടി   സൃഷ്ടിക്കപ്പെട്ടവരല്ല  എന്ന മട്ടിൽ, അവർ നിത്യജീവൻറെ പാതയിൽനിന്ന് അകന്നുപോകുന്നു.  അവർ ദൈവത്തിൽനിന്നു വേർപിരിയുകയും, അവിടുത്തെ നന്മകളിൽ  നിന്നും  അനുഗ്രഹങ്ങളിൽനിന്നും അകറ്റപ്പെടുകയും, ദൈവത്തിൻറെയും, അവിടുത്തെ വിശുദ്ധരുടെയും വെറുപ്പിനു പാത്രമാകുകയും  ചെയ്യുന്നു. 

അതുപോലെതന്നെ കൊലപാതകികളെക്കുറിച്ചും  പരാമർശിക്കുന്നു: ദൈവിക നീതിയെ ഭയപ്പെടുകയോ ബഹുമാനിക്കുകയോ ചെയ്യാതെ, പ്രപഞ്ചത്തിൻറെ ഏക ഭരണാധികാരിയായ പരമോന്നതദൈവത്തിൻറെ  അവകാശം കവർന്നെടുക്കുകയും  തങ്ങൾക്കു  മറ്റുള്ളവരെ ശിക്ഷിക്കാമെന്നു കരുതുകയും മറ്റുള്ളവരോടു  പ്രതികാരം ചെയ്യുകയും ചെയ്യുന്നവരാണ്, “കൊലപാതകികൾ”. മറ്റുള്ളവരോടു പെരുമാറുന്നതിനും വിധിക്കുന്നതിനും അവർ ഉപയോഗിക്കുന്ന അതേ അളവനുസരിച്ച് അവരോടും  പെരുമാറാനും വിധിക്കപ്പെടാനും അവർ അർഹരാണ് (ലൂക്ക 6:38). 

ചെയ്തുകഴിയുമ്പോൾ അറപ്പു  തോന്നുന്നതും എന്നാൽ അതേസമയംതന്നെ ഒരിക്കലും തൃപ്തിവരാത്തതുമായ നൈമിഷികവും അശുദ്ധവുമായ ഒരു സന്തോഷത്തിനു വേണ്ടി  ദൈവത്തിൻറെ സൗഹൃദത്തെയും നിത്യമായ സന്തോഷങ്ങളെയും പുച്ഛിക്കുന്നവരാണു “വ്യഭിചാരികൾ”.  അവർ നഷ്ടപ്പെടുത്തുന്നതു  രുചിച്ചറിയുമ്പോൾ കൂടുതൽ അന്വേഷിക്കപ്പെടുന്നതും ഒരിക്കലും വറ്റിപ്പോകാത്ത  ആനന്ദത്തിൻറെ ഉറവയുമാണ് . അതിനാൽ അവർ സ്വർഗ്ഗരാജ്യത്തിൽനിന്ന് ഒഴിവാക്കപ്പെടുന്നു. അതുപോലെ, സൗഹൃദത്തിൻറെ മേലങ്കിയിൽ മറഞ്ഞിരുന്നുകൊണ്ടു, സർപ്പത്തിൻറെ തെറ്റായ വാഗ്ദാനങ്ങൾ വിശ്വസിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന “മന്ത്രവാദികൾ”, സ്വയം വഞ്ചിതരാകുകയും വഴിപിഴപ്പിക്കപ്പെടുകയും ചെയ്യുന്നതിനാൽ അവർ മറ്റുള്ളവരെയും വഞ്ചിക്കുകയും വഴിപിഴപ്പിക്കുകയും ചെയ്യുന്നു. 

“വിഗ്രഹാരാധകർ” നമ്മുടെ ചുറ്റും ഉള്ള ദൈവികതയുടെ സാന്നിധ്യം അന്വേഷിക്കുകയും അനുഭവിക്കുകയും ചെയ്യുന്നെങ്കിലും  അതു കണ്ടെത്തുന്നില്ല, അതിനാൽ അവർക്കു സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ കഴിയില്ല (അപ്പ. പ്ര. 17:27). തങ്ങളുടെ അവരുടെ സ്വന്തം കരവേലകൾക്ക്  അവർ ദൈവത്വം അവകാശപ്പെടുന്നു; സത്യദൈവത്തിൻറെ മഹത്വമെന്തെന്നു വിവരിക്കാൻ  തികച്ചും അയോഗ്യമായ, സത്യത്തിൻറെ അചേതനമായ നിഴലുകളും പൊട്ടക്കിണറുകളും  മാത്രമാണ് അവ (ജറ. 2:13). ദൈവം എന്ന പരമമായ സത്യത്തിന് എതിരായി നിൽക്കുന്ന “നുണയന്മാർ”, അവിടുത്തെ സത്യസന്ധതയും പുണ്യഗുണങ്ങളും  നഷ്ടമാക്കിക്കൊണ്ടു   ദൈവത്തിന് എതിരായ നിലപാടെടുക്കുകയും  സത്യത്തിൻറെയും സർവ്വനന്മയുടെയും  നാഥനേക്കാൾ  ഉപരിയായി ഏറ്റം  വഞ്ചനാപരമായ പ്രവൃത്തികളിൽ  ആശ്രയിക്കുകയും  ചെയ്യുന്നു. 

264. ഇവയെല്ലാറ്റിനേയുംപറ്റി താൻ ഇങ്ങനെ കേട്ടതായി സുവിശേഷകൻ പറയുന്നു, “അവരുടെ ഓഹരി തീയും ഗന്ധകവും എരിയുന്ന തടാകമായിരിക്കും. ഇതാണു രണ്ടാമത്തെ മരണം.” തൻറെ  യോഗ്യതകളുടെയും  അനന്തമായ കരുണയുടെയും മഹത്വത്താൽ സ്വപ്രവൃത്തിയെ അവിടുന്നു ന്യായീകരിച്ചതിനാൽ ദൈവിക നീതിയെക്കുറിച്ചും ന്യായത്തെക്കുറിച്ചും  ആർക്കും പരാതിപ്പെടാനാവില്ല. മനുഷ്യരുടെ ഇടയിൽ ജീവിക്കാനും, അവർക്കുവേണ്ടി  മരിക്കാനും, സ്വന്തം ജീവരക്തത്താൽ അവരെ രക്ഷിക്കാനും അവിടുന്നു സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നു. പരിശുദ്ധസഭയിൽ നമുക്കായി സൗജന്യമായി അർപ്പിക്കപ്പെടുന്ന  കൃപയുടെ വിശാലമായ വാതിൽ  അവിടുന്നു തുറന്നുതന്നു.  ഇതിനെല്ലാമുപരിയായി അവിടുന്ന്  തൻറെ  അമ്മയായ  മറിയത്തെയും മറിയത്തിൻറെ  ഏറ്റവും പരിശുദ്ധമായ  ജീവിതത്തിൻറെ മാതൃകയെയും  നമുക്കു നൽകി. അതുവഴിയായി നാം  യേശുവിനെ നേടിയെടുക്കുന്നതിനായിട്ടാണു അവ നമുക്കു നൽകപ്പെട്ടത്. 

അതിനാൽ, ഈ വരങ്ങളെല്ലാം ഉണ്ടായിരുന്നിട്ടും, അവിടുത്തെ കൃപയെ മനുഷ്യർ ഉപയോഗപ്പെടുത്തിയിട്ടില്ലെങ്കിൽ, അവരുടെ മർത്യജീവിതത്തിൽ താൽക്കാലിക ആനന്ദങ്ങൾ തേടിക്കൊണ്ട് അവർ നിത്യജീവൻറെ  അവകാശം സ്വയം ഉപേക്ഷിച്ചിട്ടുണ്ടെങ്കിൽ, അവർക്കു  ഒരു  ഒഴികഴിവും  പറയാനാവില്ല. ശിക്ഷാവിധിയുടെ രണ്ടാം  മരണം അവരെ കീഴടക്കുമ്പോൾ, വിതച്ചതുതന്നെ കൊയ്തെടുക്കുന്ന അവരുടെ ഓഹരി, വീണ്ടെടുപ്പോ ജീവിത പ്രത്യാശയോ ഒരിക്കലും ഇല്ലാതെ  കത്തിക്കൊണ്ടിരിക്കുന്ന ഗന്ധകാഗ്നിത്തടാകത്തിൻറെ  ഭയാനകമായ അഗാധതയിലായിരിക്കുമെന്നതിൽ അതിശയിക്കാനില്ല. ഈ രണ്ടാമത്തെ മരണം അതിൻറെ  കാലദൈർഘ്യത്തിൽ അനന്തമാണെങ്കിലും, അവർ സ്വമേധയാ മുന്നോട്ടുപോയി ചെന്നുവീണ അവരുടെ പാപത്തിൻറെ ആദ്യ മരണം കൂടുതൽ ദുഷിച്ചതും മ്ലേച്ഛവുമാണ്. എന്തെന്നാൽ, പാപംമൂലം ഉണ്ടാകുന്ന കൃപയുടെ മരണം ദൈവത്തിൻറെ അനന്തമായ പരിശുദ്ധിയ്ക്കും  നന്മയ്ക്കും എതിരാണ്; സ്തുതിക്കപ്പെടേണ്ടതും ആരാധിക്കപ്പെടേണ്ടതുമായ അവിടുത്തെ അതു വ്രണപ്പെടുത്തുന്നു. 

നാരകീയ വേദനകൾ കൊണ്ടുള്ള  മരണം ഈ ലജ്ജിതരായ  ആത്മാക്കൾക്കുള്ള  ന്യായമായ ശിക്ഷയും, അവിടുത്തെ ഒരിക്കലും  തെറ്റുപറ്റാത്ത നീതിയുടെ പക്ഷപാതരഹിതമായ പകരം വീട്ടലുമാണ്. അതുവഴി, ഈ നീതി, പാപത്താൽ പ്രകോപിപ്പിക്കപ്പെടുകയും  നിന്ദിക്കപ്പെടുകയും  ചെയ്ത അതേ അളവിൽ ഉയർത്തപ്പെടുകയും പ്രഘോഷിക്കപ്പെടുകയും  ചെയ്യുന്നു.  എല്ലാവരും എല്ലാക്കാലത്തും അതിനെ  ഭയപ്പെടുകയും ആരാധിക്കുകയും ചെയ്യപ്പെടട്ടെ. ആമ്മേൻ. 

(തുടരും)