വിശുദ്ധ നഗരം : അഭയ നഗരം അധ്യായം 8

251. ഇതെല്ലാം ഇപ്പോൾ ഭൂമിയിലുള്ളതാണെങ്കിലും  ഭൗതിക കാരണങ്ങൾകൊണ്ട് ഉണ്ടാകാൻ സാധ്യതയില്ലാത്തവയായതിനാൽ, മറിയം “സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നു” എന്നു പറയപ്പെടുന്നു. പ്രകൃതിയുടെ സാധാരണ രീതി  അനുസരിച്ചു  മറിയം ആദത്തിൽനിന്നു  ജനിച്ചതാണെങ്കിലും,   ദീർഘകാലമായി നിലനിന്നുപോന്ന പാപത്തിൻറെ പാതകളിൽ ആ ആദ്യപാപിയുടെ മറ്റെല്ലാ മക്കളും ചെയ്തതുപോലെ, മറിയം ചവിട്ടിയില്ല. ആ നാഥയ്ക്കുവേണ്ടി  മാത്രമായി, മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ച  ഒരു പ്രത്യേക ദൈവിക തീരുമാനം ഉണ്ടായിരുന്നു. മറിയം അവിടുത്തെ ദിവ്യപുത്രനോടൊപ്പം ഈ ലോകത്തിലേക്ക് ഇറങ്ങേണ്ടിയിരുന്നതും  പ്രത്യേകമാം തയ്യാർ ചെയ്തതുമായ   ഒരു പുതിയ പാത  – മറിയം മറ്റേതൊരു മനുഷ്യനെയും പോലെയല്ലാത്തതിനാലും,  മറിയവും നമ്മുടെ കർത്താവായ ക്രിസ്തുവും നടന്ന അതേ പാതയിലൂടെ സഞ്ചരിക്കാൻ മറ്റാരും യോഗ്യരല്ലാത്തതിനാലും  പ്രത്യേകമായി ഒരുക്കിയ   ഒരു പുതിയ പാത – തുറക്കപ്പെട്ടു. അങ്ങനെ, ദൈവതിരുഹിതത്തിൽ സ്വർഗ്ഗത്തിൽനിന്നുള്ള ഒരു പുതിയ സൃഷ്ടി എന്ന നിലയിൽ മറിയം ദൈവിക ജ്ഞാനത്തിൻറെയും ദൈവികനിശ്ചയത്തിൻറെയും  ഉന്നതമായ മേഖലകളിൽനിന്ന് ഇറങ്ങിവന്നു. 

ഭൂമിയിൽനിന്ന് ഉത്ഭവിച്ച ആദത്തിൻറെ മറ്റു മക്കൾ ലൗകികരും, കളങ്കമുള്ളവരുമായിരുന്നു. സാധാരണഗതിയിൽ  അത്തരമൊരു വ്യക്തി, ഇന്ന  വീട്ടിൽനിന്നോ ഇന്ന കുടുംബത്തിൽനിന്നോ വന്നതാണെന്നു  നാം പറയുന്നു, കാരണം അവൻ  തൻറെ  പൂർവികരുടെ സന്തതിയായിട്ടാണു  പിറക്കുന്നത്. എന്നാൽ,  സകല സൃഷ്ടികളുടെയും രാജ്ഞിയായ  മറിയം  നിഷ്‌ക്കളങ്കതയാലും കൃപയാലും ദൈവത്തിൽനിന്ന്  രൂപമെടുത്ത്, സ്വർഗ്ഗത്തിൽനിന്നു വരുന്നവളാണ്.  ദൈവമാതാവെന്ന നിലയിൽ മറിയത്തിൻറെ മഹത്വം, കൃപയിലൂടെയും ദിവ്യത്വത്തിലുള്ള പങ്കാളിത്തത്തിലൂടെയും മറിയത്തെ നിത്യപിതാവിൻറെ അടുത്തെത്തിക്കുന്നു എന്നതിനെ നാം കണക്കിലെടുക്കുമ്പോൾ, ആദത്തിൽനിന്നു ലഭിച്ച മറിയത്തിൻറെ ഭൗതിക സത്ത ഇപ്പോൾ പരിഗണിക്കപ്പെടുന്നതേയില്ല. മറിയത്തിനു നൽകപ്പെട്ട ഈ സമുന്നതസ്ഥാനം  ഹേതുവായി  മറിയത്തിൻറെ സ്വാഭാവിക സത്ത കേവലം അപ്രധാന ഘടകമായി കണക്കാക്കപ്പെടുന്നു. അതിനാൽ, മറിയത്തിൻറെ ഭൗതിക സത്ത ഭൂമിയിൽനിന്നു വന്നതാണ് എന്ന നിസ്സാരമായ കാര്യങ്ങളിലേക്കല്ല, മറിച്ചു  മറിയത്തിൻറെ ഏറ്റവും ഉന്നതവും സ്വർഗ്ഗീയവുമായ കാര്യങ്ങളിലേക്കാണു യോഹന്നാൻ  തൻറെ ദൃഷ്ടികൾ പതിപ്പിച്ചത്.   

252. അവൾ  “ഭർത്താവിനായി അണിഞ്ഞൊരുങ്ങിയ മണവാട്ടിയെപ്പോലെ” വന്നു എന്ന് അദ്ദേഹം തുടർന്നു പറയുന്നു. വിവാഹവാഗ്‌ദാനദിവസം വധുവിനെ അലങ്കരിക്കുന്നതിനു ലഭ്യമായതിൽ  ഏറ്റവും വിലയേറിയ അലങ്കാര വസ്തുക്കളും സമ്മാനങ്ങളും വാങ്ങുക എന്നതു മനുഷ്യരുടെ ഇടയിൽ പതിവാണ്. മണവാട്ടിയുടെ  നിലയ്ക്കും അവസ്ഥയ്ക്കും അനുയോജ്യമായ രീതിയിൽ ഒരു കുറവുമില്ലാതെ അണിയിക്കാൻ വേണ്ടി ഏറ്റവും വിലപിടിപ്പുള്ള ആഭരണങ്ങൾ കടം വാങ്ങുക പോലും ചെയ്യും. അതിനാൽ, ഏറ്റവും പരിശുദ്ധയായ മറിയം, പരിശുദ്ധത്രിത്വത്തിൻറെ മണവാട്ടിയും, ത്രിത്വത്തിലെ രണ്ടാമത്തെ വ്യക്തിയുടെ അമ്മയുമായിരുന്നുവെന്നും, മറിയം ഈ സ്ഥാനമാനങ്ങൾക്കായി അളവോ പരിധിയോ ഇല്ലാതെ, അപരിമേയനും സർവസമ്പന്നനും സർവശക്തനുമായ  ദൈവത്താൽ അലങ്കരിക്കപ്പെടുകയും അണിഞ്ഞൊരുക്കപ്പെടുകയും ചെയ്തുവെന്നും, അംഗീകരിക്കാൻ നാം നിർബന്ധിതരാകുന്നു. 

 അതുപോലെതന്നെ, നാം സമ്മതിക്കുമെങ്കിൽ, മറിയം ഒരു യോഗ്യയായ മണവാട്ടിയും അമ്മയും ആകുന്നതിന്, അവിടുന്ന് എന്തെല്ലാം അലങ്കാരങ്ങളാലും, തയ്യാറെടുപ്പുകളാലും, ആഭരണങ്ങളാലും മറിയത്തെ സജ്ജീകരിച്ചിട്ടുണ്ടായിരിക്കണം? അവിടുത്തെ ഭണ്ഡാരത്തിൽ നിന്ന് ഏതെങ്കിലും വിശിഷ്ട മായ ആഭരണങ്ങൾ  മറിയത്തിനുകൊടുക്കാതെ അവിടുന്നു മാറ്റിവയ്ക്കുമോ? മറിയത്തെ മനോഹരിയും  അമൂല്യയും  ആക്കാൻ കഴിയുന്ന ഏതെങ്കിലും കൃപ അവിടുന്നു തടഞ്ഞുവയ്ക്കുമോ? മറിയത്തെ ക്ഷണനേരത്തേക്കുപോലും വികൃതയോ, വിരൂപയോ   ആക്കാനോ,ഏതെങ്കിലും വിധത്തിൽ കളങ്കപ്പെടുത്താനോ അവിടുന്ന് അനുവദിക്കുമോ? മറിയവുമായി താരതമ്യപ്പെടുത്തുമ്പോൾ, തൻറെ  ഭവനത്തിലെ ദാസന്മാരെയും അടിമകളെയുംകാൾ  താഴ്ന്ന മറ്റ് ആത്മാക്കളിലേക്കു ദൈവികതയുടെ നിധികൾ അവിടുന്നു വളരെ അതിശയകരമാംവിധം സമൃദ്ധമായി കൊടുക്കുമ്പോൾ, അവിടുന്നു  തൻറെ  അമ്മയും മണവാട്ടിയുമായവളെ ഒഴിവാക്കുകയോ മറിയത്തോടു പിശുക്കു കാട്ടുകയോ ചെയ്യുമോ? 

 തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരുവൾ എന്നും (ഉത്തമഗീതങ്ങൾ 6:9 ), “ഉഷസ്സുപോലെ ശോഭിക്കുന്നവളും, ചന്ദ്രനെപ്പോലെ കാന്തിമതിയും കൊടിക്കൂറകളേന്തുന്ന സൈന്യത്തെപ്പോലെ  ഭയദയും   (ഉത്തമഗീതങ്ങൾ 6:9) എന്നും  ആരെപ്പറ്റിയാണോ പറയുന്നത്,  അവളെ മറ്റെല്ലാവരും  അത്ഭുതത്തോടെയും സന്തോഷവായ്‌പോടെയും സ്തുതിക്കുകയും,  അവൾ സ്ത്രീകളിൽ അമലോത്ഭവയും  ഏറ്റവും ഭാഗ്യവതിയും  ആയവൾ എന്നു എല്ലാവരും തിരിച്ചറിയുകയും പ്രഖ്യാപിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യട്ടെ.  കർത്താവും അത് അംഗീകരിക്കുന്നു.  പരിശുദ്ധ ത്രിത്വത്തിൻറെ അണിഞ്ഞൊരുങ്ങിയ മണവാട്ടിയെപ്പോലെ ലോകത്തിലേക്ക് ഇറങ്ങിവന്ന, സർവശക്തൻറെ ഏകമണവാട്ടിയും അമ്മയുമായ ഏറ്റവും പരിശുദ്ധ മറിയമാണിത്. ഈ വരവും രംഗപ്രവേശനവും ദിവ്യത്വത്തിൻറെ മഹത്തായ ദാനങ്ങളാൽ അവിസ്മരണീയമാക്കിയതിനാൽ, അവയുടെ തേജസ്സ് മറിയത്തെ സൂര്യോദയത്തേക്കാൾ കൂടുതൽ സ്വീകാര്യയും, ചന്ദ്രനേക്കാൾ സുന്ദരിയും, സൂര്യനേക്കാൾ മനോഹരിയും ആരാധ്യയും, എല്ലാ സൃഷ്ടികളിലും വച്ച്  അതുല്യയുമാക്കി. 

വിശുദ്ധരുടെയും മാലാഖമാരുടെയും സ്വർഗ്ഗീയ സൈന്യങ്ങളേക്കാൾ ധീരയും ശക്തയുമായി മറിയം വന്നു. ദൈവം ആഗ്രഹിച്ചതെല്ലാം അവിടുന്നു  മറിയത്തിനു നൽകി. സത്തയിൽ  ദൈവികമല്ലാത്തതും, എന്നാൽ അതേസമയം ദൈവികതയോട് ഏറ്റവും അടുത്തുവരുന്നതും ഒരു സൃഷ്ടിക്ക് ഉണ്ടാകാവുന്ന എല്ലാ മാലിന്യങ്ങളിൽ നിന്നും തീർത്തും അകന്നുനിൽക്കുന്നതുമായതെല്ലാം, അവിടുത്തേയ്ക്കു നൽകാൻ കഴിയുന്നതെല്ലാം മറിയത്തിനു നൽകാൻ അവിടുന്ന് ആഗ്രഹിച്ചു. ഇപ്രകാരം, ദൈവത്താൽ അലങ്കരിക്കപ്പെട്ടു   മറിയം ഇറങ്ങിവന്നു. യാതൊരു  കുറവുകളും  ഇല്ലാത്തവിധം ഒരുക്കിയിരുന്നതിനാൽ  ഈ അലങ്കാരം പൂർണ്ണതയാർന്നതായിരുന്നു. ഏതെങ്കിലും സംഗതിയിൽ, കൃപയിലോ  നിഷ്‌കന്മഷതയിലോ  മറിയം പരാജയപ്പെട്ടിരുന്നുവെങ്കിൽ, അത് അങ്ങനെയാകുമായിരുന്നില്ല.  മറിയം പരിപൂർണ്ണയായിരുന്നില്ലെങ്കിൽ മറിയത്തെ ഇപ്രകാരം അലങ്കരിക്കാൻ കൃപയുടെ നിധികൾ പര്യാപ്തമാകുമായിരുന്നില്ല. കാരണം അവ അപ്പോൾ  പ്രവർത്തിക്കേണ്ടത് വികലമായ ഒരു പ്രകൃതത്തിലോ, പാപപങ്കിലമായ വ്യക്തിത്വത്തിലോ, അഴുക്കും കറയും പുരണ്ട ഒരു വസ്‌ത്രത്തിലോ ആയിരിക്കുമല്ലോ.

 അങ്ങനെയെങ്കിൽ   മറിയത്തിൻറെ ഭാഗത്തുനിന്ന്  എത്ര തന്നെ ശ്രദ്ധിച്ചാലും ഒഴിവാക്കാൻ കഴിയാത്ത   പാപത്തിൻറെ കറയോ  മാലിന്യമോ   നിഴലോ  എന്നേക്കും ഉണ്ടാകുമായിരുന്നു. ഇതെല്ലാം ദൈവത്തിൻറെ അമ്മയ്ക്കും മണവാട്ടിക്കും യോജിച്ചതല്ലല്ലോ.  മറിയത്തിന് അനുയോജ്യമല്ലെങ്കിൽ, അതു  ദൈവത്തിനും  അനുയോജ്യമല്ല; കാരണം, ദൈവം, ഏറ്റവും സമ്പന്നവും വിലപ്പെട്ടതുമായ വസ്ത്രങ്ങൾ അവിടുത്തെ കൈവശമുണ്ടായിരിക്കെ, അവിടുത്തെ അമ്മയെയും മണവാട്ടിയെയും തന്നെത്തന്നേയും മലിനമായതും മുഷിഞ്ഞതുമായ വസ്ത്രങ്ങൾ ധരിപ്പിക്കുമായിരുന്നെങ്കിൽ, മറിയത്തെ ഒരു മണവാളൻറെ സ്നേഹംകൊണ്ടോ അല്ലെങ്കിൽ ഒരു പുത്രൻറെ വ്യഗ്രതകൊണ്ടോ അണിഞ്ഞൊരുക്കുന്നതിൽ പരാജയപ്പെടുമായിരുന്നു.

253. നമ്മുടെ മഹനീയ രാജ്ഞിയോടുള്ള ബഹുമാനാദരങ്ങൾ  പ്രകാശിപ്പിക്കപ്പെടുകയും  അവ  മനുഷ്യരുടെ  അന്തർനേത്രങ്ങൾക്കു വ്യക്തമാക്കിക്കൊടുക്കുകയും ചെയ്യേണ്ട  സമയം അതിക്രമിച്ചിരിക്കുന്നു. ഒപ്പം തന്നെ  വിപരീതാഭിപ്രായങ്ങളാൽ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നവരെല്ലാം, അവിടുത്തെ ജൻമപാപരഹിതമായ അമലോത്ഭവത്തിൻറെ നിമിഷത്തിൽ  മറിയത്തിനു ലഭിച്ച  നിഷ്കളങ്കമായ വിശുദ്ധിയുടെ അലങ്കാരങ്ങളെ നിന്ദിക്കുന്നതും നിഷേധിക്കുന്നതും അവസാനിപ്പിക്കേണ്ട സമയവും അതിക്രമിച്ചിരിക്കുന്നു.

 സത്യത്തിൻറെ ശക്തിയാലും ഈ അപ്രാപ്യമായ രഹസ്യങ്ങൾ ഞാൻ കാണുന്ന പ്രകാശത്താലും  നിർബന്ധിതയായി, (എനിക്കു വെളിപ്പെട്ടുകിട്ടിയതനുസരിച്ച്), ഞാൻ വീണ്ടും വീണ്ടും പ്രഖ്യാപിക്കുന്നു, ദൈവമാതാവാണെന്നതടക്കമുള്ള   പരിശുദ്ധ മറിയത്തിൻറെ പ്രത്യേകാവകാശങ്ങൾ, കൃപകൾ, അസാധാരണാധികാരങ്ങൾ, ആനുകൂല്യങ്ങൾ, വരങ്ങൾ എന്നിവയെല്ലാം ഉത്ഭവിക്കുന്നതും അടിസ്ഥാനമിട്ടിരിക്കുന്നതും, തൻറെ  ഏറ്റവും പരിശുദ്ധമായ അമലോത്ഭവത്തിൻറെ നിമിഷത്തിൽ മറിയം കറയില്ലാത്തവളും കൃപ നിറഞ്ഞവളുമായിരുന്നു എന്ന വസ്തുതയിലാണ്.  അതിനാൽ, ഈ വിശേഷവരം ഇല്ലായിരുന്നെങ്കിൽ, അവയെല്ലാം,   ഉറപ്പുള്ള അടിസ്ഥാനത്തിന്മേൽ നല്ലരീതിയിൽ  പണിയപ്പെടാത്ത   മന്ദിരം പോലെ കുറവുള്ള ഒന്നായി  കാണപ്പെടും. എല്ലാം സ്ഥാപിക്കപ്പെട്ടതും എല്ലാം ആശ്രയിച്ചിരിക്കുന്നതും, ഒരു പ്രത്യേക രീതിയിൽ അവിടുത്തെ അമലോത്ഭവത്തിൻറെ ശുദ്ധതയെയും നിഷ്കളങ്കതയെയുമാണ്. ഇക്കാരണത്താൽ , ഈ നിഗൂഡപദ്ധതിയുടെ  ചരിത്രഗതിയെക്കുറിച്ചു ചിന്തിക്കുമ്പോൾ  പലപ്പോഴും, പ്രത്യേകിച്ചും ദൈവികപദ്ധതി  പരിഗണിക്കുമ്പോൾ,  പരിശുദ്ധ മറിയത്തിൻറെ രൂപകൽപനയും , അവിടുത്തെ ഏറ്റവും പരിശുദ്ധ പുത്രൻറെ മനുഷ്യാവതാരവും പരാമർശിക്കേണ്ടത് ആവശ്യമാണ്. ഞാൻ ഇതിനെക്കുറിച്ചു  കൂടുതൽ വിശദീകരിക്കുന്നില്ല;

 എന്നാൽ ഞാൻ എല്ലാവർക്കും  താക്കീതു  തരുന്നു, സ്വർഗ്ഗരാജ്ഞി, അവിടുത്തെ ഏറ്റവും ശുദ്ധമായ അമലോത്ഭവത്തിൽ, അവിടുത്തെ പുത്രനും മണവാളനും നൽകിയ സൗന്ദര്യത്തെയും അലങ്കാരത്തെയും ഏറ്റവുമധികം വിലമതിക്കുന്നു. അവിടുത്തെ ഏറ്റവും പരിശുദ്ധ പുത്രൻ, അവിടുത്തെ മഹത്വത്തിനും മനുഷ്യരുടെ നന്മയ്ക്കുമായി, മറിയത്തെ ഇപ്രകാരം  അലങ്കരിക്കുകയും മനോഹരമാക്കുകയും ചെയ്തു   ലോകത്തിനു മുൻപിൽ അവതരിപ്പിക്കാൻ  തിരുവുള്ളമായി എന്നിരിക്കെ, ഈ വിഷയത്തിൽ ദുഷ്ടലാക്കോടെയും ദുർവാശിയോടെയും കൂടി മറിയത്തെ കളങ്കപ്പെടുത്താനും നിന്ദിക്കാനും  ശ്രമിക്കുന്നവർക്കെതിരെ അതിനനുസരിച്ച   രോഷത്തോടെ മറിയം പ്രതികരിക്കും എന്നറിഞ്ഞിരിക്കുക.

യോഹന്നാൻ  തുടരുന്നു: 

254. “സിംഹാസനത്തിൽനിന്നു വലിയൊരു സ്വരം ഞാൻ കേട്ടു: ഇതാ, ദൈവത്തിൻറെ കൂടാരം മനുഷ്യരോടുകൂടെ. അവിടുന്ന് അവരോടൊത്തു വസിക്കും. അവർ അവിടുത്തെ ജനമായിരിക്കും. അവിടുന്ന് അവരോടുകൂടെ ആയിരിക്കുകയും ചെയ്യും.” എല്ലാ സൃഷ്ടികളെയും ചലിപ്പിക്കാനും അവരെ  അത്യുന്നതനിലേക്ക് ആകർഷിക്കാനും, തക്ക വിധത്തിൽ  ആ  ശബ്ദം വലുതും ശക്തവും, മാധുര്യമുള്ളതും ഫലപ്രദവുമാണ്. ഏറ്റവും അനുഗ്രഹീത ത്രിത്വത്തിൻറെ സിംഹാസനത്തിൽനിന്നു പുറപ്പെട്ടതും വിശുദ്ധ യോഹന്നാൻ കേട്ടതുമായ ഈ ശബ്ദം  അപ്പോൾ അദ്ദേഹത്തിനു കാണിച്ചുകൊടുത്ത രഹസ്യത്തെ  വേണ്ടവിധം മനസ്സിലാക്കുന്നതിനായി തൻറെ പൂർണ്ണ ശ്രദ്ധയും  അർപ്പിക്കാൻ   അദ്ദേഹത്തെ പ്രേരിപ്പിച്ചു. മനുഷ്യരുടെ ഇടയിൽ ദൈവത്തിൻറെ വാസസ്ഥലം കാണാനും, അവിടുന്ന് അവരുടെ ഇടയിൽ ജീവിച്ചുവെന്നും, അവിടുന്ന് അവരുടെ ദൈവമാണെന്നും അവർ അവിടുത്തെ ജനമാണെന്നും അറിയാനുമുള്ള വിശേഷഭാഗ്യം അദ്ദേഹത്തിനുണ്ടായി.  

ഞാൻ വിവരിച്ച രീതിയിൽ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവരുന്ന ഏറ്റവും പരിശുദ്ധ മറിയത്തിൻറെ നിഗൂഢമായ രൂപത്തിൽ ഇവയെല്ലാം ഉൾക്കൊള്ളുന്നു. ദൈവത്തിൻറെ ഈ കൂടാരം ഇപ്പോൾ ഭൂമിയിൽ വന്നിരിക്കുന്നതിനാൽ, ദൈവവും മനുഷ്യരുടെ ഇടയിൽ വസിച്ചു എന്ന് അത് അർത്ഥമാക്കുന്നു, എന്തെന്നാൽ അവിടുന്ന് ഈ കൂടാരത്തിൽ ജീവിക്കുകയും തുടരുകയും ചെയ്യുന്നു. ഇതു യോഹന്നാൻ  പറഞ്ഞതുപോലെയാണ്: അധികാരം ഏറ്റെടുത്ത രാജാവ്, ലോകത്തിൽ തൻറെ ദർബാർ കൂടുകയാണ്; അത് അവിടുന്നു തുടർന്നും ഭൂമിയിൽ വസിക്കുന്നതിനല്ലാതെ മറ്റൊന്നിനുമല്ല. ഈ കൂടാരത്തിലായിരിക്കേ,  അവിടുന്നു മനുഷ്യരുടെ ഇടയിൽ വസിക്കേണ്ടതിനായി  ഒരു മനുഷ്യരൂപം എടുക്കേണ്ടിയിരുന്നു. പിതാവിൻറെയും, അവിടുത്തെ അമ്മയുടെയും അവകാശമായി, അവിടുന്ന്  സകല മനുഷ്യരുടെയും  ദൈവവും അവർ അവിടുത്തെ ജനവും ആയിരിക്കണം. നാം പിതാവിൽനിന്നുള്ള പുത്രൻറെ അനന്തരാവകാശമാകുന്നതു പുത്രനിൽ സകലവും സൃഷ്ടിക്കപ്പെടുകയും  സകലതും  നിത്യകാലത്തേയ്ക്കു പുത്രനു നൽകപ്പെടുകയും ചെയ്തു എന്നതുകൊണ്ടു മാത്രമല്ല; അവിടുന്നു നമ്മുടെ മനുഷ്യപ്രകൃതി സ്വീകരിക്കുകയും നമ്മെപ്പോലെ  മനുഷ്യനായി, നമ്മെ അവിടുത്തെ സഹോദരന്മാരാക്കിക്കൊണ്ട്, പിതാവിൻറെ അവകാശമായും അവിടുത്തെ ജനമായും നമ്മെ വിലയ്ക്കുവാങ്ങി വീണ്ടെടുത്തു എന്നതുകൊണ്ടും  കൂടിയാണ്. മറിയം ക്രിസ്തുവിനു മനുഷ്യശരീരത്തിൻറെ രൂപം നൽകി, അതുവഴി ക്രിസ്തു തനിക്കുവേണ്ടിത്തന്നെ  നമ്മെ വാങ്ങി, അങ്ങനെ അവിടുത്തെ ആ മനുഷ്യസ്വഭാവം കാരണം നമ്മൾ ഏറ്റവും പരിശുദ്ധ മറിയത്തിൻറെ  നിയമപ്രകാരമുള്ള അനന്തരാവകാശികളാണ്. പരിശുദ്ധ ത്രിത്വത്തിൻറെ അമ്മയും മണവാട്ടിയും ആയ മറിയം എല്ലാ സൃഷ്ടികളുടെയും നാഥയായിരുന്നു. അത് അവിടുത്തെ ഏകജാതൻറെ ഒരു അവകാശമായി മറിയം നീക്കിവെച്ചു; എന്തെന്നാൽ മനുഷ്യ നിയമങ്ങൾ യുക്തിഭദ്രമായ രീതിയിൽ സ്ഥാപിതമാണ്, അതിനാൽത്തന്നെ അവ ദൈവികക്രമമനുസരിച്ചുള്ള സംവിധാനത്തിൽ അസാധുവാകേണ്ടതില്ല.

255. ഈ ശബ്ദം രാജകീയ സിംഹാസനത്തിൽനിന്ന് ഒരു മാലാഖയിലൂടെ പുറപ്പെട്ടു, അത്,  എനിക്കു തോന്നുന്നത്,  ഒരുതരത്തിൽ  ദൈവികമായ ഒരു അസൂയയോടെ   ആ മാലാഖ യോഹന്നാനോട് ഇങ്ങനെ പറയുന്നതായാണ്. “ഇതാ, കാണുക, ദൈവത്തിൻറെ കൂടാരം മനുഷ്യരോടുകൂടെ, അവിടുന്ന് അവരോടൊത്തു വസിക്കും, അവർ അവിടുത്തെ ജനമായിരിക്കും; അവിടുന്ന് അവരുടെ സഹോദരൻ ആയിരിക്കും, സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവരുന്നതായി നിങ്ങൾ കാണുന്ന മറിയമാകുന്ന ഈ കൂടാരത്തിൽ, അവിടുത്തെ ഗർഭധാരണത്തിലൂടെയും പോഷണത്തിലൂടെയും മനുഷ്യരൂപം സ്വീകരിക്കും”. എന്നാൽ ഈ സ്വർഗീയശുശ്രൂഷകരോടു തുല്യ സന്തോഷത്തോടെ തന്നെ  മറുപടി പറയാൻ നമുക്കു കഴിയും: ‘തീർച്ചയായും ദൈവത്തിൻറെ കൂടാരം നമ്മോടൊപ്പമുണ്ട്, കാരണം അതു നമ്മുടെ കൂടാരമാണ്, അവിടെ  ദൈവം നമ്മുടെ സ്വന്തമാകുന്നു;  നമ്മെ വിലയ്ക്കുവാങ്ങി  അവിടുത്തെ ജനമാക്കുന്നതിനായി താൻ   കൊടുക്കാനിരിക്കുന്ന  ജീവനും രക്തവും ക്രിസ്തു  അവിടെ നിന്നാണു   സ്വീകരിക്കുന്നത്. 

ദിവ്യകാരുണ്യത്തിൽ അവിടുത്തെ ഉൾക്കൊള്ളുക വഴി നാം അവിടുത്തെ കൂടാരമായിത്തീരുന്നതിനാൽ (യോഹ. 6:57), സ്വന്തം ഭവനത്തിലെന്നതുപോലെ അവിടുന്നു നമ്മിൽ വസിക്കും. ആവശ്യങ്ങളിൽ  നമ്മേക്കാൾ മിതത്വമുള്ള   നമ്മുടെ ജ്യേഷ്ഠസഹോദരന്മാരാകുന്നതുകൊണ്ടുതന്നെ ആ മാലാഖമാർ സംതൃപ്തരാകട്ടെ. നമ്മുടെ പിതാവിനാലും സഹോദരനാലും ശക്തിപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്യപ്പെടേണ്ട ബലഹീനനരായ കുഞ്ഞുങ്ങളാണല്ലോ  നാം. അവിടുന്ന് തൻറെ  അമ്മയുടെ കൂടാരത്തിലേക്കും നമ്മിലേക്കും വരട്ടെ; മറിയത്തിൻറെ കന്യകോദരത്തിൽ  അവിടുന്നു മനുഷ്യരൂപം സ്വീകരിക്കട്ടെ; ദൈവത്വം നമ്മെ വലയം ചെയ്യുകയും നമ്മുടെയിടയിലും നമ്മിലും ജീവിക്കുകയും ചെയ്യട്ടെ. അവിടുന്നു നമ്മുടെ ദൈവവും നാം അവിടുത്തെ ജനവും അവിടുത്തെ വിശ്രമസ്ഥലവും ആകേണ്ടതിനു നമ്മുടെയിടയിൽ വസിക്കുന്ന ദൈവത്തെ  നമുക്കു മുറുകെപ്പിടിക്കാം. സ്വർഗീയാരൂപികൾ അത്ഭുതത്തോടെയും അതിയായ ആശ്ചര്യത്തോടെയും ഉച്ചത്തിൽ സ്തുതിക്കട്ടെ: എന്നാൽ മനുഷ്യരായ നമുക്ക്  അവിടുത്തോടുള്ള മാലാഖമാരുടെ   സ്തുതിയിലും സ്നേഹത്തിലും പങ്കുചേർന്നുകൊണ്ടുതന്നെ  അവിടുത്തെ ആസ്വദിക്കാം. തിരുവചനം തുടരുന്നു: 

256. “അവിടുന്ന് അവരുടെ മിഴികളിൽനിന്നു കണ്ണീർ തുടച്ചുനീക്കും. ഇനി മരണം ഉണ്ടായിരിക്കുകയില്ല. ഇനിമേൽ ദുഃഖമോ മുറവിളിയോ വേദനയോ ഉണ്ടാവുകയില്ല. പഴയതെല്ലാം കടന്നുപോയി.” പാപം മൂലം മനുഷ്യരുടെ കണ്ണിൽനിന്ന് ഒഴുകുന്ന കണ്ണുനീർ, പരിശുദ്ധ മറിയത്തിൻറെ അമലോത്ഭവം നമുക്ക് ഉറപ്പുനൽകിയ വീണ്ടെടുപ്പിൻറെ അനന്തരഫലമായി  വറ്റിപ്പോകും. പാപത്തിൻറെ ഫലമായ  മരണവും, പാപത്തിൻറെ മറ്റെല്ലാ പരിണതഫലങ്ങളും ഇല്ലാതാകുകയും അവസാനിക്കുകയും ചെയ്യുന്നു. അതിനാൽ ഇനിമേൽ അത്യുന്നതൻറെ കാരുണ്യവും, അവിടുത്തെ പുത്രൻറെ തിരുരക്തവും  യോഗ്യതകളും, ക്രിസ്തുവിൻറെ   ദിവ്യരഹസ്യങ്ങളും  കൂദാശകളും, ക്രിസ്തുവിൻറെ സഭയുടെ നിക്ഷേപഭണ്ഡാരങ്ങളും, അവിടുത്തെ അമ്മയുടെ മധ്യസ്ഥതയും  പ്രയോജനപ്പെടുത്തുന്നവർക്ക് ഇനി മരണമോ ദുഃഖമോ കണ്ണുനീരോ ഉണ്ടാവുകയില്ല.ഒരിക്കലും മോചനം ലഭിക്കാത്ത  അഗാധത്തിൽ വസിക്കുന്ന  നാശത്തിൻറെ സന്തതികൾക്ക്  ഇപ്പോൾ യഥാർത്ഥ വിലാപം അവശേഷിക്കുന്നു. അദ്ധ്വാനത്തിൻറെ സങ്കടങ്ങൾ ഒരു വിലാപമല്ല, സത്യത്തിൽ അതൊരു ദുഃഖവുമല്ല, മറിച്ച്, നമുക്കു ലഭിക്കാൻ പോകുന്ന  സത്യമായ പരമാനന്ദവുമായി തികച്ചും ചേർന്നുപോകുന്നതും എന്നാൽ പ്രത്യക്ഷത്തിൽ അനുഭവവേദ്യവുമായ ഒന്നാണത്. സമർപ്പണത്തോടെ ഏറ്റെടുക്കുമ്പോൾ, അതു കണക്കാക്കാനാവാത്തത്ര മൂല്യമുള്ളതാണ്, ദൈവപുത്രൻ തനിക്കുതന്നെയെന്നതുപോലെ തൻറെ  അമ്മയ്ക്കും  സഹോദരങ്ങൾക്കും കൂടി  വേണ്ടിയുള്ള സ്നേഹപൂർവമായ  ഉടമ്പടിയായി അതിനെ സ്വീകരിച്ചു. 

257. ശബ്ദകോലാഹലമോ കലഹധ്വനിയോ  അവിടെ  കേൾക്കയില്ല; നീതിമാന്മാരും ജ്ഞാനികളും അവരുടെ കർത്താവിൻറെയും  അവിടുത്തെ ഏറ്റവും വിനയമുള്ള അമ്മയുടെയും മാതൃക പിന്തുടർന്ന്, ബലിമൃഗമായി അറുക്കപ്പെട്ട ഊനമറ്റ ആട്ടിൻകുട്ടിയെപ്പോലെ നിശ്ശബ്ദത പാലിക്കാൻ പഠിക്കണം (ഏശയ്യാ 53:7). തങ്ങളുടെ  അക്ഷമയും ആത്മവിശ്വാസക്കുറവും മൂലമുണ്ടായ നാശങ്ങൾ   പരിഹാരമായിട്ടാണ്  അവരുടെ പരമനാഥനും മാതൃകയുമായ യേശു  ഭീകരമായ കുരിശിൽ ബലികഴിക്കപ്പെട്ടത് എന്നു മനസ്സിലാക്കിക്കൊണ്ട്  എപ്പോഴും നിലവിളിക്കാനും പരാതിപ്പെടാനുമുള്ള തങ്ങളുടെ  ബലഹീന സ്വഭാവം  അവർ ഉപേക്ഷിക്കണം (ഫിലിപ്പി 2:8). അത്തരമൊരു ഉദാഹരണം നമ്മുടെ മുൻപിൽ ഇരിക്കേ, അദ്ധ്വാനത്തെയും ബുദ്ധിമുട്ടിനെയും കുറിച്ചു പരാതിപ്പെടാൻ നാം നമ്മെത്തന്നെ   എന്തിന് അനുവദിക്കണം? അല്ലെങ്കിൽ തന്നെ  സനാതനസ്നേഹത്തിൻറെ നിയമം സ്ഥാപിക്കാൻ ക്രിസ്തു വന്നിരിക്കേ, വിദ്വേഷത്തിൽ  നിന്നുയരുന്ന  ഭിന്നതകളും ദയാശൂന്യമായ  മനോവികാരങ്ങളും മനുഷ്യർക്കിടയിൽ എങ്ങനെ അനുവദിക്കാനാകും?  

യോഹന്നാൻ  ആവർത്തിക്കുന്നു: “ഇനിമേൽ ദുഃഖം ഉണ്ടാവുകയില്ല.” കാരണം, മനുഷ്യരുടെയിടയിൽ എന്തെങ്കിലും സങ്കടങ്ങൾ അവശേഷിക്കുന്നുവെങ്കിൽ, അവ  നീചമനസാക്ഷിയുള്ളവരുടേതു  മാത്രമാണ്.  എന്നാൽ ഇത്തരത്തിലുള്ള ദുഃഖത്തിന്  ഇപ്പോൾ പരിഹാരമുണ്ട്. അത്  പരിശുദ്ധ മറിയത്തിൻറെ ഗർഭപാത്രത്തിൽ  മനുഷ്യനായി അവതരിച്ച വചനമാകുന്ന   സിദ്ധഔഷധമല്ലാതെ മറ്റെന്താണ്? അതിനാൽ ഇപ്പോൾ ഈ ദുഃഖം സ്വീകാര്യമാവുകയും അതു  സന്തോഷിക്കാനുള്ള കാരണമായിത്തീരുകയും  ചെയ്യുന്നു, ഇനി ദുഃഖത്തിന് ഒരു സ്ഥാനവുമില്ല, അതിൽത്തന്നെ ഏറ്റവും ശ്രേഷ്ഠവും സത്യവുമായ  ആനന്ദം  അടങ്ങിയിരിക്കുന്നു. പഴയത്, അതായത്,  പഴയ  നിയമങ്ങൾ  കൊണ്ടുവന്ന   ഫലശൂന്യമായ  കഷ്ടപ്പാടുകളും സങ്കടങ്ങളും അതിൻറെ വരവോടെ  കടന്നുപോയി.  പുതിയ നിയമത്തിലെ കൃപയുടെ സമൃദ്ധിയാൽ അവ ഇപ്പോൾ മധുരവും  ശാന്തവുമായിരിക്കുന്നു. അതിനാൽ അദ്ദേഹം തുടരുന്നു: “ഇതാ സകലവും ഞാൻ നവീകരിക്കുന്നു”.  ഈ ശബ്ദം സിംഹാസനത്തിൽ ഇരിക്കുന്നവനിൽനിന്നു  പുറപ്പെട്ടു. കാരണം  പുതിയ സുവിശേഷനിയമത്തിൻറെ എല്ലാ രഹസ്യങ്ങളുടെയും ശിൽപിയായി അവിടുന്നു സ്വയം പ്രഖ്യാപിക്കുകയാണ്.

പിതാവിൻറെ ഏകജാതൻറെ മനുഷ്യാവതാരം, അവിടുത്തെ മാതാവിൻറെ നിത്യകന്യകാത്വം  എന്നിങ്ങനെയുള്ള അപൂർവ കാര്യങ്ങൾ  എല്ലാം  ആരംഭിക്കുന്നത്, ഇതുവരെ ആരും കേട്ടിട്ടില്ലാത്തതും  ഭാവന ചെയ്യാൻ പോലും  സാധിക്കാത്തതുമായ  ഒരു സംഭവത്തിൽ നിന്നാകേണ്ടിയിരുന്നതിനാൽ, എല്ലാ കാര്യങ്ങളിലുമെന്നപോലെ, ഈ അമ്മയിൽ പഴയതും  നാശോന്മുഖമായതുമായ   ഒന്നും ഉണ്ടാകരുത് എന്നത് ആവശ്യമായിരുന്നു. എന്നാൽ ഉത്ഭവപാപം പ്രത്യക്ഷത്തിൽ കാണുന്ന പ്രകൃതിയേക്കാൾ പഴക്കമുള്ളതാണ്; അവതരിച്ച വചനത്തിൻറെ മാതാവിനെ അതു ബാധിച്ചിട്ടുണ്ടായിരുന്നെങ്കിൽ, ദൈവം ഇപ്രകാരം  എല്ലാം നവീകരിക്കുമായിരുന്നില്ല. 

258. അവിടുന്ന് എന്നോടു വീണ്ടും പറഞ്ഞു: “എഴുതുക. ഈ വചനങ്ങൾ വിശ്വാസയോഗ്യവും സത്യവുമാണ്.” അവിടുന്ന് എന്നോടു വീണ്ടും പറഞ്ഞു: “ഞാൻ ആൽഫയും ഒമേഗയുമാണ് – ആദിയും അന്തവും.” നമ്മുടെ സംസാരരീതി അനുസരിച്ചു  പറഞ്ഞാൽ , ദൈവം വളരെയധികം ദുഃഖിതനായിരുന്നു.  കാരണം മനുഷ്യാവതാരവും വീണ്ടെടുപ്പും വഴി നമുക്കുവേണ്ടി ദൈവം  ചെയ്ത സ്നേഹത്തിൻറെ മഹത്തായ പ്രവൃത്തികൾ എത്രയധികമായി വിസ്മരിക്കപ്പെടുവാൻ പോകുന്നു! ഈ മഹാകാര്യങ്ങളുടെ  സ്മരണയ്ക്കായും  നമ്മുടെ നന്ദികേടിൻറെ പരിഹാരത്തിനായും അവ എഴുതപ്പെടണമെന്ന് അവിടുന്നു കൽപ്പിക്കുന്നു. അതിനാൽ മനുഷ്യർ അവ തങ്ങളുടെ  ഹൃദയത്തിൽ എഴുതുകയും, തങ്ങളുടെ ശപ്തവും  തീവ്രവുമായ  വിസ്മൃതിയിലൂടെ ദൈവത്തിനെതിരെ ചെയ്തേക്കാവുന്ന  പാപത്തെ അതിയായി ഭയപ്പെടാൻ തുടങ്ങുകയും വേണം. കത്തോലിക്കർ ഈ രഹസ്യങ്ങളിൽ വിശ്വസിക്കുകയും ശരണപ്പെടുകയും ചെയ്യുന്നു എന്നുള്ളതു സത്യമാണെങ്കിലും,  അവ അർഹിക്കുന്ന ആദരവിനു പകരംഅവയെ  നിന്ദിച്ചുകൊണ്ടും അതുപോലെ തന്നെ  അവയ്ക്കുവേണ്ടി  ചെയ്യേണ്ട കാര്യങ്ങൾ എന്തെന്നു  മറന്നുകൊണ്ടും ഫലത്തിൽ  പരോക്ഷമായി അവയെ തള്ളിപ്പറയുകയും  അവയിൽ വിശ്വാസമില്ലാത്തവരെപ്പോലെ ജീവിക്കുകയും ചെയ്യുന്നു. അവരുടെ നിന്ദ്യമായ കൃതഘ്നതയ്‌ക്കെതിരെ  കർത്താവു  പറയുന്നു: “ഈ വചനങ്ങൾ വിശ്വാസയോഗ്യവും സത്യവുമാണ്.” ഏറ്റവും വിശ്വസ്തവും മനുഷ്യഹൃദയത്തെ അതിൻറെ മരവിപ്പിൽനിന്ന്  ഉണർത്തുവാൻ  ഏറ്റവും ശക്തവുമാണ് ഈ വാക്കുകൾ എന്ന്, അലസരും ഉദാസീനരുമായ മനുഷ്യർ, അവരുടെ ഉന്മേഷമില്ലായ്മയിലും മന്ദതയിലും,  മനസ്സിൽ പരിചിന്തനം ചെയ്യട്ടെ.  അത്  ഏറ്റവും ഉറപ്പുള്ള സത്യമായി അവരുടെ  ഓർമ്മശക്തിയിൽ സ്ഥിരപ്രതിഷ്ഠമാകട്ടെ.  എന്തെന്നാൽ  നാം ഓരോരുത്തർക്കും വേണ്ടി ദൈവം അവയെ സത്യമാക്കി സ്ഥാപിച്ചിരിക്കുന്നു.  

259. എന്നാൽ ദൈവം അവിടുന്ന്  ഒരിക്കൽ നൽകിയ ദാനങ്ങളെക്കുറിച്ച് ദുഃഖിക്കുന്നില്ല (റോമ 11:29) എന്നതിനാൽ, മനുഷ്യൻ തന്നെത്തന്നെ സ്വയം അയോഗ്യനാക്കിയാലും, അവിടുന്നു നൽകുന്ന നന്മ ഒരിക്കലും പിൻവലിക്കുന്നില്ല. നമ്മുടെ നന്ദികേടുകൊണ്ടു നാം അവിടുത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിലും, അവിടുന്ന് അവിടുത്തെ സ്നേഹത്തിൻറെ  മാർഗ്ഗത്തിൽനിന്നു പിന്തിരിയുകയില്ലെന്നും, എന്നാൽ പാപത്തിൽനിന്ന് മുക്തയായ  പരിശുദ്ധ മറിയത്തെ ലോകത്തിലേക്ക് ഇതിനകം അയച്ചതിനാൽ മനുഷ്യാവതാരവുമായി ബന്ധപ്പെട്ടതെല്ലാം ഇതിനകം ഒരു  നിറവേറ്റപ്പെട്ടുകഴിഞ്ഞ  വസ്തുതയാണ് എന്നും അവിടുന്നു നമ്മോടു പറയാൻ ആഗ്രഹിക്കുന്നതുപോലെ, “സംഭവിച്ചുകഴിഞ്ഞു”  എന്ന് അവിടുന്നു പറയുന്നു. ഏറ്റവും ശുദ്ധയായ മറിയം ഇപ്പോൾ ഭൂമിയിൽ ആയിരുന്നതിനാൽ, ദൈവവചനത്തിന്  ഇനിയും  സ്വർഗ്ഗത്തിൽ തുടരുകയും  കന്യകയുടെ ഉദരത്തിൽ മാംസം ധരിക്കുന്നതിനു വേണ്ടി ഭൂമിയിലേക്കു വരാതിരിക്കുകയും ചെയ്യുക എന്നത് അസാധ്യമാണ്. അവിടുന്ന് ഇങ്ങനെ വീണ്ടും പറഞ്ഞുകൊണ്ടു നമുക്ക് ഉറപ്പുനൽകി: ഞാൻ ആൽഫയും ഒമേഗയുമാണ്, ഒന്നാമത്തെയും അവസാനത്തെയും അക്ഷരം, എല്ലാറ്റിൻറെയും പൂർണ്ണത ഉൾപ്പെടെ, ആരംഭവും അവസാനവും; ഞാൻ അവർക്ക് ഒരു തുടക്കം നൽകിയാൽ, അത് അവരുടെ പരമമായ  ലക്ഷ്യത്തിൻറെ  പൂർണ്ണതയിലേക്ക് അവരെ ഉയർത്തുന്നതിനാണ്. കൃപയുടെ എല്ലാ പ്രവൃത്തികളും ക്രിസ്തുവിലൂടെയും മറിയത്തിലൂടെയും ആരംഭിക്കുകയും പൂർത്തീകരിക്കുകയും ചെയ്തുകൊണ്ടു ഞാൻ ഇതു ചെയ്യും. മനുഷ്യനിൽ ഞാൻ എല്ലാ സൃഷ്ടികളെയും ഉദ്ധരിക്കുകയും അവരുടെ അവസാന ലക്ഷ്യവും അവർ വിശ്രമം കണ്ടെത്തുന്ന അവരുടെ കേന്ദ്രവും ആയ എന്നിലേക്ക്, അവരെ ആകർഷിക്കുകയും ചെയ്യും. 

260. “ദാഹിക്കുന്നവനു ജീവജലത്തിൻറെ ഉറവയിൽനിന്നു സൗജന്യമായി ഞാൻ കൊടുക്കും. വിജയം വരിക്കുന്നവന് ഇവയെല്ലാം അവകാശമായി ലഭിക്കും.” ദൈവത്തിന് ഉപദേഷ്ടാവായതാര്?  തിരിച്ചുകിട്ടാനായി അവിടുത്തേയ്ക്കു ദാനം കൊടുത്തതാര്?” (റോമ. 11:34). മനുഷ്യർക്കുവേണ്ടി ദൈവം ചെയ്യുന്നതും ചെയ്തിട്ടുള്ളതുമെല്ലാം അവിടുത്തെ സ്വതന്ത്ര കൃപയാലാണ്, അല്ലാതെ ആരോടും ഉള്ള ബാധ്യതയിലൂടെയല്ല എന്നു നാം  മനസ്സിലാക്കണം എന്ന്  ആഗ്രഹിച്ചുകൊണ്ടാണ് അപ്പസ്തോലൻ ഇപ്രകാരം പറയുന്നത്. ഒരു നീരുറവ  അരുവിയിൽനിന്നു കുടിക്കുന്നവനോട് ഒന്നും കടപ്പെട്ടിരിക്കുന്നില്ല; അതിനെ സമീപിക്കുന്നവർക്കുവേണ്ടി അതു ശാന്തമായും  സൗജന്യമായും ഒഴുകുന്നു; എല്ലാവരും അതിൻറെ അനുഗ്രഹങ്ങളിൽ പങ്കാളികളാകാതിരിക്കുന്നത് ഉറവയുടെ തെറ്റല്ല, മറിച്ച് അതിനെ സമീപിക്കാത്തവരുടെ തെറ്റാണ്. എന്തെന്നാൽ, അതിൻറെ സന്തോഷകരമായ സമൃദ്ധിയിൽ പങ്കാളികളാകാൻ എല്ലാവരേയും അതു ക്ഷണിക്കുന്നു. അവർ ജീവജലത്തിൻറെ ഉറവയെ തേടുന്നില്ലെങ്കിൽ അതിനെ തേടുന്നവരുടെ അടുത്തേയ്ക്ക് അതു ഒഴുകുകയും അന്വേഷിക്കുന്നവർക്കു സൗജന്യമായും പ്രതിഫലമില്ലാതെയും നൽകുന്നതിനായി നിർത്താതെ ഒഴുകിക്കൊണ്ട്  സ്വയം വിതരണം ചെയ്യുകയും ചെയ്യുന്നു. 

ഓ മനുഷ്യരുടെ മന്ദത എത്രയോ നിന്ദ്യം! ഓ എത്രയോ  ഹീനമായ  കൃതഘ്നത! സത്യദൈവം  ഒരു തരത്തിലും നമ്മോടു  കടപ്പെട്ടിരിക്കുന്നില്ല.  അവിടുന്ന്  എല്ലാവർക്കും നൽകിയിട്ടുള്ളതും  നൽകുന്നതും ഔദാര്യം കൊണ്ടാണെങ്കിൽ, നമുക്കുവേണ്ടി മനുഷ്യനായിത്തീരുകയും മരിക്കുകയും ചെയ്യുന്നതിലൂടെ അവിടുന്ന് തൻറെ  സീമാതീതമായ  കൃപകളും വരങ്ങളും വർഷിച്ചുവെങ്കിൽ,  അപ്രകാരം അവിടുന്ന് തന്നെത്തന്നെ  പൂർണ്ണമായി നമുക്കു നൽകുകയും നമ്മുടെ മനുഷ്യപ്രകൃതിയെ അന്വേഷിച്ചുവന്ന്   നമ്മോട്  ഒന്നായിച്ചേരുകയും  ചെയ്യുന്നതുവരെ അവിടുത്തെ ദൈവത്വത്തിൻറെ  പ്രവാഹം ഒഴുകാൻ അനുവദിക്കുകയും ചെയ്യുന്നുവെങ്കിൽ, എങ്ങനെയാണ് എപ്പോഴും   ബഹുമാനവും മഹത്വവും ആനന്ദവും  ആഗ്രഹിക്കുന്ന നമുക്കു സൗജന്യമായി  ഒഴുകുന്ന ഈ ഉറവയിൽനിന്നു കുടിക്കാൻ തിടുക്കം കൂട്ടാതിരിക്കാൻ  കഴിയുന്നത്? (ഏശ. 55:1). 

എന്നാൽ, ഞാൻ അതിൻറെ  കാരണം അറിയുന്നു. യഥാർത്ഥ മഹത്വത്തിനും ബഹുമാനത്തിനും സന്തോഷത്തിനും വേണ്ടി നാം ദാഹിക്കുന്നില്ല, മറിച്ച്, യേശുക്രിസ്തു അവിടുത്തെ കുരിശു മരണത്തിൻറെ യോഗ്യതകളാൽ നമുക്കായി തുറന്നുതന്ന (ഏശ 12:3) കൃപയുടെ ഉറവകളെ പുച്ഛിച്ചുകൊണ്ട്, ഉപരിപ്ലവവും  വഞ്ചന നിറഞ്ഞതുമായവയെ മാത്രമാണു നാം അന്വേഷിക്കുന്നത്. ദൈവത്വത്തെയും അതിൻറെ കൃപകളെയും ദാഹിക്കുന്നവർക്ക്, ജീവജലത്തിൻറെ ഉറവയിൽനിന്നു സൗജന്യമായി നൽകുമെന്നു  കർത്താവു  വാഗ്ദാനം ചെയ്യുന്നു (ജെറ. 2:13). ഓ, ജീവജലത്തിൻറെ ഉറവ കണ്ടെത്തിയതിനു ശേഷവും വളരെ കുറച്ചുപേർ മാത്രം അതിനായി ദാഹിക്കുകയും, എന്നാൽ അനേകംപേർ മരണത്തിലേക്കു നയിക്കുന്ന ജലം തേടി ഓടുകയും ചെയ്യുന്നു എന്നുള്ളത് എത്രയധികം പരിതാപകരവും ഖേദകരവുമാണ്!  എന്നാൽ, പിശാചിനെയും ലോകത്തെയും സ്വന്തം ജഡത്തെയും ജയിക്കുന്നവർ തീർച്ചയായും ഇവ കൈവശമാക്കും. മാത്രമല്ല, അവിടുന്ന് അവ നൽകുമെന്നു വാഗ്ദാനം ചെയ്യുകയും  ചെയ്തിരിക്കുന്നു. കാരണം കൃപയുടെ ജലം ചില സമയങ്ങളിൽ നിഷേധിക്കപ്പെടുകയോ പിൻവലിക്കപ്പെടുകയോ ചെയ്തേക്കാം എന്ന സംശയം നമുക്കുണ്ടാകാമല്ലോ. അതിനാൽ നമുക്ക് ഉറപ്പുതരുന്നതിനായി, അവ പരിമിതികളോ നിയന്ത്രണങ്ങളോ ഇല്ലാതെ, നമുക്കുവേണ്ടി  അവിടുന്നു  സൗജന്യമായി വാഗ്ദാനം ചെയ്യുകയാണു ചെയ്യുന്നത്.  

(തുടരും)