വിശുദ്ധ നഗരം : അഭയനഗരം അധ്യായം 7

(അഗ്രെദായിലെ  വാഴ്ത്തപ്പെട്ട സി. മരിയയ്ക്ക് കിട്ടിയ ദർശനങ്ങൾ ഉൾക്കൊള്ളുന്ന Mystical City of God  എന്ന  ഗ്രന്ഥത്തിൽ നിന്നുള്ള തെരഞ്ഞെടുത്ത ഭാഗങ്ങളുടെ വിവർത്തനമാണിത്. പരിശുദ്ധ അമ്മയെക്കുറിച്ചുള്ള 

ചില  ഗ്രന്ഥഭാഗങ്ങൾ മാത്രമാണു   തെരഞ്ഞെടുത്തു   വിവർത്തനം ചെയ്തിരിക്കുന്നത്.  അതുകൊണ്ടു  ഖണ്ഡികകളുടെ നമ്പർ   ക്രമത്തിൽ ആയിരിക്കില്ല എന്നതു ശ്രദ്ധിക്കുമല്ലോ)

131 എന്നാൽ അനുഗ്രഹീതയും  പരിശുദ്ധവും കന്മഷരഹിതയുമായ ശരീരത്തിൻറെ ഉടമയുമായ    മറിയം  പാപചായ്‌വുകളോ ദുഷ്ടമനോഭാവങ്ങളോ സ്പർശിക്കാതെ, ഭൂമിയിൽനിന്ന് ഉണ്ടാകാവുന്ന എല്ലാ  മാലിന്യങ്ങളുടെയും സ്വാധീനത്തിൽ  നിന്നും  മുക്തയായിരുന്നു. എന്നുമല്ല, അവിടുത്തെ എല്ലാ മനോവ്യാപാരങ്ങളും  ഏറ്റവും ചിട്ടയായതും, ശാന്തമായതും, കൃപയ്ക്കു യോജിച്ചതുമായിരുന്നതിനാൽ, മറിയത്തിൻറെ  മൃൺമയശരീരം, അവിടുത്തെ ആത്മാവുമായി തികച്ചും യോജിപ്പിലായിരുന്നു. അതിനാൽ  ഭൂമി അതിൻറെ വായ് തുറന്ന്, മറിയത്തിനെതിരെ  മഹാസർപ്പം വിഫലമായി ഒഴുക്കിയ  പ്രലോഭനങ്ങളുടെ പ്രവാഹത്തെ  വിഴുങ്ങി; അങ്ങനെ മറിയം   ആദത്തിൻറെ മറ്റു സന്തതികളിൽനിന്നു വ്യത്യസ്തമായി,  പാപത്തിനു വഴങ്ങാത്തതും  തിന്മയുടെ  പുളിപ്പില്ലാത്തതുമായ സൃഷ്ടിയാണെന്ന് സർപ്പം  മനസ്സിലാക്കി. നമ്മുടെ വികാരങ്ങളും ദുഷിച്ച സ്വഭാവവും എല്ലായ്‌പ്പോഴും പുണ്യത്തിന് എതിരായതിനാൽ, നമ്മുടെ ലൗകികവും  ക്രമരഹിതവുമായ അഭിനിവേശങ്ങൾ പ്രലോഭനത്തിൻറെ പ്രളയത്തെ വിഴുങ്ങുന്നതിനേക്കാൾ കൂടുതലായി അവയെ ഉത്തേജിപ്പിക്കുന്നതിനാണു  ഉപകരിക്കുന്നത്. മറിയമെന്ന  ഈ അതിശയസൃഷ്ടിയ്‌ക്കെതിരായ  തൻറെ  ശ്രമങ്ങളുടെ ഫലശൂന്യത കാരണം മഹാസർപ്പം ചെയ്തതെന്തെന്നു  തിരുവചനം   പറയുന്നു:

132. “അപ്പോൾ സർപ്പം സ്ത്രീയുടെ നേരെ കോപിച്ചു. ദൈവകൽപ്പനകൾ കാക്കുന്നവരും, യേശുവിനു സാക്ഷ്യം വഹിക്കുന്നവരുമായി അവളുടെ സന്താനങ്ങളിൽ ശേഷിച്ചിരുന്നവരോടു യുദ്ധം ചെയ്യാൻ അതു പുറപ്പെട്ടു.” സകലസൃഷ്ടിയുടെയും രാജ്ഞിയായ മറിയം അതിഗംഭീരമായി   എല്ലാ കാര്യങ്ങളിലും മഹാസർപ്പത്തെ ജയിച്ചതിനാലും, മഹാസർപ്പം തൻറെ   നരകശക്തിയുടെ തകർച്ചയും   അവൻ നേരിടേണ്ട ഉത്തരമില്ലാത്ത ചോദ്യങ്ങളും     കഠിനശിക്ഷകളായിത്തന്നെ  ഭയപ്പെട്ടതിനാലും, ഏറ്റവും അനുഗ്രഹീതയായ അമ്മയുടെ വംശത്തിലും    തലമുറയിലുമുള്ള  മറ്റ് ആത്മാക്കൾക്കെതിരെ  ഘോരയുദ്ധം ചെയ്യാൻ തീരുമാനിച്ചുകൊണ്ട്, മറിയത്തിൻറെ പക്കൽ നിന്നു   പലായനം ചെയ്തു. ക്രിസ്തുവിൻറെ കൽപ്പനകൾ  കാക്കുന്നവരായും അവിടുത്തെ  നിരന്തര സാക്ഷികളായും, ജ്ഞാനസ്നാനവേളയിൽ, അവിടുത്തെ സാക്ഷ്യത്താലും രക്തത്താലും അടയാളപ്പെടുത്തപ്പെട്ടിരിക്കുന്ന വിശ്വസ്തരാണ് ഇവർ. ക്രിസ്തുവിൻറെയും അവിടുത്തെ ഏറ്റവും പരിശുദ്ധയായ അമ്മയുടെയും മേൽ ഒരു വിജയവും വരിക്കാൻ തനിക്കു  കഴിയില്ല എന്നു കണ്ട പിശാച്, അവൻറെ  ഉഗ്രകോപമെല്ലാം  പരിശുദ്ധ സഭയ്ക്കും അതിലെ അംഗങ്ങൾക്കും നേരെ കൂടുതൽ ശക്തിയോടെ തിരിച്ചുവിട്ടു.  പ്രത്യേകിച്ച് അവൻ ക്രിസ്തുവിൻറെ മണവാട്ടിമാർക്കെതിരെ  യുദ്ധം ചെയ്യുന്നു, അതിൽത്തന്നെ  പ്രത്യേകമായ  വിദ്വേഷത്തോടെ, കുഞ്ഞാടിൻറെ അമ്മയായ ഏറ്റവും പരിശുദ്ധ  കന്യക നൽകുന്ന  പൈതൃകവും  അവകാശവുമായ കന്യകാത്വം,  ചാരിത്രശുദ്ധി എന്നീ പുണ്യങ്ങൾ  നശിപ്പിക്കാൻ അവൻ ശ്രമിക്കുന്നു. ഇതെല്ലാം കൊണ്ടു  വിശുദ്ധ യോഹന്നാൻ ഇപ്രകാരം  പറയുന്നു:

133. “അതു സമുദ്രത്തിൻറെ മണൽതിട്ടയിൽ നിലയുറപ്പിച്ചു.” മഹാസർപ്പം തൻറെ  വിശപ്പു ശമിപ്പിക്കാനായി   ഉണക്കപ്പുല്ലുപോലെ തിന്നുന്ന , ലോകത്തിൻറെ നികൃഷ്ടമായ പൊള്ളത്തരങ്ങളാണിവ. ഇതെല്ലാം സ്വർഗ്ഗത്തിൽ തീരുമാനിക്കപ്പെടുകയും , അവതരിച്ച വചനത്തിൻറെ മാതാവിനായി ദൈവകൽപ്പനകളിൽ കരുതിവച്ചിരിക്കുന്ന പ്രത്യേക അവകാശങ്ങളെക്കുറിച്ചുള്ള പല  രഹസ്യങ്ങളും മാലാഖമാർക്കു  വെളിപ്പെടുത്തിക്കൊടുക്കുകയും  ചെയ്തു. എന്നാൽ കണ്ട കാര്യങ്ങൾ എല്ലാം തന്നെ വിവരിക്കുന്നതിനു ഞാൻ അശക്തയാണ്.; കാരണം, രഹസ്യങ്ങളുടെ ബാഹുല്യം എന്നെ ദുർബലയാക്കുകയും എനിക്ക് അവയുടെ ആവിഷ്‌ക്കരണത്തിന് ആവശ്യമായ വാക്കുകൾ ലഭിക്കാതെ വരികയും ചെയ്തിരിക്കുന്നു.

പരിശുദ്ധ മറിയത്തിൻറെ അമലോത്ഭവത്തിൻറെ രഹസ്യം തുടരുന്നു – വെളിപാടിൻറെ ഇരുപത്തിയൊന്നാം അധ്യായത്തിൻറെ  വിശദീകരണം 

——————————————–

244. ഏറ്റവും പരിശുദ്ധ മറിയത്തിൻറെ അമലോത്ഭവത്തിൽ വളരെ ഉന്നതവും മഹത്തരവുമായ  ദിവ്യവ്യാപാരങ്ങൾ  അടങ്ങിയിരിക്കുന്നു; ഈ പ്രശംസനീയമായ രഹസ്യം മനസ്സിലാക്കാൻ എന്നെ കൂടുതൽ പ്രാപ്തയാക്കുന്നതിനായി, അവിടുന്ന് എനിക്കു വിശുദ്ധ യോഹന്നാൻറെ വെളിപാടിൻറെ ഇരുപത്തിയൊന്നാം അധ്യായത്തിലെ മറഞ്ഞിരിക്കുന്ന പല അർത്ഥങ്ങളും വെളിപ്പെടുത്തിത്തരുകയുണ്ടായി. എനിക്കു വെളിപ്പെടുത്തപ്പെട്ട ചില കാര്യങ്ങൾ രേഖപ്പെടുത്തുമ്പോൾ, ദൈർഘ്യമേറിയ ഒരു അധ്യായം ഉണ്ടാക്കിയേക്കാവുന്ന വിരസത ഒഴിവാക്കുന്നതിനുവേണ്ടി ഈ വിശദീകരണം ഞാൻ മൂന്നു ഭാഗങ്ങളായി വിഭജിക്കുകയാണ്. ആ വിഭജനം താഴെ പറയുന്ന രീതിയിൽ ആണ് ഉദ്ദേശിക്കുന്നത്.

245. 1. “ഒരു പുതിയ ആകാശവും പുതിയ ഭൂമിയും ഞാൻ കണ്ടു. ആദ്യത്തെ ആകാശവും ആദ്യത്തെ ഭൂമിയും കടന്നുപോയി. 

2. കടലും അപ്രത്യക്ഷമായി. വിശുദ്ധ നഗരമായ പുതിയ ജറുസലെം ഭർത്താവിനായി അണിഞ്ഞൊരുങ്ങിയ മണവാട്ടിയെപ്പോലെ, സ്വർഗ്ഗത്തിൽനിന്ന്, ദൈവസന്നിധിയിൽനിന്ന്, ഇറങ്ങിവരുന്നതു ഞാൻ കണ്ടു. 

3. സിംഹാസനത്തിൽനിന്നു വലിയൊരു സ്വരം ഞാൻ കേട്ടു: ഇതാ, ദൈവത്തിൻറെ കൂടാരം മനുഷ്യരോടുകൂടെ. അവിടുന്ന് അവരോടൊത്തു വസിക്കും. അവർ അവിടുത്തെ ജനമായിരിക്കും. അവിടുന്ന് അവരോടുകൂടെ ആയിരിക്കുകയും ചെയ്യും. 

4. അവിടുന്ന് അവരുടെ മിഴികളിൽനിന്നു കണ്ണീർ തുടച്ചുനീക്കും. ഇനി മരണം ഉണ്ടായിരിക്കുകയില്ല. ഇനിമേൽ ദുഃഖമോ മുറവിളിയോ വേദനയോ ഉണ്ടാവുകയില്ല. പഴയതെല്ലാം കടന്നുപോയി. 

5. സിംഹാസനത്തിലിരിക്കുന്നവൻ പറഞ്ഞു: ഇതാ സകലവും ഞാൻ നവീകരിക്കുന്നു. അവിടുന്നു വീണ്ടും പറഞ്ഞു: എഴുതുക. ഈ വചനങ്ങൾ വിശ്വാസയോഗ്യവും സത്യവുമാണ്.

6. പിന്നെ അവിടുന്നു എന്നോടു പറഞ്ഞു: സംഭവിച്ചുകഴിഞ്ഞു. ഞാൻ ആൽഫയും ഒമേഗയുമാണ് – ആദിയും അന്തവും. ദാഹിക്കുന്നവനു ജീവജലത്തിൻറെ ഉറവയിൽനിന്നു സൗജന്യമായി ഞാൻ കൊടുക്കും.

7. വിജയം വരിക്കുന്നവന് ഇവയെല്ലാം അവകാശമായി ലഭിക്കും. ഞാൻ അവനു ദൈവവും അവൻ എനിക്കു മകനുമായിരിക്കും.  

8. എന്നാൽ, ഭീരുക്കൾ, അവിശ്വാസികൾ, ദുർമാർഗികൾ, കൊലപാതകികൾ, വ്യഭിചാരികൾ, മന്ത്രവാദികൾ, വിഗ്രഹാരാധകർ, കാപട്യക്കാർ എന്നിവരുടെ ഓഹരി തീയും ഗന്ധകവും എരിയുന്ന തടാകമായിരിക്കും. ഇതാണു രണ്ടാമത്തെ മരണം.”

246. ഈ അധ്യായം മൂന്നു ഭാഗങ്ങളായി തിരിച്ചതിൽ ആദ്യത്തെ ഭാഗമാണിത്.  ഓരോ   വാക്യങ്ങളും തനിയെ എടുത്തു  ഞാൻ ഇതിനെ വിശദീകരിക്കാൻ തുടങ്ങുകയാണ്. യോഹന്നാൻ  പറയുന്നു: “ഒരു പുതിയ ആകാശവും പുതിയ ഭൂമിയും ഞാൻ കണ്ടു.”   സർവ്വശക്തൻറെ കൈകൊണ്ടു മറിയത്തെ സൃഷ്ടിച്ചതിനെക്കുറിച്ചും, എന്തിൽ നിന്നാണോ വചനത്തിൻറെ ഏറ്റവും പരിശുദ്ധമായ മനുഷ്യപ്രകൃതം ഉത്ഭവിച്ചത്, ആ പദാർത്ഥനിബിഡമായ ശരീരത്തിൻറെ രൂപീകരണത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. എവിടെനിന്നാണോ, എന്തിൽ നിന്നാണോ വചനം രൂപം പ്രാപിച്ചത്, ആ ദൈവിക- മനുഷ്യപ്രകൃതത്തെയും  മറിയത്തിൻറെ കന്യകോദരത്തെയും ഒരു പുതിയ സ്വർഗ്ഗം എന്നു വിളിക്കുന്നതു തികച്ചും  ഉചിതമാണ്.  കാരണം, ആ സ്വർഗ്ഗത്തിൽ, പഴയ സ്വർഗ്ഗത്തിലോ അവിടുത്തെ സൃഷ്ടികളിൽ ഏതെങ്കിലുമൊന്നിലുമോ മുൻകാലത്ത്  അവിടുന്നു വസിച്ചിരുന്നതിൽനിന്നു വ്യത്യസ്തമായി, ദൈവം ഒരു പുതിയ രീതിയിൽ വസിക്കാൻ തുടങ്ങി. എന്നാൽ മനുഷ്യാവതാരത്തിൻറെ രഹസ്യത്തിനു ശേഷം പഴയ ആകാശത്തെയും പുതിയത് എന്നു  വിളിക്കാൻ കഴിയും.  കാരണം, അതിലൂടെയാണല്ലോ നശ്വരരായ  മനുഷ്യർക്കും ഇനിമേൽ അവിടെ  വസിക്കാൻ സാധിക്കും  എന്ന അവസ്ഥ  സംജാതമായത്.

 ക്രിസ്തുവിൻറെ മനുഷ്യപ്രകൃതിയുടെ മഹത്വത്താലും  അവിടുത്തെ ഏറ്റവും പരിശുദ്ധയായ അമ്മയുടെ മഹത്വത്താലും  ഇപ്രകാരം നിവർത്തിതമായ നവീകരണം അങ്ങേയറ്റം സമുജ്ജ്വലമായിരുന്നു. മുമ്പുതന്നെ സ്വർഗ്ഗത്തിന് അവശ്യം വേണ്ടിയിരുന്നതും സ്വർഗത്തിൽ  ഉണ്ടായിരുന്നതുമായ മഹത്വത്തിനുപുറമെ ഈ നവീകരണം സ്വർഗ്ഗത്തെ പുതുക്കുകയും, അതിനോടു മുമ്പുണ്ടായിരുന്നതായോ സംഭവിച്ചതായോ കേട്ടിട്ടില്ലാത്ത മനോഹാരിതയും ശോഭയും കൂട്ടിച്ചേർക്കുകയും ചെയ്തു. നല്ല മാലാഖമാർ  ഇതിനുമുൻപും അവിടെ വസിച്ചിരുന്നു; അതുകൊണ്ട്, നമുക്കു മനസിലാക്കാൻ കഴിയുന്നത്  പാപംമൂലം നഷ്ടപ്പെട്ടുപോയതും   പിതാവിൻറെ ഏകജാതൻ അവിടുത്തെ മരണംവഴി പുനഃസ്ഥാപിച്ചതുമായ  മനുഷ്യമഹത്വം കണക്കിലെടുത്ത്,   അവരെ സ്വർഗ്ഗത്തിൽ  വീണ്ടും പ്രവേശിപ്പിക്കുന്നതിനു യോഗ്യരാക്കുന്നതിനു വേണ്ടി ചെയ്ത ഒരു  ശ്രേഷ്ഠ കർമ്മമായിരുന്നു ഇതെന്നാണ്. ഈ മനുഷ്യവംശമാകട്ടെ  സ്വന്തം തെറ്റിലൂടെ സ്വർഗ്ഗഭാഗ്യത്തിന്  അയോഗ്യരാക്കപ്പെട്ട് അവിടെനിന്ന്  ഒരിക്കൽ പുറത്താക്കപ്പെട്ടി രുന്നവരായിരുന്നല്ലോ.  സ്വർഗ്ഗത്തിൻറെ ഈ നവീകരണകർമ്മം  ആരംഭിച്ചത് ഏറ്റവും പരിശുദ്ധയായ  മറിയത്തിൽ   ആയതുകൊണ്ടാണ്, പാപമില്ലാതെ ജനിച്ച മറിയത്തെ പരാമർശിച്ചുകൊണ്ട്, താൻ  ഒരു പുതിയ സ്വർഗ്ഗം കണ്ടു എന്നു  യോഹന്നാൻ പറഞ്ഞത്.

247. അവൻ ഒരു പുതിയ ഭൂമിയും കണ്ടു; പഴയ ഭൂമി പാപത്തിൻറെ കറകൊണ്ടും വഷളത്തംകൊണ്ടും നിറഞ്ഞിരുന്നു; എന്നാൽ ഏറ്റവും പരിശുദ്ധ മറിയത്തിൻറെ വിശുദ്ധവും  അനുഗ്രഹീതവുമായ ഭൂമി, ആദത്തിൻറെ പാപമോ ശാപമോ ഏൽക്കാത്ത  ഒരു പുതിയ ഭൂമിയായിരുന്നു; അതു തികച്ചും നവീനമായിരുന്നു, ആദ്യത്തെ ഭൂമിയുടെ സൃഷ്ടിക്കുശേഷം  പരിശുദ്ധ മറിയത്തിൻറെ സൃഷ്ടിവരെ അതിനു സമാനമായ മറ്റൊന്നും ഉണ്ടായിട്ടില്ല. അതു പുതിയതും  പഴയ ഭൂമിയുടെ ശാപത്തിൽനിന്നു  തീർത്തും മുക്തവുമായിരുന്നു, ഈ അനുഗ്രഹീത ഭൂമിയിലാണ് ആദത്തിൻറെ ശേഷിച്ച മക്കളെല്ലാം പുനർനവീകരിക്കപ്പെട്ടത്. കാരണം,  അതുവരെ ശപിക്കപ്പെട്ടവരായിരുന്ന ആദത്തിൻറെ ഭൗമിക സന്തതികൾ, മറിയത്തിൻറെ അനുഗൃഹീതമായ ഭൂമിയിലൂടെ –  അതുവഴിയും അതിലൂടെയും- അനുഗ്രഹിക്കപ്പെടാനും നവീകരിക്കപ്പെടാനും  സജീവരാക്കപ്പെടാനും തുടങ്ങി.  പരിശുദ്ധ മറിയത്തിലും അവിടുത്തെ പാപരഹിതാവസ്ഥയിലും എല്ലാം പുനരാരംഭിച്ചു; അതിനാൽ, മാനുഷികവും ഭൗമികവുമായ എല്ലാറ്റിൻറെയും   മൂലപദാർത്ഥങ്ങളുടെ   നവീകരണം മറിയത്തിലൂടെ സംഭവിച്ചുവെന്നു കണ്ട യോഹന്നാൻ, ജന്മപാപമില്ലാതെ ഗർഭം ധരിക്കപ്പെട്ട മറിയത്തിൽ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും താൻ  കണ്ടു എന്നു പറയുന്നു.  അദ്ദേഹം തുടരുന്നു:

248. “ആദ്യത്തെ ആകാശവും ആദ്യത്തെ ഭൂമിയും കടന്നുപോയി.” ലോകത്തിൽ മറിയത്തിൻറെയും അവിടുത്തെ ദൈവമനുഷ്യനായ പുത്രൻറെയും പുതിയ ഭൂമിയും പുതിയ ആകാശവും പ്രത്യക്ഷപ്പെട്ടയുടനെ, പാപം കളങ്കപ്പെടുത്തിയ മാനുഷികവും ഭൗമികവുമായ വസ്തുക്കളാൽ കലുഷിതമായ പഴയ ആകാശവും പഴയ ഭൂമിയും അപ്രത്യക്ഷമാകേണ്ടതു സ്വാഭാവികമാണ്. പാപത്തിൽനിന്നു സംരക്ഷിക്കപ്പെട്ട ഈ മനുഷ്യവ്യക്തിയിൽ,  ദൈവ- മനുഷ്യ വ്യക്തിത്വങ്ങളുടെ കൂടിച്ചേരൽ  ( Hypostastic union) നിമിത്തം അവതരിച്ച വചനത്തിലൂടെ  ദൈവത്തിനു  പുതിയ വാസസ്ഥലം നൽകാൻ സാധിച്ചു.   ദൈവം ആദത്തിൽ സൃഷ്ടിച്ചിരുന്നതും, എന്നാൽ ഇപ്പോൾ (അതായത് മനുഷ്യൻറെ പതനത്തിനുശേഷം) തൻറെ  വാസത്തിന്  അപര്യാപ്തവും അയോഗ്യവുമായിത്തീർന്നതുമായ ആദ്യത്തെ സ്വർഗം  ഇതോടെ ഇല്ലാതായി. മനുഷ്യർക്കുവേണ്ടി മഹത്വത്തിൻറെ പുതിയ  ആകാശം മറിയത്തിൽ രൂപമെടുക്കുകയും ചെയ്തു.  

അതു ദൈവം മനുഷ്യരില്ലാതെ വസിക്കുന്ന അത്യുന്നത സ്വർഗ്ഗം നീക്കം ചെയ്തു എന്ന അർത്ഥത്തിലല്ല,  മറിച്ച് യുഗങ്ങളായി അത്യുന്നത സ്വർഗ്ഗത്തിൽ ഉണ്ടായിരുന്ന മനുഷ്യരുടെ അഭാവം ഇപ്പോൾമുതൽ ഇനിയങ്ങോട്ട് ഉണ്ടാകില്ല എന്നതുകൊണ്ടാണ്. ഈ വിധത്തിൽ അതു പഴയ സ്വർഗ്ഗമല്ലാതായിത്തീരുകയും ക്രിസ്തുവിൻറെ യോഗ്യതകളിലൂടെ  ഒരു  പുതിയ സ്വർഗ്ഗമായിത്തീരുകയും ചെയ്തുകൊണ്ട്,  ഇപ്പോൾ കൃപയുടെ  ഈ അരുണോദയത്തിൽ, അവിടുത്തെ അമ്മയായ ഏറ്റവും പരിശുദ്ധ മറിയത്തിൽ, പ്രകാശിക്കാൻ തുടങ്ങി. അങ്ങനെ  പുനർനിർമ്മിക്കപ്പെടാമെന്ന്  അതുവരെ  പ്രതീക്ഷയില്ലാതിരുന്ന ആദ്യത്തെ ആകാശവും ആദ്യത്തെ ഭൂമിയും അപ്രത്യക്ഷമായി. “കടലും അപ്രത്യക്ഷമായി.” ലോകം മുഴുവൻ നിറയുകയും നാം ജീവിക്കുന്ന  ഭൂമിയെ നശിപ്പിക്കുകയും ചെയ്ത മ്ലേച്ഛതയുടെയും പാപത്തിൻറെയും മഹാസമുദ്രം, ഏറ്റവും പരിശുദ്ധ മറിയത്തിൻറെയും ക്രിസ്തുവിൻറെയും വരവോടെ ഇല്ലാതായി; കാരണം, ഭൂമിയുടെ പാപഭാരം എത്രയധികമായിരുന്നാലും അതിന്  എതിരിടാൻ കഴിയില്ലാത്തവിധം അവിടുത്തെ പരിശുദ്ധരക്തത്തിൻറെ സമുദ്രം പാപക്കടലിനെ അത്രയധികമായി  കീഴടക്കി. ലോകത്തിൻറെ പാപങ്ങളെല്ലാം  ഏറ്റെടുക്കുവാനും അവയുടെ പരിണതഫലങ്ങളെ നശിപ്പിക്കുവാനും വേണ്ടിയാണു  ദൈവത്തിൻറെ കുഞ്ഞാട്   ഭൂമിയിലേക്കു  വന്നത് എന്നതിനാൽ, ലോകത്തിലെ എല്ലാ പാപങ്ങളുടെയും അന്ത്യം കുറിക്കാൻ  മനുഷ്യർ തങ്ങളുടെ  കർത്താവായ യേശുക്രിസ്തുവിൻറെ അനന്തമായ ദിവ്യകരുണയുടെയും യോഗ്യതകളുടെയും സമുദ്രത്തെ സമീപിക്കുക മാത്രം  ചെയ്താൽ മതി.

249. “വിശുദ്ധ നഗരമായ പുതിയ ജറുസലേം  ഭർത്താവിനായി അണിഞ്ഞൊരുങ്ങിയ മണവാട്ടിയെപ്പോലെ, സ്വർഗ്ഗത്തിൽനിന്ന്, ദൈവസന്നിധിയിൽനിന്ന്, ഇറങ്ങിവരുന്നതു യോഹന്നാനായ ഞാൻ കണ്ടു.” ഈ രഹസ്യങ്ങളുടെയെല്ലാം ആരംഭം ഏറ്റവും പരിശുദ്ധ മറിയത്തിൽ ആയിരുന്നതിനാലും, മറിയത്തിൽ സ്ഥാപിതമായിരുന്നതിനാലും, വിശുദ്ധ നഗരമായ ജെറുസലേമിനെ താൻ കണ്ടു എന്നു  പറയുന്ന യോഹന്നാൻ  അതിൻറെ സാദൃശ്യത്തിൽ  മറിയത്തെക്കുറിച്ചു വിവരിക്കുന്നു. കുരിശിൻറെ ചുവട്ടിൽ വച്ചു തൻറെ പരിചരണത്തിനായി ചുമതലയേൽപ്പിക്കപ്പെട്ട  അമൂല്യനിധിയായ മറിയത്തെ  കൂടുതൽ വിലമതിക്കുന്നതിനും അർഹിക്കുന്ന ഔൽസുക്യത്തോടെ പരിചരിക്കുന്നതിനും വേണ്ടി ഒരുങ്ങാനായി മറിയത്തിൻറെ മഹത്വം ദർശിക്കാൻ യോഹന്നാൻ അനുവദിക്കപ്പെട്ടു. മറിയത്തിൻറെ പുത്രൻറെ അഭാവം മൂലമുണ്ടായ ശൂന്യത നികത്താൻ യാതൊന്നിനും ഒരിക്കലും സാധിക്കുകയില്ലെങ്കിലും, മറിയത്തിൻറെ സ്വാഭാവിക പുത്രനു പകരക്കാരനായി വിശുദ്ധ യോഹന്നാൻ ഏറ്റെടുക്കേണ്ടിയിരുന്ന പുത്രോചിതമായ കർത്തവ്യങ്ങളുടെ ശ്രേഷ്ഠതയെക്കുറിച്ച്  അദ്ദേഹം മനസിലാക്കിയിരിക്കുക  എന്നത് ഉചിതമായിരുന്നു. 

250. ജെറുസലേം നഗരത്തിൽ ദൈവം അനേകം അതിശയകരമായ പ്രവർത്തികൾ  നിവർത്തിച്ചു. സർവശക്തൻറെ എല്ലാ അത്ഭുതങ്ങളുടെയും കേന്ദ്രവും കേന്ദ്രബിന്ദുവും  അവിടുത്തെ അമ്മയായ   മറിയം ആയിരുന്നുവല്ലോ. അതിനാൽ  ജെറുസലേം മറിയത്തിൻറെയും  ഏറ്റവും മികച്ച പ്രതീകമായിത്തീർന്നു. ഇതേ കാരണത്താൽതന്നെ ഇതു സമരസഭയുടെയും വിജയസഭയുടെയും ഒരു ചിത്രം കൂടിയാണ്; ഇതു രണ്ടും ശ്രദ്ധയോടെ വീക്ഷിക്കാനും  നിരീക്ഷിക്കാനുമായി  വിശുദ്ധ യോഹന്നാനു വെളിപ്പെടുത്തിക്കൊടുത്തു. ആ രണ്ടു നിഗൂഡ ജറുസലേമുകൾ തമ്മിലുള്ള സാദൃശ്യവും സമാനതയും അദ്ദേഹത്തെ കാണിച്ചുകൊടുത്തു. എന്നാൽ ഏറ്റവും പരിശുദ്ധ മറിയത്തിൻറെ ശ്രേഷ്ഠമായ ജറുസലേമിനെ ഒരു നിരീക്ഷണഗോപുരത്തിൽനിന്ന് എന്നപോലെ അദ്ദേഹം പ്രത്യേകം വീക്ഷിച്ചു; അവിടെ   സമരസഭയിലെയും വിജയസഭയിലെയും സർവകൃപകളും, അത്ഭുതങ്ങളും, ദാനങ്ങളും, മികവുകളും ദൃശ്യമായിരുന്നു.   

പലസ്തീനയിലെ ഒരു നഗരമായ ജറുസലേമിൽ നടന്ന എല്ലാ കാര്യങ്ങളും അവയുടെ അർത്ഥവും, അതിലെ നിവാസികളോടൊപ്പം, ആകാശത്തിലും ഭൂമിയിലുമുള്ള മറ്റെല്ലായിടത്തും ഉള്ളതിനേക്കാൾ കൂടുതൽ മികച്ചതും അതിശയകരവുമായ മികവോടെ, ദൈവത്തിൻറെ വിശുദ്ധനഗരവും  ഏറ്റവും നിർമ്മലയുമായ  മറിയത്തിൽ പുനരാവിഷ്ക്കരിക്കപ്പെടുന്നു. അതിനാൽ മറിയത്തെ പുതിയ ജറുസലേം എന്നു വിളിക്കുന്നു.  കാരണം മറിയത്തിൻറെ  വരപ്രസാദങ്ങളും, അവിടുത്തെ മഹത്വവും പുണ്യങ്ങളും എല്ലാം ,  വിശുദ്ധർക്കു നവമായ  അത്ഭുതത്തിനു കാരണമാകുന്നു. പൂർവികർ, ഗോത്രപിതാക്കന്മാർ, പ്രവാചകൻമാർ എന്നിവർക്കുശേഷം മറിയം വന്നതുകൊണ്ടും മറിയത്തിൽ അവരുടെ വാക്കുകളും  പ്രവചനങ്ങളും വാഗ്ദാനങ്ങളും പുതുക്കപ്പെട്ടതുകൊണ്ടും  അതിനെ പുതിയത് എന്ന് വിളിക്കുന്നു. മറിയം പാപക്കറ കൂടാതെയും പാപത്തിൻറെ നിയമത്തിൽനിന്നു ഒഴിവാക്കപ്പെട്ടും വന്നതുകൊണ്ടും അതു  പുതിയതാണ്.  മറിയം പാപത്തെയും പിശാചിനെയും അവൻറെ ആദ്യ വഞ്ചനയെയും ജയിച്ചുകൊണ്ടു ലോകത്തിലേക്കു വന്നുകൊണ്ടും അങ്ങനെ  ലോകാരംഭത്തിനുശേഷം  സംഭവിച്ച ഏറ്റവും മഹത്തായ  നവീനസൃഷ്ടിയായി മാറിയതിനാലും   അതിനെ പുതിയതെന്നു വിളിക്കുന്നു.

(തുടരും)