വിശുദ്ധ നഗരം : അഭയ നഗരം അധ്യായം 6

( അഗ്രെദായിലെ  വാഴ്ത്തപ്പെട്ട സി. മരിയയ്ക്ക്  ലഭിച്ച ദർശനങ്ങൾ  ഉൾക്കൊള്ളുന്ന Mystical City  of God    എന്ന വിശിഷ്ട ഗ്രന്ഥത്തിൻറെ തെരഞ്ഞെടുക്കപ്പെട്ട ഭാഗങ്ങളുടെ വിവർത്തനം)

അതിനാൽ യോഹന്നാൻ   പറയുന്നു:

121. “താൻ ഭൂമിയിലേക്ക് എറിയപ്പെട്ടു എന്നു കണ്ടപ്പോൾ, ആൺകുട്ടിയെ പ്രസവിച്ച സ്ത്രീയെ അന്വേഷിച്ചു സർപ്പം പുറപ്പെട്ടു.” ഏറ്റവും അസന്തുഷ്ടമായ   സ്ഥലത്തേക്കും അവസ്ഥയിലേക്കുമാണു താൻ വീണതെന്നും, താൻ മഹോന്നത സ്വർഗ്ഗത്തിൽനിന്നു പുറത്താക്കപ്പെട്ടു എന്നും കണ്ട പുരാതന സർപ്പം,  സ്വന്തം കുടൽ വലിച്ചുകീറുന്ന ഒരു കാട്ടുമൃഗത്തെപ്പോലെ ഉഗ്രമായ  രോഷത്തിലും അസൂയയിലും പൊട്ടിത്തെറിച്ചു.  മനുഷ്യഭാഷയ്‌ക്കോ ബുദ്ധിയ്‌ക്കോ  ഒരിക്കലും വിവരിക്കാനോ മനസ്സിലാക്കാനോ കഴിയാത്തവിധം, അവതരിച്ച വചനത്തിൻറെ മാതാവിനെതിരെ   ഉണ്ടായ  മഹാകോപത്താൽ അവൻ രോഷാകുലനായി. എന്നാൽ, പെട്ടെന്നുതന്നെ  ആ മഹാസർപ്പം തൻറെ  സൈന്യത്തോടൊപ്പം  നരകമേഖലകളിലേക്ക് എറിയപ്പെട്ടതിനെത്തുടർന്നു സംഭവിച്ച കാര്യങ്ങളിൽ നിന്നും  ഈ കോപം  എത്ര തീവ്രമായിരുന്നുവെന്ന് ഒരു പരിധിവരെ അനുമാനിക്കാം. ഈ സംഭവം എനിക്കു കഴിയുന്നിടത്തോളം, അതായത്  എനിക്കു  വെളിപ്പെടുത്തിക്കിട്ടിയിടത്തോളം ഞാൻ വിവരിക്കാം. 

122. പ്രപഞ്ചവും  അതിലുള്ള സമസ്തവും  സൃഷ്ടിക്കപ്പെട്ട ആദ്യ ആഴ്ച മുഴുവൻ ലൂസിഫറും മറ്റു പിശാചുക്കളും, അവതരിക്കാൻ പോകുന്ന വചനത്തിനെതിരെയും അവിടുന്നു മനുഷ്യനായി ആരിൽനിന്നു ജനിക്കേണ്ടിയിരുന്നോ ആ സ്ത്രീക്കെതിരെയും, ദുഷ്ടപദ്ധതികളിലും ഗൂഢാലോചനകളിലും  ഏർപ്പെട്ടിരുന്നു. നമ്മുടെ ഞായറാഴ്ചയ്ക്കു തുല്യമായ ആദ്യദിവസം, ദൈവം മാലാഖമാരെ സൃഷ്ടിച്ചു; അവരുടെ പ്രവർത്തനങ്ങളുടെ മാർഗ്ഗനിർദ്ദേശത്തിനായി നിയമങ്ങളും പ്രമാണങ്ങളും അവർക്കു നൽകി. ദുഷിച്ചവർ കർത്താവിൻറെ കൽപ്പനകളെ ധിക്കരിക്കുകയും ലംഘിക്കുകയും ചെയ്തു.  ദൈവിക പദ്ധതിയും  തീരുമാനവും  അനുസരിച്ചുള്ളതും  മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളതുമായ   എല്ലാ സംഭവങ്ങളും നിറവേറുകയും, ലൂസിഫറിനെയും അവൻറെ  സൈന്യത്തെയും സ്വർഗത്തിൽ നിന്നു  പുറത്താക്കി  നരകത്തിലേക്കു വലിച്ചെറിയുകയും ചെയ്ത പ്രവൃത്തികൾ (നമ്മുടെ തിങ്കളാഴ്ചയ്ക്കു തുല്യമായ) രണ്ടാം ദിവസത്തിൻറെ പ്രഭാതം വരെ തുടർന്നു. ഈ ദിവസങ്ങളുടെ ദൈർഘ്യത്തെ സംബന്ധിച്ചാണെങ്കിൽ  അത്, അവരുടെടെ സൃഷ്ടി, പ്രവൃത്തികൾ, അനുസരണക്കേട്, പതനമോ  അല്ലെങ്കിൽ മഹത്വീകരണമോ എന്നീ സംഭവങ്ങൾക്കിടയിലുള്ള  ചെറിയ കാലഘട്ടങ്ങളുമായി അല്ലെങ്കിൽ ഇടവേളകളുമായി ബന്ധപ്പെട്ടിരിക്കുന്നു. 

ലൂസിഫർ തൻറെ അനുയായികളോടൊപ്പം  നരകത്തിൽ പ്രവേശിച്ചയുടനെതന്നെ  അവർ പൊതു ആലോചനാസമിതിയിൽ ഒത്തുകൂടി, അതു വ്യാഴാഴ്ച രാവിലെ വരെ നീണ്ടുനിന്നു. ഈ സമയത്തു  ലൂസിഫർ പിശാചുക്കളുമായി ആശയവിനിമയം നടത്തുന്നതിലും ദൈവത്തെ കൂടുതൽ ആഴത്തിൽ വ്രണപ്പെടുത്താനും  അതുവഴി അവനു നൽകപ്പെട്ട  ശിക്ഷയ്ക്കു പ്രതികാരം ചെയ്യുന്നതിനുമുള്ള  പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിലും  അവൻറെ എല്ലാ സൂക്ഷ്മബുദ്ധിയും അതിനിഷ്ഠൂരമായ പകയും വിനിയോഗിച്ചു. ദൈവത്തോടു   ചെയ്യാവുന്ന ഏറ്റവും വലിയ പ്രതികാരവും ദ്രോഹവും, അവിടുന്നു  മനുഷ്യവംശത്തോടു  പ്രകടിപ്പിക്കുന്നതായി അവർ മനസ്സിലാക്കിയ സ്നേഹത്തിൻറെ ഫലങ്ങളെ തടസ്സപ്പെടുത്തുന്നതായിരിക്കുമെന്ന നിഗമനത്തിൽ അവർ എത്തുകയും, അതനുസരിച്ച് പ്രവർത്തിക്കാൻ  തീരുമാനിക്കുകയും ചെയ്തു. മനുഷ്യരെ വഞ്ചിച്ചുകൊണ്ടും, ദൈവത്തിൻറെ സൗഹൃദത്തെ അവഗണിക്കാനും ദൈവത്തോടു നന്ദിഹീനരായിരിക്കാനും അവിടുത്തെ  ഹിതത്തിനെതിരെ മറുതലിക്കാനും  മനുഷ്യരെ  പ്രേരിപ്പിച്ചുകൊണ്ടും, അല്ലെങ്കിൽ അതിനായി കഴിയുന്നത്രയും അവരെ നിർബന്ധിച്ചുകൊണ്ടെങ്കിലും, ഇതു നേടിയെടുക്കാമെന്ന് അവർ പ്രതീക്ഷിച്ചു.

123. ലൂസിഫർ പറഞ്ഞു: “നാം ഇങ്ങനെ  ചെയ്യാൻ പരിശ്രമിക്കണം. ഈ ലക്ഷ്യത്തിനായി നമ്മുടെ എല്ലാ ശക്തിയും  ഉത്സാഹവും  അറിവും നമ്മൾ പ്രയോഗിക്കണം. മനുഷ്യജീവികളെ നശിപ്പിക്കുന്നതിനായി നാം അവരെ നമ്മുടെ സ്വാധീനത്തിനും ഇച്ഛയ്ക്കും വിധേയമാക്കും. ഈ മനുഷ്യവംശത്തെ നാം പീഡിപ്പിക്കുകയും അവർക്കു വാഗ്ദാനം ചെയ്യപ്പെട്ട  പ്രതിഫലം അവർക്കു നഷ്ടപ്പെടുത്തുകയും ചെയ്യും. അന്യായമായി നമുക്കു നിഷേധിക്കപ്പെട്ട  ദൈവത്തിൻറെ ദർശനം അവർക്കു ലഭിക്കുന്നതു തടയാൻ നാം നമ്മുടെ എല്ലാ ജാഗ്രതയും പ്രയോഗിക്കും. ഞാൻ അവരുടെമേൽ വലിയ വിജയങ്ങൾ നേടും; ഞാൻ അവരെയെല്ലാം നശിപ്പിക്കുകയും അവരെ എൻറെ വരുതിക്കു വിധേയമാക്കുകയും ചെയ്യും. ഞാൻ പുതിയ മതഭേദങ്ങളും അബദ്ധസിദ്ധാന്തങ്ങളും വിതയ്ക്കുകയും  എല്ലാ കാര്യങ്ങളിലും അത്യുന്നതൻറെ നിയമങ്ങൾക്കു വിരുദ്ധമായ നിയമങ്ങൾ സ്ഥാപിക്കുകയും ചെയ്യും. മനുഷ്യരുടെ ഇടയിൽനിന്നു വ്യാജപ്രവാചകന്മാരെയും നേതാക്കന്മാരെയും ഞാൻ ഉയർത്തും, അവർ ഈ അബദ്ധസിദ്ധാന്തങ്ങൾ പ്രചരിപ്പിക്കും (അ. പ്ര. 20:30). ഞാൻ ഈ ഉപദേശങ്ങൾ അവരിലൂടെ വ്യാപിപ്പിക്കുകയും അതിനുശേഷം ഈ ഘോരദണ്ഡനങ്ങളിൽ ഒരു പങ്ക്  അവർക്കും  നൽകുകയും ചെയ്യും. ഞാൻ ദരിദ്രരെ ദുരിതത്തിലാഴ്ത്തുകയും, പീഡിതരെ  ഞെരുക്കുകയും ഭീരുക്കളെ പീഡിപ്പിക്കുകയും  ചെയ്യും. ഞാൻ കലഹം  വിതയ്ക്കുകയും യുദ്ധങ്ങൾ ഇളക്കിവിടുകയും  രാജ്യങ്ങളെ പരസ്പരം പോരടിപ്പിക്കുകയും  ചെയ്യും. 

പാപത്തിൻറെ സാമ്രാജ്യം  വിസ്തൃതമാക്കാൻ വേണ്ടി   അഹങ്കാരികളും ഉദ്ധതരുമായവരെ  ഞാൻ ഉയർത്തും, എൻറെ കുടിലപദ്ധതികൾ  നടപ്പിലാക്കിക്കൊണ്ട്   അവർ എത്രമേൽ  വിശ്വസ്തതയോടെ എന്നെ അനുഗമിച്ചുവോ അത്രയധികം വലിയ പീഡകളിൽ, ഈ നിത്യമായ അഗ്നിയിലേക്കു   ഞാൻ അവരെ  വലിച്ചെറിയും. ഇതാണ് എൻറെ രാജ്യം, ഇതാണ് എന്നെ അനുഗമിക്കുന്നവർക്കു  ഞാൻ നൽകുന്ന പ്രതിഫലം.”

124. “മാംസം ധരിക്കുന്ന  വചനത്തിനെതിരെ ഞാൻ ഘോരയുദ്ധം നടത്തും. കാരണം അവിടുന്നു ദൈവമാണെങ്കിലും അതേസമയം  മനുഷ്യനുമാണ്. അതിനാൽ തന്നെ  എൻറേതിനേക്കാൾ താഴ്ന്ന പ്രകൃതമുള്ളവനുമാണ്. ഞാൻ എൻറെ സിംഹാസനവും എൻറെ പദവിയും  അവിടുത്തേതിനേക്കാൾ ഉയർത്തും; ഞാൻ അവിടുത്തെ കീഴടക്കുകയും എൻറെ ശക്തിയാലും കൗശലബുദ്ധിയാലും അവിടുത്തെ താഴ്‌ത്തുകയും ചെയ്യും. അവിടുത്തെ അമ്മയാകേണ്ട സ്ത്രീ എൻറെ കൈകളാൽ നശിപ്പിക്കപ്പെടും. എൻറെ ശക്തിക്കും മഹത്വത്തിനും എതിരായി ഒരു സ്ത്രീയ്ക്ക് എന്തു ചെയ്യാൻ കഴിയും?  എന്നോടുകൂടി ശിക്ഷിക്കപ്പെട്ട  പിശാചുക്കളായ നിങ്ങൾ  അനുസരണക്കേടിൽ  എന്നെ അനുഗമിച്ചതു പോലെ തന്നെ  ഈ പ്രതികാരത്തെ നിവർത്തിക്കുന്നതിനായി  ഇപ്പോൾ എന്നെ അനുസരിക്കുകയും പിന്തുടരുകയും ചെയ്യുക,  , ഞാൻ മനുഷ്യരെ നശിപ്പിക്കുന്നതിനുവേണ്ടി  അവരെ സ്നേഹിക്കുന്നതായി നടിക്കും; അവരെ മുച്ചൂടും മുടിക്കാനും  വഞ്ചിക്കാനുംവേണ്ടി അവരെ ശുശ്രൂഷിക്കുന്നതായി നടിക്കും. അവരെ വഴിപിഴപ്പിച്ച്  എൻറെ നരകരാജ്യത്തിലേക്ക്  ആകർഷിക്കാൻവേണ്ടി അവരെ സഹായിക്കുന്നതായി നടിക്കും.”  

ലൂസിഫറിൻറെയും അവൻറെ കൂട്ടരുടെയും ഈ ആദ്യത്തെ ആലോചനാസമിതി, ഇതുവരെ നിലവിലില്ലാത്തതും  ഇനിയും സൃഷ്ടിക്കപ്പെടാനിരുന്നതുമായ മനുഷ്യരാശിക്കെതിരായി ആസൂത്രണം ചെയ്ത   ദ്രോഹവും ക്രോധവും,  ഒരു മനുഷ്യഭാഷയ്ക്കും വിശദീകരിക്കാൻ കഴിയില്ല. അതിൽ ലോകത്തിലെ എല്ലാ തിന്മകളും പാപങ്ങളും ഉൾച്ചേർന്നിരുന്നു. അവിടെനിന്നു  വ്യാജങ്ങളും  വ്യാജസഭാവിഭാഗങ്ങളും അബദ്ധപ്രബോധനങ്ങളും ഉത്ഭവിച്ചു. എല്ലാ അകൃത്യങ്ങളുടെയും ഉത്ഭവം ആ മ്ലേച്ഛമായ ഒത്തുചേരലിലും ആലോചനകളിലുമാണ്. തിന്മ  ചെയ്യുന്നവരെല്ലാം ഈ കൂട്ടായ്മയിലെ  രാജകുമാരനു  ശുശ്രൂഷ ചെയ്യുകയാണ് ചെയ്യുന്നത്.

125. ഈ കൂടിക്കാഴ്‌ച അവസാനിപ്പിച്ചശേഷം, ലൂസിഫർ ദൈവവുമായി സംസാരിക്കാൻ അനുവാദം തേടി, അത്യുന്നതൻ അവിടുത്തെ  പരിശുദ്ധമായ തിരുഹിതത്തിൽ അവന് അതിന് അനുമതി നൽകി. ജോബിനെ  ഉപദ്രവിക്കാൻ അനുവാദം ചോദിച്ചപ്പോൾ സാത്താൻ ദൈവത്തോടു സംസാരിച്ച അതേ രീതിയിലാണ് ഇത് അനുവദിച്ചത് (ജോബ്  1:6), നമ്മുടെ വ്യാഴാഴ്ചയ്ക്കു തുല്യമായ ദിവസത്തിലാണ് ഇതു  സംഭവിച്ചത്. അവൻ താഴെ പറയുന്ന വാക്കുകളിൽ അത്യുന്നതനെ അഭിസംബോധന ചെയ്തു: “കർത്താവേ, അങ്ങു   മഹാക്രൂരതയോടെ എന്നെ ശിക്ഷിക്കുന്നതിനായി അങ്ങയുടെ കരം എൻറെമേൽ വലിയ ഭാരത്തോടെ അയച്ചതിനാലും, അങ്ങു സൃഷ്ടിക്കാൻ പോകുന്ന മനുഷ്യർക്കുവേണ്ടി അങ്ങു ചെയ്യാൻ ആഗ്രഹിക്കുന്നതെല്ലാം മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ളതിനാലും, അവതരിക്കാനിരിക്കുന്ന വചനത്തെ വളരെ ഉന്നതമായി മഹത്വവൽക്കരിക്കാനും  ശ്രേഷ്ഠസ്ഥാനം നൽകാനും, അവിടുത്തെ അമ്മയായിരിക്കേണ്ട സ്ത്രീയെ, അങ്ങയുടെ മുൻകൂട്ടി നിശ്ചയിച്ച എല്ലാ വരങ്ങളാലും  സമ്പന്നമാക്കാനും അങ്ങ് ആഗ്രഹിക്കുന്നതിനാൽ, ഇപ്പോൾ എന്നോടും നിഷ്പക്ഷനും  നീതിമാനും ആയി പ്രവർത്തിക്കുക. മറ്റുള്ള മനുഷ്യരെ  പീഡിപ്പിക്കാൻ  അങ്ങ് എനിക്ക്  അനുവാദം നൽകിയതുപോലെതന്നെ, ദൈവമനുഷ്യനായ ക്രിസ്തുവിനെയും അവിടുത്തെ അമ്മയാകാൻ പോകുന്ന സ്ത്രീയെയും പ്രലോഭിപ്പിക്കാനും അവരോടു യുദ്ധം ചെയ്യാനും കൂടി എനിക്ക് അനുമതി നൽകുക; എൻറെ എല്ലാ ശക്തികളും അവർക്കെതിരെ പ്രയോഗിക്കാൻ എനിക്കു സ്വാതന്ത്ര്യം നൽകുക.”  

ആ അവസരത്തിൽ ലൂസിഫർ മറ്റു പല കാര്യങ്ങളും പറയുകയുണ്ടായി. തനിക്കു സംഭവിച്ച അപമാനത്താൽ അവൻറെ അഹങ്കാരത്തിനു വലിയ ഭംഗം സംഭവിച്ചുവെങ്കിലും, ഈ അനുമതി ചോദിക്കുന്നതിനായി അവൻ തന്നെത്താൻ താഴ്ത്തി. അവൻ ആഗ്രഹിച്ചതു നേടാനുള്ള അവൻറെ കോപാകുലമായ ആവേശം  വളരെ വലുതായിരുന്നതിനാൽ അവൻറെ അഹങ്കാരത്തെപ്പോലും അടിയറവുവയ്ക്കാൻ  അവൻ സന്നദ്ധനായിരുന്നു, ഒരു തിന്മ നേടിയെടുക്കാനായി മറ്റൊരു  തിന്മ അവൻ തൽക്കാലത്തേക്ക്  വേണ്ടെന്നുവച്ചു!  സർവശക്തനായ കർത്താവിൻറെ അനുവാദമില്ലാതെ തനിക്ക് ഒന്നും ചെയ്യാനാവില്ലെന്ന് അവനു നന്നായി അറിയാമായിരുന്നു. നമ്മുടെ കർത്താവായ ക്രിസ്തുവിനെയും അതിലുമേറെ അവിടുത്തെ ഏറ്റവും പരിശുദ്ധയായ അമ്മയെയും  പ്രലോഭിപ്പിക്കാനുള്ള അവസരം ലഭിക്കാനായി, തന്നെത്തന്നെ ഒരായിരം തവണ ഇകഴ്ത്താൻ അവൻ സന്നദ്ധനായിരുന്നു, കാരണം, തൻറെ തല ആ സ്ത്രീ തകർക്കും എന്ന അത്യുന്നതൻറെ ഭീഷണിയെ അവൻ ഭയപ്പെട്ടിരുന്നു.

126. കർത്താവ് അരുളിച്ചെയ്തു: “സാത്താനേ, നീതിയുടെ അടിസ്ഥാനത്തിൽ നീ അത്തരമൊരു അനുവാദം ചോദിക്കരുത്, എന്തെന്നാൽ അവതരിക്കുന്ന വചനം യഥാർത്ഥ മനുഷ്യനാണെങ്കിലും  അതേസമയം തന്നെ  ദൈവവും, അതുന്നതനായ കർത്താവും, സർവശക്തനുമാണ്. കൂടാതെ നീ അവിടുത്തെ സൃഷ്ടിയുമാണ്. മറ്റുള്ള മനുഷ്യർ പാപം ചെയ്യുകയും നിൻറെ ഹിതത്തിനു വിധേയരാകുകയും ചെയ്താലും, മനുഷ്യനായ എൻറെ ഏകജാതനിൽ ഇതു സാധ്യമാവുകയില്ല. മനുഷ്യരെ പാപത്തിൻറെ അടിമകളാക്കുന്നതിൽ നീ വിജയിച്ചേക്കാമെങ്കിലും, ക്രിസ്തു പരിശുദ്ധനും  നീതിമാനും പാപികളിൽനിന്നു വേർതിരിക്കപ്പെട്ടവനുമായിരിക്കും. അവർ വീണുപോയാൽ അവിടുന്നു അവരെ വീണ്ടെടുക്കും. നിനക്ക് ഉഗ്രകോപമുള്ള ഈ സ്ത്രീ, വെറും ഒരു സൃഷ്ടിയും  ഒരു മനുഷ്യൻറെ പുത്രിയുമാണെങ്കിലും, എൻറെ കൽപ്പനയാൽ പാപത്തിൽനിന്നു സംരക്ഷിക്കപ്പെടേണ്ടിയിരിക്കുന്നു. ഈ സ്ത്രീ പൂർണ്ണമായി എന്നെന്നേക്കുമായി എൻറേതായിരിക്കണം. മറ്റാരെയും  യാതൊരു  വിധത്തിലും ഈ സ്ത്രീയുടെ  കാര്യത്തിൽ ഇടപെടാൻ അനുവദിക്കുന്നതല്ല.” 

127. ഇതിനു സാത്താൻ മറുപടി പറഞ്ഞു: “എന്നാൽ ഈ സ്ത്രീ പരിശുദ്ധയായിരിക്കണമെന്നത്  അതിശയമായിരിക്കുന്നു.  ഈ സ്ത്രീയെ അതിനെതിരായി സ്വാധീനിക്കാനോ,  ഉപദ്രവിക്കാനോ, പാപത്തിലേക്ക് ഈ സ്ത്രീയെ പ്രേരിപ്പിക്കാനോ ഈ ഭൂമിയിലുള്ള ആരെയും അനുവദിക്കില്ലെന്നോ?  ഇതു നീതിയല്ല, ന്യായമായ വിധിതീർപ്പുമല്ല. ഇത് ഉചിതമോ  പ്രശംസനീയമോ അല്ല.” തൻറെ അഹങ്കാരത്തിൽ ലൂസിഫർ ഇനിയും മറ്റു പല ദൈവദൂഷണങ്ങളും പറഞ്ഞു. എന്നാൽ എല്ലാം ജ്ഞാനത്താൽ നിവർത്തിക്കുന്ന  അത്യുന്നതൻ അവനോട് അരുളിച്ചെയ്തു: “ക്രിസ്തുവിനെ പരീക്ഷിക്കാൻ ഞാൻ നിനക്ക് അനുമതി തരും, അങ്ങനെ അവിടുന്നു മറ്റെല്ലാ മനുഷ്യർക്കും പിന്തുടരേണ്ട  ഉദാഹരണവും അവരെ  പഠിപ്പിക്കുന്ന ഗുരുവും  ആയിരിക്കും. സ്ത്രീയെ ഉപദ്രവിക്കാൻ ഞാൻ നിനക്ക് അനുമതി നൽകുന്നു, എന്നാൽ ഈ സ്ത്രീയുടെ ശാരീരികജീവനെ നീ സ്പർശിക്കാൻ പാടുള്ളതല്ല. ക്രിസ്തുവും അവിടുത്തെ മാതാവും പ്രലോഭനങ്ങളിൽ നിന്നും  ഒഴിവാക്കപ്പെടേണ്ടതില്ല  എന്നും, മറ്റുള്ള മനുഷ്യരെപ്പോലെ അവരെയും നിനക്കു പ്രലോഭിപ്പിക്കാമെന്നും ഞാൻ തീരുമാനിച്ചിരിക്കുന്നു.” 

മഹാസർപ്പത്തിനെ സംബന്ധിച്ചിടത്തോളം  ഈ അനുമതി  മറ്റെല്ലാ മനുഷ്യരെയും എക്കാലവും   ദ്രോഹിക്കാനുള്ള  അവൻറെ സ്വാതന്ത്ര്യത്തെക്കാൾ കൂടുതൽ സന്തോഷകരമായിരുന്നു. ഭാവി സംഭവങ്ങൾ വ്യക്തമാക്കുന്നതുപോലെ, മറ്റേതൊരു പദ്ധതിയെക്കാളും കൂടുതൽ ശ്രദ്ധ ഇതിനു കൊടുക്കാൻ അവൻ തീരുമാനിച്ചു. അതിൻറെ നടത്തിപ്പിൻറെ ചുമതല അവനുതന്നെയല്ലാതെ മറ്റാർക്കും നൽകേണ്ടതില്ല എന്നും  അവൻ തീരുമാനിച്ചു. അതിനാൽ വിശുദ്ധ യോഹന്നാൻ  ഇങ്ങനെ പറയുന്നു:

128. “ആൺകുട്ടിയെ പ്രസവിച്ച സ്ത്രീയെ അവൻ ദ്രോഹിച്ചു.”  മനുഷ്യാവതാരമെടുത്ത ദൈവത്തിൻറെ  അമ്മയാകാൻ പോകുന്നെന്ന്  അവൻ മനസിലാക്കിയ സ്‌ത്രീയ്‌ക്കെതിരെ , കർത്താവിൻറെ അനുവാദത്തോടുകൂടി, അവൻ കേട്ടുകേൾവിയില്ലാത്ത യുദ്ധവും പീഡനവും നടത്തി. എന്നാൽ ഈ പീഡനങ്ങളെയും യുദ്ധങ്ങളെയുംപറ്റി കുറച്ചു കഴിഞ്ഞു വിവരിക്കാനിരിക്കുന്നതിനാൽ  അവ മനുഷ്യൻറെ എല്ലാ സങ്കൽപ്പങ്ങൾക്കും അതീതമായിരുന്നു എന്നു മാത്രം ഞാൻ ഇപ്പോൾ പറയുന്നു. അതുപോലെതന്നെ പ്രശംസനീയമായിരുന്നു മറിയത്തിൻറെ മഹത്തായ ചെറുത്തുനിൽപ്പും, അവയുടെമേലുള്ള വിജയവും. അതിനാൽ മറിയം സാത്താനെതിരെ പ്രതിരോധം തീർത്ത രീതി വിവരിക്കുന്നതിനായി യോഹന്നാൻ  പറയുന്നു: “സമയവും സമയങ്ങളും സമയത്തിൻറെ പകുതിയും അവൾ അവിടെ സംരക്ഷിക്കപ്പെടേണ്ടിയിരുന്നു. തൻറെ സങ്കേതമായ മരുഭൂമിയിലേക്കു പറന്നുപോകാൻ വേണ്ടി   വൻകഴുകൻറെ രണ്ടു ചിറകുകൾ അവൾക്കു നൽകപ്പെട്ടു.” ഏറ്റവും പരിശുദ്ധയായ കന്യകയ്ക്ക് അവിടുന്നു  സർപ്പത്തോടുള്ള യുദ്ധത്തിൽ പ്രവേശിക്കുന്നതിനുമുമ്പു തന്നെ ഈ രണ്ടു ചിറകുകളും നൽകിയിരുന്നു. കാരണം പ്രത്യേക വരങ്ങളാലും കൃപകളാലുമാണ് മറിയം അലങ്കരിക്കപ്പെട്ടിരുന്നത്.

ഒന്നാമത്തെ  ചിറക്  നിവേശിത ജ്ഞാനമായിരുന്നു. അത് അവിടുത്തെ മഹാരഹസ്യങ്ങളും ദിവ്യവ്യാപാരങ്ങളും നവമായ രീതിയിൽ  വെളിപ്പെടുത്തിക്കൊടുത്തു.ശ്രേഷ്ഠവും പുതുശോഭയുള്ളതുമായ  വിനയമായിരുന്നു രണ്ടാമത്തെ ചിറക്. അതിനെക്കുറിച്ചു  പിന്നീടു വിശദീകരിക്കുന്നതാണ്൦ . ഈ രണ്ടു ചിറകുകൾകൊണ്ടു  മറിയം അവിടുത്തെ   ഉചിതമായ വാസസ്ഥലമായ കർത്താവിൻറെ അടുത്തേക്കു പറന്നു; കാരണം, കർത്താവിൽ മാത്രമാണ് അവിടുന്നു ജീവിച്ചിരുന്നത്, അവിടുത്തെ എല്ലാ ശ്രദ്ധയും കർത്താവിൽ കേന്ദ്രീകരിച്ചിരുന്നു. ഒരിക്കലും ശത്രുവിൻറെ ഭാഗത്തേക്കു തിരിഞ്ഞുനോക്കാതെ , ഗരുഡരാജനെപ്പോലെ മറിയം പറന്നു;  ഏകയും  എല്ലാ ലോകവസ്തുക്കളിൽനിന്നും ഒറ്റപ്പെട്ടവളും ആയി  ഏകാന്തതയിൽ ജീവിച്ചുകൊണ്ട് , ദിവ്യത്വമാകുന്ന തൻറെ അന്തിമ ലക്ഷ്യത്തിലേക്കു മാത്രം നോക്കി മറിയം കഴുകൻറെ  ചിറകുകളിന്മേൽ  പറന്നു. ഈ ഏകാന്തതയിൽ അവിടുന്നു “സമയവും സമയങ്ങളും സംരക്ഷിക്കപ്പെട്ടു.” കാരണം ഈ സംരക്ഷണം  അവിടുത്തെ ജീവിതകാലം മുഴുവൻ നീണ്ടുനിന്നെങ്കിലും, സാത്താനുമായുള്ള അവിടുത്തെ വലിയ പോരാട്ടങ്ങളുടെ സമയത്ത്  ഇതു  കൂടുതൽ സമൃദ്ധമായിരുന്നു. അപ്പോൾ താൻ ഏർപ്പെട്ടിരുന്ന യുദ്ധത്തിൻറെ തീവ്രതയ്ക്ക്   ആനുപാതികമായതിനേക്കാൾ   കൂടുതൽ കൃപകൾ അവിടുത്തേയ്ക്ക് നൽകപ്പെട്ടിരിക്കുന്നു. “സമയവും സമയങ്ങളും” എന്നതുകൊണ്ട് അവിടുത്തെ വിജയങ്ങൾക്കു പ്രതിഫലമായി ലഭിച്ച  കിരീടത്തിൻറെ ശ്രേഷ്ഠതയെയും മനസ്സിലാക്കാം. 

129. “ സമയത്തിൻറെ പകുതിയും”, ” സർപ്പത്തിൻറെ വായിൽനിന്നും”. ഈ സമയത്തിൻറെ പകുതി, ഏറ്റവും പരിശുദ്ധ കന്യക, മഹാസർപ്പത്തിൻറെ ഉപദ്രവത്തിൽനിന്നും മുക്തയായിരുന്നതും, ഈ ജീവിതകാലത്ത് അവൻറെ ദൃഷ്ടിയിൽനിന്നും വളരെ അകലെയായിരുന്നതുമായ സമയമാണ്; കാരണം, പോരാട്ടത്തിൽ  അവനെ കീഴടക്കിയതിനാൽ, സവിശേഷമായ  ദൈവിക പരിപാലനയാൽ  വിജയശ്രീലാളിതയായ മറിയം അവയിൽനിന്ന് പൂർണമായും സ്വതന്ത്രയായി. ശത്രുവിനെ കീഴടക്കിയതിനുശേഷം മറിയം അർഹിച്ച സമാധാനവും ശാന്തതയും അവിടുന്ന് ആസ്വദിക്കേണ്ടതിനാണ്, ഈ സ്വാതന്ത്ര്യം അവിടുത്തേയ്ക്ക് അനുവദിച്ചത്, ഇതിനെപ്പറ്റി ഞാൻ പിന്നീടു കൂടുതൽ വിശദീകരിക്കുന്നതാണ്.   ഇനി സർപ്പവുമായുള്ള യുദ്ധ സമയത്തെക്കുറിച്ച് യോഹന്നാൻ  ഇപ്രകാരം  പറയുന്നു:

130. “സ്ത്രീയെ ഒഴുക്കിക്കളയാൻ സർപ്പം തൻറെ വായിൽനിന്നു നദിപോലെ ജലം അവളുടെ പിന്നാലെ പുറപ്പെടുവിച്ചു. എന്നാൽ, ഭൂമി അവളെ സഹായിച്ചു. അതു വായ് തുറന്നു സർപ്പം വായിൽനിന്ന് ഒഴുക്കിയ നദിയെ വിഴുങ്ങിക്കളഞ്ഞു.” ഈ നാഥക്കെതിരെ ലക്‌ഷ്യം വച്ച്  ലൂസിഫർ അവൻറെ എല്ലാ ദ്രോഹവും അവൻറെ എല്ലാ ശക്തികളും പ്രയോഗിക്കുകതന്നെ  ചെയ്തു. അവൻ മറ്റു സകലർക്കുമെതിരെ എക്കാലവും പരീക്ഷിച്ചവയെല്ലാം, പരിശുദ്ധ മറിയത്തിനോടു മാത്രം ചെയ്തതിനെക്കാൾ പ്രാധാന്യം കുറഞ്ഞവയായി അവനു തോന്നി. ഒരു വലിയ ഒഴുക്കുള്ള നദിയുടെ പ്രവാഹത്തിൻറെ അതേ ശക്തിയോടെ, ആ ദ്രോഹവും നുണകളും പ്രലോഭനങ്ങളും ആ മഹാസർപ്പം തൻറെ  വായിൽനിന്നു  മറിയത്തിൻറെ നേരെ ഒഴുക്കി. എന്നാൽ, ഭൂമി മറിയത്തെ സഹായിച്ചു; കാരണം മറിയത്തിൻറെ  ഭൗമിക ശരീരവും  മറിയത്തിൻറെ മനോവ്യാപാരങ്ങളും  ഒരുവിധത്തിലും ശപിക്കപ്പെട്ടതായിരുന്നില്ല. ആദത്തിനും ഹവ്വയ്ക്കുമെതിരെ ദൈവം അരുളിച്ചെയ്ത  വിധിയും ശിക്ഷയും മറിയത്തെ ഒരു തരത്തിലും സ്പർശിച്ചിട്ടുമില്ലായിരുന്നു. കാരണം,  അവരുടെ പാപത്തിൻറെ ഫലമായി നമ്മുടെ ഭൂമി ശപിക്കപ്പെട്ടതും ഫലം പുറപ്പെടുവിക്കുന്നതിനുപകരം മുള്ളുകൾ പുറപ്പെടുവിക്കുന്നതുമായിത്തീർന്നിരിക്കുന്നു.  പാപത്തോടുള്ള ചായ്‌വുകൊണ്ട് – ജഡമോഹം കൊണ്ടുതന്നെ – അതിൻറെ സ്വഭാവത്തിൽ അതിനു മുറിവേറ്റിരിക്കുന്നു -(ഉൽപ. 3:17). ഇതു നമ്മെ നാനാവിധത്തിൽ ആക്രമിക്കുകയും  മറുതലിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. കാരണം തൻറെ  ഭീകര യുദ്ധത്തിനുപകരിക്കുന്ന  ആയുധങ്ങൾ   ഈ പാപമോഹങ്ങളിലൂടെ   നമ്മുടെ ഉള്ളിൽതന്നെ  കണ്ടെത്തുന്ന പിശാച്  അവ മനുഷ്യരുടെ നാശത്തിനായി  പ്രയോജനപ്പെടുത്തുന്നു. പ്രത്യക്ഷത്തിൽ മധുരവും ആനന്ദദായകവുമെന്നു  തോന്നുന്ന തരത്തിലും  തെറ്റായ  അവതരണത്തിലും കൂടി  അവൻ  നമ്മിലുള്ള പാപാഭിനിവേശത്തെ  തൃപ്തിപ്പെടുത്തുകയും അതുവഴി  ഇന്ദ്രിയബദ്ധവും  ലൗകികവുമായ കാര്യങ്ങളിലേക്കു  നമ്മെ വലിച്ചിഴയ്ക്കുകയും ചെയ്യുന്നു.

(തുടരും)