വിശുദ്ധ നഗരം : അഭയ നഗരം അധ്യായം 5

(അഗ്രെദായിലെ  വാഴ്ത്തപ്പെട്ട സിസ്റ്റർ മരിയയുടെ  Mystical City of God  എന്ന വിശിഷ്ട ഗ്രന്ഥത്തിലെ    തെരഞ്ഞെടുത്ത ഭാഗങ്ങളുടെ  വിവർത്തനമാണ്  ഇവിടെ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നത്. വെളിപാടു പുസ്തകത്തിലെ  പന്ത്രണ്ടും ഇരുപത്തിയൊന്നും അധ്യായങ്ങളിൽ പറഞ്ഞിട്ടുള്ള    കാര്യങ്ങളുടെ വിശദീകരണം എന്ന നിലയ്ക്കാണ് ഈ കാര്യങ്ങൾ എല്ലാം   സി. മരിയയ്ക്ക്  വെളിപ്പെടുത്തിക്കൊടുക്കപ്പെട്ടത്).

111. ദുഷിച്ച മാലാഖമാരെ സ്വർഗ്ഗത്തിൽനിന്നു നീക്കം ചെയ്യുകയും നല്ലവർക്കും അനുസരണമുള്ളവർക്കുമായി  ദിവ്യത്വം അനാവരണം ചെയ്യപ്പെടുകയും ചെയ്തപ്പോൾ; അതായത്, അവർ മഹത്വത്തിൽ പ്രവേശിക്കപ്പെടുകയും ദുഷ്ടർ  ശിക്ഷിക്കപ്പെടുകയും ചെയ്തപ്പോൾ സംഭവിച്ച കാര്യങ്ങൾ  വിശുദ്ധ യോഹന്നാൻ ഇപ്രകാരം വിവരിക്കുന്നു. “സ്വർഗ്ഗത്തിൽ ഒരു വലിയ സ്വരം വിളിച്ചുപറയുന്നതു ഞാൻ കേട്ടു: ഇപ്പോൾ നമ്മുടെ ദൈവത്തിൻറെ രക്ഷയും ശക്തിയും രാജ്യവും അവിടുത്തെ അഭിഷിക്തൻറെ അധികാരവും ആഗതമായിരിക്കുന്നു. എന്തെന്നാൽ നമ്മുടെ സഹോദരരെ ദുഷിക്കുകയും രാപ്പകൽ ദൈവസമക്ഷം അവരെ പഴിപറയുകയും ചെയ്‌തിരുന്നവൻ വലിച്ചെറിയപ്പെട്ടു.”  യോഹന്നാൻ  കേട്ട ഈ ശബ്ദം വചനമായിരുന്നു, എല്ലാ വിശുദ്ധ മാലാഖമാരും അതു കേൾക്കുകയും ശ്രദ്ധിക്കുകയും ചെയ്തു. അതിൻറെ പ്രതിധ്വനികൾ   നരകഗർത്തങ്ങളിലും  മുഴങ്ങിക്കേൾക്കുകയും  അതു  പിശാചുക്കളെ  വിറയൽകൊണ്ടും ഭയംകൊണ്ടും നിറക്കുകയും ചെയ്തു. 

എന്നിരുന്നാലും, അവർ അതിൻറെ രഹസ്യം പൂർണ്ണമായി മനസ്സിലാക്കിയില്ല.  മറിച്ച് , അവരുടെ വലിയ കഷ്ടതയ്ക്കും ശിക്ഷയ്ക്കുംവേണ്ടി, അത്യുന്നതൻ അവർക്കു വെളിപ്പെടുത്താൻ തീരുമാനിച്ച വളരെ കുറച്ചു ഭാഗം മാത്രമേ അവർക്കു  മനസ്സിലാക്കാൻ  കഴിഞ്ഞുള്ളു. നമ്മുടെ കർത്താവായ ക്രിസ്തുവിൻറെ സഹോദരന്മാരുടെ – അതായതു  മനുഷ്യരുടെ  –  മേൽ  കുറ്റം ആരോപിക്കുന്നവനെ  പുറത്താക്കിയതിനാൽ, ക്രിസ്തു സ്വീകരിക്കാനിരിക്കുന്ന  മനുഷ്യപ്രകൃതിക്കുവേണ്ടി, നിത്യപിതാവിനോട്, അവിടുത്തെ മഹത്വത്തിൻറെ രക്ഷയും ശക്തിയും രാജ്യവും, ക്രിസ്തുവിൻറെ വാഴ്ചയും ആരംഭിക്കണമെന്ന് ആവശ്യപ്പെടുന്ന പുത്രൻറെ ശബ്‌ദമായിരുന്നു അത്. 

രക്ഷയും, ശക്തിയും, വീണ്ടെടുപ്പിൻറെയും മനുഷ്യാവതാരത്തിൻറെയും രഹസ്യങ്ങളും  നടപ്പിലാക്കാൻ, ഏറ്റവും പരിശുദ്ധ ത്രിത്വത്തിൻറെ സിംഹാസനത്തിനു മുമ്പിൽ ഒരു അപേക്ഷപോലെയായിരുന്നു ഇത്. ക്രോധവും അസൂയയും കോപവും നിറഞ്ഞ ലൂസിഫർ,  വചനം ഏറ്റെടുക്കാനിരുന്ന മനുഷ്യപ്രകൃതിക്കെതിരെ ഇപ്പോൾതന്നെ  ഭൂമി മുഴുവനെയും  ആക്രമിച്ചു കൊണ്ടിരുന്നതിനാൽ, എത്രയും വേഗം ഇതു ചെയ്യണമെന്ന് അവിടുന്ന് ആവശ്യപ്പെട്ടു. സ്നേഹവും അനുകമ്പയും നിറഞ്ഞ്, വചനം മനുഷ്യരെ അവിടുത്തെ സഹോദരന്മാർ എന്നു വിളിക്കുന്നു. ലൂസിഫർ “അവരെ രാവും പകലും കുറ്റപ്പെടുത്തുന്നു” എന്നു പറയപ്പെടുന്നു, കാരണം, അവൻ നിത്യപിതാവിൻറെയും പരിശുദ്ധ ത്രിത്വത്തിൻറെയും സാന്നിധ്യത്തിൽ ദൈവകൃപ ആസ്വദിച്ചിരുന്ന സമയത്തും  അവൻറെ അഹങ്കാരത്തിൽ നമ്മെ നിന്ദിച്ചിരുന്നു. അതിലുപരിയായി, അവൻറെ സ്വന്തം അന്ധകാരത്തിൻറെ രാത്രിയും  നമ്മുടെ പതനത്തിൻറെ  രാത്രിയും  സംഭവിച്ച വേളയിലും  അവൻ ദൂഷണവും പീഡനവും  കൊണ്ട്, ഈ ലോകം നിലനിൽക്കുന്നിടത്തോളം കാലം നിരന്തരം  നമ്മെ പിന്തുടരുന്നു. തൻറെ  മനുഷ്യാവതാരത്തിൻറെയും മരണത്തിൻറെയും പ്രവൃത്തികളെയും  അതിൻറെ ദൈവിക രഹസ്യങ്ങളെയും,  വചനം വിളിക്കുന്നത് “പുണ്യം”, “ശക്തി”, “ആധിപത്യം” എന്നിങ്ങനെയാണ്. കാരണം  ഇവയുടെയെല്ലാം തുടക്കം സത്യമായും അവിടെത്തന്നെ ആയിരുന്നു. അവയിൽ ലൂസിഫറിനെതിരായ അവിടുത്തെ മഹത്തായ യോഗ്യതയും  ശക്തിയും പ്രകടവുമായിരുന്നു. 

112. തൻറെ മാനുഷികഭാവത്തിൽ  വചനം  ദൈവത്വത്തിനു മുൻപാകെ ആദ്യമായി  മനുഷ്യർക്കായി മധ്യസ്ഥത വഹിച്ചത് ഇപ്രകാരമായിരുന്നു. നമുക്കു  മനസ്സിലാക്കാവുന്ന രീതിയിൽ പറഞ്ഞാൽ,   വചനത്തിൻറെ ഈ ആവശ്യത്തിന്മേൽ, നിത്യപിതാവ്  പരിശുദ്ധത്രിത്വത്തിലെ മറ്റു  വ്യക്തികളുമായി ആലോചന നടത്തി. അപ്രകാരം  തീരുമാനിച്ച കാര്യങ്ങളെക്കുറിച്ചു   പരിശുദ്ധ ത്രിത്വത്തിൻറെ ഉത്തരവ് ഇങ്ങനെ പറഞ്ഞുകൊണ്ടു അവിടുന്നു  വിശുദ്ധരായ  മാലാഖമാർക്കു ഭാഗികമായി വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്തു: “ലൂസിഫർ അഹങ്കാരത്തിൻറെയും പാപത്തിൻറെയും കൊടി ഉയർത്തി, അവൻ എല്ലാവിധ വഞ്ചനകളാലും മുഴുവൻ മനുഷ്യരാശിയെയും ഉപദ്രവിക്കും. അവൻ കൗശലപൂർവം  മനുഷ്യരുടെ  തൃഷ്ണകളെ തങ്ങളുടെ  തന്നെ നാശത്തിനുവേണ്ടി ഉപയോഗപ്പെടുത്തിക്കൊണ്ട്, അനേകം മനുഷ്യരെ വഴിതെറ്റിക്കും. പാപത്തിൻറെയും തിന്മയുടെയും അന്ധതയിൽ, അപകടത്തെക്കുറിച്ചു ശ്രദ്ധിക്കാതെ മനുഷ്യർ ചഞ്ചലചിത്തരാകും.

 എന്നാൽ അവൻറെ വ്യാജം നിറഞ്ഞ  അഹങ്കാരവും, അവൻറെ പാപങ്ങളും ദുഷ്ടതകളും  നമ്മുടെ സ്വഭാവത്തിൽനിന്നും ആഗ്രഹങ്ങളിൽനിന്നും അനന്തമായി വിദൂരത്താണ്. അതിനാൽ നാം പുണ്യത്തിൻറെയും വിശുദ്ധിയുടെയും ജയഘോഷം പുറപ്പെടുവിക്കും; ഈ ഉദ്ദേശത്തോടെ ത്രിത്വത്തിലെ  രണ്ടാമത്തെ വ്യക്തി മനുഷ്യസ്വഭാവം സ്വീകരിക്കും; വിനയവും, അനുസരണവും, എല്ലാ സദ്ഗുണങ്ങളും അവിടുന്ന് ഉയർത്തിപ്പിടിക്കുകയും  പഠിപ്പിക്കുകയും അങ്ങനെ മനുഷ്യരുടെ രക്ഷ ഉറപ്പാക്കുകയും ചെയ്യും. സത്യദൈവമായതിനാൽ അവിടുന്നു എളിമയും  വിധേയത്വവും ഉള്ളവനായിരിക്കും. അവിടുന്നു നീതിമാനും, എല്ലാ പുണ്യങ്ങളുടെയും  മാതൃകയും അധ്യാപകനും ആയിരിക്കും. ഇവ മാത്രമേ  ന്യായാസനത്തിനു മുമ്പിൽ സ്വീകാര്യതയും തിന്മകൾക്കെതിരെ  വിജയവും നൽകുകയുള്ളൂ. നാം താഴ്ന്നവരെ  ഉയർത്തുകയും അഹങ്കാരികളെ  താഴ്ത്തുകയും ചെയ്യും (മത്താ. 11:28); നാം അദ്ധ്വാനത്തെയും  സ്ഥിരോത്സാഹത്തെയും നമ്മുടെ ദൃഷ്ടിയിൽ പ്രശംസനീയമാക്കും; പീഡിതരെയും ദുഃഖിതരെയും സഹായിക്കാൻ നാം ഉറച്ചിരിക്കുന്നു. കഷ്ടതകളാൽ അവർ തിരുത്തപ്പെടുകയും അതുവഴി നമ്മുടെ കൃപയിലും സൗഹൃദത്തിലും മുന്നേറുകയും അവരുടെ കഴിവുകൾക്കനുസരിച്ചു പുണ്യം അഭ്യസിച്ചുകൊണ്ടു രക്ഷയിലെത്തുകയും ചെയ്യട്ടെ. വിലപിക്കുന്നവർ ഭാഗ്യവാന്മാർ (മത്താ. 5:3), പാവപ്പെട്ടവരും, നീതിക്കുവേണ്ടിയും തങ്ങളുടെ പരമാധികാരിയായ ക്രിസ്തുവിനുവേണ്ടിയും സഹിക്കുന്നവരും ഭാഗ്യവന്മാർ; നിസ്സാരരായവർ  മഹിമയാർജ്ജിക്കും. സൗമ്യതയുള്ളവർ ഉയർത്തപ്പെടും. സമാധാനമുള്ളവർ നമ്മുടെ പുത്രന്മാരെപ്പോലെ സ്നേഹിക്കപ്പെടും. ക്ഷമിക്കുകയും പീഡനങ്ങൾ സഹിക്കുകയും തങ്ങളുടെ  ശത്രുക്കളെ സ്നേഹിക്കുകയും ചെയ്യുന്നവർ നമുക്ക് ഏറ്റവും പ്രിയപ്പെട്ടവരായിരിക്കും. നമ്മുടെ കൃപയുടെ സമൃദ്ധമായ അനുഗ്രഹങ്ങളും സ്വർഗത്തിലെ അനശ്വരമായ  മഹത്വവും നാം അവർക്കു നൽകും. 

നമ്മുടെ ഏകജാതൻ ഈ കൽപനകൾ  നടപ്പിലാക്കും. അവിടുത്തെ അനുഗമിക്കുന്നവർ നമ്മുടെ തിരഞ്ഞെടുക്കപ്പെട്ടവരായിരിക്കും – നമ്മുടെ വാൽസല്യഭാജനങ്ങൾ; നാം അവർക്കു നവചൈതന്യവും  പ്രതിഫലവും നൽകും.  അവരുടെ സൽപ്രവൃത്തികൾ എല്ലാ പുണ്യങ്ങളുടെയും ആദ്യകാരണമാകുന്ന നമ്മുടെ മനസ്സിൽ തന്നെ ഉത്ഭവിപ്പിക്കപ്പെടും. നല്ലവരെ അടിച്ചമർത്താൻ ദുഷ്ടന്മാർക്കു അനുവാദം  നൽകുന്നു, അതു നീതിമാന്മാർക്കു  തങ്ങളുടെ കിരീടം നേടാൻ  സഹായിക്കുന്നു, അതേസമയം അതു  ദുഷ്ടന്മാർക്കു തങ്ങളുടെ തന്നെ ശിക്ഷ വർദ്ധിപ്പിക്കാനും കാരണമാകുന്നു.  പൊതുനന്മയ്ക്കായി ഇടർച്ചകൾ  സംഭവിക്കട്ടെ. (മത്താ. 18:7); എന്നാൽ അവയ്ക്കു കാരണമാകുന്നവർ  നിർഭാഗ്യരും അതേസമയം  ഇടർച്ചയിലും വിജയം വരുന്നവർ   അനുഗ്രഹീതരും ആയിരിക്കട്ടെ.  

ഭോഷനും അഹങ്കാരിയും എളിയവരെ   ഉപദ്രവിക്കുകയും നിന്ദിക്കുകയും  ചെയ്യും; വലിയവരും ശക്തരും തങ്ങളേക്കാൾ താണവരെയും  നിസാരരെയും പീഡിപ്പിക്കും.  അപ്പോൾ അവർ ശപിക്കുന്നതിനു പകരം  അനുഗ്രഹിക്കും  (I കൊറി. 4:12).  ഭൂമിയിൽ  തീർഥാടകരായിരിക്കുന്ന കാലമത്രയും, അവർ മനുഷ്യരാൽ നിരാകരിക്കപ്പെടും. എന്നാൽ അതിനുശേഷം അവർ നമ്മുടെ പുത്രന്മാരുടെ കൂടെ, സ്വർഗീയാത്മാക്കളുടെ കൂടെ എണ്ണപ്പെടുകയും നിർഭാഗ്യരും അസന്തുഷ്ടരുമായ വിശ്വാസത്യാഗികൾക്കു നഷ്ടപ്പെട്ട ഇരിപ്പിടങ്ങളും കിരീടങ്ങളും, അവർ ആസ്വദിക്കുകയും ചെയ്യും. മർക്കടമുഷ്ടിക്കാരും  അഹങ്കാരികളും നിത്യമരണത്താൽ ശിക്ഷിക്കപ്പെടും, അവിടെ അവർ തങ്ങളുടെ   ഭോഷത്തം നിറഞ്ഞ ചെയ്തികളെയും   വഴിപിഴച്ച  രീതികളെയും   തിരിച്ചറിയും.” 

113.  “ആഗ്രഹിക്കുന്ന ഏവർക്കും  സമൃദ്ധമായ കൃപയും അനുകരിക്കാനായി ഒരു യഥാർത്ഥ മാതൃകയും,  ഉണ്ടാകാൻ വേണ്ടി സഹനം ഏറ്റെടുക്കാൻ  കഴിവുള്ളവനായും, അവരുടെ  രക്ഷകനായും പുത്രൻ ഭൂമിയിൽ അവതരിക്കും.  തങ്ങളുടെ  സന്തോഷകരമായ അവസ്ഥയിൽ നിന്നു ലൂസിഫറിൻറെ  വഞ്ചനയാൽ  പുറത്താക്കപ്പെട്ട മനുഷ്യരെ അവിടുന്നു   രക്ഷിക്കും; അവിടുന്നു തൻറെ അനന്തമായ യോഗ്യതകളാൽ അവരെ മുകളിലേക്ക് ഉയർത്തും. 

വീണ്ടെടുപ്പുകാരനും  ഗുരുവുമായവനിലൂടെ  മനുഷ്യവംശം രക്ഷിക്കപ്പെടണമെന്ന് നാം തീരുമാനിക്കുന്നു.

അവൻ പാപപരിഹാരം ചെയ്യാനും പ്രബോധനം നൽകാനും കഴിവുള്ളവൻ ആയിരിക്കും. ദരിദ്രനായി ജനിച്ചു ജീവിച്ച്, മനുഷ്യരാൽ വെറുക്കപ്പെട്ടവനായി, പാപിയെന്നും  കുറ്റവാളിയെന്നും  മുദ്ര കുത്തപ്പെട്ട്   മനുഷ്യരാൽ ശിക്ഷിക്കപ്പെട്ട് ഏറ്റവും അപമാനകരവും ഭയാനകവുമായ    മരണത്തിനു  വിധേയനായി മരിക്കുമെങ്കിലും  ദൈവനീതിയെ തൃപ്തിപ്പെടുത്താനും  പാപങ്ങൾക്ക്  പരിഹാരം ചെയ്യാനും  കഴിവുള്ളവനായിരിക്കും അവൻ. അവൻറെ  യോഗ്യതകൾ മുന്നമേ തന്നെ  അറിയുന്നതിനാൽ നാം കരുണയും ദയയും  കാണിക്കും.  ക്രിസ്തുവിൻറെ  അനുയായികളും  നമ്മുടെ പുത്രന്മാരും എളിമയും സമാധാനശീലവുമുള്ളവരും   പുണ്യങ്ങൾ അഭ്യസിക്കുന്നവരും സഹനങ്ങൾ ഏറ്റുവാങ്ങുകയും അതേസമയം മറ്റുള്ളവരോട് ക്ഷമിക്കുകയും   ചെയ്യുന്നവരും ആണെന്ന്  എല്ലാവരും മനസിലാക്കും. തന്നെത്തന്നെ പരിത്യജിച്ച്, തൻറെ കുരിശുമെടുത്തുകൊണ്ട്  ഗുരുവും കർത്താവുമായ ക്രിസ്തുവിനെ അനുഗമിക്കാത്ത ഒരുവനും സ്വതന്ത്രമനസുകൊണ്ടുമാത്രം  നമ്മുടെ രാജ്യത്തിൽ പ്രവേശിക്കുവാൻ കഴിയില്ല (മത്താ. 10:22).  

നമ്മുടെ രാജ്യമെന്നത് , നിയമാനുസൃതം അദ്ധ്വാനിക്കുകയും, പോരാടുകയും, അവസാനം വരെ സ്ഥിരോത്സാഹത്തോടെ നിലനിൽക്കുകയും  ചെയ്യുന്ന നീതിമാന്മാർ ഉൾക്കൊള്ളുന്നതാണ്. ഇപ്പോൾ ആരംഭിക്കുകയും നിശ്ചയിക്കപ്പെട്ടിരിക്കുകയും ചെയ്യുന്ന  നമ്മുടെ ക്രിസ്തുവിൻറെ വാഴ്‌ചയിൽ അവർ പങ്കെടുക്കും. എന്തെന്നാൽ അവിടുത്തെ സഹോദരന്മാരെ കുറ്റം ആരോപിക്കുന്നവൻ വലിച്ചെറിയപ്പെട്ടിരിക്കുന്നു.ക്രിസ്തുവിൻറെ വിജയം ഉറപ്പായിരിക്കുന്നു; തൻറെ  രക്തത്താൽ അവിടുന്നു മനുഷ്യരെ കഴുകി ശുദ്ധീകരിക്കേണ്ടതിനാൽ, സ്തുതിക്കും മഹത്വത്തിനും അവിടുന്നാണ് അർഹൻ. അതിനാൽ കൃപയുടെ നിയമത്തിൻറെ പുസ്തകം തുറക്കാൻ അവിടുന്നു മാത്രമാണു യോഗ്യൻ (വെളി. 5:9), മനുഷ്യർക്ക് എന്നിലേക്കു വരാൻ കഴിയുന്ന വഴിയും, വെളിച്ചവും, സത്യവും, ജീവനും അവിടുന്നാണ് (യോഹന്നാൻ 14:6), അതിലൂടെ മനുഷ്യർക്ക് എന്നിലേയ്ക്കു വരാം. അവിടുന്നു മാത്രം സ്വർഗ്ഗത്തിൻറെ വാതിലുകൾ തുറക്കും; അവിടുന്നു മധ്യസ്ഥനും (1 തിമോ. 2:5) മനുഷ്യരുടെ അഭിഭാഷകനുമായിരിക്കും, അവരെ പീഡിപ്പിക്കുകയും അവരുടെ മേൽ  കുറ്റമാരോപിക്കുകയും ചെയ്യുന്നവനിൽ നിന്ന് മോചിതരായതിനു ശേഷം, അവിടുന്ന്  അവർക്ക് ഒരു പിതാവും സഹോദരനും (I യോഹ  2:1) സംരക്ഷകനും ആയിരിക്കും. നമ്മുടെ രക്ഷയുടെയും ശക്തിയുടെയും ശുശ്രൂഷയിൽ  പങ്കുചേരുകയും, നമ്മുടെ ക്രിസ്തുവിൻറെ  വാഴ്ചയ്ക്കു   പ്രതിരോധം തീർക്കുകയും  ചെയ്ത മാലാഖമാർ, യഥാർത്ഥ പുത്രന്മാരെപ്പോലെ തന്നെ, എൻറെ സന്നിധിയിൽ നിത്യകാലം അതേവിധത്തിൽ ബഹുമാനിക്കപ്പെടുകയും കിരീടം   ധരിക്കപ്പെടുകയും  ചെയ്യും.”  

114. ലോക സ്ഥാപനം മുതൽ മറഞ്ഞിരിക്കുന്ന രഹസ്യങ്ങളും  യേശുക്രിസ്തുവിൻറെ ജീവിതവും പ്രബോധനവും വഴി വെളിപ്പെടുത്തിയ രഹസ്യങ്ങളും  ഉൾക്കൊള്ളുന്നതും  സ്വർഗ്ഗത്തിൽനിന്നു പുറപ്പെട്ടതുമായ  ഈ ശബ്ദത്തിൽ എനിക്കു വിശദീകരിക്കാൻ കഴിയുന്നതിലുമധികം അർത്ഥങ്ങൾ ഉൾക്കൊണ്ടിരുന്നു. അതിലൂടെ വിശുദ്ധ ദൂതന്മാർക്ക്, തങ്ങൾ  നിറവേറ്റേണ്ട ദൗത്യങ്ങൾ നൽകപ്പെട്ടു. വിശുദ്ധ മിഖായേലിനെയും വിശുദ്ധ ഗബ്രിയേലിനെയും, അവതരിച്ച വചനത്തിൻറെയും അവിടുത്തെ അമ്മയായ ഏറ്റവും പരിശുദ്ധ മറിയത്തിൻറെയും സന്ദേശവാഹകരായി നിയമിച്ചു; മനുഷ്യാവതാരത്തിൻറെയും പരിത്രാണത്തിൻറെയും എല്ലാ രഹസ്യങ്ങൾക്കും അവർ ശുശ്രൂഷകരായിരിക്കണം. ഈ രണ്ടു രാജകുമാരന്മാരോടൊപ്പം, മറ്റു പല മാലാഖമാരെയും ഇതേ ശുശ്രൂഷയ്ക്കായി നിയോഗിച്ചു, അതേപ്പറ്റി  ഞാൻ പിന്നീടു വിശദീകരിക്കാം (ഖണ്ഡിക 201-206) . 

മനുഷ്യരെ വശീകരിച്ചു കൊണ്ടുപോയി വീഴിക്കാനായി  ലൂസിഫർ നിശ്ചയിച്ചു വച്ചിരുന്ന  തിന്മകൾക്കു ബദലായ സദ്ഗുണങ്ങളിലും   വിശുദ്ധിയിലും   അവരെ പ്രചോദിപ്പിക്കാനും പഠിപ്പിക്കാനും വേണ്ടി, സർവ്വശക്തനായ ദൈവം മറ്റു മാലാഖമാരെ ആത്മാക്കളുടെ സഹചരരും  സംരക്ഷകരുമായി നിയമിച്ചു. തങ്ങളുടെ  ശത്രുക്കൾ വിരിക്കുന്ന  വലകളിലും കെണികളിലും വീണ്, നീതിമാന്മാരുടെ  പാദങ്ങൾ കല്ലിന്മേൽ  തട്ടി പരുക്കേൽക്കാതിരിക്കാനായി, അവർ ആത്മാക്കൾക്കു കാവൽ നിൽക്കുകയും, പ്രതിരോധിക്കുകയും, അവരെ കൈകളിൽ വഹിക്കുകയും ചെയ്യേണ്ടതായിരുന്നു (സങ്കീ. 91 :12). 

115. ക്രിസ്തുവിൻറെ ശക്തിയും, രക്ഷയും, മഹത്വവും  ദൈവരാജ്യവും തുടങ്ങിയെന്നു  പറഞ്ഞുകൊണ്ട് വിശുദ്ധ യോഹന്നാൻ സൂചിപ്പിക്കുന്ന  മറ്റു പല കാര്യങ്ങളും ഈ അവസരത്തിൽ തീരുമാനിക്കപ്പെട്ടു. എന്നാൽ, ഈ സമയത്തെ  നിഗൂഢമായ പ്രവൃത്തികളിൽ, പ്രധാനമായും നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻറെ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട യോഗ്യതകളിലൂടെ തെരഞ്ഞെടുക്കപ്പെട്ടവരുടെ സംഖ്യാവിവരണവും അവരുടെ പദവികളും ദൈവികജ്ഞാനത്തിൻറെ നിഗൂഢമായ കൽപലകകളിൽ  മുൻകൂട്ടി രേഖപ്പെടുത്തിയതും ഉൾപ്പെട്ടിരുന്നു. ഓ, അപ്പോൾ ദൈവത്തിൻറെ ഹൃദയത്തിൽ ഉരുത്തിരിഞ്ഞ  നിഗൂഢതകളും വിവരണാതീതമായ രഹസ്യങ്ങളും!  ഓ, തിരഞ്ഞെടുക്കപ്പെട്ടവരുടെ സൗഭാഗ്യമേ! പ്രാധാന്യത്തിൽ ഇതിനു തുല്യമായതെന്തുണ്ട്! ഏതു കൂദാശയാണു  ദൈവത്തിൻറെ മഹാശക്തി പോലെ   ശ്രേഷ്ഠമായിരിക്കുന്നത്! ക്രിസ്തുവിൻറെ ശക്തിയുടെ വിജയം എത്ര മഹത്തരമായിരുന്നു! അത്തരമൊരു ശിരസിനോടു ചേർക്കപ്പെടുകയും  ഐക്യപ്പെടുകയും ചെയ്ത അവയവങ്ങൾ സന്തുഷ്ടരത്രെ; അവർ  അനന്തമായ ആനന്ദം അനുഭവിക്കുന്നവരാണ്!  ഓ, അത്തരമൊരു നേതാവിൻറെയും യജമാനൻറെയും  കീഴിൽ  വസിക്കുന്ന  ശക്തരായ ജനങ്ങളേ, പരിശുദ്ധ സഭയേ! അത്തരം ഉന്നതമായ രഹസ്യങ്ങളുടെ ചിന്തയിൽ, സൃഷ്ടികളുടെ  വിധിതീർപ്പുകൾ അശക്തങ്ങളാകുന്നു. എൻറെ ധാരണകൾ  അസ്ഥിരമാകുന്നു.  അവ  താൽക്കാലികമായി പ്രവർത്തനരഹിതമാകുന്നു, എൻറെ നാവ് നിശബ്ദമാകുന്നു! 

116. പരിശുദ്ധത്രിത്വത്തിലെ മൂന്നു ദൈവിക വ്യക്തികളുടെയും കൂട്ടായ്മയിൽ, വെളിപാടിൻറെ പുസ്തകത്തിൽ  പരാമർശിച്ചിരിക്കുന്ന  നിഗൂഡമായ ആ പുസ്തകം നൽകപ്പെട്ടു, അതു പിതാവിൻറെ ഏകജാതനു കൈമാറി; ആ സമയത്തു തന്നെയാണ്  അത് എഴുതിയതും  യോഹന്നാൻ  പറയുന്ന ഏഴു മുദ്രകൾ ഉപയോഗിച്ച് അടച്ചു മുദ്രവച്ചതും (വെളി. 5:7).   മനുഷ്യനായി പിറന്നപ്പോൾ, അവിടുന്ന് അതു തുറക്കുകയും അവിടുത്തെ ജനനം, ജീവിതം, മരണം എന്നിവയുടെ രഹസ്യങ്ങൾ എല്ലാം പൂർത്തീകരിക്കുന്നതുവരെ  ആ മുദ്രകളിൽ  അടങ്ങിയിരിക്കുന്നവ എല്ലാം  ക്രമത്തിൽ നിർവ്വഹിക്കുകയും ചെയ്തു. മാലാഖമാരുടെ പതനത്തിനുശേഷമുള്ള പരിശുദ്ധ ത്രിത്വത്തിൻറെ  കൽപ്പനകളായിരുന്നു  ആ പുസ്തകത്തിൽ അടങ്ങിയിരുന്നത്; അതായത്, വചനത്തിൻറെ മനുഷ്യാവതാരവുമായി ബന്ധപ്പെട്ടതെല്ലാം –  കൃപയുടെ നിയമം, പത്തു  കൽപ്പനകൾ, ഏഴു കൂദാശകളും എല്ലാ വിശ്വാസ സത്യങ്ങളും,  സമരസഭ മുഴുവൻറെയും ആധാരനിയമങ്ങളും അവയിൽ അടങ്ങിയിരിക്കുന്നു.  മനുഷ്യപ്രകൃതം സ്വീകരിച്ച വചനത്തിനു  മഹാപുരോഹിതനും പരിശുദ്ധആചാര്യനും  എന്ന നിലയിൽ  (ഹെബ്രാ. 6:20), അപ്പോസ്തലന്മാർക്കും സഭയിലെ മറ്റു പുരോഹിതന്മാർക്കും ശുശ്രൂഷകർക്കും ആവശ്യമായ ദാനങ്ങളും  വരങ്ങളും കൈമാറാനുള്ള അധികാരവും നൽകപ്പെട്ടു.

117. സുവിശേഷനിയമത്തിൻറെ രഹസ്യാത്മകമായ  തുടക്കമായിരുന്നു ഇത്. പരിശുദ്ധ  ത്രിത്വത്തിൻറെ ഏറ്റവും രഹസ്യാത്മകമായ ഒരു കൂട്ടായ്മയിൽ വച്ച്, ആ നിയമം പാലിക്കുന്നവരുടെ പേരു   ജീവൻറെ പുസ്തകത്തിൽ എഴുതപ്പെടണം  എന്നു ദൈവിക തിരുമനസ്സിൽ തീരുമാനിക്കപ്പെടുകയും അപ്രകാരം രേഖപ്പെടുത്തുകയും ചെയ്തു. ആ നിയമത്തിൻറെ ആരംഭം ഇവിടെയായിരുന്നു, നിത്യപിതാവിൽനിന്നു മാർപ്പാപ്പയ്ക്കും സഭാദ്ധ്യക്ഷന്മാർക്കും അവരുടെ അധികാരവും ക്രിസ്തുവിൻറെ  പ്രതിപുരുഷത്വവും ലഭിച്ചിരിക്കുന്നു.

 അവിടുത്തെ അനന്തമായ ശക്തിയിൽനിന്നു വിനീതഹൃദയരുടെയും  ആത്മാവിൽ ദരിദ്രരായവരുടെയും താഴ്മയുള്ളവരുടെയും നീതിമാന്മാരുടെയും പുണ്യങ്ങൾ  ഒഴുകുന്നു. ഇങ്ങനെയാണ്  അവരുടെ  എളിയ ഉത്ഭവം, അതിനാൽത്തന്നെ മേലധികാരിയെ  അനുസരിക്കുന്നവൻ ദൈവത്തെ അനുസരിക്കുന്നു എന്നു പറയുന്നതു സത്യമാണ് (ലൂക്കാ 10:16), അവരെ നിരസിക്കുന്നവൻ ദൈവത്തെ നിരസിക്കുന്നു. ഇവയെല്ലാം ദൈവിക മനസ്സിൽ ആവിഷ്കരിക്കപ്പെടുകയും രൂപം നൽകപ്പെടുകയും ചെയ്യുകയും, ഉചിതമായ സമയത്ത് ഈ കൽപ്പനകളുടെ പുസ്തകം തുറക്കാനുള്ള അധികാരം ക്രിസ്തുവിനു നൽകപ്പെടുകയും ചെയ്തു, അതുവരെ അത് അടച്ചു മുദ്രയിടപ്പെടണം. ഇതിനിടയിൽ അത്യുന്നതൻ സ്വാഭാവിക നിയമങ്ങളിലും എഴുതിയ നിയമങ്ങളിലുമുള്ള തൻറെ  ദിവ്യവചനങ്ങളുടെ സാക്ഷ്യം എന്ന നിലയിൽ  അവിടുത്തെ നിയമം നൽകി, അവയോടൊപ്പം തൻറെ അതിശയകരമായ പ്രവൃത്തികളും  അവിടുത്തെ രഹസ്യങ്ങളുടെ ഒരു ഭാഗവും പിതാക്കന്മാരിലൂടെയും പ്രവാചകന്മാരിലൂടെയും വെളിപ്പെടുത്തി.

118.  ‘ കുഞ്ഞാടിൻറെ  രക്തംകൊണ്ടും  സ്വന്തം സാക്ഷ്യത്തിൻറെ വചനം കൊണ്ടും അവർ ( നീതിമാന്മാർ) അവൻറെ മേൽ (  സർപ്പത്തിൻറെ  മേൽ) വിജയം നേടി’ എന്ന് എഴുതപ്പെട്ടിരിക്കുന്നു.

തങ്ങളുടെ  മേൽ കുറ്റമാരോപിക്കുന്ന  മഹാസർപ്പത്തെ കീഴടക്കാൻ    എല്ലാ  വിശ്വാസികളെയും  പ്രാപ്തരാക്കുന്നതിന്, ക്രിസ്തുവിൻറെ രക്തം തികച്ചും പര്യാപ്തവും മതിയായതുമാണെന്നതുപോലെതന്നെ, പ്രവാചകന്മാരുടെ സാക്ഷ്യങ്ങളും പ്രബോധനങ്ങളും നിത്യരക്ഷയ്ക്കു വലിയ ശക്തിയും സഹായവുമാണ്.  നീതിമാന്മാർ അവരുടെ സ്വതന്ത്രഹിതത്താൽ ഈ ദൈവിക സഹായങ്ങളുമായി സഹകരിക്കുന്നതിലൂടെ, അവരുടെ സ്വയത്തെയും അതോടൊപ്പം പിശാചുക്കളെയും കീഴ്‌പ്പെടുത്തുകയും  കൃപയെ ഉപയോഗപ്പെടുത്തിക്കൊണ്ട്  പീഡാസഹനത്തിൻറെയും വീണ്ടെടുപ്പിൻറെയും ഫലം കൈവരിക്കുകയും ചെയ്യണം. രക്തസാക്ഷികൾ വിശ്വാസത്തിൻറെ സാക്ഷ്യത്തിനായും ക്രിസ്തുവിൻറെ നാമമഹത്വത്തിനായും  ചെയ്തതുപോലെ, അവിടുത്തെ സാക്ഷ്യത്തിനായും ക്രിസ്തു വാഗ്ദാനം ചെയ്ത കിരീടത്തിൻറെയും വിജയത്തിൻറെയും പ്രതീക്ഷയിലും, ദൈവത്തിൻറെ ക്രമാനുസൃതമായ കൽപ്പനകളും ഉപദേശങ്ങളും നിറവേറ്റുന്നതിൽ അവർ വിജയിക്കുക മാത്രമല്ല, കർത്താവിനുവേണ്ടി തങ്ങളുടെ ജീവൻ ബലിയർപ്പിക്കുന്നതിനു വരെ തയ്യാറാകുകയും ചെയ്യുന്നു (വെളി. 6:9). 

119. ഈ രഹസ്യങ്ങളെല്ലാം നിമിത്തം വിശുദ്ധ ഗ്രന്ഥം കൂട്ടിച്ചേർക്കുന്നു: “അതിനാൽ ഓ സ്വർഗ്ഗമേ, അതിൽ വസിക്കുന്ന എല്ലാവരുമേ, സന്തോഷിപ്പിൻ.”  കാരണം സ്വർഗമാണു   നീതിമാന്മാരുടെയും അവരുടെ പരമാധികാരിയായ യേശുക്രിസ്തുവിൻറെയും അവിടുത്തെ ഏറ്റവും പരിശുദ്ധ അമ്മയുടെയും വാസസ്ഥലമാകാൻ പോകുന്നത്. ഓ സ്വർഗമേ, ആഹ്ളാദിക്കുക,  ഭൗതികവും അചേതനവുമായ ഒരു സൃഷ്ടികൾക്കും ഇതിനേക്കാൾ നല്ല ഒരു പങ്കു  ലഭിച്ചിട്ടില്ല, കാരണം സ്വർഗമാണു  നിത്യകാലം നിലനിൽക്കുന്ന ദൈവത്തിൻറെ ഭവനമാകാൻ പോകുന്നത്. അവിടുത്തെ  രാജ്ഞിയായി സ്വീകരിക്കപ്പെടാൻ  പോകുന്നത് അത്യുന്നതൻറെ ശക്തിയിൽനിന്നു ഉത്ഭവിച്ച ഏറ്റവും നിർമ്മലവും ഏറ്റവും വിശുദ്ധവുമായ സൃഷ്ടിയാണ്. ആകയാൽ, സ്വർഗവും അതിൽ വസിക്കുന്ന ഏവരുമേ, നിങ്ങൾ  – മാലാഖമാരും നീതിമാന്മാരും-  സന്തോഷിക്കുവിൻ, നിങ്ങൾ നിത്യപിതാവിൻറെ പുത്രൻറെയും അവിടുത്തെ മാതാവിൻറെയും കൂട്ടാളികളും ശുശ്രൂഷകരും ആകേണ്ടവരാകയാൽ സന്തോഷിക്കുവിൻ. ക്രിസ്തു തന്നെ ശിരസ്സായ ആ നിഗൂഢമായ ശരീരത്തിൻറെ ഭാഗങ്ങളാകാൻ നിങ്ങൾ ആഗ്രഹിക്കുന്നു.

 വിശുദ്ധ മാലാഖമാരേ, നിങ്ങൾ സന്തോഷിപ്പിൻ, എന്തെന്നാൽ നിങ്ങളുടെ പ്രതിരോധംകൊണ്ടും സൂക്ഷിപ്പുകൊണ്ടും നിങ്ങൾ അവരെ ശുശ്രൂഷിക്കുകയും സേവിക്കുകയും ചെയ്യുന്നതിനാൽ, നിങ്ങൾക്ക്  അപ്രതീക്ഷിതമായി ലഭിക്കുന്ന സന്തോഷത്തിൻറെ അളവു നിങ്ങൾ  വർദ്ധിപ്പിക്കുന്നു. സ്വർഗീയസൈന്യങ്ങളുടെ  രാജകുമാരനായ മുഖ്യദൂതൻ, വിശുദ്ധ മിഖായേൽ വിശേഷാൽ സന്തോഷിക്കട്ടെ, കാരണം അവൻ യുദ്ധത്തിൽ അത്യുന്നതൻറെ മഹത്വത്തെയും അവിടുത്തെ സ്‌തുത്യർഹമായ രഹസ്യങ്ങളെയും പ്രതിരോധിച്ചു. കൂടാതെ അവൻ വചനം മനുഷ്യാവതാരം ചെയ്യുന്നതിൻറെ ശുശ്രൂഷിയും അതിൻറെ അവസാനം വരെയുള്ള എല്ലാ അനന്തര ഫലങ്ങളുടെയും ഒരു പ്രത്യേക സാക്ഷിയും ആണ്. അവിടുത്തെ മിത്രങ്ങളും യേശുക്രിസ്തുവിനെയും അവിടുത്തെ മാതാവിനെയും ഏറ്റുപറയുന്ന എല്ലാവരും  സന്തോഷിക്കട്ടെ, കാരണം അവരുടെ ശുശ്രൂഷയുടെ സമയങ്ങളിലും  അവർക്കു ഇപ്പോഴേ സ്വന്തമായിട്ടുള്ള  അവശ്യമഹത്വത്തിൻറെ സന്തോഷങ്ങൾ ഒന്നും  നഷ്ടപ്പെടുന്നില്ല. അത്തരം ദിവ്യ  വ്യാപാരങ്ങൾ കൊണ്ട്  സ്വർഗം സന്തോഷിക്കട്ടെ! 

വെളിപാടിൻറെ പുസ്തകം പന്ത്രണ്ടാം അധ്യായത്തിൻറെ വിശദീകരണ സമാപനം 

————————————————————————————

120. “അതിനാൽ, സ്വർഗ്ഗമേ, അതിൽ വസിക്കുന്നവരേ, ആനന്ദിക്കുവിൻ. എന്നാൽ, ഭൂമിയേ, സമുദ്രമേ, നിങ്ങൾക്കു ദുരിതം! ചുരുങ്ങിയ സമയമേ അവശേഷിക്കുന്നുള്ളൂ എന്നറിഞ്ഞ് അരിശംകൊണ്ട പിശാചു നിങ്ങളുടെ അടുത്തേക്ക് ഇറങ്ങിയിട്ടുണ്ട്.”  വളരെയധികം പാപങ്ങളും, അതുപോലെ തന്നെ  ദുഷ്ടതയും പ്രവർത്തിക്കുന്ന ഭൂമിക്ക് ഹാ  കഷ്ടം! സ്രഷ്ടാവിനെതിരെ ഇത്രയും വലിയ പാപങ്ങൾ ചെയ്യുന്ന  അതിക്രമികളോട് , തങ്ങളുടെ  സ്രഷ്ടാവും  കർത്താവുമായവനെതിരെ  ചെയ്യുന്ന  നിന്ദനങ്ങൾക്ക്  ജലപ്രളയംകൊണ്ടു പ്രതികാരം ചെയ്യാനും, ആ സൃഷ്ടികളെ  ഉന്മൂലനം ചെയ്യാനും തയ്യാറാകാതിരുന്ന  സമുദ്രത്തിനും  കഷ്ടം! 

എന്നാൽ, ഉഗ്രകോപത്തോടും സമാനതകളില്ലാത്ത ക്രൂരതയോടുംകൂടെ മനുഷ്യർക്കെതിരായി യുദ്ധം ചെയ്യാനായി അവരുടെ ഇടയിലേക്കു വരുന്ന പിശാചിനെ  അനുഗമിക്കുന്ന അനേകരുടെ  ആർത്തിരമ്പുന്ന മഹാസാഗരത്തിനു  കൂടുതൽ ദുരിതം!  ഇത്, തൻറെ  ക്രോധം ചൊരിയാനും   എല്ലാ സൃഷ്ടികളെയും ഉന്മൂലനം ചെയ്യാനും  ശ്രമിക്കുകയും, ആ ശ്രമത്തിൽ ലോകത്തിൽ  തനിക്കുള്ള സമയം വളരെ ചുരുങ്ങിയതാണെന്നു മനസിലാക്കുകയും ചെയ്യുന്ന  ക്രൂരതയേറിയ  മഹാസർപ്പമായ  പിശാചിൻറെ കോപമാണ്. അത് ഇരയെ വിഴുങ്ങുന്ന സിംഹത്തിൻറേതിനേക്കാൾ വലുതാണ് (I പത്രോ. 5:8). മനുഷ്യരുടെ  ലോകജീവിതമെന്നത്  ഒരിക്കൽ  അവസാനിക്കുമെന്നതിനാൽ   മനുഷ്യർക്കു നാശമുണ്ടാക്കാനുള്ള പിശാചിൻറെ  വിശപ്പും ദാഹവും തൃപ്തിപ്പെടുത്താൻ അതു  മതിയാകുന്നില്ല.  നേരെമറിച്ചു   സാധ്യമെങ്കിൽ, ദൈവപുത്രന്മാർക്കെതിരെ യുദ്ധം ചെയ്യാൻ നിത്യത തന്നെ അവൻ ആഗ്രഹിക്കുന്നു. എന്നാൽ അവൻറെ തല തകർക്കാനിരിക്കുന്ന, ഏറ്റവും അനുഗ്രഹീതയായ സ്ത്രീക്കെതിരെയുള്ള അവൻറെ കോപം താരതമ്യപ്പെടുത്താനാവാത്തവിധം മറ്റെല്ലാവരോടുമുള്ളതിനേക്കാൾ വലുതാണ് (ഉൽപ. 3:15). 

(തുടരും)