വിശുദ്ധ നഗരം : അഭയ നഗരം – അധ്യായം 3

ഇതുവരെ പ്രതിപാദിച്ചതിൻറെ തുടർച്ച – 

വെളിപാടു  പുസ്തകം  പന്ത്രണ്ടാം അധ്യായത്തിൻറെ  വിശദീകരണത്തിലൂടെ 

94. വെളിപാടു പുസ്തകത്തിലെ  പന്ത്രണ്ടാം അധ്യായത്തിലെ  വചനങ്ങൾ  ഇപ്രകാരമാണ്: 

‘ സ്വർഗ്ഗത്തിൽ വലിയ ഒരടയാളം കാണപ്പെട്ടു: സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ. അവളുടെ പാദങ്ങൾക്കടിയിൽ ചന്ദ്രൻ. ശിരസ്സിൽ പന്ത്രണ്ടു നക്ഷത്രങ്ങൾകൊണ്ടുള്ള കിരീടം. 

 അവൾ ഗർഭിണിയായിരുന്നു. പ്രസവവേദനയാൽ അവൾ നിലവിളിച്ചു. പ്രസവക്ലേശത്താൽ അവൾ ഞെരുങ്ങി. 

 സ്വർഗ്ഗത്തിൽ മറ്റൊരടയാളം കൂടി കാണപ്പെട്ടു: ഇതാ അഗ്നിമയനായ ഒരുഗ്രസർപ്പം. അതിന് ഏഴു തലയും പത്തു കൊമ്പും. തലകളിൽ ഏഴു കിരീടങ്ങൾ. 

 അതിൻറെ വാൽ ആകാശത്തിലെ നക്ഷത്രങ്ങളിൽ മൂന്നിലൊന്നിനെ വാരിക്കൂട്ടി ഭൂമിയിലേക്ക് എറിഞ്ഞു. ആ സ്ത്രീ പ്രസവിക്കുന്ന കുഞ്ഞിനെ വിഴുങ്ങാൻ സർപ്പം അവളുടെ മുമ്പിൽ കാത്തുനിന്നു. 

 അവൾ ഒരാൺകുട്ടിയെ പ്രസവിച്ചു. സകല ജനപദങ്ങളെയും ഇരുമ്പുദണ്ഡുകൊണ്ടു ഭരിക്കാനുള്ളവനാണ് അവൻ. അവളുടെ ശിശു ദൈവത്തിൻറെയും അവിടുത്തെ സിംഹാസനത്തിൻറെയും അടുത്തേക്കു സംവഹിക്കപ്പെട്ടു. 

 ആ സ്ത്രീ മരുഭൂമിയിലേക്ക് ഓടിപ്പോയി. അവിടെ ആയിരത്തിയിരുനൂറ്റി അറുപതു ദിവസം അവളെ പോറ്റുന്നതിനു ദൈവം സജ്ജമാക്കിയ ഒരു സ്ഥലമുണ്ടായിരുന്നു. 

 അനന്തരം, സ്വർഗ്ഗത്തിൽ ഒരു യുദ്ധമുണ്ടായി. മിഖായേലും അവൻറെ ദൂതന്മാരും സർപ്പത്തോടു പോരാടി. സർപ്പവും അവൻറെ ദൂതന്മാരും എതിർത്തു യുദ്ധം ചെയ്തു. 

 എന്നാൽ അവർ പരാജിതരായി. അതോടെ സ്വർഗ്ഗത്തിൽ അവർക്ക് ഇടമില്ലാതായി. 

 ആ വലിയ സർപ്പം, സർവ്വലോകത്തെയും വഞ്ചിക്കുന്ന സാത്താനെന്നും പിശാചെന്നും വിളിക്കപ്പെടുന്ന ആ പുരാതനസർപ്പം, ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടു; അവനോടുകൂടി അവൻറെ ദൂതൻമാരും. 

 സ്വർഗ്ഗത്തിൽ ഒരു വലിയ സ്വരം വിളിച്ചുപറയുന്നതു ഞാൻ കേട്ടു: ഇപ്പോൾ നമ്മുടെ ദൈവത്തിൻറെ രക്ഷയും ശക്തിയും രാജ്യവും അവിടുത്തെ അഭിഷിക്തൻറെ അധികാരവും ആഗതമായിരിക്കുന്നു. എന്തെന്നാൽ, നമ്മുടെ സഹോദരരെ ദുഷിക്കുകയും രാപ്പകൽ ദൈവസമക്ഷം അവരെ പഴി പറയുകയും ചെയ്തിരുന്നവർ വലിച്ചെറിയപ്പെട്ടു.  

അവരാകട്ടെ കുഞ്ഞാടിൻറെ രക്തംകൊണ്ടും സ്വന്തം സാക്ഷ്യത്തിൻറെ വചനംകൊണ്ടും അവൻറെമേൽ വിജയം നേടി. ജീവൻ നൽകാനും അവർ തയ്യാറായി. 

 അതിനാൽ, സ്വർഗ്ഗമേ, അതിൽ വസിക്കുന്നവരേ, ആനന്ദിക്കുവിൻ. എന്നാൽ, ഭൂമിയേ, സമുദ്രമേ, നിങ്ങൾക്കു ദുരിതം! ചുരുങ്ങിയ സമയമേ അവശേഷിക്കുന്നുള്ളൂ എന്നറിഞ്ഞ് അരിശംകൊണ്ട പിശാചു നിങ്ങളുടെ അടുത്തേക്ക് ഇറങ്ങിയിട്ടുണ്ട്. 

 താൻ ഭൂമിയിലേക്ക് എറിയപ്പെട്ടു എന്നു കണ്ടപ്പോൾ, ആൺകുട്ടിയെ പ്രസവിച്ച സ്ത്രീയെ അന്വേഷിച്ചു സർപ്പം പുറപ്പെട്ടു. 

 സർപ്പത്തിൻറെ വായിൽനിന്നു രക്ഷപ്പെട്ടു തൻറെ സങ്കേതമായ മരുഭൂമിയിലേക്കു പറന്നുപോകാൻവേണ്ടി ആ സ്ത്രീക്കു വൻകഴുകൻറെ രണ്ടു ചിറകുകൾ നൽകപ്പെട്ടു. സമയവും സമയങ്ങളും സമയത്തിൻറെ പകുതിയും അവൾ അവിടെ സംരക്ഷിക്കപ്പെടേണ്ടിയിരുന്നു. 

 സ്ത്രീയെ ഒഴുക്കിക്കളയാൻ സർപ്പം തൻറെ വായിൽനിന്നു നദിപോലെ ജലം അവളുടെ പിന്നാലെ പുറപ്പെടുവിച്ചു. 

 എന്നാൽ, ഭൂമി അവളെ സഹായിച്ചു. അതു വായ്  തുറന്നു സർപ്പം വായിൽനിന്നു ഒഴുക്കിയ നദിയെ വിഴുങ്ങിക്കളഞ്ഞു.  

 അപ്പോൾ സർപ്പം സ്ത്രീയുടെ നേരെ കോപിച്ചു. ദൈവകൽപ്പനകൾ കാക്കുന്നവരും, യേശുവിനു സാക്ഷ്യം വഹിക്കുന്നവരുമായി അവളുടെ സന്താനങ്ങളിൽ ശേഷിച്ചിരുന്നവരോടു യുദ്ധം ചെയ്യാൻ അതു പുറപ്പെട്ടു. 

 അതു സമുദ്രത്തിൻറെ മണൽത്തിട്ടയിൽ നിലയുറപ്പിച്ചു’.

95. എന്നിങ്ങനെയാണ് വിശുദ്ധ യോഹന്നാൻറെ  വാക്കുകൾ. സംഭവിച്ചു കഴിഞ്ഞ  കാര്യങ്ങളെക്കുറിച്ചുള്ള  ഒരു ദർശനമാണ്   അദ്ദേഹത്തിനു കാണിച്ചു കൊടുത്തതെന്നതിനാൽ, അദ്ദേഹം നടന്നുകഴിഞ്ഞ സംഭവം പോലെയാണ് അതു   വിവരിക്കുന്നത്.

അദ്ദേഹം പറയുന്നു: “സ്വർഗ്ഗത്തിൽ വലിയ ഒരടയാളം കാണപ്പെട്ടു: സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ. അവളുടെ പാദങ്ങൾക്കടിയിൽ ചന്ദ്രൻ. ശിരസ്സിൽ പന്ത്രണ്ടു നക്ഷത്രങ്ങൾകൊണ്ടുള്ള കിരീടം.” വാസ്തവത്തിൽ ഈ അടയാളം ദൈവിക പദ്ധതിയാൽ സ്വർഗ്ഗത്തിൽ പ്രത്യക്ഷപ്പെടുകയും, അതു കണ്ടിട്ടു  തങ്ങളെത്തന്നെ  ദൈവത്തിൻറെ തിരുഹിതത്തിനും  കൽപ്പനകൾക്കും വിധേയമാക്കുന്നതിനുവേണ്ടി നല്ല മാലാഖമാർക്കും ദുഷിച്ച മാലാഖമാർക്കും അതു കാണിച്ചുകൊടുക്കുകയും ചെയ്ത ഒന്നാണ്. അങ്ങനെ, നല്ല മാലാഖമാർ നല്ലതു തിരഞ്ഞെടുക്കുകയും ദുഷിച്ച മാലാഖമാർ തിന്മയിലേക്കു തിരിയുകയും ചെയ്യുന്നതിനുമുമ്പ്, അവർ അതു നേരിൽ കണ്ടു. മനുഷ്യപ്രകൃതം സൃഷ്ടിക്കുന്നതിലുള്ള ദൈവത്തിൻറെ കരവേലയുടെ അത്ഭുതകരമായ പരിപൂർണ്ണതയുടെ ദർപ്പണം എന്ന പോലെയായിരുന്നു ഇതും വെളിപ്പെടുത്തപ്പെട്ടത്. ക്രിസ്തുവിൽ ദൈവത്വവും മനുഷ്വത്വവും ഒരേസമയത്ത് ഒന്നിച്ചു സ്ഥിതിചെയ്യുന്നതിൻറെ രഹസ്യം, ദൈവം ഈ മാലാഖമാർക്ക് ഇതിനകംതന്നെ വെളിപ്പെടുത്തിയിരുന്നുവെങ്കിലും, അത് അവർക്കു മറ്റൊരു വിധത്തിൽ കൂടി വെളിപ്പെടുത്താൻ അവിടുന്ന് ആഗ്രഹിച്ചു.   അതു  നമ്മുടെ കർത്താവിൻറെ മനുഷ്യാവതാരം  കഴിഞ്ഞാൽ ദൈവം ചെയ്യാനിരുന്ന ഏറ്റവും പരിപൂർണ്ണവും വിശുദ്ധവുമായ ഒരു  സൃഷ്ടിയിൽകൂടിയായിരുന്നു. 

മാലാഖമാർ ദൈവത്തിനെതിരെ പാപം  ചെയ്തു    എന്ന കാരണം കൊണ്ടുമാത്രം  മനുഷ്യനെ സൃഷ്ടിക്കാനുള്ള തീരുമാനം ദൈവം പൂർത്തീകരിക്കാ തിരിക്കില്ലെന്നും, അനുസരണക്കേടു കാണിക്കുന്ന മാലാഖമാർക്കു   ദൈവത്തെ അപ്രീതിപ്പെടുത്താൻ കഴിയുന്നതിനേക്കാൾ കൂടുതൽ, മനുഷ്യാവതാരം ചെയ്യുന്ന വചനവും അവിടുത്തെ അമ്മയായ ഈ സ്ത്രീയും, ദൈവത്തെ അനന്തമായി പ്രസാദിപ്പിക്കും എന്നും അവർക്കു വെളിപ്പെടുത്തിയതിനാൽ, അതു നല്ല മാലാഖമാരുടെ ഉറപ്പിനും ദുഷിച്ച മാലാഖമാരുടെ ആശയക്കുഴപ്പത്തിനുമുള്ള ഒരു അടയാളം കൂടിയായിരുന്നു. മനുഷ്യർ മാലാഖമാരെപ്പോലെ പാപം ചെയ്യുകയും അനുസരണക്കേടു കാണിക്കുകയും ചെയ്താൽപോലും, അവർ  മാപ്പു ലഭിക്കാത്ത മാലാഖമാരെപ്പോലെ  നിത്യമായി ശിക്ഷിക്കപ്പെടുകയില്ല,  മറിച്ചു, അവരുടെ വീഴ്ചയ്ക്കു   ശ്രേഷ്ഠമായ ഔഷധവും പാപപരിഹാരവും ഈ അടയാളത്താൽ അവർക്കു നൽകപ്പെടും എന്നതിൻറെ  ഒരു ഉറപ്പായിരുന്നു അത്. നോഹയുടെ കാലത്തെ പ്രളയത്തിനു ശേഷം  ആകാശത്തിൽ പ്രത്യക്ഷപ്പെട്ട മഴവില്ലുപോലെ തന്നെയായിരുന്നു ഈ അടയാളവും.

 ‘എൻറെ ഏകജാതൻ മാംസം ധരിക്കപ്പെടാനിരിക്കുന്ന ഈ സ്ത്രീ ആ വംശത്തിൽ  പെടുന്നതിനാൽ, എൻറെ അസ്തിത്വത്തിലേക്കു ഞാൻ വിളിക്കുന്ന മറ്റു സൃഷ്ടികളെ ഞാൻ അതേവിധത്തിൽ ശിക്ഷിക്കുകയില്ല. എൻറെ പുത്രൻ എൻറെ സൗഹൃദത്തിൻറെ പുനഃസ്ഥാപകനും എൻറെ നീതിയുടെ പരിഹാരകനും ആയിരിക്കും; പാപം അടച്ചുകളഞ്ഞ സൗഭാഗ്യത്തിലേക്കുള്ള വഴി അവിടുന്നു തുറക്കും.’ എന്നു ദൈവം മാലാഖമാരോടു പറയുന്നതുപോലെയാണിത്.  

96. ഇതിനു കൂടുതൽ സാക്ഷ്യമായി, അനുസരണക്കേടു കാണിച്ച മാലാഖമാരുടെ ശിക്ഷയ്ക്കുശേഷം ലൂസിഫറിൻറെ അഹങ്കാരം ഉളവാക്കിയ ദൈവകോപം ശമിപ്പിക്കപ്പെടുകയും  ആശ്വസിക്കപ്പെടുകയും  ചെയ്തുവെന്നു കാണിക്കാൻ ദൈവം ഈ അടയാളം ഉപയോഗിച്ചു. നമുക്കു മനസ്സിലാകുന്ന വിധത്തിൽ പറയുകയാണെങ്കിൽ, ആ സാദൃശ്യത്തിൽ പ്രതിനിധീകരിക്കപ്പെട്ട രാജ്ഞിയുടെ സാന്നിധ്യത്തിൽ അവിടുന്ന്  ആനന്ദിച്ചു. വിശ്വാസത്യാഗികളായ  മാലാഖമാർക്ക് അവരുടെ മറുതലിപ്പിലൂടെ നഷ്ടപ്പെട്ട കൃപയെ, ക്രിസ്തുവിലൂടെയും ക്രിസ്തുവിൻറെ മാതാവിലൂടെയും മനുഷ്യരുടെനേരെ ദൈവം ഇപ്പോൾ തിരിച്ചുവിടുമെന്നു മനസ്സിലാക്കാൻ അവിടുന്നു മാലാഖമാരെ അനുവദിച്ചു. നല്ല മാലാഖമാർക്കിടയിൽ ആ മഹത്തായ അടയാളത്തിനു  മറ്റൊരു ഫലവും ഉണ്ടായിരുന്നു; അതായത് (നമുക്കു മനസ്സിലാകുന്ന രീതിയിൽ പറഞ്ഞാൽ}, സംഭവിച്ച കാര്യങ്ങളെയോർത്ത്  അവർ ദുഃഖിതരും അസന്തുഷ്ടരുമായിരുന്നതിനാൽ, ഈ ദർശനം  നൽകുന്നതിലൂടെ   നല്ല മാലാഖമാരെ ആഹ്ളാദിപ്പിക്കാനും, ലൂസിഫറിനെതിരായ അവരുടെ വിജയത്തിൻറെ യോഗ്യതകൊണ്ട് ഈ ആകസ്മിക ആനന്ദത്താൽ അവരുടെ അനിവാര്യമായ പരമാനന്ദം വർദ്ധിപ്പിക്കാനും അത്യുന്നതൻ ആഗ്രഹിച്ചു. സമാധാനത്തിൻറെ അടയാളമായി അവർക്കു പ്രത്യക്ഷപ്പെടുന്ന  കരുണാമയിയായ  ഈ സ്ത്രീയെ  കണ്ടപ്പോൾ, കർത്താവിൻറെയും അവിടുത്തെ തിരുഹിതത്തിൻറെയും  പ്രമാണങ്ങൾ അവർ അനുസരിച്ചതിനാൽ, തങ്ങൾക്കെതിരെയല്ല  ആ  ശിക്ഷാവിധി പുറപ്പെടുവിച്ചതെന്ന് അവർ പെട്ടെന്നു മനസ്സിലാക്കി. 

കൂടാതെ മനുഷ്യാവതാരത്തിൻറെ  രഹസ്യങ്ങളും കൂദാശകളും  അതോടൊപ്പം  സമരസഭയുടെയും അതിലെ അംഗങ്ങളുടെയും പല രഹസ്യങ്ങളും കൂദാശകളും ഈ അടയാളത്തിലൂടെ അവർക്കു വെളിപ്പെടുത്തിക്കൊടുത്തു. മനുഷ്യരെ നിരീക്ഷിച്ചുകൊണ്ടും, ശത്രുക്കൾക്കെതിരെ പ്രതിരോധിച്ചുകൊണ്ടും അവരെ നിത്യസൗഭാഗ്യത്തിലേക്കു നയിച്ചുകൊണ്ടും തങ്ങൾ  മനുഷ്യരെ ശുശ്രൂഷിക്കുകയും സഹായിക്കുകയും ചെയ്യേണ്ടതുണ്ടെന്നും അവർ മനസ്സിലാക്കി. തങ്ങളുടെതന്നെ സൗഭാഗ്യത്തിന്   തങ്ങൾ കടപ്പെട്ടിരിക്കുന്നത് അവതാരം ചെയ്ത വചനത്തിൻറെ യോഗ്യതകളോടാണെന്നും, ദൈവിക ജ്ഞാനത്തിലൂടെ, ക്രിസ്തുവിലൂടെ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള കൃപയിൽ, സ്രഷ്ടാവ് അവരെ സംരക്ഷിച്ചിട്ടുണ്ടെന്നും അവർ മനസിലാക്കി.

97. ഇതെല്ലാം നല്ല മാലാഖമാർക്കു വലിയ ആനന്ദവും സന്തോഷവും ആയിരുന്നതുപോലെ, ദുഷ്ടാത്മാക്കൾക്ക് ഇത് ഒരു വലിയ  പീഡയുമായിരുന്നു. ദുഷ്ടാത്മാക്കൾക്ക് ഇത് അവരുടെ ശിക്ഷയുടെ ഒരു ഭാഗവും തുടക്കവുമായിരുന്നു. ഈ അടയാളംകൊണ്ടു നേട്ടമുണ്ടാക്കുന്നതിൽ  തങ്ങൾ  പരാജയപ്പെട്ടതിനാൽ,  അതിനാൽതന്നെ തങ്ങൾ   കീഴടക്കപ്പെടുകയും തകർക്കപ്പെടുകയും ചെയ്യപ്പെടുമെന്ന് അവർക്കു പെട്ടെന്നു മനസ്സിലായി (ഉൽപ 3:15).  ഈ രഹസ്യങ്ങളും, കൂടാതെ എനിക്കു വിശദീകരിക്കാൻ കഴിയാത്തതും, സമയത്തിൻറെ പൂർത്തീകരണം വരെ  നമുക്ക് അവ്യക്തവും മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതുമായി തുടരേണ്ട    മറ്റു പലതും, ഈ അധ്യായത്തിൽ ഉൾപ്പെടുത്താനും ഈ   മഹത്തായ അടയാളത്തിനു കീഴിൽ  സൂചിപ്പിക്കാനും വിശുദ്ധ യോഹന്നാൻ ആഗ്രഹിച്ചു. 

98. സ്ത്രീയുടെ ഉടയാടയായ സൂര്യൻ സൂചിപ്പിക്കുന്നത്  യഥാർത്ഥ നീതിസൂര്യനെയാണ്. ഇതുമൂലം അത്യുന്നതൻ തൻറെ   അജയ്യമായ  വലതുകരത്തിൻറെ സംരക്ഷണത്താൽ ഈ സ്ത്രീയെ അവിടുത്തെ തണലിലാക്കുകയും സംരക്ഷിക്കുകയും  ഈ സ്ത്രീയോടൊപ്പം എന്നും  നിൽക്കുകയും ചെയ്യുമെന്നു മാലാഖമാർക്കു മനസ്സിലായി. ചന്ദ്രൻ അവിടുത്തെ കാൽക്കീഴിലായിരുന്നു;  സൂര്യനും ചന്ദ്രനും എന്ന രണ്ട് ആകാശഗോളങ്ങൾ രാവിലെയും പകലിനെയും  വേർതിരിക്കുന്നതുപോലെ, പാപാന്ധകാരത്തിൻറെ ചിഹ്നമായ ചന്ദ്രൻ ഈ സ്ത്രീയുടെ പാദങ്ങൾക്കടിയിലാണ്, കൃപയുടെ പ്രകാശത്തിൻറെ അടയാളമായ സൂര്യൻ ഈ സ്ത്രീയെ  നിത്യതയിൽ വസ്ത്രമണിയിക്കുന്നു. അപ്രകാരം തന്നെ  എല്ലാ മനുഷ്യരിലുമുള്ള കൃപയുടെ കുറവുകൾ എല്ലാ മാലാഖമാരേക്കാളും മനുഷ്യരേക്കാളും എന്നും ശ്രേഷ്ഠയായ ഈ സ്ത്രീയുടെ പാദത്തിനടിയിലായിരിക്കണം എന്നും ആ കുറവുകൾ ഒന്നും തന്നെ, ഈ സ്ത്രീയുടെ ആത്മാവിലേക്കോ ശരീരത്തിലേക്കോ ഒരിക്കലും പടരുവാൻ   പാടില്ല എന്നും നിശ്ചയിക്കപ്പെട്ടിരിക്കുന്നു. 

ലൂസിഫറിൻറെയും ആദത്തിൻറെയും അന്ധകാരത്തിൽനിന്നും, ബലഹീനതകളിൽ നിന്നും  ഈ സ്ത്രീ മാത്രം സ്വതന്ത്രയായിരിക്കുമെന്നും  അവർക്ക് ഈ സ്ത്രീയുടെമേൽ യാതൊരു വിജയവും   നേടാൻ കഴിയാത്ത വിധം  അവരെ ഈ സ്ത്രീയുടെ  പാദത്തിനടിയിൽ ചവുട്ടിമെതിക്കുമെന്നും കൂടി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. എല്ലാ  പാപചായ്‌വുകൾക്കും, ഉത്ഭവപാപത്തിൻറെയും കർമപാപത്തിൻറെയും പരിണതഫലങ്ങൾക്കും ഈ സ്ത്രീ അതീതയായിരുന്നതിനാൽ  ദൈവം പ്രതീകാത്മകമായി അവയെയെല്ലാം ഈ സ്ത്രീയുടെ കാൽക്കീഴിലാക്കി.   ഇതാകട്ടെ  ഈ സ്ത്രീ ഭൂമിയിൽ ജന്മമെടുക്കുന്നതിനു  മുൻപ് തന്നെ   ഒരുവശത്ത് ഈ കാര്യങ്ങൾ നല്ല മാലാഖമാർ അറിയുന്നതിനും  മറുവശത്ത്  ദൈവികരഹസ്യങ്ങളെക്കുറിച്ചുള്ള പൂർണ്ണമായ അറിവ്  കൈവരിക്കാത്തവരെങ്കിലും  ദുഷിച്ച മാലാഖമാർ ഇതറിഞ്ഞ്,  ഭയപ്പെടുന്നതിനുംവേണ്ടിയായിരുന്നു.   

99. പന്ത്രണ്ടു നക്ഷത്രങ്ങളുടെ കിരീടം, ആകാശത്തിൻറെയും ഭൂമിയുടെയും രാജ്ഞി അലങ്കരിക്കപ്പെടേണ്ടതായിരിക്കുന്ന  എല്ലാ പുണ്യങ്ങളെയുമാണ്  എന്നതു വ്യക്തമാണ്. എന്നാൽ, പന്ത്രണ്ടു നക്ഷത്രങ്ങൾ ചേർന്നതിൻറെ രഹസ്യം, എല്ലാ തിരഞ്ഞെടുക്കപ്പെട്ടവരെയും മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ളവരെയും സൂചിപ്പിക്കാൻ വെളിപാടു പുസ്‌തകം ഏഴാം അധ്യായത്തിൽ (7:4) വിശുദ്ധ യോഹന്നാൻ  സൂചിപ്പിച്ചിരിക്കുന്നതുപോലെ, ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളെ സൂചിപ്പിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട എല്ലാവരുടെയും വരങ്ങളും കൃപകളും സദ്ഗുണങ്ങളും അവരുടെ രാജ്ഞിയെ ഏറ്റവും ശ്രേഷ്ഠവും ഉന്നതവുമായ നിലയിൽ കിരീടധാരണം ചെയ്യുന്നതിനുവേണ്ടിയായതിനാൽ, അവിടുത്തെ ശിരസിനു മുകളിൽ  പന്ത്രണ്ടു നക്ഷത്രങ്ങളുടെ കിരീടം സ്ഥാപിച്ചു.

100. “അവൾ ഗർഭിണിയായിരുന്നു.” എല്ലാ മാലാഖമാരുടെയും സാന്നിധ്യത്തിൽ, നല്ല മാലാഖമാരുടെ സന്തോഷത്തിനും, ദൈവഹിതത്തെയും ഈ രഹസ്യങ്ങളുടെ പൂർത്തീകരണത്തെയും എതിർത്ത ദുഷിച്ച മാലാഖമാരുടെ ശിക്ഷയ്ക്കുമായി  പരിശുദ്ധ  ത്രിത്വത്തിലെ മൂന്നു വ്യക്തികൾ ചേർന്ന്  ഈ നാരീരത്നത്തെ പിതാവിൻറെ ഏകജാതൻറെ അമ്മയായി തിരഞ്ഞെടുത്തുവെന്നു വെളിവാക്കപ്പെട്ടു. 

 ഈ മഹത്വമേറിയ നാഥയുടെ മഹാമഹത്വത്തിൻറെയും  ഇവിടെ  പരാമർശിക്കുന്ന അടയാളത്തിൻറെയും  ആരംഭവും അടിസ്ഥാനവും  അവതരിച്ച വചനത്തിൻറെ അമ്മയുടെ  ശ്രേഷ്‌ഠയോഗ്യതയാണ്. ആയതിനാൽ  മാംസം ധരിച്ച വചനമാകുന്ന ദൈവികവ്യക്തിത്വത്താൽ പ്രതിനിധാനം ചെയ്യപ്പെടുന്ന  പരിശുദ്ധ ത്രിത്വത്തിൻറെ   വാസസ്ഥലമായ  മറിയത്തെ ദൈവം  മാലാഖമാർക്കു കാണിച്ചുകൊടുത്തു.  ഈ സ്ത്രീ ഗർഭം ധരിച്ച വചനമായ വ്യക്തി മാത്രമാണു മനുഷ്യശരീരം സ്വീകരിച്ചതെങ്കിലും,  ത്രിത്വത്തിലെ 

 മൂന്നു വ്യക്തികളുടെയും  വേർപെടുത്താനാവാത്ത ഐക്യവും സഹവർത്തിത്വവും കാരണം, അവരിൽ ആരെങ്കിലും ഒരാൾ ഉള്ളിടത്ത്  എല്ലാവർക്കും ഉണ്ടാകാതിരിക്കാൻ സാധ്യമല്ല.

(തുടരും)