വിശുദ്ധ നഗരം : അഭയനഗരം – അധ്യായം 2

85. ലൂസിഫറിനെയും കൂട്ടാളികളെയും പാപം ചെയ്യാൻ പ്രേരിപ്പിച്ച പ്രചോദനവും, അവരുടെ അനുസരണക്കേടിൻറെയും വീഴ്ചയുടെയും സാഹചര്യവും എന്താണെന്നും  അന്വേഷിക്കേണ്ടതുണ്ട്, കാരണം ഈ കാര്യത്തിലേക്കു എത്താനാണു ഞാൻ ആഗ്രഹിക്കുന്നത്.   അവർ ചില പാപപ്രവൃത്തികളിൽ ഏർപ്പെട്ടിരുന്നില്ലെങ്കിലും, അവർക്ക്  അനേകം പാപങ്ങൾ ചെയ്യാൻ കഴിയുമെന്ന് എനിക്ക് അറിവു ലഭിച്ചിരുന്നു. കൂടാതെ  അവർക്കു സ്വയം ചെയ്യാൻ കഴിയാത്ത പാപങ്ങൾ ചെയ്യാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും, അങ്ങനെ പാപം ചെയ്യുന്നവരെ അംഗീകരിക്കുകയും ചെയ്യുക വഴി,  തങ്ങളുടെ  സ്വന്തം ഇച്ഛാശക്തിയിൽ സ്വതന്ത്രമായിത്തന്നെ  പ്രവർത്തിച്ചുകൊണ്ട്,  അവർ എല്ലാ ദുഷിച്ച പ്രവൃത്തികൾക്കും സ്വയം വിധേയരായി. ആ സമയം മുതൽ, മറ്റു  മാലാഖമാരെ അപേക്ഷിച്ചു   തനിക്കു ലഭിച്ച ഉയർന്ന തലത്തിലുള്ള  വരങ്ങളുടെയും, സ്വാഭാവികമായും കൃപയാലും ലഭിച്ച മഹാ സൗന്ദര്യത്തിൻറെയും അവബോധത്തിൽനിന്നു ലൂസിഫറിൽ ഉടലെടുത്ത ദുഷിച്ച പ്രവണതകളെത്തുടർന്ന്, അവൻ ഏറ്റവും ക്രമരഹിതമായ ഒരു സ്വാർത്ഥസ്നേഹത്തിൽ അകപ്പെട്ടു. 

ഈ ബോധ്യത്തിൽ  അവൻ അമിതമായി  ആനന്ദിക്കുകയും അങ്ങനെ സ്വയം സംതൃപ്തനായിത്തീർന്ന അവൻ, തനിക്കു  ലഭിച്ച എല്ലാ നന്മയുടെയും  ഏക കാരണമായ ദൈവത്തിനു കൊടുക്കേണ്ടതായ കൃതജ്ഞതയിൽ ശ്രദ്ധയില്ലാത്തവനും അലസനും ആയിത്തീരുകയും ചെയ്തു. അവൻ  വീണ്ടും വീണ്ടും സ്വയം പൂജിച്ചുകൊണ്ട്  സ്വന്തം സൗന്ദര്യത്തിലും കൃപയിലും ആനന്ദം കണ്ടെത്തുകയും, അവയെല്ലാം അവൻറെ സ്വന്തമായി  കാണുകയും  സ്നേഹിക്കുകയും ചെയ്തു. ക്രമരഹിതമായ ഈ സ്വാർത്ഥസ്നേഹം തനിക്കു  ലഭിച്ച ശ്രേഷ്ഠമായ കഴിവുകളാൽ സ്വയം ഉയർത്തപ്പെടാൻ മാത്രമല്ല,  തൻറെ  സ്വന്തമല്ലാത്ത മികവുകൾക്കും മറ്റു വരങ്ങൾക്കും വേണ്ടി അതിയായി ആഗ്രഹിക്കാനും അസൂയപ്പെടാനും  കൂടി അവനെ പ്രേരിപ്പിച്ചു. അവ കൈവരിക്കാൻ കഴിയാത്തതിനാൽ, ഒന്നുമില്ലായ്മയിൽനിന്ന് അവനെ സൃഷ്ടിച്ച ദൈവത്തിനെതിരായും, അവിടുത്തെ എല്ലാ സൃഷ്ടികൾക്കുമെതിരായും മാരകമായ വിദ്വേഷവും കോപവും അവൻറെ ഹൃദയത്തിൽ രൂപം  കൊണ്ടു.

86. അതിനാൽ, അനുസരണക്കേട്, ദുരഹങ്കാരം, അനീതി, അവിശ്വസ്തത, ദൈവദൂഷണം എന്നിവയും, കൂടാതെ ഒരുതരം വിഗ്രഹാരാധനയും കൂടി അവനിൽ ഉടലെടുത്തു, കാരണം അവൻ ദൈവത്തിനു മാത്രം ലഭിക്കേണ്ട ആരാധനയും വണക്കവും തനിക്കും ലഭിക്കണമെന്ന് ആഗ്രഹിച്ചു. അവൻ ദൈവിക മഹത്വത്തെയും പരിശുദ്ധിയെയും ദുഷിച്ചു, ദൈവത്തോടുണ്ടായിരിക്കേണ്ട  വിശ്വസ്തതയും  ആശ്രയത്വവും  പ്രകടിപ്പിക്കുന്നതിൽ   അവൻ പരാജയപ്പെട്ടു; എല്ലാ സൃഷ്ടികളെയും നശിപ്പിക്കാൻ അവൻ പദ്ധതിയിട്ടു, ഇതെല്ലാം സ്വന്തം ശക്തിയാൽ ചെയ്യാൻ കഴിയുമെന്ന് അവൻ കരുതി. അങ്ങനെ അവൻറെ അഹങ്കാരം നിരന്തരം വർധിച്ചുകൊണ്ടിരുന്നു. അവൻറെ അഹങ്കാരം അവൻറെ ശക്തിയെക്കാൾ വലുതാണെങ്കിലും എത്രമാത്രം  പരിശ്രമിച്ചാലും സ്വന്തം ശക്തി  ഇനിയും കൂടുതൽ വർദ്ധിപ്പിക്കാൻ അവനു  കഴിയില്ല (ഏശയ്യാ  16:6);

 പാപത്തിൻറെ ആഴങ്ങൾ വീണ്ടും പാപത്തെ വിളിച്ചുവരുത്തുന്നു. ഏശയ്യാ  പതിനാലാം അധ്യായത്തിൽ വിവരിച്ചിരിക്കുന്നതുപോലെ, പാപം ചെയ്ത ആദ്യത്തെ മാലാഖ ലൂസിഫറായിരുന്നു. തന്നെ അനുഗമിക്കാൻ അവൻ മറ്റുള്ളവരെ പ്രേരിപ്പിച്ചു, അതിനാൽ അവനെ പിശാചുക്കളുടെ പ്രഭു എന്നു വിളിക്കുന്നു; അത് അവനു ലഭിച്ച  സ്വാഭാവിക വരങ്ങൾ നിമിത്തമല്ല,  മറിച്ച്  അവൻറെ പാപം നിമിത്തമാണ്, കാരണം  അവനു പിശാചുക്കളുടെ പ്രഭു എന്ന  പദവി  നേടിക്കൊടുക്കാൻ  സ്വാഭാവിക വരങ്ങൾക്കു  സാധിക്കുമായിരുന്നില്ല. പാപം ചെയ്തവർ മുഴുവൻ ഒരേ പദവിയിലോ അല്ലെങ്കിൽ അധികാരശ്രേണിയിലോ  ഉള്ളവരായിരുന്നില്ല., മറിച്ച്  പാപം ചെയ്തവരിൽ   എല്ലാ അധികാരശ്രേണികളിൽ പെട്ടവരും ഉണ്ടായിരുന്നു. 

87. തനിക്കു  ലഭിക്കണമെന്നു   ലൂസിഫർ അഭിലഷിക്കുകയും അസൂയപ്പെടുകയും ചെയ്ത ബഹുമതിയെയും   ഔന്നത്യത്തെയും  കുറിച്ച് എനിക്കു വെളിപ്പെട്ടുകിട്ടിയതു കൂടി വിശദീകരിക്കുക ഉചിതമാണെന്ന് എനിക്കു തോന്നുന്നു. ദൈവത്തിൻറെ പ്രവൃത്തികൾക്കെല്ലാം  അളവും, എണ്ണവും, ഭാരവുമുള്ളതുപോലെ (ജ്ഞാനം 11:20), മാലാഖമാരെ സൃഷ്ടിച്ചയുടനെ, അവരെ  വിവിധ ലക്ഷ്യങ്ങൾ  നിറവേറ്റുന്നതിനായി നിയോഗിക്കുന്നതിനുമുമ്പ്, അവിടുത്തെ ദിവ്യജ്ഞാനം അവരെ സൃഷ്ടിച്ചതിൻറെ    ഉദ്ദേശ്യം വളരെ ഉന്നതവും തികഞ്ഞതുമായ വിധത്തിൽ അവർക്കു കാണിച്ചു കൊടുക്കാൻ തീരുമാനിച്ചു. ഇവയെപ്പറ്റിയെല്ലാം  ഇനിപ്പറയുന്ന വിവരങ്ങൾ എനിക്കു വെളിപ്പെടുത്തിത്തന്നു.

 ആദ്യം അവർക്കു സാരാംശത്തിൽ ഒന്നും, വ്യക്തിത്വത്തിൽ മൂന്നും ആയിരിക്കുന്ന ദൈവത്തിൻറെ സത്തയെക്കുറിച്ചു  കൂടുതൽ വ്യക്തമായ ഒരു അറിവ്‌ ലഭിച്ചു. സത്തയിലും ഗുണങ്ങളിലും അപരിമേയനായ അവരുടെ സ്രഷ്ടാവും പരമോന്നത കർത്താവുമായി അവിടുത്തെ ആരാധിക്കാനും അവരോടു  കൽപിക്കപ്പെട്ടു. എല്ലാവരും ഈ കൽപ്പനയ്ക്കു  വിധേയരായി അതനുസരിച്ചു എങ്കിലും അതിൽ ഒരു പ്രത്യേക വ്യത്യാസമുണ്ടായിരുന്നു; നല്ല മാലാഖമാർ സ്നേഹത്തിലൂടെയും ആ കല്പനയുടെ നീതി നിമിത്തവും, അവരുടെ സ്നേഹവും സൗമനസ്യവും വാഗ്ദാനം ചെയ്തുകൊണ്ടും, അവരുടെ ബുദ്ധിക്ക് അതീതമായവയെ സ്വതന്ത്രമായി അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്തുകൊണ്ടും, അനുസരിച്ചു. മറുവശത്ത്, ലൂസിഫർ സ്വയം വഴങ്ങിക്കൊടുക്കുകയാണ് ചെയ്തത്.  അതിനു കാരണം  ദൈവഹിതത്തിനു കീഴ്‌പ്പെടാതിരിക്കുക അസാധ്യമാണെന്ന് അവനു മനസിലായി എന്നതാണ്.  അവൻ തികഞ്ഞ സ്നേഹത്തോടെയല്ല  അതു ചെയ്തത്, കാരണം, അവൻറെ സ്വതന്ത്ര ഇച്ഛ  ഒരു  വശത്തു തൻറെ തന്നെയും  മറുവശത്ത്  ഒരിക്കലും  തെറ്റുപറ്റാത്ത  ദൈവത്തിൻറെ   സത്യത്തിൻറെയും  ഇടയിൽ ഭിന്നിച്ചു നിൽക്കുകയായിരുന്നു. അതിൻറെ അനന്തരഫലമായി, ഈ കൽപ്പന അവനു ബുദ്ധിമുട്ടുള്ളതും തീക്ഷ്ണവുമായി അനുഭവപ്പെട്ടു, അവൻ അതു നിറവേറ്റിയതു  സ്നേഹമോ  നീതി നിവർത്തിക്കാനുള്ള ആഗ്രഹമോ  ഇല്ലാതെയായിരുന്നു. 

അങ്ങനെ നേരത്തെതന്നെ  സ്ഥിരോത്സാഹമില്ലായ്മ എന്ന  അപകടത്തിനു അവൻ തന്നെത്തന്നെ വിട്ടുകൊടുത്തു). ഈ പ്രഥമ പ്രവൃത്തികളുടെ നിർവ്വഹണത്തിലെ ഉദാസീനതയും മന്ദതയും കാരണം കൃപ അവനെ വിട്ടുപോയില്ലെങ്കിലും, അവൻറെ തിന്മയിലേക്കുള്ള ചായ്‌വ്  അവിടെ  ആരംഭിച്ചു; കാരണം പുണ്യത്തിൻറെയും  ചൈതന്യത്തിൻറെയും ഒരു പോരായ്മയും  അശ്രദ്ധയും അവനോടുകൂടെ ഉണ്ടായിരുന്നു, കൂടാതെ അവൻറെ സ്വഭാവത്തിൻറെ പൂർണ്ണത വിളങ്ങേണ്ടതുപോലെ വിളങ്ങിയതുമില്ല. ലൂസിഫറിലെ ഈ ഉദാസീനതയുടെ ഫലം, മനഃപൂർവ്വമായ ലഘു പാപം മൂലം ആത്മാവിൽ സംഭവിക്കുന്നതിനു സമാനമാണെന്ന് എനിക്ക് തോന്നുന്നു.  ദൈവത്തിൻറെ കൽപ്പന നിറവേറ്റിയതിനാൽ അവൻ മാരകപാപമോ, എന്തിന് ലഘുപാപം പോലുമോ  ആ സമയത്തു ചെയ്തുവെന്നു ഞാൻ പറയുന്നില്ല;  എന്നാൽ അവൻ ദൈവകൽപന നിറവേറ്റിയത്  അനുസരിക്കാനുള്ള സ്നേഹപൂർവ്വമായ സന്നദ്ധതയേക്കാളുപരി അപ്രതിരോധ്യമായ  നിർബന്ധത്തിൻറെ ഒരു വികാരത്തിൽനിന്നുത്ഭവിച്ചതായതിനാൽ, അത് അലസവും അപൂർണ്ണവുമായിരുന്നു. അങ്ങനെ താൻ  എപ്പോഴെങ്കിലും പാപത്തിൽ നിപതിക്കാനുള്ള സാധ്യതയാകുന്ന അപകടത്തിലേക്ക്  അവൻ തന്നെത്തന്നെ  കൊണ്ടുചെന്നെത്തിച്ചു.

88. രണ്ടാമതായി,  തങ്ങളുടെ സൃഷ്‌ടികർത്താവും നിത്യനന്മയുമായ ദൈവത്തെ  സ്നേഹിക്കുകയും, ഭയപ്പെടുകയും, വണങ്ങുകയും  ചെയ്യുന്നതിനുവേണ്ടി, മാലാഖമാരെക്കാൾ താഴ്ന്ന തലത്തിലുള്ള   ഒരു മനുഷ്യപ്രകൃതിയെയും, വിവേകവും ബുദ്ധിയുമുള്ള സൃഷ്ടികളെയും സൃഷ്ടിക്കുവാൻ താൻ  തീരുമാനിച്ചിരിക്കുന്നു  എന്നു ദൈവം മാലാഖമാരെ അറിയിച്ചു. ഈ സൃഷ്ടികളിൽ അവിടുന്നു വളരെയധികം സംപ്രീതനാണെന്നും, പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ വ്യക്തി മനുഷ്യാവതാരമെടുക്കുകയും അവരുടെ രൂപം സ്വീകരിക്കുകയും അത് ഒരേസമയം ദൈവികവും മാനുഷികവുമായ സത്തകൾ പൂർണ്ണമായും ഉൾച്ചേരുന്ന ദിവ്യ വ്യക്തിത്വത്തിലേക്ക് ഉയർത്തപ്പെടുകയും ചെയ്യുമെന്നും, അതിനാൽ അവർ  അവിടുത്തെ ആരാധിക്കുകയും ദൈവമനുഷ്യനായി ആദരിക്കുകയും ചെയ്തുകൊണ്ട്  അവിടുത്തെ ദൈവമായി മാത്രമല്ല, ദൈവമായും മനുഷ്യനായും അവരുടെ തലവനായി അംഗീകരിക്കണമെന്നും അവരെ അറിയിച്ചു. മാത്രമല്ല, ഈ മാലാഖമാർ അന്തസ്സിലും കൃപയിലും അവിടുത്തേക്കാൾ താഴ്‌ന്നവരായിരിക്കുകയും അവിടുത്തെ ദാസന്മാരായിരിക്കുകയും വേണം. അത്തരമൊരു സ്ഥാനത്തിൻറെ ഔചിത്യവും  നീതിയും ന്യായവും സംബന്ധിച്ചു ദൈവം അവർക്ക് ഒരു അറിവ്‌ നൽകി. കാരണം, അവർ ഇപ്പോൾ കൈവശപ്പെടുത്തിയിരിക്കുന്ന കൃപയുടെയും, അവർ നേടാനിരിക്കുന്ന മഹത്വത്തിൻറെയും ഉറവിടം ഈ ദൈവമനുഷ്യൻറെ മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന യോഗ്യതകളുടെ സ്വീകാര്യതയാണെന്ന് അവർക്കു പരസ്യമായി കാണിച്ചുകൊടുത്തു.

 തങ്ങൾ സൃഷ്ടിക്കപ്പെട്ടതും, ബാക്കിയുള്ള എല്ലാ സൃഷ്ടികളും സൃഷ്ടിക്കപ്പെടുന്നതും അവിടുത്തെ മഹത്വത്തിനായിട്ടാണെന്നും അവിടുന്ന് അവരുടെ തലവനാകണമെന്നും അവർ മനസ്സിലാക്കി. ദൈവത്തെ അറിയാനും അനുഭവിക്കാനും കഴിവുള്ളവരെല്ലാം, ദൈവപുത്രനെ അവരുടെ പരമാധികാരിയായി അറിയാനും ആദരിക്കാനും വേണ്ടി അവിടുത്തെ ജനമായിരിക്കണം. ഈ കൽപ്പനകൾ ഉടനെത്തന്നെ മാലാഖമാർക്കു നൽകപ്പെട്ടു. 

89. അനുസരണമുള്ളവരും പരിശുദ്ധരുമായ എല്ലാ മാലാഖമാരും ഈ കൽപ്പനയ്ക്കു സ്വയം സമർപ്പിക്കുകയും, അവർ തങ്ങളുടെ പൂർണ്ണമായ സമ്മതവും അംഗീകാരവും, വിനീതവും സ്നേഹപൂർവ്വവുമായ ഇച്ഛാശക്തിയോടെ നൽകുകയും ചെയ്തു. എന്നാൽ അസൂയയും അഹങ്കാരവും നിറഞ്ഞ ലൂസിഫർ  അതിനെ എതിർക്കുകയും, തൻറെ അനുയായികളെ അതേപോലെ ചെറുത്തുനിൽക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു, അവനെ അനുഗമിക്കാനും ദൈവിക കൽപ്പന അനുസരിക്കാതിരിക്കാനും സ്വയം തീരുമാനിച്ചുകൊണ്ട് അവർ വാസ്തവത്തിൽ അതുതന്നെ ചെയ്‌തു. ഈ ദുഷ്ടനായ രാജകുമാരൻ, താൻ  അവരുടെ തലവനാകുമെന്നും, ക്രിസ്തുവിൽനിന്നു സ്വതന്ത്രവും വേറിട്ടതുമായ ഒരു ഭരണവ്യവസ്ഥ സ്ഥാപിക്കുമെന്നും അവരെ പറഞ്ഞു വിശ്വസിപ്പിച്ചു. ഒരു മാലാഖയിൽ അസൂയയും അഹങ്കാരവും ഉണ്ടാക്കാവുന്ന  അന്ധത വളരെ വലുതായിരുന്നു, അതുപോലെതന്നെ ഒരു മാലാഖയുടെ പാപത്തിൻറെ പുഴുക്കുത്ത്‌  മറ്റനേകം  മാലാഖമാർക്കിടയിൽ പരത്തിയ തിന്മയുടെ  വ്യാപനം  വളരെ വിനാശകരമായിരുന്നു.

90. അതിനുശേഷം വിശുദ്ധ യോഹന്നാൻ വിവരിക്കുന്ന ആ മഹായുദ്ധം സ്വർഗ്ഗത്തിൽ സംഭവിച്ചു (വെളി: 12). അത്യുന്നതൻറെ മഹത്വവും അവതാരംചെയ്ത  വചനത്തിനുള്ള വണക്കവും ത്വരിതപ്പെടുത്തുന്നതിനു വേണ്ടി തീവ്രമായ ആഗ്രഹം നിറഞ്ഞ, അനുസരണമുള്ള പരിശുദ്ധമാലാഖമാർ, മഹാസർപ്പത്തെ എതിർക്കുവാനും തടയുവാനും ദൈവത്തിൻറെ സമ്മതം ആവശ്യപ്പെടുകയും, അവർക്ക് അതു നൽകപ്പെടുകയും ചെയ്തു. എന്നാൽ മറ്റൊരു രഹസ്യം കൂടി ഇതിലെല്ലാം മറഞ്ഞിരുന്നിരുന്നു: അവതാരം ചെയ്ത വചനത്തെ തങ്ങൾ അനുസരിക്കേണ്ടിവരുമെന്നു മാലാഖമാർക്ക് വെളിപ്പെടുത്തിയപ്പോൾ, മൂന്നാമതൊരു കൽപ്പന കൂടി അവർക്കു നൽകപ്പെട്ടിരുന്നു. 

അതായത്, ആരുടെ ഉദരത്തിലാണോ പിതാവിൻറെ ഏകജാതൻ മാംസം ധരിക്കുന്നത് ആ സ്ത്രീയെ, എല്ലാ സൃഷ്ടികളുടെയും രാജ്ഞിയും നാഥയും ആയി അവർ തൻറെ ഏകജാതനുമായി ചേർത്തു  തങ്ങളുടെ മേൽ  അധികാരമുള്ളയാളായി  അംഗീകരിക്കേണ്ടതാണ്‌.  ജാഗരൂകമായ വർധിതവിനയത്തോടെ, നല്ല മാലാഖമാർ കർത്താവിൻറെ ഈ കൽപ്പന അനുസരിച്ചുകൊണ്ടും, അത്യുന്നതൻറെ ശക്തിയും രഹസ്യങ്ങളും സ്തുതിച്ചുകൊണ്ടും, സ്വമേധയാ അവിടുത്തേക്കു വിധേയരായി. എന്നാൽ, ലൂസിഫറും കൂട്ടാളികളുമാകട്ടെ അഹങ്കാരത്തിൻറെയും ആത്മപ്രശംസാപരമായ ധിക്കാരത്തിൻറെയും ഉച്ചസ്ഥായിയിലേക്ക് ഉയർന്നു. അനിയന്ത്രിതമായ ക്രോധത്തിൽ,  മനുഷ്യരാശിയുടെയും മാലാഖമാരുടെയും  തലവൻ താൻ  തന്നെ ആയിരിക്കണമെന്ന്  അവൻ ആഗ്രഹിച്ചു,   ക്രിസ്തുവിൽ സംഭവിക്കാൻ പോകുന്നതുപോലുള്ള ഒരു ദൈവ – മനുഷ്യ അസ്തിത്വ ഏകീകരണം ( Hypostatic Union) ഉണ്ടാവുകയാണെങ്കിൽ, അതു  തന്നിലാണ് നിറവേറേണ്ടതെന്നും  അവൻ ആവശ്യപ്പെട്ടു.

91. നമ്മുടെ നാഥയായ, അവതരിച്ച വചനത്തിൻറെ മാതാവിനെക്കാൾ താഴ്ന്നവനായി അവനെ നിയമിച്ചു  വിധിച്ച ദൈവകൽപനയെ ഭയങ്കരമായ ദൈവദൂഷണങ്ങളോടെ  അവൻ എതിർത്തു.  ഈ മഹാത്ഭുതങ്ങളുടെയെല്ലാം സ്രഷ്ടാവിനെതിരെ അനിയന്ത്രിതമായ ക്രോധത്തോടെ തിരിഞ്ഞുകൊണ്ട്  അവൻ മറ്റു മാലാഖമാരെയും  വിളിച്ചുകൂട്ടി   ഇപ്രകാരം ആക്രോശിച്ചു : “ഈ കൽപ്പനകൾ അന്യായമാണ്, എൻറെ മഹത്വത്തിനു ക്ഷതമേറ്റിരിക്കുന്നു. കർത്താവേ, അങ്ങു വളരെ സ്നേഹത്തോടെ നോക്കുന്നതും  വളരെയധികം ഇഷ്ടപ്പെടുന്നതുമായ ഈ മനുഷ്യപ്രകൃതിയെ ഞാൻ ഉപദ്രവിക്കുകയും നശിപ്പിക്കുകയും ചെയ്യും. ഇതിനായി ഞാൻ എൻറെ എല്ലാ ശക്തിയും എൻറെ എല്ലാ കഴിവുകളും വിനിയോഗിക്കും . വചനത്തിൻറെ അമ്മ ആയിരിക്കണമെന്ന്  അങ്ങ് ഉദ്ദേശിച്ച സ്ഥാനത്തുനിന്നും ഞാൻ ഈ സ്ത്രീയെ വലിച്ചെറിയും, അങ്ങ്  ആലോചനയിടുന്ന  പദ്ധതി എൻറെ കൈകളാൽ നിഷ്ഫലമാകും.” 

92. ഈ അഹങ്കാരം നിറഞ്ഞ വീരവാദം കർത്താവിൻറെ കോപം അത്യധികം ജ്വലിപ്പിച്ചു. ലൂസിഫറിനെ   കീഴ്‌പ്പെടുത്തുന്നതിനു വേണ്ടി  അവിടുന്നു അവനോടു  സംസാരിച്ചു): “നീ വണങ്ങാൻ  വിസമ്മതിക്കുന്ന ഈ സ്ത്രീ നിൻറെ തല തകർക്കും, ഈ സ്ത്രീയാൽ നീ പരാജിതനാക്കപ്പെടുകയും  നശിപ്പിക്കപ്പെടുകയും ചെയ്യും; (ഉൽപ. 3:15). നിൻറെ അഹങ്കാരത്തിലൂടെ മരണം ലോകത്തിലേക്കു പ്രവേശിക്കുമെങ്കിൽ  (ജ്ഞാനം 2:24),  ഈ സ്ത്രീയുടെ വിനയത്തിലൂടെ മനുഷ്യർ  ജീവനിലേക്കും  രക്ഷയിലേക്കും പ്രവേശിക്കും. 

 ആ ‘മനുഷ്യൻറെയും  ആ സ്ത്രീയുടെയും’ സ്വഭാവവും സാദൃശ്യവുമുള്ളവർ നീയും  നിൻറെ അനുയായികളും  നഷ്ടപ്പെടുത്തിയ വരങ്ങളും കിരീടങ്ങളും ആസ്വദിക്കും.” ദൈവിക ഹിതത്തെയും കൽപ്പനകളെയും കുറിച്ചു മനസ്സിലാക്കിയ  മഹാസർപ്പം എല്ലാറ്റിനുമെതിരെ കോപം നിറഞ്ഞ്  ഇതിനു  മറുപടി നൽകിയത് അഹങ്കാരത്തോടെയും, മുഴുവൻ മനുഷ്യവർഗ്ഗത്തിനും  നാശം വരുത്തുമെന്ന്  ഭീഷണിപ്പെടുത്തിക്കൊണ്ടും ആയിരുന്നു. ലൂസിഫറിനും അവൻറെ കൂടെയുള്ള വിശ്വാസത്യാഗികൾക്കുമെതിരെയുള്ള, അത്യുന്നതൻറെ നീതിയുക്തമായ ക്രോധം കണ്ട നല്ല മാലാഖമാർ, അവർക്കെതിരെ ജ്ഞാനത്തിൻറെയും  യുക്തിയുടെയും സത്യത്തിൻറെയും ആയുധങ്ങളുമായി പോരാടി. 

93. സർവ്വശക്തൻ ഈ സന്ദർഭത്തിൽ മറ്റൊരു അത്ഭുതകരമായ രഹസ്യം കൂടി പ്രവർത്തിച്ചു. ഒരേ വ്യക്തിയിൽ ദൈവ-മനുഷ്യ വ്യക്തിത്വങ്ങൾ സമ്മേളിച്ചിരിക്കുന്നതിൻറെ മഹത്തായ രഹസ്യത്തെക്കുറിച്ചു മതിയായതും വ്യക്തവുമായ അറിവ് എല്ലാ മാലാഖമാർക്കും നൽകിയതിനുശേഷം, ദൈവം ഒരു സാങ്കൽപ്പിക ദർശനംവഴി ഏറ്റവും പരിശുദ്ധ കന്യകയുടെ രൂപം അവർക്കു കാണിച്ചു കൊടുത്തു. അത്തരം  കാര്യങ്ങൾ നമുക്കു മനസ്സിലാകുന്ന രീതി അനുസരിച്ചാണു  ഞാൻ പറയുന്നത്. അത്യന്നതൻറെ ഭുജം മറ്റെല്ലാ സൃഷ്ടികളുടെതിനെക്കാളും കൂടുതൽ അത്ഭുതകരമായി പ്രവർത്തിക്കുന്ന, ഏറ്റവും തികഞ്ഞ ഒരു സ്ത്രീയെ പ്രതിനിധാനം ചെയ്യുന്ന ഒരു ചിത്രത്തിൻറെ പ്രത്യക്ഷമാക്കലിൽ, മനുഷ്യപ്രകൃതത്തിൻറെ പൂർണ്ണത  അവിടുന്ന് അവർക്കു കാണിച്ചുകൊടുത്തു. കാരണം, അതിൽ അത്യുന്നതൻ അവിടുത്തെ വലതുകൈയുടെ കൃപകളും വരങ്ങളും, ഉന്നതവും കൂടുതൽ ശ്രേഷ്ഠവുമായ രീതിയിൽ നിക്ഷേപിക്കേണ്ടതുണ്ടായിരുന്നു. 

സ്വർഗ്ഗരാജ്ഞിയുടെ, അവതാരം ചെയ്ത വചനത്തിൻറെ അമ്മയുടെ, ഈ അടയാളം അഥവാ ദർശനം, നല്ലതും ദുഷിച്ചതുമായ എല്ലാ മാലാഖമാർക്കും നൽകപ്പെടുകയും വെളിപ്പെടുത്തപ്പെടുകയും ചെയ്തു. ആ ദർശനത്തിൽ, നല്ല മാലാഖമാർ ആനന്ദം കലർന്ന ആരാധനയിലും സ്തുതിഗീതങ്ങളിലും മുഴുകുകയും, ആ സമയം മുതൽ തീക്ഷ്ണമായ ഉത്സാഹത്തോടും അവർക്കു ലഭിച്ച  ദർശനമാകുന്ന അജയ്യമായ പരിചയോടും കൂടി യുദ്ധസന്നദ്ധരായി, മനുഷ്യാവതാരം ചെയ്ത ദൈവത്തിൻറെയും അവിടുത്തെ പരിശുദ്ധ മാതാവിൻറെയും മഹിമയ്ക്കു പ്രതിരോധം തീർക്കുവാൻ തുടങ്ങി. മറുവശത്ത്, മഹാസർപ്പവും അവൻറെ കൂട്ടാളികളും ക്രിസ്തുവിനോടും അവിടുത്തെ ഏറ്റവും പരിശുദ്ധ മാതാവിനോടുമുള്ള  കൊടുംപകയും  വിദ്വേഷവും ക്രോധവും മനസ്സിൽ സൂക്ഷിച്ചു. അതിനുശേഷം വെളിപാടിൻറെ പന്ത്രണ്ടാം അധ്യായത്തിൽ വിവരിച്ചിരിക്കുന്നതെല്ലാം സംഭവിച്ചു. അത് അടുത്ത അധ്യായത്തിൽ, എനിക്കു മനസ്സിലായിരിക്കുന്നിടത്തോളം, ഞാൻ വിശദീകരിക്കാം. 

(തുടരും)