വിശുദ്ധ നഗരം : അഭയ നഗരം അധ്യായം 14

( അഗ്രെദായിലെ  വാഴ്ത്തപ്പെട്ട സിസ്റ്റർ മരിയയ്ക്ക്  ലഭിച്ച ദർശനങ്ങൾ  ഉൾക്കൊള്ളുന്ന Mystical City of God   എന്ന വിശിഷ്ട ഗ്രന്ഥത്തിൽ പരിശുദ്ധ അമ്മയെക്കുറിച്ച് പരാമർശിക്കുന്ന  തെരഞ്ഞെടുക്കപ്പെട്ട ഭാഗങ്ങളുടെ  വിവർത്തനം)

ഇത്  ‘വിശുദ്ധ നഗരം : അഭയ നഗരം ‘ – പതിനാലാമത്തേയും അവസാനത്തെയും അധ്യായമാണ്. പരിശുദ്ധ കന്യകാമറിയം എന്ന  മഹാരഹസ്യത്തെക്കുറിച്ച്   നാം എത്രയോ കുറച്ചുമാത്രമേ മനസിലാക്കിയിട്ടുള്ളൂ.  പരിശുദ്ധ  അമ്മ അമലോത്ഭവ ആണെന്നും   പിശാചിൻറെ മേൽ അധികാരം സിദ്ധിച്ചവളാണെന്നും ഒക്കെ  വായിക്കുമ്പോൾ പിതാവായ ദൈവം തൻറെ  അനന്തജ്ഞാനത്തിൽ മറിയത്തെ അതിനായി  സവിശേഷമാം വിധം സൃഷ്ടിക്കുകയും ഒരുക്കുകയും ചെയ്തിരുന്നു എന്നു നാം മനസിലാക്കണം.    ഇഹലോകജീവിതകാലത്തു   വളരെക്കുറച്ചു കാര്യങ്ങൾ മാത്രമേ  അമ്മയെക്കുറിച്ചു  പറയപ്പെടുകയോ എഴുതപ്പെടുകയോ ചെയ്തിട്ടുള്ളൂ. അതു  വിശുദ്ധ ലൂയിസ് ഡി  മോൺഫോർട്ട് പറയുന്നതുപോലെ  മറിയത്തെക്കുറിച്ചുള്ള പൂർണ്ണമായ അറിവ്  അവസാനകാലങ്ങളിലേക്കായി  ദൈവം കാത്തുവച്ചതുകൊണ്ടാണ്.

വാഗ്ദാന പേടകവും സ്വർഗ്ഗത്തിൻറെ വാതിലും  ബോധജ്ഞാനത്തിൻറെ സിംഹാസനവും ഉഷകാലനക്ഷത്രവുമായ  പരിശുദ്ധ കന്യകാ മറിയത്തെക്കുറിച്ച്  കൂടുതൽ അറിയാനും  അമ്മയുടെ  വിമലഹൃദയത്തിൽ അഭയം  തേടാനുമുള്ള സമയം ആഗതമായിരിക്കുന്നു എന്ന ബോധ്യത്തോടെ 

അമ്മയുടെ ചാരത്തേയ്ക്ക് ഓടിയണയാനുള്ള കൃപ ഏവർക്കും ലഭിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

———-

301 “അതിൻറെ പ്രകാശത്തിൽ ജനതകൾ സഞ്ചരിക്കും.”  നമ്മുടെ കർത്താവായ ക്രിസ്തു സഭയെ പ്രബുദ്ധമാക്കാൻ ദീപപീഠത്തിൽ   കത്തുന്ന വിളക്കുകളായി പ്രശോഭിക്കാൻ  സഭാപിതാക്കൻമാരെയും വിശുദ്ധരെയും വിളിച്ചു.  അങ്ങനെയെങ്കിൽ   യുഗങ്ങളായി പ്രശോഭിക്കുന്ന   പാത്രിയാർക്കീസുമാർ, പ്രവാചകൻമാർ, അപ്പോസ്തോലൻമാർ, രക്തസാക്ഷികൾ, വേദപാരംഗതന്മാർ  എന്നിവരുടെ   പ്രഭാപൂരത്താൽ നിറഞ്ഞ്,  അനേകം  സൂര്യന്മാരും  ചന്ദ്രന്മാരും ഉള്ള ഒരു സ്വർഗ്ഗത്തിൻറെ പ്രതിരൂപമാണു  കത്തോലിക്കാസഭ എന്നു  പറയാം. എങ്കിൽ സഭയിലെ എല്ലാ വേദപാരംഗതന്മാരെയും  അതിലുമുപരി സ്വർഗ്ഗത്തിലെ ദൂതന്മാരെയും,  പ്രകാശത്തിലും പ്രതാപശക്തിയിലും  താരതമ്യപ്പെടുത്താനാവാത്തവിധം അതിശയിക്കുന്ന  പരിശുദ്ധ മറിയത്തെക്കുറിച്ചു നാം എന്തു പറയും? ഏറ്റവും പരിശുദ്ധ മറിയത്തിൻറെ തേജസ്സിൻറെ മഹത്വം കാണാൻ മനുഷ്യർക്കു വ്യക്തമായ കാഴ്ച ഉണ്ടായിരുന്നെങ്കിൽ  ലോകത്തിലെ ഓരോ മനുഷ്യനെയും പ്രബുദ്ധനാക്കാനും അവർക്കു സ്വർഗ്ഗത്തിലേക്കുള്ള  വഴികൾ പ്രകാശിപ്പിക്കാനും അതു മാത്രം മതിയാകുമായിരുന്നു. അതുകൊണ്ട്, ദൈവത്തെക്കുറിച്ചുള്ള അറിവു നേടിയവരെല്ലാം ഈ പരിശുദ്ധ നഗരത്തിൻറെ വെളിച്ചത്തിൽ നടന്നതിനാൽ, വിശുദ്ധ യോഹന്നാൻ പറയുന്നു: “അതിൻറെ പ്രകാശത്തിൽ ജനതകൾ സഞ്ചരിച്ചു.” എന്നു മാത്രമല്ല, അദ്ദേഹം ഏറ്റവും സത്യമായി കൂട്ടിച്ചേർക്കുന്നു:  

302. “ഭൂമിയിലെ രാജാക്കന്മാർ തങ്ങളുടെ മഹത്വം അതിലേക്കു കൊണ്ടുവരും.”  ഈ പ്രവചനം നിറവേറ്റാൻ സന്തോഷപൂർവം  തീക്ഷ്ണതയോടെ തങ്ങളുടെ ശക്തിയും സ്വാധീനവും ഉപയോഗിക്കുന്ന രാജാക്കന്മാരും പ്രഭുക്കന്മാരും വളരെ ഭാഗ്യവാന്മാർ. എല്ലാവരും അങ്ങനെ ചെയ്യണം; എന്തെന്നാൽ തങ്ങളുടെ  ജീവിതവും ബഹുമാനവും സമ്പത്തും  ഉന്നത സ്ഥാനമാനങ്ങളും എല്ലാം  ആ ദൈവനഗരത്തിനു വേണ്ടി   പ്രയോഗിച്ചുകൊണ്ട്, ലോകത്തിൽ മറിയത്തിൻറെ മഹത്വം വ്യാപിപ്പിക്കുകയും, മതഭ്രാന്തന്മാരുടെയും അവിശ്വാസികളുടെയും ഭ്രാന്തുപിടിച്ച  പ്രവർത്തികൾക്കെതിരായി  കത്തോലിക്കാ സഭയിൽ മറിയത്തിൻറെ പേരു മഹത്വപ്പെടുത്തുകയും, ഏറ്റവും പരിശുദ്ധ മറിയത്തോടുള്ള ആത്മാർത്ഥമായ സ്നേഹത്തോടെ  മറിയത്തിലേക്കു  തിരിയുകയും ചെയ്യുന്നവർ ഭാഗ്യവാന്മാർ. ഈ രാജ്ഞിയുടെ സഹായം തേടുന്നതിൽ ഉദാസീനതയുളളവരും തങ്ങളുടെ  വലിയ അപകടങ്ങളുടെ നേരത്തു   മറിയത്തിൻറെ സഹായം ചോദിക്കുന്നതിൽ പരാജയപ്പെടുന്നവരും, ഒരു അഭയകേന്ദ്രമായും സംരക്ഷണമായും,  മധ്യസ്ഥയായും അഭിഭാഷകയായും മറിയത്തെ കാണുന്നില്ലാത്തവരും ആയ കത്തോലിക്കാ ഭരണാധികാരികളെ  അഗാധമായ ദുഃഖത്തോടെ ഞാൻ കാണുന്നു. രാജാക്കന്മാരും  ഭരണാധിപന്മാരും  നേരിടേണ്ട  അപകടങ്ങൾ വളരെ വലുതാണെന്നതിനാൽ, മറിയത്തോടു കൃതജ്ഞതയുള്ളവരായിരിക്കാനുള്ള ബാധ്യത തങ്ങൾക്കുണ്ടെന്ന്  അവർ ഓർമ്മിക്കട്ടെ; എന്തെന്നാൽ, മറിയത്തിലൂടെ രാജാക്കന്മാർ ഭരിക്കുന്നു, പ്രഭുക്കന്മാർ ഉത്തരവു കൊടുക്കുന്നു, ശക്തന്മാർ നീതി നടപ്പാക്കുന്നു എന്ന് ഈ സ്വർഗീയ രാജ്ഞിതന്നെ പറയുന്നു (സുഭാഷിതങ്ങൾ 8:16); മറിയത്തെ സ്നേഹിക്കുന്നവരെയും അവിടുത്തെ മഹത്വപ്പെടുത്തുന്നവരെയും മറിയം സ്നേഹിക്കുന്നു, മറിയത്തോടൊപ്പം പ്രവർത്തിക്കുന്നവർ പാപം ചെയ്യാത്തതിനാൽ അവർ നിത്യജീവൻ നേടിയെടുക്കുന്നു.

303. മറ്റുള്ളവരെ അറിയിക്കുന്നതിനായി പലതവണ, പ്രത്യേകിച്ചും ഈ അവസരത്തിൽ, എനിക്കു നൽകപ്പെട്ട വെളിച്ചം ഒളിച്ചുവയ്‌ക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കത്തോലിക്കാസഭയുടെ എല്ലാ ക്ലേശങ്ങളും ക്രൈസ്തവ ജനതയുടെ എല്ലാ കഠിനാദ്ധ്വാനങ്ങളും ഏറ്റവും പരിശുദ്ധ മറിയത്തിൻറെ മധ്യസ്ഥതയിലൂടെ  തീർച്ചയായും  ലഘൂകരിക്കപ്പെടുന്നുവെന്നു  കർത്താവിൽ എനിക്കു വെളിപ്പെടുത്തിക്കിട്ടി. പ്രശ്നകലുഷിതമായ  ഈ നാളുകളിൽ  ദൈവത്തിനും, ശോചനീയമാം വിധം  ക്ലേശിക്കുന്ന അവിടുത്തെ സഭയ്‌ക്കുമെതിരെ പാഷണ്ഡതകളുടെ  ധാർഷ്ട്യം  ഉയരുമ്പോൾ, ഈ ദുരിതങ്ങൾക്ക് ഒരു പ്രതിവിധി മാത്രമേ അവശേഷിക്കുന്നുള്ളൂ, അതു കത്തോലിക്കാ  രാജാക്കന്മാരും ഭരണാധികാരികളും  ഭരണകൂടങ്ങളും  കൃപയുടെയും കരുണയുടെയും മാതാവിലേക്ക്  – ഏറ്റവും പരിശുദ്ധയായ  മറിയത്തിലേക്ക് –  തിരിയുക എന്നതു മാത്രമാണ്.  മരിയഭക്തിയും വണക്കവും  ഭൂമിയിലുടനീളം വളരുകയും വ്യാപിക്കുകയും, അങ്ങനെ അനുകമ്പാപൂർണമായ തൻറെ ദൃഷ്ടികൾ മറിയം  നമ്മുടെ അടുത്തേക്ക് അയയ്ക്കുകയും  ചെയ്യുന്നതിനായി അവർ മറിയത്തിനു പ്രത്യേകമാം വിധം വണങ്ങി  അവിടുത്തെ പ്രീതി തേടട്ടെ. അപ്പോൾ, തൻറെ  ഏറ്റവും പരിശുദ്ധനായ  പുത്രൻറെ കൃപ മറിയം നമുക്കായി  നേടിത്തരും. അപ്പോൾ  ശത്രുവിൻറെ ഉപദ്രവത്താൽ ബാധിച്ചിരിക്കുന്ന  കടിഞ്ഞാണില്ലാത്ത  എല്ലാ ദുഷിപ്പുകളിൽ നിന്നും  ക്രൈസ്തവ ജനത നവീകരിക്കപ്പെടും.  നമ്മെ ന്യായമായി ശിക്ഷിക്കുകയും, വലിയ വിപത്തുകളെയും നിർഭാഗ്യങ്ങളെയും കുറിച്ച്   നമുക്കു മുന്നറിയിപ്പു  നൽകുകയും  ചെയ്യുന്ന കർത്താവിൻറെ ക്രോധം അപ്പോൾ മറിയത്തിൻറെ മധ്യസ്ഥതയിലൂടെ അടങ്ങും. ഈ നവീകരണവും പാപങ്ങളിൽ നിന്നുള്ള  നമ്മുടെ പിന്തിരിയലും  അവിശ്വാസികൾക്കെതിരായ വിജയത്തിനും പരിശുദ്ധ സഭയെ അടിച്ചമർത്തുന്ന വ്യാജസഭകളുടെ ഉന്മൂലനത്തിനും കാരണമാകും. കാരണം, ലോകത്തെങ്ങും  അവരെ നശിപ്പിക്കുകയും വെട്ടിവീഴ്ത്തുകയും ചെയ്യുന്ന വാൾ  പരിശുദ്ധ മറിയം  തന്നെയാണ്.

304. ഈ വസ്തുത വിസ്മരിക്കുന്നതിൻറെ  ഫലമായുണ്ടാകുന്ന നഷ്ടം ഇപ്പോൾ തന്നെ ലോകത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു. കത്തോലിക്കാ  രാജാക്കന്മാർ  തങ്ങളുടെ രാജ്യങ്ങളിലെ ഭരണനിയന്ത്രണത്തിലും, കത്തോലിക്കാ വിശ്വാസത്തിൻറെ സംരക്ഷണത്തിലും പ്രചാരണത്തിലും, അവരുടെ ശത്രുക്കളെ ജയിക്കുന്നതിലും, അല്ലെങ്കിൽ അവിശ്വാസികൾക്കെതിരായ പോരാട്ടങ്ങളിലും യുദ്ധങ്ങളിലും വിജയിക്കുന്നില്ലെങ്കിൽ  അതിൻറെ കാരണം, അവർ തങ്ങൾക്കു വഴികാട്ടുന്ന  ഈ  നക്ഷത്രത്തെ അനുഗമിക്കുന്നില്ല എന്നതും  അവർ മറിയത്തെ തങ്ങളുടെ പ്രവൃത്തികളുടെയും പദ്ധതികളുടെയും ആരംഭവും ആസന്നലക്ഷ്യവുമാക്കിയില്ല എന്നതുമാണ്. കൂടാതെ,  നീതിയെ ഇഷ്ടപ്പെടുന്നവരെ  പഠിപ്പിക്കുകയും വളർത്തുകയും സമ്പുഷ്ടമാക്കുകയും ചെയ്യുന്നതിനായി  ഈ രാജ്ഞി നീതിയുടെ പാതയിലൂടെ സഞ്ചരിക്കുന്നുവെന്ന് അവർ മറക്കുകയും ചെയ്യുന്നു.

305. ഓ  പരിശുദ്ധ കത്തോലിക്കാസഭയുടെ തലവനും  രാജാവുമായവനേ! സഭയിലെ രാജകുമാരന്മാർ എന്നു വിളിക്കപ്പെടുന്ന   മേലധ്യക്ഷന്മാരേ! സ്പെയിനിലെ ഭരണാധികാരിയും  കത്തോലിക്കനുമായ  രാജാവേ, നിങ്ങളോടുള്ള  എൻറെ സ്വാഭാവിക കടമയാലും, അത്യുന്നതൻറെ വലുതായ  സ്നേഹവും പ്രത്യേക ദിവ്യപരിപാലനവും വഴിയായും, ഈ വിനീതവും  ആത്മാർത്ഥവുമായ അഭ്യർത്ഥന ഞാൻ നടത്തുന്നു! നിങ്ങളുടെ  കിരീടവും രാജവാഴ്ചയും സ്വർഗ്ഗത്തിൻറെയും ഭൂമിയുടെയും നാഥയായ  ഈ രാജ്ഞിയുടെ പാദങ്ങളിൽ സമർപ്പിക്കുക. എല്ലാ മനുഷ്യരാശിയുടെയും നവീകരണം സാധിതമാക്കുന്ന   മറിയത്തെ അന്വേഷിക്കുക; എല്ലാ മാനുഷിക സൈന്യങ്ങളുടെയും എല്ലാ നാരകീയശക്തികളുടെയും മേൽ ദൈവിക ശക്തിയാൽ  ആധിപത്യം നൽകപ്പെട്ടവളെ കേൾക്കാൻ ശ്രമിക്കുക; അത്യുന്നതൻറെ സൗമനസ്യത്തിൻറെയും നിധികളുടെയും താക്കോലുകൾ കരങ്ങളിൽ വഹിച്ചിരിക്കുന്നവളോട്   നിങ്ങൾ  സ്നേഹബന്ധം പുലർത്തുക;  അവളുടെ  മഹിമയും കീർത്തിയും വർദ്ധിപ്പിക്കാൻ നിങ്ങളുടെ  പ്രവൃത്തികൾ ആവശ്യമില്ലെങ്കിലും, നിങ്ങളുടെ  മഹിമയും കീർത്തിയും വർദ്ധിപ്പിക്കാൻ കഴിയുന്നവളായ ദൈവത്തിൻറെ നഗരത്തിന്, നിങ്ങൾ നിങ്ങളുടെ  പേരും പെരുമയും സമർപ്പിക്കുക! കത്തോലിക്കർക്കു യോജിച്ച   ഉത്സാഹത്തോടും പൂർണ്ണഹൃദയത്തോടും കൂടി ശ്രേഷ്ഠവും സന്തോഷകരവുമായ  തരത്തിൽ നിങ്ങളുടെ  സേവനം മറിയത്തിനു സമർപ്പിക്കുക; അതിൻറെ  പ്രതിഫലം അപരിമേയമാം  വിധം വളരെ വലുതായിരിക്കും.  വിജാതീയരുടെ  മാനസാന്തരം, പാഷണ്ഡതകൾക്കും  വിഗ്രഹാരാധനയ്ക്കും എതിരായ വിജയം, സഭയിൽ  സമാധാനം, മനുഷ്യരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനു പുതിയ വെളിച്ചവും സഹായവും,  കൂടാതെ നിങ്ങൾക്ക് ഈ ജീവിതത്തിലും വരാനിരിക്കുന്ന ജീവിതത്തിലും  മഹത്തും  മഹിമയേറിയതുമായ  ഒരു വാഴ്ചയും അതിൽ ഉൾപ്പെടുന്നു!

306. ഓ എൻറെ പിതൃരാജ്യമായ സ്പെയിൻ, നിൻറെ  കത്തോലിക്കാ വിശ്വാസം മൂലം നീ ഏറ്റവും ഭാഗ്യവതിയാണ്! സർവ്വശക്തൻ നിനക്കു നൽകിയ നിൻറെ  വിശ്വാസത്തിൻറെ അചഞ്ചലതയിലും ആത്മാർത്ഥതയിലും, നിൻറെ  വിശിഷ്ടമായ വിശ്വാസത്തിനനുസരിച്ചു  പരിശുദ്ധമായ ദൈവഭയം  കൂടി ചേർത്താൽ  നീ  കൂടുതൽ ഭാഗ്യവതിയാകും!  നിൻറെ  സന്തോഷത്തിൻറെ ഈ ഉച്ചകോടിയിലെത്താൻ, നിന്നിലെ  നിവാസികളെല്ലാം ഏറ്റവും പരിശുദ്ധ മറിയത്തോടുള്ള ഉജ്ജ്വലമായ ഭക്തിയിൽ ഒന്നിക്കുമോ? അപ്പോൾ നിൻറെ  മഹത്വം എത്രയധികമായി  പ്രകാശിക്കുകയില്ല! നീ  എത്രയധികമായി  പ്രബുദ്ധയാകുകയില്ല! അപ്പോൾ ഈ രാജ്ഞി നിന്നെ  എത്രമാത്രം ധീരമായി സംരക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യും!  നിൻറെ  കത്തോലിക്കാ രാജാക്കന്മാർ ഉന്നതങ്ങളിൽനിന്നുള്ള നിധികളാൽ എത്രയധികം സമ്പന്നരാകും!  അവരുടെ കരങ്ങൾ വഴി, ഇമ്പമാർന്ന സുവിശേഷത്തിൻറെ നിയമം ജനതകൾക്കിടയിൽ എത്ര വിപുലമായി വ്യാപിക്കും!  ഓർമ്മിക്കുക, ഈ മഹാരാജ്ഞി, തന്നെ  ബഹുമാനിക്കുന്നവരെ ബഹുമാനിക്കുന്നു, തന്നെ  അന്വേഷിക്കുന്നവരെ പരിപോഷിപ്പിക്കുന്നു, തന്നെ  സ്തുതിക്കുന്നവരെ വിശിഷ്ടരാക്കുന്നു, തന്നിൽ  പ്രത്യാശ അർപ്പിക്കുന്നവരെ സംരക്ഷിക്കുന്നു. ഒരു അമ്മയായി തന്നെത്തന്നെ സ്വയം വെളിപ്പെടുത്തുന്നതിനും തൻറെ കാരുണ്യം നിങ്ങളിൽ  ചൊരിയുന്നതിനും വേണ്ടി, തന്നെ  സമീപിക്കണമെന്നും തന്നോട്  അഭ്യർത്ഥിക്കണമെന്നും അവിടുന്നു പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു എന്നു വിശ്വസിക്കുക. അതേസമയം, ദൈവത്തിന് ആരുടെയും സഹായം ആവശ്യമില്ല എന്നും, കല്ലുകളിൽനിന്ന് അബ്രാഹത്തിനു മക്കളെ പുറപ്പെടുവിക്കാൻ ദൈവത്തിനു കഴിയുമെന്നും (ലൂക്ക 3:8) ഓർമ്മിക്കുക; 

അത്തരം മഹത്തായ നന്മയ്ക്കു  നിങ്ങൾ നിങ്ങളെത്തന്നെ അയോഗ്യരാക്കുന്നെങ്കിൽ, തന്നെ  കൂടുതൽ നന്നായി സേവിക്കുന്നവർക്കായി ഈ മഹത്വം നീക്കിവെക്കാനും അവരുടെ അയോഗ്യത പരിഹരിച്ച്  അവരെ തക്ക പ്രതിഫലത്തിന് അർഹരാക്കാനും  അവൾക്കു കഴിയും.

307. നമ്മുടെ നാളുകളിൽ, (ശ്രദ്ധയോടെയും തീക്ഷ്ണതയോടെയും നിങ്ങളെ പഠിപ്പിച്ച മറ്റു പലർക്കുമിടയിൽ), നിങ്ങൾ  ഈ മഹാരാജ്ഞിക്കും നാഥയ്ക്കും നൽകേണ്ട ശുശ്രൂഷയെക്കുറിച്ച് അജ്ഞരാകാതിരിക്കേണ്ടതിന്, കത്തോലിക്കാ സഭയിൽ അവിടുത്തെ അമലോത്ഭവത്തിൻറെ രഹസ്യത്തെക്കുറിച്ച്  ഇപ്പോൾ  നിലനിൽക്കുന്ന പ്രബോധനം  പരിഗണിക്കുക, എന്നിട്ട് ആ ദൈവത്തിൻറെ നഗരത്തെക്കുറിച്ചുള്ള  ഈ അടിസ്ഥാന പ്രബോധനം  ഉറപ്പിക്കാൻ, ഇനിയും  എന്താണ്  ചെയ്യേണ്ടതായി  അവശേഷിക്കുന്നതെന്നു  കണ്ടറിഞ്ഞ്  അവ ചെയ്യുന്നതിലേക്കു  നിങ്ങളുടെ  ശ്രദ്ധ തിരിക്കുക.  

ഈ നിർദ്ദേശം  ദുർബ്ബലയും അജ്ഞയുമായ ഒരു സ്ത്രീയിൽനിന്നു വരുന്നതായിട്ടോ, കളങ്കരഹിതയായ പരിശുദ്ധ മറിയത്തിൻറെ പേരിനും വണക്കത്തിനും  വേണ്ടി സമർപ്പിക്കപ്പെട്ട ഒരു ജീവിതാവസ്ഥയുടെയോ ദൈവവിളിയുടെയോ മുൻവിധിയോടെയുള്ള താൽപര്യത്തിൽ നിന്നു പുറപ്പെടുന്ന  ഒരു തോന്നലായിട്ടോ ആരും നിന്ദിക്കാതിരിക്കട്ടെ. കാരണം മറിയത്തിൻറെ  ജീവിതത്തെക്കുറിച്ചുള്ള അറിവിനാൽ  എനിക്കു ലഭിച്ച ബോധ്യവും വെളിച്ചവും  തന്നെ എനിക്കു ധാരാളമാണ്.  ഞാൻ ഈ ആഹ്വാനം  നൽകുന്നത് എൻറെ സ്വന്തം ബഹുമാനത്തിനായോ, എൻറെ സ്വന്തം  തീരുമാനങ്ങളെയും  അധികാരത്തെയും ആശ്രയിച്ചോ അല്ല: ഊമനു സംസാരശേഷി നൽകുകയും, കുഞ്ഞുങ്ങളുടെ  നാവുകളിൽ  നിന്ന് സ്തുതികൾ ഉയർത്തുകയും  ചെയ്യുന്ന കർത്താവിൻറെ കൽപ്പന ഞാൻ അനുസരിക്കുന്നു എന്നു  മാത്രം . കരുണാമയമായ  ഈ   സ്വാതന്ത്ര്യത്തെ വിലമതിക്കുന്നവർ  യോഹന്നാൻ  തുടർന്നു പറയുന്നതുകൂടി ശ്രദ്ധിക്കട്ടെ: 

308. “അതിൻറെ കവാടങ്ങൾ പകൽ സമയം അടയ്‌ക്കപ്പെടുകയില്ല. അവിടെയാകട്ടെ  രാത്രി ഇല്ലതാനും.” ഏറ്റവും പരിശുദ്ധ മറിയത്തിൻറെ കാരുണ്യത്തിൻറെ വാതിലുകൾ ഒരിക്കലും അടഞ്ഞിട്ടില്ല, അടയ്ക്കുകയുമില്ല, മറ്റു വിശുദ്ധന്മാരിൽ സംഭവിച്ചതുപോലെ, ഈ നഗരത്തിൻറെ കവാടങ്ങൾ അടച്ചേക്കാവുന്ന യാതൊരു പാപാന്ധകാരവും അവിടുത്തെ അമലോത്ഭവത്തിൻറെ ആദ്യ നിമിഷംമുതൽ മറിയത്തിൽ  ഉണ്ടായിരുന്നില്ല. വാതിലുകൾ എല്ലായ്‌പ്പോഴും  തുറന്നിരിക്കുന്ന സ്ഥലങ്ങളിലെന്നപോലെ, ആഗ്രഹിക്കുന്നവർക്കെല്ലാം പുറത്തേയ്ക്കു പോകാനോ പ്രവേശിക്കാനോ കഴിയുമെന്നതിനാൽ, ഏറ്റവും പരിശുദ്ധമറിയത്തിൻറെ കാരുണ്യത്തിൻറെ കവാടങ്ങളിലൂടെ മനുഷ്യർ സ്വതന്ത്രമായി ദൈവികത്വത്തിലേക്കു പ്രവേശിക്കുന്നതിനെ ഒന്നും തന്നെ  തടസ്സപ്പെടുത്തുന്നില്ല. കാരണം, കാല, ദേശ പ്രായ,ലിംഗ  പരിമിതികൾ ഇല്ലാതെ എല്ലാവർക്കും വേണ്ടി    തുറന്നിട്ടിരിക്കുന്ന ആ നഗരത്തിലാണു സ്വർഗത്തിലെ നിധികളുടെ കലവറ. അതിൻറെ ഉത്ഭവം മുതൽതന്നെ എല്ലാവർക്കും അതിൽ പ്രവേശിക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു; ഈ  പ്രത്യേക ഉദ്ദേശ്യത്തിനായി അത്യുന്നതൻ ഈ  നഗരത്തിനായി നിരവധി വാതിലുകൾ തുറന്നിരുന്നു, മറിയത്തിൻറെ ഏറ്റവും ശുദ്ധമായ അമലോത്ഭവത്തിൻറെ ആദ്യനിമിഷംമുതൽ സകല മനുഷ്യവർഗ്ഗത്തിലേക്കും കരുണയും കൃപകളും  വർഷിക്കപ്പെടാൻ വേണ്ടി,  വെളിച്ചത്തിനു നേരെ സൗജന്യമായി  അവ തുറന്നുതന്നെയിട്ടിരുന്നു. എന്നാൽ ഈ നഗരത്തിനു ദിവ്യത്വത്തിൻറെ നിധികൾ  വിതരണം ചെയ്യാനുദ്ദേശിച്ചുള്ള നിരവധി  കവാടങ്ങളുണ്ടെങ്കിലും,  ആ കാരണത്താൽ  അത്   ഒരിക്കലും ശത്രുക്കളിൽനിന്നു സുരക്ഷിതമല്ലാതാകുന്നില്ല.. അതിനാൽ തിരുവചനം തുടരുന്നു:

309. “എന്നാൽ കുഞ്ഞാടിൻറെ ജീവഗ്രന്ഥത്തിൽ പേരെഴുതപ്പെട്ടവർ മാത്രമേ അതിൽ പ്രവേശിക്കൂ. അശുദ്ധമായതൊന്നും, മ്ലേച്ഛതയും കൗടില്യവും പ്രവർത്തിക്കുന്ന ആരും, അതിൽ പ്രവേശിക്കുകയില്ല.”  ദൈവത്തിൻറെ നഗരത്തിൻറെ മഹത്വങ്ങൾ ആവർത്തിച്ചു വിവരിച്ചുകൊണ്ടും, ജന്മപാപരഹിതമായ ഒരു ശരീരവും ആത്മാവും നല്കപ്പെട്ടതിനാൽ  മറിയത്തിൽ ഒരു കളങ്കവുമില്ലെന്ന് ഒരിക്കൽകൂടി നമുക്ക് ഉറപ്പുനൽകിക്കൊണ്ടും യോഹന്നാൻ  ഇരുപത്തിയൊന്നാം അധ്യായം അവസാനിപ്പിക്കുന്നു. എന്നിരുന്നാലും, ഉത്ഭവപാപത്താൽ മറിയം കളങ്കപ്പെട്ടിരുന്നുവെങ്കിൽ, അഥവാ – സാധ്യത ഇല്ലായിരുന്നെങ്കിൽപോലും – കർമ്മപാപങ്ങളുടെ കറയോ കളങ്കമോ എപ്പോഴെങ്കിലും അവളിൽ  പ്രവേശിച്ചതായി കണ്ടെത്തിയിരുന്നുവെങ്കിൽ, മറിയത്തെക്കുറിച്ച് ഒരിക്കലും ഇങ്ങനെ പറയാൻ കഴിയില്ലായിരുന്നു. കുഞ്ഞാടിനെക്കുറിച്ച് എഴുതിയതിനോട് പൂർണ്ണമായും സമാനമായവ  തന്നെയാണ്  ഈ ദൈവത്തിൻറെ നഗരത്തിൽ പ്രവേശിക്കുന്നവയും. തൻറെ  ഏറ്റവും പരിശുദ്ധ പുത്രനെ തന്നെയാണല്ലോ  മറിയത്തിൻറെ രൂപീകരണത്തിനുള്ള ശൈലിയും മാതൃകയും ആയി സ്വീകരിച്ചത്.  മറ്റൊരാളിൽനിന്നും പരമപരിശുദ്ധയായ മറിയത്തിൻറെ ശ്രേഷ്ഠത അനുകരിക്കാൻ സാധ്യമായിരുന്നില്ല. അത് എത്ര ചെറിയ കാര്യത്തെക്കുറിച്ചാണെങ്കിൽപ്പോലും – മറിയത്തെ സംബന്ധിച്ചിടത്തോളം അവയെ ചെറുതെന്നു വിളിക്കാമെങ്കിൽ-  തൻറെ പ്രിയപുത്രൻറെയല്ലാതെ മറ്റൊരു വ്യക്തിയുടെയും  മാതൃക മറിയത്തിനു   സാധ്യമായിരുന്നില്ല. മറിയമാകുന്ന ഈ വാതിലായിരിക്കണം മനുഷ്യർക്കുവേണ്ടിയുള്ള അഭയനഗരത്തിൻറെ വാതിലെന്നതിനാൽ, മ്ലേച്ഛതകൾ പ്രവർത്തിക്കുകയും  നുണകൾ  പറയുകയും ചെയ്യുന്നവർക്ക് ഒരിക്കലും അതിൽ പങ്കോ പ്രവേശനമോ ഉണ്ടായിരിക്കരുത് എന്നതു തികച്ചും യുക്തം തന്നെ. 

എന്നാൽ, ഇക്കാരണത്താൽ,  പാപികളും  പാപചായ്‌വുള്ളവരുമായ ആദത്തിൻറെ സന്തതികൾ  ഈ പരിശുദ്ധമായ ദൈവനഗരത്തിൻറെ കവാടങ്ങളെ സമീപിക്കുവാൻ മടിക്കരുത്; കാരണം, കൃപയിലൂടെയുള്ള  വിശുദ്ധീകരണം തേടാൻ അവർ തീവ്രമായ പശ്ചാത്താപത്തോടും വിനയത്തോടുംകൂടി സമീപിക്കുകയാണെങ്കിൽ,  ഈ മഹാരാജ്ഞിയുടെ വാതിലുകളിൽ അവർ അതു കണ്ടെത്തും, മറ്റാരിലും അതു കണ്ടെത്തുകയുമില്ല. മറിയം ശുദ്ധിയുള്ളവളും, നിർമ്മലയും, കൃപയിൽ സമൃദ്ധിയുള്ളവളും, എല്ലാറ്റിനുമുപരിയായി കരുണയുടെ മാതാവുമാണ്; നമ്മുടെ ദാരിദ്ര്യത്തെ  സമ്പന്നമാക്കാനും നമ്മുടെ എല്ലാ പാപങ്ങളുടെയും കറകളിൽനിന്നു നമ്മെ ശുദ്ധീകരിക്കാനും കഴിയും വിധം മാധുര്യവും സ്നേഹവും  ശക്തിയും  നിറഞ്ഞവളാണ്  മറിയം. 

ഈ അധ്യായങ്ങളെ ക്കുറിച്ച് സ്വർഗീയ രാജ്ഞി എനിക്ക് നൽകിയ പ്രബോധനങ്ങൾ  ഇവയാണ്:

310. “എൻറെ മകളേ, പറയാൻ പലതും നീ  അവശേഷിപ്പിച്ചിട്ടുണ്ടെങ്കിലും, ഈ അധ്യായങ്ങളിൽ ശ്രേഷ്ഠമായ  പ്രബോധനങ്ങളും  വെളിവും  അടങ്ങിയിരിക്കുന്നു. അതിനാൽ കൃപയുടെ വെളിച്ചം നീ  സ്വീകരിച്ചതു വെറുതെയാകാതിരിക്കാൻ നീ  മനസ്സിലാക്കുകയും എഴുതുകയും ചെയ്ത എല്ലാറ്റിൽനിന്നും ഗുണം നേടാൻ ജാഗ്രതയോടെ ശ്രമിക്കുക. ഇതു  ചുരുക്കത്തിൽ നീ  ഓർക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു; നിന്നെ  പാപത്തിൽ ഗർഭം ധരിച്ചു എന്നതിനെപ്പറ്റിയും, ഒരു ഭൗമിക സൃഷ്ടിയെന്ന നിലയിൽ, നിൻറെ  ഉള്ളിൽ ലൗകിക ചായ്‌വുകൾ ഉണ്ട് എന്നതിനെപ്പറ്റിയും പരിഭ്രാന്തയാകരുത്; എന്നാൽ നിൻറെ  വികാരങ്ങളെ ഇല്ലാതാക്കുന്നതിനായി അതിനെതിരായി പ്രയത്നിക്കുക. ഇതു ചെയ്യുമ്പോൾ അതിനോടൊപ്പം നീ നിൻറെ ശത്രുക്കളോടു യുദ്ധം ചെയ്യുകയുമായിരിക്കും. സർവ്വശക്തൻറെ കൃപയുടെ സഹായത്താൽ, നിനക്ക് സ്വയം ഉയർന്ന്, എല്ലാ കൃപയുംഎവിടെനിന്നു വരുന്നുവോ ആ  സ്വർഗ്ഗത്തിൻറെ മകളാകാൻ കഴിയും. നീ  അവിടെ എത്തിച്ചേരുന്നതിന്, ദൈവത്തിൻറെ മാറ്റമില്ലാത്ത സ്വഭാവത്തെയും പരിപൂർണ്ണതയെയും കുറിച്ചുള്ള അറിവിൽ നിൻറെ  മനസ്സ് ഉറപ്പിക്കുക.അതിനായി   യാതൊരു സാഹചര്യത്തിലും  മറ്റൊരു വസ്തുവിലേക്ക്  – അത് എത്ര തന്നെ ആവശ്യമുള്ളതാണെങ്കിലും – ആകർഷിക്കാൻ ഒരിക്കലും അനുവദിക്കാതിരുന്നുകൊണ്ട്,  നിൻറെ ശ്രദ്ധ തുടർന്നും ഉന്നതങ്ങളിലായിരിക്കട്ടെ. അവിടെയായിരിക്കട്ടെ നിൻറെ  വാസസ്ഥലം. ദൈവത്തിൻറെ മഹത്വത്തിൻറെ ഈ നിരന്തരമായ സാന്നിധ്യത്താലും ഓർമ്മയാലും, കർത്താവുമായുള്ള ഏറ്റവും അടുത്ത സൗഹൃദത്തിലും സമ്പർക്കത്തിലും, പരിശുദ്ധാത്മാവിൻറെ അഭിഷേകത്തിനും ദാനങ്ങൾക്കുമായി  നീ നിന്നെ സ്വയം സജ്ജയാക്കും. ഞാൻ ഇതിനകം പലവട്ടം ചൂണ്ടിക്കാണിക്കുകയും നിനക്കു  വെളിപ്പെടുത്തുകയും ചെയ്തിട്ടുള്ള, അവിടുത്തെ ഈ തിരുഹിതത്തിൻറെ  വഴിയിലുള്ള  എല്ലാ തടസ്സങ്ങളും ഒഴിവാക്കാൻ, ദുഷ്ടചായ്‌വുകളുടെയും വികാരങ്ങളുടെയും ഇരിപ്പിടമായ നിൻറെ  സത്തയുടെ അധോഭാഗങ്ങളെ നിഗ്രഹിക്കുവാൻ ശ്രമിക്കുക. ഭൗമികമായതെല്ലാം ഉപേക്ഷിക്കുക, ദൈവത്തിൻറെ സാന്നിധ്യത്തെക്കുറിച്ചുള്ള ബോധത്തിൽ, നിൻറെ   ചേതനയുടെ  എല്ലാ തൃഷ്ണകളെയും   ത്യജിക്കുക, അവയുടെ പ്രേരണകളൊന്നും നിറവേറ്റരുത്, അനുസരണത്തിൻറെ ഇടുങ്ങിയ പരിധിയിൽ നിന്നുകൊണ്ടല്ലാതെ, നിൻറെ  ഇഷ്ടത്തെ ഒരിക്കലും തൃപ്തിപ്പെടുത്തുകപോലുമരുത്.  കുഞ്ഞാട്  നിൻറെ അന്തരംഗത്തിൽ നിന്നെ  പ്രകാശിപ്പിക്കുന്നതിനുതകുന്ന  ആന്തരിക  ധ്യാനം എന്ന   രഹസ്യ അഭയം ഒരിക്കലും  ഉപേക്ഷിക്കരുത്. മണിയറയിലേക്കു പ്രവേശിക്കുന്നതിനായി നിന്നെത്തന്നെ  അണിയിച്ചൊരുക്കുക. എല്ലായ്‌പ്പോഴും  സർവശക്തനുമായി ചേർന്നിരിക്കാനും  അവിടുത്തെ വഴിയിൽ ഒരു തടസ്സവും വരുത്താതിരിക്കാനും ശ്രമിച്ചുകൊണ്ട്, അവിടുത്തെ കരം അവിടുന്ന് ആഗ്രഹിക്കുന്ന രീതിയിൽ നിന്നെ അലങ്കരിക്കുവാൻ അനുവദിക്കുക. ദൈവത്തെ  വ്രണപ്പെടുത്തിയതിനെയോർത്ത്  അനേകമായ  പരിത്യാഗപ്രവൃത്തികളിലൂടെ  നിൻറെ  ആത്മാവിനെ വിശുദ്ധീകരിക്കുകയും, തികഞ്ഞ  സ്നേഹത്തോടെ അവിടുത്തെ മഹത്വപ്പെടുത്തുകയും സ്തുതിക്കുകയും ചെയ്യുക. അവിടുത്തെ അന്വേഷിക്കുക, നിൻറെ  ആത്മാവ് ആരെ ആഗ്രഹിക്കുന്നുവോ, ആ ദൈവത്തെ കണ്ടെത്തുന്നതുവരെ, വിശ്രമിക്കരുത്.    നിന്നോടു ചേർത്തു പിടിച്ചുകൊണ്ട്, അവിടുത്തെ ഒരിക്കലും പോകാനനുവദിക്കാതിരിക്കുക. (ഉത്ത 3:4). നിൻറെ  ദൃഷ്ടികൾ  എല്ലാ മഹത്വത്തിൻറെയും ഉറവിടത്തിൽ നിരന്തരം നിലനിറുത്തിക്കൊണ്ട്, യാത്രയുടെ അവസാനത്തിൽ എത്തിക്കഴിഞ്ഞ ഒരാളെപ്പോലെ നിൻറെ  തീർത്ഥാടനം തുടരണമെന്നു ഞാൻ ആഗ്രഹിക്കുന്നു. വിശ്വാസത്തിൻറെ വെളിച്ചത്തിലും സർവശക്തൻ നിൻറെ  പ്രാണനെ നിറയ്ക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യുന്ന പ്രഭയിലും   ചരിക്കുകയും, അവസാനമില്ലാതെ, കുറവില്ലാതെ  അവിടുത്തെ സ്നേഹിക്കുകയും ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതു തുടരുകയും ചെയ്യുക എന്നതായിരിക്കട്ടെ അങ്ങയുടെ ജീവിത പ്രമാണം. നിൻറെ  കാര്യത്തിൽ സർവ്വശക്തൻറെ ഇഷ്ടം ഇതാകയാൽ, നിൻറെ നേട്ടം എന്തായിരിക്കുമെന്നു ചിന്തിക്കുക. ഒപ്പംതന്നെ  അങ്ങനെ ചെയ്യാതിരുന്നാൽ  നിൻറെ  നഷ്ടം എന്തായിരിക്കുമെന്നുകൂടി ഓർക്കുക. നീ ഈ അപകടത്തിൽ വീഴാതെ നോക്കുക;  നിൻറെ  പൂർണ്ണഹിതത്തോടും സത്തയോടുംകൂടെ  നിൻറെ  മണവാളൻറെയും, എൻറെയും, പരിശുദ്ധമായ  അനുസരണത്തിനും  മാർഗ്ഗനിർദേശത്തിനും  വിധേയയാകുക – അതായിരിക്കണം എല്ലായ്‌പ്പോഴും  നിൻറെ  ശൈലി”.  ഇപ്രകാരം കർത്താവിൻറെ അമ്മ എനിക്കു നിർദ്ദേശം നൽകി. ഞാൻ വളരെയധികം അമ്പരപ്പോടെ ഇങ്ങനെ ഉത്തരം പറഞ്ഞു:

311. “എല്ലാ സൃഷ്ടികളുടെയും രാജ്ഞിയും നാഥയുമായ അങ്ങയുടെ ദാസിയായ ഞാൻ എല്ലാ നിത്യതയിലും അങ്ങനെതന്നെ ആയിരിക്കാൻ ആഗ്രഹിക്കുന്നു! അത്യുന്നതൻ അങ്ങയെ അപ്രകാരം ഉയർത്താൻ തിരഞ്ഞെടുത്തതിനാൽ ഞാൻ അവിടുത്തെ എന്നേക്കും സ്തുതിക്കും. എന്നാൽ, സർവ്വശക്തനോടൊപ്പമായിരിക്കുന്ന  അങ്ങു വളരെ അനുഗൃഹീതയും  ശക്തയുമാകയാൽ, ഓ എൻറെ നാഥേ, അങ്ങയുടെ ദരിദ്രയും നികൃഷ്ടയുമായ ദാസിയായ എന്നെ കരുണയോടെ നോക്കണമേയെന്നു ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു.  ദരിദ്രരുടെ ഇടയിൽ വിതരണം ചെയ്യുന്നതിനായി കർത്താവ് അങ്ങയുടെ കൈകളിൽ ഏൽപ്പിച്ചിരിക്കുന്ന ദാനങ്ങളിൽ എന്നെയും  പങ്കുകാരിയാക്കുക, എൻറെ നിന്ദ്യമായ അവസ്ഥയിൽനിന്ന് എന്നെ ഉയർത്തുക, എൻറെ നഗ്നതയും ദാരിദ്ര്യവും മാറ്റി എന്നെ സമ്പന്നയാക്കുക, അങ്ങയുടെ ഏറ്റവും പരിശുദ്ധ പുത്രൻറെയും എൻറെ കർത്താവിൻറെയും ദൃഷ്ടിയിൽ കൃപ കണ്ടെത്താൻ എന്നെ സഹായിച്ചുകൊണ്ട്, ഒരു നാഥ എന്നനിലയിൽ, ഏറ്റവും തികഞ്ഞത് ആഗ്രഹിക്കാനും പ്രവർത്തിക്കാനും എന്നെ നിർബന്ധിക്കുക.  ഓ  എൻറെ നാഥേ, എൻറെ രാജ്ഞീ,  ഞാൻ എൻറെ രക്ഷയെ അങ്ങയുടെ കയ്യിൽ ഏൽപ്പിക്കുന്നു!  ആയതിൻറെ  ചുമതല അന്ത്യം വരെ അങ്ങു  ദയവായി ഏറ്റെടുക്കണമേ; കാരണം  അങ്ങയുടെ ഏറ്റവും പരിശുദ്ധ പുത്രൻറെ യോഗ്യതകൊണ്ടും ഏറ്റവും പരിശുദ്ധ ത്രിത്വത്തിൻറെ വാഗ്ദാനങ്ങൾ നിമിത്തവും  അങ്ങയുടെ എല്ലാ അപേക്ഷകളും ആഗ്രഹങ്ങളും കുറവുകൂടാതെ നിറവേറ്റപ്പെടുമെന്നതിനാൽ   അങ്ങയുടെ ആഗ്രഹങ്ങൾ പരിശുദ്ധവും ശക്തവുമാണ്. ഞാൻ അയോഗ്യയായതിനാൽ എനിക്ക് അങ്ങയെ നിർബന്ധിക്കാൻ ഒട്ടും കഴിയില്ല, എന്നാൽ അതിനു  പകരമായി, എൻറെ നാഥേ, അങ്ങയുടെ പരിശുദ്ധിയും കാരുണ്യവും തന്നെ  ഞാൻ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.”