വിശുദ്ധ നഗരം: അഭയ നഗരം അധ്യായം 11

( അഗ്രെദായിലെ വാഴ്ത്തപ്പെട്ട സി. മരിയയ്ക്കു   ലഭിച്ച വെളിപ്പെടുത്തലുകൾ ഉൾക്കൊള്ളുന്ന  Mystical City of God  എന്ന  വിശിഷ്ട ഗ്രന്ഥത്തിലെ  പരിശുദ്ധ അമ്മയെ സംബന്ധിച്ച തെരഞ്ഞെടുക്കപ്പെട്ട ഭാഗങ്ങളുടെ വിവർത്തനം)

271. “നമ്മുടെ മണവാട്ടിയും, വചനത്തിൻറെ അമ്മയും  ആയ ഈ സ്ത്രീയുടെ മഹത്വത്താൽ  അവൾ എല്ലാ സൃഷ്ടികളുടെയും രാജ്ഞിയും, നാഥയും ആയിത്തീരുന്നത് അനുയോജ്യമാണ്.  അതിനാൽ നാം ഈ സ്ത്രീയ്ക്കു നൽകുകയും സമ്മാനിക്കുകയും ചെയ്യുന്ന ദിവ്യത്വത്തിൻറെ വരങ്ങളും  നിധികളും  മാത്രമല്ല, നമ്മുടെ കരുണയുടെ  നിധികളും  വിതരണം ചെയ്യുന്നതിനുള്ള അവകാശം  ഈ സ്ത്രീ വിനിയോഗിക്കട്ടെ, അങ്ങനെ ഈ സ്ത്രീയുടെ ഇഷ്ടത്തിനനുസരിച്ചു കൃപകളും അനുഗ്രഹങ്ങളും മനുഷ്യർക്ക്, പ്രത്യേകിച്ച് ഈ സ്ത്രീയുടെ മക്കളായും ആശ്രിതരായും ഈ സ്ത്രീയെ അഭയം പ്രാപിക്കുന്നവർക്കു നൽകുകയും, അങ്ങനെ  അവൾ  ദരിദ്രരെ സമ്പന്നരാക്കുകയും, പാപികളെ മോചിപ്പിക്കുകയും, നീതിമാന്മാരെ ഉയർത്തുകയും, എല്ലാ മനുഷ്യർക്കും   എല്ലായ്‌പ്പോഴും  അഭയം നൽകുകയും ചെയ്യട്ടെ. എല്ലാ സൃഷ്ടികളും ഈ സ്ത്രീയെ അവരുടെ രാജ്ഞിയും നാഥയും,  മനുഷ്യർക്കായി  വിതരണം ചെയ്യപ്പെടുന്ന നമ്മുടെ അനന്തമായ സമ്പന്നതകളുടെ  സൂക്ഷിപ്പുകാരിയുമായി തിരിച്ചറിയുന്നതിനായി, നമ്മുടെ ദിവ്യഹിതത്തിൻറെയും ഹൃദയത്തിൻറെയും താക്കോലുകൾ നാം  ഈ സ്ത്രീയെ ഏൽപ്പിക്കുന്നു;

 ഈ സ്ത്രീ എല്ലാ കാര്യങ്ങളിലും സൃഷ്ടികളോടുള്ള നമ്മുടെ ആനന്ദത്തിൻറെ നടത്തിപ്പുകാരിയായിരിക്കും. എല്ലാറ്റിനുമുപരിയായി നമ്മുടെ ശത്രുവായ മഹാസർപ്പത്തിൻറെയും അവൻറെ എല്ലാ സൈന്യത്തിൻറെയും മേൽ നാം ഈ സ്ത്രീയ്ക്ക് ആധിപത്യവും ശക്തിയും നൽകും. ഈ സ്ത്രീയുടെ സാന്നിധ്യത്തെ മാത്രമല്ല,  പേരിനെയും അവർ ഭയപ്പെടട്ടെ, അവരുടെ കെണികൾ  ഈ സ്ത്രീയുടെ നാമത്തിൽ തകർക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യട്ടെ. ഈ അഭയനഗരത്തിലേക്കു ഓടിവരുന്ന എല്ലാ മനുഷ്യരും, പിശാചുക്കളുടെയും അവരുടെ കെണികളുടെയും ഭയത്തിൽ നിന്നു മുക്തവും ഉറപ്പുള്ളതുമായ ഒരു സംരക്ഷണം, അവിടെ കണ്ടെത്തട്ടെ.”

272. ദൈവം തൻറെ  ഈ കൽപ്പനയിലും നിശ്ചയത്തിലും  ഉള്ള കാര്യങ്ങൾ എല്ലാം  പരിശുദ്ധ മറിയത്തിൻറെ ആത്മാവിന്  ഉടനടി വെളിപ്പെടുത്തിക്കൊടുത്തിരുന്നില്ല. നേരെ മറിച്ച്   ആ ആദ്യ നിമിഷത്തിൽത്തന്നെ മറിയത്തിനു   വളരെ വലിയ സ്നേഹത്തോടെ പ്രാർത്ഥിക്കാനും, എല്ലാ ആത്മാക്കൾക്കും വേണ്ടി മാധ്യസ്ഥം വഹിക്കാനും ഉള്ള നിയോഗം നല്കുകയാണുണ്ടായത്. പ്രത്യേകമായും  ആരൊക്കെ തങ്ങളുടെ  ജീവിതകാലത്ത് അവരുടെ ജീവിതത്തെ മറിയത്തിൻറെ പരിരക്ഷണത്തിനു  സ്വയം ഭരമേൽപ്പിക്കുന്നുവോ  അവർക്കെല്ലാം  നിത്യജീവൻ ലഭിക്കുന്നതിനുവേണ്ടി മാധ്യസ്ഥം  അപേക്ഷിക്കുന്നതിനും, അതു നേടിയെടുക്കുന്നതിനും വേണ്ടിയുള്ള നിയോഗവും മറിയത്തെ ഏൽപ്പിച്ചു. ദൈവത്തിൻറെ ഏറ്റവും നീതിപൂർവകമായ ന്യായാസനത്തിൽ  നിന്നു   മറിയത്തിന്  ഒന്നും ഒരിക്കലും നിഷേധിക്കപ്പെടുകയില്ലെന്നു പരിശുദ്ധ ത്രിത്വം മറിയത്തെ അറിയിച്ചു;

 സർവശക്തൻറെ കരം എപ്പോഴും മറിയത്തോടൊപ്പം ഉണ്ടായിരിക്കുമെന്നതിനാൽ, മറിയം പിശാചിനോടു കൽപ്പിക്കണമെന്നും  മറിയത്തിൻറെ കൽപ്പനകളുടെ ശ്രേഷ്ഠതയാൽ  പിശാചിനെ മനുഷ്യാത്മാക്കളിൽ  നിന്ന് അകറ്റി നിർത്താൻ അവൾക്കു ശക്തി ഉണ്ടായിരിക്കണമെന്നും നിശ്ചയിക്കപ്പെട്ടിരിക്കുന്നു. എന്നാൽ, ഈ വിശേഷവരത്തിനും  മറിയത്തിൻറെ മറ്റെല്ലാ വരങ്ങൾക്കും ഉള്ള കാരണം എന്താണെന്നു  മറിയത്തെ അറിയിച്ചിരുന്നില്ല.  ആ കാരണമാകട്ടെ  മറിയം വചനത്തിൻറെ മാതാവായിരിക്കണം എന്നതല്ലാതെ മറ്റൊന്നുമല്ലായിരുന്നു.ആ  നഗരത്തിനു ചുറ്റും വലിയതും ഉയർന്നതുമായ ഒരു മതിൽ ഉണ്ടെന്നു വിശുദ്ധ യോഹന്നാൻ പറയുമ്പോൾ  അതു  വിരൽ ചൂണ്ടുന്നത് ഒരു പ്രത്യേക വസ്തുതയിലേക്കാണ്. അതായത്  മറിയം   എല്ലാ മനുഷ്യർക്കും  സംരക്ഷണവും പ്രതിരോധവും   നൽകാനായി ദൈവം അനുവദിച്ച    രഹസ്യ അഭയസ്ഥാനമായിരിക്കേണ്ടിയിരുന്നു.  അവിടെ അവർക്ക് അഭയനഗരത്തിൻറെ എല്ലാ സുരക്ഷയും അവരുടെ ശത്രുക്കൾക്കെതിരെ  ഉറപ്പുള്ള   കോട്ടയും ലഭിക്കും. 

ശക്തയായ രാജ്ഞിയും, എല്ലാ സൃഷ്ടികളുടെയും നാഥയും, സ്വർഗ്ഗീയ കൃപകളുടെ എല്ലാ നിധികളുടേയും വിതരണക്കാരിയുമായ മറിയത്തിൻറെയടുക്കലേക്ക്, ആദത്തിൻറെ എല്ലാ മക്കളും ഓടിയണയേണ്ടതുണ്ടായിരുന്നു. മതിലുകൾ വളരെ ഉയർന്നതാണെന്ന് അദ്ദേഹം പറയുന്നു, കാരണം, ഏറ്റവും പരിശുദ്ധയായ മറിയത്തിനു പിശാചിനെ മറികടക്കാനും ആത്മാക്കളെ കൃപയിലേക്ക് ഉയർത്താനുമുള്ള ശക്തി വളരെ വലുതാണ്, അതു ദൈവത്തിൻറെ ശക്തിയെക്കാൾ മാത്രം താഴ്ന്നതാണ്. ഇവയ്‌ക്കെല്ലാം വേണ്ട കരുതലായും, മറിയത്തിനും മറിയത്തിൻറെ സംരക്ഷണം തേടുന്ന എല്ലാവർക്കും വേണ്ടിയും  നന്നായി പ്രതിരോധിക്കുകയും സുരക്ഷിതമാക്കുകയും ചെയ്തതാണ് ഈ നഗരം. മറിയത്തിനല്ലാതെ, ദൈവം സൃഷ്ടിച്ച ഒരു  ശക്തികൾക്കും, അതിൻറെ മതിലുകൾ നശിപ്പിക്കാനോ മറികടക്കാനോ കഴിയില്ല.

273. “പന്ത്രണ്ടു കവാടങ്ങളുമുണ്ടായിരുന്നു.” കാരണം, ഈ വിശുദ്ധനഗരത്തിലേക്കുള്ള പ്രവേശനം, ആരെയും ഒഴിവാക്കാതെ എല്ലാവരേയും ക്ഷണിച്ചുകൊണ്ട്, എല്ലാ രാജ്യങ്ങൾക്കും തലമുറകൾക്കും സൗജന്യമായി നല്കപ്പെട്ടിരിക്കുന്നതാണ്; അതിനാൽ, വരങ്ങളും  കൃപകളും, അത്യുന്നതൻറെ നിത്യ മഹത്വവും നേടുന്നതിനായി ഈ കരുണയുടെ രാജ്ഞിയുടെ മധ്യസ്ഥത ആർക്കും നഷ്ടപ്പെടരുത്. കവാടങ്ങളിൽ പന്ത്രണ്ടു ദൂതന്മാർ ഉണ്ടായിരുന്നു. മുകളിൽ സൂചിപ്പിച്ച, ഈ പന്ത്രണ്ടു രാജകുമാരന്മാരാണ്, അവതരിച്ച വചനത്തിൻറെ മാതാവിൻറെ സംരക്ഷകരായി  തിരഞ്ഞെടുക്കപ്പെട്ടവർ. ഈ പന്ത്രണ്ടു മാലാഖമാരുടെ സേവനം, അവരുടെ രാജ്ഞിയെ പരിചരിക്കുന്നതു  കൂടാതെ, തങ്ങളുടെ സഹായത്തിനായി നമ്മുടെ രാജ്ഞിയായ മറിയത്തെ ഭക്തിപൂർവ്വം വിളിക്കുന്നവരും , തങ്ങളുടെ  ഭക്തി, ആരാധന, അവളോടുള്ള സ്നേഹം എന്നിവയാൽ  വ്യത്യസ്തരുമായ ആത്മാക്കളെ സംരക്ഷിക്കുക എന്നതായിരുന്നു. അതിനാൽ അവരെ ആ നഗരത്തിൻറെ കവാടങ്ങളിൽ കണ്ടതായി യോഹന്നാൻ  പറയുന്നു; അവർ ശുശ്രൂഷകരാണ്. അതുപോലെതന്നെ,  പരിശുദ്ധ മറിയം നിത്യാനന്ദത്തിനായി  തുറന്നുകൊടുക്കുന്ന  ദൈവഭക്തിയുടെ വാതിലിലേക്കു പ്രവേശിക്കാൻ മനുഷ്യരെ സഹായിക്കാനും, പ്രോത്സാഹിപ്പിക്കാനും, അനുഗമിക്കാനുമുള്ള ദാസന്മാരുമാണവർ. മറിയത്തോട് അപേക്ഷിക്കുന്ന മറിയത്തിൻറെ ഭക്തദാസരെ  അവരുടെ ശരീരത്തിൻറെയും ആത്മാവിൻറെയും അപകടങ്ങളിൽനിന്നു സംരക്ഷിക്കുന്നതിനായി, ഈ ദൂതന്മാരെ പ്രചോദനവും അനുഗ്രഹവും നൽകി മറിയം പലതവണ അയയ്ക്കുകയും ചെയ്യുന്നു.

274. അദ്ദേഹം തുടരുന്നു: “കവാടങ്ങളിൽ ഇസ്രായേൽ മക്കളുടെ പന്ത്രണ്ടു ഗോത്രങ്ങളുടെ പേരുകൾ എഴുതപ്പെട്ടിരിക്കുന്നു;” കാരണം, ദൂതന്മാരെ ഭൂമിയിലേക്ക് അയയ്ക്കുന്നതെന്തിനാണോ ആ ശുശ്രൂഷയ്ക്കും സേവനത്തിനും അനുസരിച്ച് അവർക്ക്  പേരുകൾ  നൽകപ്പെടുന്നു. ഈ പന്ത്രണ്ടു ഭരണാധികാരികൾ സവിശേഷമായി മനുഷ്യരുടെ രക്ഷയിൽ സഹായിക്കാൻവേണ്ടി സ്വർഗ്ഗരാജ്ഞിയുടെ സേവനത്തിൽ ചേർക്കപ്പെട്ടിരിക്കുന്നതിനാലും, തിരഞ്ഞെടുക്കപ്പെട്ടവരെല്ലാം ദൈവത്തിൻറെ വിശുദ്ധജനത്തെ രൂപപ്പെടുത്തുന്ന ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളിൽ ഉൾപ്പെടുന്നതിനാലും ആണ് ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളുടെ പേരുകൾ ദൂതന്മാർ വഹിക്കുന്നുവെന്നു സുവിശേഷകൻ പറയുന്നത്. പന്ത്രണ്ടു ഗോത്രങ്ങളിൽ ഓരോന്നിനും ഈ ദൂതന്മാരിൽ ഓരോന്നിനെ നിയോഗിച്ചിരിക്കുന്നു. എല്ലാ രാജ്യങ്ങളിൽനിന്നും തലമുറകളിൽനിന്നും ഏറ്റവും പരിശുദ്ധ മറിയത്തിൻറെ മധ്യസ്ഥതയാകുന്ന പ്രാകാരത്തിലൂടെ സ്വർഗ്ഗീയ ജറുസലേമിലേക്കു പ്രവേശിക്കുന്നവരെല്ലാം, അവരുടെ ചുമതലയിലും സംരക്ഷണത്തിലും ആണ്. 

275. ഏറ്റവും പരിശുദ്ധയായ മറിയത്തിൻറെ ഈ പുകഴ്ചയെക്കുറിച്ചും, മറിയം രക്ഷ പ്രാപിക്കാനായി മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ള എല്ലാവരുടെയും മധ്യസ്ഥയും വഴികാട്ടിയുമായിരിക്കണം എന്നതിനെക്കുറിച്ചും ഞാൻ ആശ്ചര്യപ്പെട്ടപ്പോൾ, ക്രിസ്തുവിൻറെ അമ്മയെന്ന നിലയിൽ, അവിടുത്തെ ഏറ്റവും പരിശുദ്ധപുത്രനുമായി ചേർന്നുകൊണ്ടു മനുഷ്യർക്കായി അത്തരം മഹത്തായ കാര്യങ്ങൾ ചെയ്യുക എന്ന ഈ സവിശേഷാധികാരം മറിയത്തിന് അനുഗുണമാണെന്ന് എനിക്കു മനസ്സിലായി. കാരണം, മറിയം തൻറെ  ശുദ്ധമായ രക്തത്തിൽനിന്നും സത്തയിൽനിന്നും രൂപപ്പെടുത്തിയ   ഒരു ശരീരമാണു  ക്രിസ്തുവിനു  പ്രദാനം ചെയ്തത്; ആ ശരീരത്തിൽ സഹിച്ചുകൊണ്ട് അവിടുന്നു മനുഷ്യരെ വീണ്ടെടുത്തു രക്ഷിച്ചു. യേശുവിൻറെ മാംസവും രക്തവുമായുള്ള മറിയത്തിൻറെ അടുത്ത ബന്ധം നിമിത്തവും,  സ്വതന്ത്രമായി തൻറെ  സ്വന്തം ഇഷ്ടപ്രകാരം അവിടുത്തെ പീഡാസഹനങ്ങളിലും മരണത്തിലും അവിടുത്തെ അനുഗമിച്ചുകൊണ്ടും, മറിയത്തിൻറെ ശക്തിയ്ക്കനുസരിച്ചു  സ്വർഗ്ഗീയമായ  വിനയമനോഭാവത്തോടെ  അവിടുത്തോടൊപ്പം കഷ്ടത സഹിച്ചുകൊണ്ട്, മറിയം ഒരു വിധത്തിൽ, ക്രിസ്തുവിൽ സഹിക്കുകയും മരിക്കുകയും ചെയ്തു. 

അപ്രകാരം, മറിയം കർത്താവിൻറെ പീഡാസഹനത്തിൽ സഹകരിക്കുകയും മനുഷ്യരാശിയുടെ ബലിമൃഗമായി തന്നെത്തന്നെ സ്വയം സമർപ്പിക്കുകയും ചെയ്തതുപോലെ, കർത്താവ് മറിയത്തെ അവിടുത്തെ വീണ്ടെടുപ്പുകാരൻ എന്ന അന്തസ്സിൽ പങ്കാളിയാക്കുകയും, വീണ്ടെടുപ്പിൻറെ ഗുണങ്ങളുടെയും ഫലങ്ങളുടെയും ചുമതല മറിയത്തെ ഏൽപ്പിക്കുകയും ചെയ്തു.    അതു മറിയം സ്വന്തം കൈകൊണ്ട് അവ വിതരണം ചെയ്യുന്നതിനും വീണ്ടെടുക്കപ്പെട്ടവരെ അത് അറിയിക്കുന്നതിനുംവേണ്ടിയായിരുന്നു. ഓ, ദൈവത്തിൻറെ  നിധികളുടെ  എത്രയും പ്രശംസനീയയായ സൂക്ഷിപ്പുകാരി! സർവശക്തൻറെ സമ്പത്ത് അങ്ങയുടെ സ്വർഗ്ഗീയവും ശ്രേഷ്ഠവുമായ  കൈകളിൽ എത്രയോ  സുരക്ഷിതമാണ്! 

 ഈ നഗരത്തിന് “കിഴക്ക് മൂന്നു കവാടങ്ങൾ, വടക്ക് മൂന്നു കവാടങ്ങൾ, തെക്ക് മൂന്നു കവാടങ്ങൾ, പടിഞ്ഞാറ് മൂന്നു കവാടങ്ങൾ” ഉണ്ടായിരുന്നു.  ലോകത്തിൻറെ നാലു ഭാഗങ്ങളിൽ ഓരോന്നിനും  മൂന്നു കവാടങ്ങൾ വീതം.  ഈ കവാടങ്ങൾ എല്ലാ മർത്ത്യരെയും, സകലരുടെയും സ്രഷ്ടാവായ, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവത്തിൻറെയടുത്തേയ്ക്കു ക്ഷണിക്കുന്നു. മനുഷ്യർക്കുവേണ്ടി ദൈവിക നിധികൾ അപേക്ഷിക്കുന്നതിനായി, കവാടങ്ങൾ ഏറ്റവും പരിശുദ്ധ മറിയം കൈവശം വയ്ക്കണമെന്നു ത്രിത്വത്തിലെ  മൂന്നു  വ്യക്തികളിൽ ഓരോരുത്തരും ആഗ്രഹിക്കുകയും കൽപ്പിക്കുകയും ചെയ്യുന്നു. ത്രിത്വത്തിലെ മൂന്നു വ്യക്തികളിൽ ഒരു ദൈവം മാത്രമേ ഉള്ളൂവെങ്കിലും, ഓരോരുത്തരും ഏറ്റവും പരിശുദ്ധയായ ഈ രാജ്ഞിയ്ക്ക്, സൗജന്യ പ്രവേശനവും പ്രവേശനാനുമതിയും അനുവദിക്കുന്നു; അതു ലോകത്തിൽ മറിയത്തെ അന്വേഷിച്ച്, മറിയത്തെ ബഹുമാനിക്കുന്നവർക്കുവേണ്ടി, മാറ്റമില്ലാത്തതും ത്രിയേകവുമായ ന്യായാസനത്തിനു മുമ്പാകെ മറിയം മധ്യസ്ഥത വഹിക്കുന്നതിനും അഭ്യർത്ഥിക്കുന്നതിനും, അവർക്കായി വരങ്ങളും കൃപകളും സ്വീകരിക്കുന്നതിനും വേണ്ടിയാണ്.  

ഓരോ ദിശയിലും ഒന്നല്ല, മൂന്നു  പ്രവേശനകവാടങ്ങൾ ഉള്ളതിനാൽ, പ്രപഞ്ചത്തിലോ, ഏതെങ്കിലും രാജ്യത്തിലോ, ഗോത്രത്തിലോ ഉള്ള മനുഷ്യരിൽ ആർക്കും ഒരു ഒഴികഴിവുമില്ല. സൗജന്യവും തുറന്നതുമായ നഗരകവാടങ്ങളിലേക്കുള്ള പ്രവേശനം വളരെ എളുപ്പമാണ്, ആരെങ്കിലും പ്രവേശിക്കുന്നതിൽ പരാജയപ്പെട്ടാൽ, അതു പ്രവേശനകവാടം അവനെ തടയുന്നതുകൊണ്ടല്ല, മറിച്ച്, അയാൾതന്നെ അമാന്തിക്കുകയും സുരക്ഷ തേടാൻ ആഗ്രഹിക്കാതിരിക്കുകയും ചെയ്യുന്നതുകൊണ്ടാണ്. അപ്പോൾ അവിശ്വാസികളും ദൈവനിഷേധികളും പുറജാതിക്കാരും എന്തു പറയും? ദുഷിച്ച ക്രിസ്ത്യാനികൾക്കും കഠിന പാപികൾക്കും എന്ത് ഒഴികഴിവാണുള്ളത്? സ്വർഗ്ഗത്തിലെ നിധികൾ നമ്മുടെ നാഥയായ അമ്മയുടെ കൈകളിലാണ്.  മറിയം നമ്മെ വിളിക്കുന്നതു തുടരുകയും അവിടുത്തെ മാലാഖമാരിലൂടെ നമ്മോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നു. മറിയം സ്വർഗ്ഗത്തിലേക്ക് ഒന്നല്ല, മറിച്ച്, നിരവധി വാതിലുകൾ തുറക്കുന്നു. എന്നിരിക്കെ  വളരെ ചുരുക്കംപേർ മാത്രം അതിലൂടെ പ്രവേശിക്കുകയും ധാരാളംപേർ പുറത്ത് അവശേഷിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്?

276. “നഗരത്തിൻറെ മതിലിനു പന്ത്രണ്ട് അടിസ്ഥാനങ്ങൾ ഉണ്ടായിരുന്നു; അവയിൻമേൽ കുഞ്ഞാടിൻറെ പന്ത്രണ്ട് അപ്പസ്‌തോലന്മാരുടെ പേരുകളും.” ദൈവം അവിടുത്തെ അമ്മയായ മറിയമാകുന്ന വിശുദ്ധനഗരം കെട്ടിപ്പടുത്ത ശക്തവും  അചഞ്ചലവുമായ അടിസ്ഥാനം, പരിശുദ്ധാത്മാവിനാൽ മറിയത്തിൽ നിവർത്തിക്കപ്പെടുകയും പങ്കുവയ്ക്കപ്പെടുകയും ചെയ്ത മറിയത്തിൻറെ സദ്ഗുണങ്ങളാണ്. വിശുദ്ധരിൽ പ്രധാനികളായ അപ്പോസ്തലന്മാരുടെ അതിവിശുദ്ധമായ പവിത്രതയെ അടിസ്ഥാനമാക്കിയാണ് ഇത് സ്ഥാപിക്കപ്പെട്ടതെന്നു  കാണിക്കാനായി അപ്പോസ്തലന്മാരുടെ പേരുകൾക്ക് അനുസരിച്ച്, പന്ത്രണ്ടെണ്ണം  എന്ന് അവിടുന്നു തിട്ടപ്പെടുത്തി. 

ദാവീദ് പറഞ്ഞതുപോലെ, ദൈവത്തിൻറെ നഗരത്തിൻറെ അടിസ്ഥാനം വിശുദ്ധ പർവതങ്ങളിൽ സ്ഥാപിച്ചിരിക്കുന്നു, കൂടാതെ, തിരിച്ചുപറഞ്ഞാൽ ക്രിസ്തുവിൻറെ മരണത്തിനും ഉയിർപ്പിനും ശേഷം, മറിയത്തിൻറെ പവിത്രതയും ജ്ഞാനവും അപ്പോസ്തലന്മാരെ ഉറപ്പിക്കുകയും സ്ഥിരീകരിക്കുകയും ചെയ്തു. മറിയം എല്ലായ്‌പ്പോഴും  അവരുടെ ഉപദേഷ്ടാവും മാതൃകയുമായിരുന്നു.  ആ സമയങ്ങളിൽ ആദിമ സഭയുടെ മുഖ്യ ആശ്രയം മറിയം മാത്രമായിരുന്നു. തൻറെ നിർമ്മലമായ അമലോത്ഭവത്തിൻറെ നിമിഷം മുതൽ  ലഭിച്ച  ഗുണങ്ങളും വരങ്ങളും കൊണ്ടു  മറിയം ഈ സ്ഥാനത്തേക്ക് ദൈവനിശ്ചിതമായി നൽകപ്പെട്ടതിനാൽ, അവയെ ഈ ദൈവനഗരത്തിൻറെ പന്ത്രണ്ട് അടിസ്ഥാനങ്ങൾ എന്നു വിളിക്കുന്നു. 

277. “എന്നോടു സംസാരിച്ചവൻറെ അടുക്കൽ സ്വർണ്ണം കൊണ്ടുള്ള അളവുകോൽ ഉണ്ടായിരുന്നു, അവൻ ആ സ്വർണ്ണദണ്ഡുകൊണ്ടു നഗരം അളന്നു – പന്തീരായിരം സ്താദിയോൺ”.  ഈ അളവുകളിലൂടെ യോഹന്നാൻ  ദൈവമാതാവിൽ ഉൾക്കൊണ്ടിരുന്ന പ്രതാപത്തിൻറെയും കൃപകളുടെയും വരങ്ങളുടെയും സുകൃതങ്ങളുടെയും മഹത്തായ രഹസ്യങ്ങളെ സൂചിപ്പിക്കുന്നു.  സർവ്വശക്തൻ മറിയത്തിനു സമ്മാനിച്ച പ്രതാപത്തിൻറെയും ആനുകൂല്യങ്ങളുടെയും അളവുകൾ വളരെ വലുതായിരുന്നെങ്കിലും, അവ എല്ലായ്‌പ്പോഴും സ്വാഭാവികവും  നല്ല അനുപാതത്തിലുള്ളതും  ആയിരുന്നു. “അതിൻറെ നീളവും  വീതിയും ഒന്നുതന്നെ.” മറിയം കുറവോ അസമത്വമോ ചേർച്ചക്കുറവോ ഇല്ലാതെ എല്ലാ നിലയിലും ഒരുപോലെ നന്നായി രൂപപ്പെട്ടിരിക്കുന്നു. ഞാൻ അതിനെപ്പറ്റി വിശദീകരിക്കുകയല്ല, മറിച്ച്, മറിയത്തിൻറെ   ജീവിതത്തെക്കുറിച്ചുള്ള  ഈ ചരിത്രത്തിൽ ഞാൻ അതിനെക്കുറിച്ച്  എന്തു പറയും എന്നു പരാമർശിക്കുകയാണ്. എന്നാൽ, പരിശുദ്ധ മറിയത്തിൻറെ പ്രതാപത്തിൻറെ അളവും, യോഗ്യതകളും, കൃപകളും, ദൈവവചനവുമായി ഐക്യപ്പെട്ട മറിയത്തിൻറെ ഏറ്റവും അനുഗ്രഹീതനായ പുത്രൻറെ മനുഷ്യപ്രകൃതിയല്ലാതെ മറ്റൊന്നുമല്ല. 

278. ക്രിസ്തുവിൻറെ മാനവികതയെ “അളവുകോൽ” എന്നു യോഹന്നാൻ  വിളിക്കുന്നു, കാരണം നമ്മുടെ ബലഹീനവും ജഡികവുമായ പ്രകൃതിയുടെ പാപത്തെ  അവിടുന്ന് ഏറ്റെടുത്തു, “സ്വർണ്ണം കൊണ്ടുള്ള” എന്നു പറഞ്ഞത് അവിടുത്തെ ദൈവത്വം നിമിത്തമാണ്. യഥാർത്ഥ ദൈവമനുഷ്യനായ ക്രിസ്തുവിൻറെ അന്തസ്സിന് അനുസൃതമായും, മനുഷ്യനായി അവതരിച്ച ദൈവത്തിനു  ലഭിച്ച വരങ്ങളും  യോഗ്യതകളും അനുസരിച്ചും, അവിടുത്തെ ഏറ്റവും പരിശുദ്ധയായ അമ്മയെയും അളന്നു. അവിടുന്നാണ് മറിയത്തെ അവിടുത്തോടൊപ്പം അളന്നത്, അങ്ങനെ  അളവിൽ ആനുപാതികമാക്കപ്പെട്ട മറിയം അമ്മയെന്ന നിലയിൽ തൻറെ കർത്തവ്യത്തിൽ  ക്രിസ്തുവിനോടു  യോജിക്കുന്ന ഒരു അന്തസ്സിലേക്ക് ഉയർത്തപ്പെട്ടു. മറിയത്തിൻറെ വരപ്രസാദങ്ങളുടെയും കൃപകളുടെയും അളവിലും മറിയത്തിൻറെ യോഗ്യതകളുടെ വലുപ്പത്തിലും, എല്ലാ കാര്യങ്ങളിലും മറിയം  ഒരു കുറവുമില്ലാതെ  വളരെ ആനുപാതികമായി കാണപ്പെട്ടു. 

പണ്ഡിതന്മാർ  ഗണിതശാസ്ത്രപരമായി പറയുന്ന സമത്വത്തോടെ, തൻറെ  ഏറ്റവും പരിശുദ്ധനായ  പുത്രനുമായി,  പൂർണ്ണമായി തുല്യത പുലർത്താൻ മറിയത്തിനു കഴിയില്ല –  നമ്മുടെ കർത്താവായ ക്രിസ്തു സത്യദൈവവും മനുഷ്യനുമായിരുന്നു, എന്നാൽ മറിയം വെറുമൊരു  സൃഷ്ടിയായിരുന്നു, അപ്രകാരം, അളന്നവൻ അളക്കപ്പെട്ടതിനേക്കാൾ എത്രയോ മടങ്ങ്  അനന്തമായി അപരിമേയനായിരുന്നു.  എങ്കിലും  ദൈവം ഏറ്റവും പരിശുദ്ധയായ മറിയത്തെ അവിടുത്തെ ദിവ്യപുത്രനുമായുള്ള ഒരു നിശ്ചിത തുല്യത അനുസരിച്ചു ക്രമീകരിച്ചു. യഥാർത്ഥ ദൈവപുത്രനെന്ന നിലയിൽ അവിടുത്തെ മഹത്വത്തിനു യോജിക്കുന്ന ഒന്നിനും യേശുവിൽ കുറവില്ലായിരുന്നു.  അതുപോലെ തന്നെ ക്രിസ്തുവിനു  ദൈവപുത്രനെന്ന നിലയിൽ  ലഭിച്ച  അതേ  മഹിമയും  കൃപകളും  വരങ്ങളും  യോഗ്യതകളും ദൈവത്തിൻറെ യഥാർത്ഥ അമ്മയെന്ന നിലയിൽ  തുല്യ അനുപാതത്തിൽ മറിയത്തിനു ലഭിക്കേണ്ടിയിരുന്നു.  ദൈവം ഇപ്രകാരം ക്രമീകരിച്ചിരുന്നതിനാൽ  ഒന്നിൻറെയും കുറവോ പോരായ്‌മയോ മറിയത്തിൽ ഉണ്ടായിരുന്നില്ല. അവിടുത്തെ ഏറ്റവും പരിശുദ്ധയായ അമ്മയ്ക്കു യേശുവിനോടുള്ള  അനുപാതത്തിൽ  നല്കപ്പെട്ടതിനോടു  ചേർന്നുനിൽക്കാത്തതായി  സൃഷ്ടിക്കപ്പെട്ട ഒരു കൃപയും യേശുവിനും ഉണ്ടായിരുന്നില്ല.

279. യോഹന്നാൻ  പറയുന്നു: “അവൻ സ്വർണ്ണദണ്ഡുകൊണ്ടു നഗരം അളന്നു – പന്തീരായിരം സ്താദിയോൺ.” “ഫർലോങ് ( സ്താദിയോൺ)” എന്ന അളവും സ്വർഗ്ഗരാജ്ഞിയുടെ ഉത്ഭവത്തിൽ മറിയത്തെ അളന്ന “പന്ത്രണ്ടായിരം” എന്ന സംഖ്യയും ഏറ്റവും ഉയർന്ന രഹസ്യങ്ങളെ സൂചിപ്പിക്കുന്നു. മുൻകൂട്ടി നിശ്ചയിച്ചവയുടെ ഉന്നതമായ വിശുദ്ധിയെ അളക്കുന്ന പൂർണ്ണമായ അളവിനെ യോഹന്നാൻ  ‘സ്താദിയോൺ ‘ (സ്റ്റേഡിയ – Stadia) എന്നു വിളിക്കുകയും അതുവഴി ദൈവം അവിടുത്തെ നിത്യമായ അനന്തജ്ഞാനത്തിൽ മനുഷ്യാവതാരം ചെയ്ത പുത്രനിലൂടെ അറിയിക്കാൻ തീരുമാനിച്ച കൃപകളെയും ദാനങ്ങളെയും പരാമർശിക്കുകയും, അനന്തമായ നീതിയോടും കരുണയോടും കൂടി ഈ വരങ്ങൾ ക്രമീകരിക്കുകയും മുൻകൂട്ടി തീരുമാനിക്കുകയും ചെയ്യുന്നു. ഈ അളവുകൊണ്ട് എല്ലാ വിശുദ്ധരെയും  അവരുടെ പുണ്യങ്ങളുടെയും  യോഗ്യതകളുടെയും ഉന്നതനിലയെയും അളക്കുന്നു. ഈ അളവിലേക്കു വരാത്തവനും, കർത്താവ് അളക്കുമ്പോൾ ആരെയാണോ ഈ അളവുകൊണ്ട് അളക്കാൻ കഴിയാത്തത് അവനുമാണ് ഏറ്റവും നിർഭാഗ്യൻ.  

പന്തീരായിരം എന്ന സംഖ്യ ഉപയോഗിച്ചിരിക്കുന്നത്, കത്തോലിക്കാസഭയിലെ രാജാക്കന്മാരായ പന്ത്രണ്ട് അപ്പസ്തോലന്മാരാൽ, അവരുടെ ആയിരങ്ങളിൽ നയിക്കപ്പെടുന്ന ബാക്കിയുള്ള തിരഞ്ഞെടുക്കപ്പെട്ടവരെയും മുൻകൂട്ടി നിശ്ചയിച്ച എല്ലാവരെയും ഉൾപ്പെടുത്തുന്നതിനാണ്. വെളിപാടിൻറെ ഏഴാം അധ്യായത്തിലും അതേ രീതിയിൽതന്നെ ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളുടെ നേതൃത്വത്തിൻ 

 കീഴിൽ അവ പരാമർശിക്കപ്പെടുന്നുണ്ട്. ഞാൻ (ഖണ്ഡിക 273 ൽ) നേരത്തെ പറഞ്ഞതുപോലെ  തിരഞ്ഞെടുക്കപ്പെട്ടവരെല്ലാം കുഞ്ഞാടിൻറെ അപ്പസ്തോലന്മാരുടെ ശിക്ഷണത്തിനു വിധേയരാകണം.

280.  ഇവയിൽനിന്ന് ഏറ്റവും പരിശുദ്ധ മറിയമാകുന്ന ദൈവത്തിൻറെ നഗരത്തിൻറെ മഹത്വം വിലമതിക്കാം. യോഹന്നാൻ  സൂചിപ്പിക്കുന്ന സ്റ്റേഡിയം കുറഞ്ഞത് 125 പടികളെങ്കിലും ഉണ്ടെന്നു  കരുതാം. ഓരോ  വശങ്ങളും  കൂടാതെ ഉയരവും  12,000  സ്താദിയോൺ (ഫർലോങ്ങ്) വീതമുള്ള ഒരു മഹാനഗരത്തെ  ഭാവനയിൽ കാണാം.. മുൻ‌കൂട്ടി നിശ്ചയിക്കപ്പെട്ട  എല്ലാ ദൈവമക്കളുടെയും  അളവും എണ്ണവും ഒരുമിച്ചെടുത്താൽ അതു നമ്മുടെ അനുഗൃഹീതനാഥയായ  പരിശുദ്ധ മറിയത്തിൻറേതിനു   തുല്യമാണെന്നു കണ്ടെത്താൻ  കഴിയും. അവയുടെ നീളവും വീതിയും ഉയരവും മറിയത്തേക്കാൾ വലുതായിരുന്നില്ല. ദൈവത്തിൻറെ തന്നെ മാതാവും എല്ലാ സൃഷ്ടികളുടെയും രാജ്ഞിയും നാഥയും ആകാനിരുന്ന മറിയം ഏകയാണെങ്കിലും   മറ്റെല്ലാ സൃഷ്ടികളും   ഒന്നുചേർന്ന ഒരു സൈന്യത്തിനു തുല്യയായിരുന്നു. മറ്റെല്ലാ സൃഷ്ടികളിലുള്ളതെല്ലാം ചേർന്നതിനേക്കാൾ   കൂടുതൽ മറിയത്തിൽ മാത്രം അടങ്ങിയിട്ടുണ്ട്.

(തുടരും)