വിശുദ്ധ നഗരം : അഭയ നഗരം അധ്യായം 10

(അഗ്രെദായിലെ  വാഴ്ത്തപ്പെട്ട സി. മരിയയ്ക്കു ലഭിച്ച സന്ദേശങ്ങൾ  ഉൾക്കൊള്ളുന്ന Mystical City of God  എന്ന വിശിഷ്ട ഗ്രന്ഥത്തിൽ നിന്നു   പരിശുദ്ധ മറിയത്തെക്കുറിച്ചു പരാമർശിക്കുന്ന  തെരഞ്ഞെടുത്ത ഭാഗങ്ങളുടെ വിവർത്തനം)

വെളിപാടിൻറെ ഇരുപത്തിയൊന്നാം അധ്യായത്തിൻറെ രണ്ടാം ഭാഗത്തിൽ വിശദീകരിച്ചിരിക്കുന്ന  പരിശുദ്ധ മറിയത്തിൻറെ അമലോത്ഭവത്തിൻറെ രഹസ്യത്തിൻറെ തുടർച്ച:

265. വെളിപാടിൻറെ ഇരുപത്തിയൊന്നാം അധ്യായത്തിൻറെ തുടർന്നുള്ള വചനങ്ങൾ ഇപ്രകാരമാണ്:

9. “അവസാനത്തെ ഏഴു മഹാമാരികൾ നിറഞ്ഞ ഏഴു പാത്രങ്ങൾ പിടിച്ചിരുന്ന ഏഴു ദൂതൻമാരിൽ ഒരുവൻ വന്ന് എന്നോടു പറഞ്ഞു: വരൂ! കുഞ്ഞാടിൻറെ മണവാട്ടിയെ നിനക്കു ഞാൻ കാണിച്ചുതരാം.” 

10. “അനന്തരം, അവൻ ഉയരമുള്ള വലിയ ഒരു മലയിലേക്ക് ആത്മാവിൽ എന്നെ കൊണ്ടുപോയി. സ്വർഗ്ഗത്തിൽനിന്ന്, ദൈവസന്നിധിയിൽനിന്ന്, ഇറങ്ങിവരുന്ന വിശുദ്ധനഗരിയായ ജെറുസലെമിനെ എനിക്കു കാണിച്ചുതന്നു.” 

11. “അതിനു ദൈവത്തിൻറെ തേജസ്സുണ്ടായിരുന്നു. അതിൻറെ തിളക്കം അമൂല്യമായ രത്നത്തിനും സൂര്യകാന്തക്കല്ലിനുമൊപ്പം. അതു സ്ഫടികംപോലെ നിർമ്മലം.” 

12. “അതിനു ബൃഹത്തും ഉന്നതവുമായ മതിലും പന്ത്രണ്ടു കവാടങ്ങളുമുണ്ടായിരുന്നു. ആ കവാടങ്ങളിൽ പന്ത്രണ്ടു ദൂതൻമാർ. കവാടങ്ങളിൽ ഇസ്രായേൽ മക്കളുടെ പന്ത്രണ്ടു ഗോത്രങ്ങളുടെ പേരുകൾ എഴുതപ്പെട്ടിരുന്നു.”

13. “കിഴക്കു മൂന്നു കവാടങ്ങൾ, വടക്കു മൂന്നു കവാടങ്ങൾ, തെക്കു മൂന്നു കവാടങ്ങൾ, പടിഞ്ഞാറു മൂന്നു കവാടങ്ങൾ.” 

14. “നഗരത്തിൻറെ മതിലിനു പന്ത്രണ്ട് അടിസ്ഥാനങ്ങൾ ഉണ്ടായിരുന്നു: അവയിന്മേൽ കുഞ്ഞാടിൻറെ പന്ത്രണ്ട് അപ്പസ്തോലന്മാരുടെ പേരുകളും.” 

15. “എന്നോടു സംസാരിച്ചവൻറെ അടുക്കൽ നഗരവും അതിൻറെ കവാടങ്ങളും മതിലുകളും അളക്കാൻ സ്വർണ്ണംകൊണ്ടുള്ള അളവുകോൽ ഉണ്ടായിരുന്നു.” 

16. “നഗരം സമചതുരമായി സ്ഥിതിചെയ്യുന്നു. അതിനു നീളത്തോളംതന്നെ വീതി. അവൻ ആ ദണ്ഡുകൊണ്ടു നഗരം അളന്നു – പന്തീരായിരം സ്താദിയോൺ. അതിൻറെ നീളവും വീതിയും ഉയരവും തുല്യം.” 

17. “അവൻ അതിൻറെ മതിലും അളന്നു: മനുഷ്യൻറെ തോതനുസരിച്ചു നൂറ്റിനാൽപ്പത്തിനാലു മുഴം: അതുതന്നെയായിരുന്നു ദൂതൻറെ തോതും.” 

18. “മതിൽ സൂര്യകാന്തംകൊണ്ട്. നഗരം തനി സ്വർണ്ണംകൊണ്ടു നിർമ്മിച്ചതും സ്ഫടികതുല്യം നിർമ്മലവുമായിരുന്നു.”

266. ഇവിടെ സുവിശേഷകൻ സൂചിപ്പിക്കുന്ന മാലാഖമാർ, ദൈവത്തിൻറെ സിംഹാസനത്തിനു മുൻപിൽ  പ്രത്യേകമാം വിധം സന്നിഹിതരായിരിക്കുന്ന  ഏഴു പേരാണ്.  മനുഷ്യരുടെ ചില പാപങ്ങൾക്കു  ശിക്ഷ നൽകാൻ  നിയോഗവും അധികാരവും ലഭിച്ചവരാണ് അവർ.  സർവശക്തൻറെ  ക്രോധത്തിൻറെ  ഈ പ്രതികാരം (വെളി. 15:1) ലോകത്തിൻറെ  അവസാന നാളുകളിൽ  സംഭവിക്കും; എന്നാൽ ഇത് ഒരു പുതിയതരം  ശിക്ഷയായിരിക്കും. മനുഷ്യചരിത്രത്തിൽ ഇതിലും വലുത് ഇതിനുമുമ്പ് ഉണ്ടായിട്ടില്ല, മേലിൽ ഉണ്ടാവുകയുമില്ല. എന്നാൽ ഈ രഹസ്യങ്ങൾ‌ ആഴത്തിൽ‌ മറഞ്ഞിരിക്കുന്നതിനാലും‌, എനിക്ക്  എല്ലാം വെളിപ്പെടുത്തി കിട്ടിയിട്ടില്ലാത്തതിനാലും, ഈ ചരിത്രവുമായി ബന്ധമില്ലാത്തതിനാലും, അവയെക്കുറിച്ചു വിശദീകരിക്കുന്നത് ഉചിതമാണെന്നു ഞാൻ കരുതുന്നില്ല. 

എന്നാൽ, എൻറെ ദൗത്യവുമായി കൂടുതൽ‌  അടുത്ത ബന്ധമുള്ള കാര്യങ്ങളിലേക്കു ഞാൻ കടക്കുന്നു. വിശുദ്ധ യോഹന്നാൻ പരാമർശിക്കുന്ന ഈ മാലാഖ വഴി, തൻറെ ഏറ്റവും പരിശുദ്ധയായ മാതാവിനെതിരായി ചെയ്ത ദ്രോഹങ്ങൾക്കു വിശേഷവിധിയായും ഭയാനകമായ  ശിക്ഷകൊണ്ടു  ദൈവം പ്രതികാരം ചെയ്യും; കാരണം, അവരുടെ ഭ്രാന്തമായ  ധൈര്യത്താൽ അവർ മറിയത്തെ നിന്ദിച്ചതു  സർവശക്തനായ അവിടുത്തെ  രോഷം വർദ്ധിപ്പിച്ചു. ഈ പരിശുദ്ധ രാജ്ഞിയെ, ഈ ലോകത്തിൽ ദൈവത്വത്തിൻറെ  കണ്ണാടി എന്ന നിലയിലും, മനുഷ്യരുടെ പ്രത്യേക മധ്യസ്ഥ എന്ന നിലയിലും പ്രതിഷ്ഠിച്ചുകൊണ്ട്, എല്ലാ മനുഷ്യ സൃഷ്ടികൾക്കും മാലാഖമാർക്കും ഉപരിയായി ബഹുമാനിക്കാനും ഉയർത്താനും ഏറ്റവും പരിശുദ്ധ ത്രിത്വം പ്രതിജ്ഞാബദ്ധമായിരുന്നു. അതുപോലെ തന്നെ  മറിയത്തിനെതിരായ പാഷണ്ഡതകൾക്കും  തെറ്റുകൾക്കും  അതിക്രമങ്ങൾക്കും  മറിയത്തിനെതിരെ ചെയ്ത എല്ലാ അന്യായങ്ങൾക്കും  എന്നിവക്കും, അതുവഴി മനുഷ്യർ ഈ കൂടാരത്തിൽ അവിടുത്തെ മഹത്വപ്പെടുത്തുകയോ അംഗീകരിക്കുകയോ ആരാധിക്കുകയോ ചെയ്തിട്ടില്ലാത്തതിനും, തുലനം ചെയ്യാൻ  കഴിയാത്ത ഈ  കരുണയെ ഉപയോഗപ്പെടുത്തിയിട്ടില്ലാത്തതിനും, ഒരു പ്രത്യേക രീതിയിൽ പ്രതികാരം ചെയ്യാൻ ദൈവം തീരുമാനിച്ചിരിക്കുന്നു. 

ഈ ശിക്ഷകൾ പരിശുദ്ധ സഭയോടു പ്രവചിക്കപ്പെട്ടിട്ടുണ്ട്. വെളിപാടിൻറെ നിഗൂഡ വചനങ്ങൾ ഈ ശിക്ഷയുടെ സങ്കീർണ്ണതയുടെ കാഠിന്യത്തെ മറച്ചുവെച്ചിട്ടുണ്ടെങ്കിലും, നിർഭാഗ്യർക്ക്  ഹാ  കഷ്ടം, അവ അവരെ കീഴടക്കുക തന്നെ ചെയ്യും! ശിക്ഷിക്കാൻ ശക്തനും അധികാരമുള്ളവനുമായ ഒരു ദൈവത്തെ വ്രണപ്പെടുത്തിയ എനിക്കു  ഹാ  കഷ്ടം!  ഭയപ്പെടുത്തുന്ന മഹാവിപത്തിനെ  പ്രതീക്ഷിച്ചിരിക്കുന്ന ഞാൻ സംഭ്രമിക്കുന്നു.

267. മാലാഖ യോഹന്നാനോടു  പറഞ്ഞു: “വരൂ! കുഞ്ഞാടിൻറെ മണവാട്ടിയെ നിനക്കു ഞാൻ കാണിച്ചുതരാം.” ഒരു മാതാവായും അല്ലെങ്കിൽ സ്ത്രീയായും, യേശുക്രിസ്തുവാകുന്ന കുഞ്ഞാടിൻറെ മണവാട്ടിയായും (ഖണ്ഡിക 248-ൽ പറഞ്ഞതുപോലെ) വിശുദ്ധ യോഹന്നാൻ കണ്ട പരിശുദ്ധ മറിയം എന്ന രൂപകത്തെ പരാമർശിച്ചുകൊണ്ട്, ഈ ഉപമയിലൂടെ, താൻ കാണിച്ച വിശുദ്ധ നഗരമായ ജെറുസലേം കുഞ്ഞാടിൻറെ വിവാഹനിശ്ചയം ചെയ്യപ്പെട്ട വധുവാണ് എന്ന് ഈ ഭാഗത്തു ദൂതൻ പ്രഖ്യാപിക്കുന്നു. രാജ്ഞി രണ്ടു കർത്തവ്യങ്ങളും ദിവ്യമായി വഹിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്തു. കിടയറ്റ വിശ്വാസവും സ്നേഹവും നിമിത്തം  അനന്യവും  സമാനതയില്ലാത്തതുമായതുമായിരുന്നു മറിയത്തിൻറെ  ജീവിതം. അങ്ങനെ മറിയം  ദിവ്യത്വത്തിൻറെ മണവാട്ടിയായി  വിവാഹനിശ്ചയം ചെയ്യുകയും  ആ വിവാഹം  പൂർത്തീകരിക്കുകയും ചെയ്തു. അവതാരം  ചെയ്ത കർത്താവിനു മനുഷ്യരൂപവും ശരീരവും നൽകി, മനുഷ്യനെന്ന നിലയിൽ അവിടുത്തെ നിലനിൽപ്പിനായി അവിടുത്തെ പോഷിപ്പിക്കുകയും വളർത്തുകയും  ചെയ്‌തുകൊണ്ട്,  അവതരിച്ച  അതേ കർത്താവിൻറെ മാതാവായി മറിയം വർത്തിച്ചു. 

അത്തരം മഹാരഹസ്യങ്ങൾ കാണാനും മനസ്സിലാക്കാനും വേണ്ടി, മാലാഖ യോഹന്നാനെ ആത്മാവിൽ, വിശുദ്ധിയുടെയും പ്രകാശത്തിൻറെയും  ഉന്നതമേഖലകളിലേക്ക്  ഉയർത്തി; കാരണം, അപൂർണ്ണവും ഭൗമികവും നികൃഷ്ടവുമായ  സൃഷ്ടികളായ  നമുക്ക് അവയെ ഉൾക്കൊള്ളാൻ കഴിയാത്തതുപോലെതന്നെ സ്വന്തം സ്വത്വത്തിൽ നിന്നു  പുറത്തുകടന്ന്,  മാനുഷിക  ബലഹീനതയെ അതിജീവിക്കാതെ  അദ്ദേഹത്തിന് അവയെ മനസ്സിലാകുകയില്ല. അപ്രകാരം ഉന്നതത്തിലേക്ക് ഉയർത്തപ്പെട്ട ഉടനെ അദ്ദേഹം പറയുന്നു: “സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങി വരുന്ന വിശുദ്ധ നഗരിയായ ജറുസലേമിനെ  അവൻ എനിക്കു  കാണിച്ചുതന്നു.”, കാരണം, മറിയത്തെ സൃഷ്ടിച്ചതും രൂപപ്പെടുത്തിയതും മറിയം ഒരു തീർത്ഥാടകയും തികച്ചും  അപരിചിതയുമായിരുന്ന ഈ  ഭൂമിയിൽ അല്ല, മറിച്ചു, സ്വാഭാവികവും ഭൗമികവുമായ വസ്തുക്കൾക്കപ്പുറമുള്ള   സ്വർഗ്ഗത്തിൽ ആയിരുന്നു. മറിയത്തിൻറെ അസ്തിത്വത്തിനു വേണ്ടി ആവശ്യമായി വന്ന വസ്തുക്കൾ ഭൂമിയിൽനിന്നും എടുത്തതാണെങ്കിലും, അത് അതേസമയം തന്നെ സ്വർഗ്ഗീയവും പരിശുദ്ധവും എന്നാൽ ദൈവികവുമായ രീതിയിൽ, ദൈവത്വവുമായി ഉജ്ജ്വലമായി ശോഭിക്കുന്ന ആ നിഗൂഡമായ നഗരം കെട്ടിപ്പടുക്കുന്നതിന് അനുയോജ്യമായവിധത്തിൽ, സ്വർഗ്ഗീയ പൂർണ്ണതയിൽ വളരെയധികം ഉയർത്തപ്പെട്ടതായിരുന്നു. 

268. അതുകൊണ്ട്‌ അദ്ദേഹം കൂട്ടിച്ചേർക്കുന്നു: “ദൈവത്തിൻറെ മഹത്വത്തോടെ”, കാരണം ദൈവികതയുടെയും അതിൻറെ ഗുണവിശേഷങ്ങളുടെയും പരിപൂർണ്ണതയുടെയും പങ്കാളിത്തമെന്ന  ആനുകൂല്യം മറിയത്തിൻറെ ഏറ്റവും പരിശുദ്ധമായ ആത്മാവിനു ലഭിച്ചു, മറിയത്തെ  സ്വന്തം സത്തയിൽ കാണാൻ കഴിയുക സാധ്യമെങ്കിൽ മറിയം ദൈവത്തിൻറെ നിത്യമായ തേജസ്സിൽ പ്രകാശിക്കുന്നതുപോലെ പ്രത്യക്ഷപ്പെടും. ഈ ദൈവത്തിൻറെ നഗരത്തെപ്പറ്റിയും, കർത്താവിൽനിന്നു  മറിയത്തിനു ലഭിച്ച മഹത്വത്തെക്കുറിച്ചും കത്തോലിക്കാസഭയിൽ മഹത്തും ശ്രേഷ്ഠകരവുമായ കാര്യങ്ങൾ പറയുന്നു; എന്നാൽ അവയെല്ലാം നിസ്സാരമാണ്, എല്ലാ മനുഷ്യവാക്കുകൾ കൊണ്ടുപോലും സത്യം മുഴുവൻ പുറത്തുകൊണ്ടുവരാനാകില്ല. 

ഏറ്റവും പരിശുദ്ധ മറിയം, നമുക്കു മനസ്സിലാക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ദൈവത്വത്തിൽ പങ്കാളിയാകുന്നു എന്ന് ഉറപ്പിച്ചുപറയാൻ മാത്രമേ, സൃഷ്ടിക്കപ്പെട്ട ബുദ്ധിയുടെ ഉടമസ്ഥരായ നമുക്കു  കഴിയൂ; അതുവഴി നാം ഉണ്മയുടെ  സത്തയെയും, അതോടൊപ്പം തന്നെ  നാം  പറയാൻ ആഗ്രഹിക്കുന്ന കാര്യം ശരിയായ രീതിയിൽ പ്രകടിപ്പിക്കാനുള്ള നമ്മുടെ മനസ്സിൻറെ കഴിവില്ലായ്മയെയും ഏറ്റുപറയുന്നു. മറിയം സ്വർഗ്ഗത്തിലാണു രൂപംകൊണ്ടത്, മറിയത്തെ സൃഷ്ടിച്ച ശിൽപ്പിക്കു മാത്രമേ മറിയത്തിൻറെ മഹത്വം മനസ്സിലാക്കാൻ കഴിയൂ; അവിടുത്തെ അനന്തമായ മഹത്വത്തിൻറെയും ദൈവത്വത്തിൻറെയും ഗുണഗണങ്ങളുടെ ഒരു സമാനതയിലേക്ക് മറിയത്തിൻറെ വരങ്ങളെ പരിപൂർണ്ണമാക്കിക്കൊണ്ട്, ഏറ്റവും പരിശുദ്ധ മറിയവുമായി ഉടമ്പടിയിലേർപ്പെട്ട അവിടുത്തേയ്ക്കു മാത്രമേ, മറിയത്തിൻറെ ഉത്ഭവവും അടുപ്പവും കണക്കാക്കാൻ കഴിയൂ.  

269. “അതിൻറെ തിളക്കം അമൂല്യമായ രത്നത്തിനും സൂര്യകാന്തക്കല്ലിനുമൊപ്പം. അതു സ്ഫടികംപോലെ നിർമ്മലം,” മുതലായവ.  സ്‌ഫടികവും സൂര്യകാന്തക്കല്ലുംപോലെ സമാനമല്ലാത്ത രണ്ടു കല്ലുകളുമായി ഒരേ സമയം മറിയത്തിന് എങ്ങനെ സാമ്യമുണ്ട് എന്നു മനസ്സിലാക്കുന്നത്,  ദൈവവുമായി മറിയത്തിന്  എങ്ങനെ സാമ്യമുണ്ടാകാൻ കഴിയും എന്നു മനസ്സിലാക്കുന്നതിൻറെ അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാൽ ഈ താരതമ്യത്തിൽനിന്നു നമുക്കു ദൈവവുമായുള്ള സാമ്യതയെക്കുറിച്ച് ഒരു നിശ്ചിത ധാരണ ലഭിക്കുന്നു. സൂര്യകാന്തക്കല്ല്, പല നിറങ്ങളിൽ പ്രകാശിക്കുകയും വെട്ടിത്തിളങ്ങുകയും ചെയ്യുന്നു, അതേസമയം സ്‌ഫടികത്തിന് തെളിഞ്ഞതും സാദൃശമുള്ളതുമായ സുതാര്യതയുണ്ട്; രണ്ടും കൂടിച്ചേർന്ന് അപൂർവവും മനോഹരവുമായ ഒരു ഇനം രൂപപ്പെടുന്നു. 

ഏറ്റവും പരിശുദ്ധയായ മറിയത്തിൻറെ രൂപീകരണത്തിൽ, ദൈവത്തിൻറെ കരം  തന്നെ തിരഞ്ഞെടുക്കുകയും   മറിയത്തിൻറെ ആത്മാവിൽ കൂട്ടിക്കലർത്തുകയും  ചെയ്‌തുകൊണ്ട്   വൈവിധ്യമാർന്ന സദ്‌ഗുണങ്ങളും പരിപൂർണ്ണതയും മറിയത്തിനു നൽകപ്പെട്ടു. ഈ കൃപകളും പരിപൂർണ്ണതയും മറിയത്തിൻറെ ആത്മാവിനെ കളങ്കമോ കറയോ ഇല്ലാത്ത ഏറ്റവും ശുദ്ധമായ ഒരു പളുങ്കുപോലെയാക്കി; അതു  സൂര്യനെ കണ്ടുമുട്ടുന്ന സ്ഫടികംപോലെ, മറിയത്തിൻറെ പരിശുദ്ധിയിലും സുതാര്യതയിലും ദിവ്യത്വത്തിൻറെ ചുറ്റിക്കറങ്ങുന്ന കിരണങ്ങളെ, സൂര്യനെപ്പോലെതന്നെ ആഗിരണം ചെയ്ത്   പ്രതിഫലിപ്പിക്കുന്നതായി  കാണപ്പെടുന്ന തരത്തിൽ പ്രസരിപ്പിച്ചു. എന്നിരുന്നാലും ഈ സ്ഫടിക- സൂര്യകാന്തക്കല്ല് പല നിറങ്ങളിൽ തിളങ്ങുന്ന ഒന്നാണ്. കാരണം മറിയം ആദത്തിൻറെ മകളും ഒരു വെറും സൃഷ്ടിയുമാണ്.  മറിയത്തിൻറെയുള്ളിൽ അടങ്ങിയിരിക്കുന്ന ദിവ്യത്വത്തിൻറെ എല്ലാ ശോഭകളും ദൈവികതയിലുള്ള ഒരു പങ്കാളിത്തം മാത്രമാണ്. ഇത് ഒരു ദിവ്യപ്രകാശമാണെന്നു തോന്നുന്നുവെങ്കിലും, അതു  മറിയത്തിൻറെ സ്വഭാവത്തിൻറെ ഭാഗമല്ല; മറിച്ച്, കൃപയാൽ വെളിപ്പെടുത്തുകയും നൽകുകയും ചെയ്തതാണ്. മറിയം യഥാർത്ഥത്തിൽ ദൈവത്തിൻറെ കരത്താൽത്തന്നെ ഉണ്ടാക്കപ്പെട്ടതും രൂപപ്പെട്ടതുമായ ഒരു സൃഷ്ടിയാണ്, എന്നാൽ അത് അവിടുത്തെ അമ്മയാകാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് അനുയോജ്യമായ രീതിയിലൂടെയുമാണ്.   

270. “അതിനു ബൃഹത്തും ഉന്നതവുമായ മതിലും പന്ത്രണ്ടു കവാടങ്ങളുമുണ്ടായിരുന്നു.” ഏറ്റവും പരിശുദ്ധ മറിയമാകുന്ന ഈ ദൈവത്തിൻറെ നഗരത്തിൻറെ ചുവരുകളിലും വാതിൽപ്പടികളിലും പതിഞ്ഞിരിക്കുന്ന വളരെ മറഞ്ഞിരിക്കുന്നതും മഹത്തരവുമായ രഹസ്യങ്ങൾ, എനിക്കു  കാണിച്ചുതന്നെങ്കിലും അവയെക്കുറിച്ച്  എഴുതാൻ, അജ്ഞയും വ്യക്തത ലഭിക്കാത്തതുമായ ഒരു സ്ത്രീയായ ഞാൻ വളരെ പ്രയാസപ്പെടുന്നു. എങ്കിലും ഞാൻ ആ ഉദ്യമവുമായി മുന്നോട്ടു പോകുകയാണ്. ഏറ്റവും പരിശുദ്ധ മറിയത്തിൻറെ അമലോത്ഭവത്തിൻറെ ആദ്യ നിമിഷത്തിൽ, മുകളിൽ സൂചിപ്പിച്ച ദർശനത്തിൽ (228 – 236) ദിവ്യത്വം സ്വയം മറിയത്തിനായി പ്രത്യക്ഷപ്പെട്ടപ്പോൾ, പരിശുദ്ധ ത്രിത്വം മുഴുവനും മറിയത്തിൻറെ സൃഷ്ടിയുടെയും ഉയർച്ചയുടെയും പൂർവകൽപ്പനകൾ പുതുക്കുന്നതുപോലെ, മറിയവുമായി ഒരു തരം കരാറോ ഉടമ്പടിയോ ഉണ്ടാക്കി, എന്നാൽ അതു പൂർണ്ണമായി മറിയത്തെ അറിയിച്ചില്ല. മൂന്നു  ദൈവിക വ്യക്തികൾ തങ്ങൾക്കിടയിൽ ചർച്ച ചെയ്യുകയും ഇനി പറയുന്ന പ്രകാരം പരസ്പരം സംസാരിക്കുകയും ചെയ്തതുപോലെയായിരുന്നു ഇത്: 

(തുടരും)