‘ദൈവത്തിൻറെ നഗരമേ, നിന്നെപ്പറ്റി മഹത്തായ കാര്യങ്ങൾ പറയപ്പെടുന്നു’ (സങ്കീ. 87:3).
തീയും ഗന്ധകവും വർഷിച്ച് സോദോമിനെ നശിപ്പിക്കുന്നതിനായി അയയ്ക്കപ്പെട്ട ദൈവദൂതന്മാർ ആ നഗരത്തിൽ അവശേഷിച്ച ഒരേയൊരു നീതിമാനായിരുന്ന ലോത്തിനെയും അവൻറെ കുടുംബത്തെയും സുരക്ഷിതരായി തങ്ങളുടെ അഭയനഗരമായ സോവാറിൽ എത്തിക്കുന്നതുവരെ സോദോമിൻറെ മേലുള്ള ശിക്ഷാവിധി നീട്ടിവയ്ക്കപ്പെട്ടു എന്നു നാം ബൈബിളിൽ വായിക്കുന്നുണ്ട്.
സോദോമിനെ കടത്തിവെട്ടുന്ന തരത്തിലുള്ള പാപങ്ങളിലും മ്ലേച്ഛതകളിലും മുങ്ങിക്കിടക്കുന്ന നമ്മുടെ തലമുറയ്ക്കും ദൈവത്തിൻറെ ക്രോധത്തിൽ നിന്ന് ഓടിയൊളിക്കാനായി അവിടുന്ന് ഒരു അഭയനഗരം ഒരുക്കിയിട്ടുണ്ട്. അതു പരിശുദ്ധകന്യകാമറിയമല്ലാതെ മറ്റൊന്നുമല്ല. എന്നാൽ അഭയനഗരം എന്നതുപോലെ തന്നെ മറിയം ദൈവത്തിൻറെ വിശുദ്ധ നഗരവുമാണ്.
Mystical City of God എന്ന വിശിഷ്ട ഗ്രന്ഥത്തിൽ അഗ്രെദായിലെ വാഴ്ത്തപ്പെട്ട സിസ്റ്റർ മരിയ പ്രതിപാദിക്കുന്നത് ദൈവത്തിൻറെ വിശുദ്ധനഗരമായ മറിയത്തെക്കുറിച്ചാണ്. സ്‌പെയിനിലെ അഗ്രെദാ എന്ന പട്ടണത്തിൽ 1602 ൽ ജനിച്ച മരിയയ്ക്ക് 1637 മുതൽ 1645 വരെയുള്ള കാലഘട്ടത്തിൽ കന്യകാമറിയം പ്രത്യക്ഷപ്പെട്ട് വെളിപ്പെടുത്തിക്കൊടുത്ത കാര്യങ്ങളാണ് ഇതിൻറെ ഉള്ളടക്കം. എന്നാൽ ആദ്യം എഴുതിയ രണ്ടു കയ്യെഴുത്തു പ്രതികളും മരിയ തന്നെ നശിപ്പിച്ചുകളയുകയാണുണ്ടായത്. മൂന്നാമത്തെ കയ്യെഴുത്തുപ്രതിയാകട്ടെ അച്ചടിമഷി പുരണ്ടത് അവരുടെ മരണത്തിനും അര നൂറ്റാണ്ടിനു ശേഷമായിരുന്നു.
ഇന്ന് ക്രൈസ്തവ സാഹിത്യത്തിലെ തന്നെ ഉത്കൃഷ്ടഗ്രന്ഥങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്ന Mystical City of God ൻറെ സംഗ്രഹീത മലയാള വിവർത്തനം സോഫിയ ബുക്ക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്പാനിഷിൽ 2200 ൽ അധികം പേജുകളുള്ള മൂലകൃതി സംഗ്രഹിച്ച് 850 പേജുകളിലേക്കു ചുരുക്കേണ്ടിവരുമ്പോൾ തീർച്ചയായും എല്ലാ വിശദാംശങ്ങളും ഉൾക്കൊള്ളിക്കാൻ കഴിയില്ലല്ലോ. എന്നിരുന്നാലും ഈ മൂലകൃതിയിലെ ചില അധ്യായങ്ങളെങ്കിലും പൂർണ്ണരൂപത്തിൽ ലഭ്യമാവുകയാണെങ്കിൽ ഈ നാളുകളിൽ അവശ്യം ആവശ്യമായിരിക്കുന്ന മരിയൻ ഭക്തിയെയും വിമലഹൃദയപ്രതിഷ്ഠയെയും കുറിച്ച് കൂടുതൽ അവബോധം വായനക്കാർക്കു ലഭിക്കും എന്നു ചിന്തിക്കുകയാണ്. ഈ ഒരു ഉദ്ദേശത്തോടെ Mystical City of God ൻറെ ഏതാനും ചില അധ്യായങ്ങൾ വിവർത്തനം ചെയ്തു ഖണ്ഡശ്ശ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നു. വെളിപാടു പുസ്തകം 12 ഉം 21 ഉം അധ്യായങ്ങളിലെ തിരുവചനങ്ങളെ പരിശുദ്ധമറിയത്തോടു ബന്ധപ്പെടുത്തി വെളിപ്പെടുത്തിക്കൊടുക്കുന്ന സന്ദേശങ്ങളാണ് ഇവയിലെ പ്രതിപാദ്യം.
മുന്നൂറു വർഷം മുൻപെഴുതപ്പെട്ട ഈ ഗ്രന്ഥഭാഗങ്ങൾ ആശയത്തനിമ ചോർന്നുപോകാതെ വിവർത്തനം ചെയ്യുക എന്നതു വലിയൊരു വെല്ലുവിളിയായിരുന്നു. ദൈവകൃപയാലും പരിശുദ്ധ അമ്മയുടെ മധ്യസ്ഥ സഹായത്താലും ഈ ദൗത്യം ഏറ്റെടുത്ത് നിറവേറ്റിയ ശ്രീ അബ്രഹാം ചാലാമഠത്തിനെയും അതിനുവേണ്ട എല്ലാ സഹകരണവും നൽകിയ ശ്രീ ജോസഫ് വർഗീസിനെയും നന്ദിയോടെ ഓർക്കുന്നു. വിവർത്തനത്തിൽ പോരായ്മകളും പാകപ്പിഴകളും കണ്ടേക്കാം. അതു സദയം ക്ഷമിക്കുക.
പരിശുദ്ധ അമ്മയുടെ ജനനത്തിരുനാളിന് ഒരുങ്ങുന്ന ഈ നാളുകളിൽ ദൈവത്തിൻറെ വിശുദ്ധ നഗരമായ പരിശുദ്ധ മറിയത്തെക്കുറിച്ചുള്ള ഗഹനമായ ആത്മീയരഹസ്യങ്ങൾ ഗ്രഹിക്കാനും വിനാശത്തിൻറെ കൊടുങ്കാറ്റു നമ്മെ കടന്നുപോകുവോളം നമുക്ക് അഭയം നൽകേണ്ട പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിൽ നമ്മെത്തന്നെ പ്രതിഷ്ഠിക്കാനും ഈ ഗ്രന്ഥം നമ്മെ സഹായിക്കട്ടെ.
സകല മഹത്വവും പിതാവായ ദൈവത്തിനു സമർപ്പിച്ചുകൊണ്ട്, പരിശുദ്ധ കന്യക മറിയത്തിൻറെ ശക്തമായ മാധ്യസ്ഥസഹായം എന്നും നമ്മോടുകൂടെ ഉണ്ടായിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ ഈ വിവർത്തനം വായനക്കാർക്കായി സമർപ്പിക്കുന്നു.
————————————————
ദൈവത്തിൻറെ വിശുദ്ധ നഗരം : ഒന്നാം പുസ്തകം – ഏഴാം അധ്യായം
————————————————–
അവതരിച്ച വചനത്തിൻറെ ആധിപത്യത്തിൻകീഴിൽ മാലാഖമാരും മനുഷ്യരും ദൈവത്തിൻറെ ജനമായി സൃഷ്ടിക്കപ്പെട്ട സമയത്ത്, അത്യുന്നതൻ തൻറെ പ്രവൃത്തികൾ ആരംഭിക്കുകയും മനുഷ്യൻറെ ഉപയോഗത്തിനായി എല്ലാ ഭൗതികവസ്‌തുക്കളെയും സൃഷ്ടിക്കുകയും ചെയ്തതിനെ സംബന്ധിച്ച്
—————————————————————————————————–
80. അസ്തിത്വം ഉള്ളവയെയെല്ലാം സൃഷ്ടിച്ചത് എല്ലാറ്റിൻറെയും ആദികാരണമായ ദൈവമാണ്. താൻ നിശ്ചയിച്ച സമയത്തും രീതിയിലും ദൈവത്തിൻറെ ശക്തമായ ഭുജം അവിടുന്നു വെളിപ്പെടുത്തിയ അത്ഭുതകരമായ പ്രവൃത്തികൾക്കെല്ലാം അസ്തിത്വം നൽകി. സൃഷ്ടിയുടെ ആരംഭവും അതിൻറെ ക്രമവും ഉൽപത്തി പുസ്തകത്തിൻറെ പ്രാരംഭ അധ്യായങ്ങളിൽ മോശ വിവരിച്ചിട്ടുണ്ട്. കർത്താവ് എനിക്ക് അതിനെപ്പറ്റി ഒരു ഗ്രാഹ്യം തന്നിട്ടുള്ളതിനാൽ, വചനം മനുഷ്യാവതാരം ചെയ്തതിൻറെയും, നമ്മുടെ വീണ്ടെടുപ്പിൻറെയും നിഗൂഡമായ ഉത്ഭവം വ്യക്തമാക്കുന്നതിന് ഉപയോഗപ്രദമെന്നു കരുതുന്ന കാര്യങ്ങൾ ഞാൻ വിവരിക്കട്ടെ .
81. ഉൽപത്തി പുസ്തകം ഒന്നാം അധ്യായത്തിലെ വചനങ്ങൾ ഇപ്രകാരമാണ്:
1. “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.
2. ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനു മുകളിൽ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിൻറെ ചൈതന്യം വെള്ളത്തിനു മീതെ ചലിച്ചുകൊണ്ടിരുന്നു.
3. ദൈവം അരുളിച്ചെയ്തു: വെളിച്ചം ഉണ്ടാകട്ടെ. വെളിച്ചം ഉണ്ടായി.
4. വെളിച്ചം നല്ലതെന്നു ദൈവം കണ്ടു. അവിടുന്നു വെളിച്ചത്തെ ഇരുളിൽനിന്നു വേർതിരിച്ചു.
5. വെളിച്ചത്തിനു പകലെന്നും ഇരുളിനു രാത്രിയെന്നും പേരിട്ടു.”
ഒന്നാം ദിവസത്തെക്കുറിച്ച് ‘ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു’ എന്നു മോശ പറയുന്നു. സാരാംശത്തിൽ മാറ്റമില്ലാത്തവനായ സർവശക്തനായ ദൈവം സൃഷ്ടികൾക്ക് അസ്തിത്വം നൽകിയപ്പോൾ, അവയെയെല്ലാം ദൈവത്തിൽനിന്നുതന്നെ സൃഷ്ടിച്ചു എന്നു പറയാം; അവിടുത്തെ പ്രവർത്തനങ്ങളുടെ പരിപൂർണ്ണവും മതിയായതുമായ ഫലങ്ങൾ എന്ന നിലയിൽ, സ്വന്തം കരങ്ങളുടെ പ്രവൃത്തികളിൽ അവിടുത്തേയ്ക്കു സന്തോഷിക്കാൻ വേണ്ടി സൃഷ്ടികൾക്ക് അവരുടേതായ ഒരു ഉണ്മ നൽകുകയും ചെയ്തു. ബൗദ്ധികമായും ചിന്താപരമായും ഉയർന്ന തലത്തിലുള്ള ജീവികളെ സൃഷ്ടിക്കുന്നതിനുമുമ്പ്, ഈ പ്രവൃത്തികൾ ഏറ്റവും പരിപൂർണ്ണമായി നടപ്പിലാക്കുന്നതിനുള്ള ക്രമം ഏർപ്പെടുത്താൻ ആഗ്രഹിച്ചുകൊണ്ട്, അവിടുന്നു മാലാഖമാർക്കും മനുഷ്യർക്കും വേണ്ടി സ്വർഗ്ഗം സൃഷ്ടിച്ചു; മനുഷ്യരുടെ താൽക്കാലിക തീർത്ഥാടന കേന്ദ്രമായി ഭൂമിയും സൃഷ്ടിച്ചു. ഈ സ്ഥലങ്ങൾ അവയുടെ ഉദ്ദേശത്തിനു പൊരുത്തപ്പെടുന്നതും ആ ഉദ്ദേശം നിറവേറ്റാൻ തികഞ്ഞവയുമാണ്. അതിനാൽ ദാവീദ് അവയെക്കുറിച്ചു പറയുന്നു – “ആകാശം കർത്താവിൻറെ മഹത്വം പ്രഘോഷിക്കുന്നു, ആകാശവും ഭൂമിയും അവിടുത്തെ കരവേലകളുടെ മഹത്വം വിളംബരം ചെയ്യുന്നു” (സങ്കീ. 19:1).
സ്വർഗം അതിൻറെ സൗന്ദര്യത്താൽ അവിടുത്തെ മഹിമയും പ്രതാപവും പ്രകടമാക്കുന്നു, കാരണം നീതിമാന്മാർക്കായി മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പ്രതിഫലം അവിടെയാണു സൂക്ഷിക്കപ്പെട്ടിരിക്കുന്നത്. ഭൂമിയിൽ വസിക്കാൻ നാനാതരം ജീവികളും മനുഷ്യരും ഉണ്ടായിരിക്കണമെന്നും, മനുഷ്യർ തങ്ങളുടെ സ്രഷ്ടാവിൻറെ അടുത്തേക്കു ഭൂമിയിലൂടെ തീർത്ഥാടനം ചെയ്യണമെന്നുമാണ് ഭൂമണ്ഡലത്തിനു മുകളിലെ വിതാനം പ്രഖ്യാപിക്കുന്നത്. മനുഷ്യരെ സൃഷ്ടിക്കുന്നതിനു മുൻപുതന്നെ, അവർ തങ്ങളുടെ ലക്ഷ്യം കൈവരിക്കാനും, നിശ്ചയിക്കപ്പെട്ടിട്ടുള്ള രീതിയിൽ അവർ ജീവിക്കാനും ആവശ്യമായവ അവർക്കായി സൃഷ്ടിച്ച്, കരുതിവയ്ക്കാൻ അത്യുന്നതൻ ആഗ്രഹിച്ചു. അതുവഴി തങ്ങളുടെ സ്രഷ്ടാവും സർവ നന്മകളുടെയും ദാതാവുമായവനെ അനുസരിക്കാനും സ്നേഹിക്കാനും, ദൈവത്തിൻറെ പ്രവൃത്തികളാൽ അവിടുത്തെ പരിശുദ്ധനാമത്തെയും പൂർണ്ണതയെയും കുറിച്ച് അറിയുവാനും സർവ്വസൃഷ്ടിജാലവും നിർബ്ബന്ധിതരാക്കപ്പെടും (റോമ. 1:20)
82. ഭൂമിയെക്കുറിച്ച് മോശ പറയുന്നത്, ‘അതു ശൂന്യമായിരുന്നു’ എന്നാണ്. എന്നാൽ സ്വർഗത്തെക്കുറിച്ച് അദ്ദേഹം അങ്ങനെ പറയുന്നില്ല; കാരണം, ‘ദൈവം അരുളിച്ചെയ്തു: വെളിച്ചം ഉണ്ടാകട്ടെ. വെളിച്ചം ഉണ്ടായി’ എന്ന മോശയുടെ വചനം സൂചിപ്പിക്കുന്ന സമയത്തു ദൈവം മാലാഖമാരെ സൃഷ്ടിച്ചിരുന്നു. ഭൗതികമായ പ്രകാശത്തെക്കുറിച്ചു മാത്രമല്ല, ബൗദ്ധികവും മാലാഖമാർക്കടുത്തതുമായ ജ്ഞാനപ്രകാശത്തെക്കുറിച്ചു കൂടിയുമാണ് മോശ ഇവിടെ സൂചിപ്പിക്കുന്നത്.
എന്നാൽ മോശ അവയെക്കുറിച്ചു വ്യക്തമായി പരാമർശിക്കുന്നില്ല. അതിനു കാരണം പുതുതായി എന്തു കണ്ടാലും – അവ മാലാഖമാരേക്കാൾ താഴ്ന്ന നിലയിലുള്ളതാണെങ്കിൽ പോലും – അവയിൽ ദൈവികത ആരോപിക്കാനുള്ള യഹൂദരുടെ മനോഭാവം അറിയാവുന്നതുകൊണ്ടാണ്. അതിനാൽ മോശ ഇക്കാര്യം ചുരുങ്ങിയ വാക്കുകളിൽ ഒതുക്കുകയാണു ചെയ്യുന്നത്. മാലാഖമാരുടെ സ്വഭാവത്തെയും, സൃഷ്ടിയുടെ സമയത്തു അവർക്കു നൽകപ്പെട്ട നിഗൂഢമായ ജ്ഞാനത്തിൻറെയും കൃപയുടെയും വെളിച്ചത്തെയും സൂചിപ്പിക്കുന്നതിനു പ്രകാശത്തിൻറെ ഈ ഉപമ വളരെ ഉചിതമായിരുന്നു.
സ്വർഗ്ഗത്തിൻറെയും ഭൂമിയുടെയും ഇടയിൽ നരകത്തെ സൃഷ്ടിക്കുന്നതിനായി, ദൈവം സ്വർഗത്തെയും ഭൂമിയെയും ഒരുമിച്ചു സൃഷ്ടിച്ചു. കാരണം, അതിൻറെ സൃഷ്ടിയുടെ സമയത്തു തന്നെ ഭൂഗോളത്തിൻറെ ഉൾഭാഗത്ത് നരകത്തിനും, ശുദ്ധീകരണസ്ഥലത്തിനും, അതുപോലെതന്നെ ജ്ഞാനസ്നാനം ലഭിക്കാതെ മരിച്ച കുഞ്ഞുങ്ങൾക്കും, ക്രിസ്തുവിനു മുമ്പു മരിച്ചുപോയ നീതിമാൻമാർക്കുമുള്ള വാസസ്ഥലത്തിനും (Limbo) അനുയോജ്യമായ, വിസ്തൃതവും വിശാലവുമായ ഇടങ്ങളും ഒരുക്കിയിരുന്നു. അതേ സമയത്തുതന്നെ, നഷ്ടപ്പെട്ടുപോയവരുടെ ശിക്ഷയ്ക്ക് ഉപയോഗിക്കേണ്ടതിലേക്കായി ഭൗതിക അഗ്നിയും മറ്റ് അവശ്യ വസ്തുക്കളും നരകത്തിൽ സൃഷ്ടിക്കപ്പെട്ടു.
ഇനി ദൈവം അന്ധകാരത്തെ പ്രകാശത്തിൽനിന്നു വിഭജിക്കുകയും വെളിച്ചത്തെ പകലെന്നും അന്ധകാരത്തെ രാത്രിയെന്നും വിളിക്കുകയും ചെയ്യേണ്ടിയിരുന്നു. ഇതു നാം മനസിലാക്കുന്ന തരത്തിലുള്ള രാത്രിക്കും പകലിനും മാത്രമല്ല, മറിച്ചു നല്ലതും ദുഷിച്ചതുമായ മാലാഖമാരുടെ കാര്യത്തിലും കൂടി ബാധകമായിരുന്നു; എന്തെന്നാൽ, നല്ലവർക്ക് അവിടുന്നു തൻറെ ദർശനത്തിൻറെ നിത്യവെളിച്ചം നൽകിക്കൊണ്ട് അതിനെ പകൽ – സനാതനമായ ദിനം- എന്നും, ദുഷിച്ച മാലാഖമാർക്കു നരകത്തിൻറെ നിത്യമായ ഇരുട്ടിലേക്ക് അവരെ എറിയുന്ന പാപത്തിൻറെ രാത്രി എന്നും വിളിച്ചു. അങ്ങനെ സ്രഷ്ടാവും ജീവദാതാവുമായ ദൈവത്തിൻറെ കരുണാമയമായ ഉദാരതയും, ഏറ്റവും നീതിമാനായ ന്യായാധിപൻറെ ശിക്ഷയിലെ നീതിയും തമ്മിലുള്ള വളരെ അടുത്ത ബന്ധം നമ്മെ പഠിപ്പിക്കേണ്ടിയിരുന്നു.
83. മഹോന്നത സ്വർഗ്ഗത്തിൽ മഹത്വത്തിൻറെ പ്രതിഫലം ആദ്യം ലഭിക്കേണ്ടവർ എന്നനിലയിൽ അതിനാവശ്യമായ കൃപയുടെ അവസ്ഥയിൽ ആയിരുന്നു മാലാഖമാരെ ദൈവം സൃഷ്ടിച്ചത്. കാരണം, അവർ ആയിരുന്നതു ദൈവമഹത്വത്തിൻറെ നടുവിലായിരുന്നുവെങ്കിലും, ദൈവഹിതം അനുസരിക്കുന്നതിലൂടെ അവർ ആ അനുഗ്രഹം നേടിയെടുക്കാൻ അർഹരാകുന്നതുവരെ ദൈവികതയെ അവർക്കു മുഖാമുഖം വെളിപ്പെടുത്തുകയും അനാവരണം ചെയ്യുകയും ചെയ്യേണ്ടിയിരുന്നില്ല. പരിശുദ്ധ മാലാഖമാരും ദുഷിച്ച മാലാഖമാരും “നിരീക്ഷണ” കാലഘട്ടത്തിൽ വളരെ കുറച്ചു സമയം മാത്രമേ ആയിരുന്നുള്ളൂ; കാരണം അവയുടെ സൃഷ്ടിയും നിരീക്ഷണവും അതിൻറെ പരിണതഫലമായി സംഭവിക്കേണ്ടിയിരുന്നവയും എല്ലാം ഹ്രസ്വമായ ഇടവേളകളാൽ വേർതിരിക്കപ്പെട്ട മൂന്നു വ്യത്യസ്ത സന്ദർഭങ്ങളോ നിമിഷങ്ങളോ ആയിരുന്നു.
ആദ്യഘട്ടത്തിൽ അവരെല്ലാം സൃഷ്ടിക്കപ്പെടുകയും അവർക്കാവശ്യമായ കൃപകളും വരങ്ങളും നൽകപ്പെടുകയും അങ്ങനെ അവർ ഏറ്റവും മനോഹരവും പരിപൂർണ്ണവുമായ സൃഷ്ടികളായി അസ്തിത്വം പ്രാപിക്കുകയും ചെയ്തു. തുടർന്നുള്ള ഒരു ക്ഷണികവിരാമസമയത്തു സ്രഷ്ടാവിൻറെ ഹിതം പ്രഖ്യാപിക്കപ്പെടുകയും അറിയിക്കപ്പെടുകയും, തങ്ങളുടെ സ്രഷ്ടാവും പരമോന്നത കർത്താവുമായി അവിടുത്തെ അംഗീകരിക്കാനും അവർ സൃഷ്ടിക്കപ്പെട്ടതിൻറെ ലക്ഷ്യം നിറവേറ്റാനുമുള്ള ന്യായപ്രമാണവും കൽപ്പനയും നൽകപ്പെടുകയും ചെയ്തു. ഈ താൽക്കാലിക വിരാമസമയത്തോ, നിമിഷത്തിലോ അഥവാ ഇടവേളയിലോ, വിശുദ്ധ മിഖായേലും അവൻറെ മാലാഖമാരും, മഹാസർപ്പത്തോടും അവൻറെ അനുയായികളോടും, വെളിപാടു പുസ്തകത്തിൻറെ പന്ത്രണ്ടാം അധ്യായത്തിൽ വിശുദ്ധ യോഹന്നാൻ വിവരിച്ചിരിക്കുന്ന ആ മഹായുദ്ധം ചെയ്തു. നല്ല മാലാഖമാർ, കൃപയിൽ സ്ഥിരോത്സാഹത്തോടെ നിന്നുകൊണ്ടു നിത്യസന്തോഷത്തിനു യോഗ്യരായി; ദൈവത്തിനെതിരെ മത്സരിച്ചുകൊണ്ട് അനുസരണക്കേടു കാണിച്ചവർ, അവർ ഇപ്പോൾ അനുഭവിക്കുന്ന ശിക്ഷയ്ക്ക് അർഹരായി ഭവിക്കുകയും ചെയ്തു.
84. മാലാഖമാരുടെ നിഗൂഢമായ സ്വഭാവവും ദൈവത്തിൻറെ ശക്തിയും നിമിത്തം രണ്ടാമത്തെ ഘട്ടത്തിലുള്ളതെല്ലാം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ സംഭവിക്കാമെങ്കിലും, അത്യുന്നതൻറെ ദയാപൂർവ്വമായ പരിഗണനയാൽ ഒരു നിശ്ചിത കാലതാമസം ഇവിടെ അനുവദിച്ചുവെന്നു എനിക്കു മനസിലാക്കാൻ കഴിഞ്ഞു. സമയത്തിൻറെ ഈ ഇടവേളകളിൽ, നന്മയും തിന്മയും, സത്യവും അസത്യവും, നീതിയും അനീതിയും, ദൈവകൃപയും സൗഹൃദവും അവയ്‌ക്കെതിരായ പാപവും ദൈവത്തോടുള്ള ദ്വേഷവും എല്ലാം അവിടുന്ന് അവർക്ക് ഗോചരമാക്കിക്കൊടുത്തു. നിത്യമായ പ്രതിഫലവും നിത്യശിക്ഷയും, ലൂസിഫറിൻറെയും അവനെ അനുഗമിക്കുന്നവരുടെയും നാശവും കാണാൻ അവിടുന്ന് അവരെ പ്രാപ്തരാക്കി. അവിടുന്നു നരകവും അതിൻറെ യാതനകളും അവരെ കാണിച്ചു. അവർ എല്ലാം കണ്ടു; കാരണം, അവരുടെ ഉത്‌കൃഷ്‌ടവും ശ്രേഷ്ഠവുമായ പ്രകൃതിമൂലം കൂടുതൽ യോഗ്യതയുള്ളതും എന്നാൽ അതേ സമയം പരിമിതരുമായ സൃഷ്ടികളുടെ സാരാംശം അവർ മനസ്സിലാക്കി.
അതിനാൽ, കൃപയിൽനിന്നു വീഴുന്നതിനുമുമ്പ്, അവരുടെ ശിക്ഷയുടെ സ്ഥലത്തെക്കുറിച്ച് അവർക്കു വ്യക്തമായി അറിയാമായിരുന്നു. അതേ രീതിയിൽ മഹത്വത്തിൻറെ പ്രതിഫലത്തെപ്പറ്റി അവർ അറിഞ്ഞിരുന്നില്ലെങ്കിലും, അവർക്ക് അതേപ്പറ്റി മറ്റ് അറിവുകളുണ്ടായിരുന്നു; അതുകൂടാതെ, കർത്താവിൻറെ വ്യക്തവും പ്രകടവുമായ വാഗ്ദാനവും അവർക്കുണ്ടായിരുന്നു. അതിനാൽ തന്നെ , അത്യുന്നതൻ തൻറെ ന്യായയുക്തമായ പ്രവൃത്തികളാൽ തികഞ്ഞ നീതിയോടും ധർമ്മത്തോടും കൂടെ മുന്നോട്ടുപോകുകയും ചെയ്തു.
എന്നാൽ ഈ നന്മയും നീതിയും ലൂസിഫറിനെയും അവൻറെ അനുയായികളെയും നിയന്ത്രിക്കാൻ പര്യാപ്തമല്ലാതിരുന്നതിനാൽ, അവർ തങ്ങളുടെ ധാർഷ്ട്യത്തിൽ ശിക്ഷിക്കപ്പെടുകയും നരകക്കുഴികളുടെ ആഴത്തിലേക്ക് എറിയപ്പെടുകയും ചെയ്തു; അതേസമയം നല്ല മാലാഖമാർ നിത്യകൃപയിലും മഹത്വത്തിലും സ്ഥിരീകരിക്കപ്പെട്ടു. ഇതെല്ലാം മൂന്നാമത്തെ ഘട്ടത്തിൽ നിറവേറ്റപ്പെട്ടു. ഇത്തരത്തിൽ ഉന്നത പദവി വഹിക്കുകയും, അറിവിൻറെയും കൃപയുടെയും വളരെയധികം മഹത്തായ ദാനങ്ങളാൽ അലങ്കരിക്കപ്പെടുകയും ചെയ്തിട്ടും മാലാഖമാർ പാപം ചെയ്തു സ്വയം നഷ്ടപ്പെടുത്തിയതിനാൽ ദൈവമല്ലാതെ ആരുംതന്നെ പ്രകൃത്യാ കുറ്റമറ്റവരല്ലെന്നു സത്യമായും വ്യക്തമാക്കപ്പെട്ടു. അങ്ങനെയെങ്കിൽ മനുഷ്യൻറെ ബലഹീനത മനുഷ്യനെ ഉപേക്ഷിക്കാൻ ദൈവത്തെ പ്രേരിപ്പിക്കുമ്പോൾ ദൈവികശക്തി അതിനെ പ്രതിരോധിക്കുന്നില്ലെങ്കിൽ എന്തായിരിക്കും സംഭവിക്കുക?
(തുടരും)