വിമലഹൃദയ പ്രതിഷ്ഠ – അഞ്ചാം ദിവസം

പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം

എന്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, നിങ്ങൾ എന്റെ മഹാവിജയത്തിന്റെ പുലരിയിലേക്ക് ഉണരുകയാണ്. എന്റെ ക്ഷണം സ്വീകരിക്കുന്ന നിങ്ങളുടെ ഒരുമയ്ക്കായി ഞാൻ പ്രാർത്ഥിക്കുന്നു. ലോകത്തിൽ സമാധാനം വേണമെങ്കിൽ ആ തീരുമാനം എടുക്കേണ്ട ചുമതല ഞാൻ നിങ്ങൾക്കു വിട്ടുതരുന്നു. എന്റെ വിമല ഹൃദയത്തിന്റെ അഭിലാഷങ്ങൾ നിങ്ങളാണ് സഫലീകരിക്കേണ്ടത്. നിങ്ങളുടെ പ്രതികരണത്തിനായി ഞാൻ കാത്തിരിക്കുന്നു.

മാനസാന്തരങ്ങൾ എല്ലായിടത്തും എമ്പാടും ഉണ്ടാകട്ടെ. മുൻകാലത്ത് ഞാൻ നല്കിയ സന്ദേശത്തിന്റെ പരിസമാപ്തി നിങ്ങളാണ് കുറിക്കേണ്ടത്. എന്റെ വചസ്സുകൾക്ക് ജീവൻ നൽകേണ്ടതും ഫലപ്രാപ്തി നൽകേണ്ടതും നിങ്ങളാണ്.

വഴികാട്ടി

ഒന്നാമതായി, സമർപ്പണത്തിനായി ഒരുങ്ങുമ്പോൾ ആത്മാവ് പൂർണ്ണമായും തുറവിയുള്ളതാകണം. നമ്മുടെ നാഥയോടുള്ള സ്നേഹം ശരിക്കും അടിസ്ഥാനപരമായിരിക്കണം. ഇത് പരിശുദ്ധമായതും മറ്റു ലക്ഷ്യങ്ങളില്ലാത്തതും ആയിരിക്കണം.

രണ്ടാമതായി, ആത്മാവ് ദൈവവുമായുള്ള പൂർണ്ണ അനുരഞ്ജനം ആഗ്രഹിക്കണം. സമർപ്പണസമയത്തു തന്നെ ഭാഗീകമായി ലഭിക്കുന്നതാണ് കൂട്ടായ്മയുടെ ഈ വരം. അനുരഞ്ജനമില്ലാതെ കൂട്ടായ്മ പരിപൂർണ്ണമാവുകയില്ല. കാരണം കൃപയുടെ നീരുറവ അപ്പോൾ അടഞ്ഞിരിക്കും. ആത്മാവിന്റെ അടിത്തട്ടിൽ എത്തേണ്ട കൃപ പൂർണ്ണമായി സ്വീകരിക്കാൻ അനുരഞ്ജനം ആവശ്യമാണ്. തീവ്രമായ അനുരഞ്ജനം ശക്തമായ കൃപ ലഭിക്കാൻ അത്യാവശ്യമാണ്.

മൂന്നാമതായി, നമ്മുടെ നാഥയോടുള്ള സ്നേഹം പരിപോഷിപ്പിക്കുവാൻ, ആത്മാവ് ഏകാന്തതയിൽ ആയിരിക്കണം. അമ്മയുടെ സ്നേഹം വെളിപ്പെടുക ഏകാന്തയിലാണ്. ഫലപ്രാപ്തിയും അപ്പോൾ തന്നെ.

നാലാമതായി , നമ്മുടെ ആത്മാവിൽ നിന്നും അമ്മ ആഗ്രഹിക്കുന്ന കാര്യങ്ങൾ നാം ഗ്രഹിക്കണം. അമ്മയിൽ നിന്നും നാം ആഗ്രഹിക്കുന്നവ നമുക്കറിയാം. അമ്മ ആഗ്രഹിക്കുന്ന കാര്യങ്ങൾ നാം ശ്രദ്ധിക്കാറില്ല. പക്ഷേ , ഇതിനെപ്പറ്റി നമുക്ക് നല്ല ധാരണ ആവശ്യമാണ്. സമർപ്പണത്തിന്റെ പൂർണ്ണഫലങ്ങൾ പുറപ്പെടുവിക്കാൻ ഇവ അറിഞ്ഞപറ്റൂ. നമ്മുടെ ആത്മാവിൽനിന്നും അമ്മയിലൂടെ ദൈവം ആവശ്യപ്പെടുന്നവ വ്യക്തമായി മനസ്സിലാക്കുവാൻ നാം പ്രാർത്ഥിക്കണം. അമ്മയ്ക്ക് വേറിട്ട ആഗ്രഹങ്ങളില്ല.

പ്രവൃത്തിപഥം

പരിപൂർണ്ണ വിശുദ്ധിയിലേക്കു മുന്നേറുമ്പോൾ, നാം ദൈവത്തെ ഏറ്റവും അധികമായി സ്നേഹിക്കാൻ ആഗ്രഹിക്കണം – എല്ലാ വിശുദ്ധരും ദൈവത്തിനു നൽകുന്ന സ്നേഹത്തേക്കാളധികമായി സ്നേഹിക്കാൻ; ദൈവത്തിനുവേണ്ടി എല്ലാ രക്തസാക്ഷികളുടേയും സഹനത്തേക്കാൾ കൂടുതൽ സഹിക്കാൻ; എല്ലാ ക്ഷതങ്ങളും വഹിക്കാൻ; ക്ഷതം ഏൽപിച്ചവരോട് ക്ഷമിക്കാൻ; ഒരു ആത്മാവിന്റെ രക്ഷയ്ക്കുവേണ്ടി എന്തു ദുഃഖവും സഹിക്കാൻ; പരസ്നേഹത്തെ പ്രതിദാനധർമ്മങ്ങൾ ചെയ്യാൻ. ഇത്തരം ആഗ്രഹാഭിലാഷങ്ങൾ വിശുദ്ധിയുടെ അഗ്നി നമ്മിൽ കത്തിക്കും; ലാളിത്യവും വിശുദ്ധിയും ഉളവാക്കും. സമർപ്പണത്തിന്റെ മൂലക്കല്ലുകളാണ് ഈ പുണ്യങ്ങൾ.

പ്രാർത്ഥന

പരിശുദ്ധ കന്യകാമറിയത്തിന്റെ വിമലഹൃദയമേ , പൂർണ്ണതയിലേക്കുള്ള എന്റെ യാത്രയിൽ എന്നെ സഹായിക്കണമേ. പുണ്യങ്ങളും വിശുദ്ധിയും ഞാൻ ആഗ്രഹിക്കട്ടെ ! ദൈവത്തിന്റെ നന്മയെ ഞാൻ ധ്യാനിക്കട്ടെ ! ദൈവം നല്കുന്ന കൃപകളെ കാണാത്തവർക്കായി എന്റെ ഹൃദയം ഞാൻ തുറക്കട്ടെ ! അമ്മയുടെ മൃദുലഹൃദയത്തെ വേണ്ട വിധം സ്നേഹിക്കാതിരുന്ന എന്റെ കുറവിനുവേണ്ടി ദൈവത്തോടു മാപ്പപേക്ഷിക്കണമേ . അങ്ങയുടെ പുത്രൻ ആഗ്രഹിക്കുന്നതുപോലെ ഞാൻ മുഴുവനും ഈശോയുടേതാകാൻ, എന്നെ ഈശോയോടു ചേർത്ത് ഒന്നാക്കണമേ.

വചനം

“ ദൈവമേ ! നിർമ്മലമായൊരു ഹൃദയം എന്നിൽ സൃഷ്ടിക്കേണമേ !” ( സങ്കീ. 51:10 )

ഇന്ന് ചെയ്യേണ്ട പുണ്യങ്ങൾ 

വിചാരത്തിൽ 

സത്യം പറയുന്നതാണല്ലോ ഈശോയ്ക്ക് ഇഷ്ടമെന്നു ചിന്തിക്കുന്നു. 

വാക്കിൽ 

‘വഴിയും സത്യവും ജീവനും ഞാനാണ്’ (യോഹ 14:6) എന്ന് 10 പ്രാവശ്യം ചൊല്ലും. 

പ്രവർത്തിയിൽ 

എന്റെ ഒരു കുറവ് കണ്ടുപിടിച്ചു തിരുത്തും. 

ഉപേക്ഷ വരുത്താതെ 

വാക്കിലും പ്രവർത്തിയിലും സത്യസന്ധത പാലിക്കുവാൻ കൃപയ്ക്കായി 3 “സ്വർഗ്ഗസ്‌ഥനായ പിതാവേ’ ചൊല്ലും. 

.2. വിശ്വാസപ്രമാണം

സർവ്വശക്തനായ പിതാവും, ആകാശത്തിന്റെയും ഭൂമിയുടേയും സ്രഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും, ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും ഞാൻ വിശ്വസിക്കുന്നു. ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി, കന്യകാമറിയത്തിൽനിന്ന് പിറന്നു, പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിച്ച്, കുരിശിൽ തറയ്ക്കപ്പെട്ട്, മരിച്ച്, അടക്കപ്പെട്ട്, പാതാളങ്ങളിൽ ഇറങ്ങി, മരിച്ചവരുടെ ഇടയിൽ നിന്നും മൂന്നാംനാൾ ഉയിർത്തു, സ്വർഗ്ഗത്തിലേക്ക് എഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നു. അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയിർപ്പിലും, നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു. ആമ്മേൻ.

3. പ്രതിഷ്ഠാ ജപം

എന്റെ അമ്മയും രാജ്ഞിയുമായ പരിശുദ്ധ കന്യകാമറിയമേ, ഞാൻ എന്നെ പൂർണ്ണമായി അങ്ങേയ്ക്ക് സമർപ്പിക്കുന്നു. വിശിഷ്യ, എന്റെ കണ്ണുകളും കാതുകളും എന്റെ നാവും ഹൃദയവും അങ്ങയുടെ സംരക്ഷണത്തിന് സമർപ്പിക്കുന്നു. ഇന്നുമുതൽ അമ്മ എന്റെ സ്വന്തമാണ്, ഞാൻ അമ്മയുടേയും. എന്നെ കാത്തു സൂക്ഷിക്കണമേ.

4. ത്രികാല ജപം

കർത്താവിന്റെ മാലാഖ കർത്താവിന്റെ മാലാഖ പരിശുദ്ധ മറിയത്തോടു വചിച്ചു. പരിശുദ്ധാത്മാവാൽ മറിയം ഗർഭം ധരിച്ചു – 1 നന്മ.

ഇതാ കർത്താവിന്റെ ദാസി! നിന്റെ വചനം പോലെ എന്നിലാകട്ടെ! – 1 നന്മ.

വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു – 1 നന്മ.

ഈശോ മിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ, സർവ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രാർത്ഥിക്കാം

സർവ്വേശ്വരാ, മാലാഖയുടെ സന്ദേശത്താൽ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാര വാർത്ത അറിഞ്ഞിരിക്കുന്ന ഞങ്ങൾ, അവിടുത്തെ പീഡാനുഭവവും കുരിശുമരണവും മുഖേന ഉയിർപ്പിന്റെ മഹിമ പ്രാപിക്കാൻ അനുഗ്രഹിക്കണമെന്ന് ഞങ്ങളുടെ കർത്താവായ ഈശോമിശിഹാ വഴി അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. ആമ്മേൻ – 3 ത്രിത്വ.

5. പുണ്യങ്ങളുടെ ജപമാല

(ഏഴു പുണ്യങ്ങൾക്കു വേണ്ടിയുള്ള പ്രാർത്ഥന)

I) * പരിശുദ്ധ ദൈവമാതാവേ, വിശ്വാസം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ. (1 സ്വർഗ്ഗ, 1 ത്രിത്വ).

പരിശുദ്ധ റൂഹായെ, എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങൾ കാണാൻ എന്റെ കണ്ണുകൾ തുറക്കണമേ!.

പരിശുദ്ധ റൂഹായെ, എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങൾ ഗ്രഹിക്കാൻ എന്റെ മനസ്സിനു ശക്തി തരണമേ! അങ്ങനെ ഞാൻ ദൈവമഹത്ത്വം അന്വേഷിക്കട്ടെ! എന്റെ ചിന്തകളും വാക്കുകളും പ്രവർത്തികളും വിശുദ്ധീകരിക്കപ്പെട്ട് ഞാൻ ദൈവത്തിന്റെ സ്വന്തമാകട്ടെ!

II) പരിശുദ്ധ ദൈവമാതാവേ, ദൈവശരണം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

III) പരിശുദ്ധ ദൈവമാതാവേ, ദൈവസ്നേഹം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

IV) പരിശുദ്ധ ദൈവമാതാവേ, എളിമ എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

V) പരിശുദ്ധ ദൈവമാതാവേ, ക്ഷമ എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

VI) പരിശുദ്ധ ദൈവമാതാവേ, വിശുദ്ധിയിൽ നിലനിൽപ് എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

VII) പരിശുദ്ധ ദൈവമാതാവേ, അനുസരണം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

6.മാതാവിനോടുള്ള ജപം

പരിശുദ്ധ കന്യകാമറിയമെ, എന്റെ ഹൃദയത്തെ അങ്ങയുടേതായി സ്വീകരിക്കണമേ. പുണ്യംകൊണ്ട് അലങ്കരിച്ച വിശുദ്ധിയുടെ ഒരു പുഷ്‌പവലയംകൊണ്ട് അതിനെ സംരക്ഷിക്കേണമേ. പ്രിയപ്പെട്ട അമ്മേ, സമർപ്പണം ചെയ്ത അങ്ങയുടെ ഹൃദയംപോലെ, എന്റെ ഹൃദയത്തെ സ്വീകരിക്കേണമേ. ഞാൻ അങ്ങേയ്ക്കു നൽകിയ ഉപഹാരമായി അതിനെ പിതാവായ ദൈവത്തിനു നൽകണമേ. പരിശുദ്ധ മറിയമെ, ദിനംപ്രതി അങ്ങയുടെ ഹൃദയം കൂടുതൽ അറിയപ്പെടാൻ ഞാൻ കാരണമാകട്ടെ!

7.പന്തക്കുസ്‌ത പ്രാർത്ഥന

മിശിഹായുടെ ആത്മാവേ, എന്നെ ഉണർത്തണമേ.

മിശിഹായുടെ ആത്മാവേ, എന്നെ ചലിപ്പിക്കേണമേ.

മിശിഹായുടെ ആത്മാവേ, എന്നിൽ നിറയണമേ.

അങ്ങയുടെ മുദ്ര എന്റെ ആത്മാവിൽ പതിപ്പിക്കണമേ.

പിതാവായ ദൈവമേ, അങ്ങയുടെ ഹൃദയവും ഇഷ്ടങ്ങളും എന്റെ ഹൃദയത്തിൻ പതിപ്പിച്ചുറപ്പിക്കണമേ.

പിതാവായ ദൈവമേ, പുണ്യങ്ങളുടെ വറ്റാത്ത ഉറവ എന്നിൽ സൃഷ്ടിക്കണമേ.

പിതാവായ ദൈവമേ, എന്റെ ആത്മാവ് അങ്ങയുടെ പ്രതിഛായ പ്രതിഫലിപ്പിക്കട്ടെ! അങ്ങനെ എന്നിലൂടെ ലോകം അങ്ങയെ ദർശിക്കട്ടെ!