വിമലഹൃദയ പ്രതിഷ്ഠ – നാലാം ദിവസം

പരിശുദ്ധ കന്യകാമറിയം നല്കുന്ന സന്ദേശം

“എന്റെ പ്രിയമുള്ള കുഞ്ഞുങ്ങളേ, എന്റെ വിമലഹൃദയത്തോട് യാചിക്കുന്ന എല്ലാ വരങ്ങളും എല്ലാ മക്കൾക്കും ലഭിക്കുന്നത് എന്റെ ആവശ്യപ്രകാരമാണ്. എന്റെ മാതൃഹൃദയത്തിനുള്ള സമർപ്പണം നടത്തുന്ന നിങ്ങൾ എല്ലാവരിലും ഉള്ള ഉറച്ച ആഗ്രഹം നിങ്ങളിൽ ചലിക്കുവാൻ പരിശുദ്ധാത്മാവിനെ പ്രചോദിപ്പിക്കുന്നു. നിങ്ങൾ ഓർമ്മിക്കാൻ വേണ്ടി വീണ്ടും ഞാൻ പറയുന്നു, വേദനകളിലൂടെ കടന്നുപോകുമ്പോൾ, നിങ്ങൾ എന്റെ ആലിംഗനത്തിനായി ഉയർന്നു വരികയാണ്.

എന്റെ കുഞ്ഞുങ്ങളെ, ഞാൻ നിങ്ങളോടു പറഞ്ഞിരുന്ന എന്റെ മഹാവിജയം നടപ്പിലാക്കുവാനുള്ള പരമപിതാവായ ദൈവത്തിന്റെ ആഗ്രഹം നടപ്പിൽ വരിക തന്നെ ചെയ്യും. നിങ്ങൾ ഒരിക്കലും സംശയിക്കേണ്ട, എന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായ നിങ്ങൾ ഒരു കൂട്ടായ്മ ആയി ദൈവത്തോട് സഹകരിച്ച്, ദൃഡനിശ്ചയത്തോടെ ആമ്മേൻ എന്ന് പറയുന്നതിനാൽ നിങ്ങളുടെ യാചന നടപ്പിലാക്കുക തന്നെ ചെയ്യും”

വഴികാട്ടി

സ്വർഗ്ഗീയമായ ഹൃദയമാറ്റം സംഭവിക്കുമ്പോൾ അസാധാരണമായ കൃപ തന്നെ പ്രവർത്തിക്കും; സർവ്വവും ദഹിപ്പിക്കുന്ന അഗ്നിതന്നെ അത്. മാനുഷിക സ്നേഹത്തിന്റ പരിമിതികൾക്കപ്പുറത്തേക്ക് ആത്മാവിനെ ഉയർത്താൻ സമ്പൂർണ്ണ സമർപ്പണത്തിനു കഴിയും. സമർപ്പിതന്റെ ആത്മാവിനെ ദൈവം കൈപിടിച്ചു ഉയർത്തുകയാണ് ചെയ്യുന്നത്. ചുരുക്കിപ്പറഞ്ഞാൽ സ്വർഗ്ഗീയ അനുഭൂതിയിലേക്ക് ദൈവം ഈ ആത്മാവിനെ ഉയർത്തുന്നു. സമർപ്പിതരുടെ ആത്മാവ് സ്വർഗ്ഗോന്മുഖമായി ഉയരാൻ ശ്രമിക്കുമ്പോൾ ദൈവാത്മാവാണ് ആത്മാവിനെ ഉയർത്തുന്നത്. മാതാവിന്റെ ഹൃദയവുമായുള്ള സംയോജനവും കൈമാറ്റവും സംഭവിക്കുവാൻ കരുത്തുറ്റ ദൈവിക സ്നേഹം ഉണ്ടാകണം. മാതാവിനോടുള്ള സമർപ്പണം വേണ്ടത്ര ഉറച്ച അടിത്തറയിലല്ലായെങ്കിൽ ആത്മാവ് ഉയരുകയില്ല തന്നെ.

മാതൃസ്നേഹത്തിൽ ഉറച്ച സമർപ്പണം നടത്തുന്ന ആത്മാവിന്റെ ശുഷ്ക്കാന്തിയാണ്, ഹൃദയമാറ്റം വരുത്താൻ ദൈവത്തെ പ്രചോദിപ്പിക്കുന്നത്. സമർപ്പണവും അതിനുള്ള ഒരുക്കവും, ആകയാൽ ഒരുപോലെ പ്രാധാന്യമുള്ളതാണ്. ഒരുക്കത്തിന്റെ കുറവ് മൂലം സമർപ്പണത്തിലൂടെ ലഭിക്കുന്ന വിശേഷകൃപ സ്വീകരിക്കാൻ ആത്മാവിനു കഴിയാതെ പോകും.

പ്രവൃത്തിപഥം

എപ്രകാരമാണ് ശക്തമായ ആഗ്രഹം ആത്മാവിനെ ദൈവത്തിങ്കലേക്ക് പറക്കാൻ സഹായിക്കുന്നത്? നല്ല ആഗ്രഹങ്ങൾ ശക്തിയും ധൈര്യവും പ്രദാനം ചെയ്യുന്നു. ദൈവത്തിന്റ മലകയറുമ്പോൾ, അവ ക്ഷീണവും അധ്വാനവും കുറയ്ക്കുന്നു. വിശുദ്ധിക്കായി കഠിനാധ്വാനം ചെയ്യാത്ത ആരും തന്നെ പരിപൂർണ്ണതയിലെത്തുകയില്ല. ശക്തമായ ആഗ്രഹം കുറയാതെ സംരക്ഷിക്കുക. പുണ്യങ്ങളാൽ അലങ്കരിക്കപ്പെട്ട വിശുദ്ധിയുടെ കിരീടം ആഗ്രഹിക്കുന്ന ആൾ, നിർത്താതെ ഓടിക്കൊണ്ടിരിക്കണം. വിമല ഹൃദയത്തിന്റ പ്രതിഷ്‌ഠയിലൂടെ നമ്മുടെ ആത്മാവിനെ അണിയിക്കാൻ നമ്മുടെ അമ്മ ആഗ്രഹിക്കുന്ന ഈ കിരീടം നിത്യമാണ് എന്ന് ഓർക്കുക.

പ്രാർത്ഥന

പരിശുദ്ധ കന്യകാമറിയത്തിന്റ വിമല ഹൃദയമേ, എന്റ ഹൃദയം തുറക്കുവാനും, അങ്ങനെ കൃപ സ്വീകരിച്ച് അമ്മയുടെ ഹൃദയം പോലെ മാറ്റപ്പെടുവാനും പ്രാർത്ഥിക്കണമേ. പരിശുദ്ധാത്മാവിന്റ ശക്തിയാൽ അങ്ങയെ സ്നേഹിക്കാനുള്ള ആഗ്രഹം എനിക്ക് ലഭിക്കട്ടെ! ഈ തീവ്ര ആഗ്രഹത്താൽ, ഹൃദയമാറ്റത്തിന്റെ അർഹതയിൽ എത്തിച്ചേരാൻ എന്റെ ആത്മാവിനെ ശക്തിപ്പെടുത്തേണമേ.

വചനം

“ കർത്താവിന്റെ മലയിൽ ആരു കയറും ? അവിടുത്തെ വിശുദ്ധ സ്ഥലത്ത് ആര് നില്ക്കും ? കളങ്കമറ്റ കൈകളും നിർമ്മലമായ ഹൃദയവും ഉള്ളവൻ , മിഥ്യയുടെ മേൽ മനസ്സു പതിക്കാത്തവനും കള്ളസത്യം ചെയ്യാത്തവനുംതന്നെ ” . ( സങ്കീ . 24 : 3-4 )

ഇന്ന് ചെയ്യേണ്ട പുണ്യങ്ങൾ

  • വിചാരത്തിൽ: “എന്റെ ഹൃദയത്തിൽ നിന്റെ സമാധാനം നിറയ്ക്കണമേ’ എന്ന് പ്രാർത്ഥിക്കുന്നു.
  • വാക്കിൽ: “ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു, അവിടുത്തെ നാമം പരിശുദ്ധമാണ്’ (ലൂക്കാ 1:49) എന്ന് 5 പ്രാവശ്യം ചൊല്ലും.
  • പ്രവർത്തിയിൽ: ദൈവകൽപന ഓർത്തു മാതാപിതാക്കളെ ബഹുമാനിക്കും.
  • ഉപേക്ഷ വരുത്താതെ: കുടുംബ സമാധാനത്തിനു വേണ്ടി ഒരു കുറ്റപ്പെടുത്തൽ പരാതി കൂടാതെ സഹിക്കും.

2. വിശ്വാസപ്രമാണം

സർവ്വശക്തനായ പിതാവും, ആകാശത്തിന്റെയും ഭൂമിയുടേയും സ്രഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും, ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും ഞാൻ വിശ്വസിക്കുന്നു. ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി, കന്യകാമറിയത്തിൽനിന്ന് പിറന്നു, പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിച്ച്, കുരിശിൽ തറയ്ക്കപ്പെട്ട്, മരിച്ച്, അടക്കപ്പെട്ട്, പാതാളങ്ങളിൽ ഇറങ്ങി, മരിച്ചവരുടെ ഇടയിൽ നിന്നും മൂന്നാംനാൾ ഉയിർത്തു, സ്വർഗ്ഗത്തിലേക്ക് എഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നു. അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയിർപ്പിലും, നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു. ആമ്മേൻ.

3. പ്രതിഷ്ഠാ ജപം

എന്റെ അമ്മയും രാജ്ഞിയുമായ പരിശുദ്ധ കന്യകാമറിയമേ, ഞാൻ എന്നെ പൂർണ്ണമായി അങ്ങേയ്ക്ക് സമർപ്പിക്കുന്നു. വിശിഷ്യ, എന്റെ കണ്ണുകളും കാതുകളും എന്റെ നാവും ഹൃദയവും അങ്ങയുടെ സംരക്ഷണത്തിന് സമർപ്പിക്കുന്നു. ഇന്നുമുതൽ അമ്മ എന്റെ സ്വന്തമാണ്, ഞാൻ അമ്മയുടേയും. എന്നെ കാത്തു സൂക്ഷിക്കണമേ.

4. ത്രികാല ജപം

കർത്താവിന്റെ മാലാഖ കർത്താവിന്റെ മാലാഖ പരിശുദ്ധ മറിയത്തോടു വചിച്ചു. പരിശുദ്ധാത്മാവാൽ മറിയം ഗർഭം ധരിച്ചു – 1 നന്മ.

ഇതാ കർത്താവിന്റെ ദാസി! നിന്റെ വചനം പോലെ എന്നിലാകട്ടെ! – 1 നന്മ.

വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു – 1 നന്മ.

ഈശോ മിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ, സർവ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രാർത്ഥിക്കാം

സർവ്വേശ്വരാ, മാലാഖയുടെ സന്ദേശത്താൽ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാര വാർത്ത അറിഞ്ഞിരിക്കുന്ന ഞങ്ങൾ, അവിടുത്തെ പീഡാനുഭവവും കുരിശുമരണവും മുഖേന ഉയിർപ്പിന്റെ മഹിമ പ്രാപിക്കാൻ അനുഗ്രഹിക്കണമെന്ന് ഞങ്ങളുടെ കർത്താവായ ഈശോമിശിഹാ വഴി അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. ആമ്മേൻ – 3 ത്രിത്വ.

5. പുണ്യങ്ങളുടെ ജപമാല

(ഏഴു പുണ്യങ്ങൾക്കു വേണ്ടിയുള്ള പ്രാർത്ഥന)

I) * പരിശുദ്ധ ദൈവമാതാവേ, വിശ്വാസം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ. (1 സ്വർഗ്ഗ, 1 ത്രിത്വ).

പരിശുദ്ധ റൂഹായെ, എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങൾ കാണാൻ എന്റെ കണ്ണുകൾ തുറക്കണമേ!.

പരിശുദ്ധ റൂഹായെ, എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങൾ ഗ്രഹിക്കാൻ എന്റെ മനസ്സിനു ശക്തി തരണമേ! അങ്ങനെ ഞാൻ ദൈവമഹത്ത്വം അന്വേഷിക്കട്ടെ! എന്റെ ചിന്തകളും വാക്കുകളും പ്രവർത്തികളും വിശുദ്ധീകരിക്കപ്പെട്ട് ഞാൻ ദൈവത്തിന്റെ സ്വന്തമാകട്ടെ!

II) പരിശുദ്ധ ദൈവമാതാവേ, ദൈവശരണം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

III) പരിശുദ്ധ ദൈവമാതാവേ, ദൈവസ്നേഹം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

IV) പരിശുദ്ധ ദൈവമാതാവേ, എളിമ എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

V) പരിശുദ്ധ ദൈവമാതാവേ, ക്ഷമ എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

VI) പരിശുദ്ധ ദൈവമാതാവേ, വിശുദ്ധിയിൽ നിലനിൽപ് എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

VII) പരിശുദ്ധ ദൈവമാതാവേ, അനുസരണം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

6.മാതാവിനോടുള്ള ജപം

പരിശുദ്ധ കന്യകാമറിയമെ, എന്റെ ഹൃദയത്തെ അങ്ങയുടേതായി സ്വീകരിക്കണമേ. പുണ്യംകൊണ്ട് അലങ്കരിച്ച വിശുദ്ധിയുടെ ഒരു പുഷ്‌പവലയംകൊണ്ട് അതിനെ സംരക്ഷിക്കേണമേ. പ്രിയപ്പെട്ട അമ്മേ, സമർപ്പണം ചെയ്ത അങ്ങയുടെ ഹൃദയംപോലെ, എന്റെ ഹൃദയത്തെ സ്വീകരിക്കേണമേ. ഞാൻ അങ്ങേയ്ക്കു നൽകിയ ഉപഹാരമായി അതിനെ പിതാവായ ദൈവത്തിനു നൽകണമേ. പരിശുദ്ധ മറിയമെ, ദിനംപ്രതി അങ്ങയുടെ ഹൃദയം കൂടുതൽ അറിയപ്പെടാൻ ഞാൻ കാരണമാകട്ടെ!

7.പന്തക്കുസ്‌ത പ്രാർത്ഥന

മിശിഹായുടെ ആത്മാവേ, എന്നെ ഉണർത്തണമേ.

മിശിഹായുടെ ആത്മാവേ, എന്നെ ചലിപ്പിക്കേണമേ.

മിശിഹായുടെ ആത്മാവേ, എന്നിൽ നിറയണമേ.

അങ്ങയുടെ മുദ്ര എന്റെ ആത്മാവിൽ പതിപ്പിക്കണമേ.

പിതാവായ ദൈവമേ, അങ്ങയുടെ ഹൃദയവും ഇഷ്ടങ്ങളും എന്റെ ഹൃദയത്തിൻ പതിപ്പിച്ചുറപ്പിക്കണമേ.

പിതാവായ ദൈവമേ, പുണ്യങ്ങളുടെ വറ്റാത്ത ഉറവ എന്നിൽ സൃഷ്ടിക്കണമേ.

പിതാവായ ദൈവമേ, എന്റെ ആത്മാവ് അങ്ങയുടെ പ്രതിഛായ പ്രതിഫലിപ്പിക്കട്ടെ! അങ്ങനെ എന്നിലൂടെ ലോകം അങ്ങയെ ദർശിക്കട്ടെ!