1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം
എൻ്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, സമർപ്പണം ആരംഭിക്കുന്നതിനുമുമ്പുതന്നെ എൻ്റെ കുട്ടികളോട് ഒരു കാര്യം ഞാൻ ആവശ്യപ്പെടുകയാണ്. സമർപ്പണത്തിൻ്റെ ആദ്യവാക്ക് ഉച്ചരിക്കുന്നതിനു മുമ്പു തന്നെ അവർ അവരുടെ ലക്ഷ്യം പരിശോധിക്കട്ടെ. സമർപ്പണം എന്ന ഹൃദയങ്ങളുടെ കൂടിച്ചേരൽ, സ്നേഹത്തിൻ്റെ പരിശുദ്ധ ദാനമാണ്. ഇതല്ല ലക്ഷ്യം എങ്കിൽ സമർപ്പണം എന്ന വാക്ക് ഉച്ചരിക്കുകപോലും അരുത്. സ്വയം ആത്മശോധന നടത്തട്ടെ. എൻ്റെ വിമലഹൃദയത്തോടുള്ള സ്നേഹം നിറഞ്ഞുകവിയുമ്പോൾ മാത്രം സമർപ്പണം നടത്തട്ടെ.
സത്യമായ സമർപ്പണമാണിത്. ഹദയങ്ങളുടെ കെമാറ്റം നടക്കുമ്പോൾ അതു പരിപൂർണ്ണമായും എന്നോടുള്ള സ്നേഹത്തെ പ്രതി നിങ്ങൾ നടത്തുന്നു. നിങ്ങളോടുള്ള സ്നേഹത്തെപ്രതി ഞാനും ഇതു നടത്തുന്നു. പരസ്പരസ്നേഹത്താൽ ഹൃദയങ്ങൾ അടുത്ത ആളിനു വിട്ടുകൊടുക്കുന്നു. സ്നേഹം എന്നത് പരമപിതാവിൻ്റെ ദാനമാണ്. സ്നേഹത്തിൽ നിന്നും മറ്റുള്ള പുണ്യങ്ങൾ പുറപ്പെടുന്നു. സ്നേഹത്തിൻ്റെ അടിത്തറയിലുറച്ചതല്ല നിങ്ങളുടെ ഹൃദയം എങ്കിൽ നിങ്ങൾ പുണ്യത്തിൽ വളരുകയില്ല. ഇതു നിങ്ങൾ മനസ്സിലുറപ്പിച്ചു കഴിയുമ്പോൾ, ഓരോ ഹൃദയവും എൻ്റെ മകനിലേക്കു കൂട്ടിക്കൊണ്ടു പോകാൻ എനിക്കു കഴിയും. ഞാൻ ഇന്നുതന്നെ, സമർപ്പണത്തിനായി ഹൃദയഭാവങ്ങളെ ക്രമപ്പെടുത്തി തുടങ്ങും.
വഴികാട്ടി
നാം ചെയ്യുന്നതെല്ലാം ഒറ്റ ഒരു ലക്ഷ്യത്തോടെയാണ്. ദൈവത്തിൻ്റെ മുമ്പിൽ പാപരഹിതമായ ഒരു അവസ്ഥ ആത്മാവിനു കൊടുക്കുക എന്നതാണ് അത്. ആദിയിൽ ദൈവം മനുഷ്യനെ സൃഷ്ടിച്ചത് ഈ നിലയിലായിരുന്നു. സ്വർഗ്ഗത്തിൻ്റെ ലക്ഷ്യം മനുഷ്യാത്മാവിനെ പരിപൂർണ്ണതയിലേക്കു അവൻ്റെ പറുദീസായിലെ നിലയിലേക്കു – കൊണ്ടു വരുകയാണല്ലോ. അപ്പോൾ സമർപ്പണവും ആ ലക്ഷ്യം വച്ചുള്ള പ്രവൃത്തിയാണ്. സ്വപുത്രനെ ഭൂമിയിലേക്ക് അയയ്ക്കാൻ ആദിയിൽ പിതാവ് തീരുമാനിച്ചത് ആത്മാക്കളെ പൂർവ്വസ്ഥിതിയിലേക്കു മടക്കിക്കൊണ്ടുവരുക എന്ന ഉദ്ദേശത്തോടെയാണ്. അപ്പോൾ ദൈവം ആവശ്യപ്പെടുന്നതെല്ലാം ഈ ലക്ഷ്യം വച്ചുകൊണ്ടുതന്നെയാകണം. ഇങ്ങനെ നോക്കുമ്പോൾ നമുക്കു കാണാം, സമർപ്പണത്തിന് നമ്മുടെ മാതാവിനുള്ള എല്ലാ രക്ഷണീയ ഗുണങ്ങളും ഉണ്ടായിരിക്കും എന്ന്. ഇവിടെ ഈശോയോട ചേർന്ന് അമ്മ പ്രവർത്തിക്കുന്നു. ഈശോയുടെ രക്ഷണീയ കൃപകളാണ് മാതാവ് നല്കുന്നത്.
പ്രവൃത്തിപഥം
നാം ദൈവത്തെ പ്രസാദിപ്പിക്കാൻ ജോലി ചെയ്യുമ്പോൾ ആ ജോലി ദൈവപ്രീതിക്കു മാത്രമാണോ എന്നറിയാൻ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
ഒന്നാമതായി നിങ്ങളുടെ പ്രവർത്തി ഉദ്ദേശിച്ച ഫലം കണ്ടില്ലെങ്കിലും നിങ്ങൾ മനസ്സു കലങ്ങാതെ ലക്ഷ്യം സാധിച്ചു എന്ന വണ്ണം ശാന്തമായിരിക്കും.
രണ്ടാമതായി, മറ്റുള്ളവർ ചെയ്യുന്ന സത്പ്രവർത്തികളിൽ നിങ്ങൾ സന്തോഷിക്കും, നിങ്ങൾ തന്നെ അക്കാര്യം ചെയ്തപോലെ. ദൈവഹിതം നിറവേറുമ്പോൾ, ആരു പ്രവർത്തിച്ചു എന്നത് അപ്രസക്തമാണ്.
മൂന്നാമതായി, ഏതു ജോലിയും നിങ്ങൾക്ക് ഒരുപോലെ ഇഷ്ടമുള്ളതാണ്. എല്ലാ ജോലികളും തൃപ്തി നല്കുന്നു.
നാലാമതായി, നിങ്ങൾ നന്മ ചെയ്തു കഴിയുമ്പോൾ നന്ദിയും അംഗീകാരവും നിങ്ങൾ ആഗ്രഹിക്കുന്നില്ല.
ദൈവത്തിനു സന്തോഷം കൊടുക്കാൻ നിങ്ങൾക്കിടയായി എന്നതാണ് നിങ്ങൾക്കുള്ള സന്തോഷം. നിങ്ങൾ അപമാനം സഹിക്കേണ്ടി വന്നാലും നിങ്ങൾ സമാധാനത്തിൽ കഴിയുന്നു.
അഞ്ചാമതായി, നിങ്ങൾ ചെയ്യുന്ന ജോലി മുന്നറിയി പ്പില്ലാതെ നിങ്ങളിൽ നിന്നും എടുക്കപ്പെട്ടാൽ, നിങ്ങൾക്കു സമാധാനം നഷ്ടമാകുന്നില്ല.
ദൈവത്തിനു മഹത്വം ഉണ്ടാകുവാനും നിങ്ങൾക്കു സമാധാനം ലഭിക്കാനും ഈ പ്രവർത്തിപഥത്തിലൂടെ യാത്ര ചെയ്യുകയേ വേണ്ടു.
പ്രാർത്ഥന
പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമലഹൃദയമേ. എൻ്റെ എല്ലാ പ്രവർത്തന മേഖലകളിലും, ഞാൻ ശാന്തിയിലും സമാധാനത്തിലും ആയിരിക്കാൻ കൃപ തരണമേ. ഈ കൃപകൾ സമർപ്പണത്തിലൂടെ എൻ്റെ ആത്മാവിനു ലഭിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു. എൻ്റെ മനസ്സിൻ്റെ ആഗ്രഹങ്ങൾ കൊയ്ത്തിൻ്റെ ഫലമായി ലഭിക്കുന്ന വിളവിൻ്റെ വില കുറയ്ക്കാതിരിക്കട്ടെ.
ഞാൻ ഏറ്റെടുത്തിരിക്കുന്ന ദൗത്യത്തിൽ എൻ്റെ താല്പ ര്യങ്ങളല്ല. അമ്മയുടെ മഹാവിജയം മാത്രം ഞാൻ ലക്ഷ്യം വയ്ക്കട്ടെ. ഏതു ജോലിയും ദൈവസ്നേഹത്തെ പ്രതി മാത്രം സ്വീകരിക്കാനും പൂർത്തിയാക്കാനും കൃപ തരണമേ.
എൻ്റെ ഭൂത, ഭാവി, വർത്തമാനകാലങ്ങൾ, സന്തോഷങ്ങൾ, ദുഃഖങ്ങൾ, പ്രാർത്ഥനകൾ, ത്യാഗങ്ങൾ, എൻ്റെ സർവ്വസ്വവും, ഞാൻ എന്തായിത്തീരാൻ ദൈവം ആഗ്രഹിക്കുന്നുവോ അതും, ഞാൻ സമർപ്പണത്തിലൂടെ അങ്ങക്കു നല്കുന്നു. സ്വീകരിക്കണമേ.
വചനം
“ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവർക്ക്, അവിടുന്ന് സകലവും നന്മക്കായി പരിണമിപ്പിക്കുന്നു.” (റോമ: 8:28)
2, വിശ്വാസ പ്രമാണം
സര്‍വശക്തനായ പിതാവും, ആകാശത്തിൻ്റെയും ഭൂമിയുടേയും സൃഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും, ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു. ഈ പുത്രന്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥനായി, കനൃകാമറിയത്തില്‍നിന്ന് പിറന്നു, പന്തിയോസ് പിലാത്തോസിൻ്റെ കാലത്ത് പീഡകള്‍ സഹിച്ച്, കുരിശില്‍ തറയ്ക്കപ്പെട്ട്, മരിച്ച്, അടക്കപ്പെട്ട്, പാതാളങ്ങളില്‍ ഇറങ്ങി. മരിച്ചവരുടെ ഇടയില്‍ നിന്നും മുന്നാംനാള്‍ ഉയര്‍ത്തു. സ്വര്‍ഗ്ഗത്തിലേക്ക് എഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവായ ദൈവത്തിൻ്റെ വലതുഭാഗത്ത് ഇരിക്കുന്നു. അവിടുന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐകൃത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിൻ്റെ ഉയിര്‍പ്പിലും, നിത്യമായ ജീവിതത്തിലും ഞാന്‍ വിശ്വസിക്കുന്നു. ആമ്മേന്‍.
3. പ്രതിഷ്ഠാ ജപം
എൻ്റെ അമ്മയും രാജ്ഞിയുമായ പരിശുദ്ധ കന്യാമറിയമേ, ഞാന്‍ എന്നെ പൂര്‍ണ്ണമായി അമ്മയ്ക്ക് സമര്‍പ്പിക്കുന്നു. വിശിഷ്യ, എൻ്റെ കണ്ണുകളും കാതുകളും എൻ്റെ നാവും ഹൃദയവും അമ്മയുടെ സംരക്ഷണത്തിന് സമര്‍പ്പിക്കുന്നു. ഇന്നുമുതല്‍ അമ്മ എൻ്റെ സ്വന്തമാണ്, ഞാന്‍ അമ്മയുടെയും. എന്നെ കാത്തു സൂക്ഷിക്കണമേ.
4. ത്രികാല ജപം
കര്‍ത്താവിൻ്റെ മാലാഖ
കര്‍ത്താവിൻ്റെ മാലാഖ പരിശുദ്ധ മറിയത്തോട് വചിച്ചു. പരിശുദ്ധാത്മാവാല്‍ മറിയം ഗര്‍ഭം ധരിച്ചു – 1 നന്മ.
ഇതാ കര്‍ത്താവിൻ്റെ ദാസി നിൻ്റെ വചനം പോലെ എന്നിലാകട്ടെ – 1 നന്മ.
വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു -1 നന്മ.
ഈശോ മിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍,
സര്‍വ്വേശ്വരൻ്റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
പ്രാര്‍ത്ഥിക്കാം
സര്‍വ്വേശ്വരാ, മാലാഖയുടെ സന്ദേശത്താല്‍ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാര വാര്‍ത്ത അറിഞ്ഞിരിക്കുന്ന ഞങ്ങള്‍, അവിടുത്തെ പീഡാനുഭവവും കുരിശു മരണവും മുഖേന ഉയിര്‍പ്പിൻ്റെ മഹിമ പ്രാപിക്കാന്‍ അനുഗ്രഹിക്കണമേയെന്ന് ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാവഴി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു ആമേന്‍ – 3 ത്രിത്വ.
5. പുണ്യങ്ങളുടെ ജപമാല
(വിശ്വാസം, ശരണം, സ്നേഹം, എളിമ, ക്ഷമ, അരൂപിയിൽ നിലനില്‍പ്പ്, അനുസരണ എന്നീ ഏഴു പുണ്യങ്ങള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന)
I . പരിശുദ്ധ ദൈവമാതാവേ, വിശ്വാസം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ – 1 സ്വര്‍ഗ്ഗ .. 1 ത്രി ..
പരിശുദ്ധ റൂഹായെ, എൻ്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങള്‍ കാണാന്‍ എൻ്റെ കണ്ണുകള്‍ തുറക്കണമേ.
പരിശുദ്ധ റൂഹായെ, എൻ്റെ ഹൃദയത്തിലേക്ക് എഴുന്നള്ളിവരണമേ! ദൈവിക കാര്യങ്ങള്‍ ഗ്രഹിക്കാന്‍ എൻ്റെ മനസ്സിനു ശക്തി തരണമേ. അങ്ങനെ ഞാന്‍ ദൈവ മഹത്ത്വം അന്വേഷിക്കട്ടെ! എൻ്റെ ചിന്തകളും വാക്കുകളും പ്രവര്‍ത്തികളും വിശുദ്ധീകരിക്കപ്പെട്ട് ഞാന്‍ ദൈവത്തിൻ്റെ സ്വന്തമാകട്ടെ!
II ) പരിശുദ്ധ ദൈവമാതാവേ, ദൈവശരണം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
1 സ്വര്‍ഗ്ഗ ..1ത്രി.. പരിശുദ്ധ റൂഹായെ…
III ) പരിശുദ്ധ ദൈവമാതാവേ, ദൈവസ്നേഹം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
1 സ്വര്‍ഗ്ഗ .. 1 ത്രി .. പരിശുദ്ധ റൂഹായെ…
IV) പരിശുദ്ധ ദൈവമാതാവേ, എളിമ എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
1 സ്വര്‍ഗ്ഗ .. 1 ത്രി .. പരിശുദ്ധ റൂഹായെ…
V) പരിശുദ്ധ ദൈവമാതാവേ, ക്ഷമ എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…
VI) പരിശുദ്ധ ദൈവമാതാവേ, അരൂപിയില്‍ നിലനില്‍പ്പ് എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…
VII) പരിശുദ്ധ ദൈവമാതാവേ, അനുസരണം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…
6. മാതാവിനോടുള്ള ജപം
പരിശുദ്ധ കനൃകാമറിയമെ, എൻ്റെ ഹൃദയത്തെ അങ്ങയുടേതായി സ്വീകരിക്കണമേ. പുണ്യംകൊണ്ട് അലങ്കരിച്ച വിശുദ്ധിയുടെ ഒരു പുഷ്പവലയംകൊണ്ട് അതിനെ സംരക്ഷിക്കേണമേ. പ്രിയപ്പെട്ട അമ്മേ, സമര്‍പ്പണം ചെയ്ത അങ്ങയുടെ ഹൃദയംപോലെ, എൻ്റെ ഹൃദയത്തെ സ്വീകരിക്കേണമേ. ഞാന്‍ അങ്ങേയ്ക്കു നല്‌കിയ ഉപഹാരമായി അതിനെ പിതാവായ ദൈവത്തിനു നല്കണമേ. ദിനംപ്രതി അങ്ങയുടെ ഹൃദയം കൂടുതല്‍ അറിയപ്പെടാന്‍ ഞാന്‍ കാരണമാകട്ടെ!
7, പന്തക്കുസ്ത പ്രാര്‍ത്ഥന
മിശിഹായുടെ ആത്മാവേ, എന്നെ ഉണര്‍ത്തണമേ.
മിശിഹായുടെ ആത്മാവേ, എന്നെ ചലിപ്പിക്കേണമേ.
മിശിഹായുടെ ആത്മാവേ, എന്നില്‍ നിറയണമേ.
അങ്ങയുടെ മുദ്ര എൻ്റെ ആത്മാവില്‍ പതിപ്പിക്കണമേ.
പിതാവായ ദൈവമേ, അങ്ങയുടെ ഹൃദയവും ഇഷ്ടങ്ങളും എൻ്റെ ഹൃദയത്തിന്‍ പതിപ്പിച്ചുറപ്പിക്കണമേ. പിതാവായ ദൈവമേ, പുണ്യങ്ങളുടെ വറ്റാത്ത ഉറവ എന്നില്‍ സൃഷ്ടിക്കണമേ.
പിതാവായ ദൈവമേ, എൻ്റെ ആത്മാവ് അങ്ങയുടെ പ്രതിഛായ പ്രതിഫലിപ്പിക്കട്ടെ! അങ്ങനെ എന്നിലൂടെ ലോകം അങ്ങയെ ദര്‍ശിക്കട്ടെ!
മറിയത്തിൻ്റെ വിമലഹൃദയ പ്രതിഷ്ഠ
അമ്മേ, ഈ ദിവസത്തിൽ, ഞാൻ അമ്മയുടെ ആഹ്വാനം പൂർണ്ണമായും സ്വീകരിക്കുന്നു. ഞാൻ വാഗ്ദാനം ചെയ്ത പ്രതിഷ്ഠ ഇപ്പോൾ നിർവ്വഹിക്കുന്നു. ഇനിമേൽ അമ്മയുടെ മാത്യകരങ്ങളിൽ എന്നെ വഹിക്കണമെ! എന്നെ പരമപിതാവിന് സമ്മാനമായി നൽകേണമെ. അങ്ങയുടെ കൃപയുടെ ശക്തിയാൽ ഞാൻ ഈശോയുടെ ശുശ്രൂഷകനാകട്ടെ.
ഫാത്തിമായിൽ അമ്മ വാഗ്ദാനം ചെയ്ത റഷ്യയുടെ മാനസാന്തരം പൂർണ്ണമാക്കണമെ. ലോകസമാധാനത്തിനുള്ള അവസാന യുദ്ധത്തിൽ അമ്മയോടൊത്ത്, അങ്ങേ തിരുക്കുമാരനോടു ചേർന്ന് ശക്തമായി ഉറച്ചുനിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു; സ്വയം സമർപ്പിക്കുന്നു.
ശ്ലീഹന്മാരുടെ രാജ്ഞിയായ പരിശുദ്ധ കന്യകേ, അന്ധകാരത്തിൻ്റെ ഈ കാലഘട്ടത്തിൽ ഞങ്ങളുടെ ഹൃദയ ചക്രവാളങ്ങളെ നിൻ്റെ പ്രഭാതകിരണങ്ങളാൽ പ്രശോഭിപ്പിക്കേണമേ. ഈ യുദ്ധക്കളത്തിൽ നിൻ്റെ വിമലഹൃദയം ഒരു കോട്ട പോലെ ഞങ്ങൾക്ക് അഭയമാകട്ടെ. പിതാവായ ദൈവത്തിൻ്റെ അനന്തമായ സ്നേഹത്തിൻ്റെ മാത്യകയായ അമ്മേ, ഞങ്ങൾക്ക് സത്യത്തിൻ്റെ വാളും, പുണ്യങ്ങളുടെ പടച്ചട്ടയും നൽകണമെ.
അമ്മേ, ഈ ഭൂമിയിൽ ക്രിസ്തുവിൻ്റെ പ്രതിപുരുഷനായ പരിശുദ്ധ പിതാവിനോടുള്ള വിശ്വസ്തത ഞാൻ ഇപ്പോൾ വാഗ്ദാനം ചെയ്യുന്നു. ഈ സമർപ്പണത്തിലൂടെ എൻ്റെ ഹൃദയവും മനസ്സും അദ്ദേഹത്തോട് ഐക്യപ്പെടുത്തുന്നു. ഈ കാലഘട്ടത്തിൽത്തന്നെ ഭൂമിയിൽ നിൻ്റെ വിമല ഹൃദയത്തിൻ്റെ വിജയം യാഥാർത്ഥ്യമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
നിൻ്റെ വിജയത്തിൻ്റെ അപ്പസ്തോലൻ എന്ന നിലയിൽ നിൻ്റെ മക്കളെ ഒന്നിച്ചുചേർക്കുന്ന, വിശുദ്ധ കുർബ്ബാനയിലെ ഈശോമിശിഹായുടെ ദൈവികസാന്നിദ്ധ്യത്തിന് സാക്ഷ്യം നൽകാമെന്ന് അമ്മയായ നിന്നോട് വാഗ്ദാനം ചെയ്യുന്നു. ദിവ്യകാരുണ്യസന്നിധിയിൽ ഞങ്ങൾ പൂർണ്ണ ശ്രദ്ധയും ആത്മവിശ്വാസവും അവബോധങ്ങളും കണ്ടെത്തുവാൻ ഇടയാകട്ടെ. പരിപൂർണ്ണതയുടെ ആത്മാവ് എന്നിൽ സൃഷ്ടിക്കപ്പെടട്ടെ. എന്നിൽ നിന്ന് എല്ലാവരിലേക്കും അവിടുത്തെ ചൈതന്യം ബഹിർസ്ഫുരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
ശുദ്ധതയുടെ കന്യകേ, എല്ലാ സ്വർഗ്ഗീയ കൃപകളുടേയും ഭണ്ഡാരമ, എൻ്റെ ഹൃദയത്തിൽ വസിച്ചാലും. നിൻ്റെ മണവാളനായ പരിശുദ്ധാത്മാവിനെ നിൻ്റെ ഒപ്പം കൊണ്ടുവരിക. അവിടുത്തെ ദാനങ്ങളാൽ എൻ്റെ ഈ പ്രതിഷ്ഠ ഫലദായകമായി തീരട്ടെ. അവൻ്റെ സാന്നിദ്ധ്യത്തിൻ്റെ ശക്തിയിലും ശരണത്തിലും പ്രാർത്ഥനയിൽ സ്ഥിരതയും ഉറപ്പും ലഭിക്കട്ടെ. പിതാവായ ദൈവത്തിന് പൂർണ്ണമായി ഞങ്ങളെ തന്നെ സമർപ്പിക്കുന്നു. ഹൃദയങ്ങളുടെ ഐക്യം മൂലം ലോകത്തിലുടനീളം പരിശുദ്ധാത്മാവിൻ്റെ അഭിഷേകത്തിൻ്റെ കിരണങ്ങൾ അലയടിക്കട്ടെ.
നിൻ്റെ മകനായ മകളായ ഞാൻ ….. (പേര്) മാത്യസഭയോടും വിശുദ്ധരുടേയും മാലാഖമാരുടേയും സ്വർഗ്ഗീയ കൂട്ടായ്മയോടും ചേർന്ന് എൻ്റെ മാമ്മോദീസ വ്രതങ്ങൾ നവീകരിക്കുന്നു. പ്രിയപ്പെട്ട അമ്മേ, എൻ്റെ കഴിഞ്ഞ കാലഘട്ടത്തിലേയും, ഈ കാലഘട്ടത്തിലേയും, വരും കാലഘട്ടങ്ങളിലേയും എല്ലാ ദുഃഖങ്ങളും, സന്തോഷങ്ങളും, പ്രാർത്ഥനകളും, പരിത്യാഗങ്ങളും എനിക്കുള്ളതെല്ലാം, ഞാൻ എന്തായി തീരാനായി പിതാവായ ദൈവം എന്നെ രൂപാന്തരപ്പെടുത്തുന്നുവോ, അവയെല്ലാം നിനക്ക് സമർപ്പിക്കുന്നു. അമ്മ എൻ്റെ സ്നേഹവും സമർപ്പണവും ഞാൻ നിനക്ക് തരുന്നു. അങ്ങനെ നമ്മൾ നിത്യവും നിൻ്റെ മഹാവിജ യ ത്തിൻ്റെ നിത്യതയിൽ ഒന്നാക്കപ്പെടട്ടെ. ആമ്മേൻ
പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമലഹൃദയത്തിന് ഞാൻ… (പേര്) ഈ സമർപ്പണം വാഗ്ദാനം ചെയ്യുന്നു.