1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം
എൻ്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, നിങ്ങൾ എനിക്കു നല്കാവുന്ന ഏറ്റം വിലയേറിയ സമ്മാനം നിങ്ങളുടെ സമർപ്പണം തന്നെയാണ്. വിമലഹൃദയത്തിനു ലഭിക്കുന്ന ഈ സമ്മാനം ഞാൻ എൻ്റെ മകനു കൊടുക്കും. ദൈവത്തോട് “ഇതാ ഞാൻ” എന്നു പറയുമ്പോൾ അത് നിങ്ങളുടെ പ്രാർത്ഥനകൾക്കുള്ള മറുപടിയാണ്. എങ്ങനെയെന്നു ഞാൻ വിശദീകരിക്കാം. ദൈവത്തോട് “എന്തിന്?’ എന്നു ചോദിക്കുക മനുഷ്യസ്വഭാവമാണ്. ഈ പ്രവണത നിയന്ത്രിച്ച്, ‘എങ്ങനെ ഞാൻ ഇതു ചെയ്യും?’ എന്ന പ്രതിവചിക്കുമ്പോൾ, ദൈവം സംപ്രീതനാവുന്നു. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ദൈവം കാണിച്ചു തരുകയും ചെയ്യും.
എൻ്റെ ഹൃദയത്തെ അനുകരിച്ചു “ഇതാ ഞാൻ’ എന്നു പറയുമ്പോൾ, തിരുഹൃദയത്തിൻ്റെ ഇഷ്ടം നാം നടപ്പാക്കുന്നു. എൻ്റെ ഹൃദയത്തെ അനുകരിക്കുമ്പോൾ, ഹൃദയങ്ങൾ കൃപയാൽ നിറയും, അവ പുണ്യങ്ങൾ അഭ്യസിക്കും, വിശുദ്ധിയിൽ നിലനില്ക്കുകയും ചെയ്യും. നിങ്ങളുടെ ഹൃദയങ്ങൾ ആഗ്രഹിക്കുന്ന എല്ലാ കൃപകളും ഞാൻ നിങ്ങൾക്കു വാങ്ങിത്തരാം. ഞാൻ അതിനെ നിത്യതയിലേക്കു സംരക്ഷിച്ചുകൊള്ളാം. നിങ്ങൾ നല്കുന്ന “ഇതാ ഞാൻ” മറു പടി ദൈവം ആഗ്രഹിക്കുന്നത് നിത്യതയ്ക്കു വേണ്ടിയാണ്. കുഞ്ഞുങ്ങളേ, ദിവസവും നിങ്ങൾ ഈ വാഗ്ദാനം പുതുക്കുക. ഞാൻ തരാൻ ആഗ്രഹിക്കുന്ന സമ്മാനത്തെപ്പറ്റി എല്ലാവരോടും പറയുക.
വഴികാട്ടി
അമ്മയുടെ ഹൃദയത്തിൽ, സംരക്ഷണത്തിനായി നമ്മുടെ ഹൃദയങ്ങളെ നമുക്കു നിക്ഷേപിക്കാം. വിമലഹൃദയത്തിൻ്റെ വിജയത്തിൻ്റെ ആഴവും പരപ്പും നമുക്കറിയില്ല. ബൃഹത്തായ ഒരു ആഘോഷത്തിനാണ് നമുക്കു ക്ഷണം കിട്ടിയിരിക്കുന്നത്. വളരെ അധികം ഹൃദയങ്ങൾ കീഴടക്കിയതാണ്, ആഘോഷകാരണം. വളരെ വ്യാപകമാണിതിൻ്റെ പരിണിതഫലങ്ങളും.
അമ്മയുടെ ഹൃദയവും, നമ്മുടെ ഹൃദയങ്ങളും ചേർന്നുണ്ടാകുന്ന കൂട്ടായ്മ വലിയ സന്തോഷത്തിനും ഭാരമുള്ള ഉത്തരവാദിത്വങ്ങൾക്കും കാരണമാകുന്നുണ്ട്. പങ്കുചേരുന്ന ഹൃദയങ്ങൾ വലിയ സംഭാവനകൾ നൽകേണ്ടിയിരിക്കുന്നു. അമ്മ ഇത് ആവശ്യപ്പെടുന്നുമുണ്ട്. പിതാവായ ദൈവം ആവശ്യപ്പെടുന്ന എല്ലാ കാര്യങ്ങളിലും നമുക്ക് സഹകരണം വാഗ്ദാനം ചെയ്യാം. എങ്ങനെ പ്രവർത്തിക്കേണ്ടൂ എന്നു മാത്രം പ്രതിവചിക്കാം. എന്തിനു വേണ്ടി എന്നുള്ള ചോദ്യം സമർപ്പണത്തിലൂടെ ഉപേക്ഷിച്ചല്ലോ? നമ്മുടെ സഹകരണത്തിൻ്റെ അളവും ആഴവും കൂടുന്നതിനുസരിച്ച്, ദൈവഹിതം കൂടുതൽ കൂടുതൽ നമുക്കു വെളിപ്പെട്ടു കിട്ടും. അങ്ങനെ നമ്മുടെ ഹൃദയങ്ങൾ, ദൈവത്തെ പ്രതിഫലിപ്പിക്കട്ടെ! നാം ഒന്നുമല്ലാതായി, ദൈവ ഹിതം എല്ലാമായി നമ്മുടെ ഹൃദയങ്ങൾ മാറട്ടെ!
പ്രവൃത്തിപഥം
സമർപ്പണത്തിൻ്റെ ഫലമായി നിങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും വിഷമതകളും സസന്തോഷം സ്വീകരിക്കുക. ഇവയെല്ലാം കുരിശുകളാണ്. ക്ഷമയോടെ അവയെ സ്വീകരിക്കാം. അവ നമുക്ക് വലിയ മുതൽക്കൂട്ടാകും. ലഭിക്കാൻ പോകുന്ന സ്വർഗ്ഗവുമായി താരതമ്യം ചെയ്യുമ്പോൾ, ഈ കുരിശുകൾ നിസ്സാരങ്ങളാണ്. സ്വർഗ്ഗത്തിൽ ഒരു നിമിഷംകൊണ്ട് ലഭിക്കുന്ന സന്തോഷത്തിന് തുല്യമല്ല ലോകത്തിലെ എല്ലാ കുരിശുകളും. സ്വർഗ്ഗം നിത്യമായി ലഭിക്കാൻ നാം എല്ലാം സഹിക്കാൻ തയ്യാറാകണം. ലോകത്തിലേക്കു ദൈവം ബുദ്ധിമുട്ടുകൾ അയയ്ക്കുമ്പോൾ നമുക്ക് ആത്മാവിൽ ആശ്വസിക്കാം; ദുഖിക്കാതിരിക്കാം. ഏറ്റവും വലിയ പുണ്യസമ്പത്തുമായി സ്വർഗ്ഗത്തിൽ പ്രവേശിക്കുന്ന വ്യക്തിക്ക് ഏറ്റം അധികം പ്രതിഫലം സ്വർഗ്ഗത്തിൽ ലഭിക്കും. ഇക്കാരണങ്ങളാലാണ്, ദൈവപിതാവ് നമുക്ക് പ്രതിസന്ധികളയയ്ക്കുന്നത്. അർഹതയുടെ അടിസ്ഥാനം പുണ്യങ്ങളാണെങ്കിൽ, പ്രവർത്തികളിൽ മാത്രമേ പുണ്യങ്ങൾ നിലനില്ക്കുകയുള്ളു. വളരെ ബുദ്ധിമുട്ടുകൾ ലഭിക്കുന്ന വ്യക്തി വളരെ സഹനം കാഴ്ചവയ്ക്കുന്നു. അവമാനം സ്വീകരിക്കുന്ന വ്യക്തി കൂടുതൽ എളിമപ്പെടുന്നു. ദുഃഖങ്ങൾ സമാധാനത്തിൽ സ്വീകരിക്കുന്ന ആത്മാവ് ഭാഗ്യമുള്ളത്. കാരണം അവർക്കു മഹത്വത്തിൻ്റെ കിരിടം പരിശുദ്ധ റൂഹാ നല്കും. വിശുദ്ധിയുടെ കിരീടവും പുണ്യങ്ങളുടെ ചെങ്കോലും അവർക്കുള്ളതാണ്. പരീക്ഷകൾ കൃപയിലേക്കുള്ള വഴികളാണ്; മറിയത്തിൻ്റെ വിമലഹൃദയത്തിൻ്റെ വിജയം സ്വർഗ്ഗത്തിനു അവകാശികളാക്കി നമ്മ മാറ്റുന്നു.
പ്രാർത്ഥന
പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമലഹൃദയമേ, എൻ്റെ സ്നേഹത്തെ പരിക്ഷിക്കാൻ ദൈവം അയക്കുന്ന സാഹചര്യങ്ങളിൽ ഞാൻ വിജയിക്കാൻ ഇടയാക്കണമെന്നു പ്രാർത്ഥിക്കുന്നു. സ്വർഗ്ഗത്തെപ്പറ്റിയുള്ള പ്രതീക്ഷ എൻ്റെ ഹൃദയത്തിൽ രൂഢമൂലമാകട്ടെ! ദിവ്യസ്നേഹം എൻ്റെ ആത്മാവിനെ സ്വർഗ്ഗോൻമുഖിയാകട്ടെ! പ്രിയ അമ്മേ, സംരക്ഷണത്തിനായി മാലാഖമാരെ അയച്ചുതരണമേ. അമ്മയുടെ സ്നേഹമസ്യണമായ സംരക്ഷണം ഞാൻ അനുഭവിക്കട്ടെ! അനുഗ്രഹീത കന്യകേ, അങ്ങയിൽ ഞാൻ ആശ്രയവും സങ്കേതവും കണ്ടെത്തട്ടെ!
പ്രാർത്ഥന
പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമല ഹൃദയമേ , ദൈവം നയിക്കുന്നിടത്തേക്ക് എൻ്റെ ആത്മാവ് സഞ്ചരിക്കുവാൻ അനുഗ്രഹിക്കണമേ . ദൈവത്തിനു പ്രീതികരമായത് ഏതെന്നു എനിക്ക് മനസ്സിലാക്കിത്തരേണമേ. ദൈവേച്ഛക്ക് എൻ്റെ ആത്മാവ് അടിമപ്പെടട്ടെ ! എൻ്റെ ഇച്ഛയെ ഞാൻ ഒരു ബലിയായി നല്കട്ടെ ! ഈ ബലി ദൈവത്തോടുള്ള എൻ്റെ ഐക്യത്തിൻ്റെ അടയാളമാകട്ടെ ! പരിശുദ്ധാത്മാവ് നയിക്കുന്നിടത്തേക്ക് എൻ്റെ ആത്മാവ് സഞ്ചരിക്കട്ടെ ! അങ്ങനെ ദൈവം ആഗ്രഹിക്കുന്നിടത്തുമാത്രം ഞാൻ ആയിരിക്കട്ടെ !
വചനം
“ ഇതാ , കർത്താവിൻ്റെ ദാസി ! നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ!” ( ലൂക്കാ 1:38 )
2. വിശ്വാസപ്രമാണം
സർവ്വശക്തനായ പിതാവും, ആകാശത്തിന്റെയും ഭൂമിയുടേയും സ്രഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും, ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും ഞാൻ വിശ്വസിക്കുന്നു. ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി, കന്യകാമറിയത്തിൽനിന്ന് പിറന്നു, പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിച്ച്, കുരിശിൽ തറയ്ക്കപ്പെട്ട്, മരിച്ച്, അടക്കപ്പെട്ട്, പാതാളങ്ങളിൽ ഇറങ്ങി, മരിച്ചവരുടെ ഇടയിൽ നിന്നും മൂന്നാംനാൾ ഉയിർത്തു, സ്വർഗ്ഗത്തിലേക്ക് എഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നു. അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയിർപ്പിലും, നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു. ആമ്മേൻ.
3. പ്രതിഷ്ഠാ ജപം
എന്റെ അമ്മയും രാജ്ഞിയുമായ പരിശുദ്ധ കന്യകാമറിയമേ, ഞാൻ എന്നെ പൂർണ്ണമായി അങ്ങേയ്ക്ക് സമർപ്പിക്കുന്നു. വിശിഷ്യ, എന്റെ കണ്ണുകളും കാതുകളും എന്റെ നാവും ഹൃദയവും അങ്ങയുടെ സംരക്ഷണത്തിന് സമർപ്പിക്കുന്നു. ഇന്നുമുതൽ അമ്മ എന്റെ സ്വന്തമാണ്, ഞാൻ അമ്മയുടേയും. എന്നെ കാത്തു സൂക്ഷിക്കണമേ.
4. ത്രികാല ജപം
കർത്താവിന്റെ മാലാഖ കർത്താവിന്റെ മാലാഖ പരിശുദ്ധ മറിയത്തോടു വചിച്ചു. പരിശുദ്ധാത്മാവാൽ മറിയം ഗർഭം ധരിച്ചു – 1 നന്മ.
ഇതാ കർത്താവിന്റെ ദാസി! നിന്റെ വചനം പോലെ എന്നിലാകട്ടെ! – 1 നന്മ.
വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു – 1 നന്മ.
ഈശോ മിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ, സർവ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
പ്രാർത്ഥിക്കാം
സർവ്വേശ്വരാ, മാലാഖയുടെ സന്ദേശത്താൽ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാര വാർത്ത അറിഞ്ഞിരിക്കുന്ന ഞങ്ങൾ, അവിടുത്തെ പീഡാനുഭവവും കുരിശുമരണവും മുഖേന ഉയിർപ്പിന്റെ മഹിമ പ്രാപിക്കാൻ അനുഗ്രഹിക്കണമെന്ന് ഞങ്ങളുടെ കർത്താവായ ഈശോമിശിഹാ വഴി അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. ആമ്മേൻ – 3 ത്രിത്വ.
5. പുണ്യങ്ങളുടെ ജപമാല
(ഏഴു പുണ്യങ്ങൾക്കു വേണ്ടിയുള്ള പ്രാർത്ഥന)
I) * പരിശുദ്ധ ദൈവമാതാവേ, വിശ്വാസം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ. (1 സ്വർഗ്ഗ, 1 ത്രിത്വ).
പരിശുദ്ധ റൂഹായെ, എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങൾ കാണാൻ എന്റെ കണ്ണുകൾ തുറക്കണമേ!.
പരിശുദ്ധ റൂഹായെ, എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങൾ ഗ്രഹിക്കാൻ എന്റെ മനസ്സിനു ശക്തി തരണമേ! അങ്ങനെ ഞാൻ ദൈവമഹത്ത്വം അന്വേഷിക്കട്ടെ! എന്റെ ചിന്തകളും വാക്കുകളും പ്രവർത്തികളും വിശുദ്ധീകരിക്കപ്പെട്ട് ഞാൻ ദൈവത്തിന്റെ സ്വന്തമാകട്ടെ!
II) പരിശുദ്ധ ദൈവമാതാവേ, ദൈവശരണം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
III) പരിശുദ്ധ ദൈവമാതാവേ, ദൈവസ്നേഹം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
IV) പരിശുദ്ധ ദൈവമാതാവേ, എളിമ എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
V) പരിശുദ്ധ ദൈവമാതാവേ, ക്ഷമ എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
VI) പരിശുദ്ധ ദൈവമാതാവേ, വിശുദ്ധിയിൽ നിലനിൽപ് എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
VII) പരിശുദ്ധ ദൈവമാതാവേ, അനുസരണം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
6.മാതാവിനോടുള്ള ജപം
പരിശുദ്ധ കന്യകാമറിയമെ, എന്റെ ഹൃദയത്തെ അങ്ങയുടേതായി സ്വീകരിക്കണമേ. പുണ്യംകൊണ്ട് അലങ്കരിച്ച വിശുദ്ധിയുടെ ഒരു പുഷ്പവലയംകൊണ്ട് അതിനെ സംരക്ഷിക്കേണമേ. പ്രിയപ്പെട്ട അമ്മേ, സമർപ്പണം ചെയ്ത അങ്ങയുടെ ഹൃദയംപോലെ, എന്റെ ഹൃദയത്തെ സ്വീകരിക്കേണമേ. ഞാൻ അങ്ങേയ്ക്കു നൽകിയ ഉപഹാരമായി അതിനെ പിതാവായ ദൈവത്തിനു നൽകണമേ. പരിശുദ്ധ മറിയമെ, ദിനംപ്രതി അങ്ങയുടെ ഹൃദയം കൂടുതൽ അറിയപ്പെടാൻ ഞാൻ കാരണമാകട്ടെ!
7.പന്തക്കുസ്‌ത പ്രാർത്ഥന
മിശിഹായുടെ ആത്മാവേ, എന്നെ ഉണർത്തണമേ.
മിശിഹായുടെ ആത്മാവേ, എന്നെ ചലിപ്പിക്കേണമേ.
മിശിഹായുടെ ആത്മാവേ, എന്നിൽ നിറയണമേ.
അങ്ങയുടെ മുദ്ര എന്റെ ആത്മാവിൽ പതിപ്പിക്കണമേ.
പിതാവായ ദൈവമേ, അങ്ങയുടെ ഹൃദയവും ഇഷ്ടങ്ങളും എന്റെ ഹൃദയത്തിൻ പതിപ്പിച്ചുറപ്പിക്കണമേ.
പിതാവായ ദൈവമേ, പുണ്യങ്ങളുടെ വറ്റാത്ത ഉറവ എന്നിൽ സൃഷ്ടിക്കണമേ.
പിതാവായ ദൈവമേ, എന്റെ ആത്മാവ് അങ്ങയുടെ പ്രതിഛായ പ്രതിഫലിപ്പിക്കട്ടെ! അങ്ങനെ എന്നിലൂടെ ലോകം അങ്ങയെ ദർശിക്കട്ടെ!
