എനിക്കു സഹായം എവിടെ നിന്നു വരും?

‘നിൽക്കുന്നു എന്നു  വിചാരിക്കുന്നവൻ  വീഴാതെ  സൂക്ഷിച്ചുകൊള്ളട്ടെ’ (1 കൊറി 10:12) എന്നു പൗലോസ് ശ്ലീഹാ  മുന്നറിയിപ്പു നൽകിയ ഒരു കാലം ഓർമ്മയുണ്ടോ? നാം ജീവിക്കുന്ന ഈ കാലഘട്ടം  അങ്ങനെയൊരു മുൻകരുതൽ എടുക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന വിധത്തിൽ അത്രയധികം അപകടസാധ്യതതകൾ നിറഞ്ഞ ഒന്നാണ്. ലോകം, പിശാച്, ശരീരം എന്നീ ത്രിവിധശത്രുക്കളുമായുള്ള യുദ്ധത്തിൽ സ്വന്തം ശക്തി കൊണ്ടു  വിജയം വരിക്കാം എന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ  അവരുടെ ഭോഷത്തത്തെയോർത്തു  സഹതപിക്കാനേ കഴിയൂ.

യഹൂദവംശത്തെ ഉന്മൂലനം ചെയ്യാൻ വേണ്ടി ഇരുപതിനായിരം  പട്ടാളക്കാരുടെ ഒരു സൈന്യത്തെ നിക്കാനോർ  എന്ന ക്രൂരനായ സൈന്യാധിപൻറെ  നേതൃത്വത്തിൽ അയച്ച ടോളമി രാജാവിൻറെ നടപടിയെക്കുറിച്ചു മക്കബായരുടെ പുസ്തകത്തിൽ നാം വായിക്കുന്നുണ്ട്. യുദ്ധത്തടവുകാരായി പിടിക്കപ്പെടുന്ന യഹൂദരെ  അടിമകളായി വിറ്റു പണം ശേഖരിക്കാൻ തീരുമാനിക്കുക മാത്രമല്ല,  ഒരു താലന്തിനു  തൊണ്ണൂറു യഹൂദ അടിമകൾ വിൽക്കപ്പെടുമെന്ന്  യുദ്ധം ആരംഭിക്കുന്നതിനു മുൻപു   തന്നെ നിക്കാനോർ  തീരദേശനഗരങ്ങളിൽ  ആളയച്ചു  പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. തീർന്നില്ല, അടിമകളായി പിടിക്കപ്പെടുന്ന യഹൂദരെ വാങ്ങാനായി ആയിരം കച്ചവടക്കാരെയും അവൻ   കൊണ്ടുവന്നിരുന്നു!  

ഇതു  കേട്ട   യഹൂദർ ഭയചകിതരായി.കാരണം  കഷ്ടിച്ച് ആറായിരം പേരടങ്ങുന്ന ഒരു സൈന്യത്തെ സ്വരൂപിക്കാനേ  അവർക്കു കഴിഞ്ഞിരുന്നുള്ളൂ.  എന്നാൽ  അവരുടെ  നേതാവായിരുന്ന യൂദാസ്   മക്കബേയൂസ്  ഒരു ധീരയോദ്ധാവ് എന്നതുപോലെതന്നെ ഒരു വിശ്വാസവീരനുമായിരുന്നു. തങ്ങൾക്കു നാളിതുവരെ വിജയം  നൽകിപ്പോന്നതു   തങ്ങളുടെ കഴിവോ കരബലമോ ആയുധശേഷിയോ അല്ല എന്നും തങ്ങളോടൊപ്പം യുദ്ധം ചെയ്യുന്ന കർത്താവിൻറെ കരങ്ങളാണ് എന്നും   അവൻ അറിഞ്ഞിരുന്നു. അതുകൊണ്ട് അവൻ തൻറെ ജനത്തോട് ഇങ്ങനെ പറഞ്ഞു. ‘അവർ ആയുധത്തിലും  സാഹസകൃത്യങ്ങളിലും ആശ്രയിക്കുന്നു.  നമുക്കെതിരെ വരുന്ന ശത്രുക്കളെയും ലോകം മുഴുവനെത്തന്നെയും  അംഗുലീ ചലനം കൊണ്ടു  തറപറ്റിക്കാൻ കഴിയുന്ന സർവശക്തനായ ദൈവത്തിലാണു  നമ്മുടെ പ്രത്യാശ’ ( 2 മക്ക 8:18). 

ആ ദൃഢമായ പ്രത്യാശയോടെ യഹൂദർ  ശത്രുക്കളെ നേരിട്ടു. എണ്ണത്തിൽ കുറവായിരുന്ന യഹൂദസൈന്യത്തെ  ശക്തിപ്പെടുത്താനായി  ‘വിശുദ്ധഗ്രന്ഥം ഉച്ചത്തിൽ വായിക്കാൻ  എലെയാസാറിനെ  നിയമിച്ചു’ ( 2 മക്ക  2:23)  എന്ന കാര്യം  എഴുതിവച്ചിരിക്കുന്നതു  നമുക്കൊരു മാതൃകയായിട്ടാണ്. യുദ്ധത്തിനിറങ്ങുമ്പോൾ  കൂടെ കൊണ്ടുനടക്കാൻ മാത്രമല്ല ഉറക്കെ വായിക്കാനും വേണ്ടിയാണു  നമുക്കു  വിശുദ്ധഗ്രന്ഥം നൽകപ്പെട്ടിരിക്കുന്നത് എന്ന കാര്യം  മറന്നുതുടങ്ങിടത്താണു  ക്രിസ്ത്യാനികളുടെ അധപതനം ആരംഭിച്ചത്. 

യുദ്ധത്തിൽ യഹൂദസൈന്യത്തിൻറെ അടയാളവാക്യം  ‘സഹായം ദൈവത്തിൽ നിന്ന്’ എന്നായിരുന്നു. ഇപ്രകാരം ദൈവത്തിൽ പ്രത്യാശയർപ്പിച്ച ഒരു ജനത്തെ ദൈവം കൈവിടുമോ?  യുദ്ധത്തിൻറെ ആദ്യ ദിവസം തന്നെ  യുദ്ധത്തിൻറെ ഗതി തങ്ങൾക്കനുകൂലമായി  ദൈവം തിരിച്ചുവിടുന്നത് അവർ അനുഭവിച്ചറിഞ്ഞു.  തങ്ങളെ അടിമകളാക്കാൻ വന്ന കച്ചവടക്കാരുടെ  പണം  അവർ പിടിച്ചെടുത്തു.  പിറ്റേന്ന് സാബത്തായിരുന്നു.  അന്നുകൂടി യുദ്ധം ചെയ്താൽ നിക്കാനോറിൻറെ സൈന്യത്തെ നിശേഷം തോൽപിക്കാമായിരുന്നു. എന്നാൽ യൂദാസും സൈന്യവും ആ ദിവസം ചെലവഴിച്ചത്  കർത്താവിനു നന്ദി പറയാനായിട്ടാണ്.  കൃത്യമായ സാബത്താചരണം  ശത്രുവിനെതിരെയുള്ള  ശക്തമായ ആയുധമാണെന്ന  സത്യവും മറന്നുപോയ  നമുക്കു   മക്കബായ പുസ്തകം വായിക്കുമ്പോൾ തീർച്ചയായും ലജ്ജ തോന്നണം.  സാബത്തിൻറെ പിറ്റേന്നു യുദ്ധം തുടർന്ന അവർക്കു  ശത്രുവിനെ പൂർണമായി പരാജയപ്പെടുത്താൻ ഏറെ ക്ലേശിക്കേണ്ടിവന്നില്ല. 

സഹായം ആവശ്യമുള്ളപ്പോൾ കർത്താവിലേക്കു  തിരിയുക എന്ന കാര്യം മറന്നുപോകുന്നതാണു  നമ്മുടെ പരാജയകാരണം. അതറിഞ്ഞിരുന്ന സങ്കീർത്തകൻ ഇങ്ങനെ എഴുതി.  ‘പർവതങ്ങളിലേക്കു  ഞാൻ കണ്ണുകൾ ഉയർത്തുന്നു; എനിക്കു സഹായം എവിടെ നിന്നു വരും? എനിക്കു സഹായം കർത്താവിൽ നിന്നു വരുന്നു; ആകാശവും ഭൂമിയും സൃഷ്ടിച്ച കർത്താവിൽ നിന്ന്’ (സങ്കീ. 121:1-2).

നിൽക്കുന്നു എന്നു  വിചാരിക്കുന്നവരാണു നാം. എന്നാൽ കാറ്റത്തുലയുന്ന ഞാങ്ങണയെക്കാൾ ദുർബലമായ ഒരു വിശ്വാസത്തിൻറെ അടിത്തറയിൽ  നിന്നുകൊണ്ടാണു  നാം ഈ  ആത്മപ്രശംസ ചെയ്യുന്നത് എന്നോർക്കണം.  ഏതു  നിമിഷവും ഉടഞ്ഞുപോയേക്കാവുന്ന കളിമൺ പാത്രങ്ങളിലാണ്  നമ്മുടെ വിശ്വാസം സംരക്ഷിക്കപ്പെടുന്നത് എങ്കിൽ മൂന്നാം സ്വർഗം വരെ ഉയർത്തപ്പെട്ട പൗലോസ് ശ്ലീഹായുടെ വാക്കുകൾ നാം ഭയത്തോടും വിറയലോടും കൂടെ ധ്യാനിക്കണം. ‘മറ്റുളളവരോടു സുവിശേഷം പ്രസംഗിച്ച ഞാൻ തന്നെ തിരസ്കൃതനാകാതിരിക്കുന്നതിന് എൻറെ  ശരീരത്തെ  ഞാൻ കർശനമായി നിയന്ത്രിച്ചു കീഴടക്കുന്നു’ (1കൊറി  9:27).

പൗലോസ് ശ്ലീഹായെപ്പോലൊരാൾ  താൻ വീണുപോയേക്കും എന്നു  ഭയപ്പെടുമ്പോൾ  അല്പവിശ്വാസികളായ നാം ഒരിക്കലും വീഴില്ല എന്നഹങ്കരിക്കുന്നു.  ഈ ആത്മീയ അഹങ്കാരം  നമ്മെ നശിപ്പിക്കും എന്നുറപ്പ്.  അതിനുള്ള പ്രതിവിധി ‘പരമമായ ശക്തി  ദൈവത്തിൻറേതാണ്. നമ്മുടേതല്ല’ ( 2  കൊറി  4:7) എന്നു  വീണ്ടും വീണ്ടും ഏറ്റുപറയുക എന്നതാണ്.  ‘നിൻറെ കാൽ വഴുതാൻ  അവിടുന്നു സമ്മതിക്കുകയില്ല; നിന്നെ കാക്കുന്നവൻ ഉറക്കം തൂങ്ങുകയില്ല’ (സങ്കീ. 121:3) എന്ന തിരുവചനത്തിൽ വിശ്വസിച്ചുകൊണ്ട് നമുക്കു യുദ്ധം ചെയ്യാം.  നമ്മുടെ ശത്രുക്കളെ മാത്രമല്ല  ഈ പ്രപഞ്ചം മുഴുവനെയും തൻറെ അംഗുലീചലനം കൊണ്ടു നിയന്ത്രിക്കുന്ന കർത്താവായ ദൈവം നമ്മുടെ കൂടെയുണ്ടെങ്കിൽ പിന്നെ ഭയമെന്തിന്!

‘നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ  നമ്മുടെ ദൈവമായ കർത്താവു നമുക്കു സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം  ഇത്ര അടുത്തുള്ള വേറെ ഏതു  ശ്രേഷ്ഠ ജനതയാണുള്ളത്?’ (നിയമാ 4:7). ഇത് അറിഞ്ഞിരുന്നിട്ടും ശത്രുവിൻറെ തന്ത്രങ്ങൾക്കു  മുൻപിൽ   നാം പതറിപ്പോകുന്നെങ്കിൽ   നമ്മുടെ വിശ്വാസം കർത്താവു പറഞ്ഞ കടുകുമണിയോളമെങ്കിലും ഉണ്ടോ എന്ന് ആത്മപരിശോധന ചെയ്യേണ്ട  സമയം  ആയിരിക്കുന്നു.  

ഈ വചനത്തിൻറെ ശക്തി സ്വന്തം ജീവിതത്തിൽ അനുഭവിച്ചറിഞ്ഞ ദാവീദിനോടൊപ്പം നമുക്കും  ആത്മവിശ്വാസത്തോടെ ഏറ്റുപറയാം. ‘ ഞാൻ വിളിച്ചപേക്ഷിച്ച നാളിൽ  അവിടുന്ന് എനിക്ക് ഉത്തരമരുളി.  എവിടുന്ന് എൻറെ ആത്മാവിൽ ധൈര്യം പകർന്ന് എന്നെ ശക്തിപ്പെടുത്തി’ ( സങ്കീ. 138:3).