പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: ഏഴാം തീയതി

“ദൂതന്‍ മറുപടി പറഞ്ഞു: പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും. ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്‍, ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും” (ലൂക്കാ 1:35).

പരിശുദ്ധ കന്യകയുടെ വരപ്രസാദ യോഗ്യത

ദൈവം ഒരു വ്യക്തിയെ പ്രത്യേക ജോലിക്കോ, ദൗത്യനിര്‍വഹണത്തിനോ, ജീവിതാന്തസ്സിലേക്കോ തെരഞ്ഞെടുത്താല്‍ അതിനാവശ്യമായ ആധ്യാത്മികവും, മാനസികവും, ശാരീരികവുമായ ദാനങ്ങളാല്‍ ആ വ്യക്തിയെ സമലങ്കരിക്കുമെന്ന് വി. തോമസ്‌ അക്വിനാസ് പ്രസ്താവിച്ചിട്ടുണ്ട്. അപ്പോള്‍ ദൈവമാതാവ് എന്ന ഉന്നത സ്ഥാനത്താല്‍ സമലംകൃതയാണെന്നും പ. കന്യകാമറിയത്തിനു ദൈവം എത്ര അസാധാരണമായ ദാനങ്ങള്‍ നല്‍കപ്പെട്ടിരിന്നുവെന്നും ചിന്തിച്ചു നോക്കൂ.

അമലോത്ഭവയായ പരിശുദ്ധ കന്യകയ്ക്കു സകല‍ വിശുദ്ധരെയും മാലാഖമാരെയേക്കാള്‍ അവര്‍ണ്ണനീയമായ യോഗ്യത ലഭിച്ചു. പ്രകൃത്യാതീതവും പ്രകൃത്യേതരമായ ദാനങ്ങളും പരിശുദ്ധാരൂപിയുടെ ദാനങ്ങളും ഫലങ്ങളും എല്ലാം പരിശുദ്ധ കന്യകയില്‍ അതിന്‍റെ ഏറ്റവും വലിയ പൂര്‍ണതയില്‍ പ്രശോഭിച്ചിരുന്നു. പരിശുദ്ധ കന്യക സകല സ്ത്രീകളിലും ഏറ്റവും അനുഗൃഹീതയാണ്. ഈ ലോകത്തില്‍ ജനിച്ചിട്ടുള്ള മറ്റു വ്യക്തികള്‍ക്ക് സ്വമാതാവിനെ തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യമില്ല. എന്നാല്‍ ഈശോമിശിഹായ്ക്കു മാത്രമേ സ്വമാതാവിനെ തെരഞ്ഞെടുക്കാന്‍ സാധിച്ചുള്ളൂ.

മിശിഹാനാഥന്‍ മറിയത്തെ തെരഞ്ഞെടുത്തപ്പോള്‍ അവള്‍ സകല‍ സ്ത്രീകളിലും അനുഗൃഹീതയായിത്തീര്‍ന്നു. ദൈവത്തിന് ഈ ലോകം പോലെ മറ്റനേകം ലോകങ്ങളെ സൃഷ്ടിക്കുവാന്‍ സാധിക്കും. എന്നാല്‍ പരിശുദ്ധ കന്യകയേക്കാള്‍ പരിപൂര്‍ണയായ ഒരു മാതാവിനെ സൃഷ്ടിക്കുവാന്‍ സാധിക്കയില്ലയെന്ന്‍ വി. ബൊനവന്തുര പ്രസ്താവിക്കുന്നു. സകല ഗുണങ്ങളും നല്കി കൊണ്ട് ദൈവം കൊടുത്ത പേരാണ് മേരി. ക്രിസ്തീയ സുകൃതങ്ങളുടെ അനുഷ്ഠാനത്തിലൂടെ നമുക്ക് അനുഗൃഹീതരാകുവാന്‍ പരിശ്രമിക്കാം. അതിനായി പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം നമ്മുക്ക് തേടാം.

സംഭവം

ഒരിക്കല്‍ കുറെ ആള്‍ക്കാര്‍ വി.അല്‍ഫോന്‍സ് ലിഗോരിയുടെ അടുക്കല്‍ ഒരു മൃതശരീരം കൊണ്ടുവന്നു. ആ മരിച്ച മനുഷ്യനെ ജീവിപ്പിക്കണമെന്ന് അവര്‍ അല്‍ഫോന്‍സ് ലിഗോരിയോട് ആവശ്യപ്പെട്ടു. വിശുദ്ധന്‍, പരിശുദ്ധ കന്യകയോടുള്ള അദ്ദേഹത്തിന്‍റെ സുദൃഢമായ വിശ്വാസം പ്രഖ്യാപിച്ചുകൊണ്ട് ദൈവത്തോടു പ്രാര്‍ത്ഥിച്ചു. അനേകം ആളുകള്‍ നോക്കി നില്‍ക്കെ അത്ഭുതം നടന്നു. മരിച്ചുവെന്ന് അവര്‍ വിധിയെഴുതിയ ആള്‍ കണ്ണു തുറന്നു. അയാള്‍ ശ്വാസോച്ഛ്വാസം നടത്താന്‍ തുടങ്ങി. കാഴ്ച കണ്ടവരെല്ലാം പകച്ചു നിന്നു പോയി. ഈ സംഭവം വി. ലിഗോരി തന്നെ ജീവിതകഥയായി വിവരിച്ചിട്ടുണ്ട്.

പ്രാര്‍ത്ഥന:

ദൈവമേ, അവിടുന്ന്‍ സകല‍ വിശുദ്ധരുടെയും വിശുദ്ധിയെ അതിലംഘിക്കുന്ന വിശുദ്ധിയുടെ പരിവേഷത്താല്‍ പരിശുദ്ധ കന്യകയെ അലങ്കരിച്ചുവല്ലോ. ജ്ഞാനസ്നാന സ്വീകരണത്തില്‍ ലഭിച്ച പ്രസാദവരത്തെ കളങ്കപ്പെടുത്താതെ നിര്‍മ്മലമായ ജീവിതം നയിക്കുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കണമേ. അനുദിനം ഞങ്ങളുടെ ജീവിതാന്തസ്സിന്‍റെ ചുമതലകള്‍ യഥാവിധി നിര്‍വഹിച്ചുകൊണ്ട് ഉത്തരോത്തരം വിശുദ്ധിയില്‍ ആഴപ്പെട്ടുകൊണ്ട് അങ്ങേ ദിവ്യജനനിയെ ഞങ്ങള്‍ അനുഗമിക്കട്ടെ.

വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം

എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്, നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു, നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കേട്ടരുളേണമേ.

ആമ്മേനീശോ.

* ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(മൂന്നു പ്രാവശ്യം ചൊല്ലുക).

ദൈവമാതാവിന്റെ ലുത്തിനിയ

കര്‍ത്താവേ! അനുഗ്രഹിക്കണമേ,

മിശിഹായെ! അനുഗ്രഹിക്കണമേ,

കര്‍ത്താവേ! അനുഗ്രഹിക്കണമേ,

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,

റൂഹാദക്കുദീശാ തമ്പുരാനേ,

എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ,

പരിശുദ്ധ മറിയമേ

(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

ദൈവകുമാരന്‍റെ പുണ്യജനനി,

കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ,

മിശിഹായുടെ മാതാവേ,

ദൈവപ്രസാദവരത്തിന്‍റെ മാതാവേ,

എത്രയും നിര്‍മ്മലയായ മാതാവേ,

അത്യന്ത വിരക്തിയുള്ള മാതാവേ,

കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ,

കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ,

സ്നേഹഗുണങ്ങളുടെ മാതാവേ,

അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ,

സദുപദേശത്തിന്‍റെ മാതാവേ,

സ്രഷ്ടാവിന്‍റെ മാതാവേ,

രക്ഷിതാവിന്‍റെ മാതാവേ,

വിവേകൈശ്വര്യമുള്ള കന്യകേ,

പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ,

സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ,

വല്ലഭമുള്ള കന്യകേ,

കനിവുള്ള കന്യകേ,

വിശ്വാസവതിയായിരിക്കുന്ന കന്യകേ,

നീതിയുടെ ദര്‍പ്പണമേ,

ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ,

ഞങ്ങളുടെ തെളിവിന്‍റെ കാരണമേ,

ആത്മജ്ഞാന പൂരിത പാത്രമേ,

ബഹുമാനത്തിന്‍റെ പാത്രമേ,

അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,

ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ,

ദാവീദിന്‍റെ കോട്ടയെ,

നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ,

സ്വര്‍ണ്ണാലയമേ,

വാഗ്ദാനത്തിന്‍റെ പെട്ടകമേ,

ആകാശ മോക്ഷത്തിന്‍റെ വാതിലേ,

ഉഷകാലത്തിന്‍റെ നക്ഷത്രമേ,

രോഗികളുടെ സ്വസ്ഥാനമേ,

പാപികളുടെ സങ്കേതമേ,

വ്യാകുലന്‍മാരുടെ ആശ്വാസമേ,

ക്രിസ്ത്യാനികളുടെ സഹായമേ,

മാലാഖമാരുടെ രാജ്ഞി,

ബാവാന്മാരുടെ രാജ്ഞി,

ദീര്‍ഘദര്‍ശികളുടെ രാജ്ഞി,

ശ്ലീഹന്‍മാരുടെ രാജ്ഞി,

വേദസാക്ഷികളുടെ രാജ്ഞി,

വന്ദനീയന്‍മാരുടെ രാജ്ഞി,

കന്യാസ്ത്രീകളുടെ രാജ്ഞി,

സകല‍ പുണ്യവാന്മാരുടെയും രാജ്ഞി,

അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി,

സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി,

പരിശുദ്ധ ജപമാലയുടെ രാജ്ഞി,

സമാധാനത്തിന്‍റെ രാജ്ഞി,

കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി.

ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ,

(കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ)

ഭൂലോക പാപങ്ങളെ നീക്കുന്ന….

(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.)

ഭൂലോക പാപങ്ങളെ നീക്കുന്ന…..

(കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.)

ജപം

സര്‍വ്വേശ്വരന്‍റെ പുണ്യസമ്പൂര്‍ണ്ണയായ മാതാവേ, ഇതാ നിന്‍റെ പക്കല്‍ ഞങ്ങള്‍ ആശ്രയിക്കുന്നു. ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ നീ ത്യജിക്കല്ലേ. ഭാഗ്യവതിയും ആശീര്‍വദിക്കപ്പെട്ടവളുമായ അമ്മേ, സകല ആപത്തുകളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.

കാര്‍മികന്‍: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.

സമൂഹം: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

കര്‍ത്താവേ! മുഴുവന്‍ മനസ്സോടു കൂടെ അങ്ങയുടെ മുമ്പില്‍ നില്‍ക്കുന്ന ഈ കുടുംബത്തെ (ഈ കൂട്ടത്തെ) തൃക്കണ്‍പാര്‍ത്ത് എപ്പോഴും കന്യകയായിരിക്കുന്ന മറിയത്തിന്‍റെ അപേക്ഷയാലെ സകല ശത്രുക്കളുടെ ഉപദ്രവങ്ങളില്‍ നിന്ന് കൃപചെയ്തു രക്ഷിച്ചു കൊള്ളണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ചു ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.

ജപം

പരിശുദ്ധ രാജ്ഞി, കരുണയുടെ മാതാവേ, സ്വസ്തീ! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തീ! ഹവ്വായുടെ പുറംതള്ളപ്പെട്ട മക്കളായിരിക്കുന്ന ഞങ്ങള്‍ അങ്ങേപ്പക്കല്‍ നെടുവീര്‍പ്പിടുന്നു. ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ! അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ‍ തിരിക്കണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്‍റെ അനുഗൃഹീത ഫലമായ ഈശോയെ, ഞങ്ങള്‍ക്കു കാണിച്ചു തരണമേ, കരുണയും വാത്സല്യവും നിറഞ്ഞ കന്യകാമറിയമേ! ആമ്മേന്‍.

കാര്‍മികന്‍: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.

സമൂഹം: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

സര്‍വശക്തനും, നിത്യനുമായിരിക്കുന്ന സര്‍വ്വേശ്വരാ, ഭാഗ്യവതിയായിരിക്കുന്ന മറിയത്തിന്‍റെ ആത്മാവും ശരീരവും റൂഹാദക്കുദിശായുടെ അനുഗ്രഹത്താലെ നിന്‍റെ ദിവ്യപുത്രന് യോഗ്യമായ പീഠമായിരിപ്പാന്‍ പൂര്‍വികമായി നീ നിയമിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ നിനച്ചു സന്തോഷിക്കുന്ന ഞങ്ങള്‍, ഇവരുടെ അനുഗ്രഹമുള്ള അപേക്ഷയാലെ ഈ ലോകത്തിലുള്ള സകല‍ ആപത്തുകളില്‍ നിന്നും, നിത്യമരണത്തില്‍ നിന്നും രക്ഷിക്കപ്പെടുവാന്‍ കൃപ ചെയ്യണമേ. ഈ യാചനകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ച് ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.

പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ

പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

സുകൃതജപം

സ്വര്‍ഗ്ഗരാജ്ഞിയായ മറിയമേ, ഭൂവാസികളായ ഞങ്ങള്‍ക്കും നീ രാജ്ഞിയായിരിക്കേണമേ.