യേശുവിനു നന്ദി പറയുന്ന ലാസർ
———————————————
‘കർത്താവു ഞങ്ങൾക്കുവേണ്ടി വൻ കാര്യങ്ങൾ ചെയ്തിരിക്കുന്നു. ഞങ്ങൾ സന്തോഷിക്കുന്നു’ ( സങ്കീ. 126:3)
ഇപ്പോൾ ഏറ്റവുമധികം സന്തോഷിക്കുന്നതു ലാസറാണ്. പാപത്തിൻറെ ചെളിക്കുണ്ടിലാഴ്ന്നിരുന്ന തൻറെ സഹോദരിയെ യേശു രക്ഷിച്ചു. തൻറെ സന്തോഷം പങ്കുവയ്ക്കാനും കൃതജ്ഞത അറിയിക്കാനും യേശുവിനെ കാണാൻ അവൻ വെമ്പൽ കൊണ്ടു. ബഥാനിയായ്‍ക്ക് അടുത്തൊരിടത്തു യേശുവും ശിഷ്യന്മാരും എത്തിയിട്ടുണ്ടെന്ന് ലാസർ അറിഞ്ഞു. വിവരം അറിഞ്ഞ ഉടനെ തന്നെ ലാസർ അവിടേയ്ക്കു പുറപ്പെട്ടു. യേശുവിനെ കണ്ടമാത്രയിൽ ഓടിയെത്തി താണുവണങ്ങി. അതിനുശേഷം തൻറെ സ്നേഹചുംബനങ്ങൾ നൽകി.
ലാസറിനു സംസാരിക്കാൻ വാക്കുകൾ കിട്ടുന്നില്ല. സന്തോഷാധിക്യത്താൽ അവൻ പൊട്ടിക്കരയുകയാണ്. യേശു തൻറെ സ്നേഹിതനെ കെട്ടിപ്പുണർന്നുകൊണ്ടു ചോദിച്ചു; “എന്താ, ഇനിയും നീ കരയുകയാണോ!” ഇടറുന്ന വാക്കുകളിൽ ലാസർ പറഞ്ഞൊപ്പിച്ചു; “ഗുരോ, ഇതു സങ്കടത്തിൻറെ കണ്ണീരല്ല, സന്തോഷത്തിൻറെ, സ്നേഹത്തിൻറെ കണ്ണീരാണ്… നന്ദി ഗുരോ.. നന്ദി… ഓ എനിക്കു സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വിധത്തിൽ എൻറെ സഹോദരി മാറിയിരിക്കുന്നു. അവളോടു താരതമ്യപ്പെടുത്തുമ്പോൾ ഞങ്ങൾ ഇപ്പോൾ ഒന്നുമല്ലാതായിരിക്കുന്നു. അവളുടെ വിശ്വാസതീക്ഷ്ണത… എളിമ… വിശുദ്ധി…. ദൈവസ്നേഹം…. ഓ അവൾ ഇപ്പോൾ ഒരു അഗ്നിജ്വാലയായി മാറിക്കഴിഞ്ഞു. അവളുടെ മൊഴികളിൽ ജ്ഞാനം നിറഞ്ഞിരിക്കുന്നു. എനിക്കും മാർത്തയ്ക്കും ഇപ്പോൾ അവൾ ഒരു പ്രചോദനമാണ്. എൻറെ കർത്താവേ, എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടുപോയെന്നു ഞങ്ങൾ കരുതിയ അമൂല്യരത്നത്തെ നീ ചവറ്റുകൂനയിൽ നിന്നെടുത്തു ഞങ്ങൾക്കു തിരികെത്തന്നുവല്ലോ..” കണ്ണീരിനിടയിലൂടെ ലാസർ എന്തൊക്കെയോ പറയുന്നുണ്ട്. സന്തോഷം നിയന്ത്രിക്കാൻ പറ്റാതെ അവൻ യേശുവിനെ വീണ്ടും കെട്ടിപ്പുണർന്നു.
അല്പസമയം കഴിഞ്ഞപ്പോൾ യേശു മുൻപോട്ടു നടന്നുകൊണ്ടു ലാസറിനോടായി പറയാൻ തുടങ്ങി; ” സ്നേഹിതാ, മറിയം അവളുടെ അസ്തിത്വത്തിൻറെ എല്ലാ ശക്തിയും നന്മയുടെ വഴിയിലേക്ക് തിരിച്ചുവിട്ടിരിക്കുകയാണ്. തിന്മയുടെ വഴിയിലൂടെ സഞ്ചരിച്ച വർഷങ്ങൾ അവൾക്കു നൽകിയ അനുഭവങ്ങൾ ഇനിയങ്ങോട്ട് നന്മയിൽ മുന്നേറുന്നതിന് അവളെ കൂടുതൽ ശക്തിപെടുത്തുന്നു. അവളെ നന്മയുടെ വഴിയിൽ ഉറച്ചുനിൽക്കാൻ പ്രേരിപ്പിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. … അതായത് ഒരിക്കൽ അവൾ തന്നെത്തന്നെ പൂർണ്ണമായി തിന്മയ്ക്കു അർപ്പിച്ചതുപോലെ ഇന്ന് അവളെ നന്മയ്ക്കുവേണ്ടി ദൈവത്തിനു പൂർണ്ണമായി സമർപ്പിച്ചിരിക്കുകയാണ്. സർവപ്രധാനമായ കൽപന എന്താണ്? ‘നീ നിൻറെ ദൈവമായ കർത്താവിനെ പൂർണഹൃദയത്തോടും പൂർണ്ണ ആത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കുക’ എന്നല്ലേ. മറിയം അതിൽ മുന്നേറിക്കൊണ്ടിരിക്കുന്നു. ഇനിയും അവൾ വളരെയധികം മുന്നേറും…” യേശു ലാസറിനെ നോക്കി പുഞ്ചിരിച്ചു. ലാസറിനു സന്തോഷമായി. യേശു അവനെ കൈ ഉയർത്തി അനുഗ്രഹിച്ചു. ലാസർ നിറഞ്ഞ ഹൃദയത്തോടെ ബഥാനിയയിലേക്കു തിരികെപ്പോയി.
ലാസർ രോഗബാധിതനാകുന്നു
——————————————
‘ എന്നെക്കുറിച്ചുള്ള തൻറെ നിശ്ചയം കർത്താവു നിറവേറ്റും. കർത്താവേ, അവിടുത്തെ കാരുണ്യം അനന്തമാണ്. അങ്ങയുടെ സൃഷ്ടിയെ ഉപേക്ഷിക്കരുതേ’ ( സങ്കീ. 138:8)
ലാസറിൻറെ ആരോഗ്യസ്ഥിതി മോശമായിക്കൊണ്ടിരുന്നു. നേരത്തെയുണ്ടായിരുന്ന ശാരീരികപീഡകൾ വർധിച്ചുവരികയാണ്. കാലിലെ വ്രണങ്ങൾ സൗഖ്യമാകാത്തതിനാൽ നടക്കുവാൻ പോലും അവൻ ബുദ്ധിമുട്ടുകയാണ്. ശയ്യാവലംബിയായ ലാസറിനെ കാണാൻ യേശുവും ശിഷ്യന്മാരും ബഥാനിയയിലേക്ക് യാത്ര തിരിച്ചു. അവർ വരുന്നുണ്ടെന്ന വിവരം പരിചാരകരിൽ നിന്നറിഞ്ഞ മാർത്തയും മറിയവും അവരെ സ്വീകരിക്കാൻ വീട്ടിനു പുറത്തക്ക് ഓടിച്ചെന്നു. യേശുവിനെ ദൂരെവച്ചുതന്നെ കണ്ട മറിയം മാർത്തയേക്കാൾ മുൻപേ ഓടി ‘റബ്ബോനി’ എന്നു വിളിച്ചുകൊണ്ട് യേശുവിൻറെ മുൻപിൽ മുട്ടുകുത്തി അവൻറെ പാദങ്ങൾ ചുംബിച്ചു. മാർത്ത തൻറെ ഉറക്കമൊഴിഞ്ഞ കണ്ണുകൾ കൊണ്ട് യേശുവിനെ നോക്കിയിട്ടു കരച്ചിലോടെ പറഞ്ഞു; ” ഗുരുവേ, അങ്ങേയ്ക്ക് എല്ലാം സാധ്യമാണല്ലോ. എൻറെ സഹോദരനെ സുഖപ്പെടുത്തണമേ.” മാർത്ത ഇതു പറഞ്ഞയുടനെ മറിയം ശിരസ്സുയർത്തി യേശുവിൻറെ മുഖത്തേക്കു നോക്കിക്കൊണ്ട് അപേക്ഷിച്ചു; “നല്ലവനായ ഗുരോ, ലാസർ കഠിനവേദന സഹിക്കുന്നു. അവൻ ആകെ ക്ഷീണിച്ചുപോയി. വേദനകൊണ്ടു പുളയുകയാണവൻ. ഇങ്ങനെ തുടർന്നാൽ അവൻ മരിച്ചുപോകും. എൻറെ കർത്താവേ, അങ്ങു കരുണ തന്നെയാണല്ലോ! അവൻറെ മേൽ കരുണയായിരിക്കണമേ”
വിതുമ്പിക്കരയുന്ന ആ രണ്ടു സഹോദരിമാരെയും സ്നേഹത്തോടെയും അതിരറ്റ വാത്സല്യത്തോടെയും നോക്കിക്കൊണ്ട് യേശു പറഞ്ഞു; “ഞാൻ കരുണ തന്നെയാണ്. തീർച്ചയായും എനിക്ക് എല്ലാം സാധ്യവുമാണ്. എന്നാൽ അവനുവേണ്ടിയുള്ള അത്ഭുതത്തിന് ഇനിയും സമയമായിട്ടില്ല. അവനു നല്ല ധൈര്യമുണ്ട്. നിങ്ങൾക്കാണു ധൈര്യമില്ലാത്തത്. നിങ്ങൾ ധൈര്യമായിരിക്കുക. അതോടൊപ്പം ദൈവത്തിൻറെ ഹിതം നിറവേറ്റുവാൻ അവനെ സഹായിക്കുന്നവരായി മാറുകയും ചെയ്യുവിൻ”
ഗുരു പറഞ്ഞതിൻറെ അർത്ഥം പൂർണ്ണമായി ഉൾക്കൊള്ളാൻ മാർത്തയ്ക്കു സാധിച്ചില്ല. വിതുമ്പിക്കൊണ്ട് മാർത്ത ചോദിച്ചു; “അപ്പോൾ അവൻ മരിക്കണമെന്നാണോ നീ പറയുന്നതിൻറെ അർത്ഥം?”
യേശു അതിനു മറുപടിയൊന്നും പറയാതെ മൗനം അവലംബിക്കുന്നതുകണ്ടപ്പോൾ മറിയം കരയുവാൻ തുടങ്ങി. എന്നാൽ അപ്പോഴും അവളിൽ മുന്നിട്ടുനിന്നതു സഹോദരസ്നേഹത്തേക്കാൾ കൂടുതലായി യേശുവിനോടുള്ള സമർപ്പണമായിരുന്നു. അവൾ ശക്തി സംഭരിച്ചു പതുക്കെ യേശുവിനോടു പറഞ്ഞു; ” കർത്താവേ, അവൻറെ ആരോഗ്യസ്ഥിതി കണ്ടിട്ട്, ഉടനെ തന്നെ അങ്ങയെ അനുഗമിക്കാൻ സാധിക്കാതെ വരുമോ എന്നു ഞാൻ ഭയപ്പെടുന്നു”. യേശു അവളെ നോക്കി ചെറുതായി പുഞ്ചിരിച്ചെങ്കിലും ഒന്നും ഉരിയാടിയില്ല. അവൻ തിടുക്കത്തിൽ വീടിനുള്ളിൽ കടന്നു രോഗിയായ തൻറെ സ്നേഹിതൻ ലാസർ കിടന്നിരുന്ന മുറിയിലേക്കു പോയി അവനെ ആശ്വസിപ്പിച്ചു.
(തുടരും)