പരിശുദ്ധ അമ്മ മഗ്ദലേനാമറിയത്തെ പഠിപ്പിക്കുന്നു
‘അവൾ ദൈവശക്തിയുടെ ശ്വാസവും സർവശക്തൻറെ മഹത്വത്തിൻറെ ശുദ്ധമായ നിസരണവുമാണ്. മലിനമായ ഒന്നിനും അവളിൽ പ്രവേശനമില്ല. നിത്യതേജസ്സിൻറെ പ്രതിഫലനമാണവൾ. ദൈവത്തിൻറെ പ്രവർത്തനങ്ങളുടെ നിർമലദർപ്പണം. അവിടുത്തെ നന്മയുടെ പ്രതിരൂപം. ഏകയെങ്കിലും സകലതും അവൾക്കു സാധ്യമാണ് ‘ ( ജ്ഞാനം 7 :25-27)
മഗ്ദലേനാമറിയം പരിശുദ്ധ അമ്മയുടെ കൂടെയാണു നടക്കുന്നത്. അവളുടെ സംശയങ്ങൾക്കെല്ലാം അമ്മ എളിമയോടെ മറുപടി കൊടുക്കുന്നു. അമ്മയോടു ചേർന്നുനടക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു ആനന്ദവും സമാധാനവും മറിയം അനുഭവിക്കുന്നുണ്ട്. ‘അമ്മ തൻറെ പുത്രൻറെ പ്രിയശിഷ്യയെ നോക്കി പറയുന്നു; “പ്രാർത്ഥനയാണ് യേശുവിൻറെ ജീവിതത്തിൻറെ എല്ലാം. എൻറെ ജീവിതത്തിലും അങ്ങനെതന്നെ. എൻറെ മകനു വിശ്രമം എന്നുപറയുന്നതു പ്രാർത്ഥനയാണ്. അതിൽ നിന്നും പുതുശക്തി ആർജ്ജിച്ച് അവൻ ഉണർന്നെഴുന്നേൽക്കുന്നു. പ്രഭാതം മുതൽ പ്രദോഷം വരെയും ആത്മാക്കളെ നേടാനായി മടുപ്പുകൂടാതെ അധ്വാനിക്കുന്ന നല്ല ഇടയനാണവൻ”. അമ്മ പറയുന്നതെല്ലാം മറിയം സശ്രദ്ധം കേൾക്കുന്നുണ്ട്.
അപ്പോഴാണ് അമ്മയുടെ ചോദ്യം; ” മറിയം. നീ ഇപ്പോൾ പ്രാർത്ഥിക്കുവാൻ തുടങ്ങിയല്ലോ. എന്താണു മകളേ നിൻറെ അനുഭവം?” ആ ചോദ്യത്തിൽ അടങ്ങിയ വാത്സല്യം മറിയത്തിനു തിരിച്ചറിയാൻ കഴിയും. അവൾ പെട്ടെന്നുതന്നെ ഉത്തരം കൊടുക്കുന്നു; “ഇപ്പോൾ ഞാൻ നന്നായി പ്രാർത്ഥിക്കുന്നുണ്ടമ്മേ. രാത്രിയിലും എനിക്കു പ്രാർത്ഥിക്കുവാൻ കഴിയുന്നുണ്ട്. ഓരോ ദിവസം കഴിയുന്തോറും പ്രാർത്ഥനയിലൂടെ ഈ ലോകത്തെ നേരിടാനുള്ള ശക്തി എനിക്കു കൈവരുന്നുണ്ടെന്നു തോന്നുന്നു”. അമ്മ അവളെ ചേർത്തുനിർത്തി നിറുകയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു. ” ശരിയാണു മകളേ, ഇപ്പോൾ നീ ശക്തയായിക്കൊണ്ടിരിക്കുന്നു. ഇങ്ങനെ നിരന്തരമായ പ്രാർത്ഥനയിലൂടെ നമ്മുടെ അരൂപിയെ ദൈവത്തിങ്കലേക്ക് ഉയർത്തണം. ഏതുസമയത്തും, ഏതവസ്ഥയിലും നമ്മൾ ധ്യാനാവസ്ഥയിൽ ആയിരിക്കണം. അതു നമ്മുടെ ഹൃദയത്തിൽ സമാധാനവും സന്തോഷവും നിറയ്ക്കും. അപ്പോൾ ലോകമോഹങ്ങൾ ഒന്നൊന്നായി നമ്മെ വിട്ടകലും. എല്ലാറ്റിനും ഉപരിയായി ദൈവത്തെ സ്നേഹിച്ചുകൊണ്ട് നമ്മൾ പരിപൂർണ്ണതയിലേക്കു വളരും. അങ്ങനെ നമ്മളും യേശുവിനെപ്പോലെ സ്വന്തം ജീവിതം മറ്റുള്ളവർക്കുവേണ്ടി ബലിയാക്കി മാറ്റണം. ഇതാണു മകളേ സമ്പൂർണമായ സമർപ്പണം”.
എന്നാൽ മറിയത്തിൻറെ സംശയങ്ങൾ തീരുന്നില്ല. “അമ്മേ, ഞാൻ ഒരു പാപിയല്ലേ! എനിക്ക് ഇനി പൂർണ്ണമായി എന്നെത്തന്നെ ദൈവത്തിനു സമർപ്പിക്കാൻ എങ്ങനെ കഴിയും? എൻറെ പ്രാർത്ഥന ദൈവം കേൾക്കുമോ? ഞാൻ ദൈവത്തെ സ്നേഹിക്കുന്നു എന്നുപറഞ്ഞാൽ അതു തെറ്റാകുമോ?” അവൾ അമ്മയുടെ മുൻപിൽ മുട്ടുകുത്തിനിന്നു കൊണ്ടു ചോദിക്കുകയാണ്.
മാതാവു കാരുണ്യത്തോടെയും വാത്സല്യത്തോടെയും മറിയത്തെ ചേർത്തുനിർത്തിയിട്ട് അവളോടു പറഞ്ഞു; “ദൈവപുത്രനായ യേശു നിനക്കു പാപമോചനം നൽകിയതിനാൽ നീയൊരു പുതിയ സൃഷ്ടിയായി മാറിയിരിക്കുന്നു. നീ നിന്നെത്തന്നെ ദൈവത്തിനു വിട്ടുകൊടുക്കുക…… എപ്പോഴും, ദൈവമേ നിന്നെ ഞാൻ സ്നേഹിക്കുന്നു എന്നു പറയുക…. ഇനിയൊരിക്കലും ഒരു ചെറിയ പാപം പോലും ചെയ്തു ദൈവത്തെ വേദനിപ്പിക്കില്ല എന്നും വാക്കു കൊടുക്കുക…… അങ്ങനെ നീ നിന്നെത്തന്നെ സ്നേഹത്തിനു വിട്ടുകൊടുക്കുക. .. നിൻറെ ദൈവസ്നേഹം കത്തിജ്വലിക്കുന്ന അഗ്നി പോലെ ശക്തമാകട്ടെ…. ആ ജ്വാല നിന്നിലുള്ള ജഡമോഹങ്ങളെല്ലാം കത്തിച്ചാമ്പലാക്കി നിന്നെ അരൂപിയിൽ ശക്തയാക്കി മാറ്റും”.
ക്രിസ്തുവിൻറെ ദാസി
————————————–
‘എന്നാൽ ഇപ്പോൾ നിങ്ങൾ പാപത്തിൽ നിന്നും മോചിതരായി ദൈവത്തിന് അടിമകളായിരിക്കുകയാൽ നിങ്ങൾക്കു ലഭിക്കുന്നതു വിശുദ്ധീകരണവും അതിൻറെ അവസാനം നിത്യജീവനുമാണ്. പാപത്തിൻറെ വേതനം മരണമാണ്. ദൈവത്തിൻറെ ദാനമാകട്ടെ നമ്മുടെ കർത്താവായ യേശുക്രിസ്തു വഴിയുള്ള നിത്യജീവനും’ ( റോമാ. 6:22-23)
യേശു തന്നെ അനുഗമിച്ചിരുന്ന സ്ത്രീകളെ അമ്മയുടെ കൂടെ വിട്ടിട്ടു ശിഷ്യന്മാരുടെ കൂടെ യാത്ര പുറപ്പെടാൻ ഒരുങ്ങുകയാണ്. മറിയം മറ്റുള്ളവരിൽ നിന്ന് അകന്നുമാറി നിൽക്കുന്നു. അവളുടെ മുഖം മ്ലാനമാണ്. യേശു അതു ശ്രദ്ധിച്ചു. ഭയവും ഉൽക്കണ്ഠയും അവളെ അലട്ടുന്നുണ്ടെന്ന് യേശുവിനറിയാം. ഗുരുവിൻറെ അടുത്തുനിന്നു മാറിനിന്നാൽ തൻറെ ആകുലതയും അസ്വസ്ഥതയും വർധിക്കുമെന്നതാണ് അവളുടെ ഭയം. യേശു അവളെ അടുത്തുവിളിച്ചു സ്നേഹപൂർവ്വം ഉപദേശിക്കുന്നു; ” നീ ഭയപ്പെടുകയോ ഉൽക്കണ്ഠാകുലയാവുകയോ വേണ്ട. കാരണം നിനക്കു ഞാൻ നൽകിയ കൃപാവരം ഒരിക്കലും തിരിച്ചെടുക്കപ്പെടുകയില്ല. നീ അതു വേണ്ടെന്നു പറയാത്തിടത്തോളം കാലം എൻറെ കൃപ നിന്നിൽ പ്രവർത്തിച്ചുകൊള്ളും. അങ്ങനെ നിനക്കു പുണ്യത്തിൽ സ്ഥിരതയോടെ നിൽക്കാൻ കഴിയും…. പക്ഷേ എപ്പോഴും ജാഗ്രതയുള്ളവളായിരിക്കണം… ഒന്നിനെയും ഭയപ്പെടരുത് …. നിന്നെ ശുദ്ധീകരിക്കുന്നതിനും ബലപ്പെടുത്തുന്നതിനും അത് ആവശ്യമാണ്….. അങ്ങനെ നിന്നെ ഞാൻ ഒരു ഉത്തമശിഷ്യയായി വാർത്തെടുക്കും…..നിന്നെ ഒരുക്കിയെടുക്കുന്ന കാര്യത്തിൽ ഞാൻ ഒരു വിട്ടുവീഴ്ചയും കാണിക്കില്ല… അപ്പോൾ നീ ക്രിസ്തുവിൻറെ വഴികളിൽ ധീരതയുള്ളവളായിരിക്കും”.
അവൾക്ക് ആശ്വാസമായി. ഇനി ഏതു പ്രതികൂലസാഹചര്യങ്ങളെയും നേരിടാൻ അവൾ തയ്യാറാണ്. രക്ഷകൻറെ അനുഗ്രഹം അവളെ ശക്തിപ്പെടുത്തിയിരിക്കുന്നു. ഇപ്പോൾ അവൾ കരയുന്നതു സന്തോഷം കൊണ്ടാണ്. യേശുവിൻറെ പാദങ്ങൾ ചുംബിച്ചുകൊണ്ട് യാത്രയാകുമ്പോൾ താഴ്ന്ന സ്വരത്തിൽ അവൾ ഇങ്ങനെ പറയുന്നു; “എൻറെ കർത്താവേ, അങ്ങ് ആഗ്രഹിക്കുന്നതുപോലെ ഞാൻ ചെയ്യും”.
(തുടരും)