അപ്പസ്തോലന്മാരുടെ അപ്പസ്തോല – 6

അനുതാപവും  പാപമോചനവും 

———————————————————  

‘ദൈവത്തിൽ നിന്ന് അകലാൻ കാണിച്ചതിൻറെ പത്തിരട്ടി തീക്ഷ്ണതയോടെ തിരിച്ചുവന്ന് അവിടുത്തെ തേടുവിൻ. എന്തെന്നാൽ  നിങ്ങളുടെ മേൽ ഈ അനർത്ഥങ്ങൾ  വരുത്തിയവൻ തന്നെ നിങ്ങൾക്കു രക്ഷയും നിത്യാനന്ദവും നൽകും’ ( ബാറൂക്ക് 4:28-29)

പിന്നീടുള്ള കാലം  മറിയത്തിനു  പ്രതീക്ഷയുടെ ദിനങ്ങളായിരുന്നു. എത്രയും വേഗം  യേശുവിനെ നേരിൽ കാണണം. അതുമാത്രമായിരുന്നു അവളുടെ ആഗ്രഹം.  അങ്ങനെയിരിക്കെയാണ് അടുത്തുതന്നെയുള്ള നായീൻ പട്ടണത്തിൽ ഫരിസേയനായ  ശിമയോൻറെ വീട്ടിൽ  യേശു വിരുന്നിനു ക്ഷണിക്കപ്പെട്ട കാര്യം മറിയം  അറിഞ്ഞത്. അവൾ എഴുന്നേറ്റു തൻറെ വിശിഷ്ടമായ ആടയാഭരങ്ങൾ  എല്ലാം അണിഞ്ഞ്, മനോഹരമായ  സ്വർണ്ണത്തലമുടി ഒതുക്കിക്കെട്ടി, വിലകൂടിയ ചെരുപ്പുകൾ ധരിച്ച്, തൻറെ സുഗന്ധക്കുപ്പിയുമായി  നായീനിൽ ശിമയോൻറെ  വീട്ടിലേക്കു  യാത്രയായി. അവൾ അവിടെയെത്തിയപ്പോഴേക്കും ശിമയോൻറെ  ഭവനം അതിഥികളെക്കൊണ്ടു  നിറഞ്ഞിരുന്നു.  ഉച്ചത്തിലുള്ള സംസാരവും വിരുന്നിൻറെ  ആഘോഷങ്ങളും ഒന്നും മറിയം  ശ്രദ്ധിക്കുന്നതേയില്ല.  അവളുടെ  കണ്ണുകൾ തേടുന്നതു  യേശുവിനെ മാത്രമായിരുന്നു.  ഒന്നും തന്നെ അവളെ ഭയപ്പെടുത്താനോ, തൻറെ ഉദ്യമത്തിൽ നിന്ന്  അവളെ    പിന്തിരിപ്പിക്കാനോ പര്യാപ്തമായിരുന്നില്ല.

വിരുന്നുശാലയുടെ കവാടത്തിലെ മനോഹരമായ വലിയ വിരി പതുക്കെ മാറ്റി അവൾ അകത്തു പ്രവേശിച്ചു. അതിഥികളുടെ നടുവിലായി യേശു ഇരിക്കുന്നു. അടുത്തുതന്നെ ശിമയോൻ നിൽക്കുന്നുണ്ട്. യേശു ചുറ്റുമുള്ളവരോടു  സംസാരിച്ചുകൊണ്ടിരിക്കുകയാണ്. വാതിൽ തുറന്ന് അകത്തുപ്രവേശിച്ച മറിയം  നേരെ യേശുവിൻറെ അടുത്തേക്കു  നടക്കുകയാണ്. മറ്റാരെയും, മറ്റൊന്നിനെയും അവൾ കാണുന്നില്ല. അവളുടെ കണ്ണുകൾ യേശുവിൽ  ഉറപ്പിച്ചുകൊണ്ട്  ഒരു സ്വപ്നത്തിലെന്നപോലെയാണ്  അവൾ നടക്കുന്നത്. വിരുന്നുശാലയിൽ ഇരിക്കുന്ന അതിഥികൾ അത്ഭുതപരതന്ത്രരായി അവളെത്തന്നെ ഉറ്റുനോക്കുന്നുണ്ട്. എന്നാൽ  മറിയം  അതൊന്നും കാണുന്നില്ല. അവരുടെ കാമാർത്തി പൂണ്ട നോട്ടങ്ങൾ മറിയം ശ്രദ്ധിക്കുന്നതേയില്ല. അവൾ നേരെ വന്ന് യേശുവിൻറെ പാദങ്ങൾക്കരികിൽ മുട്ടുകുത്തി. ഏങ്ങലടിച്ചുകരഞ്ഞു. ആ തൃപ്പാദങ്ങളിൽ വീണ  കണ്ണീർതുള്ളികൾ  തൻറെ  സ്വർണ്ണത്തലമുടി കൊണ്ടു തുടച്ചു. അവളുടെ  കൈവശമുണ്ടായിരുന്ന  സുഗന്ധതൈലം  യേശുവിൻറെ പാദങ്ങളിൽ    പൂശുകയും  രണ്ടു  പാദങ്ങളും മാറിമാറി ചുംബിക്കുകയും ചെയ്തു. ചുറ്റും കൂടിയിരുന്നവരുടെ  പരിഹാസം നിറഞ്ഞ വാക്കുകളോ  ആർത്തിപൂണ്ട കണ്ണുകളോ മേരിയെ അസ്വസ്ഥയാക്കിയില്ല. അവൾ കേട്ടതു  യേശു പറഞ്ഞ വാക്കുകൾ  മാത്രം.  ” നിൻറെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു”.  എത്രയോ കാലമായി അവൾ കേൾക്കാൻ കൊതിച്ചിരുന്ന വാക്കുകൾ!  മതി, ഇനിയൊന്നും അവൾക്കാവശ്യമില്ല. അപ്പോഴതാ, യേശു വീണ്ടും പറയുന്നു; ‘  നിൻറെ വിശ്വാസം  നിന്നെ രക്ഷിച്ചിരിക്കുന്നു. സമാധാനത്തോടെ പോവുക”.

അവൾ എഴുന്നേറ്റു  തൻറെ ശിരോവസ്ത്രം .നേരെയിട്ടു. യേശുവിനെയും അവൻറെ മാറിൽ   ചാരിക്കിടക്കുന്ന 

യോഹന്നാനെയും മാത്രം നോക്കി. നിർമലമായ സ്നേഹത്തോടെ, അതിലേറെ നന്ദിയോടും ആദരവോടും കൂടെ യേശുവിനു നേരെ കൈകൂപ്പി അവൾ ആ വിരുന്നുശാലയിൽ  നിന്നു  നിഷ്ക്രമിച്ചു.  അതിഥികളുടെ  കണ്ണുകൾ തന്നെ പിന്തുടരുന്നുണ്ടെന്നത് അവൾ അറിഞ്ഞതേയില്ല. അവളുടെ മനസ് അലകളൊഴിഞ്ഞ കടൽ പോലെ ശാന്തമായിരുന്നു.

 മാതാവിൻറെ മുൻപിൽ  

——————————————-

‘ ദൈവകല്പനകളുടെ പുസ്തകവും ശാശ്വതമായ നിയമവും അവളാണ്. അവളോടു  ചേർന്നുനിൽക്കുന്നവൻ ജീവിക്കും. അവളെ ഉപേക്ഷിക്കുന്നവൻ മരിക്കും’ ( ബാറൂക്ക് 4:1).

ലോകസുഖങ്ങൾക്കുവേണ്ടി  ജീവിതം ഹോമിച്ച  അനേകവർഷങ്ങൾക്കുശേഷം  മറിയം  ആദ്യമായി യാഥാർത്ഥസുഖം  എന്തെന്നറിഞ്ഞു. താൻ ഇതുവരെ കുടിച്ചുകൊണ്ടിരുന്ന  വെള്ളം കുടിച്ചാൽ വീണ്ടും വീണ്ടും ദാഹിക്കുമെന്ന്  അവൾക്കു മനസിലായി. എന്നാൽ നിത്യജീവനിലേക്കു നിർഗളിക്കുന്ന അരുവിയാകുന്ന  ജലം നൽകുന്ന യേശുവിനെ കണ്ടതോടെ അവളുടെ ജീവിതം ആകെ മാറിമറിഞ്ഞു.    ദൈവപുത്രൻ  നൽകുന്ന നിത്യമായ ആനന്ദത്തിനു മുൻപിൽ  പാപം  നല്കുന്ന നൈമിഷികസുഖം ഒന്നുമല്ല എന്ന് അവൾ തിരിച്ചറിഞ്ഞു.

 പാപത്തെ വെറുത്തുപേക്ഷിച്ച്, രക്ഷകനിൽ നിന്നു  പാപമോചനം നേടിയ മറിയത്തിനു   രക്ഷകനെ  പാലൂട്ടി വളർത്തിയ അമ്മയെ കാണാൻ ആഗ്രഹം.  പക്ഷേ അമ്മ നസ്രത്തിലാണ്. അവിടേയ്ക്ക് ഇരുപത്തിരണ്ടുമൈൽ ദൂരമുണ്ട്. എന്നാൽ ആ ദൂരം മറിയത്തിന്  ഒരു പ്രശ്‌നമേയല്ല. കാരണം അവൾ രക്ഷകൻറെ  പരിശുദ്ധയായ അമ്മയെക്കാണാൻ  തീരുമാനമെടുത്തുകഴിഞ്ഞു. അമ്മയുടെ സവിധത്തിലേക്കുള്ള  യാത്ര അവളെ തളർത്തിയതേയില്ല. പാപം ഉപേക്ഷിച്ച നിമിഷം തന്നെ അവളിൽ കൃപയുടെ പ്രകാശം വീശിത്തുടങ്ങിയിരുന്നു. ആ പ്രകാശം അവളെ പ്രതീക്ഷയുള്ളവളാക്കി. അവളുടെ ഹൃദയത്തിൽ നിന്നു  ഭയം പാടേ അപ്രത്യക്ഷമായി.

രക്ഷകൻറെ  അമ്മ … .. അവൾക്ക് അമ്മയെ കാണണം. അവളെ നയിച്ചിരുന്ന കൃപയുടെ പ്രകാശം അവളെ  പരിശുദ്ധ മറിയമാകുന്ന  തുറമുഖത്തേക്കു നയിച്ചു. …… അഗാധമായ എളിമയും  സജീവവിശ്വാസവും  അന്ധമായ അനുസരണവും  നിരന്തരമായ മാനസികപ്രാർത്ഥനയും സ്വയം പരിത്യാഗവും  അമേയമായ സ്നേഹവും  വീരോചിതമായ ക്ഷമയും  മാലാഖയ്ക്കടുത്ത മാധുര്യവും  ദൈവികജ്ഞാനവും  ദൈവികപരിശുദ്ധിയും കൊണ്ട്  അലങ്കരിക്കപ്പെട്ടവൾ. ജന്മപാപത്തിൻറെ കറയില്ലാതെ  പിതാവായ ദൈവം തൻറെ പുത്രനു വേണ്ടി ഭൂമിയിൽ ഒരുക്കിയ  വാഗ്ദാനത്തിൻറെ  പേടകം.  

മഗ്‌ദലയിലെ മറിയം  നസ്രത്തിലെ മറിയത്തെ കണ്ടുമുട്ടുന്നു. പാപികളുടെ ആശ്രയമായ  പരിശുദ്ധ ‘അമ്മ അവളെ സ്വഭവനത്തിൽ സ്വീകരിക്കുന്നു.  ഏതൊരു പാപിക്കും  ഏതുസമയത്തും ഓടിയെത്താവുന്ന സങ്കേതം.. പരിശുദ്ധ അമ്മ…….സഹരക്ഷക…..

 മഗ്ദലനാമറിയം   ശിഷ്യകളുടെ ഗണത്തിലേക്ക് 

——————————————————————————

‘ ആരും  അവരെ  പീഡിപ്പിക്കാൻ  അവിടുന്നു  സമ്മതിച്ചില്ല. അവരെ പ്രതി അവിടുന്നു രാജാക്കന്മാരെ ശാസിച്ചു’ ( സങ്കീ.105:14).

നസ്രത്തിൽ പരിശുദ്ധ അമ്മയെ കണ്ടു സംസാരിച്ചതോടെ  മറിയത്തിനു  തൻറെ വഴി വ്യക്തമായി തെളിഞ്ഞുകിട്ടി. അവൾ  അമ്മയോടൊപ്പം നസ്രത്തിൽ  നിന്നു കഫർണാമിലേക്കു  യാത്രതിരിച്ചു. യേശുവും  ശിഷ്യന്മാരും അപ്പോഴും  കഫർണാമിൽ തന്നെ ഉണ്ടായിരുന്നു. ഗലീലിയിൽ നിന്ന് അവനെ അനുഗമിച്ചിരുന്ന  സ്ത്രീകളും അവരോടൊപ്പം  മാർത്തയും  ചേർന്ന് സ്ത്രീശിഷ്യരുടെ ഒരു ഗണവും യേശുവിനോടുകൂടെ ഉണ്ടായിരുന്നു.

നസ്രത്ത്  മുതൽ കഫർണാം വരെ അതിശക്തമായ മഴയായിരുന്നു. എന്നാൽ അതൊന്നും മറിയത്തിൻറെ  ഉത്സാഹത്തെ തെല്ലും കെടുത്തിയില്ല. അവർ കഫർണാമിലെത്തിയപ്പോൾ  യേശു ശിഷ്യരോടുകൂടെ ഇരിക്കുകയായിരുന്നു. മറിയത്തെ  കണ്ടതും മാർത്ത ഓടിച്ചെന്ന്  അവളെ ആലിംഗനം ചെയ്തു. ശിഷ്യന്മാർക്ക് ഒന്നും മനസിലാകുന്നില്ല.  യേശുവാകട്ടെ ഇതെല്ലം കണ്ടു  ശാന്തനായി പുഞ്ചിരിച്ചുകൊണ്ടിരിക്കുന്നു. ശിഷ്യന്മാരുടെ  അമ്പരപ്പു   കണ്ട  പരിശുദ്ധ അമ്മ   മറിയത്തെ  കൈയ്ക്കുപിടിച്ചു യേശുവിൻറെ അടുത്തുകൊണ്ടുചെന്നുകൊണ്ടു  പറഞ്ഞു;  “ഇതാ നിൻറെ ശിഷ്യ!”  ഇതുകേട്ടു  ശിഷ്യന്മാരുടെ    ആശ്ചര്യം  വർധിക്കുകയാണുണ്ടായത്.   അപ്പോൾ ‘അമ്മ അവരുടെ  അടുത്തേക്കു  വന്ന്, മറിയത്തെ  കാണിച്ചുകൊടുത്തുകൊണ്ടു   സ്നേഹത്തോടെ പറഞ്ഞു; ” ഇതാ നിങ്ങൾക്കൊരു സഹോദരി കൂടി… യേശുവും ഞാനും ഇവളെ സ്നേഹിക്കുന്നതുപോലെ നിങ്ങളും ഇവളെ സ്നേഹിക്കണം”. അമ്മയുടെ വാക്ക് യേശുവിൻറെ ശിഷ്യന്മാർക്കു  വേദവാക്യം പോലെയാണ്. അവരുടെ അമ്പരപ്പും ആശങ്കയും മാറി.  അവരെല്ലാവരും വളരെ സന്തോഷത്തോടെ മേരിയെ അഭിവാദനം ചെയ്തു.

(തുടരും)