അപ്പസ്തോലന്മാരുടെ അപ്പസ്തോല – 4

മഗ്‌ദലയിൽ നിന്നു മലയിലേക്ക് 

——————————————-

‘എന്തെന്നാൽ നമ്മൾ മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങൾക്കും  ആധിപത്യങ്ങൾക്കും ഈ  ഈ അന്ധകാരലോകത്തിൻറെ അധിപന്മാർക്കും  സ്വർഗീയ ഇടങ്ങളിൽ വർത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കൾക്കും എതിരായിട്ടാണു  പടവെട്ടുന്നത്’ ( എഫേ. 6:12).

മലയിലെ പ്രസംഗം നടന്നുകൊണ്ടിരിക്കുന്നു. യേശുവിൻറെ അപ്പസ്തോലന്മാരെല്ലാവരുമുണ്ട്.   സ്ത്രീകളും കുട്ടികളുമടക്കം വലിയൊരു ജനക്കൂട്ടം  യേശുവിനെ ശ്രവിക്കാൻ അവിടെ  എത്തിയിട്ടുണ്ട്.   ആത്മാവിൽ ദരിദ്രർ ഭാഗ്യവാന്മാർ…..ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ…. എന്നിങ്ങനെ യേശു പറയുന്ന ഓരോ വാക്കും അവർ ശ്രദ്ധിച്ചുകേൾക്കുന്നുണ്ട്. ഈ സമയത്താണു  തിങ്ങിക്കൂടിയിരിക്കുന്ന ജനങ്ങളുടെ ഇടയിലൂടെ  മാദകസുന്ദരിയായ ഒരു ചെറുപ്പക്കാരി   കടന്നുവരുന്നത്. കൂടെ  ഏതാനും ചെറുപ്പക്കാരുമുണ്ട്. അവൾ മഗ്ദലക്കാരി മറിയം തന്നെയാണ്.  എല്ലാവർക്കും  അവളെ  അറിയാം. കാരണം  മഗ്ദല അധികം ദൂരത്തൊന്നുമല്ലല്ലോ. 

മറിയത്തിൻറെ  എടുപ്പും നടപ്പും,  അവളുടെ ധാർഷ്ട്യം  .മാന്യത ലവലേശമില്ലാത്ത പ്രകൃതം,,  ഒട്ടും തന്നെ സഭ്യമല്ലാത്ത വേഷവിധാനങ്ങൾ, ആരെയും കൂസാത്ത ഭാവം ഇതെല്ലാം  അവിടെ   കൂടിയിരുന്നവരുടെശ്രദ്ധ  മറിയത്തിലേക്കു ‌  തിരിച്ചു..  കൂടെയുള്ളവരിൽ ഒരു ചെറുപ്പക്കാരൻ   യേശുവിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് എല്ലാവരും കേൾക്കേ മറിയത്തോടു  പറയുന്നു; “ഏയ് സുന്ദരീ, ഇതാ നീ കാണാൻ ആഗ്രഹിച്ചിരുന്ന ആൾ…..” മേരി കുപ്പിവള കിലുങ്ങുന്ന സ്വരത്തിൽ ചിരിക്കുന്നു. അവൾ വീണ്ടും വീണ്ടും ചിരിക്കുകയാണ്.  അതിനിടയിൽ കാമോദ്ദീപകമായ  കണ്ണുകളോടെ അവൾ  യേശുവിനെ നോക്കി.   എല്ലാവരും ഒരു നിമിഷം നിശ്ശബ്ദരായി, യേശുവൊഴികെ. ജനക്കൂട്ടത്തിലെല്ലാവരും അവളെ നിർന്നിമേഷയായി നോക്കി  അത്ഭുതസ്തബ്ധരായി നിൽക്കുകയാണ്.

യേശു അവളെ രൂക്ഷമായി നോക്കി. എന്നാൽ ആ കണ്ണുകളിൽ പരിഹാസമോ ആ മുഖത്തു  നിന്ദയോ  കാണാനില്ല. ശാന്തത  മാത്രം.  ഒരു നിമിഷത്തിനുശേഷം യേശു  പ്രസംഗം തുടർന്നു.  ദൈവസ്നേഹം…..പരസ്നേഹം….. വിശുദ്ധി…. സുഖഭോഗങ്ങളിൽ മുഴുകി ജീവിക്കുന്നവർക്കുണ്ടാകുന്ന കഷ്ടതകൾ….. ശാന്തമായി ഒഴുകുന്ന ഒരു  നദി പോലെയാണ് യേശുവിൻറെ പ്രസംഗം. പെട്ടെന്ന് യേശുവിൻറെ സ്വരം ഉച്ചസ്ഥായിയിലായി. ” വ്യഭിചാരം ചെയ്യരുത് എന്നു  കല്പിച്ചിട്ടുള്ളതു  നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: ആസക്തിയോടെ സ്ത്രീയെ നോക്കുന്നവൻ   ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു. വലതുകണ്ണ് നിനക്കു  പാപഹേതുവാകുന്നുവെങ്കിൽ  അത് ചൂഴ്‌ന്നെടുത്ത്  എറിഞ്ഞുകളയുക. ശരീരമാകെ നരകത്തിലേക്ക് എറിയപ്പെടുന്നതിനേക്കാൾ നല്ലത്, അവയവങ്ങളിലൊന്നു നഷ്ടപ്പെടുകയാണ്. വലതുകരം നിനക്കു  പാപഹേതുവാകുന്നുവെങ്കിൽ, അതു  വെട്ടി ദൂരെയെറിയുക. ശരീരമാകെ നരകത്തിൽ പതിക്കുന്നതിനേക്കാൾ നല്ലത്, അവയവങ്ങളിലൊന്നു  നഷ്ടപ്പെടുകയാണ്…………വ്യഭിചാരത്തെ ഒരുതരത്തിലും ന്യായീകരിക്കാൻ  പറ്റില്ല……… നിങ്ങളുടെ  ശരീരങ്ങളെ വിശുദ്ധമായി സൂക്ഷിക്കണം……….”

യേശു തീപാറുന്ന കണ്ണുകളോടെ ചുറ്റും നോക്കി. ജനക്കൂട്ടം സ്തബ്ധരായിരിക്കുകയാണ്.  യേശു പറയുന്ന ഓരോ വാക്കും ശ്രോതാക്കളുടെ   ഹൃദയത്തിൽ ഇടിത്തീ പോലെ പതിക്കുന്നുണ്ട്.  ആദ്യമൊക്കെ പുച്ഛഭാവത്തിൽ പരിഹാസച്ചിരിയോടെ പ്രസംഗം കേട്ടുകൊണ്ടിരുന്ന മറിയത്തിൻറെ   ഹൃദയത്തിൽ യേശുവിൻറെ  വാക്കുകൾ    ചലനം  സൃഷ്ടിക്കുന്നത് അവൾ അറിയാതിരുന്നില്ല.   മുൻപ് അത്ഭുതത്തോടെ തന്നെ വീക്ഷിച്ചിരുന്ന ജനക്കൂട്ടം ഇപ്പോൾ തന്നെ  നോക്കുന്നത് അവജ്ഞയോടെയാണെന്ന് അവൾക്കു മനസിലായി. 

യേശു പ്രസംഗം തുടരുകയാണ്. ഇല്ല. ഇനിയും ഇതു   സഹിച്ചുനിൽക്കാൻ പറ്റില്ല. അവൾ ദേഷ്യത്തോടെ എഴുന്നേറ്റ്, തന്നെ തുറിച്ചുനോക്കുന്ന  ജനങ്ങൾക്കിടയിലൂടെ  ചവിട്ടിക്കുലുക്കി വേഗത്തിൽ നടന്നുപോയി. യേശു പ്രസംഗം തുടർന്നുകൊണ്ടേയിരുന്നു. “വിധിക്കപ്പെടാതിരിക്കാൻ നിങ്ങളും വിധിക്കരുത്…”   മഗ്ദലക്കാരി മേരിയെ ഹൃദയത്തിൽ കുറ്റം വിധിച്ചു കഴിഞ്ഞിരുന്നവർ  ഒരു ഞെട്ടലോടെ വീണ്ടും യേശുവിൻറെ മുഖത്തേക്കു  നോക്കുകയായി. അവിടെ അതേ  ശാന്തത മാത്രം.

മലയിൽ  നിന്നു  മഗ്‌ദലയിലേക്ക് 

——————————————————

‘അവളുടെ ഭവനം മരണത്തിൽ താഴുന്നു. അവളുടെ പാത നിഴലുകളുടെ ലോകത്തേക്കു നയിക്കുന്നു. അവളുടെ അടുത്തേക്കു  പോകുന്നവർ മടങ്ങിവരുന്നില്ല;  ജീവൻറെ വഴികൾ വീണ്ടെടുക്കുന്നുമില്ല’ (സുഭാ: 2:18-19).

മഗ്‌ദല പട്ടണം.  ഗലീലിക്കടൽക്കരയിലെ റോമാക്കാരുടെ  സുഖവാസകേന്ദ്രം. കടലിനെ തഴുകി വരുന്ന സുഖകരമായ  കാറ്റ് ആ പട്ടണത്തെ കൂടുതൽ കുളിർമ്മയുള്ളതാക്കുന്നു. 

യേശുവും ശിഷ്യന്മാരും കഫർണാമിലേക്കുള്ള  യാത്രയിലാണ്.  യേശുവാണു മുൻപിൽ നടക്കുന്നത്. ഒരു നാൽക്കവലയിലെത്തിയപ്പോൾ കഫർണാമിലേക്കുള്ള  വഴിയിലേക്കു  തിരിയാതെ   യേശു മഗ്‌ദല പട്ടണത്തിലേക്കു തിരിയുകയാണ്. അതു  കാണുന്ന ശിഷ്യന്മാരുടെ  മുഖം മ്ലാനമായി. കാരണം യഹൂദരുടെയിടയിൽ  ദുഷ്കീർത്തിയുള്ള  ഒരു സ്ഥലമായിരുന്നല്ലോ മഗ്‌ദല. അവിടെ  തങ്ങളുടെ ഗുരു പോകുന്നത്   അവർക്ക് ഇഷ്ടപ്പെട്ടിട്ടില്ല എന്ന്  അവരുടെ മുഖംവിളിച്ചുപറയുന്നുണ്ടായിരുന്നു. അത് മനസിലാക്കിയ യേശു സ്നേഹത്തോടെ ശിഷ്യന്മാരെ അടുത്തുവിളിച്ചു പറഞ്ഞു; “ഏതുവഴിയിലൂടെ പോയാലും തിന്മ ചെയ്യാൻ   ആഗ്രഹമില്ലാത്തിടത്തോളം കാലം  ആർക്കും ഒരുപദ്രവവും ഉണ്ടാവുകയില്ല. അവിടെ പോയതിൻറെ  പേരിൽ ആരും ചീത്തയാവുകയുമില്ല”.  യേശു മുന്നോട്ടു നടക്കുന്നു. ശിഷ്യന്മാർ യേശുവിനെ അനുഗമിക്കുന്നു. 

അവർ മഗ്ദലയിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. അപ്പോഴതാ നിരത്തുവക്കിലെ ഒരു വീട്ടിൽനിന്നു   വലിയ ബഹളവും ഉച്ചത്തിലുള്ള കരച്ചിലും.  ശിഷ്യന്മാർ  ശബ്ദം കേട്ട സ്ഥലത്തേക്കു പോയി.  ഗുരു  അവിടെത്തന്നെ നിൽക്കുകയാണ്.  കാര്യം അന്വേഷിക്കാൻ പോയ ശിഷ്യന്മാർ വളരെ പെട്ടന്നു തന്നെ മടങ്ങിവന്ന് യേശുവിനോടു പറഞ്ഞു; ” ഇവിടെയുള്ള ഒരു ദുർന്നടപ്പുകാരി സ്ത്രീയുടെ വീട്ടിൽ വച്ച്    അവളുടെ രണ്ടു കാമുകന്മാർ – ഒരു യഹൂദനും ഒരു റോമാക്കാരനും – തമ്മിൽ വഴക്കിടുകയും റോമാക്കാരൻ യഹൂദനെ കുത്തിമുറിവേല്പിച്ചതിനുശേഷം ഓടിപ്പോകുകയും ചെയ്തിരിക്കുന്നു. മുറിവേറ്റുകിടക്കുന്ന വ്യക്തിയുടെ അമ്മയുടെയും ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും നിലവിളിയാണ്  മുഴങ്ങിക്കേൾക്കുന്നത്”.

യേശു ശബ്ദം  കേട്ട വീട്ടിലേക്കു വേഗം  നടക്കുന്നു. കൂടെയെത്താൻ ശിഷ്യന്മാർ  ബദ്ധപ്പെടുന്നുണ്ട്. മുറിവേറ്റു പിടയുന്ന ആ മനുഷ്യൻറെ അമ്മ യേശുവിനെക്കണ്ടപ്പോൾ  ഓടി അടുത്തുവന്നു , കരഞ്ഞുകൊണ്ടു പറഞ്ഞു; ” ആ നിൽക്കുന്ന അവളാണ് എല്ലാറ്റിനും കാരണം.  അവൾ കാരണം ഈ  ദേശം മുടിയും. …. ഓ  എൻറെ  മകൻ ഒരു പാവമായിരുന്നു. അവൾ ഇവനെ ചെകുത്താനാക്കി മാറ്റി”. യേശുവും ശിഷ്യന്മാരും  ആ സ്ത്രീ ചൂണ്ടിക്കാണിച്ച ഭാഗത്തേക്കു  നോക്കി.  മഗ്ദല പട്ടണത്തിൻറെ ദുഷ്‌പേരിനു കാരണക്കാരിയായ മറിയം  ഒരു    തൂണിനു പാതി മറഞ്ഞു നിൽക്കുന്നു!

കുടുംബാംഗങ്ങളുടെ കരച്ചിൽ കൂടിവരുന്നു. എല്ലാവരുടെയും ശ്രദ്ധ മുറിവേറ്റ മനുഷ്യനിലേക്കായി. യേശു ആ മനുഷ്യൻറെ അലമുറയിട്ടു കരയുന്ന  അമ്മയെയും ഭാര്യയെയും   .മക്കളെയും  അനുകമ്പയോടെ നോക്കി. അതിനുശേഷം ആ വ്യക്തിയെ തൊട്ടുസുഖപ്പെടുത്തി  അവരെ  ഏൽപ്പിച്ചു. യേശുവിനോട് എങ്ങനെ നന്ദി   പറയണമെന്ന് അവർക്കറിഞ്ഞുകൂടാ. യേശു എന്താണു  ചെയ്യുന്നതെന്നു വീക്ഷിച്ചുകൊണ്ട് അപ്പോഴും മറിയം  ആ തൂണിനു പിറകിൽ നിന്നിരുന്നു. യേശു ഗൗരവം സ്ഫുരിക്കുന്ന മുഖത്തോടെ  മറിയത്തിൻറെ  മുൻപിലൂടെ കടന്നുപോയി.  തൊട്ടുപിറകെ ശിഷ്യന്മാരും.  അവർ മറിയത്തെ  കടന്നുപോന്നപ്പോൾ അവളെ വിമർശിച്ചു സംസാരിക്കുന്നത് യേശു ശ്രദ്ധിച്ചു. അവൻ അവരെ ശാസിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു; “ആരെയും കുറ്റപ്പെടുത്തി സംസാരിക്കരുത്.  പാപികൾക്കുവേണ്ടി പ്രാർത്ഥിക്കുക മാത്രം ചെയ്യുക”.

അതുവരെ ആരെയും  കൂസാതെ  നിന്ന മറിയത്തിന്  യേശു  പറഞ്ഞതുകേട്ടപ്പോൾ  വല്ലാത്തൊരു ജാള്യത. അവളുടെ മുഖം പെട്ടെന്നു  മ്ലാനമായി.  അവൾ  തലതാഴ്ത്തി തൻറെ  വീട്ടിലേക്കു കയറിപ്പോയി വാതിലടച്ചു.

 രക്തബന്ധം തേടി ………

———————————————

‘ഒന്നിലും സന്തോഷം തോന്നുന്നില്ല  എന്നു  നീ പറയുന്ന  ദുർദിനങ്ങളും വർഷങ്ങളും  ആഗമിക്കും മുൻപ് യൗവനകാലത്തു സ്രഷ്ടാവിനെ  സ്മരിക്കുക’ ( സഭാ. 12:1)

മഗ്‌ദലയിലെ മറിയം  തൻറെ വീട്ടിൽ അടച്ചിട്ട മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും  വെറുതെ നടക്കുന്നു. മനസ് അസ്വസ്ഥമാണെന്നു  കണ്ടാലറിയാം.  എന്തു പ്രതിസന്ധി വന്നാലും  അതിനെയൊക്കെ നിസാരമായി നേരിട്ടിരുന്ന മറിയത്തിന്   ഇന്ന് ആദ്യമായി  ഉണർവും ഉൽസാഹവും  നഷ്ടപ്പെട്ടിരിക്കുന്നു. ചിന്തകൾ അവളെ ഭാരപ്പെടുത്തുന്നു.  നാട്ടുകാരുടെ കുത്തുവാക്കുകളും പരിഹാസവും സഹിക്കാം. എന്നാൽ ആ  നസറേത്തുകാരൻ   റബ്ബിയുടെ  മുഖം അവളെ അനുനിമിഷം അസ്വസ്ഥയാക്കുന്നു. അവിടെ അവൾ കണ്ട ഗൗരവവും  എന്നാൽ അതേസമയം ശാന്തതയോടെ അവൻ പറഞ്ഞ വാക്കുകളും  അവളുടെ മനോമുകുരത്തിൽ തെളിഞ്ഞുനിന്നു. ‘പാപികൾക്കു വേണ്ടി  പ്രാർത്ഥിക്കുക മാത്രം ചെയ്യുക’  എന്ന വാക്കുകൾ അവളെ വേട്ടയാടിക്കൊണ്ടേയിരുന്നു.

സമയം  പോകുന്തോറും അവളുടെ മനോവിഷമം കൂടിക്കൂടിവരുന്നു. എല്ലാറ്റിനോടും വെറുപ്പ്…. ആകെ ഒറ്റപ്പെടുന്ന അവസ്ഥ … അവൾക്കു പെട്ടെന്നു  തൻറെ വീടിനെ ഓർമ വന്നു.  സ്നേഹനിധികളായ മാതാപിതാക്കൾ,  താൻ കാരണം  അകാലത്തിൽ മരണമടഞ്ഞ പ്രിയപ്പെട്ട അമ്മ.  ഒന്നിച്ചു കളിച്ചുവളർന്ന സഹോദരങ്ങൾ ലാസറും  മാർത്തയും. അവർ നാടുവിട്ടു ദൂരെപ്പോയി താമസിക്കാൻ കാരണവും താൻ തന്നെയാണല്ലോ.  മറിയത്തിൻറെ  മനസാക്ഷി അവളെ കുറ്റപ്പെടുത്തിത്തുടങ്ങി.   അവൾ പൊട്ടിക്കരഞ്ഞു. താൻ  ചെയ്തുകൂട്ടിയ പാപങ്ങൾ   കൺമുന്നിൽ തെളിഞ്ഞുകണ്ടപ്പോൾ  അവൾ ഞെട്ടിപ്പോയി. ആ വേദന അവൾക്കു താങ്ങാവുന്നതിലും അധികമായിരുന്നു. മനസിൻറെ സമനില തെറ്റിയതുപോലെ…. അവൾ വീട്ടിൽ കണ്ട സാധനങ്ങൾ എല്ലാം വലിച്ചെറിഞ്ഞു. വിലപിടിപ്പുള്ള സ്ഫടികപ്പാത്രങ്ങൾ പൊട്ടിത്തകർന്നു.  സ്വർണ്ണച്ചഷകങ്ങളും വെള്ളിക്കോപ്പകളും  അങ്ങുമിങ്ങും വലിച്ചെറിഞ്ഞു. തങ്ങളുടെ യജമാനത്തിയുടെ  അതുവരെ കണ്ടിട്ടില്ലാത്ത  മറ്റൊരു മുഖംകണ്ട പരിചാരകർ അമ്പരന്നുനിൽക്കുകയാണ്. ആർക്കും മറിയത്തിൻറെ  അടുത്തുചെല്ലാൻ ധൈര്യമില്ല.  അവരെല്ലാം ദൂരെമാറി നിൽക്കുകയാണ്. അവസാനം അവൾ തളർന്നുകടന്നുറങ്ങിയപ്പോഴാണ്  അവർക്ക് ആശ്വാസമായത്.

പിറ്റേന്ന് ഉറക്കമുണർന്നപ്പോഴേക്കും അവൾ ഒരു  ഉറച്ച  തീരുമാനമെടുത്തുകഴിഞ്ഞിരുന്നു. എനിക്ക് എൻറെ  സഹോദരങ്ങളെ കാണണം.  പൊട്ടിപ്പോയ സഹോദരബന്ധം വീണ്ടും വിളക്കിച്ചേർക്കണം. അല്ലാതെ എനിക്കു  മനസമാധാനം ലഭിക്കില്ല. മാർത്ത ഇവിടെവന്നു കുറച്ചുകാലം തൻറെ കൂടെ താമസിക്കുകയാണെങ്കിൽ  തനിക്ക്   അൽപം ആശ്വാസം   ലഭിക്കും എന്നും  അവൾ ചിന്തിച്ചു. 

അന്നുതന്നെ അവൾ തൻറെ ഭൃത്യന്മാരിലൊരാളെ  ബഥാനിയയിലേക്ക്  അയച്ചു.  മറിയത്തിനു  സംഭവിച്ച മാറ്റം മാർത്തയും ലാസറും  അത്ഭുതത്തോടെയാണു  ശ്രവിച്ചത്. ഒട്ടും താമസിക്കാതെ  മാർത്ത  മഗ്‌ദലയിലേക്കു പുറപ്പെട്ടു.   മറിയം  ദൂരെവച്ചുതന്നെ മാർത്തയെ കണ്ടു. അവൾ  മാർത്തയെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നല്ലോ. അവൾ ഓടിച്ചെന്നു സഹോദരിയെ കെട്ടിപ്പിടിച്ചു. ഏറെനേരം ആ സഹോദരിമാർ ഒന്നും മിണ്ടാനാകാതെ കരഞ്ഞു. മാർത്തയാകട്ടെ ഒരമ്മയെപ്പോലെ  തൻറെ അനുജത്തിയെ  മാറോടുചേർത്താശ്ലേഷിച്ചു. സ്നേഹചുംബനങ്ങൾ നൽകി അവളെ ആശ്വസിപ്പിച്ചു.

കരച്ചിൽ ഒന്നടങ്ങിയപ്പോൾ മറിയം  തലയുയർത്തി  നസ്രായനായ  യേശുവിനെക്കുറിച്ചു  ചോദിച്ചുതുടങ്ങി.  മാർത്തയ്ക്ക് ഇതിൽപ്പരം സന്തോഷം കിട്ടാനില്ല. അവൾ ആവേശത്തോടെ  യേശുവിനെക്കുറിച്ചു  തനിക്കറിയാവുന്നതെല്ലാം അനിയത്തിക്കു  പറഞ്ഞുകൊടുത്തു. യേശു രോഗികളെ  സുഖപ്പെടുത്തിയത്, അന്ധനു   കാഴ്ച നൽകിയത്, പാപികളെ മാനസാന്തരപ്പെടുത്തിയത്, എല്ലാവരോടും പ്രകടിപ്പിക്കുന്ന സ്നേഹവും കാരുണ്യവും, ദൈവരാജ്യത്തെക്കുറിച്ചുള്ള പ്രഭാഷണങ്ങൾ എല്ലാം മാർത്ത വിശദീകരിച്ചപ്പോൾ മറിയം   സാകൂതം കേട്ടിരുന്നു.

യേശുവിൻറെ  കാര്യങ്ങൾ കേൾക്കുമ്പോൾ മറിയത്തിലുണ്ടാകുന്ന മാറ്റങ്ങൾ  മാർത്ത ശ്രദ്ധാപൂർവം വീക്ഷിക്കുകയായിരുന്നു. താൻ ഇവിടെ കുറച്ചുദിവസം താമസിക്കുകയാണെങ്കിൽ അത് അവൾക്ക് ഒരു ആശ്വാസമാകുമെന്നു മനസിലാക്കിയ മാർത്ത അക്കാര്യം ഒരു കത്തിലെഴുതി  ഒരു ഭൃത്യൻ വശം  ലാസറിന്  എത്തിച്ചുകൊടുത്തു. സഹോദരിയെ തനിച്ചിരിക്കാൻ അനുവദിക്കാതെ മാർത്ത അവളുടെ കൂടെ മഗ്ദലയിൽ താമസം ആരംഭിച്ചു.   ഇപ്പോൾ അവളെ തനിയെ വിട്ടാൽ  അവൾക്ക് അതു  താങ്ങാനാവില്ല എന്നു  സ്നേഹനിധിയായ മാർത്തയ്ക്കു  മനസിലായി. അതോടൊപ്പം  മറിയം  തൻറെ  പാപവഴികൾ ഉപേക്ഷിക്കുമെന്ന  പ്രതീക്ഷയും അവളിൽ മുളപൊട്ടിയിരുന്നു.

(തുടരും)