ലാസർ എൻറെ സ്നേഹിതൻ
‘വിശ്വസ്തനായ സ്നേഹിതൻ ബലിഷ്‌ഠമായ സങ്കേതമാണ്; അവനെ കണ്ടെത്തിയവർ ഒരു നിധി നേടിയിരിക്കുന്നു. വിശ്വസ്‌ത സ്നേഹിതനെപ്പോലെ അമൂല്യമായ ഒന്നുമില്ല. അവൻറെ മാഹാത്മ്യം അളവറ്റതാണ്. വിശ്വസ്തനായ സ്നേഹിതൻ ജീവാമൃതമാണ്; കർത്താവിനെ ഭയപ്പെടുന്നവർ അവനെ കണ്ടെത്തും. ദൈവഭക്തൻറെ സൗഹൃദം സുദൃഢമാണ്; അവൻറെ സ്നേഹിതനും അവനെപ്പോലെതന്നെ’
(പ്രഭാ. 6:14-17).
കാനാൻകാരനായ ശിമയോൻ വാക്കുപാലിച്ചു. അവൻ തൻറെ ആത്മസുഹൃത്തായ ലാസറിൻറെ കാര്യം യേശുവിനോടു പറഞ്ഞു. ശിമയോൻറെ സുഹൃത്തിനെക്കാണാൻ പോകാൻ യേശുവിനു സന്തോഷമേ ഉള്ളൂ. യേശുവും ശിമയോനും കൂടി ബഥാനിയയിൽ ലാസറിൻറെ ഭവനത്തിൽ ചെന്നു. ലാസറിനാണെകിൽ സ്വർഗം കിട്ടിയ സന്തോഷമായിരുന്നു അപ്പോൾ. യേശു ഏറെനേരം ലാസറുമായി സംസാരിച്ചിരുന്നു. അന്നുമുതൽ തൻറെ സ്നേഹിതരുടെ പട്ടികയിൽ അവനെയും യേശു ചേർത്തു.
ജറുസലേമിലേക്കുള്ള യാത്രകളിൽ പലപ്പോഴും ലാസറിൻറെ വീട് യേശുവിൻറെ ഇടത്താവളമായിരുന്നു. . ശിഷ്യന്മാരോടൊപ്പവും അല്ലാതെയും കർത്താവ് അവിടെ അനേകം തവണ വന്നു. പലദിവസങ്ങളിലും അവിടെ രാത്രി താമസിക്കുകയും ചെയ്തിരുന്നു. ലാസറിൻറെ സ്നേഹവും മാർത്തയുടെ ആതിഥ്യമര്യാദയും യേശു വളരെയധികം വിലമതിച്ചിരുന്നു. ശിഷ്യന്മാർക്കാകട്ടെ, യേശുവിൻറെ കൂടെ ലാസറിൻറെ വീട്ടിൽ പോകുന്നതു വളരെ സന്തോഷകരമായ കാര്യമായിരുന്നു. അത്രയധികം സ്നേഹവും കരുതലും ആതിഥ്യമര്യാദയും അവർക്ക് ആ ഭവനത്തിൽ നിന്നു ലഭിച്ചിരുന്നു. സ്വന്തം വീട്ടിൽ ലഭിക്കുന്ന സന്തോഷവും സ്നേഹവും സുരക്ഷിതത്വവും അവർ ബഥാനിയയിലും കണ്ടെത്തിയിരുന്നു.
യേശുവിനോട് തനിച്ചു സംസാരിക്കാൻ അവസരം ലഭിക്കുന്ന അവസരങ്ങളിലെല്ലാം ലാസറും മാർത്തയും തങ്ങളുടെ സഹോദരി മറിയത്തെക്കുറിച്ചു പറയുക പതിവായിരുന്നു. അപ്പോഴോക്കെ യേശു അവരെ ആശ്വസിപ്പിക്കുകയും ‘ക്ഷമയോടെ കാത്തിരുന്ന്, വിശ്വാസത്തോടെ പ്രാർത്ഥിക്കുവിൻ’ എന്ന് പറയുകയും ചെയ്തിരുന്നു.
മറ്റൊരു വള്ളത്തിൽ …….
——————————————–
‘ അവരുടെ പാദങ്ങൾ തിന്മയിലേക്കു കുതിക്കുന്നു. നിരപരാധരുടെ രക്തം ചൊരിയുന്നതിന് അവർ വെമ്പൽ കൊള്ളുന്നു. അവർ അകൃത്യം നിനയ്ക്കുന്നു. ശൂന്യതയും നാശവുമാണ് അവരുടെ പെരുവഴികളിൽ. സമാധാനത്തിൻറെ മാർഗം അവർക്ക് അജ്ഞാതമാണ്. അവരുടെ വഴികളിൽ നീതി അശേഷമില്ല. അവർ തങ്ങളുടെ മാർഗങ്ങൾ വക്രമാക്കി. അതിൽ ചരിക്കുന്നവർക്കു സമാധാനം ലഭിക്കുകയില്ല’ ( ഏശയ്യാ 59:7-8).
മഗ്ദലയിലെ മറിയത്തെ ഇപ്പോൾ എല്ലാവർക്കും അറിയാം. അവൾ അത്ര പ്രശസ്തയായിക്കഴിഞ്ഞിരുന്നു. അവളെത്തേടി കാമുകന്മാർ ദൂരസ്ഥലങ്ങളിൽ നിന്നു വന്നെത്തുന്നു. തൻറെ ആഡംബരനൗകയിൽ അവരുമൊത്തു ഗലീലിക്കടലിൽ ഉല്ലാസയാത്ര ചെയ്യുക അവൾ ഏറെ ഇഷ്ടപ്പെട്ടിരുന്നു. തിന്മയിലേക്കുള്ള ആ പ്രയാണത്തിൽ നിന്നു തന്നെ തടയാൻ അവൾ ആരെയും അനുവദിച്ചിരുന്നില്ല.
ഒരിക്കൽ യേശുവും ശിഷ്യന്മാരും കൂടി ഒരു കൊച്ചുവളളത്തിൽ ഗലീലിക്കടലിലൂടെ യാത്രചെയ്യുകയായിരുന്നു. പതിവുപോലെ യേശു ശിഷ്യന്മാരെ പഠിപ്പിക്കുന്നുണ്ട്. ,ദൂരെനിന്നു വലിയൊരു ആഡംബരനൗക പാഞ്ഞുവരുന്നു. അത് തുഴഞ്ഞിരുന്നവർ ഏതോ മത്സരത്തിൽ പങ്കെടുക്കുകയാണെന്നു തോന്നും അവരുടെ തുഴച്ചിൽ കണ്ടാൽ. അവർ സമീപത്തുണ്ടായിരുന്ന ചെറുവള്ളങ്ങളെയെല്ലാം അപകടത്തിലാക്കുന്ന തരത്തിൽ അത്ര വേഗതയിലും അശ്രദ്ധമായും ആണു തുഴഞ്ഞിരുന്നത്. യേശുവും ശിഷ്യന്മാരും യാത്ര ചെയ്തിരുന്ന കൊച്ചുവള്ളത്തിനും അവർ അസ്വസ്ഥതകൾ സൃഷ്ടിച്ചു. ശരവേഗത്തിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ അവരെ കടന്നുപോയ ആ നൗകയിൽ നിന്നുയർന്ന പൊട്ടിച്ചിരികളും ആഹ്ളാദാരവങ്ങളും അവർ കേൾക്കാതിരുന്നില്ല. എന്നാൽ അവരെ കൂടുതൽ വേദനിപ്പിച്ചതു ഗലീലിയർക്കെതിരെ അവിടെ നിന്നുയർന്ന ശകാരങ്ങളും പരിഹാസങ്ങളുമായിരുന്നു.
യേശുവിൻറെ വള്ളത്തെ മറികടന്നുപോയപ്പോൾ അതിലെ യാത്രക്കാരിയായ സുന്ദരിയെ ശിഷ്യന്മാർ ശ്രദ്ധിച്ചു. അതു മഗ്ദലക്കാരി മറിയം അല്ലാതെ മറ്റാരും ആയിരുന്നില്ല. അവൾ കാമുകന്മാരോടുചേർന്നു കൊഞ്ചിക്കുഴഞ്ഞ്, ആടിപ്പാടി അവരെ കടന്നുപോയി. അപ്പോൾ അവളുടെ മുഖത്ത് വിരിഞ്ഞ ഭാവം, നിസ്സാരരെന്ന് അവൾ വിലയിരുത്തിയ യേശുവിനോടും ശിഷ്യന്മാരോടുമുള്ള പുച്ഛമാണോ അതോ താനാണു ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ സ്ത്രീ എന്ന സംതൃപ്തിയാണോ? യേശുവിൻറെ മുഖത്തുമാത്രം ഒരു ഭാവഭേദവുമില്ല. അവൻ പറഞ്ഞുനിർത്തിയിടത്തുനിന്നുതന്നെ വീണ്ടും പറഞ്ഞുതുടങ്ങി. “ഒരു ഭൃത്യനു രണ്ടു യജമാനന്മാരെ സേവിക്കുവാൻ സാധിക്കുകയില്ല. ദൈവത്തെയും ധനത്തെയും ഒന്നിച്ചു സേവിക്കുവാൻ നിങ്ങൾക്കു കഴിയുകയില്ല. പത്രോസിനും കൂട്ടുകാർക്കും കാര്യം പെട്ടെന്നു മനസിലായി. രണ്ടു വള്ളത്തിൽ ഒരേസമയം യാത്ര ചെയ്യാൻ ആർക്കും സാധിക്കില്ല. ഒന്നുകിൽ യേശുവിൻറെ വള്ളത്തിൽ…. അല്ലെങ്കിൽ മറ്റൊരു വള്ളത്തിൽ…..
യേശു ബഥാനിയയിൽ
————————————-
‘ആകാശത്തിനു കീഴെ മനുഷ്യരുടെയിടയിൽ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നൽകപ്പെട്ടിട്ടില്ല’
(അപ്പ. 4:12).
യേശുവും ശിഷ്യരും ഗലീലിക്കടലിലൂടെ യാത്രചെയ്തപ്പോൾ മറിയവും കൂട്ടരും അവരെ പരിഹസിച്ചുകൊണ്ടു കടന്നുപോയ വിവരം ലാസറും മാർത്തയും അറിഞ്ഞു. തങ്ങളുടെ സഹോദരിയുടെ ഈ പ്രവൃത്തി അവരെ അങ്ങേയറ്റം വേദനിപ്പിച്ചു. സഹോദരിയുടെ ദുഷ്പ്രവൃത്തികളോർത്തു മനസ്സിടിഞ്ഞിരിക്കുന്ന അവരുടെ ഭവനത്തിലേക്ക് അപ്രതീക്ഷിതമായി യേശു കടന്നുചെന്നു. അവർക്ക് യേശുവിൻറെ മുഖത്തേയ്ക്കു നോക്കാൻ ധൈര്യമുണ്ടായിരുന്നില്ല. അത്ര വലിയ ദ്രോഹമാണല്ലോ തങ്ങളുടെ സഹോദരി ഗുരുവിനോടു ചെയ്തത്!
എന്നാൽ യേശുവിൻറെ സംസാരത്തിലോ പെരുമാറ്റത്തിലോ അങ്ങനെയെന്തെങ്കിലും സംഭവിച്ചതിൻറെ സൂചന പോലുമില്ല. അതുകൊണ്ടു സംഭാഷണമദ്ധ്യേ ലാസർ യേശുവിനോടു മറിയത്തെ കണ്ടിരുന്നോ എന്നു ചോദിച്ചു. തങ്ങൾ യാത്ര ചെയ്യുന്നതിനിടയിൽ മറിയത്തെ കണ്ടിരുന്നു എന്ന് യേശു പറഞ്ഞപ്പോഴേയ്ക്കും സങ്കടം സഹിക്കാൻ വയ്യാതെ ലാസർ പൊട്ടിക്കരഞ്ഞുപോയി. സഹോദരൻറെ കരച്ചിൽ കേട്ടപ്പോൾ മാർത്താ സങ്കടത്തോടെയാണെങ്കിലും മറിയത്തെ പഴിച്ചു സംസാരിക്കുവാൻ തുടങ്ങി. അപ്പോൾ യേശു വളരെ ശാന്തമായി അവളോടു പറഞ്ഞു; “നീ മറിയത്തോടു ക്ഷമിക്കുക”.
മാർത്താ പരിസരം മറന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു; ” ഇല്ല. എനിക്കു ക്ഷമിക്കാൻ കഴിയില്ല. ….. അവൾ മൂലമാണു ഞങ്ങളുടെ പാവം ‘അമ്മ ഹൃദയം പൊട്ടി മരിച്ചത്. ഓ, എൻറെ അമ്മ അനുഭവിച്ച വേദന…. കണ്ണുനീർ… എൻറെ സഹോദരൻറെ വേദന…. മറ്റുള്ളവരുടെ പരിഹാസം… ഓ എൻറെ കർത്താവേ, അതോർക്കുമ്പോൾ എനിക്ക് അവളോടു ക്ഷമിക്കാൻ പറ്റുന്നില്ല”.
യേശു അവരെ ആശ്വസിപ്പിക്കുന്നു. എന്നിട്ടും മാർത്തയ്ക്കു സങ്കടം അടക്കാൻ കഴിയുന്നില്ല. യേശു അവളോടു പറഞ്ഞു;” നീ മറിയത്തോടു ക്ഷമിക്കണം. അവളെ ഒരു രോഗിയെ എന്ന പോലെ കാണണം. കാരണം മറിയത്തിൻറെ ആത്മാവിനാണു രോഗം ബാധിച്ചിരിക്കുന്നത്. അതു പിശാചു കൊണ്ടുവരുന്ന രോഗമാണ്. പിശാച് ഇതേപോലെ തന്നെ ഓരോ മനുഷ്യനെയും അധപതിപ്പിച്ച് മൃഗതുല്യനാക്കുന്നു. അതുകൊണ്ട് നീ നിരുപാധികം അവളോടു ക്ഷമിക്കുക. അതോടൊപ്പം അവൾക്കുവേണ്ടി നിരന്തരം പ്രാർത്ഥിച്ചുകൊണ്ടിരിക്കുക”.
ഇതു കേട്ടപ്പോൾ മാർത്താ കരച്ചിൽ നിർത്തിയിട്ട് യേശുവിനോടു ചോദിച്ചു; ” അവൾക്കു രോഗമാണെങ്കിൽ അങ്ങേയ്ക്ക് അവളെ സുഖപ്പെടുത്തിക്കൂടേ?”
യേശു അതിരറ്റ കരുണയോടെ അവരെ ഉറ്റുനോക്കിക്കൊണ്ടു രണ്ടുപേരോടുമായി പറഞ്ഞു; ” ഞാൻ അവളെ സുഖപ്പെടുത്തും…… എന്നാൽ നിങ്ങൾ വിശ്വാസമുള്ളവരായിരിക്കുക….. നിങ്ങളെ ഞാൻ സന്തോഷിപ്പിക്കും… ഞാൻ വീണ്ടും ..പറയുന്നു .. നിങ്ങൾ അവളോടു ക്ഷമിക്കണം… നിങ്ങൾ അവളെ സ്നേഹിക്കണം.. അവളെ അകറ്റി നിർത്താതെ നിങ്ങളോടു ചേർത്തുനിർത്തണം…. അതോടൊപ്പം എന്നെക്കുറിച്ചും എൻറെ പ്രബോധനങ്ങളെക്കുറിച്ചും അവളോടു പറയണം…. എൻറെ നാമം രക്ഷയാണ്…. എൻറെ നാമം പറയാനും എൻറെ നാമത്തെക്കുറിച്ച് ചിന്തിക്കുവാനും അവളെ ഒരുക്കുക….. എൻറെ നാമം ഓർക്കുമ്പോൾ തന്നെ പിശാച് ഓടിമറയുന്നു. നിങ്ങൾ സന്തോഷിക്കുക.. ഞാനും അവൾക്കുവേണ്ടി പിതാവായ ദൈവത്തോടു പ്രാർത്ഥിക്കും.. അതോടൊപ്പം നിങ്ങൾക്കുവേണ്ടിയും…..”
(തുടരും)