സ്നേഹം എന്ന ശക്തി
‘ എന്നാൽ ഞാൻ കർത്താവിങ്കലേക്കു കണ്ണുകളുയർത്തും. എൻറെ രക്ഷകനായ ദൈവത്തിനു വേണ്ടി ഞാൻ കാത്തിരിക്കും. എൻറെ ദൈവം എൻറെ പ്രാർത്ഥന കേൾക്കും’ ( മിക്കാ. 7:7)
ഉറക്കമില്ലാത്ത ആ രാത്രിയുടെ യാമങ്ങളിൽ യേശുവിൻറെ ശരീരത്തിൽ പൂശാനുള്ള സുഗന്ധദ്രവ്യങ്ങൾ എങ്ങനെ സംഘടിപ്പിക്കും എന്നതായിരുന്നു സ്ത്രീശിഷ്യരെ അലട്ടിയ പ്രശ്നം. കാരണം പിറ്റേന്നു സാബത്താണ്. കടകളിൽ പോയി ഒന്നും വാങ്ങാൻ കഴിയില്ലല്ലോ. അവരുടെ സംസാരം ശ്രദ്ധിച്ചു കൊണ്ടിരുന്ന മറിയവും അതുതന്നെയാണു ചിന്തിച്ചുകൊണ്ടിരുന്നത്. അവൾ പറഞ്ഞു; ” ഞങ്ങളുടെ വീട്ടിൽ മേൽത്തരം കുന്തിരിക്കവും വിലകൂടിയ സുഗന്ധദ്രവ്യങ്ങളും ഇരിപ്പുണ്ട്. ഞാൻ പോയി അതെടുത്തുകൊണ്ടുവരാം.”. അവരെല്ലാവരും ഒരേ സ്വരത്തിൽ അവളെ തടഞ്ഞു; “മറിയം, അത് അപകടമാണ്. പുറത്തു വലിയ ബഹളം നടക്കുന്നുണ്ടെന്നാണു പറഞ്ഞുകേൾക്കുന്നത്. റോമൻ പട്ടാളക്കാർ നഗരത്തിൽ റോന്തു ചുറ്റുന്നുണ്ടത്രേ”. അപ്പോൾ മറിയം പറഞ്ഞു; “രാത്രിയിൽ വഴിയിൽ ഇറങ്ങി നടക്കുക എന്നതു നിങ്ങളെക്കാൾ നന്നായി എനിക്കറിയാം. പാപം ചെയ്യാൻ വേണ്ടി ആയിരം പ്രാവശ്യം ഞാൻ ഇറങ്ങിനടന്നിട്ടുണ്ട്. പിന്നെ ദൈവത്തിൻറെ പുത്രനു ശുശ്രൂഷ ചെയ്യുന്നതിനുവേണ്ടി ഒരു രാത്രി ഇറങ്ങിനടക്കുന്നതിനു ഞാനെന്തിനു ഭയപ്പെടണം?” ആരും ഒന്നും പറഞ്ഞില്ല. ഒരു കാര്യം ചെയ്യണമെന്നു തീരുമാനിച്ചാൽ എന്തുവിലകൊടുത്തും അതു ചെയ്യുന്നവളാണു മറിയമെന്ന് അത്രയും കാലത്തെ അനുഭവം കൊണ്ട് അവർക്കു മനസിലായിരുന്നു
മറിയം വാതിൽ തുറന്നു പുറത്തേക്കിറങ്ങി. മറ്റുള്ളവർ പ്രാർത്ഥനാപൂർവ്വം മറിയം തിരികെ വരുന്നതും കാത്തിരുന്നു. കുറച്ചു സമയത്തിനുശേഷം സുഗന്ധക്കൂട്ടുകളുമായി അവൾ സുരക്ഷിതയായി തിരിച്ചെത്തി. ആകാംക്ഷയോടെ കാത്തിരുന്ന മറ്റുള്ളവരോടു പുറത്തെ സ്ഥിതിഗതികൾ വർണ്ണിക്കുകയും ചെയ്തു.
മറിയം കൊണ്ടുവന്ന സുഗന്ധക്കൂട്ടുകൾ എല്ലാവരും കൂടി ഒരുക്കി. അവരുടെയെല്ലാം കണ്ണീർ ആ സുഗന്ധദ്രവ്യങ്ങളിൽ കലർന്നിരുന്നു. മറിയം ഹൃദയത്തിൽ കരയുന്നുണ്ടായിരുന്നെങ്കിലും പുറമേയ്‌ക്കു ധൈര്യം ഭാവിച്ചുകൊണ്ടു മറ്റുള്ളവരുടെ മുൻപിൽ തൻറെ ദുഃഖം പ്രകടിപ്പിക്കാതിരിക്കാൻ ശ്രമിക്കുണ്ടായിരുന്നു. അവളാണല്ലോ എല്ലാവർക്കും ധൈര്യം കൊടുത്ത് ആശ്വസിപ്പിച്ചുകൊണ്ടിരുന്നത്.
യോഹന്നാനും അങ്ങനെതന്നെ… അവൻ എപ്പോഴും മാതാവിനെ ആശ്വസിപ്പിച്ചുകൊണ്ടു കൂടെ നിൽക്കും. ഇടയ്ക്കു സ്ത്രീകളെ സഹായിക്കാൻ വരും. ഓരോ കാര്യവും ശ്രദ്ധിച്ചു ചെയ്യുന്ന വിശുദ്ധനാണ് യോഹന്നാൻ. ഇടയ്ക്കു യോഹന്നാനും മറിയവും തനിച്ചായി. അപ്പോൾ അവൾ യോഹന്നാനോടു പറഞ്ഞു; “നമ്മൾ കരയുന്നത് ആരും കാണരുത്….. അതു കണ്ടാൽ മറ്റുള്ളവർ തളർന്നുപോകും…. നമ്മൾ വിശ്വസിക്കണം.. ഉറച്ചുവിശ്വസിക്കണം”.
യോഹന്നാൻ മറിയത്തെ സൂക്ഷിച്ചുനോക്കിക്കൊണ്ടു പറഞ്ഞു; ” നീ എന്നെക്കാൾ ശക്തയാണ്”.
“അതേ യോഹന്നാൻ! എനിക്കു ലോകത്തെ ചെറുത്തു തോൽപ്പിക്കാനുള്ള കരുത്തും തൻറേടവുമുണ്ടായിരുന്നു…. പക്ഷേ അന്നു ഞാൻ അതെല്ലാം ചെയ്തിരുന്നതു ദൈവത്തെക്കൂടാതെ ആയിരുന്നു. എന്നാൽ ഇന്ന് അവൻ എന്നിൽ ജീവിക്കുന്നു. ഞാൻ അതു കൃത്യമായി അറിയുന്നുണ്ട്. അതുകൊണ്ട് നരകത്തെ വരെ നമുക്കു ചെറുത്തുതോല്പിക്കാം…. നല്ലവനായ എൻറെ യോഹന്നാനേ, നീ എന്നേക്കാൾ ശക്തനാകണം. കാരണം നീ നിഷ്കപടനാണല്ലോ….. അതുകൊണ്ടാണ് അവൻ നിന്നെ അധികമായി സ്നേഹിച്ചത്”. യോഹന്നാൻ നിഷ്കളങ്കമായി ചോദിച്ചു; “അവൻ നിന്നെയും സ്നേഹിച്ചില്ലേ?” മറിയം ഒരു നിമിഷം മൗനമായിരുന്നു. എന്നിട്ടു പറഞ്ഞു; ” യോഹന്നാൻ, ഞാനൊരു പാപിയായിരുന്നു! മഹാപാപി! എന്നാൽ നീ അങ്ങനെയല്ലല്ലോ. പക്ഷേ ഞാൻ….. ഞാൻ….” ഗദ്ഗദം കൊണ്ട് അവൾക്ക് അത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. യേശുവിനെ അതിരറ്റു സ്നേഹിക്കുന്ന രണ്ട് ആത്മാക്കൾ! അവരുടെ ഹൃദയത്തിൽ യേശു മാത്രം…
മഗ്ദലേന മറിയം – അപ്പസ്തോല
കർത്താവ് അരുളിച്ചെയ്യുന്നു. നിങ്ങൾ എൻറെ സാക്ഷികളാണ്. എന്നെ അറിഞ്ഞു വിശ്വസിക്കാനും ഞാനാണു ദൈവമെന്നു ഗ്രഹിക്കാനും ഞാൻ തെരഞ്ഞെടുത്ത ദാസൻ. എനിക്കു മുൻപു മറ്റൊരു ദൈവം ഉണ്ടായിട്ടില്ല. എനിക്കുശേഷം മറ്റൊരു ദൈവം ഉണ്ടാവുകയുമില്ല’ ( ഏശയ്യാ 43:10)
യേശുവിനെ തള്ളിപ്പറഞ്ഞ് ഓടിപ്പോയ പത്രോസിനെ യോഹന്നാൻ കണ്ടെത്തി മാതാവും മറ്റു സ്ത്രീകളും താമസിച്ചു കൊണ്ടിരുന്നിടത്തേക്കു കൂട്ടിക്കൊണ്ടുവന്നു. ഗുരുവിനെ തള്ളിപ്പറഞ്ഞതിൻറെ കുറ്റബോധവും ലജ്ജയും മൂലം പത്രോസിനു മറ്റുള്ളവരെ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു. ഇതു മനസിലാക്കിയ മറിയം പത്രോസിനെ ശക്തിപ്പെടുത്തി. അവൾ അവനോടു പറഞ്ഞു; “ഞാൻ പാപം ചെയ്തുപോയി … ഞാൻ പാപം ചെയ്തുപോയി…..എന്നിങ്ങനെ പതംപറഞ്ഞുകൊണ്ടു കരയുകയല്ല വേണ്ടത്…. ഇനി പാപം ചെയ്ത് എൻറെ കർത്താവിനെ വേദനിപ്പിക്കില്ല എന്ന തീരുമാനമെടുക്കുകയാണു വേണ്ടത്…. ചെയ്ത പാപങ്ങളോർത്ത് അനുതപിക്കണം. ആ അനുതാപം അവനുവേണ്ടി കൂടുതൽ തീക്ഷ്ണതയോടെ ശുശ്രൂഷ ചെയ്യാൻ നിന്നെ ശക്തനാക്കും”. ഒരു നിമിഷം നിർത്തിയിട്ട് അവൾ പത്രോസിനെ നോക്കി. അവൻ അപ്പോഴും മുഖം കുനിച്ചിരിപ്പാണ്. മറിയം തുടർന്നു “എന്നെ നിനക്കു നന്നായി അറിയാവുന്നതല്ലേ…. ഞാനാരാണെന്നും എന്തൊക്കെ മ്ലേച്ഛതകളിൽ മുഴുകിയാണു ഞാൻ ജീവിച്ചിരുന്നതെന്നും നിനക്കറിയാമല്ലോ. എന്നാൽ യേശുവിനെ കണ്ടെത്തിയതുമുതൽ, എൻറെ രക്ഷകനെ അറിഞ്ഞതുമുതൽ എൻറെ ജീവിതം മാറി….. എൻറെ പഴയ ജീവിതമോർത്ത് എനിക്കു വേദനയുണ്ട്. എന്നാൽ ഞാൻ അതോർത്തു തളർന്നിരിക്കുകയല്ല ചെയ്തത്. എൻറെ യേശുവിനുവേണ്ടി പരസ്യമായി ഞാൻ പ്രവർത്തിച്ചു….. ലോകം മുഴുവൻ എന്നെ നിന്ദിച്ചോട്ടെ… എന്നെ വെറുത്തോട്ടെ… കാരണം ഞാൻ അതിന് അർഹയാണ്. എന്നാൽ അവരുടെ മുൻപിൽ തളരാതെ എൻറെ യേശുവിനുവേണ്ടി ശുശ്രൂഷ ചെയ്തുകൊണ്ട് ഈ പുതിയ മറിയം ആരാണെന്ന് അവരെ അറിയിക്കണം… പഴയ മറിയമല്ല ഇതെന്ന് അവർക്കു മനസിലാക്കിക്കൊടുക്കണം…. എൻറെ ലക്‌ഷ്യം അതുമാത്രമാണ്. അതുകൊണ്ടാണ് ഇതൊന്നും എന്നെ ഭയപ്പെടുത്താത്തത്”.
മറിയത്തിൻറെ വാക്കുകൾ കേട്ട പത്രോസ് ഒന്നും മിണ്ടാതെ മുഖം കുനിച്ച് അതേ ഇരിപ്പിരിക്കുകയാണ്. തൻറെ വാക്കുകൾ അല്പം പരുഷമായിപ്പോയോ എന്നു മറിയത്തിനു സംശയം. അവൾ പത്രോസിൻറെ അടുത്തുചെന്നു പതുക്കെ പറഞ്ഞു: “ എനിക്ക് ഇങ്ങനെയൊക്കെ പറയാനേ അറിയൂ.. ഞാൻ അങ്ങനെ ആയിപ്പോയി.. അമ്മയെപ്പോലെ സ്നേഹിക്കാനും തലോടാനും ഒന്നും എനിക്കറിയില്ല… അവൾ യേശുവിൻറെ അമ്മയല്ലേ! അവൾ സ്നേഹം തന്നെയാണ്..” അവൾ പത്രോസിനെ യോഹന്നാനോടൊപ്പം അമ്മയുടെ അടുത്തേക്കു പറഞ്ഞുവിട്ടു.
അവർ പോയിക്കഴിഞ്ഞപ്പോൾ മറിയത്തിൻറെ ഹൃദയം സങ്കടം കൊണ്ടു നിറഞ്ഞു. അവൾ തന്നോടുതന്നെ മന്ത്രിച്ചുകൊണ്ടിരുന്നു; ലോകം മുഴുവൻ ചവിട്ടിമെതിച്ച ഒരു ഹൃദയമാണല്ലോ ഞാൻ യേശുവിനു കൊടുത്തത്!…… എൻറെ മരണം വരെ ഈ ചിന്തകൾ എന്നെ .വേദനിപ്പിക്കും…. എന്നാൽ ഇനിയുള്ള എൻറെ ജീവിതം ഞാൻ പൂർണ്ണമായി അവനു സമർപ്പിക്കും. ഇപ്പോൾ തയ്യാറാക്കിയ സുഗന്ധക്കൂട്ടുകൾ ഞാൻ തന്നെ അവൻറെ ശരീരത്തിൽ ലേപനം ചെയ്യും. അശുദ്ധമായ എൻറെ കരങ്ങൾ കൊണ്ട് ആ പരിശുദ്ധശരീരത്തെ സ്പർശിക്കണമല്ലോ എന്നോർക്കുമ്പോൾ എൻറെ ഹൃദയം നുറുങ്ങുന്നു. ഓ, എൻറെ ദൈവമേ, യേശുവിൻറെ അമ്മയുടേതുപോലുള്ള പരിശുദ്ധമായ കരങ്ങൾ എനിക്കു ലഭിച്ചിരുന്നെങ്കിൽ!…
അവൾ എഴുന്നേറ്റ് അകത്തേയ്ക്കു പോയി. അപ്പോൾ പത്രോസ് അമ്മയുടെ മുറിയിൽ നിന്നിറങ്ങിവരികയാണ്. അൽപം മുൻപു താൻ കണ്ട പത്രോസല്ല ഇപ്പോൾ തൻറെ മുൻപിലുള്ളത് എന്ന് ഒറ്റനോട്ടത്തിൽ തന്നെ മറിയത്തിനു മനസിലായി. അമ്മയുടെ അടുത്തു കുറച്ചുസമയം ചെലവഴിച്ചതിൻറെ ഫലമായിരുന്നു അത്. അമ്മയുടെ അടുത്തെത്തുന്ന ഏതൊരാളും തിരിച്ചുപോകുമ്പോഴേയ്ക്കും മറ്റൊരു വ്യക്തിയായി മാറിയിട്ടുണ്ടാകും എന്നു തൻറെ അനുഭവത്തിൽ നിന്നു തന്നെ മറിയത്തിന് അറിയാമായിരുന്നു. അവരെ ഇരുവരെയും നയിച്ചത് യേശുവിലുള്ള ഉറച്ച വിശ്വാസമായിരുന്നു.
യേശു വിജയശ്രീലാളിതനായി ഉയിർത്തെഴുന്നേറ്റുവരും എന്ന് ഉറച്ചു
വിശ്വസിച്ച മഗ്ദലേന മേരി……… ദൈവം അരുളിച്ചെയ്ത കാര്യങ്ങൾ നിറവേറുമെന്നു പൂർണ്ണമായി വിശ്വസിച്ച പരിശുദ്ധ അമ്മ….. ഒരിക്കലും സംശയിക്കാത്ത രണ്ടുപേർ…..
(തുടരും)