അപ്പസ്തോലന്മാരുടെ അപ്പസ്തോല – 14

തിരുവത്താഴ സ്മരണകൾ 

” ജ്ഞാനം  ഭൂവാസികളുടെ പാത നേരെയാക്കി. അങ്ങേയ്ക്കു പ്രസാദമുള്ളവ അവരെ പഠിപ്പിച്ചു. അവർ രക്ഷിക്കപ്പെടുകയും  ചെയ്തു’ ( ജ്ഞാനം 9:18)

ജറുസലേമിലേക്കുള്ള രാജകീയപ്രവേശനത്തിൻറെ ആഘോഷവേള.. ജനങ്ങൾ ആഹ്ളാദാരവങ്ങളോടെ  ഓശാന വിളികളുമായി യേശുവിനെ അനുഗമിക്കുന്നു…… ദാവീദിൻറെ പുത്രൻ… ഇസ്രായേലിൻറെ രാജാവ്….  റോമൻ അടിമത്തത്തിൽ നിന്നു  തങ്ങളെ  മോചിപ്പിക്കാൻ വരുമെന്ന് അവർ കരുതിയ  രക്ഷകൻ… നസ്രായനായ യേശു….

ജറുസലേം ദൈവാലയത്തിലേക്കുള്ള ഘോഷയാത്ര വഴിവക്കിൽ മാറിനിന്നു കാണുകയാണു  പരിശുദ്ധ അമ്മയും  മഗ്ദലേനാ മറിയവും. ചുറ്റുമുള്ള  ജനക്കൂട്ടം ആഹ്ളാദിക്കുമ്പോൾ  വരാനിരിക്കുന്ന  ഭീകരസംഭവങ്ങളെ  മനസ്സിൽ ധ്യാനിക്കുകയായിരുന്നു   അവരിരുവരും.അവർക്ക് എങ്ങനെയാണു  ജനത്തിൻ്റെ ആർപ്പുവിളികളിൽ  സന്തോഷിക്കാൻ കഴിയുക? അവരുടെ ഹൃദയം  അത്രമേൽ ദുഃഖപൂർണ്ണമായിരുന്നു.

യേശുവും ശിഷ്യന്മാരും  തിരുവത്താഴമേശയിൽ ഒന്നിച്ചുകൂടിയപ്പോഴും സമീപത്തുള്ള മുറിയിൽ  മറിയവും   മറ്റു സ്ത്രീശിഷ്യകളും മാതാവിനോടൊത്തു  പ്രാർത്ഥനയിൽ മുഴുകിയിരുന്നു. ഗുരുവിനും ശിഷ്യന്മാർക്കും പെസഹാ ആചരിക്കാൻ വേണ്ട എല്ലാ ഒരുക്കങ്ങളും ചെയ്തുകൊടുത്തതും അവർ തന്നെയാണ്.

പരിശുദ്ധ അമ്മയോടു  ചേർന്നിരുന്നു പ്രാർത്ഥിക്കാൻ കിട്ടുന്ന  ഒരവസരവും മറിയം  പാഴാക്കിയിരുന്നില്ല. അത് അവളെ  ആത്മീയമായി കൂടുതൽ കൂടുതൽ  ഉന്നതിയിലേക്കു നയിക്കാൻ   കാരണമാവുകയും ചെയ്തിരുന്നു.  സ്വന്തം  അമ്മയുടെ അടുത്ത് ഇരിക്കാൻ സാധിക്കാതെ പോയതിൻറെ കുറവും   അമ്മയ്ക്കു  കൊടുക്കാൻ പറ്റാതെ പോയ  സ്നേഹത്തിൻറെയും   അനുസരണത്തിൻറെയും കുറവും  അവൾ മാതാവിൻറെ  കൂടെയായിരുന്നപ്പോൾ പരിഹരിച്ചു എന്നു  പറയാം. അവൾ പരിശുദ്ധ അമ്മയുടെ  ഓമനമകളായി മാറിക്കഴിഞ്ഞിരുന്നു. ഇക്കാലം കൊണ്ട് യേശുവിനെ സ്നേഹിക്കുന്ന  അതേ തീക്ഷ്ണതയോടെ   മറിയത്തെയും സ്നേഹിക്കാൻ  അവൾ പഠിച്ചിരിക്കുന്നു.  

പെസഹാ ആഘോഷങ്ങൾക്കു  ശേഷം  യേശുവും ശിഷ്യന്മാരും   പുറത്തേക്കുപോയത്    അവർ അറിഞ്ഞിരുന്നു.  അത് ഗെത് സമേനിലേക്കാണെന്നും  അവർക്കറിയാം.  കാരണം യേശു ശിഷ്യന്മാരെയും കൂട്ടി ഇടയ്ക്കിടെ അവിടെ   പ്രാർത്ഥിക്കാൻ പോകാറുള്ളതാണല്ലോ. എന്നാൽ രാത്രി അവിടെവച്ച് യേശു പിടിക്കപ്പെട്ടു എന്നറിഞ്ഞപ്പോൾ എല്ലാവരും ഭയവിഹ്വലരായി.  സ്ത്രീകൾ  കരഞ്ഞുകൊണ്ടു  മാതാവിൻറെ അടുത്തുചെന്നു  വിവരം  പറഞ്ഞു. വാതിലുകൾ   എല്ലാം  ഭദ്രമായി  അടച്ച് അവരെല്ലാവരും  നിറമിഴികളോടെ  മുറിക്കുള്ളിൽ തന്നെ ഇരുന്നു.  ഉള്ളിലെ വേദന അടിച്ചമർത്തിക്കൊണ്ട് എല്ലാവരെയും ചേർത്തുനിർത്തി ആശ്വസിപ്പിക്കുകയും പ്രാർത്ഥിക്കുകയും  ചെയ്തുകൊണ്ടിരിക്കുകയാണു  പരിശുദ്ധ അമ്മ.  മറിയമാകട്ടെ  അമ്മയുടെ കരങ്ങളിൽ  നിന്നു  കൈവിടാതെ കരഞ്ഞുകൊണ്ടിരുന്നു.

പുലർച്ചെ ആയപ്പോൾ അപ്പസ്തോലനായ യോഹന്നാൻ  അമ്മയെ വിളിച്ചുകൊണ്ടുപോകാൻ വന്നു. അപ്പോൾ സ്ത്രീകളായ ശിഷ്യരെല്ലാം പുറത്തിറങ്ങി. എല്ലാവർക്കും  അറിയേണ്ടത് യേശു എവിടെയാണെന്നാണ്. യോഹന്നാൻ ഗദ്ഗദങ്ങൾക്കിടയിലൂടെ പറഞ്ഞൊപ്പിച്ചു; “അവനിപ്പോൾ പീലാത്തോസിൻറെ  അരമനയിലാണ്. അവനെ കുരിശുമരണത്തിനു വിധിച്ചു”.  ആ വാർത്ത ഒരു  ഇടിത്തീ പോലെയാണ് അവരുടെ   ഹൃദയത്തിൽ  പതിച്ചത്.   എല്ലാവരുടെയും മുഖം മ്ലാനമായി.  ആരോ ഒരാൾ  ഏങ്ങലടിച്ചു കരയുന്ന ശബ്ദം;  അത് ഒരു കൂട്ടക്കരച്ചിലായി മാറാൻ  ഒരു നിമിഷം മതിയായിരുന്നു.   യോഹന്നാൻ തിടുക്കത്തിലായിരുന്നു.  അവൻ    അമ്മയെയും   കൂട്ടിക്കൊണ്ടു   വേഗം പുറപ്പെട്ടു.  കരയുകയും വിലപിക്കുകയും ചെയ്തുകൊണ്ടു  മഗ്ദലേന മറിയവും  മറ്റു സ്ത്രീകളും  അവരെ   അനുഗമിച്ചു.

 കുരിശിൻറെ വഴിയേ 

‘കർത്താവേ, അങ്ങയുടെ മാർഗങ്ങൾ  എനിക്കു  മനസിലാക്കിത്തരണമേ! അങ്ങയുടെ പാതകൾ എന്നെ പഠിപ്പിക്കണമേ! ( സങ്കീ. 25:4).

കാൽവരി യാത്ര ആരംഭിച്ചുകഴിഞ്ഞു. യേശു ഭാരമുള്ള കുരിശും താങ്ങിക്കൊണ്ടു   ഗാഗുൽത്താ മല കയറുകയാണ്. പരിശുദ്ധ അമ്മയും  മഗ്ദലനാമറിയവും  മാർത്തയും  മറ്റു സ്ത്രീകളും കാൽവരിയിലേക്കുള്ള  വഴിയിൽ നിൽക്കുന്നു. യേശു  കടന്നുപോകുന്നതുവരെ അവർ അവിടെത്തന്നെ  നിന്നു.  അതിനുശേഷം അവർ കുറേദൂരം  യേശുവിനെ അനുഗമിച്ചു. പിന്നീട് ഒരു കുറുക്കുവഴിയിലൂടെ പോയി പെട്ടെന്നുതന്നെ  കാൽവരിമലയുടെ മുകളിലെത്തി. അവിടെ നിന്നുകൊണ്ട് അവർക്ക് എല്ലാം കാണാൻ  കഴിയുന്നുണ്ട്.  യേശുവിനെ പട്ടാളക്കാർ അടിക്കുന്നത്, ജനങ്ങൾ പരിഹസിക്കുന്നത്,  യേശു വീണ്ടും വീണ്ടും വീഴുന്നത്, കിറേനാക്കാരനായ  ശിമയോൻ കർത്താവിനെ സഹായിക്കുന്നത് എല്ലാം  അമ്മ കണ്ടുകൊണ്ടുനിൽക്കുകയാണ്.   വ്യാകുലയായ മാതാവിൻറെ  മുഖം കാണുമ്പോൾ  മറിയത്തിനു സഹിക്കുന്നില്ല.

 പടയാളികൾ യേശുവിനെയും കൊണ്ട്  എത്തിക്കഴിഞ്ഞു.   തന്നെ ബലിയർപ്പിക്കാനുള്ള  വിറകുകെട്ടും തലയിൽ ചുമന്നുകൊണ്ടു  മോറിയാമല   കയറുന്ന ഇസഹാക്ക് പെട്ടെന്നു  മറിയത്തിൻറെ മനസിലേക്ക് ഓടിയെത്തി.  ഇതാ യേശു തൻറെ ബലി പൂർത്തിയാക്കാനായി കുരിശും ചുമന്നുകൊണ്ടു വരുന്നു. അത് സഹിക്കാനുള്ള കരുത്ത് അവൾക്കില്ല.  അവളുടെ പ്രിയപ്പെട്ട രക്ഷകൻ  ഒരു  പെസഹാക്കുഞ്ഞാടിനെപ്പോലെ ബലികഴിക്കപ്പെടാൻ  പോവുകയാണ്. കാൽവരിയിൽ  എത്തിയതിനുശേഷം അവർ യേശുവിനെ കുരിശിലേറ്റി.  മറിയവും  മറ്റു ഭക്തസ്ത്രീകളും  അതെല്ലാം കണ്ടുകൊണ്ടു നിൽക്കുകയാണ്. പച്ചമാംസത്തിൽ കാരിരുമ്പാണികൾ  അടിച്ചുകയറ്റുന്നു.  കുരിശു വലിച്ചുയർത്തി കുഴിയിലേക്കിറക്കുന്നു.    മൂന്നാണികളിന്മേൽ  തൂങ്ങിപ്പിടയുകയാണ് ദൈവപുത്രൻ!

മറിയത്തിനു തന്നെത്തന്നെ   നിയന്ത്രിക്കാനായില്ല. അവൾ പൊട്ടിപ്പൊട്ടിക്കരയുകയാണ്. കുരിശിൻറെ അടുത്തുനിൽക്കാൻ   മാതാവിനെയും യോഹന്നാനെയും മാത്രമേ ആദ്യം പട്ടാളക്കാർ അനുവദിച്ചിരുന്നുള്ളൂ.  പിന്നീടുമാത്രമാണു  മറിയത്തിനും  കൂടെയുള്ള സ്ത്രീകൾക്കും അടുത്തുചെല്ലാൻ  അനുവാദം ലഭിച്ചത്.  മണിക്കൂറുകൾ നീണ്ട കുരിശിലെ കഠിനവേദനകളുടെ  അവസാനം യേശു മരിച്ചു എന്നുറപ്പായപ്പോൾ മാതാവ് തളർന്നുവീണു.  അതുവരെ അവൾ  വീഴാതെ  പിടിച്ചുനിന്നതു  തൻറെ പ്രിയപുത്രന് അല്പമെങ്കിലും ആശ്വാസം നല്കാൻ വേണ്ടി മാത്രമായിരുന്നു.

മേരി മാതാവിനെ താങ്ങി തൻറെ മടിയിൽ കിടത്തി.  അമ്മയുടെ  തലയിലും കൈയിലും തടവുകയും ആ മുഖത്തു  ചുംബിച്ചുകൊണ്ട് ആശ്വസിപ്പിക്കുകയും ചെയ്തു.   ലോകത്തിനു രക്ഷകനെ പ്രദാനം ചെയ്തത് പരിശുദ്ധ  അമ്മയാണ്.  ആ അമ്മയോട് ലോകം കാട്ടിയ ക്രൂരത…..

കുരിശിൽ നിന്നിറക്കിയ യേശുവിൻറെ  ചേതനയറ്റ ശരീരം  മാതാവിൻറെ  മടിയിൽ കിടത്തിയപ്പോഴും മറിയം മാതാവിനോടു  ചേർന്ന് ഇരിക്കുന്നുണ്ട്..  പിന്നീട്  അവൻറെ ശരീരം കല്ലറയിലേക്കു  വഹിച്ചുകൊണ്ടു  പോയപ്പോൾ  വീണ്ടും തളർന്നുവീഴാൻ പോയ  മാതാവിനെ താങ്ങിപ്പിടിച്ചുകൊണ്ടു കല്ലറയുടെ അടുത്തുകൊണ്ടുവന്നിരുത്തിയതും മറിയം  തന്നെയായിരുന്നു.  തനിക്കു കഴിയുന്നതുപോലെയൊക്കെ അവൾ അമ്മയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.  ഇടയ്ക്കിടെ സങ്കീർത്തനങ്ങളിൽ നിന്നുള്ള ഭാഗങ്ങളും ഏശയ്യാ പ്രവാചകൻറെ   പുസ്തകത്തിൽ  യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളും അവൾ ഉച്ചത്തിൽ ഉരുവിട്ടുകൊണ്ടിരുന്നു.

യേശുവിൻറെ മൃതദേഹം സംസ്കരിച്ചതിനുശേഷം മാതാവിനെയും കൂട്ടി അവർ – മഗ്ദലേനമറിയവും  യോഹന്നാനും നിക്കൊദേമൂസും  അരമത്യാക്കാരൻ ജോസഫും  തിരുവത്താഴം നടന്ന ഭവനത്തിലേക്കു തിരിച്ചുപോയി. കുറച്ചുസമയത്തിനുശേഷം അവിടുത്തെ കാര്യങ്ങളെല്ലാം യോഹന്നാനെയും മറിയത്തെയും  ഏല്പിച്ചിട്ട് നിക്കൊദേമൂസും ജോസഫും  യാത്രയായി.  പട്ടണത്തിലെങ്ങും, പ്രത്യേകിച്ച്, ദൈവാലയത്തിലും  പരിസരങ്ങളിലും  വലിയ  ബഹളം നടക്കുന്നുവെന്നറിഞ്ഞ ശിഷ്യകൾ വല്ലാതെ ഭയന്നു. എന്നാൽ മറിയത്തിനു   ഭയം എന്നൊരു വികാരമേ തോന്നിയില്ല. അവൾ ഭയത്തെ അതിജീവിച്ചുകഴിഞ്ഞിരുന്നു. വാതിലുകളെല്ലാം അടച്ചു ഭദ്രമാക്കി  കണ്ണീരിലും പ്രാർത്ഥനയിലും  സമയം ചിലവഴിച്ച ശിഷ്യർക്കു  കാവലായി  യോഹന്നാനോടൊപ്പം മഗ്ദലേനമറിയവും   അവിടെയിരുന്നു.

(തുടരും)