അപ്പസ്തോലന്മാരുടെ അപ്പസ്തോല – 12

വിശ്വാസത്തിൻറെ  ആഴങ്ങളിലേക്ക് 

‘ അവനിൽ വിശ്വസിക്കുന്ന  ഏവനും  നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തൻറെ  ഏകജാതനെ നൽകാൻ  തക്കവിധം  ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു ‘ ( യോഹ. 3:16)

ലാസറിൻറെ സ്ഥിതി കൂടുതൽ  വഷളായികൊണ്ടിരുന്നു. അവനെ ചികിൽസിച്ചുകൊണ്ടിരുന്ന വൈദ്യൻ മാർത്തയോടും മറിയത്തോടും  സ്വകാര്യമായി പറഞ്ഞു; ” എൻറെ കഴിവിൻറെ പരമാവധി ഞാൻ ചെയ്തുകഴിഞ്ഞു.  ഞാൻ പഠിച്ചറിഞ്ഞ എല്ലാ ചികിത്സാവിധികളും പരീക്ഷിച്ചുകഴിഞ്ഞു. ഇനി എന്നെക്കൊണ്ടൊന്നും ചെയ്യാനില്ല.  നിങ്ങളുടെ സഹോദരൻ മരണത്തോടടുത്തിരിക്കുന്നു. ഏറിയാൽ മൂന്നുദിവസം. അതിനപ്പുറം പോകില്ല”.

വൈദ്യൻറെ വാക്കുകൾ ഇടിത്തീ പോലെയാണ് ആ സഹോദരിമാരുടെ ഹൃദയത്തിൽ പതിച്ചത്. അവർ മുഖം താഴ്ത്തി നിന്നതേയുള്ളൂ. വൈദ്യൻ തുടർന്നു:  “എന്നാൽ ഞാൻ ഒരു കാര്യം പറയട്ടെ….  നിങ്ങളുടെ സുഹൃത്തായ ആ  റബ്ബിയില്ലേ… അവൻ ദൈവമാണെന്നല്ലേ നിങ്ങൾ  വിശ്വസിക്കുന്നത്… അവൻ ചെയ്യുന്ന അത്ഭുതങ്ങളെക്കുറിച്ചു   ഞാൻ പലരിൽ നിന്നും കേട്ടിട്ടുണ്ട്. അവനിൽ എന്തോ  പ്രത്യേകതയുണ്ട്. കാരണം  ഞാൻ ചികിൽസിച്ചുകൊണ്ടിരുന്ന പല   രോഗികളെയും അവൻ  സുഖപ്പെടുത്തിയിട്ടുണ്ട്. അവരെല്ലാം   തന്നെ മരുന്നുകളൊന്നും ഫലിക്കാതെ മരണത്തോടടുത്തവരായിരുന്നു. അതുകൊണ്ട് എന്നെ വിശ്വസിക്കുക….  അവനു തീർച്ചയായും നിങ്ങളുടെ സഹോദരനെ  സുഖപ്പെടുത്താൻ  സാധിക്കും. ഇക്കാര്യത്തിൽ എനിക്കുറപ്പുണ്ട്.. നിങ്ങൾ എത്രയും വേഗം ആളയച്ച് അവനെ ഇവിടെ കൊണ്ടുവരിക.. അസാധ്യകാര്യങ്ങൾ ചെയ്യുന്നവനെ നമ്മൾ വിശ്വസിച്ചേ  മതിയാകൂ….”      ഇത്രയും പറഞ്ഞ് വൈദ്യൻ പടികടന്നുപോയി.

സഹോദരിമാർ പരസ്പരം നോക്കി.  ഒന്നും മിണ്ടാതെ  കുറേനേരം നിന്നു. അൽപം കഴിഞ്ഞപ്പോൾ മാർത്ത സഹോദരിയുടെ അടുത്തുചെന്നു ചോദിച്ചു; ‘ നമ്മൾ ഇനി എന്തുചെയ്യും? ഞാൻ യേശുവിനെ വിവരം അറിയിക്കാൻ ആളെ വിടട്ടേ?  നീ എന്തുപറയുന്നു?”  എന്നാൽ മറിയം  എതിർത്തു. “ആരെയും വിടേണ്ട.  കാരണം നമ്മൾ അവനെ  അനുസരിക്കണം. അവൻ നമ്മളോടു പറഞ്ഞതു  നീ  ഓർമ്മിക്കുന്നില്ലേ?”

മാർത്തായ്ക്ക്  ആകെ വിഷമം. ” ഓ എൻറെ  അവസ്ഥ… ഞാൻ തനിയെ എന്തുചെയ്യും…  എന്നെ സഹായിക്കാൻ  ആരുമില്ല…. നിനക്ക് എന്നോടും ഇവിടെയാരോടും സ്നേഹമില്ല”.  അവൾ  നിലത്തുകിടന്ന്  ഉറക്കെ  കരയാൻ തുടങ്ങി.അതു  കണ്ടതേ  മറിയത്തിനും വിഷമമായി. നിറകണ്ണുകളോടെ അവൾ  മാർത്തയെ ചേർത്തുപിടിച്ചു.  മാർത്ത  വീണ്ടും അവളടെ ഹൃദയം തുറക്കുകയാണ്; “ഓ   എൻറെ ദൈവമേ….    ആകെ ഉണ്ടായിരുന്ന ഒരു സഹോദരൻ ഇതാ ഇങ്ങനെയുമായി…എൻറെ അമ്മ ഉണ്ടായിരുന്നെങ്കിൽ,, എൻറെ വേദനയ്ക്ക് ആശ്വാസം ലഭിക്കുമായിരുന്നു… അമ്മേ, അമ്മേ…”   അവൾ കരച്ചിൽ നിർത്തുന്നില്ല.

അതുവരെ നിശ്ശബ്ദയായിരുന്ന മറിയം   സഹോദരിയുടെ കവിളിൽ   ചുംബിച്ചുകൊണ്ടു  പറഞ്ഞു; ” വിഷമിക്കരുത്. നമുക്ക് എല്ലാം ഉണ്ട്.  നീ ഗുരു പറയുന്നതു  കേൾക്കാറില്ലേ? അവൻറെ ഒരു പ്രബോധനമെങ്കിലും നിൻറെ ഹൃദയത്തിലുണ്ടോ?…. നിനക്ക് ഒന്നും  ഓർമ്മയില്ലേ… യേശുവിനെ സ്നേഹിക്കുന്നവർക്ക്, അവനിൽ വിശ്വസിക്കുന്നവർക്ക്  ദൈവരാജ്യം ലഭിക്കുമെന്നല്ലേ അവൻ പറഞ്ഞത്…… പിന്നെയെങ്ങനെയാണു  നമ്മൾ ഒറ്റപ്പെട്ടവരാകുന്നത്…. അനുസരണം, വിശ്വാസം, പ്രത്യാശ, സ്നേഹം ഇവയിൽ ഉറച്ചുനിൽക്കണമെന്നല്ലേ  അവൻ നമ്മെ പഠിപ്പിച്ചത്….  പിന്നെയെന്തിനാണു  നീ നിരാശപ്പെടുന്നത്… ഒരു കാര്യം  ഓർത്തിരിക്കണം..  ദൈവമറിയാതെ നമ്മുടെ ജീവിതത്തിൽ ഒന്നും സംഭവിക്കില്ല..”

മറിയം പറഞ്ഞ കാര്യങ്ങളൊന്നും മാർത്തയെ  ആശ്വസിപ്പിക്കാൻ മതിയായവയായിരുന്നില്ല.  എങ്ങനെയെങ്കിലും യേശുവിനെ വിവരം അറിയിക്കണം  എന്ന ഒരേയൊരു  ചിന്ത മാത്രമായിരുന്നു അപ്പോൾ അവളുടെ  മനസിൽ നിറയെ.   അവൾ അതിനുള്ള പദ്ധതികൾ   ആസൂത്രണം ചെയ്തുകൊണ്ടിരുന്നു.

സഹോദരിയെ തനിയെ വിട്ടിട്ടു മറിയം  ലാസറിൻറെ  മുറിയിലേക്കുപോയി. മാർത്തയാകട്ടെ  മുഖം തുടച്ചു  തിടുക്കത്തിൽ വീടിനു പുറത്തേക്കു പോയി.  തൻറെ വിശ്വസ്തനായ ഒരു ഭൃത്യനെ വിളിച്ച്  എത്രയും വേഗം യേശുവിനെ അന്വേഷിച്ചു കണ്ടുപിടിച്ച് അവനെ കൂട്ടിക്കൊണ്ടുവരണം എന്ന നിർദ്ദേശത്തോടെ  യാത്രയാക്കിയതിനുശേഷമേ അവൾക്കു സമാധാനമായുള്ളൂ.

 ലാസറിൻറെ മരണം 

‘ദുരിതപൂർണമായ ജീവിതത്തേക്കാൾ മരണവും,  നിത്യവിശ്രമവും  മെച്ചപ്പെട്ടതാണ്’ ( പ്രഭാ.  30:17)

ലാസർ മരിച്ചു.  അവൻറെ മരണം  ബഥാനിയയെ മുഴുവൻ ദുഃഖത്തിലാഴ്ത്തി. സുഹൃത്തുക്കളുടെയും  പരി ചാരകരുടെയും കണ്ണുകൾ നിറഞ്ഞു. അല്പസമയത്തിനകം ലാസറിൻറെ  ഭവനം  ജനസാഗരമായി. ദൈവാലയപ്രമാണികളും ലാസറിന് അന്ത്യോപചാരം അർപ്പിക്കാൻ  എത്തിയിരുന്നെങ്കിലും  അവരുടെ ഉള്ളിലെ   നീരസം  മുഖത്തു  വ്യക്തമായിരുന്നു. എല്ലാവരും  അന്വേഷിച്ചുകൊണ്ടിരുന്നത് ഒരു കാര്യം മാത്രം.  യേശു എപ്പോഴാണു വരിക? ലാസറിനോടുള്ള സൗഹൃദം കണക്കിലെടുക്കുമ്പോൾ ഒരു   കാരണവശാലും  യേശു അവിടെ വരാതിരിക്കില്ല എന്നു  യഹൂദപ്രമാണിമാർക്കറിയാമായിരുന്നു.

എന്നാൽ  അവർ പ്രതീക്ഷിച്ചതുപോലെ യേശു വന്നില്ല. യേശുവിൻറെ  അസാന്നിധ്യം അവർ അവനെ ദുഷിച്ചുപറയാനുള്ള നല്ലൊരവസരമായി  കണ്ടു മുതലെടുത്തു.  കപടസ്നേഹത്തിൻറെ മുഖാവരണമണിഞ്ഞ അവർ ആശ്വസിപ്പിക്കുകയാണെന്ന വ്യാജേന മാർത്തയെയും  മറിയത്തെയും   കുത്തുവാക്കുകൾ കൊണ്ടു മാനസികമായി തളർത്തുക തന്നെ ചെയ്തു.  യേശുവിൻറെ ദൈവികതയെക്കുറിച്ച് അവിടെക്കൂടിയിരുന്നവരിൽ സംശയം ജനിപ്പിക്കാൻ തങ്ങളാൽ ആവുംവിധം അവർ ശ്രമിച്ചു. അതുവഴിയായി യേശുവിനെക്കുറിച്ചുള്ള  ചർച്ചകൾ ജനങ്ങൾക്കിടയിൽ  സജീവമായി നിലനിർത്തുക എന്നതായിരുന്നു അവരുടെ തന്ത്രം. 

അവരുടെ ദുഷ്ടലാക്കു  തിരിച്ചറിഞ്ഞ മറിയത്തിൻറെ ഹൃദയം   വേദനിച്ചു. എങ്കിലും അപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് അവൾ നിശബ്ദത പാലിച്ചുകൊണ്ട് എല്ലാം  സഹിച്ചു.  മാർത്തയാകട്ടെ  ചിന്തകളിൽ മുഴുകി നിർവികാരമായ മുഖത്തോടെ അവിടെയിരുന്നിരുന്നു. സമയം കടന്നുപോകുന്നു. യേശു വരില്ല എന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞിരിക്കുന്നു. മൃതദേഹം ഇനിയും വച്ചുകൊണ്ടിരിക്കാൻ  കഴിയില്ല  എന്ന അവസ്ഥയിലെത്തിയപ്പോൾ അവർ മൃതസംസ്കാരത്തിനുള്ള   നടപടികൾ ആരംഭിച്ചു. യഹൂദാചാരപ്രകാരം സുഗന്ധലേപനങ്ങൾ പൂശിയ ശരീരം  വെള്ളത്തുണികളിൽ പൊതിഞ്ഞു നാടകൾ കൊണ്ടു  കെട്ടി അവർ തങ്ങളുടെ  തന്നെ സ്ഥലത്ത് ആഴത്തിൽ വെട്ടിയുണ്ടാക്കിയ  കല്ലറയിൽ അവനെ സംസ്കരിച്ചു. കല്ലറയുടെ വാതിൽക്കൽ ഒരു വലിയ കല്ല്  ഉരുട്ടിവച്ച് അടയ്ക്കുക കൂടി ചെയ്തതോടെ  തങ്ങളുടെ സഹോദരൻ തങ്ങളിൽ നിന്ന് എന്നെന്നേയ്ക്കുമായി  അകന്നുപോയി എന്ന യാഥാർഥ്യം ആ സഹോദരിമാർ  കണ്ണീരോടെ  അംഗീകരിച്ചു.  അവർ തളർന്ന് അവശരായി  ആ കല്ലറയ്ക്കു മുൻപിൽ ഇരുന്നു.  ഇനി എന്ത് എന്ന അവരുടെ ചോദ്യത്തിനു  മറുപടി പറയാനാകാതെ  ലാസറിൻറെ  കബറിടം നിശ്ചലമായി നിന്നു.

(തുടരും)