അപ്പസ്തോലന്മാരുടെ അപ്പസ്തോല-11

 കുഷ്ഠരോഗികളെത്തേടി 

‘ അങ്ങ് എൻറെ ദീപം കൊളുത്തുന്നു. എൻറെ ദൈവമായ  കർത്താവ് എൻറെ അന്ധകാരം അകറ്റുന്നു. അവിടുത്തെ സഹായത്താൽ ഞാൻ സൈന്യനിരയെ ഭേദിക്കും. എൻറെ ദൈവത്തിൻറെ സഹായത്താൽ ഞാൻ കോട്ട ചാടിക്കടക്കും’ ( സങ്കീ. 18:28-29)

ബഥാനിയയിലെ ലാസറിനു മാരകമായ  രോഗമാണ് എന്ന വാർത്ത നാടുമുഴുവൻ പരന്നു. എന്തോ രഹസ്യരോഗമാണ് അവനെ  ബാധിച്ചിരിക്കുന്നതെന്ന ഒരു സംസാരം സമൂഹത്തിൽ പൊതുവെയും ദൈവാലയപ്രമുഖരുടെ ഇടയിലും വ്യാപിച്ചു.  ഇതറിഞ്ഞ മാർത്തയ്ക്കും മറിയത്തിനും    വെപ്രാളമായി.  തങ്ങളുടെ സഹോദരൻറെ രോഗം കുഷ്ഠം ആണോ എന്നതായിരുന്നു  അവരുടെ ഭയത്തിൻറെ    പ്രധാനകാരണം. അങ്ങനെയെങ്കിൽ  അവനെ സമൂഹത്തിൽ നിന്നു  പുറത്താക്കേണ്ടിവരും.  ഭ്രഷ്ടുകല്പിക്കപ്പെട്ട  കുഷ്ഠരോഗിയ്ക്കു സാമൂഹികജീവിതം അസാധ്യമാകും. അതോർത്തപ്പോൾതന്നെ  അവർക്കു  സങ്കടമായി.

മറിയം  ഒരു തീരുമാനമെടുത്തു.  ആദ്യമേതന്നെ എൻറെ സഹോദരൻറെ രോഗം എന്താണെന്നു  മനസിലാക്കണം.  അതിനുവേണ്ടി  ആരും ചെയ്യാൻ  ധൈര്യപ്പെടാത്ത ഒരു സാഹസകൃത്യത്തിന്നാണ് അവൾ മുതിർന്നത്.  ആരോടും പറയാതെ അവൾ കുഷ്ഠരോഗികളുടെ ഒരു സങ്കേതത്തിലേക്കു യാത്രയായി.  അവളുടെ ഉദ്ദേശം അവിടെയുള്ള കുഷ്ഠരോഗികളെ നേരിൽ കണ്ട് അവരുടെ രോഗലക്ഷണങ്ങൾ മനസിലാക്കി അതുതന്നെയാണോ തൻറെ സഹോദരൻറെയും രോഗം എന്നു   തിരിച്ചറിയുക എന്നതായിരുന്നു.  എന്തുവന്നാലും  മറ്റുള്ളവർ പറയുന്നതുകേട്ടു  തൻറെ സഹോദരനെ  സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തിക്കൊണ്ട്  ക്രൂരമായ മരണത്തിനു വിട്ടുകൊടുക്കില്ല എന്ന ഉറച്ച തീരുമാനം അവൾ എടുത്തുകഴിഞ്ഞിരുന്നു.

കൈയിലെടുക്കാവുന്നത്രയും ഭക്ഷണവും മരുന്നുകളും വ്രണങ്ങൾ വെച്ചുകെട്ടാനുള്ള  തുണികളുമെടുത്തുകൊണ്ടു മറിയം   അല്പം ദൂരെയുള്ള കുഷ്ഠരോഗികളുടെ സങ്കേതത്തിലേക്കു  യാത്ര പുറപ്പെട്ടു. അവിടെ തന്നെ കാത്തിരിക്കുന്നത് എത്ര ഭീകരമായ കാഴ്ചയാണെന്നു തനിച്ചുള്ള ആ യാത്രയുടെ  അവസാനം വരെ അവൾക്ക് ഒരു  ധാരണയും  ഉണ്ടായിരുന്നില്ല.  എല്ലാവരിൽ നിന്നും അകന്ന്,  ഗ്രാമത്തിൻറെ അങ്ങേയറ്റത്തു സ്ഥിതിചെയ്തിരുന്ന  നരകസമാനമായ ഒരിടമായിരുന്നു അത്. രോഗത്തിൻറെ പരവശതകളും വേദനയും പട്ടിണിയും സ്വജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടതിൻറെ  ദുഖവും ഒരിക്കലും  സൗഖ്യം ലഭിക്കില്ല എന്ന നിരാശയും  എല്ലാം ചേർന്നു ദുസ്സഹമായ  ജീവിതം തള്ളിനീക്കുന്ന മനുഷ്യക്കോലങ്ങളുടെ ഇടയിലേക്കാണ് അവൾ കടന്നുചെന്നത്. സമ്പത്തിൻറെ നടുവിൽ  പൂർണ്ണആരോഗ്യത്തോടെ എല്ലാ സുഖസൗകര്യ ങ്ങളോടെയും   ജീവിച്ചിരുന്ന അവൾക്കു    കഷ്ടപ്പാടിൻറെയും പീഡനങ്ങളുടെയും   മറ്റൊരു ലോകമുണ്ടെന്നതു  പുതിയ അറിവായിരുന്നു. അവൾക്കു പെട്ടെന്ന് ഓർമ്മ വന്നത് ഒരിക്കൽ യേശു പറഞ്ഞ ധനവാൻറെയും അവൻറെ പടിവാതിൽക്കൽ കിടന്നിരുന്ന കുഷ്ഠരോഗിയുടെയും  ഉപമയാണ്.  പെട്ടെന്ന് അവൾ ഒരു ഞെട്ടലോടെ ഓർത്തു. ഗുരു പറയാറുള്ള ഉപമകളിലൊന്നും ആരുടേയും പേരു പറയാറില്ല, എന്നാൽ ഈ ഉപമയിൽ മാത്രം  അവൻ കുഷ്ഠരോഗിയുടെ പേര് എടുത്തുപറഞ്ഞിരുന്നു. അതു  ലാസർ എന്നായിരുന്നുവല്ലോ.

ഇവിടെയുള്ള ഓരോ കുഷ്ഠരോഗിയും ലാസറാണ്. എൻറെ സഹോദരനാണ്. ആ ബോധ്യം ഹൃദയത്തിൽ നിറഞ്ഞു കഴിഞ്ഞപ്പോൾ  പിന്നെയെല്ലാം വളരെ എളുപ്പമായി അവൾക്കു തോന്നി.  അവൾ അവരുടെ  വ്രണങ്ങൾ കഴുകി വൃത്തിയാക്കി, മുറിവുകൾ  വച്ചുകെട്ടി. താൻ കൊണ്ടുവന്നിരുന്ന ഭക്ഷണം അവർക്കു വിളമ്പിക്കൊടുത്തു. ഇതിനിടയിൽ അവൾ അവരുടെ  വ്രണങ്ങളും മുറിവുകളും ശ്രദ്ധിച്ചു. അതോടെ അവൾക്ക് ഒരു കാര്യം ഉറപ്പായി. തൻറെ സഹോദരൻറെ രോഗം കുഷ്ഠമല്ല. ആ അറിവ് അവൾക്കു ആശ്വാസം പകർന്നെങ്കിലും  അവളുടെ ഹൃദയം നിറയെ വേദനയായിരുന്നു. കാരണം തൻറെ ശരീരം ഇക്കാലമത്രയും ജഡികസുഖങ്ങൾക്കായി വിട്ടുകൊടുത്തപ്പോൾ  ശരീരം ഒരിക്കൽ   നശിക്കുന്നതാണെന്ന്  അവൾ ഓർമ്മിച്ചിരുന്നില്ല. എന്നാൽ കുഷ്ഠരോഗികളുടെ അടുത്തുചെന്ന്, അവരുടെ അഴുകിത്തുടങ്ങിയ കൈകാലുകൾ  നേരിൽ കണ്ടപ്പോൾ അവൾ ഞെട്ടലോടെ  തിരിച്ചറിഞ്ഞു. ഈ ശരീരം  ഒരിക്കൽ നശിക്കാനുള്ളതാണ്. അവളുടെ ഹൃദയം തകർന്നു….. പാപബോധവും പശ്ചാത്താപവും കൊണ്ട് അവൾ പൊട്ടിപ്പൊട്ടിക്കരഞ്ഞു.. .. അപ്പോളെല്ലാം അവൾ മനസ്സിൽ മന്ത്രിച്ചുകൊണ്ടിരുന്നു… നാഥാ, എന്നോടു  കരുണയായിരിക്കണമേ… പാപിയായ എന്നോടു  കരുണയായിരിക്കണമേ…

 എൻറെ ശക്തി, എൻറെ ദൈവം 

‘ എല്ലാറ്റിനെയും ഭരിക്കുന്ന ദൈവമേ, ആശയറ്റവരുടെ ശബ്ദം കേൾക്കണമേ!  തിന്മ  ചെയ്യുന്നവരുടെ കരങ്ങളിൽ നിന്നു  ഞങ്ങളെ രക്ഷിക്കണമേ! എന്നെ ഭയത്തിൽ നിന്നു  മോചിപ്പിക്കണമേ!’  ( എസ്തേർ  14:19)

വീട്ടിൽ തിരിച്ചെത്തിയ  മറിയം  ലാസറിനെ  സ്നേഹപൂർവം ശുശ്രൂഷിച്ചു. സഹോദരിമാരുടെ പരിചരണം അവനെ  മാനസികമായി ഉന്മേഷവാനാക്കിയെങ്കിലും അവൻറെ രോഗാവസ്ഥ അനുദിനം  വഷളായിക്കൊണ്ടിരിക്കുകയായിരുന്നു.    ലാസർ മരണത്തോടടുക്കുകയാണ് എന്ന വാർത്ത പരന്നതോടെ കപടസ്നേഹം ഭാവിച്ച്  ഫരിസേയരും സദുക്കായരും നിയമജ്ഞരും ഹേറോദോസ് പക്ഷക്കാരും എല്ലാവരും ഒരുമിച്ചു   ലാസറിൻറെ  ഭവനത്തിൽ അവനെ സന്ദർശിക്കാൻ  എത്തി. എന്നാൽ അവരുടെ യഥാർത്ഥ  ഉദ്ദേശം യേശു അവിടെയുണ്ടോ എന്നറിയുക എന്നതായിരുന്നു.

ജറുസലേമിലെയും  പരിസരങ്ങളിലുമുള്ള പ്രമുഖ്യവ്യക്തികൾ  എല്ലാവരും ഒരുമിച്ചു  തങ്ങളുടെ വീട്ടിലേക്കു  വരുന്നതുകണ്ടപ്പോൾ മാർത്തയും മറിയവും   ആദ്യമൊന്ന് അന്ധാളിച്ചു. എന്നാൽ അവർ ഉടനെ തന്നെ  അവരെ ആദരപൂർവം സ്വീകരിച്ചു. ലാസറിനെ സന്ദർശിച്ചതിനുശേഷം അവർ  മാർത്തയോടും മറിയത്തോടും   യേശുവിനെക്കുറിച്ച് അന്വേഷിച്ചു. യേശു അവിടെയെത്തിയിട്ടില്ല എന്ന്  ഉറപ്പുവരുത്തുന്നതുവരെ അവർ തങ്ങളുടെ  ചോദ്യങ്ങൾ തുടർന്നുകൊണ്ടിരുന്നു.  അവസാനം നിരാശരായ അവർ മാർത്തയോടു ചോദിച്ചു; “യേശു ഇപ്പോൾ എവിടെയാണ്? അവനെ  ഇവിടെ കൊണ്ടുവന്നാൽ  അവൻ നിങ്ങളുടെ സഹോദരനെ  സുഖപ്പെടുത്തില്ലേ?…  എത്ര നാളെന്നുവച്ചാണ് ഇങ്ങനെ വേദന തിന്നു കിടക്കുന്നത്.?”

പാവം മാർത്ത!… അവരുടെ ദുരുദ്ദേശം  അവൾക്കു മനസിലായില്ല; “യേശു ഇപ്പോൾ എവിടെയാണെന്നു ഞങ്ങൾക്കറിയില്ല. കഴിഞ്ഞതവണ ഇവിടെനിന്നു പോകുന്നതിനു മുൻപ് അവൻ പറഞ്ഞത്  ‘നിങ്ങൾ പ്രത്യാശയുള്ളവരായിരിക്കുവിൻ…. ദൈവത്തിൽ വിശ്വസിക്കുകയും ചെയ്യുവിൻ.. അപ്പോൾ നിങ്ങൾ വലിയ കാര്യങ്ങൾ കാണും’  എന്നാണ്”.  മാർത്തയുടെ   നിഷ്കളങ്കമായ മറുപടി കേട്ടപ്പോൾ അവരെല്ലാവരും  കുലുങ്ങിച്ചിരിച്ചുകൊണ്ട്  യേശുവിനെ പരിഹസിക്കാനും കുറ്റപ്പെടുത്തി സംസാരിക്കാനുംതുടങ്ങി.

തൻറെ പ്രിയപ്പെട്ട ഗുരുവിനെ പരസ്യമായി അധിക്ഷേപിക്കുന്നതു  കണ്ടുനിൽക്കാൻ  മറിയത്തിനു കഴിഞ്ഞില്ല. അവളുടെ ഭാവം മാറി. തങ്ങളുടെ വീട്ടിൽ വന്നതാരെന്നോ അവരുടെ സ്ഥാനമാനങ്ങളെന്തെന്നോ അവൾ ചിന്തിച്ചില്ല. അവൾ അവരോടു കയർത്തു സംസാരിക്കാൻ തുടങ്ങി. തന്നെ വീണ്ടെടുത്ത നാഥനോടുള്ള തീക്ഷ്ണതയാൽ അവൾ ജ്വലിച്ചു.  അപ്പോൾ അവളുടെ  മുഖഭാവം ആരെയും ഭയപ്പെടുത്തുന്ന വിധത്തിലായിരുന്നു. ഒരു നിമിഷം എല്ലാവരും ശാന്തരായി. എന്നാൽ കുറച്ചുസമയം കഴിഞ്ഞപ്പോൾ   അവരുടെ  സംഭാഷണം വീണ്ടും യേശുവിലേക്കു തിരിയുകയും   പഴയപടിതന്നെ അവർ  യേശുവിനെ  നിന്ദിക്കുകയും ചെയ്തതോടെ  മറിയത്തിനു  തന്നെത്തന്നെ നിയന്ത്രിക്കാനായില്ല. അവൾ സർവശക്തിയുമെടുത്ത്  അലറി;  “യേശുവിനെ വെറുക്കുന്ന ഒരുവനും ഈ  ഭവനത്തിൽ സ്ഥാനമില്ല.. വേഗം ഇറങ്ങണം   ഇവിടെനിന്ന്!…”  അത് ഒരു കൽപനയായിരുന്നു. അതു കേട്ടതും വന്നവർ ഓരോരുത്തരായി സ്ഥലം വിട്ടു.

അപ്രതീക്ഷിതമായ ഈ സംഭവങ്ങളെല്ലാം കണ്ട മാർത്ത  പേടിച്ചു കരയാൻ തുടങ്ങി. അവൾ മറിയത്തോടു  പറഞ്ഞു; “അവരെല്ലാം ഇവിടുത്തെ  പ്രമാണിമാരല്ലേ! അവർ തീർച്ചയായും നമ്മോടു പ്രതികാരം ചെയ്യും”.  മറിയം  അൽപം ഉയർന്ന സ്വരത്തിൽ തന്നെ  മാർത്തയോടു   പ്രതിവചിച്ചു; “എന്തു പ്രതികാരം?… ആരുടെ മേൽ?…. മരണം കാത്തുകിടക്കുന്ന ലാസറിൻറെ  മേലോ? മരിക്കാൻ കിടക്കുന്ന ഒരുവൻറെമേൽ പ്രതികാരം ചെയ്തിട്ട് അവർക്കെന്തുകിട്ടാൻ..  പിന്നെയുള്ളതു  നമ്മളാണ്… നമുക്കു  ജീവിക്കാൻ അവരുടെ അന്നവും  ഔദാര്യവും ആവശ്യമുണ്ടോ?  ഇനിയെങ്ങാനും അവർ നമ്മളെ ഉപദ്രവിച്ചാൽ തന്നെ നമുക്കു ശക്തിയില്ലേ… സ്വന്തമായി ജോലിചെയ്തു ജീവിക്കാൻ സാധിക്കില്ലേ… നമ്മുടെ യേശുവിനെ നോക്കൂ…  അവൻ ദരിദ്രനല്ലേ…. അവനെപ്പോലെതന്നെ നമുക്കും ഈ ലോകത്തിൽ ഒന്നും വേണ്ട… അങ്ങനെ അവനെപ്പോലെ   സ്വയം  ശൂന്യനാകാൻ  കിട്ടുന്ന ഓരോ അവസരത്തിനും ദൈവത്തിനു നന്ദി പറയണം. .. അവൻ വീണ്ടെടുത്ത ഈ ആടിന്  അവൻറെ ദൈവികസ്നേഹം മാത്രം മതി. വേറെയൊന്നും വേണ്ട”.

മറിയത്തിൻറെ  നിശ്ചയദാർഢ്യവും   ഉറച്ച മുഖഭാവവും കണ്ടപ്പോൾ മാർത്തയ്ക്കു   തിരിച്ചൊന്നും പറയാൻ കഴിഞ്ഞില്ല.  അതിലുമുപരിയായി  അവൾക്കു മനസിലായി, മറിയം  പറയുന്നതാണു  സത്യം!  അവർ രണ്ടുപേരും കൂടി ലാസറിൻറെ  മുറിയിലേക്കു  പോയി.  പുറത്തു നടന്നുകൊണ്ടിരുന്ന ബഹളമെല്ലാം  കേട്ടുകൊണ്ടു  നിശബ്ദനായി കിടന്നിരുന്ന അവനെ ആശ്വസിപ്പിച്ചു  വേണ്ട പരിചരണങ്ങൾ  നൽകി.

(തുടരും)