രക്തത്തിനു വില പറയാമോ? നിഷ്കളങ്കരക്തത്തെ ഒറ്റിക്കൊടുത്തതിനു കിട്ടിയ മുപ്പതു വെള്ളിക്കാശ് ദൈവാലയത്തിൻറെ ഭണ്ഡാരത്തിൽ ഇടാൻ പാടില്ല എന്നു തീരുമാനിച്ചത് ആ പണം കൊടുത്തവർ തന്നെയാണ്. നിഷ്കളങ്കരക്തത്തിനു ദൈവം മനുഷ്യനോടു കണക്കുചോദിക്കും എന്നതു പുരാതനകാലം മുതലേയുള്ള വിശ്വാസമാണ്.
രക്തം ചിന്തി മരിക്കുന്നവരെല്ലാം രക്തസാക്ഷികളാണെന്ന ഒരു അബദ്ധധാരണ കേരളസമൂഹത്തിൽ വ്യാപകമായി പടർന്നുപിടിച്ചിരിക്കുന്ന കാലമാണിത്. രാഷ്ട്രീയ എതിരാളികളെ കായികമായി നേരിടാൻ പോകുമ്പോൾ അവർ തിരിച്ചടിക്കും എന്നുറപ്പാണ്. അങ്ങനെ ഉണ്ടാകുന്ന തിരിച്ചടികളിൽ കൊല്ലപ്പെടുന്നവരെ രക്തസാക്ഷികളായി എടുത്തു കാണിക്കുന്ന രാഷ്ട്രീയപാർട്ടികളുണ്ട്. എന്നാൽ ഉള്ളിൻറെ ഉള്ളിൽ അവർക്കുതന്നെ അറിയാം തങ്ങൾ പറയുന്നതു കള്ളമാണെന്ന്. എങ്കിലും താൽക്കാലിക ലാഭത്തിനുവേണ്ടി അവർ രക്തസാക്ഷികളെ സൃഷ്‌ടിക്കുന്നു. വർഷാവർഷം രക്തസാക്ഷിദിനങ്ങൾ ആചരിക്കുന്നു; ചിന്തിക്കാൻ സ്വന്തം തലച്ചോർ ഉപയോഗിക്കുന്നതിൽ പിശുക്കു കാട്ടുന്ന പാവപ്പെട്ട അനുയായികളെ ചാവേറുകളാകാൻ വേണ്ടി വീണ്ടും പരിശീലിപ്പിക്കുന്നു.
ഇതിനിടയിൽ ആരാണ് യഥാർത്ഥ രക്തസാക്ഷികൾ എന്നതു നാം മറന്നുപോകുന്നു. സ്വന്തം മതവിശ്വാസം ഉയർത്തിപ്പിടിച്ചതിൻറെയോ ഉപേക്ഷിക്കാൻ വിസമ്മതിച്ചതിൻറെയോ ഫലമായി പീഡനങ്ങളും മരണവും ഏറ്റുവാങ്ങുന്നവരെയാണു രക്തസാക്ഷികൾ എന്നു വിളിച്ചിരുന്നത്. കാലാന്തരത്തിൽ രാഷ്‌ടീയാദർശങ്ങൾക്കുവേണ്ടി നിലകൊണ്ടതിൻറെ പേരിൽ വധിക്കപ്പെട്ടവരെയും രക്തസാക്ഷികളായി പരിഗണിച്ചുതുടങ്ങി. മഹാത്മാഗാന്ധിയുടെ ഉദാഹരണം നമുക്കറിയാം.
നീതിയ്ക്കുവേണ്ടി വാദിച്ചതിൻറെ പേരിൽ രക്തസാക്ഷികളായവരെയും നീതികേടു പ്രവർത്തിക്കുന്നതിനിടയിൽ കൊല്ലപ്പെട്ടവരെയും ഒരേ തട്ടിൽ വച്ച് അളക്കുക എന്നതു സാത്താൻ കണ്ടുപിടിച്ച ഒരു സൂത്രമാണ്. മതത്തിൻറെ പേരിൽ തീവ്രവാദപ്രവർത്തനങ്ങൾ നടത്തുകയും ആ കൃത്യത്തിനിടയിൽ കൊല്ലപ്പെടുകയും ചെയ്യുന്നവരെ രക്തസാക്ഷികൾ എന്നു വിളിക്കുന്ന പൈശാചികമായ തത്വശാസ്ത്രം പിന്തുടരുന്ന മതങ്ങളെ നമുക്കു പരിചയമുണ്ട്. എതിരാളികളെ കൊല്ലാനുള്ള ശ്രമങ്ങൾക്കിടയിൽ കൊല്ലപ്പെടുന്നവരെ രക്തസാക്ഷികൾ എന്നു വിളിക്കുന്നതിൻറെ ബുദ്ധിശൂന്യത ഇനിയും മനസിലാക്കാത്ത ഒരു ജനത്തോട് ആരാണു യഥാർഥ രക്തസാക്ഷി എന്നു പറഞ്ഞു മനസിലാക്കുന്നതു ശ്രമകരമായ ജോലിയാണ്.
സത്യവിശ്വാസം പ്രഘോഷിച്ചതിൻറെ പേരിൽ മാത്രമാണു സ്തെഫാനോസ് കല്ലെറിഞ്ഞു കൊല്ലപ്പെട്ടത്. ക്രിസ്തുവിൻറെ പതിനൊന്നു ശിഷ്യന്മാരും സത്യവിശ്വാസത്തിനു സാക്ഷ്യം വഹിച്ചതിൻറെ പേരിൽ മാത്രമാണു വധിക്കപ്പെട്ടത്. നൈജീരിയയിലെ ആയിരക്കണക്കിനു ക്രിസ്ത്യാനികൾ യേശുക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കാൻ തയാറല്ല എന്നു പറഞ്ഞതിൻറെ പേരിൽ മാത്രമാണു കൊല്ലപ്പെടുന്നത്. പാർട്ടിഗ്രാമങ്ങളിലെ വാടകക്കൊലയാളികളെ രക്തസാക്ഷികളാക്കി ചിത്രീകരിച്ച്, ജനങ്ങളെ വിഡ്ഢികളാക്കുന്ന പ്രബുദ്ധകേരളത്തിലെ ഒരു മാധ്യമവും ഈ വാർത്ത അർഹിക്കുന്ന ഗൗരവത്തോടെ റിപ്പോർട്ടു ചെയ്യുന്നില്ല എന്നു നാം അറിയണം. ലിബിയയിലും ഇറാക്കിലും സിറിയയിലും ക്രിസ്തീയവിശ്വാസത്തിൻറെ പേരിൽ അരുംകൊല ചെയ്യപ്പെട്ടവരുടെ എണ്ണം ആയിരങ്ങളിൽ ഒതുങ്ങില്ല. കമ്മ്യൂണിസ്റ്റുകാരുടെ സ്വർഗമായ ഉത്തരകൊറിയയിൽ രണ്ടുവയസ്സുള്ള കുഞ്ഞും ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ്. കാരണം അവൻറെ മാതാപിതാക്കൾ ഒരു ബൈബിൾ കൈവശം സൂക്ഷിച്ചുവത്രേ!
‘ഞാൻ കുടിക്കുന്ന പാനപാത്രം കുടിക്കാനോ ഞാൻ സ്വീകരിക്കുന്ന സ്നാനം സ്വീകരിക്കാനോ നിങ്ങൾക്കു കഴിയുമോ?’ എന്ന കർത്താവിൻറെ ചോദ്യത്തിനുള്ള ഉത്തരമാണ് ഓരോ രക്തസാക്ഷിത്വവും. കർത്താവ് ആ ചോദ്യം ചോദിച്ചതു രണ്ടു സഹോദരന്മാരോടാണ്. അവരിൽ ഒരാൾ ക്രിസ്തുവിനെ പ്രതി ഹേറോദോസിൻറെ വാളിന് ഇരയായി (അപ്പ. 12:2). രണ്ടാമനെ വാളിനിരയാകാതെ കർത്താവ് കാത്തുസൂക്ഷിച്ചതു മരണത്തേക്കാൾ വലിയൊരു രക്തസാക്ഷിത്വത്തിന് അവനെ ഒരുക്കാൻ വേണ്ടിയായിരുന്നു. ‘ദൈവവചനത്തെപ്രതിയും തങ്ങളുടെ സാക്ഷ്യത്തെപ്രതിയും വധിക്കപ്പെട്ടവരുടെ ആത്മാക്കളുടെ’ (വെളി 6:9) നിലവിളിയ്ക്കു സ്വർഗം നൽകിയ മറുപടി നമുക്കായി രേഖപ്പെടുത്തിവയ്ക്കാൻ ദൈവം നിയോഗിച്ചത് അവനെയായിരുന്നു. പാത് മോസ് ദ്വീപിലെ ഏകാന്തതയിൽ ഇരുന്നുകൊണ്ട് യോഹന്നാൻ നമുക്കായിക്കൂടി
ഇങ്ങനെ എഴുതിവച്ചു. ‘അവരെപ്പോലെ വധിക്കപ്പെടാനിരുന്ന സഹദാസരുടെയും സഹോദരരുടെയും എണ്ണം തികയുന്നതുവരെ അൽപസമയം കൂടി വിശ്രമിക്കാൻ അവർക്കു നിർദേശം കിട്ടി’ (വെളി. 6:11).
രക്തസാക്ഷികളുടെ എണ്ണം തികയാൻ വേണ്ടി ദൈവം നീട്ടിത്തന്ന ആ അല്പസമയത്താണു നാം ഇന്നു ജീവിക്കുന്നത് എന്ന ബോധ്യം നമുക്കുണ്ടോ? രക്തസാക്ഷിത്വത്തിനുള്ള അവസരങ്ങൾ നമുക്കു ചുറ്റും വർധിച്ചുവരുന്നതു നാം കാണുന്നുണ്ടോ? ഇനിയങ്ങോട്ടുള്ള കാലം രക്തസാക്ഷികളുടെ കാലമായിരിക്കും. അന്ത്യകാലത്തു ജീവിക്കാനിരിക്കുന്ന വിശുദ്ധരെ ഓർത്തു തങ്ങൾ അസൂയപ്പെടുന്നു എന്നു മുൻകാലവിശുദ്ധർ എഴുതിവയ്ക്കാൻ തക്കവിധം അത്ര വലിയ രക്തസാക്ഷികളെ ദൈവം ഉയർത്തുന്ന കാലം! ആ കാലത്തെക്കുറിച്ച് വിശുദ്ധ ഹിൽഡേഗാർഡ് ഒൻപതു നൂറ്റാണ്ടുകൾക്കു മുൻപ്
ഇങ്ങനെ എഴുതിയിരിക്കുന്നു. ‘ആ നാളുകളിൽ നാശത്തിൻറെ പുത്രൻ തങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രക്തസാക്ഷിത്വത്തിലേക്ക് ഒരു വിവാഹവിരുന്നിലേക്കെന്നപോലെ ക്രിസ്ത്യാനികൾ തിടുക്കപ്പെട്ടു യാത്ര ചെയ്യും. അവരെ കൊല്ലുന്നവർക്ക് എണ്ണിത്തീർക്കാൻ കഴിയുന്നതിലും അധികമായിരിക്കും അവരുടെ എണ്ണം. രക്തസാക്ഷികളുടെ ചുടുനിണം കൊണ്ടു നദികൾ നിറഞ്ഞുകവിയും’. ആ രക്തസാക്ഷികളുടെ ഗണത്തിൽ നമ്മുടെ പേരും ഉൾപ്പെടുക എന്നതിനേക്കാൾ വലിയ ഭാഗ്യം മറ്റെന്താണുള്ളത്!
യോഹന്നാൻ ഇങ്ങനെയും എഴുതിവെച്ചിട്ടുണ്ട്. ‘അവനിൽ വസിക്കുന്നെന്നു പറയുന്നവൻ അവൻ നടന്ന അതേ വഴിയിലൂടെ നടക്കേണ്ടിയിരിക്കുന്നു’ (1 യോഹ 2:6). ആ വഴിയാകട്ടെ ‘കണ്ണുനീരിൻറെയും രക്തത്തിൻറെയും’ വഴിയാണ്. ആ വഴിയിലൂടെ ‘വ്യാകുലയായ മാതാവിൻറെ പിന്നാലെ ഒരു തീർഥയാത്രയായി’ കർത്താവിനെ അനുഗമിക്കുന്നവർക്കായി യാത്രയുടെ അവസാനം ഒരു കുരിശ് ഒരുക്കിവച്ചിട്ടുണ്ട് എന്ന ഉത്തമബോധ്യത്തോടെ ജീവിക്കേണ്ടവരാണു നാം. നമുക്കായി ഈ ഭൂമിയിൽ രക്തസാക്ഷിസ്മാരകങ്ങൾ ഉയരില്ല. കാരണം നമ്മുടെ പൗരത്വം സ്വർഗത്തിലാണല്ലോ.