ഫാത്തിമയിൽ പരിശുദ്ധ  അമ്മ നൽകിയ വാഗ്ദാനം

ഫാത്തിമയിൽ പരിശുദ്ധ  അമ്മ നൽകിയ വാഗ്ദാനം : തുടർച്ചയായ അഞ്ച് ആദ്യശനിയാഴ്ചകൾ ആചരിക്കുന്ന  കത്തോലിക്കർക്കു   സ്വർഗത്തിലെത്താനാവശ്യമായ എല്ലാ കൃപകളും  നൽകപ്പെടും

ലോകത്തിൽ ഇനി വരാനിരിക്കുന്നതു  യുദ്ധമോ അതോ സമാധാനമോ എന്നത്  ഈ ഭക്താഭ്യാസത്തിൻറെ ആചരണത്തെയും  അതോടൊപ്പം  മറിയത്തിൻറെ  വിമലഹൃദയത്തിനുള്ള  പ്രതിഷ്ഠയെയും  ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ടാണ് ഈ ഭക്തി തീക്ഷ്ണതയോടെ പ്രചരിപ്പിക്കണമെന്നു  ഞാൻ  ആഗ്രഹിക്കുന്നത്. പ്രത്യേകിച്ച്, ഇത് സ്വർഗത്തിലുള്ള  നമ്മുടെ പ്രിയപ്പെട്ട അമ്മയുടെ  ഹിതവും ആണല്ലോ. (സിസ്റ്റർ ലൂസിയ, മാർച്ച്  19, 1939)

 1917 ജൂലൈ മാസത്തിലെ ഫാത്തിമയിലെ  പ്രത്യക്ഷീകരണസമയത്ത് ‘അമ്മ ലൂസിയയോട് ഇങ്ങനെ പറഞ്ഞു. ‘ ഞാൻ വരുന്നത് എല്ലാ മാസത്തെയും  ആദ്യശനിയാഴ്ച ലോകത്തിൻറെ പാപങ്ങൾക്കുള്ള പ്രായശ്ചിത്തമായി പരിഹാര ദിവ്യകാരുണ്യസ്വീകരണം  നടത്തണം എന്നു പറയാനാണ്.’  മാതാവ് ഫാത്തിമയിൽ വച്ച് ആദ്യശനിയാഴ്ച ആചരണത്തെക്കുറിച്ച്  പിന്നെ കൂടുതലൊന്നും പറഞ്ഞില്ല. എന്നാൽ 1925 ഡിസംബർ 10 ന്  അമ്മ വീണ്ടും ലൂസിയയ്ക്കു  പ്രത്യക്ഷപ്പെട്ടു. അപ്പോൾ ലൂസിയ   സ്‌പെയിനിലെ Pentevedra  എന്ന സ്ഥലത്തെ Dorothean  കോൺവെൻറിൽ  എഴുത്തും വായനയും പഠിക്കാനായി  അയയ്ക്കപ്പെട്ടിരിക്കുകയായിരുന്നു.  അവിടെ വച്ചാണു  മാതാവ്  അഞ്ച് ആദ്യശനിയാഴ്ച ആചാരണത്തെക്കുറിച്ചുള്ള  തൻറെ അഭ്യർത്ഥന  പൂർത്തിയാക്കുകയും  അതിനോടനുബന്ധിച്ചുള്ള  മഹത്തായ വാഗ്ദാനം നൽകുകയും ചെയ്തത്.

അന്നത്തെ പ്രത്യക്ഷീകരണത്തിൽ  സ്വർഗീയരാജ്ഞിയോടൊപ്പം   ഉണ്ടായിരുന്ന ഉണ്ണിയേശു ലൂസിയയോട് ഇങ്ങനെ പറഞ്ഞു. ‘ നിങ്ങളുടെ പരിശുദ്ധ അമ്മയുടെ ഹൃദയത്തോട് അനുകമ്പ കാണിക്കുക.  അതു  നന്ദിഹീനരായ മനുഷ്യർ  അനുനിമിഷം കുത്തിത്തുളയ്ക്കാനായി  ഏൽപ്പിക്കുന്ന  മുള്ളുകളാൽ പൊതിയപ്പെട്ടിരിക്കുന്നു.  പരിഹാരപ്രവൃത്തികൾ കൊണ്ട് അതിനെ  നീക്കം ചെയ്യാൻ ആരുമില്ല!’

 തുടർന്ന് ദിവ്യനാഥ സംസാരിച്ചു. ‘എൻറെ മകളേ, കാണുക.  നന്ദിഹീനരായ മനുഷ്യർ തങ്ങളുടെ  കൃതഘ്നതയും ദൈവദൂഷണവും കൊണ്ട്  അനുനിമിഷം  കുത്തിത്തുളയ്ക്കുന്ന മുള്ളുകളാൽ  എൻറെ ഹൃദയം ആവൃതമായിരിക്കുന്നു.  എന്നെ ഒന്ന് ആശ്വസിപ്പിക്കാനെങ്കിലും  നീ ശ്രമിക്കുമോ?

‘ആരൊക്കെ  പരിഹാരാരൂപിയിൽ  തുടർച്ചയായ അഞ്ചു  ആദ്യ ശനിയാഴ്ചകളിൽ  കുമ്പസാരിച്ച്, പരിശുദ്ധ കുർബാന സ്വീകരിച്ച്,  ജപമാലയുടെ അഞ്ചു രഹസ്യങ്ങൾ ചൊല്ലുകയും   ജപമാലയിലെ  പതിനഞ്ചു രഹസ്യങ്ങളെയും ധ്യാനിച്ചുകൊണ്ട്  കാൽ മണിക്കൂർ സമയം  എന്നോടൊപ്പം ചെലവഴിക്കുകയും  ചെയ്യുന്നുവോ, അവർക്ക്   മരണനേരത്തു രക്ഷയ്ക്കാവശ്യമായ എല്ലാ കൃപകളും  നൽകിക്കൊണ്ട്   അവരെ സഹായിക്കാമെന്നു  ഞാൻ വാഗ്ദാനം ചെയ്യുന്നുവെന്ന്  അവരോടു പറയുക.’

അതുകൊണ്ട് ഈ ഭക്തിയുടെ ആവശ്യഘടകങ്ങൾ  താഴെപ്പറയുന്ന നാലു കാര്യങ്ങളാണ്.  അവ  മറിയത്തിൻറെ അമലോത്ഭവ ഹൃദയത്തിനായുള്ള പരിഹാരത്തിൻറെ അരൂപിയിൽ  കാഴ്ചവയ്ക്കണം. ദിവ്യനാഥയുടെ ആ ആഗ്രഹം  സാധിതമാക്കുന്നതിനു മുൻപേ  അതു ചെയ്യാനുള്ള നിയോഗം നമ്മുടെ മനസ്സിൽ ഉണ്ടായിരിക്കണം.  യഥാർത്ഥ നിയോഗത്തിൻറെ  നവീകരണം ആ സമയത്തു നടത്തുക എന്നതാണ് ഏറ്റവും ഉചിതം. എന്നാൽ  കുമ്പസാരസമയത്ത്  യഥാർത്ഥ നിയോഗം  സമർപ്പിക്കാൻ വിട്ടുപോകുന്നതുപോലെയുള്ള  ചില സാഹചര്യങ്ങളിൽ  നിയോഗം  അതിനുശേഷമുള്ള പരിഹാരപ്രവൃത്തികൾ ചെയ്യുമ്പോൾ സമർപ്പിച്ചാലും മതിയാകുന്നതാണ്.

1. കുമ്പസാരം :  കുമ്പസാരം ആദ്യശനിയാഴ്ചയ്ക്കു മുൻപോ അതിനു ശേഷമോ നടത്താവുന്നതാണ്. എന്നാൽ  ദിവ്യകാരുണ്യസ്വീകരണം പ്രസാദവരാവസ്ഥയിൽ തന്നെ  നടത്തിയിരിക്കണം.  1926 ലെ ഒരു ദർശനത്തിൽ   ഈശോ ലൂസിയയ്ക്കു  വിശദീകരിച്ചുകൊടുത്തതനുസരിച്ച് ഈ കുമ്പസാരം ഒരാഴ്ച മുൻപു വരെയും   നടത്താവുന്നതാണ്. ആ കുമ്പസാരം പരിഹാരാരൂപിയിൽ ആയിരിക്കണം നടത്തേണ്ടത്.

2. പരിശുദ്ധ കുർബാന : അതുപോലെതന്നെ പരിശുദ്ധ കുർബാന സ്വീകരണവും  ദിവ്യനാഥയോടുള്ള പരിഹാരത്തിൻറെ  അരൂപിയിൽ സമർപ്പിക്കേണ്ടത്  ആവശ്യമാണ്.  1930 ൽ കർത്താവ് ലൂസിയയോട് ഇങ്ങനെ പറഞ്ഞു. ‘ന്യായമായ കാരണങ്ങളുണ്ടെങ്കിൽ,  ഈ ദിവ്യകാരുണ്യസ്വീകരണം എൻറെ വൈദികരുടെ അനുവാദത്തോടെ  തൊട്ടടുത്ത ഞായറാഴ്‌ചയും നടത്താവുന്നതാണ്.’  അതുകൊണ്ടു  ജോലി, പഠനം, രോഗം, അല്ലെങ്കിൽ അതുപോലെയുള്ള ന്യായമായ കാരണങ്ങൾ  എന്നിവകൊണ്ട്  കുർബാനസ്വീകരണം ആദ്യശനിയാഴ്ച  സാധ്യമല്ലാതെ  വരികയാണെങ്കിൽ  അത് ഒരു വൈദികൻറെ  അനുവാദത്തോടെ അടുത്ത ഞായറാഴ്ച നടത്താവുന്നതാണ്.  അപ്രകാരം ചെയ്യുമ്പോൾ ഈ ഭക്തിയുടെ  മറ്റ് അവശ്യഘടകങ്ങളും, ആ വ്യക്തി ആഗ്രഹിക്കുന്ന പക്ഷം, ഞായറാഴ്ച തന്നെ നടത്താവുന്നതാണ്.

3. ജപമാല :  നമ്മുടെ കർത്താവിൻറെ  ജീവിതത്തിൻറെയും പീഡാനുഭവത്തിൻറെയും  രഹസ്യങ്ങളും അതോടൊപ്പം  പരിശുദ്ധ അമ്മയുടെ ജീവിതത്തിലെ   രഹസ്യങ്ങളും ധ്യാനിച്ചുകൊണ്ടു  നടത്തുന്ന ഒരു വാചികപ്രാർത്ഥനയാണു  ജപമാല. പരിശുദ്ധ അമ്മ നിർദേശിക്കുന്നതനുസരിച്ചു    രഹസ്യങ്ങളെ നേരാംവണ്ണം ധ്യാനിച്ചുകൊണ്ടുതന്നെ   പരിഹാരാരൂപിയിൽ  ജപമാല കാഴ്ചവയ്ക്കണം.

4.  പതിനഞ്ചു മിനിറ്റ് ധ്യാനം: ഈ കാൽ  മണിക്കൂർ ധ്യാനം  ഒന്നോ അതിലധികമോ രഹസ്യങ്ങളെ  ധ്യാനിച്ചുകൊണ്ടാകാം.   അത് ഒരുമിച്ചോ  തവണകളിലോ ആകാം.  പരിഹാരാരൂപിയിൽ  നടത്തപ്പെടുന്ന ഈ ധ്യാനം  മറ്റേതു  ധ്യാനത്തെക്കാളും   സമ്പന്നമാകുന്നതു   പരിശുദ്ധ അമ്മ  അവിടെ നമ്മോടൊപ്പം സന്നിഹിതയായിരിക്കുന്നതുകൊണ്ടാണ്. ‘എന്നോടൊപ്പമായിരിക്കുന്നവർ’ എന്നാണല്ലോ അമ്മ വാഗ്ദാനം നൽകുമ്പോൾ ഉപയോഗിച്ച പദം.

 അഞ്ച് ആദ്യശനിയാഴ്ച ആചരണത്തിനുള്ള  നമ്മുടെ നാഥയുടെ അഭ്യർത്ഥന  വിശ്വസ്‌തതാപൂർവം   നിർവഹിക്കുന്നവർക്ക്  അമ്മ അതിശയകരമായ ഒരു വാഗ്ദാനമാണു നൽകിയിട്ടുള്ളത്. സർവ വരപ്രസാദത്തിൻറെയും മധ്യസ്ഥയായ അമ്മ  അതു  തീർച്ചയായും  നിറവേറ്റുകയും ചെയ്യും. ‘ മരണനേരത്തു   രക്ഷയ്ക്കാവശ്യമായ കൃപകൾ  നൽകി സഹായിക്കുമെന്നു  ഞാൻ വാഗ്ദാനം ചെയ്യുന്നു.’ അതിൻറെയർത്ഥം  നമ്മുടെ അനുഗ്രഹീതയായ അമ്മ   അന്തിമപോരാട്ടത്തിൽ പിടിച്ചുനിൽക്കാനുള്ള കൃപയുമായി  നമ്മുടെ മരണസമയത്ത് നമ്മുടെ അടുത്തുണ്ടാകും എന്നാണ്.  ഈ നിലനില്പിൻറെ വരമാണല്ലോ വിശ്വാസത്തിൻറെ വരം കഴിഞ്ഞാൽ ഏറ്റവും  പ്രധാനപ്പെട്ടത്.

അഞ്ച് ആദ്യശനിയാഴ്ചകൾ ഇപ്രകാരം ആചരിച്ചുകഴിയുന്നവർക്ക്  ഈ ഭക്താഭ്യാസം  പിന്നെയും തുടരാവുന്നതാണ്.  അത് നമ്മുടെ നാഥയുടെ   അമലോത്ഭവഹൃദയത്തെ സമാശ്വസിപ്പിക്കുന്ന ഒരു പ്രവൃത്തിയാണല്ലോ.   അമ്മയുടെ ഹൃദയത്തെ  കുത്തിമുറിവേല്പിക്കുന്ന പാപങ്ങൾക്കു  പരിഹാരം ചെയ്യാനായി  തനിക്കു  സാധിക്കുന്നതെല്ലാം ചെയ്യാൻ  ഒരുവനെ  പ്രചോദിപ്പിക്കുന്നത് പരിശുദ്ധ അമ്മയോടുള്ള നിഷ്കപടമായ  സ്നേഹമാണ്. തുടർച്ചയായ അഞ്ച്  ആദ്യശനിയാഴ്ചകൾ  ഇപ്രകാരം ആചരിക്കുന്നവർക്കു മാത്രമാണ് ഈ വാഗ്ദാനങ്ങൾ നല്കിയിട്ടുള്ളതെങ്കിലും ലോകത്തിൻറെ പാപങ്ങൾക്കുള്ള പരിഹാരമായി  എല്ലാ ആദ്യശനിയാഴ്ചകളിലും  പരിഹാരദിവ്യകാരുണ്യസ്വീകരണം നടത്തണമെന്നു   ജൂലൈ മാസത്തിലെ പ്രത്യക്ഷീകരണവേളയിൽ  അമ്മ നിർദേശിച്ചിട്ടുള്ളതും നമുക്ക് ഓർക്കാം.  


എന്തുകൊണ്ട് അഞ്ച്  ശനിയാഴ്ചകൾ?

 എന്തുകൊണ്ടാണു  ദിവ്യനാഥ അഞ്ച് ആദ്യശനിയാഴ്ചകൾ എന്നു  പറയുന്നതെന്ന ചോദ്യം പലരും ഉന്നയിക്കാറുണ്ട്. എന്തുകൊണ്ടാണു മാതാവ് വേറെ ഒരു സംഖ്യയും  പറയാതെ അഞ്ച് തന്നെ തിരഞ്ഞെടുത്തത്?  1930  മെയ് 29 നു നൽകിയ ദർശനത്തിൽ   നമ്മുടെ കർത്താവ് ലൂസിയയോടു    പറഞ്ഞത് അതു  മറിയത്തിൻറെ അമലോത്ഭവഹൃദയത്തിനെതിരായ അഞ്ച് അതിക്രമങ്ങൾക്കും ദൈവദൂഷണങ്ങൾക്കും  പരിഹാരമായിട്ടാണെന്നാണ്.  അവ  മറിയത്തിൻറെ അമലോത്ഭവത്തിനെതിരെയുള്ള   ദൈവദൂഷണം, അവളുടെ നിത്യകന്യകാത്വത്തിനും ദൈവികവും ആത്മീയവുമായ   മാതൃത്വത്തിനും  എതിരെയുള്ള ദൈവദൂഷണം, അവളുടെ തിരുസ്വരൂപങ്ങൾക്കും ചിത്രങ്ങൾക്കും നേരെയുള്ള തിരസ്കാരവും  അനാദരവും, അവസാനമായി  കുഞ്ഞുങ്ങളുടെ ഹൃദയത്തിൽ  ഈ അമലോത്ഭവമാതാവിനെക്കുറിച്ചും അവളുടെ  സ്നേഹത്തെക്കുറിച്ചുമുള്ള അറിവു പകർന്നുകൊടുക്കുന്നതിൽ വരുത്തുന്ന അവഗണനയുമാണ്.

നിങ്ങൾ  പരിശുദ്ധ അമ്മ ഫാത്തിമയിൽ പറഞ്ഞ അഭ്യർത്ഥന നിറവേറ്റുന്നുണ്ടോ?

1. വിമലഹൃദയപ്രതിഷ്ഠ

നിങ്ങൾ എല്ലായ്‌പോഴും വെന്തിങ്ങ (BROWN SCAPULAR) ധരിക്കാറുണ്ടോ? പ്രാർത്ഥന, പരിഹാരം, ഈ ലോകത്തിൻറെ അരൂപിയെ ഉപേക്ഷിക്കൽ എന്നിവയിലൂടെ വിശുദ്ധിയ്ക്കായി  തീക്ഷ്ണമായി പരിശ്രമിക്കുന്ന നിങ്ങളുടെ ജീവിതം  നിങ്ങൾ വ്യക്തിപരമായി നടത്തിയ പ്രതിഷ്ഠയോടുള്ള ആത്മാർത്ഥതയ്ക്കു  സാക്ഷ്യം വഹിക്കുന്നുണ്ടോ?

2. പരിത്യാഗം

നിങ്ങളുടെ പ്രഭാതസമർപ്പണം  ആ ദിവസത്തെ നിങ്ങളുടെ  എല്ലാ ദൈനംദിനപവൃത്തികളിലേക്കും നീളുന്നുണ്ടോ? അവയെല്ലാം പരിഹാരാരൂപിയിൽ ആണോ  നിർവഹിക്കപ്പെടുന്നത്?  അടക്കമുള്ള വസ്ത്രധാരണത്തിലും, മാന്യമായ സംസാരത്തിലും  പാപസാഹചര്യങ്ങളെ ഒഴിവാക്കുന്നതിലും  കൂടി    ക്രൈസ്തവസുവിശേഷം വിശ്വസ്തതാപൂർവം  ജീവിക്കാൻ തക്കവിധം നിങ്ങൾ നിരന്തരം നിങ്ങളെത്തന്നെ പരിത്യജിക്കുന്നുണ്ടോ?

3. പ്രാർത്ഥന

നിങ്ങൾ എല്ലാ ദിവസവും ചുരുങ്ങിയതു  ജപമാലയുടെ അഞ്ചു രഹസ്യങ്ങളും  അതിനു പുറമേ   സാധിക്കുമ്പോഴൊക്കെ  പതിനഞ്ച് ( ഇപ്പോൾ ഇരുപത്)  രഹസ്യങ്ങളും ചൊല്ലാറുണ്ടോ? ഇടയ്ക്കിടെ  നമ്മുടെ ദിവ്യനാഥനെ ദിവ്യകാരുണ്യത്തിൽ  സന്ദർശിക്കാറുണ്ടോ? പരിശുദ്ധ കുർബാനയിൽ പങ്കെടുക്കാനും  ദിവ്യകാരുണ്യത്തിൽ അവിടുത്തെ  സ്വീകരിക്കാനുമുള്ള  അവസരങ്ങൾ എപ്പോഴെങ്കിലും നഷ്ടപ്പെടുത്തിയിട്ടുണ്ടോ?

4. പരിഹാരം


അഞ്ച് ആദ്യശനിയാഴ്ചകൾ മാതാവ് നിർദേശിച്ചതുപോലെ ആചരിക്കാനുള്ള  ശ്രമങ്ങൾ നിങ്ങൾ  നടത്തിയിട്ടുണ്ടോ? കുഞ്ഞു ജസീന്തയെപ്പോലെ  അമലോത്ഭവമാതാവിൻറെ വ്യാകുലം നിറഞ്ഞതും രക്തമൊലിക്കുന്നതുമായ  ഹൃദയത്തിലെ മുള്ളുകൾ എടുത്തുമാറ്റുന്നതിനുള്ള   വഴികൾ അന്വേഷിക്കാൻ തക്കവിധം  പരിഹാരജീവിതം നയിക്കാനുള്ള വലിയ ആവശ്യകത നിങ്ങളെ നയിക്കുന്നുണ്ടോ?