അമ്മ പറയുന്നു

നമ്മുടെയും സഭയുടെയും   അമ്മയായ പരിശുദ്ധ കന്യകാമറിയം  ഈ നാളുകളിൽ അനേകസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുന്നതായി നമുക്കറിയാം. പരിശുദ്ധ കന്യകയുടെ  പ്രത്യക്ഷീകരണങ്ങളുടെ എണ്ണം ഈ കാലഘട്ടത്തിൽ വർധിക്കുന്നതു  മാനവരാശിക്കുള്ള വലിയ അടയാളമാണ്.   അമ്മയുടെ സന്ദേശങ്ങളുടെ  ഉൾപ്പൊരുൾ  എല്ലായ്‌പ്പോഴും, എല്ലായിടത്തും ഒന്നുതന്നെയായിരുന്നു.  മനുഷ്യർ അനുതപിച്ച് ദൈവത്തിലേക്ക് തിരിയുക, പ്രാർത്ഥനയുടെയും പ്രായശ്ചിത്തത്തിൻറെയും  പരിഹാരത്തിൻറെയും  ജീവിതം നയിക്കുക.വരാനിരിക്കുന്ന നാളുകൾ  സഹനങ്ങളുടേയും  ദുരിതങ്ങളുടേയുമായിരിക്കും . അതിനായി പ്രാർത്ഥിച്ച് ഒരുങ്ങുക.ഇതല്ലാതെ അമ്മയ്ക്കു മക്കളോടു മറ്റൊന്നും പറയാനില്ല.

എല്ലായിടത്തെയും സന്ദേശങ്ങളുടെ ആന്തരാർത്ഥം   ഒന്നു തന്നെയെങ്കിലും  വിവിധ സ്ഥലങ്ങളിലെ പ്രത്യക്ഷീകരണ വേളകളിൽ  മാതാവു പറഞ്ഞ കാര്യങ്ങൾ  ഓരോന്നായെടുത്തു  ധ്യാനിക്കുന്നതു   നന്നായിരിക്കും എന്നു  കരുതുന്നു. 

ഫാത്തിമ 

 1917 മെയ് 13  മുതൽ  ഒക്ടോബർ 13 വരെ ലൂസിയ, ഫ്രാൻസെസ്കോ, ജസീന്ത എന്നീ മൂന്ന് ഇടയക്കുട്ടികൾക്കും  അതിനുശേഷം  1925 ൽ  ലൂസിയയ്ക്കും പ്രത്യക്ഷപ്പെട്ട പരിശുദ്ധ അമ്മ പറഞ്ഞ പ്രധാനകാര്യങ്ങൾ ഇവയാണ്.

നിരന്തരപ്രാർത്ഥന ആവശ്യമാണ്.

ജപമാല ചൊല്ലണം 

ലോകസമാധാനത്തിനായി പ്രാർത്ഥിക്കണം 

അനേകം പാപികൾ നരകത്തിലേക്കു പോകുന്നത് അവർക്കുവേണ്ടി പ്രാർത്ഥിക്കാൻ  ആരുമില്ലാത്തതുകൊണ്ടാണ്.

പാപികളുടെ മനസാന്തരത്തിനായി  പ്രത്യേകം പ്രാർത്ഥിക്കണം 

പരിഹാരപ്രവൃത്തികൾ അനുഷ്ഠിക്കണം. അവ പാപികളുടെ മനസാന്തരത്തിനായി  കാഴ്ചവയ്ക്കണം 

ദൈവത്തോടു ചെയ്യുന്ന ദൂഷണങ്ങൾക്കു പരിഹാരം ചെയ്യണം 

അമലോത്ഭവഹൃദയത്തോടുള്ള ഭക്തിയിൽ വളരണം 

അഞ്ച്  ആദ്യശനിയാഴ്ചകൾ  കുമ്പസാരിച്ചു  പരിശുദ്ധകുർബാന  സ്വീകരിക്കുകയും ജപമാല ചൊല്ലുകയും  പരിഹാരത്തിൻറെ അരൂപിയിൽ ജപമാലയുടെ 15  രഹസ്യങ്ങളെയും  ധ്യാനിച്ചുകൊണ്ട് 15 മിനുട്ട്  അമ്മയോടൊപ്പം  ചെലവഴിയ്ക്കുകയും ചെയ്താൽ ആ വ്യക്തികളുടെ മരണസമയത്ത് ആത്മരക്ഷയ്ക്കാവശ്യമായ എല്ലാ കൃപകളും നൽകപ്പെടും എന്ന വാഗ്‌ദാനം  ‘അമ്മ നൽകി.

റഷ്യയെ പ്രത്യേകമായി അമ്മയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കേണ്ടതിൻറെ ആവശ്യകത. 

‘അവസാനം എൻറെ  വിമലഹൃദയം വിജയം വരിക്കും’ എന്ന വാഗ്ദാനം.

ജപമാലയുടെ ഓരോ ദശകങ്ങൾക്കിടയിലും ചൊല്ലുന്ന ഓ എൻറെ ഈശോയേ.. എന്ന പ്രാർത്ഥനയും  അമ്മ  ഫാത്തിമയിൽ പഠിപ്പിച്ചതാണ്.

ലൂർദ് 

1858 ഫെബ്രുവരിയിലാണ്  ലൂർദിൽ  വച്ചു  കൈയിൽ ഒരു ജപമാലയുമായി മാതാവ്  ബെർണദീത്തയ്ക്ക്   പ്രത്യക്ഷപ്പെട്ടത്. അമ്മയ്ക്കു പറയാനുണ്ടായിരുന്നത് ഇതായിരുന്നു. “പ്രായശ്ചിത്തം, പ്രായശ്ചിത്തം, പ്രായശ്ചിത്തം….. പാപികൾക്കുവേണ്ടി പ്രാർത്ഥിക്കുക”. ഈ ലോകത്തിൽ താൻ ബെർണദീത്തയെ സന്തോഷവതിയാക്കില്ല എന്നു പറഞ്ഞ അമ്മ   വരാനിരിക്കുന്ന ലോകത്തിൽ    അത് അവൾക്കു ലഭിക്കുമെന്നു വാഗ്ദാനം ചെയ്തു. ആദ്യത്തെ ഏഴു തവണയും മാതാവിനെ കാണുമ്പോൾ ബെർണദീത്തയുടെ   മുഖം സന്തോഷം കൊണ്ടു  പ്രകാശിച്ചിരുന്നു. എന്നാൽ എട്ടാമത്തെ പ്രത്യക്ഷീകരണം മുതൽ അവളുടെ മുഖം  ദുഃഖത്താൽ  വലിഞ്ഞുമുറുകിയിരുന്നു. പലപ്പോഴും  അവൾ ഗ്രോട്ടോയുടെ  പിറകിലേക്കു  പോയി  അവിടത്തെ ചെളി നിറഞ്ഞ നിലം  ചുംബിച്ചു. ചെളി മുഖത്ത് വാരിപ്പൂശി. കയ്പുള്ള   സസ്യങ്ങളുടെ ഇലകൾ പറിച്ചു ഭക്ഷിച്ചു. കണ്ടുനിന്നവർ അവൾക്കു ഭ്രാന്താണെന്നു  തന്നെ കരുതി. 

പതിനാറാമത്തെ പ്രത്യക്ഷീകരണവേളയിൽ പരിശുദ്ധ’അമ്മ താൻ അമലോത്ഭവമാണെന്നു  ബെർണദീത്തയോടു പറഞ്ഞു. പാപികളുടെ മാനസാന്തരത്തിനു വേണ്ടി പ്രാർത്ഥിക്കാനും പരിഹാരാനുഷ്ടാനങ്ങൾ  നടത്താനും   നിത്യജീവൻ മനസ്സിൽ കണ്ടുകൊണ്ട് ഈ ലോകത്തിലെ  സഹനങ്ങൾ ക്ഷമയോടെ ഏറ്റെടുക്കാനും  നമ്മെ ഉദ്ബോധിപ്പിക്കുന്നവയാണു   ലൂർദിലെ മാതാവിൻറെ സന്ദേശങ്ങൾ.

ലാസലേറ്റ് 

1846  സെപ്തംബർ  19ന്  മെലാനി, മാക്സിമിൻ എന്നെ രണ്ട് ഇടയക്കുട്ടികൾക്ക് പ്രത്യക്ഷപ്പെട്ട മാതാവിൻറെ മുഖം ഏതാണ്ടു  മുഴുവൻ സമയവും ദുഃഖപൂർണ്ണമായിരുന്നു.   ഞാൻ നിങ്ങളോട് അതിപ്രധാനമായ കാര്യങ്ങൾ  പറയാനാണു  വന്നിരിക്കുന്നത്  എന്നു  പറഞ്ഞ അമ്മ ലാസലേറ്റിൽ നൽകിയ സന്ദേശങ്ങളുടെ   രത്നച്ചുരുക്കം ഇപ്രകാരമായിരുന്നു.

മനുഷ്യർ മനസുതിരിയുന്നില്ലെങ്കിൽ  എൻറെ പുത്രൻറെ  കരം  അവരുടെ മേൽ ശക്തമായി വീഴും. അത് ഇനിയും  തടഞ്ഞുനിർത്താൻ എനിക്കു  കഴിയില്ല.

നിങ്ങൾ കൂടുതൽ കൂടുതൽ പ്രാർത്ഥിക്കണം. നിങ്ങൾ എത്ര പ്രാർത്ഥിച്ചാലും ഞാൻ നിങ്ങൾക്കുവേണ്ടി  ചെയ്യുന്നതിനു  പകരമാവില്ല.  പ്രാർത്ഥിക്കാൻ സമയമില്ലാത്തവർ  ഒരു സ്വർഗ്ഗസ്ഥനായ പിതാവേയും ഒരു  നന്മനിറഞ്ഞമറിയമേയും എങ്കിലും ചൊല്ലട്ടെ.

ജോലി ചെയ്യാൻ  ആറു  ദിവസം നൽകിയിട്ടുണ്ട്. എന്നിട്ടും  സാബത്തിൽ നിങ്ങൾ  ജോലി ചെയ്യുന്നു. വേനൽക്കാലങ്ങളിൽ  ചുരുക്കം  ചില വൃദ്ധർ മാത്രമേ  പള്ളിയിൽ വരുന്നുള്ളൂ.

 ദൈവത്തിൻറെ  നാമം അനാവശ്യമായും    വൃഥാവിലും ഉപയോഗിക്കുന്നതു  സർവ്വസാധാരണമായിരിക്കുന്നു. സാബത്തിനോടു കാണിക്കുന്ന അനാദരവും  ദൈവനാമത്തിനു മഹത്വം കൊടുക്കാത്തതും ശിക്ഷ വിളിച്ചുവരുത്തും.

നോമ്പുകാലത്ത് നിങ്ങൾ നായ്ക്കളെപ്പോലെ  ഇറച്ചിക്കടയിലേക്ക് ഓടുന്നു.

വിളനാശങ്ങൾ സംഭവിക്കുമ്പോൾ അതു  നിങ്ങളുടെ  അകൃത്യങ്ങൾ കൊണ്ടു തന്നെയാണെന്ന് അറിഞ്ഞിരിക്കുക.

ഈ കാര്യങ്ങൾ എല്ലാം നിങ്ങൾ  മറ്റുള്ളവരോട് പറയണം.

പൊതുവായ ഈ  സന്ദേശങ്ങൾക്ക് പുറമേ, മെലാനിയ്ക്കും മാക്സിമിനും ഓരോ രഹസ്യങ്ങൾ  കൂടി അമ്മ നൽകിയിരുന്നു. അതിൽ മെലാനിയ്ക്കു നൽകിയ  രഹസ്യം 1879 ൽ  അവർ പുറത്തുവിട്ടിരുന്നു. അതിൽ പറയുന്ന അനേകം കാര്യങ്ങളിൽ പ്രധാനപ്പെട്ടവ ഇവയാണ്.

റോമിന് വിശ്വാസം നഷ്ടപ്പെടുകയും റോം എതിർക്രിസ്തുവിൻറെ ഇരിപ്പിടമായിത്തീരുകയും ചെയ്യും 

തിരുസഭ മങ്ങിപ്പോകും (  Church will be eclipsed ).

 പണത്തിൻറെ പിറകെ ഓടുന്ന സഭാധികാരികൾക്കു ദുരിതം 

തങ്ങളുടെ  ദുഷ്ടപ്രവൃത്തികൾ മൂലം  വൈദികർ    അശുദ്ധിയുടെ  ചെളിക്കുണ്ടുകളായി മാറിയിരിക്കുന്നു 

കരുണയ്ക്കായി  ദൈവത്തോടു യാചിക്കാൻ ആരുമില്ല.

ദൈവത്തിൻറെ ക്രോധം  ആസന്നം.   ഭൂവാസികൾക്കു ദുരിതം 

ക്രിസ്തുവിൻറെ  നുകം  തള്ളിക്കളഞ്ഞതിനാൽ ഇറ്റലി ശിക്ഷിക്കപ്പെടും 

യുദ്ധവും രക്തപ്പുഴകളും  സംഭവിക്കും  ദൈവാലയങ്ങൾ അടച്ചുപൂട്ടപ്പെടുകയും  അവഹേളിക്കപ്പെടുകയുംചെയ്യും   വിശുദ്ധരായ വൈദികർക്കും വിശ്വാസികൾക്കും  പീഡനവും  ക്രൂരമായ മരണവും സംഭവിക്കും 

സഭയിൽ വലിയ  വിശ്വാസത്യാഗം. ബിഷപ്പുമാരടക്കം അനേകർ വിശ്വാസം ഉപേക്ഷിക്കും 

നരകത്തിൽ നിന്ന് ആയിരക്കണക്കിനു പിശാചുക്കൾ  സ്വതന്ത്രരാക്കപ്പെടുന്നു 

അശുദ്ധപുസ്തകങ്ങൾ വ്യാപകമാവും.  പൈശാചികരൂപികൾക്ക് പ്രകൃതിശക്തികളുടെ മേൽ സ്വാധീനം ലഭിക്കും. അവർ മനുഷ്യരെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് സംവഹിച്ചുകൊണ്ടുപോകും 

ദുഷ്ടാരൂപികൾ  അനേകം  അത്ഭുതങ്ങൾ  പ്രവർത്തിക്കും 

എൻറെ പുത്രൻറെ  സുവിശേഷത്തെ  മറന്നുകളഞ്ഞതിനാൽ  ദൈവം അല്പകാലത്തേയ്ക്കു  ഫ്രാൻസിനെയും ഇറ്റലിയെയും  മറന്നുകളയും 

അക്കിത്ത 

1973 ജൂൺ ആറിന് ജപ്പാനിലെ അക്കിത്തയിൽ  സിസ്റ്റർ ആഗ്നസ് സസഗാവയ്ക്കു പ്രത്യക്ഷപ്പെട്ട പരിശുദ്ധ അമ്മ നൽകിയ അന്ദേശങ്ങൾ. 

 ദൈവക്രോധം ശമിപ്പിക്കാനായി പ്രാർത്ഥന, പ്രായശ്ചിത്തം,  ധീരമായ പരിത്യാഗപ്രവൃത്തികൾ   എന്നിവ നടത്തുക.

ഫാത്തിമ ദർശനത്തിൻറെ   വാർഷികമായ ഒക്ടോബർ 13ന്  മാതാവ് പറഞ്ഞു.

അനുതപിക്കുന്നില്ലെങ്കിൽ  മനുഷ്യവംശത്തിന്റെ മേൽ  ഭയാനകമായ ശിക്ഷ വന്നുപതിക്കും.   അത് ഇന്നുവരെ കണ്ടിട്ടില്ലാത്തവിധം ഭീകരവും   പ്രളയത്തേക്കാൾ  ഭയാനകവും ആയിരിക്കും.

ആകാശത്തുനിന്ന് അഗ്നി ഇറങ്ങി മനുഷ്യവംശത്തിൻറെ  വലിയൊരു  പങ്കു നശിപ്പിക്കപ്പെടും. നീതിമാന്മാരും ദുഷ്ടരും ഒരുപോലെ സഹിക്കേണ്ടിവരും.  വൈദികരും വിശ്വാസികളും  ഒരുപോലെ  ശിക്ഷിക്കപ്പെടും. 

ആ നാളുകളിൽ  ജീവിച്ചിരിക്കുന്നവർ  മരിച്ചവരെ ഓർത്തു അസൂയപ്പെടും. അപ്പോൾ നിങ്ങൾക്കുപകരിക്കുന്ന  ആയുധങ്ങൾ   എൻറെ  ജപമാലയും എൻറെ പുത്രൻ നിങ്ങൾക്കു  നൽകിയ അടയാളവും  മാത്രമായിരിക്കും.

മാർപ്പാപ്പയ്ക്കും മെത്രാന്മാർക്കും വേണ്ടി പ്രാർത്ഥിക്കുക. പിശാച് സഭയിൽ നുഴഞ്ഞുകയറും . കർദിനാൾ കർദിനാളിനെതിരെയും മെത്രാൻ മെത്രാനെതിരെയും തിരിയും. 

മാതാവിനെ വണങ്ങുന്ന വൈദികരെ സഹവൈദികർ  പരിഹസിക്കുകയും എതിർക്കുകയും ചെയ്യും ദൈവാലയങ്ങളും  അൾത്താരകളും   അവഹേളിക്കപ്പെടുകയോ മലിനമാക്കപ്പെടുകയോ ചെയ്യും.

 സഭയിൽ അനേകം  പേർ   എല്ലാ ഒത്തുതീർപ്പുകൾക്കും  വഴങ്ങും. അനേകർ ശുശ്രൂഷാജീവിതം ഉപേക്ഷിക്കും. സമർപ്പിതർക്കെതിരെ  പൈശാചികശക്തികൾ ആക്രമണം അഴിച്ചുവിടും.  

നഷ്ടപ്പെട്ടുപോകുന്ന ആത്മാക്കളുടെ എണ്ണമോർത്താണു   ഞാൻ ദുഖിക്കുന്നത്.  ഇനിയും പാപം  പെരുകുകയാണെങ്കിൽ പാപക്ഷമ ഉണ്ടാകില്ല.

ഈ സന്ദേശങ്ങൾ ലോകത്തിനു നല്കിക്കഴിഞ്ഞതിനുശേഷം സിസ്റ്റർ ആഗ്നസ് പ്രാർത്ഥനാജീവിതത്തിലേക്കു  മടങ്ങി. 46 വർഷങ്ങൾക്കുശേഷം    2019  ഒക്ടോബർ  ആറിന്   വത്തിക്കാനിൽ സിനഡ് നടക്കുമ്പോഴാണ് പിന്നെ സിസ്റ്റർക്ക് ഒരു സന്ദേശം ലഭിക്കുന്നത്.    ആ സന്ദേശം ഇപ്രകാരമായിരുന്നു.

‘ ചാരം പൂശി പ്രാർത്ഥിക്കുക.  എല്ലാ ദിവസവും പരിഹാരജപമാല ചൊല്ലുക. നീ ഒരു  ശിശുവിനെപ്പോലെയാകണം . എല്ലാ ദിവസവും  പരിത്യാഗപ്രവൃത്തികൾചെയ്യുകയും വേണം’.

ഗരബന്ദാൾ 

 1961 മുതൽ 1965 വരെയുള്ള കാലഘട്ടത്തിൽ സ്‌പെയിനിലെ ഗരബന്ദാളിൽ  കൊഞ്ചിതയ്ക്കും  മൂന്നു കൂട്ടുകാർക്കും മാതാവ് നേരിട്ടും വിശുദ്ധ മിഖായേൽ വഴിയായും  കൊടുത്ത സന്ദേശങ്ങളുടെ സംഗ്രഹം.

വൈദികർക്കുവേണ്ടി പ്രാർത്ഥിക്കുക.  അനേകം  കർദിനാൾമാരും മെത്രാന്മാരും വൈദികരും   നാശത്തിൻറെ വഴിയിലൂടെ പൊയ്‌ക്കോണ്ടിരിക്കുകയാണ്. അവർ അനേകം  വിശ്വാസികളെയും കൂടെ കൊണ്ടുപോകുന്നു. വൈദികർ  തങ്ങളുടെ കടമ  യഥാവിധി  നിറവേറ്റിയില്ലെങ്കിൽ അനേകം ആത്മാക്കൾ നഷ്ടപ്പെടും. 

ദൈവക്രോധത്തിൻറെ പത്രം  ഇപ്പോൾ തന്നെ  നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. 

പാപികൾക്കു  വേണ്ടി പ്രാർത്ഥിക്കുക 

പരിശുദ്ധ കുർബാനയ്ക്ക് അർഹിക്കുന്ന ആദരം ലഭിക്കുന്നില്ല. 

ദൈവത്തോടു പാപപ്പൊറുതി  യാചിക്കുക.  ഈശോയുടെ  പീഡാസഹനത്തെക്കുറിച്ച് ധ്യാനിച്ചുകൊണ്ട്  പരിഹാരപ്രവൃത്തികൾ ചെയ്യുക. 

ഗരബന്ദാളിൽ  വലിയൊരു അത്ഭുതവും മാതാവ് വാഗ്ദാനം ചെയ്തു. അത്  അനേകരുടെ മാനസാന്തരത്തിനുള്ള അവസരമായിരിക്കും. പരിശുദ്ധകുർബാനയോടു തീക്ഷ്ണമായ ഭക്തി  കാണിച്ചിരുന്ന ഒരു വിശുദ്ധൻറെ  തിരുനാളും സഭയിൽ  ഒരു പ്രധാന സംഭവം  നടക്കുന്ന ദിവസവുമായ ഒരു വ്യാഴാഴ്ച രാത്രി 8.30 നായിരിക്കും   ആ  അത്ഭുതം നടക്കുക.  അതിൻറെ  തിയതി  എട്ടു ദിവസം മുൻപേ കൊഞ്ചിത  വെളിപ്പെടുത്തും. 

അത്ഭുതത്തിനുശേഷം   അവിടുത്തെ പൈൻ മരങ്ങൾക്കിടയിൽ എല്ലാവർക്കും കാണാവുന്ന ഒരു സ്ഥിരമായ അടയാളം പ്രത്യക്ഷപ്പെടും.  അതിൻറെ  ഫോട്ടോ എടുക്കാൻ സാധിക്കുമെങ്കിലും മനുഷ്യർക്ക് അതിനെ സ്പർശിക്കാൻ   സാധിക്കില്ല. 

അത്ഭുതം നടക്കുന്നതിനു മുൻപ് ഒരു  മുന്നറിയിപ്പ് ഉണ്ടാകും  ഈ മുന്നറിയിപ്പുവേളയിൽ നമ്മുടെ ആത്മാക്കളുടെ   സ്ഥിതി നമുക്കു  വെളിപ്പെടുത്തപ്പെട്ടുകിട്ടും. അതു  മനസ്തപിച്ചു തിരിച്ചുവരാനുള്ള അവസരമായിരിക്കും. സ്ഥിതിഗതികൾ തീർത്തും  മോശമായിരിക്കുന്ന ഒരവസ്ഥയിൽ ആയിരിക്കും  മുന്നറിയിപ്പു  സംഭവിക്കുക.  മുന്നറിയിപ്പിന് ഒരു വർഷത്തിനുള്ളിൽ ആയിരിക്കും അത്ഭുതം  സംഭവിക്കുന്നത്.

മനുഷ്യർ  അനുതപിച്ച് മനസുതിരിയുന്നില്ലെങ്കിൽ  ഭയാനകമായ ശിക്ഷകൾ  ഉണ്ടാകും.

മെജുഗോറി 

ആറു കുട്ടികൾക്ക്,1981 മുതൽ തുടർച്ചയായി   മാതാവ് ദർശനം കൊടുത്ത സ്ഥലമാണ് മെജുഗോറി. അവർ ഓരോരുത്തർക്കും  മാതാവ്  ഭാവിയിൽ മാത്രം  വെളിപ്പെടുത്തേണ്ട പത്തു രഹസ്യങ്ങളും നൽകിയിരുന്നു.

ലോകം    മാനസാന്തരപ്പെട്ടില്ലെങ്കിൽ  അനുഭവിക്കേണ്ടി വരുന്ന മഹാശിക്ഷയെക്കുറിച്ചും  ഈ  രഹസ്യങ്ങളിൽ വിവരിക്കുന്നുണ്ട്. ഈ രഹസ്യങ്ങളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ തങ്ങളുടെ  ജീവിതകാലത്തുതന്നെ സംഭവിക്കും എന്നും  അവർക്കു വെളിപ്പെടുത്തിക്കൊടുത്തിട്ടുണ്ട്.

മാതാവ്  ആവശ്യപ്പെടുന്ന അഞ്ചു കാര്യങ്ങൾ 

പ്രാർത്ഥന,

ഉപവാസം,

പരിശുദ്ധ കുർബാനയിൽ  പതിവായി പങ്കെടുക്കൽ 

പതിവായി വിശുദ്ധ ഗ്രന്ഥം  വായിക്കുക 

ഇടയ്ക്കിടെ  കുമ്പസാരം നടത്തുക എന്നിവയാണ്.

കുടുംബങ്ങൾക്കും  യുവജനങ്ങൾക്കും വൈദികർക്കും  അവിശ്വാസികൾക്കും രോഗികൾക്കും ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്കും വേണ്ടി പ്രാർത്ഥിക്കാനും മാതാവ് ആഹ്വാനം  ചെയ്യുന്നു

നല്ലവിജയത്തിൻറെ മാതാവ് 

1610 ൽ  ഇക്വഡോറിലെ ക്വിറ്റോയിൽ മദർ മരിയാനയ്ക്കു  പ്രത്യക്ഷപ്പെട്ട  പരിശുദ്ധ ‘അമ്മ  അതിപ്രധാനമായ   ചില സന്ദേശങ്ങൾ നൽകി.

 പത്തൊമ്പതാം നൂറ്റാണ്ടിൻറെ അവസാനവും ഇരുപതം നൂറ്റാണ്ടിൻറെ തുടക്കത്തിലുമായി  അനേകം  പാഷണ്ഡതകൾ സഭയിൽ പ്രചരിക്കും. 

 അനേകർ വിശ്വാസം ഉപേക്ഷിക്കും 

കുഞ്ഞുങ്ങളിൽ   നിഷ്കളങ്കത നഷ്ടമാകും 

അശുദ്ധിയുടെ  സമുദ്രം ലോകത്തെ ഗ്രസിക്കും. പൗരോഹിത്യം വലിയ  വെല്ലുവിളികളെ നേരിടും. ദൈവവിളികൾ  നഷ്ടമാകും  

 വൈദികർ തങ്ങളുടെ  ശുശ്രൂഷയിൽ  അശ്രദ്ധരാകും.

 വൈദികരെ നയിക്കാൻ നല്ല  മെത്രാന്മാരുടെ  അഭാവം അനുഭവപ്പെടും 

അനേകം വൈദികർ  അശുദ്ധപാപങ്ങളിൽ വീഴും 

പരിശുദ്ധ കുർബാനയും രോഗീലേപനവും  പോലെയുള്ള കൂദാശകൾ     വിരളമാകും 

നിരവധി  ആളുകൾ അന്ത്യകൂദാശ കിട്ടാതെ മരിക്കും.

തെരഞ്ഞെടുക്കപ്പെട്ടവരുടെ ഒരു ചെറിയ  ഗണം  മാത്രം വിശ്വാസത്തിൽ പിടിച്ചുനിൽക്കും. മറ്റുള്ളവർ അവരെ ക്രൂരമായി പീഡിപ്പിക്കും.

നീ  ഒരു  യാഗാത്മാവായി  പരിഹാരപ്രവൃത്തികൾ  ചെയ്യുക.

റോസാ മിസ്റ്റിക്കാ മാതാവ് 

1947 മുതൽ  ഇറ്റലിയിലെ മോണ്ടിചിയറിയിലെ  പിയറിന ഗില്ലി എന്ന നഴ്‌സിന്  പ്രത്യക്ഷപ്പെട്ട പരിശുദ്ധ അമ്മ യുടെ സന്ദേശത്തിൻറെ  കാതൽ വൈദികരുടെയും സമർപ്പിതരുടെയും വിശുദ്ധീകരണത്തിനായുള്ള ആഹ്വാനമായിരുന്നു. തൻറെ  ഹൃദയത്തെ ഭേദിക്കുന്ന മൂന്നു വാളുകളിൽ  ഒന്നാമത്തേത്  നഷ്ടമാവുന്ന   ദൈവവിളികളും  രണ്ടാമത്തേത് മാരകപാപത്തിൽ ജീവിക്കുന്ന   പുരോഹിതരും സമർപ്പിതരും ആണെന്നും മൂന്നാമത്തേത്   അവർ യൂദാസിനെപ്പോലെ  സഭയെ വഞ്ചിക്കുന്നതാണെന്നും   മാതാവ് വെളിപ്പെടുത്തിക്കൊടുത്തു.

അതിനു പ്രതിവിധി   ആയി മാതാവ് മാതാവ് നിർദേശിച്ചത് പ്രാർത്ഥന,  പരിഹാരം, പ്രായശ്ചിത്തം എന്നിവയായിരുന്നു.പൗരോഹിത്യ വിശുദ്ധിയ്ക്ക് അമ്മ  വലിയ പ്രാധാന്യം കൊടുക്കുന്നു. മനുഷ്യർ  മാനസാന്തരപ്പെടുന്നില്ലെങ്കിൽ ദൈവനീതിയുടെ  കരത്തെ  ഇനിയും തടഞ്ഞുനിർത്താൻ കഴിയില്ല എന്നും അമ്മ പറഞ്ഞു.

ഡിസംബർ 8 ന്  കൃപയുടെ മണിക്കൂർ ആചരിക്കണമെന്നും അപ്പോൾ അനേകം പേർക്ക്   മാനസാന്തരത്തിൻറെ  കൃപ ലഭിക്കുമെന്നും അമ്മ ഓർമ്മിപ്പിച്ചു.

പരിശുദ്ധ കന്യകാമറിയത്തിൻറെ പ്രത്യക്ഷീകരണങ്ങളിലെല്ലാം  പൊതുവായിട്ടുള്ള കാര്യം മാനസാന്തരത്തിലേക്കുള്ള വിളിയും വിശുദ്ധജീവിതവും, പ്രാർത്ഥനയും പരിഹാരവും പ്രായശ്ചിത്തവും  ആണ്. ലോകം മാനസാന്തരപ്പെട്ടില്ലെങ്കിൽ  വലിയ പീഡനങ്ങളും ദുരിതങ്ങളും ദുരിതങ്ങളും ഉണ്ടാകുമെന്നും അവയെ തടയാൻ  പ്രാർത്ഥനയും ഉപവാസവും   പരിഹാരപ്രവൃത്തികളും  ഉപകരിക്കുമെന്നും  മാതാവ് ഓർമ്മിപ്പിക്കുന്നു. 

എത്രയോ വർഷങ്ങൾക്കു  മുൻപു   മാതാവ് പ്രവചിച്ച ആ നാളുകളിലാണ് ഇപ്പോൾ നാം ജീവിക്കുന്നത്. 

‘ ദൈവത്തിൽ നിന്ന് അകലാൻ കാണിച്ചതിൻറെ  പത്തിരട്ടി തീക്ഷ്ണതയോടെ തിരിച്ചുവന്ന് അവിടുത്തെ തേടുവിൻ. എന്തെന്നാൽ നിങ്ങളുടെ മേൽ ഈ  അനർത്ഥങ്ങൾ വരുത്തിയവൻ തന്നെ നിങ്ങൾക്കു രക്ഷയും നിത്യാനന്ദവും നൽകും ( ബാറൂക്ക് 4:28-29)  എന്ന തിരുവചനത്തിൻറെ  അഭിഷേകം ഉൾക്കൊണ്ട്,   നമുക്കു  പരിശുദ്ധ അമ്മ കാണിച്ചുതരുന്ന വഴിയേ  തീക്ഷ്ണതയോടെ മുന്നോട്ടുപോകാം.