കർത്താവിൻറെ സമയം

എല്ലാറ്റിനും  സമയമുണ്ട്. ആകാശത്തിൻ കീഴുള്ള സമസ്തകാര്യത്തിനും ഒരവസരമുണ്ട്. (ജ്ഞാനം 3:1).

ചെയ്യേണ്ട   കാര്യങ്ങൾ ചെയ്യേണ്ട സമയത്തു  ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പിതാവായ ദൈവം കാലത്തിൻറെ തികവിലാണു തൻറെ പുത്രനെ ലോകത്തിലേക്കയച്ചത്. ‘എന്നാൽ  കാലസമ്പൂർണത  വന്നപ്പോൾ ദൈവം തൻറെ പുത്രനെ അയച്ചു. അവൻ സ്ത്രീയിൽ നിന്നു ജാതനായി; നിയമത്തിന് അധീനനായി ജനിച്ചു’ (ഗലാ  4:4). ദൈവപുത്രൻ ലോകത്തിലേക്കു വന്നതാകട്ടെ  ‘കാലത്തിൻറെ പൂർണതയിൽ സ്വർഗത്തിലും ഭൂമിയിലും ഉള്ള എല്ലാറ്റിനെയും ക്രിസ്തുവിൽ  ഒന്നിപ്പിക്കുന്നതിനുവേണ്ടിയായിരുന്നു’ (എഫേ  1:10).

യേശുക്രിസ്തുവിനെക്കുറിച്ചു  ജനങ്ങൾ മനസറിഞ്ഞു പറയുന്ന  ഒരു പ്രശംസാവാചകമുണ്ട്. അത് ഇങ്ങനെയാണ്. ‘അവൻ എല്ലാക്കാര്യങ്ങളും  നന്നായിച്ചെയ്യുന്നു’ (മർക്കോസ്  7:37).   ഓരോന്നും ചെയ്യേണ്ട സമയത്തു  ചെയ്യേണ്ട രീതിയിൽ ചെയ്യാൻ കഴിഞ്ഞു എന്നതായിരുന്നു യേശുവിൻറെ പ്രത്യേകത. 

സമയത്തിൻറെ  പ്രാധാന്യം മനസിലാക്കാതെ പോയതുകൊണ്ടായിരുന്നു    അഞ്ചു കന്യകമാർ വിവാഹവിരുന്നിൽ നിന്നു  നിഷ്കാസിതരായത്.  

അതുപോലെ  സമയബോധം നഷ്ടപ്പെട്ടവരുടെ എണ്ണം കൂടിവരികയാണിപ്പോൾ.   കർത്താവ് കരുണയുടെ വാതിൽ അനന്തമായി  തുറന്നുവച്ചിരിക്കുകയാണ് എന്ന മിഥ്യാധാരണയിൽ നാം അനുതപിക്കാനുള്ള അവസരങ്ങൾ പാഴാക്കുന്നു. മരണം അടുത്തൊന്നും ഉണ്ടാകില്ല എന്നു കരുതി,  ആത്മരക്ഷയ്ക്കായി ഒന്നും ചെയ്യാതെ നാം അലസരായിരിക്കുന്നു.  ധ്യാനങ്ങളും സുവിശേഷ പ്രഘോഷണങ്ങളും എല്ലാം പഴയതുപോലെ തന്നെ എന്നും    തുടരും എന്നു  കരുതിയവർ അതിനു വലിയ വില കൊടുക്കേണ്ടി വന്നു എന്നതു  കോവിഡിൻറെ കാലത്തു നാം തിരിച്ചറിഞ്ഞ സത്യമാണ്. 

പരിശുദ്ധകുർബാനയോട് ഒട്ടിനിൽക്കേണ്ട സമയമാണ് ഇത് എന്ന ബോധം നഷ്ടപ്പെട്ടപ്പോളാണു  നാം പരിശുദ്ധ കുർബാനയെക്കുറിച്ചു  തർക്കിച്ചുതുടങ്ങിയത്. 

ചെയ്യേണ്ടതു  ചെയ്യേണ്ട സമയത്തു ചെയ്ത  കുറേപ്പേരെക്കുറിച്ചു  വിശുദ്ധ ഗ്രന്ഥം പറയുന്നുണ്ട്. സ്വപ്നത്തിൽ നിന്നുണർന്ന ജോസഫ്,  ദൂതൻ പറഞ്ഞതനുസരിച്ച് ആ രാത്രി തന്നെ ഈജിപ്തിലേക്കു പലായനം ചെയ്തു.  മറിയം എലിസബത്തിനെ  സന്ദർശിക്കാൻ പോയത് തിടുക്കത്തിലായിരുന്നു. അരമത്യക്കാരൻ ജോസഫും  നിക്കൊദേമൂസും  കർത്താവിനെ സംസ്കരിക്കുന്നതിനു  തിടുക്കം കൂട്ടിയതു   നമുക്കറിയാം. എന്തുകൊണ്ടാണ്  അവർ തിടുക്കം കൂട്ടിയത് എന്നു  ചിന്തിച്ചിട്ടുണ്ടോ? ജോസഫിനും നിക്കോദേമോസിനും ഒരു കാര്യം അറിയാമാ’യിരുന്നു.  യേശുവിൻറെ ശരീരം കുരിശിൽ തന്നെ കിടന്നാൽ  അത് ഒന്നുകിൽ  കഴുകന്മാർ കൊത്തിവലിക്കും. അല്ലെങ്കിൽ  ബെൻഹിൻനോം താഴ്വരയിലേക്കു  വലിച്ചെറിയപ്പെടും. അങ്ങനെ നിന്ദിക്കപ്പെടേണ്ട ഒന്നായിരുന്നില്ല യേശുവിൻറെ ശരീരം  എന്ന് അവർ തിരിച്ചറിഞ്ഞിരുന്നു.  അതുകൊണ്ടാണ് അവർ സാബത്ത് ആരംഭിക്കുന്നതിനു മുൻപുള്ള 

 ചുരുങ്ങിയ സമയത്തുതന്നെ  യേശുവിൻറെ ശരീരം സംസ്കരിക്കാൻ പുറപ്പെട്ടത്.

ഓരോന്നിനും അതിൻറേതായ സമയമുണ്ട്. അതറിയുക  എന്നതു ജ്ഞാനത്തിൻറെ പ്രവൃത്തിയാണ്.  ചരിത്രത്തിൽ ഒരിക്കൽ മാത്രം നിറവേറുന്ന    ഒരു മഹാസംഭവത്തിനായാണ് യേശു തൻറെ ശിഷ്യരെ  ഒരു തീൻ മേശയ്ക്കു ചുറ്റും ഒരുമിച്ചുകൂട്ടിയത് എന്നു മനസിലാക്കാതെ പോയതുകൊണ്ടായിരുന്നല്ലോ  അപ്പം ഭക്ഷിച്ച ഉടനെ യൂദാസ് പുറത്തെ  ഇരുട്ടിലേക്ക് ഇറങ്ങിപ്പോയത്.  കർത്താവ് അന്നു  ചെയ്ത അതേ  കാര്യം ഇന്നും ആവർത്തിക്കപ്പെടുന്ന ബലിപീഠങ്ങളുടെ മുന്നിൽ വച്ച്,  പരിശുദ്ധ കുർബാന നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ, കൈയിലിരിക്കുന്ന മൊബൈലിനെ ആരാധിക്കുന്നതിൽ  സന്തോഷം കണ്ടെത്തുന്നവർ   അറിയുന്നില്ല തങ്ങൾ ആയിരിക്കുന്ന സമയത്തിൻറെ മഹത്വം.  കുമ്പസാരക്കൂടുകൾ തുറന്നിരിക്കുന്ന  സമയത്തിൻറെ വില അറിയണമെങ്കിൽ  കുമ്പസാരക്കൂടുകൾ അടഞ്ഞുകിടക്കുന്ന ഒരു കാലം വരണം. അങ്ങനെയൊരു കാലം ഒരിക്കൽ വന്നുപോയി എന്നതിൻറെ അർഥം അത് ഇനിയും വരാം  എന്നു  തന്നെയാണ്.

സമയത്തെക്കുറിച്ചു  വലിയ മിഥ്യാധാരണയൊന്നും വച്ചുപുലർത്തരുത്.  അങ്ങനെ മിഥ്യാധാരണ വച്ചുപുലർത്തിയ ഒരാളോടു ദൈവം പറഞ്ഞു.  ‘ഭോഷാ, ഈ രാത്രി  നിൻറെ ആത്മാവിനെ നിന്നിൽ നിന്ന്  ആവശ്യപ്പെടും. അപ്പോൾ നീ ഒരുക്കിവച്ചിരിക്കുന്നവ ആരുടേതാകും?’ (ലൂക്കാ  12:20). ഈ ഉപമ പറഞ്ഞ  കർത്താവ് തന്നെ മറ്റൊരിടത്തു പറയുന്നുണ്ട്, അവസാനത്തെ തുട്ടു വരെ കൊടുത്തുതീർക്കാതെ  പുറത്തുവരാൻ സാധിക്കാത്ത ഒരിടത്തേക്കു  പോകാൻ നിർബന്ധിക്കപ്പെടുന്നതിനു മുൻപു  തന്നെ  കാലത്തിൻറെ അടയാളങ്ങൾ  വിവേചിച്ചറിയണമെന്ന് (ലൂക്കാ  12:54-59).

കാലം കർത്താവിനറിയാം. അതുകൊണ്ടാണല്ലോ  അവൻ  അത്തിവൃക്ഷത്തിലെ ഫലം അന്വേഷിച്ചു കൃത്യസമയത്തുതന്നെ   വന്നത്.  എന്നാൽ അത്തിവൃക്ഷമാകട്ടെ  കായ്ക്കാൻ മറന്നുപോയിരുന്നു. വേരിനു കോടാലിവയ്ക്കാനുള്ള സമയം ആരുടെയൊക്കെയോ മാധ്യസ്ഥപ്രാർത്ഥന കൊണ്ടു നീട്ടിക്കിട്ടിയ അത്തിമരങ്ങളാണു   നാം എന്നതു പോലും നാം മറന്നുപോകുന്നു. 

കർത്താവിൻറെ സമയം നമ്മുടെ സമയമല്ല. അവൻ അത്തിവൃക്ഷത്തിൽ ഫലം ഉണ്ടാകാൻ സാധ്യതയില്ലാത്ത സമയത്തും (മർക്കോസ് 11:13) ഫലം അന്വേഷിച്ചുവരുന്നവനാണ്. അനുകൂലമായ സാഹചര്യങ്ങളിലും നിശ്ചിതസമയത്തും    മാത്രം ഫലം നൽകുന്ന വൃക്ഷങ്ങളെ ക്രിസ്ത്യാനി എന്നു  വിളിക്കാൻ കഴിയില്ല എന്നാണു  കർത്താവ് പഠിപ്പിക്കുന്നത്.

ജെറമിയയും വിലപിക്കുന്നത്   സമയബോധമില്ലാത്ത ദൈവജനത്തെക്കുറിച്ചാണ്.  ‘ആകാശത്തിൽ പറക്കുന്ന ഞാറപ്പക്ഷിയ്ക്കുപോലും  അതിൻറെ കാലം അറിയാം.  മാടപ്രാവും മീവൽപ്പക്ഷിയും  കൊക്കും തിരിച്ചുവരാനുള്ള സമയം പാലിക്കുന്നു.   എൻറെ ജനത്തിനാകട്ടെ  കർത്താവിൻറെ കല്പന അറിഞ്ഞുകൂടാ’ (ജെറ.8:7).

 നാം  സമയത്തിൻറെ വില മനസിലാക്കുന്നത്  ‘ഒന്നിലും സന്തോഷം തോന്നുന്നില്ല എന്നു സ്വയം പറയുന്ന ദുർദിനങ്ങളും വർഷങ്ങളും ആഗമിക്കുമ്പോഴാണ്’ (സഭാ. 12:1). സ്വന്തം ജീവിതത്തിലെ ‘സൂര്യനും പ്രകാശവും ചന്ദ്രനും നക്ഷത്രങ്ങളും   ഇരുണ്ടുപോവുകയും’ (സഭാ 12:2) ‘ഉയർന്നുനിൽക്കുന്നതും വഴിയിൽ കാണുന്നതുമെല്ലാം  ഭീതിജനകമായി തോന്നുകയും’ (സഭാ 12:5) ചെയ്യുമ്പോൾ  സമയത്തെക്കുറിച്ചു  ബോധമുണ്ടായാലും ഫലമുണ്ടായിക്കൊള്ളണമെന്നില്ല.

‘ഇതാണു  സ്വീകാര്യമായ സമയം. ഇതാണു  രക്ഷയുടെ ദിവസം’. ഈ തിരിച്ചറിവോടെ കർത്താവിൻറെ ആലയിലേക്കു  തിരിച്ചുവരുന്നതുവരെ  ആരുടേയും ആത്മാവിൻറെ പ്രകാശം കെട്ടുപോകാതിരിക്കട്ടെ എന്നായിരിക്കണം ഇനിയങ്ങോട്ടു  നമ്മുടെ പ്രാർഥന. ‘എന്തെന്നാൽ സമയം അടുത്തിരിക്കുന്നു’  (വെളി  22:11). ‘അനീതി ചെയ്യുന്നവൻ ഇനിയും അനീതി ചെയ്യുന്ന സമയം! പാപക്കറ പുരണ്ടവൻ ഇനിയും അങ്ങനെതന്നെ തുടരുന്ന സമയം!   നീതിമാൻ ഇനിയും നീതി പ്രവർത്തിക്കുകയും  

വിശുദ്ധൻ  ഇനിയും വിശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്ന’ (വെളി  22:11)  ആ സമയത്ത്  നീതിമാൻമാരുടെയും  വിശുദ്ധരുടെയും ഗണത്തിൽ നമ്മുടെ പേരും   എഴുതിച്ചേർക്കപ്പെടാനായി  സ്വീകാര്യമായ ഈ സമയത്തു തന്നെ   കർത്താവിൻറെ വിളി കേട്ടു  തിരിച്ചുവരാനുള്ള  കൃപയ്ക്കുവേണ്ടി നമുക്കു പ്രാർഥിക്കാം.