യേശു, ക്രിസ്ത്യാനികളുടെ ദൈവം?

യേശുക്രിസ്തു ക്രിസ്ത്യാനികളുടെ ദൈവം ആണ്  എന്നു  പറയുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോ? ഇല്ല. കാരണം യേശു നമ്മുടെ ദൈവമാണ്. എന്നാൽ യേശു ക്രിസ്ത്യാനികളുടെ ദൈവമാണെന്നു  പറയുന്നതിൽ ഒരു വഞ്ചന ഒളിഞ്ഞിരിപ്പുണ്ട്. അതാണു  നാം ശ്രദ്ധിക്കേണ്ടത്.  ഓരോ മതത്തിനും അവരുടേതായ ദൈവസങ്കല്പങ്ങളുണ്ട്. അതിനനുസരിച്ച് അവർ ദൈവം എന്നു  വിളിക്കുന്ന വ്യക്തിയെ, അല്ലെങ്കിൽ ശക്തിയെ, അതുമല്ലെങ്കിൽ ആശയത്തെ വിശ്വസിക്കുന്നു, ആരാധിക്കുന്നു. നാം ചെയ്യുന്നതും  അതുതന്നെയാണ്. യേശുക്രിസ്തു ദൈവമാണെന്നു  നാം വിശ്വസിക്കുന്നു. യേശുക്രിസ്തുവിലൂടെ വെളിപ്പെട്ട പിതാവായ ദൈവത്തെ നാം ആരാധിക്കുന്നു.

ഒരു ക്രിസ്ത്യാനി മറ്റൊരു ക്രിസ്ത്യാനിയോട് യേശുക്രിസ്തു നമ്മുടെ ദൈവമാണ് എന്നു പറയുമ്പോൾ പറയുന്നയാൾക്കും കേൾക്കുന്നയാൾക്കും  കാര്യം വ്യക്തമാണ്. കാരണം അവർ രണ്ടുപേരെ  സംബന്ധിച്ചിടത്തോളവും  യേശു ദൈവമാണ്.

ഇനിയാണു  പ്രശ്നം. ഒരു ക്രിസ്ത്യാനി  അക്രൈസ്തവനായ ഒരു വ്യക്തിയോടു  തൻറെ വിശ്വാസത്തെക്കുറിച്ചു  സംസാരിക്കുമ്പോൾ എന്താണു  പറയുന്നത്?  യേശുക്രിസ്തു ഞങ്ങളുടെ ദൈവമാണെന്നല്ലേ? അതിൻറെയർഥം നിങ്ങൾക്കു   നിങ്ങളുടെ ദൈവം, ഞങ്ങൾക്കു ഞങ്ങളുടെ ദൈവം എന്നാണ്. നിങ്ങൾ ആരെ വേണമെങ്കിലും ആരാധിച്ചുകൊള്ളുക.  ഞങ്ങൾ ആ ദൈവസങ്കല്പത്തെ അംഗീകരിക്കുന്നില്ല.  കാരണം ഞങ്ങളുടെ ദൈവം അനന്യനായ ദൈവമാണ്. അത്  യേശുക്രിസ്തുവിലൂടെ ലോകത്തിനു വെളിപ്പെട്ടുകിട്ടിയതാണ്.  

കുറച്ചുകൂടി തീക്ഷ്ണതയും   സുവിശേഷപ്രഘോഷണതാല്പര്യവും ഉള്ളവർ പറയും. യേശുവിൻറെ ബലി  വഴി ഞങ്ങൾക്ക് പാപമോചനവും രക്ഷയും കൈവന്നിരിക്കുന്നു.  അവിടുത്തെ തിരുശരീരവും തിരുരക്തവും ഞങ്ങളെ നിത്യജീവനിലേക്കു  നയിക്കുന്നു.   ഞങ്ങൾ വിശ്വസിക്കുന്നത് യേശുക്രിസ്തു യുഗാന്ത്യത്തിൽ വീണ്ടും  വരുമെന്നാണ്.

ഇത്ര നല്ല ഒരു ദൈവത്തിൻറെ അടുക്കലേക്കു  നിങ്ങളും വരിക. യേശുവിൽ വിശ്വസിക്കുക, രക്ഷ പ്രാപിക്കുക.  ഇതാണു  നാം പൊതുവെ കണ്ടുവരുന്ന ഒരു രീതി.

എന്നാൽ ഒന്നു ചിന്തിച്ചുനോക്കുക. യേശുക്രിസ്തു ക്രിസ്ത്യാനികളുടെ ദൈവമാണോ? അവിടുന്ന് ഒരിക്കൽ പോലും അങ്ങനെയൊരു സൂചന നൽകിയിട്ടില്ല.  തന്നിൽ വിശ്വസിക്കുന്നവരുടെയോ, വിശ്വസിക്കാൻ പോകുന്നവരുടെയോ മാത്രം ദൈവമാണു  താനെന്ന് യേശു ഒരിക്കലും പറഞ്ഞിട്ടില്ല.  അവിടുന്നു  പറഞ്ഞത് ഇങ്ങനെയാണ്. ‘സ്വർഗത്തിലും ഭൂമിയിലുമുള്ള  സകല അധികാരവും  എനിക്കു നൽകപ്പെട്ടിരിക്കുന്നു’ ( മത്തായി 28:18). സ്വർഗത്തിലും ഭൂമിയിലും സകല അധികാരവും  ഉള്ളവൻ എങ്ങനെയാണ് ക്രിസ്ത്യാനികളുടെ മാത്രം ദൈവമാകുന്നത്! 

അതുകൊണ്ടു  നമ്മൾ പറയേണ്ടത് ഇങ്ങനെയാണ്. യേശുക്രിസ്തു സകലമനുഷ്യരുടേയും ദൈവമാണ്.  പ്രപഞ്ചത്തിൻറെ മേൽ സർവ്വാധികാരവും ഉള്ളവനാണ് അവിടുന്ന്.   ക്രൈസ്തവനും   അക്രൈസ്തവനും വിശ്വാസിക്കും അവിശ്വാസിക്കും  ഒരുപോലെ ബാധകമായ ഒരു പ്രസ്താവനയേയുള്ളു. അത് യേശുക്രിസ്തു സകലമനുഷ്യരുടെയും കർത്താവായ ദൈവമാണെന്നതാണ്. 

അപ്പോൾ ചിലർ പറഞ്ഞേക്കാം, ഞങ്ങൾ  അത് അംഗീകരിക്കുന്നില്ല എന്ന്. അത് അവരുടെ ഇഷ്ടം.  പ്രധാനമന്ത്രി പ്രധാനമന്ത്രിയായിരിക്കുന്നതു  ഞാനോ നിങ്ങളോ അംഗീകരിക്കുന്നതുകൊണ്ടല്ലല്ലോ. നിയമപ്രകാരം അദ്ദേഹം ആ സ്ഥാനത്ത് ഇരിക്കുന്നു എന്നതുകൊണ്ടാണ്.  അതുകൊണ്ട് ആരെന്തു പറയുന്നു എന്നതല്ല, എന്താണു  സത്യം എന്നതാണു  പ്രധാനം. ആരെങ്കിലും അംഗീകരിക്കുന്നുണ്ടോ എന്നതല്ല,    ഉന്നതസ്വർഗത്തിൽ  എന്നേക്കും വാഴുന്നതാരാണ്  എന്നതാണു  പ്രധാനം.  ‘വിജയം വരിച്ച്, പിതാവിനോടൊത്ത് അവിടുത്തെ സിംഹാസനത്തിൽ ഇരിക്കുന്നത്’ (വെളി 3:21) യേശുക്രിസ്തുവാണ്. സ്വർഗത്തിലും  ഭൂമിയിലും ഉള്ള  ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്‌തുക്കളും  സൃഷ്ടിക്കപ്പെട്ടത് ക്രിസ്തുവിലാണെങ്കിൽ (കൊളോ 1:16) അവൻ എങ്ങനെയാണു  സൃഷ്ടിയുടെ  വളരെ ചെറിയൊരു ഭാഗമായ ക്രിസ്ത്യാനിയുടെ മാത്രം ദൈവമാകുന്നത്? ‘സിംഹാസനങ്ങളോ ആധിപത്യങ്ങളോ  ശക്തികളോ  അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം ക്രിസ്തുവിലൂടെയും  ക്രിസ്തുവിനുവേണ്ടിയുമാണു  സൃഷ്ടിക്കപ്പെട്ടത്’ (കൊളോ  1:16) എങ്കിൽ  അവനു കീഴ്‌പ്പെടാത്തതായി   ഈ പ്രപഞ്ചത്തിൽ ഒന്നുമില്ല എന്നല്ലേ നാം മനസിലാക്കേണ്ടത്?  അങ്ങനെയൊരാളെ  ക്രിസ്ത്യാനികളുടെ ദൈവം എന്നാണോ വിളിക്കേണ്ടത്?

എല്ലാ മനുഷ്യരെയും  പ്രകാശിപ്പിക്കുന്ന യഥാർഥ വെളിച്ചമായിട്ടാണ് (യോഹ. 1:9) യോഹന്നാൻ  യേശുവിനെ പരിചയപ്പെടുത്തുന്നത്. മറ്റു പലരും പല കാലങ്ങളിലും വന്ന്, കുറെ  മനുഷ്യരെയൊക്കെ അല്പകാലത്തേക്കു പ്രകാശിപ്പിച്ചിട്ടു കടന്നുപോയിട്ടുണ്ടായിരുന്നു. അവരുമായി ഒരു വിധത്തിലും താരതമ്യം സാധ്യമല്ലാത്ത വിധം എല്ലാ മനുഷ്യരെയും എല്ലാക്കാലത്തേക്കും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം  എന്നു പറയുമ്പോൾ അവൻ എല്ലാവരുടെയും ദൈവം ആയിരിക്കണം. ‘സമസ്തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ  ഉണ്ടായിട്ടില്ല’ (യോഹ. 1:3). ക്രിസ്തുവിലൂടെ ഉണ്ടായതു  ക്രിസ്ത്യാനി മാത്രമല്ല, ആകാശഗോളങ്ങൾ മുതൽ പരമാണുവരെ  സമസ്തവും ക്രിസ്തുവിലൂടെയും ക്രിസ്‌തുവിലും ക്രിസ്തുവിനുവേണ്ടിയുമാണ്  ഉണ്ടായത് എന്നു  സാരം. അങ്ങനെയുള്ള ദൈവത്തെ  ക്രിസ്ത്യാനികളുടെ മാത്രം   ദൈവമായി അവതരിപ്പിക്കുന്നതിലൂടെ നാം എത്ര വലിയ അബദ്ധമാണു ചെയ്യുന്നതെന്ന് അറിഞ്ഞിരിക്കണം.ഒരു നാമം ഉച്ചരിക്കപെടുമ്പോൾ സ്വർഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള  സകലരും മുട്ടുകൾ മടക്കുമെങ്കിൽ (ഫിലിപ്പി 2:10) ആ നാമം വഹിക്കുന്ന  യേശു  സകലരുടെയും ദൈവമല്ലാതെ അതിൽ കുറഞ്ഞതൊന്നുമല്ല.  

യേശു ക്രിസ്ത്യാനികളുടെ മാത്രം  ദൈവമാണെങ്കിൽ മറ്റുള്ളവർക്ക്  അവരവരുടെ ദൈവവും ആകാമല്ലോ.  അപ്പോൾ സുവിശേഷപ്രഘോഷണത്തിൽ എന്തർഥം?  നമുക്കുള്ളതുപോലെ മറ്റൊരു ദൈവം അവർക്കും ഉണ്ടെങ്കിൽ അവർ ആ ദൈവം പറയുന്നതനുസരിച്ചു  ജീവിച്ചാൽ പോരേ?

ക്രിസ്ത്യാനികളുടെ ദൈവമാണ്  യേശു എന്നു  പറയാൻ വലിയ ധൈര്യമൊന്നും വേണ്ട. വിശ്വാസം ഒട്ടും  വേണ്ട.  കാരണം കടുകുമണിയോളമെങ്കിലും വിശ്വാസമുണ്ടെകിൽ  നാം പറയുക യേശുക്രിസ്തു എല്ലാവരുടെയും ദൈവം ആണെന്നായിരിക്കും. സത്യത്തിൽ യേശുവിനെ ക്രിസ്ത്യാനികളുടെ മാത്രം ദൈവമായി അവതരിപ്പിക്കുക  എന്നതു   സാത്താനു  വളരെ ഇഷ്ടപ്പെട്ട കാര്യമാണ്. അവൻ അതു  മാധ്യമങ്ങളിൽ കൂടിയും   കലയിലും സാഹിത്യത്തിലും  കൂടിയും രാഷ്ട്രീയത്തിൽ കൂടിയും  വളരെ വിദഗ്ധമായി ചെയ്യുന്നുമുണ്ട്.  ക്രിസ്തുവിൻറെ രൂപമോ  അവൻറെ അടയാളമായ കുരിശോ  അവനെ ആരാധിക്കുന്ന ഇടമായ ദൈവാലയമോ അശുദ്ധമാക്കപ്പെടുമ്പോൾ  അതു ക്രിസ്ത്യാനികളുടെ   വികാരത്തെ വ്രണപ്പെടുത്തുന്നു എന്നാണ്  അവർ ലോകത്തോടു വിളിച്ചുപറയുന്നത്.  എന്നാൽ അതു സകലത്തിൻറെയും ഉടയവനായവനെതിരെയുള്ള  നിന്ദനമാണെന്നു  മറ്റുള്ളവർക്കു  തോന്നണമെങ്കിൽ ക്രിസ്തു സകലരുടെയും ദൈവമാണെന്ന ജ്ഞാനം അവർക്കു ലഭിക്കണം.  

സാത്താൻ ആരാധകരും  മതഭ്രാന്തന്മാരും പരിശുദ്ധകുർബാനയെ അവഹേളിക്കുമ്പോൾ അതു ക്രിസ്ത്യാനികൾക്കെതിരെയുള്ള ഒരു  നടപടിയല്ല, മറിച്ച്  തിരുവോസ്തിയിൽ ജീവനോടെ എഴുന്നള്ളിയിരിക്കുന്ന  ദൈവത്തോടുള്ള  അവഹേളനമാണെന്നു  മറ്റുള്ളവർക്കു മനസ്സിലാകണമെങ്കിൽ യേശുക്രിസ്തു അവരുടെയും കൂടെ ദൈവമാണെന്ന ബോധ്യം അവർക്കുണ്ടാകണം.  

ലോകസൃഷ്ടിയ്ക്കു മുൻപേ പിതാവിനോടു  കൂടെ മഹത്വത്തിൽ വസിച്ചിരുന്ന (യോഹ 17:5) യേശുവിനെ, പിതാവ് സ്വന്തം  നാമം  ആർക്കു നൽകിയോ (യോഹ.17:11) ആ യേശുവിനെ, സർവശക്തനായ ദൈവത്തിൻറെ പുത്രനെ  ക്രിസ്ത്യാനികളുടെ  ദൈവം   എന്നു വിളിക്കാൻ നമ്മെ പഠിപ്പിച്ചത് ആരാണ്? ‘മേഘങ്ങളുടെ അകമ്പടിയോടെ ആഗതനാകാനിരിക്കുന്നത്’ (വെളി 1:7) ക്രിസ്ത്യാനികളുടെ ദൈവമല്ല, സകല മനുഷ്യരുടെയും ദൈവമാണ്. അപ്പോൾ അവനെ മുഖാഭിമുഖം ദർശിക്കാനിരിക്കുന്നത് ക്രിസ്ത്യാനികൾ മാത്രമല്ല,ലോകത്തിലെ സർവഗോത്രങ്ങളുമാണ്. ‘ഓരോ മിഴിയും അവിടുത്തെ  കാണും.  അവനെ കുത്തി മുറിവേൽപ്പിച്ചവരും അവനെ പ്രതി  മാറത്തടിച്ചു വിലപിക്കുന്ന ഭൂമിയിലെ സർവഗോത്രങ്ങളും  അവനെ ദർശിക്കും’ (വെളി. 1:7) എന്നു വിശുദ്ധഗ്രന്ഥം പറയുന്നതും  അവൻ സകലത്തിൻറെയും ദൈവമായതുകൊണ്ടാണ്.

മരിച്ചുപോയ അനേകം ‘ദൈവങ്ങളുടെ’ ഇടയിൽ മരണത്തെ തോൽപിച്ച ഒരേയൊരു ദൈവമേയുള്ളൂ. അതുകൊണ്ടാണു  നാം അവനെ സത്യദൈവം എന്നു  വിളിക്കുന്നത്. അതാണു  സത്യം. അതല്ലാതെ മറ്റൊരു സത്യമില്ല എന്നു  തിരിച്ചറിയുന്നതിൻറെ  പേരാണു  വിശ്വാസം. ആ വിശ്വാസം ഉറക്കെ പ്രഘോഷിക്കുന്നവൻറെ പേരാണു  ക്രിസ്ത്യാനി. ആ ബോധ്യം മറ്റുള്ളവരിലും ഉണ്ടാക്കുന്ന പ്രക്രിയയുടെ പേരാണു സുവിശേഷവൽക്കരണം. 

നമുക്കു മലമുകളിൽ  കയറി  നിന്ന്,  ഉച്ചത്തിൽ പ്രഘോഷിക്കാം;  യേശു  സകല മനുഷ്യരുടെയും കർത്താവും    ദൈവവുമാണെന്നു   ഞാൻ വിശ്വസിക്കുന്നു, ഞാൻ  പ്രഖ്യാപിക്കുന്നു.