പീഠത്തിൽ വച്ച വിളക്ക്

വിളക്കിൻറെ ഉപയോഗം വെളിച്ചം കിട്ടാനാണ്. വെളിച്ചം കൊടുക്കാൻ കഴിയാത്ത ഒരുപകരണത്തെയും നാം വിളക്ക് എന്നു  വിളിക്കാറില്ലല്ലോ.  വിളക്കു കത്തിച്ചുവെച്ചു  എന്നതുകൊണ്ടുമാത്രം നമ്മുടെ കടമ കഴിയുമോ? കഴിയും എന്നു കരുതുന്നവരാണ് ഭൂരിഭാഗം ക്രിസ്ത്യാനികളും. 

എന്നാൽ  വിളക്ക് കത്തിക്കുന്നതു പോലെ തന്നെ പ്രധാനപ്പെട്ട ഒരു കാര്യമാണ് അത് എവിടെ വയ്ക്കുന്നു എന്നതും.  ഇവിടെയാണ് നമുക്ക് ഇടർച്ച വരുന്നത്.  വിളക്കു  കത്തിക്കാൻ കാണിക്കുന്ന ആവേശം  അതു വേണ്ടിടത്തു  വയ്ക്കാൻ നാം കാണിക്കാറില്ല എന്നതാണു  സത്യം.

ഇതിനെക്കുറിച്ചു  കർത്താവ് എന്താണു പറയുന്നതെന്നു  നോക്കാം. ‘ആരും വിളക്കു കൊളുത്തി പാത്രം  കൊണ്ടു  മൂടുകയോ കട്ടിലിനടിയിൽ വയ്ക്കുകയോ ചെയ്യുന്നില്ല, മറിച്ച്, അകത്തു പ്രവേശിക്കുന്നവർക്കു  വെളിച്ചം കാണാൻ അതു  പീഠത്തിന്മേൽ വയ്ക്കുന്നു’ (ലൂക്കാ 8:16).  പീഠത്തിന്മേൽ വയ്ക്കുന്ന വിളക്കിനു  മാത്രമേ സത്യത്തിൽ വിളക്ക് എന്നു  വിളിക്കപ്പെടാൻ  അർഹതയുള്ളൂ. കാരണം ആ വിളക്കു  മാത്രമേ  ചുറ്റുമുള്ളവർക്കു  വെളിച്ചം നൽകുക എന്ന  അതിൻറെ കടമ നിറവേറ്റുന്നുള്ളൂ.

മാർത്തോമാശ്ലീഹാ ഇവിടെ വിശ്വാസത്തിൻറെ  ദീപം കൊളുത്തിയിട്ടു  രണ്ടായിരം വർഷം  കഴിഞ്ഞിരിക്കുന്നു. നമ്മൾ ആ വിളക്ക്  ഭദ്രമായി സൂക്ഷിച്ചുവയ്ക്കുന്നുണ്ട് എന്നതിൽ തർക്കമില്ല.  ചിലർ പറയുടെ കീഴിലും മറ്റു ചിലർ കട്ടിലിൻറെ അടിയിലും ആണ്  അതു   സൂക്ഷിച്ചുവയ്ക്കുന്നതെന്നുമാത്രം.  ദുഷ്ടനായ ഭൃത്യനും ചെയ്തത് അതുതന്നെയാണ്. അവൻ തനിക്കു കിട്ടിയ താലന്ത് ഭദ്രമായി മണ്ണിൽ  കുഴിച്ചിട്ടു. കാരണം യജമാനൻ തിരിച്ചുവരുമ്പോൾ  നേരത്തേ ഏൽപിച്ചതു  മടക്കിക്കൊടുക്കണമല്ലോ. നമ്മുടെ യജമാനനും ഒരുനാൾ തിരിച്ചുവരും. നമുക്കു  കൊളുത്തിത്തന്ന  വിളക്ക് എവിടെ എന്നു  ചോദിക്കും. ആ വിളക്ക് അതേപടി എടുത്തുകൊടുത്താൽ കർത്താവു സംപ്രീതനാകുമെന്നു  കരുതുന്നതാണു  നമ്മിൽ പലരുടെയും ഭോഷത്തം.

നമുക്കു  കിട്ടിയ വിശ്വാസ വെളിച്ചം  നാം എത്ര പേർക്കു പകർന്നുകൊടുത്തു എന്നതാണു  പ്രധാനപ്പെട്ട കാര്യം. അതിനു  വൈദികനോ മെത്രാനോ വചനപ്രഘോഷകനോ ആകണമെന്നില്ല.  നാം ആയിരിക്കുന്ന അവസ്ഥയിൽ, നമ്മുടെ  ചുറ്റുപാടുകളിൽ, നാം ഇടപെടുന്ന വ്യക്തികളോട് , നമുക്കു  ലഭിക്കുന്ന അവസരങ്ങൾ ഉപയോഗിച്ചു  വിശ്വാസത്തെക്കുറിച്ചു  പറയാൻ നാം  മടിക്കരുത്.  അതിൽ നിന്നു നമ്മെ പിറകോട്ടു വലിക്കുന്നതു  ലജ്ജയാണ്. കർത്താവിനെയും  സുവിശേഷത്തെയും കുറിച്ചു  ലജ്ജിക്കുന്നവർക്കു  സംഭവിക്കാൻ പോകുന്നതെന്തെന്നു  കർത്താവു തന്നെ പറഞ്ഞിട്ടുണ്ടല്ലോ.  ‘ഒരുവൻ എന്നെക്കുറിച്ചോ  എൻറെ വചനങ്ങളെക്കുറിച്ചോ ലജ്ജിച്ചാൽ അവനെക്കുറിച്ചു  മനുഷ്യപുത്രനും  തൻറെയും പിതാവിൻറെയും വിശുദ്ധ ദൂതന്മാരുടെയും മഹത്വത്തിൽ വരുമ്പോൾ ലജ്ജിക്കും’  (ലൂക്കാ 9:26).

മഹത്വത്തോടെ പ്രത്യക്ഷപ്പെടാനിരിക്കുന്ന കർത്താവിൻറെ മുൻപിൽ ലജ്ജിതരാകാതിരിക്കേണ്ടതിന്, തങ്ങൾക്കു കിട്ടുന്ന ഓരോ ചെറിയ അവസരം പോലും    യേശുക്രിസ്തുവിനും വിശ്വാസത്തിനും സാക്ഷ്യം നൽകാൻ ഉപയോഗിക്കുന്ന  അനേകർ നമുക്ക് ചുറ്റുമുണ്ട്.  2016 ൽ കറുകുറ്റി സ്റ്റേഷനടുത്തുവച്ച്  തിരുവനന്തപുരം മംഗലാപുരം  എക്‌സ് പ്രസ്സ് പാളം  തെറ്റി  മറുവശത്തെ പാളത്തിലേക്കു  മറിഞ്ഞ അപകടത്തെക്കുറിച്ചു  നാം വായിച്ചറിഞ്ഞിട്ടുണ്ട്.  എതിർ  വശത്തുനിന്നുള്ള ട്രെയിൻ  കടന്നുപോകാൻ ഏതാനും നിമിഷങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു.  അപകടം മനസിലാക്കി കൃത്യസമയത്ത്   സിഗ്നൽ കൊടുത്ത്,  മറുവശത്തുനിന്നുള്ള ട്രെയിനിനെ ട്രാക്കിൽ പിടിച്ചിട്ടതുകൊണ്ടാണു  വലിയൊരു ദുരന്തം   ഒഴിവായത് എന്നും നാം വായിച്ചിട്ടുണ്ട്. എന്നാൽ രാത്രി രണ്ടുമണിയ്ക്ക്   ഓഫീസിലിരിക്കേണ്ട കറുകുറ്റി സ്റ്റേഷനിലെ  സ്റ്റേഷൻ മാസ്റ്റർ  പ്ലാറ്റ് ഫോറത്തിലൂടെ നടന്നു  ജപമാല ചൊല്ലിക്കൊണ്ടിരിക്കുകയായിരുന്നു എന്നും അതുകൊണ്ടാണ്  ഒരു നിമിഷം പോലും പാഴാക്കാതെ  വേണ്ട മുൻകരുതൽ എടുത്ത്,  വലിയൊരു  അപകടം തടയാൻ  കഴിഞ്ഞതെന്നും എത്രപേർക്കറിയാം!  

ഈ സംഭവത്തിനുശേഷം അദ്ദേഹം താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിലെ ഓണാഘോഷ പരിപാടികൾക്കിടയിൽ  അദ്ദേഹത്തിനു  സ്വീകരണം നൽകുകയുണ്ടായി.  സ്റ്റേജിൽ കയറി നിന്ന അദ്ദേഹം തൻറെ  ജപമാല ഉയർത്തിപ്പിടിച്ചുകൊണ്ടാണ് അവിടെ താമസിക്കുന്ന ആയിരത്തോളം   പേരുടെ മുൻപിൽ വച്ച് ഇപ്രകാരം പറഞ്ഞത്. “ഈ ജപമാല കൊണ്ടു മാത്രമാണു    വലിയൊരു ദുരന്തം തടയാൻ എനിക്കു  കഴിഞ്ഞത്”. ആയിരം  പേരുടെ മുൻപിൽ വച്ചു  തൻറെ വിശ്വാസത്തിൻറെ വിളക്ക് ഉയർത്തിക്കാണിക്കാൻ അദ്ദേഹത്തിനു ഒരു മടിയുമുണ്ടായില്ല.   അവിടെ കൂടിയിരുന്നവരിൽ  നല്ലൊരുപങ്കും  അക്രൈസ്തവരായിരുന്നു എന്നും ഓർക്കണം. അദ്ദേഹത്തെക്കുറിച്ചു  തൻറെയും പിതാവിൻറെയും   വിശുദ്ധ  ദൂതന്മാരുടെയും മഹത്വത്തിൽ വരാനിരിക്കുന്ന യേശുക്രിസ്തുവിനും  ലജ്ജിക്കേണ്ടിവരികയില്ല.

നമുക്ക് ആത്മശോധന ചെയ്യാം. നമുക്കു കൊളുത്തിക്കിട്ടിയ വിളക്കുകൾ നാം എവിടെയാണു  സൂക്ഷിച്ചുവച്ചിരിക്കുന്നത്? പറയുടെ കീഴിലോ,   അതോ കട്ടിലിനടിയിലോ?  ‘മനുഷ്യർ നമ്മുടെ സത്‌പ്രവൃത്തികൾ  കണ്ട്, സ്വർഗ്ഗസ്ഥനായ നമ്മുടെ  പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്, നമ്മുടെ  വെളിച്ചം  അവരുടെ മുൻപിൽ പ്രകാശിക്കുന്നതിനായി (മത്തായി  5:16) നമുക്കു  നമ്മുടെ വിളക്കുകൾ ഉയർന്ന പീഠത്തിൽ തന്നെ സ്ഥാപിക്കാനുള്ള  കൃപയ്ക്കായി നമുക്കു പ്രാർഥിക്കാം.