ഉക്രെയിനിലേക്ക് എത്ര ദൂരം ….?

കൊച്ചിയിൽ നിന്ന്  ഉക്രെയിനിൻ്റെ  തലസ്ഥാനമായ കീവിലേക്കുള്ള ദൂരം 6100 കിലോമീറ്ററാണ്. എന്നാൽ  കേരളത്തിലെ ക്രിസ്ത്യാനികളും ഉക്രെയിനിലെ ക്രിസ്ത്യാനികളും തമ്മിലുള്ള ദൂരം അതിനേക്കാൾ എത്രയോ മടങ്ങു കൂടുതലാണ്.   അതു  നാം  ശരിക്കും മനസിലാക്കുന്നത്   ഈ  യുദ്ധകാലത്താണ്. 

യുദ്ധം വന്നപ്പോൾ ഉക്രെയിനിലെ ക്രിസ്ത്യാനികൾ ദൈവാലയങ്ങൾ അടച്ചിട്ടില്ല. പരിശുദ്ധകുർബാനകൾ  നിർത്തിവച്ചില്ല. കുമ്പസാരം വേണ്ടെന്നുവച്ചില്ല.  ചുറ്റും ശത്രുസൈന്യത്തിൻറെ ഷെല്ലുകൾ വീഴുന്നതിനിടയിലും ഉക്രെയിനിലെ വൈദികർ   കാസയും പീലാസയും ഉയർത്തിതന്നെ പിടിച്ചു. 

പുറത്തു ബോംബ് പൊട്ടുന്ന ശബ്ദം കേട്ട് ഉക്രെയിനിലെ ക്രിസ്ത്യാനികൾ ദൈവാലയത്തിൽ നിന്ന് ഇറങ്ങിയോടിയില്ല.  തങ്ങളുടെ ആത്മീയമക്കൾ ബങ്കറുകളിൽ കഴിയുന്നു എന്നറിഞ്ഞ വൈദികർ പരിശുദ്ധകുർബാനയുമായി അങ്ങോട്ടു  ചെന്നു.  ഉക്രെയിനിലെ  മെത്രാന്മാർ   പ്രതിസന്ധിയിൽ തങ്ങളുടെ അജഗണത്തെ  ഭയം കൂടാതെ മുൻപിൽ  നിന്നു  നയിച്ചു. അവിടുത്തെ വിശ്വാസികൾ  തെരുവുകളിലും നാൽക്കവലകളിലും നിന്നു  തങ്ങളുടെ   ജപമാലകൾ ഉയർത്തി പ്രാർത്ഥിച്ചു. 

ഏതു  നിമിഷവും  കൊല്ലപ്പെടാം എന്ന അവസ്ഥയിലുള്ള പട്ടാളക്കാരും    യുദ്ധമുന്നണിയിൽ  മുട്ടുകുത്തി  നിന്നു പ്രാർത്ഥിക്കുന്ന വീഡിയോകൾ നമ്മൾ പലതവണ കണ്ടുകഴിഞ്ഞു. നാലും അഞ്ചും വയസു മാത്രം പ്രായമുള്ള കുഞ്ഞുങ്ങൾ ബൈബിളും കൈയിലേന്തി   സ്വന്തം രാജ്യത്തിനുവേണ്ടി പ്രാർത്ഥിക്കുന്നതും നാം കണ്ടു.  ഈ യുദ്ധകാലത്ത്     മരണം മുന്നിൽ കണ്ട   ലക്ഷക്കണക്കിന്  ഉക്രെയിൻ  വിശ്വാസികളുടെ  കണ്ഠങ്ങളിൽ  നിന്ന് ഒരേസ്വരത്തിൽ  മുപ്പത്തിയൊന്നാം സങ്കീർത്തനം ഉയരുന്നതും നാം കണ്ടു.  നമുക്കു  വേണ്ടി കാൽവരിക്കുരിശിൽ സ്വയം ബലിയായ ഈശോയുടെ അവസാനവാക്കുകളും  മുപ്പത്തിയൊന്നാം സങ്കീർത്തനത്തിൽ നിന്നായിരുന്നുവല്ലോ. ‘ അങ്ങയുടെ കരങ്ങളിൽ എൻറെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു’ ( സങ്കീ. 31:5)

എന്നാൽ ഇവിടെയോ? ഒരു പ്രതിസന്ധി വന്നപ്പോൾ ഏറ്റവും ആദ്യം നാം ചെയ്തതു  ദൈവാലയങ്ങൾ അടച്ചിടുകയാണ്. പരിശുദ്ധ കുർബാനകൾ നിർത്തുകയാണ്. കുമ്പസാരവും രോഗീലേപനവും  വേണ്ടെന്നുവയ്ക്കുകയാണ്.   ഉക്രെയിനിലെ ക്രിസ്ത്യാനികൾ  യുദ്ധകാലത്തും പരിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതു   നേരിട്ടാണ്. ഓൺലൈൻ  ആയിട്ടല്ല. ഇവിടെ ഓൺലൈൻ കുർബാന കാണാൻ പോലും ആളുകൾക്കു താല്പര്യമില്ലാതായിത്തുടങ്ങി. പിന്നെയല്ലേ പള്ളിയിൽ വരുന്നത്!

മന്ദവിശ്വാസികളായ  നമുക്കു  ചേർന്ന ഇടയന്മാരെ തന്നെ നമുക്കു  കിട്ടുകയും ചെയ്തു.  തീക്ഷ്ണതയാൽ ജ്വലിച്ച്  ശുശ്രൂഷ മുടക്കം കൂടാതെ തുടർന്ന്, തങ്ങളുടെ അജഗണത്തിനു  വേണ്ട സമയത്ത് ആത്മീയനേതൃത്വം    നൽകിയ കുറച്ചു മെത്രാന്മാരും വൈദികരും കൂടി  ഇല്ലായിരുന്നെങ്കിൽ കേരളത്തിലെ ക്രിസ്ത്യാനികളുടെ അവസ്ഥ ഇതിനേക്കാൾ  ദയനീയമാകുമായിരുന്നു എന്നതിൽ സംശയമില്ല. അവരെ ഈശോ അനുഗ്രഹിക്കട്ടെ എന്നും  അവരുടെ എണ്ണം ഇനിയും  വർധിക്കട്ടെ എന്നും പ്രാർത്ഥിക്കാം.

കേരളത്തിൽ നിന്ന് ഉക്രെയിനിലേക്ക്  എത്ര ദൂരം..?

എന്താണ് ഇതിനു കാരണമെന്നറിയുമോ? കഴിഞ്ഞ രണ്ടായിരം വർഷമായി കേരളത്തിലെ ക്രിസ്ത്യാനികളുടെ ദേഹത്തു  ക്രിസ്ത്യാനി ആണെന്നതിൻറെ  പേരിൽ ഒരു നുള്ളു മണ്ണു  പോലും വീണിട്ടില്ല. ഇതുപോലൊരു ക്രിസ്തീയസമൂഹം ലോകത്തിൽ വേറെ എവിടെയെങ്കിലും ഉണ്ടോ?

പീഡനങ്ങളും പ്രതിസന്ധികളും വരുമ്പോഴാണു  ക്രിസ്ത്യാനിയുടെ വിശ്വാസം പരീക്ഷിക്കപ്പെടുന്നത്. ആ പരീക്ഷയിൽ  ജയിക്കണമെങ്കിൽ നാം ഉക്രെയിനിലെ  ക്രിസ്ത്യാനികളിൽ നിന്നു  പഠിക്കേണ്ടിയിരിക്കുന്നു.

ഓർക്കുക. കോവിഡ് അവസാനത്തെ പ്രതിസന്ധിയല്ല. കോവിഡിനെക്കാൾ വലിയ മഹാമാരികളും   ഉക്രെയിനിലേക്കാൾ വലിയ പീഡനങ്ങളും   നമ്മെ കാത്തിരിക്കുന്നു.  അത്  ഏറെ  ദൂരെയൊന്നുമല്ല എന്നും ഓർത്തിരിക്കുക.

നമുക്ക് പ്രാർത്ഥിക്കാം.  ഉക്രെയിനിനു വേണ്ടി മാത്രമല്ല, നമുക്കും നമ്മുടെ കുഞ്ഞുങ്ങൾക്കും വേണ്ടിയും.

‘ കർത്താവേ, ഞാൻ  അങ്ങയിൽ ആശ്രയിക്കുന്നു. അങ്ങാണ് എൻറെ ദൈവമെന്ന് ഞാൻ പ്രഖ്യാപിക്കുന്നു. എൻറെ ഭാഗധേയം അങ്ങയുടെ കൈകളിലാണ്; ശത്രുക്കളുടെയും പീഡകരുടെയും കൈകളിൽ നിന്ന് എന്നെ മോചിപ്പിക്കണമേ! അങ്ങയുടെ ദൃഷ്ടി ഈ ദാസൻറെ മേൽ പതിക്കണമേ! അങ്ങയുടെ കാരുണ്യത്താൽ എന്നെ രക്ഷിക്കണമേ! ( സങ്കീ. 31:14-16).