മാധ്യസ്ഥ പ്രാർത്ഥന

 യേശു നടന്ന വഴി  നിരന്തരമായ പ്രാർത്ഥനയുടെ വഴിയായിരുന്നു.  അവിടുന്ന് പ്രാർഥിച്ചതത്രയും   തനിക്കു പ്രിയപ്പെട്ടവർക്കു വേണ്ടിയായിരുന്നു. അതിൽ സ്നേഹിതരും ശത്രുക്കളുമുണ്ടായിരുന്നു.  കുരിശിൽ തറച്ചവരും കുരിശെടുക്കാൻ സഹായിച്ചവരും ഉണ്ടായിരുന്നു. കൂടെ നടന്നവരും ഒറ്റിക്കൊടുത്തവരും ഉണ്ടായിരുന്നു. യേശുവിന് എല്ലാവരും പ്രിയപ്പെട്ടവർ ആയിരുന്നു.

പീഡാസഹനത്തിൻറെ തൊട്ടുമുൻപുള്ള  മണിക്കൂറുകൾ അവിടുന്നു  ചിലവഴിച്ചതു    ശിഷ്യന്മാർക്കു വേണ്ടി പ്രാർത്ഥിച്ചുകൊണ്ടായിരുന്നു. ‘അവരും സത്യത്താൽ  വിശുദ്ധീകരിക്കപ്പെടേണ്ടതിന്  അവർക്കുവേണ്ടി ഞാൻ എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു’ (യോഹ 17:19) എന്ന് അവിടുന്നു  പ്രാർഥിച്ചു. കുരിശിൽ കിടക്കുമ്പോഴും യേശു പ്രാർഥിച്ചു. ‘പിതാവേ, അവരോടു ക്ഷമിക്കണമേ. അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല (ലൂക്കാ 23:34). 

കുരിശുമരണവും ഉത്ഥാനവും കഴിഞ്ഞു സ്വർഗത്തിലേക്ക് ആരോഹണം ചെയ്‌ത യേശു അവിടെ എന്താണു ചെയ്യുന്നത്?  പൗലോസ് ശ്ലീഹാ  തൻറെ കർത്താവിനെ വിവരിക്കുന്നതു ‘മരിച്ചവനെങ്കിലും ഉത്ഥാനം ചെയ്‌തവനും  ദൈവത്തിൻറെ വലതുഭാഗത്തിരുന്നു  നമുക്കു വേണ്ടി മാധ്യസ്ഥം വഹിക്കുന്നവനും’ ആയിട്ടാണ് (റോമാ. 8:34).  ഭൂമിയിൽ താൻ ചെയ്തുകൊണ്ടിരുന്ന അതേ  കാര്യം – മറ്റുള്ളവർക്കു  വേണ്ടി മാധ്യസ്ഥം വഹിക്കുക- എന്നതാണ് അവിടുന്നു  സ്വർഗത്തിലും ചെയ്യുന്നത്.

ഈ യേശുവിനെയാണു  നാം അനുഗമിക്കേണ്ടത്. മറ്റുള്ളവർക്ക് വേണ്ടി മാധ്യസ്ഥം പ്രാർഥിക്കുക എന്നത് ഒരു വിശ്വാസിയുടെ  പ്രാഥമിക കടമയാണ്.  വിശ്വാസികളുടെ പിതാവായ അബ്രഹാം അതിനുള്ള മാതൃക കാണിച്ചുതന്നിട്ടുണ്ടല്ലോ. സോദോമിനെ അതിൻറെ പാപങ്ങൾ മൂലം  ശിക്ഷിക്കാനായി ദൈവമായ കർത്താവ് നിർണ്ണയിച്ച സമയം വന്നെത്തിയപ്പോൾ എപ്രകാരമാണ് അബ്രഹാം അവർക്കുവേണ്ടി കർത്താവിനോട്  യാചിക്കുന്നതെന്ന് ഉൽപത്തി  പുസ്തകം പതിനെട്ടം അധ്യായത്തിൽ നാം വായിക്കുന്നുണ്ട്.

അമലേക്യരുമായുള്ള യുദ്ധത്തിൽ സൂര്യൻ അസ്തമിക്കുവോളം  കരങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് മാധ്യസ്ഥം യാചിക്കാൻ ഒരു മോശ  ഉണ്ടായതുകൊണ്ടായിരുന്നു  ഇസ്രായേൽക്കാർ യുദ്ധം ജയിച്ചത് (പുറ. 17:11-12). പഴയനിയമ പുരോഹിതൻറെ ശുശ്രൂഷയും ഫലത്തിൽ മധ്യസ്ഥപ്രാർത്ഥനയായിരുന്നു.  ‘രണ്ടാമത്തെ  കൂടാരത്തിലാകട്ടെ, പ്രധാനപുരോഹിതൻ മാത്രം   തനിക്കുവേണ്ടിയും ജനത്തിൻറെ തെറ്റുകൾക്കുവേണ്ടിയും അർപ്പിക്കാനുള്ള രക്തവുമായി  ആണ്ടിലൊരിക്കൽ പ്രവേശിക്കുന്നു’ (ഹെബ്രാ  9 7).

നിയമത്തിൻറെ പൂർത്തീകരണമായ ക്രിസ്തുവിൻറെ ബലിയാകട്ടെ അന്യാദൃശ്യവും  സനാതനവുമായ ഒരു പുതിയ മധ്യസ്ഥത്തിൻറെ പ്രവൃത്തിയായിരുന്നു.  ‘വിളിക്കപ്പെട്ടവർ വാഗ്ദത്തമായ നിത്യാവകാശം പ്രാപിക്കുന്നതിന് അവൻ ഒരു പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായി’ (ഹെബ്രാ  9:15). കാലത്തിൻറെ തികവിൽ ക്രിസ്തു തൻറെ ശരീരത്തിൽ പൂർത്തീകരിച്ച  മധ്യസ്ഥത്തിൻറെ ആ മഹാശുശ്രൂഷയെ സ്വന്തം ജീവിതത്തിൽ അനുകരിക്കാൻ  വിളിക്കപ്പെട്ടവരാണു  നാം.   എസ്രായും  (എസ്രാ 9:6-15) നെഹമിയയും  ( നെഹ 1:3-11) ദാനിയേലും ദൈവസന്നിധിയിൽ കരങ്ങളുയർത്തി  പ്രാർഥിച്ചത് സ്വന്തം  ജനത്തിൻറെ പാപം ഏറ്റുപറഞ്ഞുകൊണ്ടായിരുന്നു. ഫിലിപ്പിയർക്കുവേണ്ടിയും  (ഫിലി  1:3-11)  എഫേസൂസുകാർക്കുവേണ്ടിയും  (എഫേ  3:14-20) കൊളോസോസുകർക്കു വേണ്ടിയും (കൊളോ  1 : 9-12) താൻ പ്രാർഥിച്ചു കൊണ്ടിരുന്നു എന്ന് പൗലോസ് ശ്ലീഹായും എഴുതിയിട്ടുണ്ട്.

രോഗദുരിതങ്ങളാൽ വലയുന്നവർക്കുവേണ്ടി മറ്റുളളവർ പ്രാർഥിക്കണം  എന്നു  യാക്കോബ് ശ്ലീഹാ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്.  ‘നിങ്ങളിൽ ആരെങ്കിലും രോഗിയാണെങ്കിൽ  അവൻ സഭയിലെ ശ്രേഷ്ഠന്മാരെ വിളിക്കട്ടെ. അവർ കർത്താവിൻറെ നാമത്തിൽ  അവനെ തൈലാഭിഷേകം  ചെയ്ത് അവനുവേണ്ടി പ്രാർത്ഥിക്കട്ടെ’ (യാക്കോ 5:14). പാപികളായ സഹോദരങ്ങൾക്കുവേണ്ടി പ്രാർഥിക്കേണ്ടതിൻറെ ആവശ്യകത യോഹന്നാനും എടുത്തുപറയുന്നുണ്ട്. മരണത്തിനർഹമല്ലാത്ത പാപം സഹോദരൻ  ചെയ്യുന്നത് ഒരുവൻ കണ്ടാൽ  അവൻ പ്രാർഥിക്കട്ടെ. അവനു ദൈവം ജീവൻ നൽകും’ (1 യോഹ. 5:16).

മധ്യസ്ഥപ്രാർത്ഥനയ്ക്കു തയാറാകുന്നവർക്കു   ലഭിക്കാനിരിക്കുന്ന വലിയ പ്രതിഫലത്തെക്കുറിച്ചു  വിശുദ്ധഗ്രന്ഥം സൂചിപ്പിക്കുന്നുണ്ട്.  ‘ജെറുസലേം പട്ടണത്തിലൂടെ കടന്നുപോവുക. ആ നഗരത്തിൽ നടമാടുന്ന മ്ലേച്ഛതകളെയോർത്തു   കരയുകയും നെടുവീർപ്പിടുകയും  ചെയ്യുന്നവരുടെ നെറ്റിയിൽ അടയാളമിടുക’ (എസക്കി  9:4).  കർത്താവിൻറെ ദൂതൻ  നെറ്റിയിൽ ഇടുന്ന അടയാളം  ശിക്ഷാവിധിയുടെ സമയത്തു  നമുക്കു  സംരക്ഷണത്തിനായി ഭവിക്കും. സംഹാരദൂതനോട് കർത്താവിൻറെ കല്പന ഇങ്ങനെയാണ്. ‘അടയാളമുള്ളവരെയാരെയും  തൊടരുത്’ (എസക്കി 9:6).

നെറ്റിയിൽ കർത്താവ് പതിപ്പിക്കാനിരിക്കുന്ന മുദ്രയെക്കുറിച്ചു  വെളിപാട് പുസ്തകത്തിൽ ഇങ്ങനെ പറയുന്നു. ‘ഞങ്ങൾ നമ്മുടെ  ദൈവത്തിൻറെ  ദാസരുടെ നെറ്റിത്തടത്തിൽ മുദ്രകുത്തിത്തീരുവോളം  നിങ്ങൾ കരയോ കടലോ വൃക്ഷങ്ങളോ നശിപ്പിക്കരുത്’ (വെളി  7:3).  ‘നെറ്റിയിൽ ദൈവത്തിൻറെ മുദ്രയില്ലാത്ത  മനുഷ്യരെയല്ലാതെ മറ്റാരെയും, ഭൂമിയിലെ പുല്ലിനെയോ പച്ചച്ചെടികളെയോ വൃക്ഷങ്ങളെയോ  ഉപദ്രവിക്കരുതെന്ന് അവയോടു കൽപിച്ചു’ (വെളി 9:4) എന്നും നാം വായിക്കുന്നു.

നമുക്കും ചുറ്റും  നടമാടുന്ന മ്ലേച്ഛതകളെയോർത്തു കരയുകയും നെടുവീർപ്പിടുകയും ചെയ്യേണ്ട കാലമാണിത്.  രാത്രിയിൽ യാമങ്ങളുടെ ആരംഭത്തിൽ എഴുന്നേറ്റ് ഉറക്കെ നിലവിളിക്കാനും  കർത്താവിൻറെ സന്നിധിയിൽ  ജലധാരപോലെ ഹൃദയങ്ങളെ ചൊരിയാനും  നാൽക്കവലകളിൽ വിശന്നു തളർന്നു വീഴുന്ന നമ്മുടെ മക്കളുടെ ജീവനുവേണ്ടി കർത്താവിൻറെ സന്നിധിയിലേക്കു കൈകളുയർത്താനും (വിലാ  2:19) വേണ്ടി നമുക്കു  നല്കപ്പെട്ടിരിക്കുന്ന നാളുകൾ പാഴാക്കിക്കളയാതിരിക്കുക.

നീതിമാൻറെ മധ്യസ്ഥപ്രാർത്ഥനയ്ക്കു നേരെപ്പോലും  ദൈവം ചെവിയടയ്ക്കുന്ന ഒരു നാൾ വരും എന്നു  വിശുദ്ധഗ്രന്ഥം പറയുന്നു.  അപ്പോൾ നോഹയും   ദാനിയേലും ജോബും  അവിടെയുണ്ടെങ്കിൽ തന്നെ  അവർക്കു തങ്ങളുടെ   പുത്രന്മാരെയോ പുത്രിമാരെയോ രക്ഷിക്കാനാവില്ല  (എസക്കി 14:12-20) എന്നരുളിച്ചെയ്‌തതും കർത്താവു തന്നെയാണല്ലോ.  നഷ്ടപ്പെട്ട ഐശ്വര്യം  ജോബിന് ഇരട്ടിയായി തിരിച്ചുകിട്ടിയത്  അവൻ തൻറെ  സുഹൃത്തുക്കൾക്കുവേണ്ടി മധ്യസ്ഥ പ്രാർഥന നടത്തിയപ്പോഴായിരുന്നു എന്നതും നമുക്കോർക്കാം.

കർത്താവിൻറെ  കരുണയുടെ കരം പിൻവലിക്കപ്പെടുകയും നീതിയുടെ  കരം നീട്ടപ്പെടുകയും ചെയ്യുന്നതിനു മുൻപ്  ഇനിയും അനേകം മധ്യസ്ഥപ്രാർത്ഥനകൾ ഉയരട്ടെ.  ‘കർത്താവ് അന്ധകാരം  വരുത്തുന്നതിനു മുൻപ്, നമ്മുടെ കാൽപാദങ്ങൾ  ഇരുൾ നിറഞ്ഞ മലകളിൽ  ഇടറുന്നതിനു മുൻപ് ‘ (ജെറ. 13:16) ഇനിയും ലോകത്തിനുവേണ്ടിയുള്ള  മധ്യസ്ഥപ്രാർഥനകൾ ഉയരട്ടെ. സ്വർഗത്തിൽ പിതാവായ ദൈവത്തിൻറെ വലതുഭാഗത്തിരുന്നുകൊണ്ടു  നമുക്കായി മാധ്യസ്ഥം വഹിയ്ക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊണ്ട്  നമുക്കു  നമ്മുടെ സഹോദരങ്ങൾക്കുവേണ്ടി കൂടുതൽ തീക്ഷ്ണതയോടെ മാധ്യസ്ഥം യാചിക്കാം.