നിങ്ങൾ അപേക്ഷകളോടും യാചനകളോടും കൂടെ എല്ലാ സമയവും ആത്മാവിൽ പ്രാർത്ഥനാനിരതരായിരിക്കുവിൻ. അവിശ്രാന്തം ഉണർന്നിരുന്ന് എല്ലാ വിശുദ്ധർക്കും വേണ്ടി പ്രാർഥിക്കുവിൻ’ (എഫേ 6:18).
എഫേസോസിലെ സഭയോടു പൗലോസ് ശ്ലീഹാ അഭ്യർത്ഥിക്കുന്നത് എല്ലാ വിശുദ്ധർക്കും വേണ്ടി പ്രാർഥിക്കണം എന്നാണ്. അതും വല്ലപ്പോഴുമുള്ള പ്രാർത്ഥനയല്ല, നിരന്തരമായ പ്രാർഥനയാണ്. ആ പ്രാർഥനയ്ക്കിടയിൽ വിശ്രമം എടുക്കരുത് എന്നു പോലും പറയാൻ ശ്ലീഹായെ പ്രേരിപ്പിച്ചത് അത്രമേൽ പ്രാർഥന ആവശ്യമായതുകൊണ്ടാണ്. ഇനി ആർക്കുവേണ്ടിയാണു പ്രാർഥിക്കേണ്ടത് എന്നു ചോദിച്ചാൽ വിശുദ്ധർക്കുവേണ്ടി എന്നാണ് അതിനുള്ള ഉത്തരം. ആരാണു വിശുദ്ധർ എന്നു ചോദിച്ചാൽ നാം വിശുദ്ധർ എന്നു വിളിക്കുന്നവരെ മാത്രമല്ല അപ്പസ്തോലൻ ഉദ്ദേശിച്ചത് എന്നു കാണാം. ആദിമസഭയിൽ വിശ്വാസികളെ എല്ലാം വിശുദ്ധർ എന്ന് അഭിസംബോധന ചെയ്തിരുന്നു. ‘ക്രിസ്തുവിൽ വിശുദ്ധരും വിശ്വാസികളുമായ കൊളോസസിലെ സഹോദരർക്ക് എഴുതുന്നത് (കൊളോ 1:2), യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവരായി എഫേസോസിലുള്ള വിശുദ്ധർക്ക് എഴുതുന്നത് (എഫേ 1:1), ഫിലിപ്പിയിലെ മെത്രാന്മാരും ഡീക്കന്മാരും ഉൾപ്പെടെ യേശുക്രിസ്തുവിലുള്ള സകല വിശുദ്ധർക്കും എഴുതുന്നത് (ഫിലി. 1:1) എന്നിങ്ങനെ ലേഖനങ്ങളുടെ ആമുഖത്തിൽ തന്നെ വിശുദ്ധർ എന്നതുകൊണ്ടു താൻ ഉദ്ദേശിക്കുന്നത് എല്ലാ വിശ്വാസികളെയുമാണ് എന്ന് അപ്പസ്തോലൻ സൂചിപ്പിക്കുന്നുണ്ട്.
സഭ നിലനിൽക്കണമെങ്കിൽ മധ്യസ്ഥപ്രാർത്ഥന വേണം. അതു മറ്റെന്നത്തെക്കാളും കൂടുതൽ ആവശ്യമായിരിക്കുന്ന നാളുകളാണിത്. കാരണം സാത്താൻ നമ്മെ ഗോതമ്പു പോലെ പാറ്റാൻ തുനിഞ്ഞിറങ്ങിയിരിക്കുന്ന ഒരു കാലത്താണു നാം ജീവിക്കുന്നത്. പണ്ടൊരിക്കൽ ഇതേ സാത്താൻ പത്രോസിനെ ഗോതമ്പ് പോലെ പാറ്റാൻ ഉദ്യമിച്ചു എന്നു പറഞ്ഞതു കർത്താവു തന്നെയാണ്. ആ മഹാപരീക്ഷണത്തിൽ നിന്നു പത്രോസ് എങ്ങനെയാണു രക്ഷപ്പെട്ടത്? സുവിശേഷത്തിൽ ഇങ്ങനെ പറയുന്നു; ‘ശിമയോൻ, ശിമയോൻ, ഇതാ, സാത്താൻ നിങ്ങളെ ഗോതമ്പുപോലെ പാറ്റാൻ ഉദ്യമിച്ചു. എന്നാൽ നിൻറെ വിശ്വാസം ക്ഷയിക്കാതിരിക്കാൻ ഞാൻ നിനക്കുവേണ്ടി പ്രാർഥിച്ചു. നീ തിരിച്ചുവന്നു നിൻറെ സഹോദരരെ ശക്തിപ്പെടുത്തണം’ (ലൂക്കാ 22:31-32).
കർത്താവിൻറെ പ്രാർഥന ഒന്നുകൊണ്ടു മാത്രമായിരുന്നു പത്രോസ് രക്ഷപ്പെട്ടത്. അല്ലെങ്കിൽ സാത്താൻ പത്രോസിനെ കൂടുതൽ പീഡിപ്പിക്കുകയും കർത്താവിൽ നിന്ന് അവനെ അകറ്റാൻ ശ്രമിക്കുകയും ചെയ്യുമായിരുന്നു. കർത്താവ് ജീവിച്ചിരിക്കുമ്പോൾ അവിടുത്തെ ശിഷ്യപ്രമുഖനു സംഭവിച്ചത് ഇതാണെങ്കിൽ സാത്താൻ നേരിട്ടുതന്നെ സഭയ്‌ക്കെതിരെ യുദ്ധത്തിനിറങ്ങിയിരിക്കുന്ന ഈ നാളുകളിൽ നാം എത്രയധികമായി സഭയ്ക്കുവേണ്ടി പ്രാർഥിക്കണം എന്നു ചിന്തിക്കുക. മറ്റൊരുവിധത്തിൽ പറഞ്ഞാൽ സഭയ്ക്കുവേണ്ടിയുള്ള മധ്യസ്ഥപ്രാർഥനയുടെ കുറവാണു സാത്താൻ കേരളസഭയെ ഗോതമ്പുപോലെ പാറ്റാൻ കാരണം.
കർത്താവ് പ്രാർഥിച്ചു എന്നു പറഞ്ഞാൽ നമുക്കറിയാം, അതു നമ്മുടെ പ്രാർഥന പോലെയൊന്നും ആയിരുന്നില്ല. ‘അതിരാവിലെ അവൻ ഉണർന്ന് ഒരു വിജനസ്ഥലത്തേക്കു പോയി. അവിടെ അവൻ പ്രാർഥിച്ചുകൊണ്ടിരുന്നു (മർക്കോസ് 1:35), അവൻ കണ്ണീരോടും വലിയ വിലാപത്തോടും കൂടെ ദൈവത്തിനു പ്രാർഥനകളും യാചനകളും സമർപ്പിച്ചു (ഹെബ്രാ 5:7), അവൻ ജനക്കൂട്ടത്തെ പിരിച്ചുവിട്ടതിനുശേഷം ഏകാന്തതയിൽ പ്രാർത്ഥിക്കാൻ മലയിലേക്കു കയറി (മത്തായി 14:23), അവൻ ദൈവത്തോടു പ്രാർഥിച്ചുകൊണ്ടു രാത്രി മുഴുവൻ ചെലവഴിച്ചു’ (ലൂക്കാ 6:12). അതായിരുന്നു കർത്താവിൻറെ പ്രാർഥനയുടെ രീതി.
തൻറെ ശിഷ്യന്മാർക്കുവേണ്ടി യേശു നടത്തുന്ന മനോഹരമായ ഒരു മധ്യസ്ഥപ്രാർഥനയെക്കുറിച്ച് യോഹന്നാൻ ശ്ലീഹാ എഴുതിവച്ചിട്ടുണ്ട്. ‘ഞാൻ അവർക്കുവേണ്ടിയാണു പ്രാർഥിക്കുന്നത്; ലോകത്തിനുവേണ്ടിയല്ല, അങ്ങ് എനിക്കു തന്നിട്ടുള്ളവർക്കു വേണ്ടിയാണു പ്രാർഥിക്കുന്നത്’ (യോഹ. 17:9). ഈ പ്രാർഥന യേശു നടത്തുന്നത് അവിടുത്തെ പീഡാസഹനത്തിനു തൊട്ടു മുൻപായിരുന്നു എന്നും ഓർക്കണം. ‘തീവ്രദുഖത്താൽ ഞാൻ മരണത്തോളം എത്തിയിരിക്കുന്നു’ (മത്തായി 26: 38) എന്നു പറഞ്ഞ ആ രാത്രിയുടെ തൊട്ടുമുൻപുവരെയും അവിടുന്ന് തൻറെ ശിഷ്യന്മാർക്കുവേണ്ടി മധ്യസ്ഥ പ്രാർഥന നടത്തുകയായിരുന്നു. തൻറെ സുഖസൗകര്യങ്ങൾ എല്ലാം ത്യജിച്ചുകൊണ്ടായിരുന്നു യേശു പ്രാർഥിക്കാൻ പോയതൊക്കെയും.
എന്നിട്ടു നാം എന്താണു ചെയ്യുന്നത്! നമ്മുടെ സുഖസൗകര്യങ്ങളുടെ സുരക്ഷിതത്വത്തിനുള്ളിൽ ഒരു വഴിപാടു പോലെ ചൊല്ലിത്തീർക്കുന്ന കുറെ അച്ചടിച്ച വാക്കുകളിൽ നമ്മുടെ പ്രാർഥന ഒതുങ്ങുന്നു. തീവ്ര വേദനയിൽ മുഴുകിയപ്പോൾ കൂടുതൽ തീക്ഷ്ണതയോടെ പ്രാർഥിച്ച ( ലൂക്കാ 22:44) യേശുവിൻറെ അനുയായികൾ എന്നവകാശപ്പെടുന്നവർ ഒരു ചെറിയ വേദന വരുമ്പോൾ പ്രാർഥന നിർത്തുന്നു. നമ്മെ സംബന്ധിച്ചിടത്തോളം എപ്പോൾ വേണമെങ്കിലും എടുത്തണിയാവുന്ന ഒരു മേലങ്കി മാത്രമാണു പ്രാർഥന.
എന്നാൽ യേശുവിന് അത് അങ്ങനെയായിരുന്നില്ല. പൗലോസ് ശ്ലീഹാ നമ്മിൽ നിന്ന് ആഗ്രഹിക്കുന്നതും അങ്ങനെയൊരു പ്രാർഥനയല്ല. സഭയ്ക്കുവേണ്ടിയും സഭാധികാരികൾക്കു വേണ്ടിയും വലിയ കണ്ണീരോടും വിലാപത്തോടും കൂടെ നിരന്തരം പ്രാർഥിക്കുന്ന ക്രിസ്ത്യാനികളെയാണ് ഇന്നാവശ്യം. വിശുദ്ധരുടെ ജീവിതം പരിശോധിക്കുമ്പോൾ നമുക്കു മനസിലാകുന്ന ഒരു കാര്യം അവരെല്ലാം തന്നെ മധ്യസ്ഥപ്രാർഥനയ്ക്കു വലിയ പ്രാധാന്യം കൊടുത്തിരുന്നു എന്നാണ്. വിശുദ്ധ ഫൗസ്റ്റീന ആത്മാക്കൾക്കുവേണ്ടി ഈശോയുടെ മുൻപിൽ നിരന്തരം പ്രാർഥിച്ചിരുന്നു. വിശുദ്ധ എവുപ്രാസ്യമ്മയുടെ മധ്യസ്ഥപ്രാർഥന എത്രയധികം ഫലപ്രദമായിരുന്നു എന്ന് നമുക്കറിയാം. മോണിക്ക പുണ്യവതിയുടെ മധ്യസ്ഥപ്രാർഥന ഒന്നുകൊണ്ടുമാത്രമായിരുന്നല്ലോ അഗസ്റ്റിൻ മാനസാന്തരപ്പെട്ടത്.
നമുക്കു വീണ്ടും പൗലോസ് ശ്ലീഹായിലേക്കു വരാം. എനിക്കുവേണ്ടി ദൈവത്തോടുള്ള പ്രാർഥനകളിൽ എന്നോടൊപ്പം നിങ്ങളും ഉൽസുകരായിരിക്കണം (റോമാ 15:30) എന്നഭ്യർത്ഥിക്കുന്ന ശ്ലീഹാ അതിൻറെ ഉദ്ദേശവും വ്യക്തമാക്കുന്നുണ്ട്. ‘അത് യൂദായിലുള്ള അവിശ്വാസികളിൽ നിന്നു ഞാൻ രക്ഷപ്പെടുന്നതിനും ജെറുസലേമിലെ എൻറെ ശുശ്രൂഷ വിശുദ്ധർക്കു സ്വീകാര്യമാകുന്നതിനും വേണ്ടിയാണ് (റോമാ 15:31). നാം സഭയ്ക്കു വേണ്ടി പ്രാർഥിക്കുന്നതിൻറെ ഉദ്ദേശവും ഇതുതന്നെ. സഭ അവിശ്വാസികളുടെ പീഡനത്തിൽ നിന്നു രക്ഷപ്പെടുന്നതിനുവേണ്ടിയും സഭയുടെ ശുശ്രൂഷ ദൈവതിരുമുൻപിൽ സ്വീകാര്യമാകുന്നതിനും വേണ്ടിയാണത്. അവിശ്വാസികൾ എന്നു പറയുമ്പോൾ പെട്ടെന്നു നമ്മുടെ മനസിലേക്ക് ഓടിവരുന്നതു വിജാതീയരായിരിക്കും. എന്നാൽ ക്രിസ്തുവിൻറെ മാർഗത്തിൽ നിന്ന് അകന്നുപോയ എല്ലാവരും അവിശ്വാസികൾ തന്നെ. അവർ ഒരു പക്ഷേ സഭയ്ക്കുള്ളിൽ തന്നെ ആയിരിക്കാം. ക്രിസ്ത്യാനികൾ എന്നു സ്വയം അഭിമാനിക്കുന്നുമുണ്ടാകാം. എന്നാൽ തങ്ങളുടെ പ്രവൃത്തികൾ കൊണ്ട് അവർ കർത്താവിൻറെ സഭയെ പീഡിപ്പിക്കുകയാണു ചെയ്യുന്നത്. അവരിൽ നിന്നുള്ള സംരക്ഷണം ഏറെ പ്രധാനപ്പെട്ടതാകയാൽ അതിനുവേണ്ടിയുള്ള മധ്യസ്ഥപ്രാർത്ഥനയിൽ നാം ഒരു മുടക്കവും വരുത്തരുത്.
എല്ലാവർക്കും വേണ്ടി അപേക്ഷകളും യാചനകളും മധ്യസ്ഥപ്രാർത്ഥനകളും ഉപകാരസ്മരണകളും അർപ്പിക്കണമെന്നു ഞാൻ ആദ്യമേ ആഹ്വാനം ചെയ്യുന്നു (1 തിമോ 2:1). എല്ലാവർക്കും വേണ്ടി മധ്യസ്ഥ പ്രാർഥന നടത്താനുള്ള വിളി ഉണ്ടായിരിക്കെത്തന്നെ അതിൽ നമ്മുടെ പ്രാർഥന ഏറ്റവും കൂടുതൽ ആവശ്യമായിരിക്കുന്നവരെ നാം പ്രത്യേകം സ്മരിക്കണം. ജോബ് ചെയ്തത് അതായിരുന്നു. സൽക്കാര ദിനങ്ങൾ കഴിയുമ്പോൾ തൻറെ മക്കൾ പാപം ചെയ്തുപോയിട്ടുണ്ടാകും എന്ന സംശയത്താൽ ജോബ് അവർക്കോരോരുത്തർക്കും വേണ്ടി ദഹനബലി അർപ്പിച്ചിരുന്നതായി നാം വായിക്കുന്നു. നീതിമാൻമാരെക്കാൾ കൂടുതലായി നമ്മുടെ പ്രാർത്ഥന ആവശ്യമുള്ളതു പാപികൾക്കാണല്ലോ. അബ്രാഹത്തിൻറെ മധ്യസ്ഥപ്രാർത്ഥനയുടെ ഫലമായി അബിമെലക്കിനെയും ഭാര്യയെയും വേലക്കാരികളെയും ദൈവം സുഖപ്പെടുത്തി എന്ന് ഉല്പത്തി പുസ്തകത്തിൽ നാം വായിക്കുന്നുണ്ട്. വിശുദ്ധരുടെ പ്രാർഥനകൾ പരിമളദ്രവ്യം നിറഞ്ഞ സ്വർണകലശങ്ങൾ പോലെയാണ് ( വെളി 5:8) ദൈവസന്നിധിയിൽ സ്വീകരിക്കപ്പെടുന്നത്. വിശുദ്ധരുടെ പ്രാർഥനകൾ പരിമളദ്രവ്യങ്ങളുടെ ധൂപത്തോടൊപ്പം ദൈവസന്നിധിയിലേക്ക് ഉയർത്തപ്പെടുന്ന കാഴ്ചയും (വെളി 8:4) യോഹന്നാൻ ശ്ലീഹാ ദർശനത്തിൽ കണ്ടു.
എന്നാൽ മധ്യസ്ഥപ്രാർത്ഥന ദൈവം കേൾക്കാതിരിക്കുന്ന ഒരു കാലം വരുമെന്നു നാം ഓർത്തിരിക്കണം. ജെറമിയ പ്രവാചകനിലൂടെ കർത്താവ് അരുളിച്ചെയ്തു. ‘മോശയും സാമുവലും എൻറെ മുൻപിൽ നിന്നു യാചിച്ചാൽ പോലും ഈ ജനത്തിൻറെ നേർക്കു ഞാൻ കരുണ കാണിക്കുകയില്ല. എൻറെ മുൻപിൽ നിന്ന് അവരെ പറഞ്ഞയക്കുക; അവർ പോകട്ടെ. എങ്ങോട്ടാണു പോവുക എന്ന് അവർ ചോദിച്ചാൽ നീ അവരോടു പറയണം, കർത്താവ് അരുളിച്ചെയ്യുന്നു; മഹാമാരിക്കുള്ളവർ മഹാമാരിയിലേക്ക്; വാളിനുള്ളവർ വാൾത്തലയിലേക്ക്; പട്ടിണിക്കുള്ളവർ പട്ടിണിയിലേക്ക്; അടിമത്തത്തിനുള്ളവർ അടിമത്തത്തിലേക്ക്. (ജെറ 15:1-2).
അങ്ങനെയൊരു കാലം വരാതിരിക്കാൻ വേണ്ടിയാണ് ഇന്നു നാം പ്രാർഥിക്കേണ്ടത്. വിലാപങ്ങളുടെ പുസ്തകം
തുറക്കേണ്ട സമയം ആയിരിക്കുന്നു. ആത്മാവിനു വേണ്ട പോഷണം ലഭിക്കാതെ ‘നാൽക്കവലകളിൽ വിശന്നു തളർന്നു വീഴുന്ന നമ്മുടെ മക്കളുടെ ജീവനുവേണ്ടി ദൈവസന്നിധിയിലേക്കു കൈകളുയർത്തേണ്ട കാലം. രാവും പകലും മഹാപ്രവാഹം പോലെ കണ്ണുനീർ ഒഴുക്കേണ്ട കാലം. കണ്ണുകൾക്കു വിശ്രമം അരുതാത്ത കാലം. രാത്രിയിൽ, യാമങ്ങളുടെ ആരംഭത്തിൽ എഴുന്നേറ്റ് ഉറക്കെ നിലവിളിക്കാനും കർത്താവിൻറെ സന്നിധിയിൽ ജലധാര പോലെ ഹൃദയത്തെ ചൊരിയാനുമുള്ള കാലം’ (വിലാ. 2:18-19).
‘കർത്താവ് തൻറെ കൂടാരത്തെ തോട്ടത്തിലെ കുടിലെന്ന പോലെ തകർത്തപ്പോൾ, നിർദിഷ്‌ടോത്സവങ്ങൾ ആഘോഷിക്കേണ്ട സ്ഥലത്തെ നാശക്കൂമ്പാരമാക്കിയപ്പോൾ, സീയോനിൽ നിർദിഷ്‌ടോത്സവവും സാബത്തും ഇല്ലാതാക്കിയപ്പോൾ, തൻറെ ഉഗ്രമായ രോഷത്തിൽ രാജാവിനെയും പുരോഹിതനെയും വെറുക്കുകയും തൻറെ ബലിപീഠത്തെ വെറുത്തുതള്ളുകയും തൻറെ വിശുദ്ധമന്ദിരത്തെ തള്ളിപ്പറയുകയും ചെയ്തപ്പോൾ (വിലാ. 2:6-7) ഇസ്രായേൽ ജനം പ്രവാസത്തിലേക്കു നീങ്ങി. അപ്പോൾ ജനത്തിനുവേണ്ടി ദൈവതിരുമുൻപിൽ മാധ്യസ്ഥം യാചിക്കാനുള്ള നിയോഗം ലഭിച്ചതു ദാനിയേലിനായിരുന്നു. പ്രവാസത്തെക്കുറിച്ചുള്ള ജെറമിയയുടെ പ്രവചനങ്ങൾ വായിച്ചു ധ്യാനിച്ച ദാനിയേൽ ചാക്കുടുത്ത്, ചാരം പൂശി, ഉപവസിച്ച്, ദൈവമായ കർത്താവിനോടു തീക്ഷ്ണമായി പ്രാർഥിച്ചു (ദാനി 9:3). ആ മധ്യസ്ഥപ്രാർത്ഥനയുടെ തുടക്കം മുതൽ അവസാനം വരെ ദാനിയേൽ വീണ്ടും വീണ്ടും ഏറ്റു പറയുന്ന ഒരു കാര്യമുണ്ട്. ദൈവത്തിൻറെ കല്പനകൾ ധിക്കരിച്ചു പാപം ചെയ്തതിൻറെ ഫലമാണു തങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന്.
സഭ എന്ന നിലയിലും വ്യക്തികൾ എന്ന നിലയിലും നാം ചെയ്തുകൂട്ടിയ അകൃത്യങ്ങളും അപരാധങ്ങളും ദൈവസന്നിധിയിൽ ഏറ്റു പറയാനും ദാനിയേലിനെപ്പോലെ അതിനു പരിഹാരം ചെയ്തുകൊണ്ട്, മധ്യസ്ഥപ്രാർത്ഥന നടത്താനും തയ്യാറുള്ള മക്കളെയാണു സഭ ഇന്നന്വേഷിക്കുന്നത്. മധ്യസ്ഥപ്രാർഥന ഒരു വരമാണ്. അതു ലഭിക്കാനായി നാം പ്രാർഥിക്കണം. സഭയ്ക്കുവേണ്ടിയും സഭാധികാരികൾക്കുവേണ്ടിയും സഭാമക്കൾക്കുവേണ്ടിയും പരിഹാരം ചെയ്ത്, മധ്യസ്ഥപ്രാർഥന നടത്താനുള്ള കൃപ എല്ലാവർക്കും ലഭിക്കട്ടെ എന്നു പ്രാർഥിക്കുന്നു.