മുറിവുകൾ ഉണ്ടാവുക എന്നതു സർവസാധാരണമായ കാര്യമാണ്. മുറിവുകൾ കാലാന്തരത്തിൽ ഉണങ്ങും എന്നതും പ്രകൃതിനിയമമാണ്.ചില മുറിവുകൾ മരുന്നു കൂടാതെതന്നെ സുഖപ്പെടും. എന്നാൽ ചില മുറിവുകൾക്ക് ഔഷധപ്രയോഗം ആവശ്യമാണ്. മുറിവുകൾ ആഴത്തിലുള്ളതാണെങ്കിൽ അതിനു തുന്നൽ ഇടേണ്ടതായും വരാം. എന്നാൽ ഉണങ്ങാതെ അവശേഷിക്കുന്ന മുറിവുകൾ ഒരു വ്യക്തിയുടെ അനാരോഗ്യത്തിൻറെ ബഹിർസ്ഫുരണമാണ്.
നാം ഇതുവരെ പറഞ്ഞതു ശരീരത്തിലേൽക്കുന്ന മുറിവുകളെക്കുറിച്ചാണ്. എന്നാൽ മനുഷ്യനെന്നതു ശരീരം മാത്രമല്ലല്ലോ. ആത്മാവും മനസും ശരീരവും ചേർന്നാണു മനുഷ്യൻ ഉണ്ടാകുന്നത്. അതിൽ ശരീരത്തിൻറെ കാര്യം നാം കണ്ടുകഴിഞ്ഞു. ആത്മാവിനുണ്ടാകുന്ന രോഗമാണു പാപം. അതിനുള്ള പരിഹാരം പാപമോചനം നൽകാൻ അധികാരമുള്ള യേശുക്രിസ്തുവിൽ നിന്നു പാപമോചനം നേടിയെടുക്കുക എന്നതാണ്. മേലിൽ പാപം ചെയ്യില്ല എന്ന ദൃഢമായ തീരുമാനത്തോടെ ആത്മാർഥമായി അനുതപിച്ചു പാപസങ്കീർത്തനം നടത്തിയാൽ നമ്മുടെ പാപങ്ങൾ മോചിക്കപ്പെടും.
ആത്മാവും ശരീരവും കഴിഞ്ഞാൽ പിന്നെ അവശേഷിക്കുന്നതു മനസാണ്. നിർഭാഗ്യവശാൽ മനസിനേൽക്കുന്ന മുറിവുകളെക്കുറിച്ചും ആ മുറിവുകളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ചും ഇന്നും പലരും അജ്ഞരാണ്. ഈ അജ്ഞത അവരെ വലിയ ദുരിതത്തിലേക്കു കൊണ്ടുപോകുന്നു. എന്നാൽ ദൗർഭാഗ്യകരമായ വസ്തുത തങ്ങളുടെ ദുരിതത്തിനു കാരണം മനസിനേറ്റ മുറിവുകൾ ഇപ്പോഴും ഉണങ്ങാതെ നിൽക്കുന്നതാണെന്ന തിരിച്ചറിവ് അവരിൽ ബഹുഭൂരിപക്ഷത്തിനും ഇല്ല എന്നതാണ്. മനശാസ്ത്രത്തിനും മാനസികരോഗികചികിത്സയ്ക്കും അപ്പുറമുള്ള പ്രതിവിധികൾ അവർക്കാവശ്യമാണ് എന്ന് അവർ മനസിലാക്കുന്നില്ല എന്നിടത്താണു പ്രശ്നങ്ങൾ ആരംഭിക്കുന്നത്.
ഇവിടെയാണ് ആന്തരികസൗഖ്യത്തിൻറെ പ്രസക്തി. ഒറ്റവാക്കിൽ പറഞ്ഞാൽ മനസിനേറ്റ മുറിവുകൾ സുഖപ്പെടുത്താനുള്ള ഒരേയൊരു മാർഗമാണ് ആന്തരികസൗഖ്യശുശ്രൂഷകൾ. ഒരു ചെറുലേഖനത്തിൽ ആന്തരികസൗഖ്യത്തെക്കുറിച്ചു പൂർണമായി വിശദീകരിക്കുക സാധ്യമല്ല. എങ്കിലും അതിനുള്ള ഒരു ശ്രമം നടത്തുകയാണ്.
ഒരു ഉദാഹരണം കൊണ്ടു തുടങ്ങട്ടെ. ഒരു വ്യക്തിയ്ക്കു നായകളെ വലിയ പേടിയാണ്. സ്വാഭാവികമായും നാം ചിന്തിക്കുക നായയ്ക്കു പേവിഷബാധ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ ആ പേടിയെ ന്യായീകരിക്കാവുന്നതാണ് എന്നായിരിക്കും. എന്നാൽ പ്രതിരോധകുത്തിവയ്പ് എടുത്തിട്ടുള്ള നായയാണെങ്കിലും, അതിനെ തൊട്ടടുത്ത വീട്ടിൽതന്നെ കെട്ടിയിട്ടു വളർത്തുന്നതാണെങ്കിലും, അത് ആരെയും കടിക്കുന്ന സ്വഭാവമില്ലാത്തതാണെങ്കിലും ഈ വ്യക്തിയ്ക്ക് അതിനെ പേടിയായിരിക്കും. മറ്റുള്ളവർ ഇതിനെ അകാരണമായ ഭയം എന്നു വിളിച്ചു നിസാരവൽക്കരിക്കുമ്പോൾ ആ മനുഷ്യൻ ജീവിതകാലം മുഴുവൻ നായകളെ പേടിച്ചു ജീവിച്ചുമരിക്കുകയാണ്. ഈ അകാരണമായ ഭയവും അതുപോലുള്ള മറ്റു വിപരീതവികാരങ്ങളും മനസിൽ നിന്ന് എടുത്തുമാറ്റുന്ന ശുശ്രൂഷയാണ് ആന്തരികസൗഖ്യശുശ്രൂഷ.
മനസിനേൽക്കുന്ന മുറിവുകൾ യഥാസമയം സുഖപ്പെടുത്തിയില്ലെങ്കിൽ ആ മുറിവുകൾ വ്രണമായി മാറും. ചികിത്സ ദുഷ്കരമായി തീരുകയും ചെയ്യും. കാലം പഴകുംതോറും ആ മുറിവിൽ നിന്നു ദുർഗന്ധം ഉയരും. ഇങ്ങനെ മനസിൻറെ ഉണങ്ങാത്ത മുറിവുകളിൽ നിന്നു നിർഗമിക്കുന്ന ദുർഗന്ധത്തെ വിപരീതവികാരങ്ങൾ എന്നു വിളിക്കുന്നു. വിപരീതവികാരങ്ങളെ വേണ്ട രീതിയിൽ കൈകാര്യം ചെയ്യാൻ നമുക്കറിഞ്ഞുകൂടെങ്കിൽ പിശാച് ആ വിപരീതവികാരങ്ങളിൽ പ്രവർത്തിച്ചു നമ്മെ പാപത്തിലേക്കു നയിക്കും. ഇവിടെയാണ് ആന്തരികസൗഖ്യത്തിൻറെ ആത്മീയപ്രസക്തി. ഒരുദാഹരണം പറഞ്ഞാൽ ചെറുപ്പത്തിൽ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ട വ്യക്തി വളർന്നുവരുമ്പോൾ അമിതമായ ലൈംഗികാസക്തിയ്ക്ക് അടിമപ്പെട്ടുപോയേക്കാം. അല്ലെങ്കിൽ ലൈംഗികത പാപമാണെന്ന തെറ്റായ ധാരണയ്ക്ക് അടിപ്പെട്ടുപോയേക്കാം. മനുഷ്യബന്ധങ്ങളെ തെറ്റായ വഴിയിലേക്കു കൊണ്ടുപോകാൻ ഈ വിപരീതവികാരങ്ങൾക്ക് കഴിയും.
വിപരീതവികാരങ്ങളെക്കുറിച്ചു പറയുന്നതിനു മുൻപേ അതിനു കാരണമാകുന്ന മനസിൻറെ മുറിവുകളെക്കുറിച്ച് അല്പമെങ്കിലും മനസിലാക്കിയിരിക്കണം. മനസിനു മുറിവേൽക്കാനുള്ള കാരണങ്ങൾ പ്രധാനമായും താഴെപ്പറയുന്നവയാണ്.
1. സ്നേഹം കിട്ടേണ്ട സമയത്തു സ്നേഹം കിട്ടാത്ത അവസ്ഥ
2. അതികഠിനമായി മനസിനെ വേദനിപ്പിച്ച സംഭവങ്ങളും ദുരനുഭവങ്ങളും
3. മറക്കാൻ ശ്രമിച്ചിട്ടും മറക്കാനാവാത്ത ഓർമകൾ
4. സഫലമാകാത്ത ആഗ്രഹങ്ങൾ
ചെറുപ്പത്തിൽ പിതാവിൻറെയും അമ്മായിയുടെയും ക്രൂരമായ പെരുമാറ്റം മൂലം മനസിലേറ്റ മുറിവുകളാണ് അഡോൾഫ് ഹിറ്റ്ലർ എന്ന സാധാരണ ബാലനെ അതിക്രൂരനായ ഏകാധിപതിയാക്കി മാറ്റിയത്. ഹിറ്റ്ലർ ക്രൂരതയിൽ തൻറെ പിതാവിനെ കടത്തിവെട്ടി. തന്നോടു ക്രൂരമായി പെരുമാറിയ അമ്മായി ഒരു വികലാംഗയായിരുന്നു എന്നതിനാൽ അവരോടു തോന്നിയ വെറുപ്പാണു വികലാംഗരെ രാജ്യത്തിന് ആവശ്യമില്ല എന്ന മനുഷ്യത്വഹീനമായ നിലപാടിലേക്കു ഹിറ്റ്ലറെ കൊണ്ടുചെന്നെത്തിച്ചത്.
ഗർഭാവസ്ഥയിൽ ആയിരിക്കുമ്പോഴും തുടർന്നു ശൈശവത്തിലും ബാല്യത്തിലും കൗമാരത്തിലും ഒക്കെ മാതാപിതാക്കളുടെ സ്നേഹം പഞ്ചേന്ദ്രിയങ്ങളിലൂടെ രുചിച്ചറിയുന്ന വ്യക്തികൾക്കു നല്ല മാനസികാരോഗ്യം സ്വാഭാവികമായും ഉണ്ടാകും. എന്നാൽ ലഭിക്കേണ്ട സ്നേഹം ലഭിക്കേണ്ടയിടത്തു നിന്നു ലഭിക്കേണ്ട സമയത്തു ലഭിക്കാതെ വന്നാൽ ആ സ്നേഹദാഹം വഴിമാറിപ്പോകും. അങ്ങനെ സ്നേഹം ആഗ്രഹിച്ചു ചെല്ലുന്ന ഇടങ്ങളിൽ അവർക്കു ലഭിക്കുന്നതു കപടസ്നേഹം ആയിരിക്കും. ആ കുഴിയിൽ വീഴുന്നതോടെ അവരുടെ പതനം പൂർണമാകും. അതിനുള്ള പ്രതിവിധി ഒരിക്കൽ ലഭിക്കാതെ പോയ മനുഷ്യസ്നേഹത്തിൻറെ കുറവിനെ ആന്തരികസൗഖ്യശുശ്രൂഷയിൽ ലഭിക്കുന്ന ദൈവസ്നേഹത്തിലൂടെ നികത്തുക എന്നതാണ്. ഇങ്ങനെ മനസിനേൽക്കുന്ന മുറിവുകളുടെ ഫലമായുണ്ടാകുന്ന വിപരീതവികാരങ്ങളാൽ വലയുന്നവരെ ദൈവസ്നേഹം കൊണ്ടു വിടുതൽ നൽകി സൗഖ്യപ്പെടുത്തുന്ന ശുശ്രഷയാണ് ആന്തരികസൗഖ്യശുശ്രൂഷ.
ഇനി എന്തൊക്കെയാണു മനസിനേറ്റ മുറിവുകളിൽ നിന്ന് ഉത്ഭവിക്കുന്ന വിപരീതവികാരങ്ങൾ എന്നു നോക്കാം.
1. അകാരണമായ ഭയം
2. നിയന്ത്രിക്കാനാകാത്ത കോപം
3. അപകർഷതാബോധം
4. അനിയന്ത്രിതമായ ദുഖം
5. ജഡികാസക്തി
6. കടുത്ത വെറുപ്പ്
7. കുറ്റബോധം
8. ലഹരിയോടുള്ള ആസക്തി
9. ഏകാന്തത ഇഷ്ടപ്പെടുന്ന അവസ്ഥ
10. അകാരണമായ ഉൽക്കണ്ഠയും ആകുലതയും
11. ആത്മഹത്യാപ്രവണത
12. നിരാശ
വിപരീതവികാരങ്ങൾ പിശാചിനു പ്രവർത്തിക്കാൻ വളക്കൂറുള്ള മണ്ണാണ്. നന്മ ചെയ്യാൻ ആഗ്രഹിക്കുമ്പോഴും തിന്മ ചെയ്തുപോകുന്ന അവസ്ഥ നമുക്കു പരിചിതമാണല്ലോ. പൗലോസ് ശ്ലീഹാ ഇങ്ങനെ പറയുന്നുണ്ട്; ‘ഞാൻ ചെയ്യുന്ന പ്രവൃത്തികൾ തന്നെ എനിക്കു മനസിലാകുന്നില്ല. എന്തെന്നാൽ ഞാൻ ഇച്ഛിക്കുന്നതല്ല, വെറുക്കുന്നതാണു ഞാൻ ചെയ്യുന്നത് (റോമാ 7:15). അതിൻറെ കാരണവും അപ്പസ്തോലൻ വിവരിക്കുന്നുണ്ട്. ‘ ഞാൻ ഇച്ഛിക്കാത്തതു ഞാൻ ചെയ്യുന്നുവെങ്കിൽ, അതു ചെയ്യുന്നത് ഒരിക്കലും ഞാനല്ല, എന്നിൽ വസിക്കുന്ന പാപമാണ് (റോമാ 7:20). മദ്യപിക്കരുതെന്ന് ആഗ്രഹിക്കുമ്പോഴും മദ്യപിച്ചുപോകുന്നു. കണ്ണുകളെ നിയന്ത്രിക്കണം എന്നു തീരുമാനിച്ചാലും ആസക്തി വീണ്ടും കണ്ണുകളെ കീഴ്‌പ്പെടുത്തുന്നു, അശുദ്ധബന്ധങ്ങളിൽ നിന്നു വിടുതൽ പ്രാപിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും വീണ്ടും അവിടേയ്ക്കു തിരിച്ചുപോകുന്നു, ഭയപ്പെടരുത് എന്നു കരുതുമ്പോഴും ഭയപ്പെടുന്നു. ആകുലത വേണ്ട എന്നു വച്ചാലും ആകുലരാകുന്നു. മറ്റുള്ളവരെ സ്നേഹിക്കണം എന്ന് ആഗ്രഹിച്ചാലും അവരോടുള്ള വെറുപ്പ് ഇടയ്ക്കിടെ തലപൊക്കുന്നു. ഒരിക്കലും ദേഷ്യപ്പെടില്ല എന്ന തീരുമാനമെടുത്ത് അടുത്ത നിമിഷത്തിൽ തന്നെ നിസാരകാര്യത്തിൻറെ പേരിൽ കോപിക്കുന്നു, മറ്റുള്ളവരെക്കാൾ മെച്ചപ്പെട്ടവനായിട്ടും അപകർഷതാബോധം തല നീട്ടുന്നു. ഇതിൽ ഏതെങ്കിലുമൊക്കെ അവസ്ഥയിലൂടെ ഒരിക്കലെങ്കിലും കടന്നുപോകാത്തവരായി നമ്മിൽ ആരും തന്നെ ഉണ്ടാകില്ല.
നമ്മുടെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായി നമ്മെ നയിക്കാൻ പിശാചിനു ശക്തി ലഭിക്കുന്നതു നമ്മുടെ മനസിൽ കാലങ്ങളായി അടിഞ്ഞുകൂടിക്കിടക്കുന്ന വിപരീതവികാരങ്ങൾ മൂലമാണ്. മുറിവേറ്റ ഹൃദയത്തിൻറെ അവസ്ഥ സങ്കീർത്തകൻ വിവരിക്കുന്നത് ഇങ്ങനെയാണ്. ‘എൻറെ ആത്മാവിൽ കയ്പ് നിറഞ്ഞപ്പോൾ, എൻറെ ഹൃദയത്തിനു മുറിവേറ്റപ്പോൾ, ഞാൻ മൂഢനും അജ്ഞനുമായിരുന്നു. അങ്ങയുടെ മുൻപിൽ ഞാനൊരു മൃഗത്തെപ്പോലെയായിരുന്നു’ (സങ്കീ 73:21-22). ആന്തരിക സൗഖ്യം ലഭിക്കാത്തിടത്തോളം കാലം നമ്മെ ഭരിക്കുന്നതു മാനുഷികമായ വിവേകമല്ല, മറിച്ച് മൃഗതുല്യമായ വികാരങ്ങളായിരിക്കും എന്ന സത്യം നാം മനസിലാക്കണം. ഈ അധമവികാരങ്ങളെയാണു പിശാച് മുതലെടുക്കുന്നത്.
അതുകൊണ്ട് മനസിൻറെ സ്വാതന്ത്ര്യം അനുഭവിക്കണമെങ്കിൽ നാം ആദ്യം ചെയ്യേണ്ടതു വിപരീതവികാരങ്ങൾ ഉണ്ടാകാനുള്ള കാരണങ്ങൾ കണ്ടുപിടിച്ച് അവയെ പിഴുതെറിയുകയാണ്. ആന്തരികസൗഖ്യശുശ്രൂഷയുടെ ആദ്യഭാഗം നമ്മുടെ മനസിനെ മുറിപ്പെടുത്തിയിട്ടുള്ള അനുഭവങ്ങൾ ഓർത്തെടുക്കുകയാണ്. ആദ്യം പറഞ്ഞ ഉദാഹരണത്തിൽ ചെറുപ്പത്തിൽ എപ്പോഴോ ഒരു നായയെ കണ്ടു പേടിച്ചതാകാം ആ മനുഷ്യൻറെ ഭയത്തിനു കാരണം. പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിതമായ വേർപാടായിരിക്കാം ഒരുപക്ഷേ നമ്മെ ശിഷ്ടജീവിതം മുഴുവൻ ആകുലതയിലേക്കും ദുഖത്തിലേക്കും നയിക്കുന്നത്. ബാല്യത്തിൽ അനുഭവിച്ച അവഗണനയോ ദാരിദ്ര്യമോ ആയിരിക്കാം അപകർഷതാബോധത്തിൻറെ പിന്നിൽ. അതിരുകടന്ന ആഡംബരഭ്രമത്തിൻറെ പിറകിലെ കാരണവും ഇതു തന്നെയാകാം.
ഇങ്ങനെ ഗർഭാവസ്ഥയിൽ ആയിരിക്കുമ്പോൾ മുതൽ നമ്മുടെ മനസിനു മുറിവേൽക്കാൻ ഇടയായിട്ടുള്ള ഓരോ സന്ദർഭങ്ങളും ഓർത്തെടുത്തു കുറിച്ചുവയ്ക്കുക. നമ്മെ വേദനിപ്പിച്ച വ്യക്തികളെയും നാം വേദനിപ്പിച്ച വ്യക്തികളെയും ഓർത്തെടുക്കുക. ഒരിക്കൽ മുറിവേറ്റ വ്യക്തി മറ്റുളളവരെ മുറിപ്പെടുത്തും എന്ന കാര്യം മനസിൽ കുറിച്ചിടുക. നമ്മുടെ മുറിവുകൾ സുഖപ്പെട്ടാൽ അതു നമ്മുടെ പ്രവൃത്തികളിൽ പ്രതിഫലിക്കും എന്നും നാം കൂടുതൽ പക്വതയോടെ പെരുമാറും എന്നും അറിഞ്ഞിരിക്കുക. അതിനെല്ലാം ഉപരിയായി നമ്മുടെ വിപരീതവികാരങ്ങളെ നമ്മെക്കൊണ്ടു പാപം ചെയ്യിക്കാനുള്ള മാർഗമായി ഉപയോഗിക്കുന്ന പിശാചിൻറെ കുടിലതന്ത്രങ്ങളെ നമുക്കു മറികടക്കേണ്ടതുമുണ്ട്.
അതുകൊണ്ടു നമുക്ക് എന്തു വില കൊടുത്തും ആന്തരികസൗഖ്യം നേടണം.സത്യത്തിൽ ആന്തരികസൗഖ്യം നേടാൻ വില കൊടുക്കേണ്ട ആവശ്യമേയില്ല. കാരണം നമുക്കെല്ലാവർക്കും ആന്തരികസൗഖ്യം ലഭിക്കാനുള്ള വില മുൻകൂറായി നമ്മുടെ ജ്യേഷ്ഠസഹോദരനായ യേശുക്രിസ്തു കാൽവരിക്കുരിശിൽ കൊടുത്തുകഴിഞ്ഞു എന്നറിയുന്നതാണു പരമമായ സത്യം. ആ സത്യമാണു നമ്മെ സ്വതന്ത്രരാക്കുന്നത്..
രോഗം കണ്ടുപിടിക്കുന്നതോടെ സൗഖ്യത്തിലേക്കുള്ള പകുതി ദൂരം നാം പിന്നിട്ടുകഴിഞ്ഞു. തൊലിപ്പുറമെയുള്ള ചികിത്സകൾ ഒന്നും ഫലിക്കില്ല എന്നും യേശുക്രിസ്തുവിൽ മാത്രമാണു നമുക്ക് ആന്തരികസൗഖ്യം ലഭിക്കുക എന്നുമുള്ള സത്യം മനസിലാക്കുന്നതോടെ നാം ആന്തരികസൗഖ്യത്തിൻറെ രണ്ടാം ഘട്ടത്തിലേക്കു കടക്കുന്നു. ‘അവൻറെ മുറിവിനാൽ നിങ്ങൾ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു’ (1 പത്രോസ് 2:24) എന്നു വിശുദ്ധഗ്രന്ഥം വ്യക്തമായിത്തന്നെ പറയുന്നുണ്ട്. ലോകത്തിൻറെ ആസക്തികളിൽ മുങ്ങിക്കുളിച്ചിട്ടും ദാഹം തീരാത്തവരോടു കർത്താവ് പറയുന്നു ‘ ഈ വെള്ളംകുടിക്കുന്നവനു വീണ്ടും ദാഹിക്കും. എന്നാൽ ഞാൻ നൽകുന്ന വെള്ളം കുടിക്കുന്നവന് ഒരിക്കലും ദാഹിക്കുകയില്ല (യോഹ 4:13-14).
ആന്തരികസൗഖ്യത്തിനുള്ള മരുന്ന് പൗലോസ് ശ്ലീഹാ കുറിച്ചുതരുന്നത് ഇപ്രകാരമാണ്. ‘നമുക്ക് നല്കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവത്തിൻറെ സ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്കു ചൊരിയപ്പെട്ടിരിക്കുന്നു’ (റോമാ 5:5). ഹെബ്രായലേഖകൻറെ വാക്കുകൾ ഇങ്ങനെയാണ്. ‘നിത്യാത്മാവു മൂലം , കളങ്കമില്ലാതെ ദൈവത്തിനു തന്നെത്തന്നെ സമർപ്പിച്ച ക്രിസ്തുവിൻറെ രക്തം, ജീവിക്കുന്ന ദൈവത്തെ ശുശ്രൂഷിക്കാൻ നമ്മുടെ അന്തകരണത്തെ നിർജീവപ്രവൃത്തികളിൽ നിന്ന് എത്രയധികമായി വിശുദ്ധീകരിക്കുകയില്ല! (ഹെബ്രാ. 914).
നമ്മുടെ മുറിവുകൾ കർത്താവിൻറെ തിരുമുറിവുകളോടു ചേർത്തുവയ്ക്കുക എന്നതാണ് ആന്തരികസൗഖ്യം ലഭിക്കാനുള്ള ഒരേയൊരു വഴി. നമ്മുടെ ബലഹീനതകളിൽ നമ്മോടൊത്തു സഹതപിക്കാൻ കഴിയാത്ത ഒരു പ്രധാനപുരോഹിതനല്ല ക്രിസ്തു. പിന്നെയോ ഒരിക്കലും പാപം ചെയ്തിട്ടില്ലെങ്കിലും എല്ലാക്കാര്യങ്ങളിലും നമ്മെപ്പോലെ തന്നെ പരീക്ഷിക്കപ്പെട്ടവനാണ് അവൻ (ഹെബ്രാ.4:15). അതുകൊണ്ട് മറ്റാർക്കും മനസിലായില്ലെങ്കിലും നമ്മുടെ വേദനകൾ യേശുവിനു മനസിലാകും. അവൻ വന്നതുതന്നെ നമ്മുടെ വേദനകൾ വഹിക്കാനും നമ്മുടെ ദുഖങ്ങൾ ചുമക്കാനും വേണ്ടിയായിരുന്നുവല്ലോ (ഏശയ്യാ 53:3). നമ്മുടെ അതിക്രമങ്ങൾക്കുവേണ്ടി മുറിവേൽപ്പിക്കപ്പെടുകയും നമ്മുടെ അകൃത്യങ്ങൾക്കുവേണ്ടി ക്ഷതമേൽപ്പിക്കപ്പെടുകയും ചെയ്ത യേശുക്രിസ്തുവിൻറെ മേലുള്ള ശിക്ഷയാണു നമുക്കു രക്ഷ നൽകുന്നത് എന്ന് ഏശയ്യാ പ്രവാചകൻ ക്രിസ്തുവിനും ഏഴു നൂറ്റാണ്ടുകൾക്കു മുൻപേ പ്രവചിച്ചിരുന്നു (ഏശയ്യാ 53:5). കർത്താവ് നൽകുന്ന ഈ രക്ഷ ആത്മീയമെന്നതുപോലെ തന്നെ മാനസികവും ശാരീരികവുമാണ്. അതുകൊണ്ടുതന്നെയാണ് ആന്തരികസൗഖ്യത്തിനുള്ള ഒരേയൊരു വഴി കർത്താവായ ഈശോമിശിഹായുടെ പീഡാസഹനയോഗ്യതകളും അവിടുത്തെ തിരുരക്തവും ആണെന്നു പറയുന്നത്.
നമ്മുടെ മനസിനേറ്റ മുറിവുകളെ യേശുക്രിസ്തുവിൻറെ തിരുരക്തത്താൽ കഴുകി സുഖപ്പെടുത്തുന്ന സമയമാണ് ഓരോ ആന്തരികസൗഖ്യ ശുശ്രൂഷയും. അങ്ങനെ സുഖപ്പെട്ട മുറിവുകൾ പിന്നീടൊരിക്കലും വിപരീതവികാരങ്ങൾ ഉൽപാദിപ്പിക്കില്ല. അതായത് ആന്തരികസൗഖ്യം ലഭിച്ച ഒരു വ്യക്തി മനസിൻറെ തലത്തിൽ ക്രിസ്തുവിൽ പുതിയ സൃഷ്ടിയായി മാറും. ‘ക്രിസ്തുവിൽ ആയിരിക്കുന്നവൻ പുതിയ സൃഷ്ടിയാണ്. പഴയതു കടന്നുപോയി. ഇതാ പുതിയതു വന്നുകഴിഞ്ഞു’ (2 കൊറി 5:17). ഇപ്രകാരം ക്രിസ്തുവിൽ പുതിയ സൃഷ്ടിയാകുന്ന മഹാത്ഭുതമാണ് ആന്തരികസൗഖ്യശുശ്രൂഷയിൽ സംഭവിക്കുന്നത്.
ഇപ്പോൾ എല്ലാ ധ്യാനകേന്ദ്രങ്ങളും തന്നെ അവരുടെ ധ്യാനങ്ങളിൽ ആന്തരികസൗഖ്യശുശ്രൂഷകൾ പ്രത്യേകമായോ മറ്റു ധ്യാനങ്ങളുടെ കൂടെയോ നടത്തുന്നുണ്ട്. ആ അവസരങ്ങൾ ഉപയോഗിച്ചുകൊണ്ട് ആന്തരികസൗഖ്യം നേടാനുള്ള സൗകര്യം ഇപ്പോൾ നമുക്കുണ്ട്. ക്രിസ്തുവിൽ ആന്തരികസൗഖ്യം ലഭിച്ചവർ മാത്രമേ പിന്നീടു വിശുദ്ധരും രക്തസാക്ഷികളും ആയിട്ടുള്ളൂ എന്ന സത്യം നാം മറക്കരുത്. ക്രിസ്തുവിൽ ആന്തരികസൗഖ്യം ലഭിച്ചവർ എപ്പോഴും കർത്താവിൽ ആനന്ദിക്കും. പ്രതികൂലങ്ങൾ അവരെ തളർത്തുകയില്ല. ഹബക്കൂക്ക് പ്രവാചകനോടൊപ്പം അവരും പറയും. ‘അത്തിവൃക്ഷം പൂക്കുന്നില്ലെങ്കിലും, മുന്തിരിയിൽ ഫലങ്ങളില്ലെങ്കിലും, ഒലിവു മരത്തിൽ കായ്കൾ ഇല്ലാതായാലും, വയലുകളിൽ ധാന്യം വിളയുന്നില്ലെങ്കിലും, ആട്ടിൻകൂട്ടം ആലയിൽ അറ്റുപോയാലും, കന്നുകാലികൾ തൊഴുത്തിൽ ഇല്ലാതായാലും ഞാൻ കർത്താവിൽ ആനന്ദിക്കും (ഹബ. 3:17). അപ്രകാരം നിലനിൽക്കുന്ന ഒരാനന്ദത്തിലേക്ക് ആന്തരികസൗഖ്യശുശ്രൂഷകളിലൂടെ കടന്നുവരാൻ ദൈവം നമ്മെ സഹായിക്കട്ടെ.