പരിശുദ്ധ അമ്മ അമലോത്ഭവ ആണെന്നു കത്തോലിക്കാസഭ വിശ്വസിക്കുകയും പ്രഖ്യാപിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. എങ്കിലും പരിശുദ്ധ കന്യകാമറിയത്തിൻറെ അമലോത്ഭവം ഇന്നും പലർക്കും ഒരു സമസ്യയാണ്. വിശുദ്ധഗ്രന്ഥത്തിലെവിടെയും മറിയം അമലോത്ഭവയാണെന്നു വ്യക്തമായി പറയുന്നില്ല. എന്നാൽ രണ്ടാം നൂറ്റാണ്ടുമുതലുള്ള അപ്രാമാണിക ഗ്രന്ഥങ്ങളിൽ മറിയം അമലോത്ഭവയാണെന്ന സൂചന കാണാം. ആഗസ്തീനോസും അപ്രേമും അടക്കമുള്ള ആദ്യകാലവിശുദ്ധർക്കു മറിയത്തിൻറെ കളങ്കരഹിതമായ ജനനത്തെക്കുറിച്ചു ബോധ്യമുണ്ടായിരുന്നു. ഏഴാം നൂറ്റാണ്ടിൽ സിറിയയിലും എട്ടാം നൂറ്റാണ്ടിൽ അയർലണ്ടിലും പതിനൊന്നാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലും പതിനേഴാം നൂറ്റാണ്ടോടെ സഭ മുഴുവനിലും മറിയത്തിൻറെ അമലോത്ഭവത്തെക്കുറിച്ചുള്ള ചിന്തകൾ ദൃശ്യമായിരുന്നു.
അതേസമയം തന്നെ പല സഭാപിതാക്കന്മാരും വിശുദ്ധരും മറിയം ഉത്ഭവപാപത്തിൽ നിന്നു വിമുക്തയായിരുന്നു എന്നതിൽ സംശയം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ക്ലെയർവോയിലെ ബെർണാർഡും തോമസ് അക്വിനാസും ഇക്കൂട്ടത്തിൽ പെടുന്നു. അവരുടെ ചിന്താഗതി ഇപ്രകാരമായിരുന്നു. മറിയം ഉത്ഭവപാപത്തിൽ നിന്നു വിമുക്തയാണെങ്കിൽ മറിയത്തിനു രക്ഷയുടെ – വീണ്ടെടുപ്പിൻറെ – ആവശ്യമില്ല. അങ്ങനെയെങ്കിൽ യേശുവിൻറെ രക്ഷാകരകൃത്യം ആവശ്യമില്ലല്ലോ. അവർക്കു മറുപടി കൊടുത്തതു ഡൺസ് സ്കോട്ടസ് ആണ്. അദ്ദേഹം പറഞ്ഞു. മറിയത്തിൻറെ അമലോത്ഭവം തന്നെ വീണ്ടെടുപ്പിൻറെ ഏറ്റവും ശ്രേഷ്ഠമായ ഉദാഹരണമാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ മറ്റേതൊരു മനുഷ്യരുടെയും രക്ഷയുടെ കാരണം യേശുക്രിസ്തുവിൻറെ യോഗ്യതകൾ ആണെന്നതുപോലെതന്നെ മറിയത്തിൻെറ അമലോത്ഭവത്തിൻറെ കാരണവും യേശുക്രിസ്തുവിൻറെ യോഗ്യതകൾ തന്നെയാണ്.
ഒരു വ്യക്തി മാത്രം ലോകത്തിൽ ഉത്ഭവപാപം കൂടാതെ ജനിക്കുക എന്നിടത്താണു പലരുടെയും സംശയങ്ങൾ ആരംഭിക്കുന്നത്. മറ്റൊരു മനുഷ്യനും ലഭിക്കാത്ത ഈ സൗഭാഗ്യം മറിയത്തിനു മാത്രമായി എന്തുകൊണ്ടു ദൈവം അനുവദിച്ചു എന്നതാണു സംശയത്തിനു കാരണം. ഇംഗ്ലീഷ് ചരിത്രകാരനും ദൈവശാസ്ത്രജ്ഞനും സഭാപണ്ഡിതനുമായ Eadmer അതിനു കൊടുത്ത മറുപടി ഇപ്രകാരമായിരുന്നു. ‘Potuit, decuit, fecit.’ ഈ ലത്തീൻ പ്രയോഗത്തിൻറെ അർഥം ( ദൈവത്തിന്) അതു സാധ്യമായിരുന്നു, അതു ചെയ്യുക എന്നത് ഉചിതമായിരുന്നു, അതുകൊണ്ട് ( ദൈവം) അങ്ങനെ ചെയ്തു എന്നാണ് (It was possible, it was fitting, therefore it was done). ദൈവം സ്വന്തം ഇച്ഛയ്ക്കനുസരിച്ചു മറിയത്തിന് അമലോത്ഭവജനനം എന്ന മഹാഭാഗ്യം അനുവദിച്ചു എന്നതിനപ്പുറത്തേയ്ക്ക് ഇതിനെക്കുറിച്ചു നാം ചിന്തിക്കേണ്ടതുണ്ടോ?
1830 ൽ ഫ്രാൻസിലെ കാതറിൻ ലബോറയ്ക്ക് മാതാവ് അമലോത്ഭവയാണെന്നു വെളിപ്പെടുത്തപ്പെട്ടു. 1854 ൽ പിയൂസ് ഒൻപതാമൻ പാപ്പാ തൻറെ Ineffabilis Deus എന്ന കല്പനയിലൂടെ മറിയത്തിൻറെ അമലോത്ഭവം ഒരു വിശ്വാസത്യമായി പ്രഖ്യാപിച്ചതോടെ ഈ വിഷയത്തിലുള്ള സഭയുടെ അന്തിമതീരുമാനം പുറത്തുവന്നു. ഈ വിശ്വാസസത്യം പ്രഖ്യാപിക്കുന്നതിനു മുൻപു മാർപ്പാപ്പ എല്ലാ മെത്രാന്മാരോടും ഇതിനെക്കുറിച്ചുള്ള അഭിപ്രായം ആരാഞ്ഞിരുന്നു. തൊണ്ണൂറു ശതമാനം മെത്രാന്മാരും മറിയത്തിൻറെ അമലോത്ഭവം വിശ്വാസസത്യമായി പ്രഖ്യാപിക്കണം എന്ന പക്ഷക്കാരായിരുന്നു എന്നറിയുമ്പോൾ പിന്നിട്ട പതിനെട്ടു നൂറ്റാണ്ടുകൾകൊണ്ട്, പരിശുദ്ധ അമ്മ അമലോത്ഭവയായിരുന്നു എന്ന വിശ്വാസം ലോകമെങ്ങുമുള്ള സഭാഘടകങ്ങളിൽ എത്ര ആഴത്തിൽ വേരൂന്നിയിരുന്നു എന്നു മനസിലാക്കാം.
എങ്കിലും സംശയം അവശേഷിക്കുന്ന ചിലർ ഉണ്ടാകാം. അതിൽ അത്ഭുതപ്പെടേണ്ടതില്ല. അവസാന നാളുകളിൽ പരിശുദ്ധ കന്യകയെ ഒഴുക്കിക്കളയാൻ സാത്താൻ തൻറെ വായിൽ നിന്നു നദി പോലെ പുറപ്പെടുവിക്കുന്ന ( വെളി 12:15) വ്യാജപ്രബോധനങ്ങളിൽ വീണുപോകുന്നവർക്കു മറിയത്തിൻറെ അമലോത്ഭവം എന്ന രഹസ്യം ഒരിക്കലും മനസിലാകില്ല. പൗലോസ് ശ്ലീഹാ പറഞ്ഞത് ഇവരെക്കൂടി ഓർത്തുകൊണ്ടായിരിക്കണം. ‘ ലൗകികമനുഷ്യനു ദൈവാത്മാവിൻറെ ദാനങ്ങൾ ഭോഷത്തമാകയാൽ അവൻ അതു സ്വീകരിക്കുന്നില്ല. ഈ ദാനങ്ങൾ ആത്മീയമായി വിവേചിക്കപ്പെടേണ്ടവയാകയാൽ അവ ഗ്രഹിക്കാനും അവനു സാധിക്കുന്നില്ല (1 കൊറി 2:14).
ലൗകിക മനുഷ്യൻറെ സംശയം ‘ ഇതെങ്ങനെ സംഭവിക്കും?’ എന്നാണ്. ‘ദൈവത്തിന് ഒന്നും അസാധ്യമല്ല’ എന്ന എളിയ മറുപടി മാത്രമേ അവർക്കു കൊടുക്കാനുള്ളൂ. കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠിപ്പിക്കുന്നതു പാപത്തിന്മേലുള്ള ക്രിസ്തുവിൻറെ വിജയത്തിൻറെ ഫലം ആരെക്കാളുമാദ്യമായും, സവിശേഷമായും അനുഭവിച്ചതു മറിയമാണ് എന്നും മറിയം ഉത്ഭവപാപത്തിൻറെ എല്ലാ കറകളിൽ നിന്നും സംരക്ഷിക്കപ്പെട്ടു എന്നുമാണ് ( CCC 411). പുതിയ ഹവ്വയായ മറിയം പരിശുദ്ധാത്മാവിൻറെ കൃപാവരത്തൽ പൂരിതയായി പാപത്തിൽ നിന്നും മരണത്തിൻറെ ജീർണതയിൽ നിന്നും സംരക്ഷിക്കപ്പെടുന്നു ( CCC 2853)
എന്നും സഭ പഠിപ്പിക്കുന്നു.
ആദത്തിൻറെയും ഹവ്വയുടെയും മരണത്തിനു കാരണമായത് അവരുടെ പാപമാണ്. ഈ പാപം അവർ പിൻ തലമുറകളിലേക്കു പകർന്നുകൊടുത്തു. ഉത്ഭവപാപം എന്നു നാം വിളിക്കുന്ന ഈ ആദിപാപം ഓരോ മനുഷ്യനിലേക്കും സംക്രമിക്കുന്നത് അനുകരണത്തിലൂടെയല്ല, മറിച്ചു പ്രജനനത്തിലൂടെയാണ് എന്നും സഭ പഠിപ്പിക്കുന്നു ( CCC 419). മാതാപിതാക്കളുടെ സ്വഭാവസവിശേഷതകൾ മക്കളിലേക്ക് എങ്ങനെ കൈമാറ്റം ചെയ്യപ്പെടുന്നു എന്നു ശാസ്ത്രീയമായിതെളിയിക്കപ്പെട്ടുകഴിഞ്ഞ ഇക്കാലത്തു മനസിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു പ്രസ്താവനയല്ല ഇത്. ആദത്തിൻറെയും ഹവ്വയുടെയും സന്തതിപരമ്പരകൾക്കെല്ലാം പ്രജനനത്തിലൂടെ പാരമ്പര്യമായി ലഭിക്കേണ്ട ഉത്ഭവപാപത്തിൻറെ ഭാരം മറിയത്തിനെ മാത്രം ബാധിച്ചില്ലെങ്കിൽ അതിനു കാരണം അത് അപ്രകാരമായിരിക്കട്ടെ എന്നു ദൈവം തീരുമാനിച്ചു എന്നതുമാത്രമാണ്.
തൻറെ ഏകജാതനായ ക്രിസ്തു പരിശുദ്ധനും ദോഷരഹിതനും നിഷ്കളങ്കനും പാപികളിൽ നിന്നു വേർതിരിക്കപ്പെട്ടവനും സ്വർഗ്ഗത്തിനുമേൽ ഉയർത്തപ്പെട്ടവനുമായ പ്രധാനപുരോഹിതൻ ആയിരിക്കണമെന്നത് ( ഹെബ്രാ. 7:26) പിതാവിൻറെ തിരുവുള്ളമായിരുന്നു. ‘അശുദ്ധമായതിൽ നിന്നു ശുദ്ധമായത് ഉണ്ടാക്കാൻ ആർക്കു കഴിയും?’ ( ജോബ് 14:4) എന്നു വിശുദ്ധഗ്രന്ഥം പറയുന്നതു സാധാരണ സ്ത്രീയിൽ നിന്നു ജനിക്കുന്ന സാധാരണ മനുഷ്യരെക്കുറിച്ചു പരാമർശിക്കുമ്പോഴാണ്. ‘അശുദ്ധിയിൽ നിന്നു ശുദ്ധിയുണ്ടാകുമോ?’ എന്നു പ്രഭാഷകനും ചോദിക്കുന്നു (പ്രഭാ. 34:4).
മരണത്തിനധീനമായ ഒരു മർത്യശരീരം മാത്രം പൈതൃകമായി ലഭിച്ച ആദത്തിൻറെ മക്കളിലാർക്കും സ്വാഭാവികപ്രജനനത്തിലൂടെ അമർത്യനായ ഒരുവന് – അതും യേശുവിനെപ്പോലൊരുവന് – ജന്മം കൊടുക്കുക എന്നതു സാധ്യമല്ല.തൻറെ പുത്രനു ജന്മം നൽകാൻ അനാദിയിലേ ദൈവം തിരഞ്ഞെടുത്ത പരിശുദ്ധമറിയത്തെ ആദത്തിൻറെയും ഹവ്വയുടെയും പാപക്കറ പുരളാതെ സംരക്ഷിക്കാൻ ദൈവം തിരുമനസായെങ്കിൽ നാമെന്തിന് അത്ഭുതപ്പെടണം? പരിശുദ്ധയും ദോഷരഹിതയും നിഷ്കളങ്കയും പാപികളിൽ നിന്നു വേർതിരിക്കപ്പെട്ടവളുമായ ഒരു സ്ത്രീയെ വചനത്തിനു മാംസം ധരിക്കാനായി ദൈവം മാറ്റിനിർത്തുക എന്നതു സംഭവ്യമല്ലെന്നു നാം എന്തിനു കരുതണം?
ഇനി നമുക്ക് അമലോത്ഭവ ജനനത്തെ മറ്റൊരു വീക്ഷണകോണിൽ നിന്നു പരിശോധിക്കാം. അമ്മയുടെ രക്തം ഒരു കാരണവശാലും ഗർഭപാത്രത്തിലുള്ള കുഞ്ഞിൻറെ രക്തവുമായി കലരുന്നില്ല എന്നു നമുക്കറിയാം. പലപ്പോഴും അമ്മയുടെയും കുഞ്ഞിൻറെയും രക്തഗ്രൂപ്പുകൾ തന്നെ വ്യത്യസ്തമായിരിക്കും. രക്തത്തിൻറെ Rh ഉം ( നെഗറ്റീവോ പോസിറ്റീവോ) വ്യത്യസ്തമായിരിക്കാം. അമ്മയും ഗർഭത്തിലുള്ള കുഞ്ഞും തമ്മിൽ നടക്കുന്നത് പ്രാണവായുവിൻറെയും പോഷകങ്ങളുടെയും കൈമാറ്റം മാത്രമാണ്. അത് പ്ലാസെൻറ്റയിലൂടെയും പൊക്കിൾക്കൊടിയിലൂടെയും കടന്നുപോകുമ്പോൾ അമ്മയുടെയും കുഞ്ഞിൻറെയും രക്തം തമ്മിൽ ഒരിക്കലും കലരാതിരിക്കാനുള്ള സുരക്ഷിതസംവിധാനം ദൈവം ഒരുക്കിയിട്ടുണ്ട്.
അധാർമ്മികമെന്നു സഭ പ്രഖ്യാപിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന IVF പോലുള്ള കൃത്രിമഗർഭധാരണ രീതികളിൽ സ്ത്രീയുടെ അണ്ഡവും പുരുഷബീജവും പുറത്തുവെച്ചു സംയോജിപ്പിച്ച് അപ്രകാരം സൃഷ്ടിക്കപ്പെടുന്ന ഭ്രൂണത്തെ സ്ത്രീയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചു വളർത്തിയെടുക്കുകയാണു ചെയ്യുന്നത്. ഭാര്യയ്ക്കു ഗർഭധാരണം സാധ്യമല്ലാതിരിക്കുന്ന സാഹചര്യങ്ങളിൽ ഈ ഭ്രൂണത്തെ മറ്റൊരു സ്ത്രീയുടെ (Surrogate Mother) ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്ന ചികിത്സാരീതിയും നിലവിലുണ്ട്. അധാർമികവും വിശ്വാസികൾക്ക് അനുവദിച്ചിട്ടില്ലാത്തതുമായ ഈ ചികിത്സാരീതികളെക്കുറിച്ച് ഇവിടെ പരാമർശിക്കാൻ കാരണം ജൈവപരമായ മാതാപിതാക്കളുമായി ഒരു ബന്ധവുമില്ലാത്ത ഒരു സ്ത്രീയിൽ നിന്നു പ്രാണവായുവും പോഷകങ്ങളും സ്വീകരിച്ചു വളരുവാൻ ഒരു കുഞ്ഞിനു സാധിക്കും എന്നു മനസിലാക്കാൻ വേണ്ടിയാണ്. അപ്രകാരമുള്ള വാടക ഗർഭപാത്രത്തിൻറെ ഉടമയായ സ്ത്രീയുടെ സ്വഭാവസവിശേഷതകൾ ഒന്നും തന്നെ ഈ കുഞ്ഞിലേക്കു പകരപ്പെടുന്നില്ല. കാരണം അവരുടെ രക്തം ഒരിക്കലും കുഞ്ഞിൻറെ രക്തവുമായി കലരുന്നില്ല എന്നതുതന്നെ. നേരെമറിച്ച് ആ കുഞ്ഞിനു തൻറെ ജൈവപരമായ മാതാപിതാക്കളിൽ നിന്നു ലഭിച്ച സ്വഭാവസവിശേഷതകൾ മറ്റൊരു സ്ത്രീയുടെ ഉദരത്തിൽ വളരുമ്പോഴും നഷ്ടപ്പെടുന്നില്ല.
ഇനി ചിന്തിക്കുക. അന്നയുടേയും ജോവാക്കിമിൻറെയും ഉത്ഭവപാപത്തിൻറെ കറ പുരളാത്ത ഒരു പരിശുദ്ധഭ്രൂണത്തെ അന്നയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുക എന്നതു ദൈവത്തിനു സാധ്യമല്ലേ? ‘ പരിശുദ്ധാത്മാവു നിൻറെ മേൽ വരും. അത്യുന്നതൻറെ ശക്തി നിൻറെ മേൽ ആവസിക്കും’ ( ലൂക്കാ 1:35) എന്ന തിരുവചനം വിശ്വസിക്കാൻ നമുക്കു ബുദ്ധിമുട്ടില്ല. അധാർമികമായ ചികിത്സാരീതികളിലൂടെ കുഞ്ഞിനെ ഉദരത്തിൽ വഹിക്കുന്ന സ്ത്രീയുടെ യാതൊരു സ്വഭാവസവിശേഷതകളും ഇല്ലാത്ത ഒരു കുഞ്ഞ് ഉണ്ടാകാം എന്ന ശാസ്ത്രീയസത്യം അംഗീകരിക്കാൻ നമുക്കു ബുദ്ധിമുട്ടില്ല. സ്വാഭാവിക സ്ത്രീ പുരുഷ ബന്ധം ഇല്ലാതെ തന്നെ മനുഷ്യൻറേതടക്കം ഏതൊരു ജീവിയുടെയും കുഞ്ഞുങ്ങളെ സൃഷ്ടിക്കാൻ സാധിക്കുന്ന ക്ലോണിങ്ങ് പോലുള്ള അധാർമിക സാങ്കേതികവിദ്യകൾ നിലവിലുണ്ട് എന്നു വിശ്വസിക്കാനും നമുക്കു ബുദ്ധിമുട്ടില്ല.
എന്നാൽ ദൈവപുത്രൻറെ മാതാവായ പരിശുദ്ധ കന്യകാമറിയം, തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന ഉത്ഭവപാപത്തിൻറെ കറയേൽക്കാതെ ദൈവത്താൽ സംരക്ഷിക്കപ്പെട്ടു എന്നു വിശ്വസിക്കാൻ നമുക്കു ബുദ്ധിമുട്ടാണ് എന്നത് ഏറെ വിചിത്രമാണ്. സഭ ഒന്നര നൂറ്റാണ്ടു മുൻപേ വിശ്വാസസത്യമായി പ്രഖ്യാപിച്ച മറിയത്തിൻറെ അമലോത്ഭവജനനവുമായി ബന്ധപ്പെട്ട ഒരു കാര്യം കൂടി നാം ഓർക്കുന്നതു നല്ലതാണ്. സഭാപാരമ്പര്യം അനുസരിച്ച് മറിയത്തിൻറെ മാതാപിതാക്കളായ ജോവാക്കിമും അന്നയും വൃദ്ധരായിരുന്നു. ഗർഭധാരണപ്രായം കഴിഞ്ഞ ഒരു സ്ത്രീയ്ക്കു കുഞ്ഞു ജനിക്കുക എന്നത് അതിൽ തന്നെ അത്ഭുതമാണ്. എന്നാൽ വിശുദ്ധഗ്രന്ഥത്തിൽ ഇപ്രകാരം ജനിക്കുന്ന കുഞ്ഞുങ്ങളെക്കുറിച്ചുള്ള വിവരണം നാം കാണുന്നുണ്ട്. അബ്രാഹത്തിനും സാറയ്ക്കും ജനിക്കുന്ന ഇസഹാക്ക്, സഖറിയയ്ക്കും എലിസബത്തിനും ജനിക്കുന്ന സ്നാപകയോഹന്നാൻ എന്നിവർ ഉദാഹരണം.
സാറയും എലിസബത്തും തങ്ങളുടെ യൗവനത്തിലോ മധ്യവയസ്സിലോ ഗർഭം ധരിച്ചിരുന്നുവെങ്കിൽ അത് ഒരിക്കലും അത്ഭുതമായി എണ്ണപ്പെടില്ലായിരുന്നു. അതുപോലെ തന്നെ അന്നയ്ക്കു ഗർഭധാരണശേഷിയുള്ള പ്രായത്തിൽ ഒരു മകൾ ജനിച്ചിരുന്നുവെങ്കിൽ ആ മകൾ അമലോത്ഭവ ആയിരുന്നുവെന്നത് ഒരിക്കലും വിശ്വസനീയമായി തോന്നുമായിരുന്നില്ല. അങ്ങനെയെങ്കിൽ മറിയത്തിൻറെ അമലോത്ഭവത്തെ സംശയിക്കുന്നവരുടെ എണ്ണം ഇനിയും വർധിക്കുമായിരുന്നു. വാർധക്യത്തിൽ കുഞ്ഞുങ്ങളെ നൽകുന്നത്, ദൈവത്തിൻറെ പ്രത്യേക കൃപയാൽ, അവിടുത്തെ പദ്ധതികൾ സമയത്തിൻറെ തികവിൽ നിറവേററപ്പെടുന്നതിനുവേണ്ടിയാണ്.
സ്വാഭാവികമായി സംഭവിക്കാൻ സാധ്യതയില്ലാത്ത ഒരു കാര്യം ദൈവം തൻറെ തിരുഹിതമനുസരിച്ചു നിറവേറ്റി എന്നതാണു മാതാപിതാക്കളുടെ വാർധക്യത്തിൽ സംഭവിച്ച മറിയത്തിൻറെ ജനനത്തിൻറെ കാരണം. ലോകരക്ഷകനായി അവതരിക്കാനിരിക്കുന്ന തൻറെ പ്രിയപുത്രനെ വഹിക്കാൻ യോഗ്യമായ പാത്രമായി പിതാവായ ദൈവം മറിയത്തെ തൻറെ അനന്തജ്ഞാനത്താൽ നേരത്തെതന്നെ ഒരുക്കിയിരുന്നു എന്നതാണ് അമലോത്ഭവത്തിൻറെ രഹസ്യം. തലമുറകൾ ഭാഗ്യവതി എന്നു പ്രകീർത്തിക്കുന്ന മറിയത്തിൻറെ അമലോത്ഭവത്തെ സംശയിക്കുന്ന ഈ തലമുറയിലുള്ളവർക്കു മറുപടിയായിട്ടാണ് അത്തരമൊരു ജനനം ശാസ്ത്രദൃഷ്ട്യാ സംഭവ്യമാണെന്നു വെളിപ്പെടുത്തിത്തരാൻ ദൈവം തിരുമനസായതും!
എന്നാൽ നമുക്കാവശ്യം ശാസ്ത്രീയമായ തെളിവുകളല്ല. ശിശുക്കളുടേതുപോലുള്ള വിശ്വാസമാണ്. കാരണം എന്തൊക്കെ പറഞ്ഞാലും പരിശുദ്ധ ദൈവമാതാവിൻറെ അമലോത്ഭവജനനം ഒരു രഹസ്യമാണ്. അതു ജ്ഞാനികളിലും വിവേകികളിലും നിന്നു മറച്ചുവയ്ക്കപ്പെട്ടതും ശിശുക്കൾക്കു മാത്രം വെളിപ്പെടുത്തിക്കൊടുക്കപ്പെട്ടതുമാണ്. അതു മനസ്സിലാക്കണമെങ്കിൽ നാം ശിശുക്കളെപ്പോലെ ഹൃദയനൈർമല്യം ഉള്ളവരായി മാറണം. അതിനുള്ള വഴി പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിനു നമ്മെത്തന്നെ പ്രതിഷ്ഠിക്കുക എന്നതാണ്.
നമുക്കു പ്രാർത്ഥിക്കാം; ‘ഉത്ഭവപാപമില്ലാതെ ജനിച്ച പരിശുദ്ധ മറിയമേ, പാപികളായ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.’