ഭയപ്പെടേണ്ട, ഞാൻ നിന്നോടുകൂടെയുണ്ട്.

ഭയപ്പെട്ടിരിക്കുന്ന  ഒരാൾ ഏറ്റവുമധികം കേൾക്കാൻ ആഗ്രഹിക്കുന്ന വാക്ക്  ‘ഭയപ്പെടേണ്ട’ എന്നതുതന്നെയാണ്.  അതുകൊണ്ടുതന്നെ ‘ഭയപ്പെടേണ്ട’ എന്ന വചനം വിശുദ്ധഗ്രന്ഥത്തിൽ അനേകം തവണ  ആവർത്തിച്ചിട്ടുണ്ട്. 

ദിവസത്തിൽ ഒന്നെന്ന കണക്കിൽ, നാലു വർഷത്തിൽ ഒരിക്കൽ വരുന്ന അതിവർഷത്തിനു വേണ്ടി കൂടിയാണ്, ‘ഭയപ്പെടേണ്ട’ എന്ന വചനം     മുന്നൂറ്റി അറുപത്തിയാറു  തവണ  ബൈബിളിൽ എഴുതിച്ചേർക്കപ്പെടാൻ പരിശുദ്ധാത്മാവ് അനുവദിച്ചത്.   ക്രിസ്തുവിനെ തള്ളിപ്പറയാത്തതിൻറെ പേരിൽ ഒരു അതിവർഷത്തിലെ  ഫെബ്രുവരി 29 ന്  കമ്മ്യൂണിസ്റ്റു ഭരണകൂടം അറസ്റ്റു ചെയ്ത്  തുറുങ്കിലടച്ച   റൊമാനിയൻ മിഷനറിയായ റിച്ചാർഡ്  വുംബ്രാൻഡിനെ   പിന്നീടുള്ള 14 വർഷത്തെ ജയിൽ വാസവും പീഡനവും  നേരിടാൻ  സഹായിച്ചത് ‘ഭയപ്പെടേണ്ട’ എന്ന ക്രിസ്തുവചനമായിരുന്നു. ജയിലിലായിരിക്കുമ്പോൾ അതിനു മുൻപോ അതിനു ശേഷമോ കണ്ടിട്ടില്ലാത്ത ഒരു സഹതടവുകാരന്, കാവൽക്കാരുടെ കണ്ണു  വെട്ടിച്ച്  തടവറയുടെ  വാതിലിൽ  കൈവിരലുകൾ കൊണ്ട് തട്ടി ഉണ്ടാക്കുന്ന മോഴ്‌സ് കോഡ് സിഗ്നലുകൾ  (ടെലിഗ്രാം അയക്കാൻ ഉപയോഗിച്ചിരുന്ന സിഗ്നൽ രീതി) വഴി സുവിശേഷം   പറഞ്ഞുകൊടുക്കുകയും അങ്ങനെ അയാളെ ക്രിസ്തുവിനു വേണ്ടി നേടുകയും ചെയ്യാൻ മാത്രം ധൈര്യം  അദ്ദേഹത്തിനു കൊടുത്തതു   ഭയപ്പെടേണ്ട എന്ന കർത്താവിൻറെ വാഗ്ദാനമായിരുന്നു.

എന്താണു ഭയത്തിൻറെ  കാരണം?  അതിലേക്കു വരുന്നതിനു മുൻപായി ഭയം എന്ന വികാരത്തെക്കുറിച്ച് ബൈബിളിലുള്ള ഏറ്റവും ആദ്യത്തെയും  അവസാനത്തെയും  പരാമർശങ്ങൾ   നമുക്കു വായിക്കാം. ‘അവൻ മറുപടി പറഞ്ഞു; തോട്ടത്തിൽ അവിടുത്തെ ശബ്ദം ഞാൻ കേട്ടു. ഞാൻ  നഗ്നനായതുകൊണ്ട് ഭയന്ന് ഒളിച്ചതാണ്'( ഉൽപത്തി 3:10).  ഭയപ്പെടുന്നവരെക്കുറിച്ചുള്ള  ബൈബിളിലെ  അവസാനത്തെ പരാമർശം ഇപ്രകാരമാണ്. ‘എന്നാൽ ഭീരുക്കൾ, അവിശ്വാസികൾ, ദുർമാർഗികൾ, കൊലപാതകികൾ, വ്യഭിചാരികൾ, മന്ത്രവാദികൾ, വിഗ്രഹാരാധകർ, കാപട്യക്കാർ, എന്നിവരുടെ ഓഹരി തീയും ഗന്ധകവും എരിയുന്ന തടാകമായിരിക്കും. ഇതാണു രണ്ടാമത്തെ മരണം’ (വെളി. 21:8).

ആദവും ഹവ്വയും നഗ്നരായിരുന്നതുകൊണ്ടല്ല അവർക്കു ഭയമുണ്ടായത്. ദൈവമായ കർത്താവിൻറെ മുൻപിൽ നിന്ന്  മറഞ്ഞിരിക്കുന്നതിനെ ന്യായീകരിക്കാൻ വേണ്ടി അവർ കണ്ടുപിടിച്ച കാരണമായിരുന്നു   തങ്ങളുടെ നഗ്നത.  നഗ്നരായിരുന്നിട്ടും ലജ്ജ തോന്നാതിരുന്ന ഒരു കാലം അവർക്കുണ്ടായിരുന്നുവല്ലോ. സത്യത്തിൽ അവരുടെ ഭയത്തിൻറെ  കാരണം  അവർ ചെയ്ത പാപമായിരുന്നു.

പാപത്തിൽ  നിന്നുളവാകുന്ന ഭയമാണു  മനുഷ്യനെ ദൈവസന്നിധിയിൽ നിന്നു   മാറിപ്പോകാൻ പ്രേരിപ്പിക്കുന്നത്. കൊലപാതകം ചെയ്തപ്പോഴാണല്ലോ  കായേൻറെ മനസിൽ ഭയമെന്ന വികാരം ആദ്യമായി കടന്നുവന്നത്.  ഗുരുവിനെ ഒറ്റിക്കൊടുത്ത് അതിൻറെ പ്രതിഫലമായ മുപ്പതു വെള്ളിക്കാശ് വാങ്ങിയപ്പോഴേക്കും യൂദാസിൻറെ ഹൃദയത്തെ ഭയം കീഴടക്കിക്കഴിഞ്ഞിരുന്നു. നിരപരാധിയെന്നു വിചാരണയിൽ തെളിഞ്ഞ ഒരുവനെ ചമ്മട്ടി കൊണ്ടടിപ്പിക്കുകയും കുരിശുമരണത്തിന് ഏല്പിച്ചുകൊടുക്കുകയും ചെയ്ത പീലാത്തോസ്  എന്ന ന്യായാധിപൻ  ‘കൂടുതൽ ഭയപ്പെട്ടു’ ( യോഹ. 19:8) എന്നതിൽ അത്ഭുതമില്ല.   ഭയം ജനിക്കുന്നത് പാപത്തിൽ നിന്നാണല്ലോ.

എന്നാൽ ഉച്ചത്തിൽ ആക്രോശിച്ചുകൊണ്ടു   പാഞ്ഞടുക്കുന്ന  ഒരു ജനക്കൂട്ടത്തിൻറെ നടുവിൽ നിൽക്കുമ്പോൾ സ്തെഫനോസിനു ഭയം എന്നൊരു വികാരമേ ഉണ്ടായിരുന്നില്ല. പാപത്തിൻറെ കറയേൽക്കാത്ത ദാനിയേലിനു സിംഹക്കുഴിയിൽ കിടന്നപ്പോഴും ഭയമുണ്ടായിരുന്നില്ല. കല്പനകൾ പാലിക്കുന്നതിൽ അതീവനിഷ്കർഷ പുലർത്തിയിരുന്ന മൂന്നു ചെറുപ്പക്കാർക്കു    തീച്ചൂളയിലേക്ക് എറിയപ്പെടാനും ഭയമില്ലായിരുന്നു. പാപം ചെയ്യാത്തിടത്തോളം കാലം  ഭയത്തിനു നമ്മുടെ മേൽ ഒരധികാരവുമില്ല എന്നു  നാം അറിഞ്ഞിരിക്കണം. 

സർവഭയങ്ങളിൽ നിന്നും നമ്മെ മോചിപ്പിക്കാനായാണ് ഈശോമിശിഹാ  കുരിശിൽ മരിച്ചത്. എന്നിട്ടും നമ്മൾ ഭയപ്പെടുന്നുവെങ്കിൽ അതിൻറെയർത്ഥം  ക്രിസ്തുവിൻറെ സൗജന്യദാനമായ  രക്ഷ സ്വീകരിക്കാൻ നാം നമ്മയുടെ ഹൃദയനിലങ്ങളെ ഒരുക്കിയിട്ടില്ല എന്നു മാത്രമാണ്.  കാലത്തിൻറെ അവസാനത്തിൽ പുതിയ ആകാശവും പുതിയ ഭൂമിയും പ്രത്യക്ഷപ്പെടുമ്പോൾ  ആഹ്ളാദത്തോടെ അതിനെ എതിരേൽക്കാനുള്ളവരായ നമ്മൾ ഒരിക്കലും ഭയപ്പെടരുത് എന്നു  കർത്താവിനു നിർബന്ധമുണ്ട്.    അതുകൊണ്ടാണ് ഭയപ്പെടേണ്ട എന്ന് അവിടുന്ന്  ആവർത്തിച്ചാവർത്തിച്ചു പറഞ്ഞിരിക്കുന്നത്.

അതുകൊണ്ടു തന്നെയാണ്   സ്വർഗീയ  ജറുസലേമിൽ പ്രവേശിക്കാൻ സാധിക്കാതെ,  തീയും ഗന്ധകവും എരിയുന്ന അഗ്നിത്തടാകത്തിലേക്ക് എറിയപ്പെടുന്ന നിർഭാഗ്യവാന്മാരുടെ കൂട്ടത്തിൽ ആദ്യം തന്നെ  എഴുതപ്പെട്ടിരിക്കുന്ന പേര് ഭീരുക്കളുടേതായതും. ക്രിസ്തുവിനു സാക്ഷ്യം വഹിക്കാൻ തങ്ങളുടെ ഭയം അനുവദിക്കാത്തവർക്ക് ക്രിസ്തു വാഗ്ദാനം ചെയ്യുന്ന പുതിയ ആകാശവും പുതിയ ഭൂമിയും സ്വന്തമാക്കാൻ എന്തവകാശം?

ഇനിയും നമ്മൾ ഭയന്നിരിക്കണമോ? ‘ഭയപ്പെടേണ്ട’ എന്ന കർത്താവിൻറെ വാഗ്ദാനം  ഭയത്തിൻറെ  മൂലകാരണമായ പാപത്തിൻറെ   അടിമത്തത്തിൽ നിന്ന്  ഓടിയകലാൻ നമ്മെ സഹായിക്കട്ടെ. കർത്താവായ ഈശോമിശിഹാ നമുക്കു വാഗ്ദാനം ചെയ്തതും നാം സ്വീകരിച്ചതും ഭയത്തിൻറെ  ആത്മാവിനെയല്ലല്ലോ. 

‘ നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിൻറെ  ആത്മാവിനെയല്ല, മറിച്ച് പുത്രസ്വീകാരത്തിൻറെ  ആത്മാവിനെയാണു  നിങ്ങൾ കൈക്കൊണ്ടിരിക്കുന്നത്’ (റോമാ 8:15) എന്ന തിരുവചനം ധ്യാനിച്ചുകൊണ്ട് ഭയത്തിൽ നിന്നുള്ള മോചനത്തിനായി  നമുക്കു പരിശുദ്ധാത്മാവിനോടു  പ്രാർഥിക്കാം.