ജീവജലത്തിൻറെ അരുവികൾ

 ‘ആത്മാവാണു  ജീവൻ നൽകുന്നത്. ശരീരം ഒന്നിനും ഉപകരിക്കുന്നില്ല’ (യോഹ 6:63) എന്നു  പറഞ്ഞ യേശു പിന്നീടൊരിക്കൽ പറഞ്ഞു. ‘എന്നിൽ വിശ്വസിക്കുന്നവൻറെ  ഹൃദയത്തിൽ നിന്ന്, വിശുദ്ധലിഖിതം പ്രസ്താവിക്കുന്നതുപോലെ, ജീവജലത്തിൻറെ അരുവികൾ ഒഴുകും’ (യോഹ. 7:37). യേശു ഇതു പറഞ്ഞതു  തന്നിൽ  വിശ്വസിക്കുന്നവർ സ്വീകരിക്കാനിരിക്കുന്ന പരിശുദ്ധാത്മാവിനെക്കുറിച്ചാണ് എന്നു  തുടർന്നുള്ള  വചനങ്ങളിൽ നാം വായിക്കുന്നു.

 ദൈവവചനം മാംസം ധരിച്ചതാണ് യേശു.   ആ യേശുവിൻറെ വാക്കുകൾ ആത്മാവും ജീവനും തന്നെയാണെന്നതിൽ (യോഹ 6:63) സംശയമില്ല. വചനത്തിൽ ആത്മാവുണ്ട്. കൂദാശകളിലും  ആത്മാവുണ്ട്. അതുകൊണ്ടു  വചനം നിറയുന്ന ഒരു വ്യക്തിയിൽ ആത്മാവിൻറെ നിറവുള്ള പ്രവുത്തികൾ ദൃശ്യമാകണം.  കൊല്ലാനായി കല്ലുകളുമായി പാഞ്ഞടുക്കുന്ന ഒരു ജനക്കൂട്ടത്തിൻറെ മുൻപിൽ വച്ചുപോലും  സ്വർഗത്തിലേക്കു നോക്കാനും  ദൈവത്തിൻറെ മഹത്വം ദർശിക്കാനും  ദൈവത്തിൻറെ വലതുഭാഗത്ത് യേശു നിൽക്കുന്നതു കാണാനും ഒക്കെ  സ്തേഫാനോസിനു  സാധിച്ചത് ( അപ്പ.  7:55) അങ്ങനെയാണ്.ആത്മാവിൻറെ വഴിനടത്തലിനു തന്നെത്തന്നെ വിട്ടുകൊടുക്കുന്ന ഒരു വ്യക്തിയുടെ ജീവിതം ആത്മാവ് നിയന്ത്രിക്കുന്ന വഴികളിലൂടെ മാത്രം സഞ്ചരിക്കും. ഷണ്ഡനോടു  സുവിശേഷം പ്രസംഗിച്ച ശേഷം പീലിപ്പോസിനെ ആത്മാവു  മറ്റൊരിടത്തേക്കു  സംവഹിച്ചുകൊണ്ടുപോവുകയായിരുന്നുവല്ലോ (അപ്പ 8:39). തന്നെ ആത്മാവ് എങ്ങോട്ടാണു  കൂട്ടിക്കൊണ്ടുപോകുന്നതെന്നു  പീലിപ്പോസിനു മനസിലായതുപോലും അവൻ അസോത്തൂസിൽ എത്തിയപ്പോഴാണ്.

ആത്മാവിൻറെ പ്രവൃത്തികൾ അങ്ങനെയാണ്. കാരണം കാറ്റ് അതിനിഷ്ടമുള്ളിടത്തേയ്ക്കാണു  വീശുന്നത്  (യോഹ. 3:8). അതിൻറെ ശബ്ദം കേൾക്കാൻ  സാധിച്ചേക്കാം. എന്നാൽ അത് എവിടെനിന്നു വരുന്നുവെന്നോ എവിടേയ്ക്കു പോകുന്നുവെന്നോ  നാം അറിഞ്ഞുകൊള്ളണമെന്നില്ല.  യേശു ഈ ഉപമ  പറഞ്ഞത്  ആത്മാവിൽ നിന്നു  ജനിക്കുന്നവരെക്കുറിച്ചാണ്. 

പിതാവിൻറെയും പുത്രൻറെയും പരിശുദ്ധാത്മാവിൻറെയും നാമത്തിൽ സ്നാനമേൽക്കുകയും കൂദാശകൾ എല്ലാം  സമയാസമയങ്ങളിൽ സ്വീകരിക്കുകയും ചെയ്തിട്ടും  എന്തുകൊണ്ടാണു  പീലിപ്പോസിൻറെ  അനുഭവം നമുക്കുണ്ടാകാത്തത്?  പരീക്ഷണഘട്ടങ്ങളിൽ നമ്മുടെ പെരുമാറ്റം എന്തുകൊണ്ടാണ്  ആത്മാവിനെ വേദനിപ്പിക്കുന്ന തരത്തിൽ ആയിപ്പോകുന്നത്? പരിശുദ്ധാത്മാവിൽ നിറഞ്ഞ  ഒരു ജീവിതം ഇപ്പോഴും ഒരു സ്വപ്നം  മാത്രമായി അവശേഷിക്കുന്നതിൻറെ  കാരണമെന്താണ്?  അടുക്കുംതോറും അകന്നുപോകുന്ന ഒരു മരീചികയായി  പരിശുദ്ധാത്മാവിൻറെ വരദാനഫലങ്ങൾ തുടരുന്നത് എന്തുകൊണ്ട്?

ഒറ്റ വാക്കിൽ ഉത്തരം പറഞ്ഞാൽ എൻറെയും  നിങ്ങളുടെയും താൽപര്യക്കുറവു  മാത്രമാണ് അതിനു കാരണം. തൻറെ ആത്മാവിനെ നമ്മിലേക്കു  പകരാൻ പിതാവായ  ദൈവം അതിയായി  ആഗ്രഹിക്കുന്നു എന്നതാണു  സത്യം.  എന്നാൽ നാം  പിതാവിൻറെ സന്നിധിയിൽ സമർപ്പിക്കുന്ന അപേക്ഷകളിൽ  ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ എന്തിനാണെന്നു   നാം ചിന്തിക്കണം.  ഭൗതികനേട്ടങ്ങൾക്കുവേണ്ടിയുള്ള പ്രാർത്ഥനകൾക്കിടയിൽ പരിശുദ്ധാത്മാഭിഷേകത്തിനായി പ്രാർത്ഥിക്കാൻ നമുക്കെവിടെ സമയം?

 പരിശുദ്ധാത്മാവിനെ ലഭിക്കണമെന്നു  തീക്ഷ്ണമായി  ആഗ്രഹിച്ചു പ്രാർഥിച്ചാൽ പരിശുദ്ധാത്മാവിനെ കിട്ടുക തന്നെ ചെയ്യും. ഇതു  വെറും വാക്കല്ല. വത്സരങ്ങൾക്ക് അവസാനമില്ലാത്തവനായ   യേശുക്രിസ്തുവിൻറെ ഒരിക്കലും ഇളക്കമില്ലാത്ത വാഗ്ദാനമാണ്.  ‘മക്കൾക്കു നല്ല ദാനങ്ങൾ നൽകാൻ ദുഷ്ടരായ നിങ്ങൾക്ക് അറിയാമെങ്കിൽ, സ്വർഗസ്ഥനായ പിതാവ്  തന്നോടു ചോദിക്കുന്നവർക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നൽകുകയില്ല!’ (ലൂക്കാ  11:13) എന്നാണ് യേശു ചോദിക്കുന്നത്.

അതുകൊണ്ടു  നമുക്ക് ആലസ്യത്തിൽ നിന്നുണരാം. നമ്മുടെ പ്രാർഥനകളിൽ ഒന്നാം സ്ഥാനം പരിശുദ്ധാത്മാവിൻറെ അഭിഷേകത്തിനു വേണ്ടിയായിരിക്കട്ടെ.  നാം പ്രാർഥിക്കാത്തതുകൊണ്ടുമാത്രം ഇത്രയും വിലപ്പെട്ട ഒരു  ദാനം നമുക്കു കിട്ടാതെ  പോവുക എന്നതിനേക്കാൾ വലിയ ദുരന്തം  മറ്റെന്താണുള്ളത്?

അഭിഷേകം പ്രാപിക്കാനുള്ള എളുപ്പവഴി അഭിഷേകം പ്രാപിച്ചവരെ അനുഗമിക്കുക എന്നതാണ്. പരിശുദ്ധദൈവമാതാവും അപ്പസ്തോലന്മാരും സെഹിയോൻ മാളികമുറിയിൽ അന്നു ചെയ്തതു  തന്നെയാണ്  ദൈവം ഇന്നു  നമ്മോടും ആവശ്യപ്പെടുന്നത്. ഏകമനസോടെ  തീക്ഷ്ണമായി പ്രാർഥിക്കുക,

നമുക്കു പ്രാർഥിക്കാം. പരിശുദ്ധാത്മാവേ, എഴുന്നള്ളി വരണമേ. അങ്ങയുടെ ഇഷ്ടദാസിയായ പരിശുദ്ധ കന്യകാമറിയത്തിൻറെ വിമലഹൃദയത്തിൻറെ ശക്തമായ മാധ്യസ്ഥത്താൽ  ഞങ്ങളിലേക്ക് എഴുന്നള്ളി വരണമേ. ഞങ്ങളിൽ വന്നു വസിക്കണമേ.